ഈ ലേഖനം ഇപ്പോൾ എഴുതാൻ കാരണം, ബ്രിട്ടനിലെ ആദ്യത്തെ രണ്ടമ്മമാരുള്ള കുട്ടി ജനിച്ചു എന്ന വാർത്തയാണ്. എന്നാൽ രണ്ടമ്മമാരും ഒരച്ഛനുമുള്ള ആദ്യത്തെ കുട്ടി പിറന്നത് 2016 ഏപ്രിൽ 6നാണ്. ഒരാൺ കുട്ടി. പിന്നീട് 2019ൽ ഗ്രീസിൽനിന്നും ഇതേ വാർത്തയുണ്ടായിരുന്നു. 2020 ആയപ്പോഴേക്കും ഇങ്ങനെയുള്ള ആറ് കുട്ടികൾ ഉണ്ടെന്ന് വാർത്തയുണ്ടായിരുന്നു, പക്ഷെ അവരുടെ വിശദ വിവരങ്ങളൊന്നും പ്രസിദ്ധപെടുത്തിയിരുന്നില്ല.
ജനിതക എൻജിനീയറിങ്ങിൽ 21‐ാം നൂറ്റാണ്ടിൽ നടന്ന വളരെ ശ്രദ്ധേയമായതും കുട്ടികളെ ചില പ്രത്യേക പാരമ്പര്യരോഗങ്ങളിൽ നിന്ന് മുക്തിനേടാൻ സഹായിച്ചതുമായ ഒന്നാണ് മൈറ്റോകോൺഡ്രിയൽ ഡോനെഷൻ ട്രീറ്റ്മെന്റ് (MDT) എന്ന് ശാസ്ത്രീയമായും, രണ്ടമ്മയും ഒരച്ഛനുമുള്ള കുട്ടി എന്ന് പൊതുവെയും അറിയപ്പെടുന്ന ചികിത്സാരീതി. ചൈനീസ് വംശജനായ അമേരിക്കൻ ഡോക്ടർ ജോൺ ഴാങ്ങും ടീമും ആണ് ഈ രീതി ഉപയോഗിച്ച് 2016ൽ ആദ്യത്തെ കുട്ടിയെ “ഉണ്ടാക്കിയത്.’
എന്താണ് മൈറ്റോകോൺഡ്രിയ
നമ്മുടെ ശരീരകോശങ്ങളിലെ കോശദ്രവ്യത്തിനകത്ത് (cytoplasm) ഉള്ള ഒരു ഭാഗമാണ് മൈറ്റോകോൺഡ്രിയ. ഒരു കോശത്തിൽ 1000 മുതൽ 2500 വരെ മൈറ്റോകോൺഡ്രിയകൾ കാണാം (ചുവപ്പ് രക്ത കോശങ്ങളിൽ മൈറ്റോകോൺഡ്രിയ ഇല്ല) പരിണാമത്തിന്റെ ഏതോ ഘട്ടത്തിൽ ഒരു ഏകകോശജീവിക്കകത്ത് പെട്ടുപോയ മറ്റൊരു ഏകകോശ ജീവി പരിണമിച്ചുണ്ടായതാണ് മൈറ്റോകോൺഡ്രിയ എന്നൊരു അഭിപ്രായമുണ്ട്. മൈറ്റോകോൺഡ്രിയയ്‌ക്ക് തനതായ ജീനുകൾ ഉള്ളത് ഇതിന്റെ തെളിവായി ചൂണ്ടികാണിക്കുന്നു.. മൈറ്റോകോൺഡ്രിയയ്‌ക്ക് അതിന്റേതായ ജനിതക കോഡ് (ജീൻ അഥവാ ഡി.എൻ.എ) ഉണ്ട്. (ചിത്രം 1 കാണുക) നമ്മുടെ കോശങ്ങളിലെ ജീനുകളിൽ 99 % (ഏകദേശം 40,000 ) കോശമർമ്മത്തിലും (cell nucleus) ലും 1 % (37 എണ്ണം) മൈറ്റോകോൺഡ്രിയയിലുമാണ്. കോശങ്ങളുടെയും അതുവഴി ശരീരത്തിന്റെയും ഊർജോല്പാദന യൂണിറ്റുകൂടി ആണ് മൈറ്റോകോൺഡ്രിയ.
