Sunday, May 19, 2024

ad

Homeപുസ്തകംഅമേരിക്കൻ നോവലിൽ ജനകീയാസൂത്രണം

അമേരിക്കൻ നോവലിൽ ജനകീയാസൂത്രണം

ജി സാജൻ

അമേരിക്കൻ നോവലിൽ കേരളത്തിലെ ജനകീയാസൂത്രണത്തിന് എന്താണ് കാര്യം?

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ കിം സ്റ്റാൻലി റോബിൻസൺ എഴുതിയ സയൻസ് ഫിക്ഷൻ നോവലാണ് MINISTRY FOR THE FUTURE. ലോകത്തെ അറിയപ്പെടുന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരിൽ ഒരാളാണ് കിം റോബിൻസൺ. അദ്ദേഹത്തിന്റെ മാർസ് ട്രിലജിയൊക്കെ വളരെയധികം പ്രകീർത്തിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. എന്നാൽ ഈ പുതിയ പുസ്തകത്തിൽ അദ്ദേഹം കാലാവസ്ഥാമാറ്റത്തെ അധികരിച്ചാണ് കഥ പറയുന്നത്. സത്യത്തിൽ അമേരിക്കയിൽ നിന്ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട നോവലാണിത്. ആദ്യത്തേത് ജുറാസ്സിക് പാർക്ക് ഒക്കെ എഴുതിയ മൈക്കിൾ ക്രൈറ്റൻ എഴുതിയ സ്റ്റേറ്റ് ഓഫ് ഫിയർ State of Fear ആണ്. 2004 ൽ പുറത്തുവന്ന ഈ നോവൽ നിർഭാഗ്യവശാൽ കാലാവസ്ഥാ മാറ്റം ഒരു കബളിപ്പിക്കലാണെന്നാണ്‌ വാദിച്ചത്. ഇതൊരു യാഥാർഥ്യമാണ് എന്ന് അംഗീകരിക്കാനുള്ള അമേരിക്കയുടെ മടിയുടെ ദൃഷ്ടാന്തമായിരുന്നു ഈ പുസ്തകം. എന്നാൽ ഏകദേശം രണ്ടു ദശകങ്ങൾക്കു ശേഷം അമേരിക്കയിലെ പ്രശസ്തനായ മറ്റൊരു നോവലിസ്റ്റ് എഴുതുമ്പോൾ കാലാവസ്ഥാ മാറ്റം ഒരു യാഥാർഥ്യമായി മാറി എന്ന കാര്യം ലോക ശാസ്ത്ര സമൂഹം ഏകകണ്ഠമായി അംഗീകരിച്ചു കഴിഞ്ഞു.

2024ന് ശേഷമാണ് കഥ നടക്കുന്നത്. കഥ തുടങ്ങുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിൽ അതിരൂക്ഷമായ താപ തരംഗം ഉണ്ടാവുന്നു. രണ്ട് കോടി ജനങ്ങളാണ് ഇതിന്റെ ഫലമായി മരിക്കുന്നത്. ഇങ്ങനെയൊരു സംഭവം ലോകചരിത്രത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല. ഒന്നാം ലോകയുദ്ധത്തിൽ മൊത്തം മരിച്ചവരുടെ അത്രയും ജനങ്ങളാണ് രണ്ടാഴ്ച്ക്കുള്ളിൽ ഇന്ത്യയിൽ മാത്രം മരിക്കുന്നത്. ലോകസമൂഹത്തെ നടുക്കിയ ഈ സംഭവത്തിന് ശേഷം ലോകമാകെ ഉയിർത്തെണീക്കുകയാണ്. ഒപ്പം ഇന്ത്യൻ ജനതയും. ലോകത്തിനാകെ മാതൃകയാകുന്ന രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുന്നു. ഇന്ത്യയുടെ വൈവിധ്യത്തെ തകർത്ത ബി ജെ പിയും തിന്മയുടെ ശക്തിയായി നോവലിസ്റ്റ് വിശേഷിപ്പിക്കുന്ന ആർ എസ് എസ്സും പുറത്താക്കപ്പെടുന്നു. കോൺഗ്രസ്സും എവിടെയുമില്ല. പകരം ശാസ്ത്രത്തിന്റെയും തെളിവിന്റെ അടിസ്ഥാനത്തിലുള്ള പഠനങ്ങളുടെയും പ്രത്യയശാസ്ത്രമുള്ള ഒരു സർക്കാരാണ് ഇന്ത്യയിൽ രൂപം കൊള്ളുന്നത്. ലോകത്തിന്റെ അവഗണന തുടരുമ്പോഴും ഇന്ത്യയുടെ ഭാവിക്കുവേണ്ടി അവർ ആസൂത്രണം തുടങ്ങുന്നു.

