Sunday, May 19, 2024

ad

Homeപുസ്തകംസാംസ്‌കാരിക വ്യതിയാനത്തിന്റെ ചതിക്കുഴികൾ

സാംസ്‌കാരിക വ്യതിയാനത്തിന്റെ ചതിക്കുഴികൾ

ശ്രീജിത്ത്‌ ശിവരാമൻ

മകാലീന മാർക്സിസ്റ്റ് ചിന്തകരിൽ ശ്രദ്ധേയനാണ് വിവേക് ചിബ്ബർ. ഉത്തരാധുനികതയുമായുള്ള സംവാദങ്ങളിലൂടെയാണ് ചിബ്ബർ ശ്രദ്ധയാകർഷിച്ചത്. ‘പോസ്റ്റ് കൊളോണിയൽ തിയറി ആൻഡ് ദി സ്‌പെക്ടർ ഓഫ് ക്യാപിറ്റൽ’ എന്ന തന്റെ പുസ്തകത്തിലൂടെ കോളനിയനന്തര പഠനങ്ങളുടെ പരിമിതികളെയും പൊള്ളത്തരങ്ങളെയും വസ്തുനിഷ്ഠമായ വിമർശത്തിന് വിധേയമാക്കിയ വിവേക് ചിബ്ബറിന്റെ ഈ മേഖലയിലെ പുതിയ പുസ്തകമാണ് “ക്ലാസ് മാട്രിക്സ് – സോഷ്യൽ തിയറി ആഫ്റ്റർ ദി കൾച്ചറൽ ടേൺ’. ലോകമെമ്പാടും മുതലാളിത്ത ചൂഷണം ഏറ്റവും അക്രമോത്സുകമായ രീതിയിൽ തുടരുകയും അതേസമയം തൊഴിലാളികൾ ഉൾപ്പെടെ വലിയൊരു വിഭാഗം തീവ്രവലതുപക്ഷ വംശീയ രാഷ്ട്രീയങ്ങളിൽ ആകൃഷ്ടരാവുകയും ചെയ്യുന്ന വൈരുധ്യങ്ങളുടെ കാലത്ത് വർഗ്ഗരാഷ്ട്രീയ ചിന്തയിൽ പുതിയ വെളിച്ചം വീശുകയാണ് ചിബ്ബർ.

സോവിയറ്റ് വിപ്ലവവിജയത്തിനുശേഷം ഏതാനും ദശാബ്ദങ്ങൾ കൊണ്ടുതന്നെ ലോകത്ത് താരതമ്യേന പിന്നാക്കം നിന്നിരുന്ന റഷ്യ ലോകത്തെ മഹാശക്തിയായി മാറി; ലോകമെമ്പാടും തൊഴിലാളിവർഗ്ഗ രാഷ്ട്രീയം പുതുപ്രതീക്ഷയോടെ ജനങ്ങളുടെ സ്വപ്‌നങ്ങൾക്ക് ഭൗതികരൂപം നൽകി; ലോകമെമ്പാടും തൊഴിലാളിവർഗ്ഗം ശക്തിപ്രാപിക്കുകയാണെന്നും ഏറെ താമസിയാതെ ഈ തൊഴിലാളികൾ പാശ്ചാത്യലോകത്തും മുതലാളിത്തത്തിന് അന്ത്യംകുറിക്കുമെന്നുമുള്ള ശുഭാപ്തിവിശ്വാസം എങ്ങും പടർന്നു. എന്നാൽ രണ്ടാം ലോകയുദ്ധത്തിനുശേഷമുണ്ടായ മുതലാളിത്ത വളർച്ചയ്‌ക്കുശേഷവും തൊഴിലാളിവർഗ്ഗത്തിന് കാര്യമായ വിപ്ലവവിജയങ്ങൾ നേടാൻ കഴിഞ്ഞില്ല. എഴുപതുകളിൽ ഉണ്ടായ മുതലാളിത്ത പ്രതിസന്ധിയെയും ഗുണകരമായി പ്രയോജനപ്പെടുത്താൻ തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾക്ക് കഴിയാതെ വന്നു. ഈ ഘട്ടത്തിലാണ് പാശ്ചാത്യലോകത്ത് ഉയർന്ന നവഇടതുപക്ഷചിന്തകളുടെകൂടി പശ്ചാത്തലത്തിൽ “എന്തുകൊണ്ട് ഈ മുതലാളിത്ത കെട്ടുറപ്പ്?’ എന്ന അന്വേഷണങ്ങൾ ഊർജിതമായത്. ഈ അന്വേഷണങ്ങൾ ഒടുവിലെത്തുന്നത് സംസ്കാരത്തിലാണ്.