പ്രത്യുല്പാദന സമയത്ത് സ്ത്രീ-പുരുഷ ബീജങ്ങൾ സംയോജിക്കുമ്പോൾ, അമ്മയുടെ അണ്ഡകോശം മുഴുവനായും അച്ഛന്റെ ബീജകോശത്തിന്റെ കോശമർമ്മം മാത്രമാണ് കുട്ടികൾക്ക് ലഭിക്കുക. അതിനാൽ അമ്മയുടെ മൈറ്റോകോൺഡ്രിയകളേ കുട്ടികൾക്ക് കിട്ടൂ, അച്ഛന്റെ മൈറ്റോകോൺഡ്രിയകൾ കിട്ടുകയില്ല. (അതിനാൽ മൈറ്റോകോൺഡ്രിയയുടെ ഡിഎൻഎ പഠനം അമ്മയുടെ തലമുറകളുടെ സ്ത്രീപരമ്പര കണ്ടുപിടിക്കാൻ സഹായകമാകും). പക്ഷെ അമ്മയുടെ മൈറ്റോകോൺഡ്രിയയിൽ മ്യൂട്ടേഷൻ കാരണം ഉണ്ടാവുന്ന രോഗങ്ങൾ പെൺകുട്ടികളിലൂടെ അടുത്ത പരമ്പരകളിലേക്ക് പകരുകയും ചെയ്യും. ആൺകുട്ടികൾക്ക് ഈ രോഗങ്ങൾ ഉണ്ടാവും; പക്ഷെ അത് അടുത്ത പാരമ്പരയിലേക്ക് പകരുകയില്ല.
ജനിതക രോഗങ്ങൾ
ജനിതക കാരണങ്ങളാൽ ഉണ്ടാവുന്ന ചില രോഗങ്ങളാണ് ഡൌൺ സിൻഡ്രോം , താലസേമിയ, സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിൾ സെൽ അനീമിയ മുതലായവ. ഇവയൊന്നും ചികിത്സിച്ച് മാറ്റാൻ പറ്റാത്തവയാണ്. രോഗം കൊണ്ടുണ്ടാവുന്ന വേദന പോലുള്ള ചില ശാരീരിക പ്രശ്നങ്ങൾ കുറയ്‌ക്കാൻ മരുന്നുകൾ സഹായിക്കും എന്നുമാത്രം.
മേലാസ് ( Mitochondrial encephalopathy, lactic acidosis and stroke-like episodes (MELAS) syndrome), മെർഫ് (Myoclonic epilepsy with ragged red fibers (MERRF)), ലീ സിൻഡ്രോം (Leigh syndrome) എന്നിവയൊക്കെ മൈറ്റോകോൺഡ്രിയയിലെ ജീനുകളുടെ മ്യൂട്ടേഷൻ കാരണം ഉണ്ടാകുന്ന രോഗങ്ങളാണ്. ഇതിൽ ശിശുക്കളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ലീ സിൻഡ്രോം എന്ന രോഗം വളരെ വേഗത്തിൽ വർധിക്കുകയും കുട്ടികളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു. ജനിതക രോഗമായതിനാൽ സാധാരണ ചികിത്സകൾ ഫലപ്രദമല്ല എന്ന് മനസ്സിലാക്കാമല്ലോ.
ഇവിടെയാണ്, മൈറ്റോകോൺഡ്രിയൽ ഡോണേഷൻ ട്രീറ്റ് മെന്റ് (MDT) ന്റെ പ്രാധാന്യം. ലീ സിൻഡ്രോം ഉള്ള ജോർദ്ദാൻ രാജ്യക്കാരിആയിരുന്നു യഥാർത്ഥ അമ്മ. അവരുടെ ശരീരകോശങ്ങളിലെ 25% മൈറ്റോകോൺഡ്രിയകളും മ്യൂട്ടേഷൻ സംഭവിച്ചവ ആയിരുന്നു. അവർക്ക് രോഗമില്ലെങ്കിലും അവരുടെ കുട്ടികൾക്ക് ഈ രോഗം പകർന്നുകിട്ടുകയും ഒരു കുട്ടി ആറാം വയസ്സിലും മറ്റൊരു കുട്ടി എട്ടാം മാസത്തിലും മരിച്ചുപോകുകയും അവർക്ക് നാലു പ്രാവശ്യം ഗർഭം അലസിപ്പോകുകയും ചെയ്തപ്പോഴാണ് അവർ ന്യൂയോർക്കിലെ ന്യൂ ഹോപ്പ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ ജോൺ ഴാങ്ങിനെ കണ്ടത്. ഈ ജനിതക ചികിത്സാരീതി അമേരിക്കയിലെ നിയമം അനുവദിക്കാത്തതിനാൽ അച്ഛനമ്മമാരും ഡോക്ടർമാരും മെക്സിക്കോവിൽ പോയിട്ടാണ് MDT എന്ന ചികിത്സ നടത്തിയത്.