അതിനിടയ്ക്കാണ് യുണൈറ്റഡ് നേഷൻസിന്റെ നേതൃത്വത്തിൽ ലോകത്തിന്റെ ഭാവിയ്ക്കുവേണ്ടി ഒരു മിനിസ്ട്രി ഫോർ ഫ്യൂച്ചർ രൂപം കൊള്ളുന്നത്. ഭാവിയിൽ ജനിക്കുന്ന കുട്ടികളുടെ അവകാശത്തിനു വേണ്ടിയാണ് ഈ മിനിസ്ട്രി നിലകൊള്ളുന്നത്. ഒപ്പം സ്വയം സംസാരിക്കാൻ കഴിയാത്ത എല്ലാ ജീവജാലങ്ങൾക്കു വേണ്ടിയും.ഇന്ത്യൻ തീക്കാറ്റിൽ നിന്ന് രക്ഷപ്പെട്ട ഫ്രാങ്ക് മെയ് എന്ന സാമൂഹിക പ്രവർത്തകനും Ministry of Future നയിക്കുന്ന മേരി മർഫിയുമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്ക് ഫ്രാങ്ക് മെയ് മേരിയെ തടവിലാക്കുന്നുമുണ്ട്. മാറ്റത്തിന് വേണ്ടി നിങ്ങൾ വേണ്ടത്ര ഒന്നും ചെയ്യുന്നില്ല എന്ന് ആരോപിച്ചുകൊണ്ട്.

എന്നാൽ ഇതിനിടയ്ക്ക് ധാരാളം സംഭവങ്ങൾ ലോകമെമ്പാടും ഉണ്ടാകുന്നുണ്ട്. ഇന്ത്യയിൽ നിന്ന് പുറപ്പെട്ട Children Of Kali എന്ന തീവ്രവാദ സംഘം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വിമാനങ്ങളെ ഡ്രോണുകളെ ഉപയോഗിച്ച് തകർക്കുന്നു. ദാവോസിൽ വന്നുചേരുന്ന ലോക സാമ്പത്തിക നേതാക്കളെ തടവിലാക്കുന്നു. കൽക്കരി നിലയങ്ങൾ തകർക്കുന്നു.

വലിയ ജിയോ എൻജിനീയറിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുന്നത് തടയാൻ ശാസ്ത്രജ്ഞന്മാർ ശ്രമിക്കുന്നുണ്ട്. ഒപ്പം കൂടുതൽ ഹരിത ഊർജത്തിന്റെ സാദ്ധ്യതകൾ തേടുന്നുണ്ട്. വ്യാവസായികമായി മാംസം ഉത്പാദിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്നുണ്ട്.