വർഗ്ഗ വിശകലനത്തിന്റെ ആധാരതത്വങ്ങളിലൊന്ന്, സാമൂഹിക ഘടനയിലെ വർഗ്ഗസ്ഥാനങ്ങളാണ് അതിലിടപെടുന്നവരുടെ താല്പര്യങ്ങളെ നിയന്ത്രിക്കുന്നത് എന്നതായിരുന്നു. എന്നാൽ സാംസ്കാരിക വ്യതിയാനം ഈ വിശകലന രീതി കീഴ്മേൽ മറിക്കപ്പെട്ടു. സാംസ്കാരികവ്യതിയാനത്തിന്റെ വക്താവായിരുന്ന പാട്രിക് ജോയ്‌സിന്റെ വാക്കുകൾ ഉദ്ധരിച്ചാൽ “തൊഴിലാളികളുടെ താല്പര്യങ്ങൾ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ഉണ്ടാകുന്നതല്ല, മറിച്ച് സാമൂഹിക സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്നതാണ് “. മുതലാളിത്ത സ്ഥിരതയിൽ സംസ്കാരം നിർവഹിക്കുന്ന പങ്കിനെക്കുറിച്ചായിരുന്നു ആദ്യഘട്ടത്തിൽ സാംസ്കാരിക പഠനങ്ങൾ കേന്ദ്രീകരിച്ചതെങ്കിൽ പിന്നീട് സാമൂഹിക ഘടനതന്നെ സംസ്കാരത്തിന്റെ നിർമ്മിതിയാണെന്ന അവസ്ഥയിലേക്ക് ഈ പഠനങ്ങൾ മാറി. അങ്ങനെ “സാമൂഹിക ഘടന സംസ്കാരത്തിന്റെ ഉത്പന്നമാണെങ്കിൽ വ്യത്യസ്ത സാംസ്കാരികരൂപങ്ങളുടെ സൃഷ്ടിയായ വ്യത്യസ്ത സമൂഹങ്ങളെ മനസിലാക്കാനും പഠിക്കാനും വ്യത്യസ്തമായ സിദ്ധാന്തങ്ങൾ ആവശ്യമായി വരും. മാർക്സിസം പോലുള്ള ബൃഹദാഖ്യാനങ്ങൾക്ക് അത്തരം സാംസ്കാരിക വ്യതിരിക്തതകളെ അഭിസംബോധന ചെയ്യാൻ കഴിയില്ല‐’ ഇതായിരുന്നു എൺപതുകളോടെ മാർക്സിസത്തെ നിരാകരിക്കാനുള്ള സാംസ്കാരിക വ്യതിയാന ചിന്തകരുടെ ന്യായം.