എന്താണ് മൈറ്റോകോൺഡ്രിയൽ ഡോണേഷൻ ട്രീറ്റ്മെന്റ് (MDT)?
ഒരു കോശത്തിൽ 1000 മുതൽ 2500 വരെ മൈറ്റോകോൺഡ്രിയകൾ ഉണ്ടാവുമെന്ന് പറഞ്ഞുവല്ലോ. അതിൽ ചിലതിന് മാത്രമാണ് മ്യൂട്ടേഷൻ സംഭവിച്ചിരിക്കുക. എങ്കിലും രോഗം ഉണ്ടാവാൻ അത് മതി. അതിനാൽ രോഗബാധിതയായ അമ്മയുടെ അണ്ഡകോശത്തിലെ മൈറ്റോകോൺഡ്രിയ അടങ്ങുന്ന കോശദ്രവ്യം (cytoplasm) മുഴുവൻ ഉപേക്ഷിക്കുകയും പകരം ആ അണ്ഡകോശത്തിലെ 99 % ജീനുകൾ അടങ്ങിയിട്ടുള്ള കോശമർമ്മം, ദാതാവായ മറ്റൊരു സ്ത്രീയുടെ (രണ്ടാമത്തെ അമ്മ) അണ്ഡകോശത്തിലേക്ക് മാറ്റി വെക്കുകയുമാണ് ചെയ്യുന്നത്. (ചിത്രം 2 കാണുക). ദാതാവിന്റെ അണ്ഡകോശത്തിലെ കോശമർമ്മം കളയുന്നു. പിന്നീട് ഈ പുതിയ അണ്ഡവുമായി അച്ഛന്റെ ബീജം സങ്കലനം ചെയ്ത് അമ്മയുടെ ശരീരത്തിൽ നിക്ഷേപിച്ച് കുട്ടിയെ വളർത്തുന്നു. ഈ രീതിയെ സ്പിൻഡിൽ ന്യൂക്ലീയർ ട്രാൻസ്ഫർ എന്ന് പറയുന്നു.
രണ്ട് അമ്മമാരുടെയും അണ്ഡകോശങ്ങൾ അച്ഛന്റെ ബീജം ഉപയോഗിച്ച് സങ്കലനം നടത്തിയശേഷം, ദാതാവായ അമ്മയുടെ ബീജസങ്കലനം നടന്നുകഴിഞ്ഞ അണ്ഡത്തിലെ കോശമർമം എടുത്തുകളഞ്ഞ് പകരം യഥാർത്ഥ അമ്മയുടെ കോശമർമ്മം സ്ഥാപിക്കുന്ന രീതിയും ഉണ്ട്. ഈ രീതിയാണ് ബ്രിട്ടനിൽ നിയമം അനുവദിച്ചിട്ടുള്ളത്. 2015ൽതന്നെ ബ്രിട്ടനിൽ “പ്രത്യേക സാഹചര്യങ്ങളിൽ” ഈ രീതിയിൽ കുട്ടികളുണ്ടാവാൻ ദമ്പതികളെ സഹായിക്കാമെന്ന് നിയമം അനുവദിച്ചിരുന്നു. പക്ഷെ അവർക്ക് 2023 ൽ മാത്രമേ ഇത് പ്രായോഗികമായി ചെയ്യാൻ കഴിഞ്ഞുള്ളൂ.