എന്നാൽ മലയാളി വായനക്കാരെ ഈ നോവലിലേക്ക് ആകർഷിക്കുന്ന മറ്റൊരു സുപ്രധാന ഘടകമുണ്ട്. Ministry of Future ലോകമെമ്പാടുമുള്ള മാനവികമായ സാമൂഹിക പരീക്ഷണങ്ങൾ കണ്ടെത്തി അതിലൂടെ പുതിയൊരു ഭാവി കരുപ്പിടിപ്പിക്കാൻ ശ്രമം തുടങ്ങുന്നു. അങ്ങനെ കണ്ടെത്തിയ പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലെ ജനകീയാസൂത്രണം. ഭാവിയുടെ ഗവേണൻസ്‌ മോഡൽ ആയി അവർ അവതരിപ്പിക്കുന്നത് നമ്മുടെ ജനകീയാസൂത്രണം (People’s Plan) ആണ് എന്നത് മലയാളികൾക്ക് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള ലെഫ്റ്റ് ഡെമോക്രാറ്റിക്‌ ഫ്രന്റ് ആണ് ഈ മാതൃക രൂപീകരിച്ചത് എന്നും കിം എഴുതുന്നുണ്ട്. ഭാവിയെ സ്വാധീനിക്കുന്നതായി നോവലിസ്റ്റ് രേഖപ്പെടുത്തുന്ന blockchain സാങ്കേതിക വിദ്യ, സ്പാനിഷ് സഹകരണ പ്രസ്ഥാനമായ Mondragon, തൊഴിൽ ഉറപ്പു നൽകുന്ന MMT എന്ന നവ സാമ്പത്തിക സംവിധാനം, ക്യൂബ, ഡെൻമാർക്ക്‌ എന്നിവയ്‌ക്കൊപ്പമാണ്‌ കേരളം എന്നും നോവലിന്റെ പലഭാഗത്തായി ഈ നോവലിസ്റ്റ് എഴുതുന്നു.

അമേരിക്കയിലെ ഇടതുപക്ഷ രാഷ്ട്രീയത്തെയാണ് താൻ പ്രതിനിധാനം ചെയ്യുന്നത് എന്ന് കിം റോബിൻസൺ പറയുന്നു. ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക എന്ന രാഷ്ട്രീയ പാർട്ടിയിൽ തനിക്ക് അംഗത്വവുമുണ്ട്. ഈ രാഷ്ട്രീയമാണ് ഈ നോവലിന്റെ അടിസ്ഥാനം. എന്തായാലും കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിയിരുന്ന മെക്കാർത്തിയൻ കാലഘട്ടത്തിൽ നിന്ന് ഏഴു ദശകത്തിന് ശേഷം അകലെയുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാതൃക ഒരു അമേരിക്കൻ നോവലിസ്റ്റിന് ആകർഷകമായി എന്നതാണ് പ്രധാനം.

നോവലിന്റെ തുടക്കത്തിൽ കാണിക്കുന്ന ഇന്ത്യയിലെ തീക്കാറ്റ് എന്ന ദുരന്തം അസംഭവ്യമായ ഒന്നല്ല എന്നാണ് കിം ഒരു അഭിമുഖത്തിൽ പറയുന്നത്. ചൂടും ഹ്യുമിഡിറ്റിയും ചേർന്ന wet bulb temperature എന്ന അവസ്ഥ ശാസ്ത്രലോകം പ്രവചിച്ചുകഴിഞ്ഞു.

ഈ നോവലിന്റെ ഘടന വായനയ്ക്ക് അത്ര സുഖകരമായ ഒന്നല്ല. ഈ പുസ്തകത്തെ താരതമ്യേന അപൂർവമായ Non-Fiction Novel എന്ന വിഭാഗത്തിൽപെടുത്തുകയാവും ഉചിതം. വിക്കിപീഡിയയിൽ നിന്നെന്നപോലെയുള്ള വിവര ശേഖരങ്ങൾ, ലോക ചിന്താപദ്ധതിയിൽ നിന്നുള്ള നീണ്ട ഉദ്ധരണികൾ, ന്യൂസ് റിപ്പോർട്ടുകൾ, മീറ്റിംഗുകളുടെ വിശദാംശങ്ങൾ, പദപ്രശ്നങ്ങൾ, വിവിധ സാധ്യതകളുടെ ആത്മകഥാപരമായ ആഖ്യായികകൾ എന്നിവയൊക്കെ ഈ പുസ്തകത്തിലുണ്ട്. കാലാവസ്ഥാ മാറ്റം നമ്മളെ ഉത്ക്കണ്ഠപ്പെടുത്തുന്നു എങ്കിൽ ഈ പുസ്തകം നിങ്ങൾ കമ്പോടുകമ്പ് വായിക്കും. ഇതിലെ ഉത്കണ്ഠകൾ നിങ്ങൾ പങ്കിടും.