പ്രാദേശികത, ആകസ്മികത, അർത്ഥനിർമ്മിതി ഇത് മൂന്നുമായിരുന്നു സാംസ്കാരിക വ്യതിയാനത്തിന്റെ മൂന്നു തൂണുകൾ. ഒരുവശത്ത്, സാമൂഹിക ശാസ്ത്രപഠനങ്ങളെ ഉപയോഗമൂല്യമില്ലാത്ത തനിസൈദ്ധാന്തിക കസർത്തുകൾ മാത്രമാക്കി മാറ്റുകയും മറുവശത്ത് ലോകത്തെ ഏത് പിന്തിരിപ്പൻ വംശീയ രാഷ്ട്രീയത്തിനും സൈദ്ധാന്തിക സാധുത നൽകുകയും ചെയ്യുന്നവയായി മാറുകയും ചെയ്തു ഈ വ്യതിയാനം. ഒരു കാലത്ത് സാംസ്കാരിക രാഷ്ട്രീയത്തിന്റെ വക്താവും സൈദ്ധാന്തികനുമായിരുന്ന വില്യം സീവാൽ 2005 ൽ ഇങ്ങനെ കുറിച്ചു, “‘ലോകമുതലാളിത്തം നമ്മുടെ ലോകസമൂഹത്തിന്റെയാകെ ഘടനയെ സമാനമായ ചൂഷണങ്ങൾക്ക് വിധേയമാക്കി മാറ്റിമറിക്കുന്ന കാലത്താണ് ഘടനാനിർണയങ്ങൾക്ക് സാധുതയില്ലെന്ന് സാംസ്കാരിക സൈദ്ധാന്തികർ പറഞ്ഞുനടന്നത്’’ ഒന്നാമത്തെ അധ്യായത്തിൽ ചിബ്ബർ പരിശോധിക്കുന്നത് “വർഗ്ഗത്തിന്റെ അനന്യതയെയാണ്.’ സ്വത്വങ്ങൾപോലെ ഒന്ന് മാത്രമാണോ വർഗ്ഗം, അത് മനുഷ്യരുടെ ജീവസന്ധാരണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, സാമൂഹികഘടന എങ്ങനെയാണ് നിർണയിക്കപ്പെടുന്നത്, അതിൽ സംസ്കാരം ഏതുവിധത്തിൽ ഇടപെടുന്നു തുടങ്ങിയ പ്രശ്നങ്ങളാണ് ആദ്യ അധ്യായത്തിൽ ചിബ്ബർ വിശദമായിത്തന്നെ പരിശോധിക്കുന്നത്. സ്വത്വഘടനയിൽ നിന്നും വർഗ്ഗഘടന എങ്ങിനെ വ്യത്യസ്തമാണെന്നും അദ്വിതീയമാണെന്നും ചിബ്ബർ ഈ അധ്യായത്തിൽ വരച്ചുകാട്ടുന്നുണ്ട്. രണ്ടാമത്തെ അദ്ധ്യായം ഇന്ത്യൻ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എങ്ങിനെയാണ് ഒരു വർഗ്ഗഘടന രൂപപ്പെടുന്നത് എന്ന അന്വേഷണമാണ് ഇതിൽ. മുതലാളിത്ത വർഗ്ഗഘടനയിൽ തൊഴിലാളികളെ അപേക്ഷിച്ച് മുതലാളിക്ക് ഉള്ള അനുകൂല ഘടകങ്ങളും അവ എങ്ങിനെ തന്റെ ലാഭകേന്ദ്രീകരണത്തിനായി മുതലാളി എങ്ങിനെ ഉപയുക്തമാക്കുന്നു എന്നും ഈ അധ്യായത്തിൽ പരിശോധിക്കുന്നു. തൊഴിലാളികളുടെ പ്രതിരോധത്തിന്റെ പരിമിതികൾ, സംഘടിതരാകേണ്ട ആവശ്യകത, ഈ സംഘാടനത്തിൽ നേരിടുന്ന വെല്ലുവിളികൾ, അത്തരം ഘട്ടങ്ങളിൽ സാധ്യമാകുന്ന വൈയക്തിക ചെറുത്തുനില്പ്പുകളും കീഴടങ്ങലും, അതിൽ സംസ്കാരം വഹിക്കുന്ന പങ്ക് ഇതെല്ലാം വ്യക്തമായി ഈ രണ്ടാം അധ്യായത്തിൽ പരിശോധിക്കപ്പെടുന്നു.