ഡോ ഴാങ്ങും സഹപ്രവർത്തകരും ഇങ്ങനെ കുട്ടിയെ ജനിപ്പിച്ച കാര്യം ഗവേഷണ പേപ്പർ ആയി 2016 ഒക്ടോബറിൽ അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്ടീവ് മെഡിസിൻസ് സയന്റിഫിക് കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു. ഈ കുട്ടിയുടെ കൂടുതൽ ജനിതക വിവരങ്ങൾ അവർ 2017 ഏപ്രിൽ 3ന് റീപ്രൊഡക്ടീവ് ബയോമെഡിസിൻ ഓൺലൈൻ (Reproductive Biomedicine Online) എന്ന ജേർണലിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതു പ്രകാരം കുട്ടിയുടെ യഥാർത്ഥ അമ്മയുടെ മൈറ്റോകോൺഡ്രിയയുടെ ഒരു ചെറിയ അംശം കുട്ടിയിൽ എത്തിച്ചേർന്നിട്ടുണ്ട് എന്ന് അവർ പറഞ്ഞിട്ടുണ്ട്. കോശമർമ്മം മാറ്റുമ്പോൾ സംഭവിച്ചതാകാം ഇത്.
2016ൽ കുട്ടി ജനിച്ചപ്പോൾ അവന്റെ മൂത്രത്തിൽ ഉണ്ടായിരുന്ന കോശങ്ങളിലെ മൈറ്റോകോൺഡ്രിയകൾ പരിശോധിച്ചപ്പോൾ 2 % മ്യൂട്ടേഷൻ ഉള്ളവയാണ് എന്നും ചില ശരീരഭാഗങ്ങളിലെ കോശങ്ങളിലെ മൈറ്റോകോൺഡ്രിയകൾ 9% മ്യൂട്ടേഷൻ ഉള്ളവയാണ് എന്നും കണ്ടതായി അവർ റിപ്പോർട്ട് ചെയ്തു. പക്ഷെ ചുരുങ്ങിയത് 18% മൈറ്റോകോൺഡ്രിയകൾക്ക് മ്യൂട്ടേഷൻ ഉണ്ടെങ്കിലേ രോഗം ബാധിക്കൂ എന്നാണ് ഡോക്ടർമാർ കണക്കാക്കുന്നത്. ആ കുട്ടിക്ക് ഇപ്പോൾ 7 വയസ്സായിരിക്കുന്നു.
ജീവശാസ്ത്രപരവും ധാർമ്മികവുമായ പ്രശ്നങ്ങൾ
2016 ൽ കുട്ടി ജനിച്ചപ്പോൾ അത് വലിയ ചർച്ച ആയിരുന്നു. യൂറോപ്പിലുള്ള മിക്ക വൈദ്യശാസ്ത്രജ്ഞരും അതിനെ സ്വാഗതം ചെയ്തപ്പോൾ അമേരിക്കയിലെ ചില ഡോക്ടർമാരും അഭിഭാഷകരും കുറച്ചൊക്കെ സംശയത്തോടെ ആണ് പ്രതികരിച്ചത്. നെതർലാൻഡ്സിലെ മാസ്ട്രി സ്റ്റ് സർവകലാശാലയിലെ ബെർട് സ്മീറ്റ്സ് എന്നയാൾ “ആവേശം തരുന്നത് ” എന്നാണ് പ്രതികരിച്ചത്. മറ്റു പല ശാസ്ത്രജ്ഞരും ഇതിനെ സ്വാഗതം ചെയ്തിരുന്നു. ന്യൂയോർക് സ്റ്റം സെൽ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞനായ ഡയട്രിച്ച് എഗ്ളി ഇതിനെ ചരിത്രപ്രധാനമായ നേട്ടം എന്നാണ് വിശേഷിപ്പിച്ചത്.
പക്ഷെ ഇത്തരം ജനന പ്രക്രിയയുടെ ധാർ്മ്മികവശത്തെക്കുറിച്ച് പലരും വ്യാകുലരാണ്. മാത്രമല്ല, അത്തരം കുട്ടികളുടെ ആരോഗ്യം, അടുത്ത പരമ്പര നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ എന്നിവയും പ്രശ്നമുളവാക്കാവുന്നതാണ് എന്ന് പലരും അഭിപ്രായപ്പെടുന്നു.
എന്തൊക്കെയാണ് ഈ ചകിത്സാ രീതിയുടെ പ്രശ്നങ്ങൾ?