താരതമ്യേന നല്ല സ്വീകരണമാണ് അമേരിക്കയിലും ലോകമെമ്പാടും ഈ പുസ്തകത്തിന് ലഭിക്കുന്നത്. അമേരിക്കയിൽ കാലാവസ്ഥാ മാറ്റം വെറും ഒരു തട്ടിപ്പാണ് എന്ന് വാദിച്ചവരുടെ മുന്നിൽ ഉയരുന്ന ചൂടും മുങ്ങുന്ന തീരദേശങ്ങളും കത്രീന പോലുള്ള ചുഴലിക്കാറ്റുകളും അനിയന്ത്രിതമായ പ്രകൃതിക്ഷോഭവുമെല്ലാം ഒരു ദൈനംദിന യാഥാർഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആറാമത്തെ സമ്പൂർണ വംശനാശം വെറുമൊരു സാങ്കേതിക സംജ്ഞ മാത്രമല്ല എന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഭാവിയിലേക്ക് ഉത്കണ്ഠയോടെ നോക്കുന്നവരുടെ മുന്നിലാണ് ഭാവിയുടെ മിനിസ്ട്രി പ്രാധാന്യം നേടുന്നത്.

വലിയ ശുഭാപ്തിവിശ്വാസത്തോടെയാണ് കിം ഈ പുസ്തകം അവസാനിപ്പിക്കുന്നത്. ഈ ലോകത്ത് എല്ലാവർക്കും വേണ്ട വിഭവങ്ങളുണ്ട്. ഒരാളും പട്ടിണി കിടക്കേണ്ടതില്ല. ഇവിടെ ബില്യണയർമാർ ഉണ്ടാവരുത്. ആരും താഴേക്ക് വീഴരുത്, അതേപോലെ ആരും ഒരുപരിധിക്കപ്പുറം മുകളിലേയ്ക്ക് ഉയരുകയും അരുത്. എല്ലാവർക്കും ആവശ്യത്തിനുള്ളത് മാത്രം മതി. അത് ചിലപ്പോൾ നല്ല ഒരു സദ്യയ്ക്ക് തുല്യമായേക്കും. എന്തായാലും ഒരാൾക്ക് ആവശ്യമായതെത്ര എന്നുള്ള നിർവചനം ഞാൻ വായനക്കാർക്ക് വിടുന്നു. ഇങ്ങനെയാണ് കിം നോവൽ അവസാനിപ്പിക്കുന്നത്.

എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ തീരുമാനത്തിലാണ് Ministry Of Future നിലകൊള്ളുന്നത്. അത് നമുക്കേവർക്കുമുള്ള ഒരു വെല്ലുവിളിയാണ്. ഈ ചോദ്യത്തിന്റെ ഉത്തരം തിരയാൻ ഈ നോവൽ നമ്മെ പ്രേരിപ്പിച്ചെങ്കിൽ അതുതന്നെയാണ് പുസ്തകത്തിന്റെ പ്രാധാന്യവും. ഒപ്പം ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ സാധ്യത അവതരിപ്പിക്കുന്ന ജനകീയാസൂത്രണത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൂടുതൽ തിരിയും എന്നതും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 11 =

Most Popular