മുതലാളിത്തം അതിന്റെ കെട്ടുറപ്പ് സൃഷ്ടിക്കുന്നത് തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിനുമേൽ ‘സമ്മതി’ നി മ്മിച്ച് കൊണ്ടാണ് എന്നൊരു ധാരണ പ്രബലമാണ്. സത്യത്തിൽ, മുതലാളിത്ത ചൂഷകവ്യവസ്ഥയെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികൾ അംഗീകരിക്കുകയാണോ ചെയ്യുന്നത്, മറിച്ച് തന്റെ വ്യക്തിപരമായ നിലനിൽപ്പിന് മറ്റൊരു സാധ്യതയില്ലെന്ന നിസംഗതയാണോ ഇവിടെ പ്രവർത്തിക്കുന്നത്, അങ്ങനെ വ്യക്തിപരമായ താല്പര്യങ്ങളുടെ സംരക്ഷണത്തിനും നേട്ടങ്ങൾക്കും സാംസ്കാരിക സ്വത്വങ്ങളെ എങ്ങനെ തൊഴിലാളി ഉപയുക്തമാക്കുന്നു, മുതലാളിത്തത്തിന്റെ സമ്മർദ്ദതന്ത്രങ്ങൾ ഏതു വിധത്തിലാണ് വ്യക്തിപരമായി തൊഴിലാളിക്കുമേൽ പതിക്കുന്നത്, തുടങ്ങിയ പ്രശ്നങ്ങളെ വിശകലനം ചെയ്യുകയാണ് മൂന്നും നാലും അധ്യായങ്ങളിൽ വിവേക് ചിബ്ബർ. ആദ്യകാല മാർക്സിസ്റ്റുകൾ പ്രതീക്ഷിച്ചതുപോലെ ചൂഷിതരായ തൊഴിലാളിവർഗ്ഗം സ്വയമേവ ഒരു വിപ്ലവ വർഗ്ഗമായി പരിണമിക്കുന്നതിനുള്ള പ്രതിസന്ധികളെ അടയാളപ്പെടുത്തുകയും അതിൽ സംസ്കാരം ഏത് രീതിയിൽ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞുവെക്കുകയുമാണ് ചിബ്ബർ. ഇത് പറയുമ്പോൾതന്നെ സർവധമനികളിൽനിന്നും ചോരയൂറ്റിക്കുടിക്കുന്ന മുതലാളിത്തത്തെ തകർത്തെറിയാൻ ലോകത്തൊഴിലാളി വർഗ്ഗത്തിന് ത്യാഗപൂർണമായി സംഘടിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്നും പറഞ്ഞുവെക്കുന്നുണ്ട് ചിബ്ബർ. ഇന്ത്യൻ നവലിബറൽ മുതലാളിത്തത്തിന്റെ അക്രമോത്സുകമായ ചൂഷണം മഹാഭൂരിപക്ഷത്തിനുമേൽ തീമഴയായി പെയ്യുമ്പോഴും ജനം ജാതിയുടെയും മതത്തിന്റെയും അപരവിദ്വേഷത്തിന്റെയും കൊടിക്കൂറകൾക്ക് പിറകെ എന്തുകൊണ്ട് ചലിക്കുന്നുവെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ള സകല മനുഷ്യരും വായിക്കേണ്ട ഒന്നാണ് ചിബ്ബറിന്റെ ക്ലാസ് മാട്രിക്സ്. കേവലമായ അക്കാദമിക സൈദ്ധാന്തിക വ്യവഹാരങ്ങൾക്കപ്പുറം, നാടിനെ മാറ്റിമറിക്കാൻ തയ്യാറായ വിപ്ലവകാരികളുടെ വായനാപുസ്തകമായാകും ക്ലാസ്സ് മാട്രിക്സിനെ ചരിത്രം അടയാളപ്പെടുത്തുക.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + 13 =

Most Popular