1. ഒന്നാമതായി മ്യൂട്ടേഷൻ സംഭവിച്ച മൈറ്റോകോൺഡ്രിയകൾ കുട്ടിയിൽ എത്തിയിട്ടുണ്ടാവുമെങ്കിൽ അവ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതാണ് ഒരു പ്രധാന പ്രശ്‌നം. ഡോ ഴാങ്ങിന്റ ടീം 18%ത്തിൽ കൂടുതൽ മ്യൂട്ടേഷൻ നടന്ന മൈറ്റോകോൺഡ്രിയകൾ ഉണ്ടെങ്കിൽ മാത്രമേ അവ രോഗങ്ങൾക്ക് കാരണമാവൂ എന്ന് പറയുന്നുവെങ്കിലും ഇതിനെക്കുറിച്ച് വേണ്ടത്ര വ്യക്തതയൊന്നുമില്ലെന്ന് മെഡിക്കൽ ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, പിന്നീടുള്ള പരമ്പരയ്ക്കു രോഗം കൈമാറുന്നതിലും ഇവ പങ്കുവഹിച്ചേക്കാം. ഇത് ഒരു പ്രശ്നമാകാം.
ഇതിന് ഒരു പ്രതിവിധി ആയി ചൂണ്ടിക്കാണിക്കുന്നത്, ഇങ്ങനെ സൃഷിക്കപെട്ട കുട്ടികൾ “ആൺ കുട്ടികൾ ” മാത്രമായിരിക്കുക എന്നതാണ്. ആൺ കുട്ടികളിലൂടെ ഈ രോഗം അടുത്ത തലമുറകൾക്ക് പകരില്ലല്ലോ? എന്നാൽ ഇത് ശരിയാണോ എന്ന ധാർമിക ചോദ്യം ഉണ്ട്.
2. മറ്റൊന്ന്, മൂന്ന് പേരുടെ ജനിതക കോഡുകൾ (ഡി.എൻ.എ അഥവാ ജീൻ) ഒരു കുട്ടിയിൽ എത്തുമ്പോൾ എന്തൊക്കെ സംഭവിക്കാം എന്നത് ഇന്നേവരെ ശാസ്ത്രജ്ഞർക്ക് അറിയില്ല. പ്രൈമേറ്റുകളിൽ (മനുഷ്യരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ – ആൾകുരങ്ങുകൾ, കുരങ്ങുകൾ, ലെമൂർ തുടങ്ങിയവ) നടത്തിയ പരീക്ഷണങ്ങളിൽ പാർശ്വഫലങ്ങൾ ഒന്നും കണ്ടിരുന്നില്ല. എന്നാൽ മനുഷ്യശരീരത്തിൽ ഇത് വ്യത്യസ്തമായ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൂടെന്നില്ല.
3. മറ്റു പ്രശ്നങ്ങൾ ധാർമികതയുടേതും നീതിയുടേതുമാണ്. കുട്ടിക്ക് മുൻകൂട്ടി സമ്മതം നല്കാൻ (consent) സാധ്യമല്ല എന്നതിനാൽ ഇങ്ങനെ കുട്ടികളെ ഉണ്ടാക്കിയാൽ അവർക്കു പ്രശ്നങ്ങൾ ഉണ്ടായാൽ ആരായിരിക്കും ഉത്തരവാദികൾ? അതിനാൽ ഈ രീതി അവലംബിക്കുന്ന ദമ്പതിമാർക്ക് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും നല്കി, അവരുടെ പൂർണ സമ്മതം എടുക്കേണ്ടത് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ് എന്ന് ഫ്ലോറിഡയിലെ മിയാമി സർവകലാശാലയിലെ നിയമ വിദഗ്ധ ആയ റൊസാരിയോ ഇസാസിയും വിസ്കോൺസിൻ -മാഡിസൺ സർവകലാശാലയിലെ ബയോ എതിസിസ്റ്റ് ആയ അൾട്ട ചാരോയും പറയുന്നു.
ഡോ ഴാങ്ങും ടീമും പറയുന്നത്, ഈ ദമ്പതികൾക്ക് ഈ തെറാപ്പിയെക്കുറിച്ച് ജാഗ്രതപൂർവമുള്ള ഗുണദോഷ ഉപദേശം നൽകിയിരുന്നു എന്നാണ് . ഇത് മതിയോ എന്നത് ഒരു ധാർമികപരമായ (ethical) ചോദ്യമാണ്.
4. ഇങ്ങനെ ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിക്കുണ്ടാകുന്ന പ്രശ്നങ്ങൾ പഠിച്ചാൽ മാത്രമേ ഈ രീതി തെറ്റോ ശരിയോ, അനുവദനീയമാണോ എന്നൊക്കെ തീരുമാനിക്കാൻ പറ്റൂ. അതിന് ഇങ്ങനെ ജനിച്ച കുട്ടികളെ ജീവിതകാലം മുഴുവൻ നിരീക്ഷിക്കാനും വേണ്ട പരിശോധനകൾ നടത്താനും മെഡിക്കൽ ശാസ്ത്രജ്ഞർക്കു സാധിക്കണം. പക്ഷെ അത് കുട്ടിയുടെ സ്വകാര്യതയിൽ കൈകടത്തലല്ലേ? അങ്ങനെ ജീവിതകാലം മുഴുവൻ പരിശോധനയ്‌ക്ക് വിധേയരാവാൻ ആരെങ്കിലും തയ്യാറാകുമോ? അവരുടെ ജീവിതം താറുമാറാവില്ലേ?
അതുതന്നെയാണ് ഈ ആദ്യത്തെ കുട്ടിയുടെ കാര്യത്തിൽ സംഭവിച്ചതും. ആദ്യത്തെ പരിശോധനകൾക്കു ശേഷം, “മെഡിക്കൽ പ്രശ്‌നമുണ്ടായാൽ അല്ലാതെ’ ഒരു മൈറ്റോകോൺഡ്രിയൽ ടെസ്റ്റും നടത്താൻ ഇനിമുതൽ തയ്യാറല്ല എന്ന് ആ ദമ്പതികൾ തുറന്നു പറഞ്ഞു.
ഡോ. ഴാങ് ഇപ്പോൾ നടക്കുന്ന എല്ലാ ധാർമിക ചർച്ചകളെയും തള്ളിക്കളയുന്നു. “അച്ഛനമ്മമാർക്ക് എങ്ങനെ ആയാലും കുട്ടികളെ വേണമെങ്കിൽ, അത് നൽകുക. ജീവൻ രക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധാർമികത’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഈ രംഗത്ത് ബ്രിട്ടനിലെ നിയമങ്ങളെയും എടുക്കേണ്ട ധാർമിക നിലപാടുകളെയും വിലയിരുത്തിയ സിയാൻ ഹാർഡിങ് എന്നയാളുടെ അഭിപ്രായത്തിൽ, ഡോ. ഴാങ്ങിന്റെ ടീം ശരിയായ നിലപാടാണ് എടുത്തതെന്ന് പറയുന്നു. അവർ ഏറ്റവും അനുയോജ്യമായ രീതി അവലംബിച്ചു, ഭ്രൂണത്തെ നശിപ്പിച്ചില്ല, ആൺ ഭ്രൂണത്തെ തിരഞ്ഞെടുക്കുകവഴി രോഗം അടുത്ത പരമ്പരയിലേക്ക് പകരുന്നത് തടഞ്ഞു എന്നതൊക്കെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. “നമ്മൾ ബ്രിട്ടനിൽ ചെയ്യാനുദ്ദേശിക്കുന്നതിനേക്കാൾ നല്ല രീതിയാണ് അവർ അവലംബിച്ചത്’’ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ജീവശാസ്ത്രവും, ഇത്തരം ജനിതക രീതികളുടെ ഗുണ-ദോഷ ങ്ങളും കൂടുതൽ മനസ്സിലാക്കുമ്പോൾ, ചർച്ചകളും കോടതി വ്യവഹാരങ്ങളും കൂടുതൽ കൂടുതലായി പല രാജ്യങ്ങളിലും കാണാനാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ♦
Referances:
1. Exclusive: World’s first baby born with new “3 parent” technique. (27 September 2016)
https://www.newscientist.com/article/2107219-exclusive-worlds-first-baby-born-with-new-3-parent-technique/
2. Genetic details of controversial ‘three-parent baby’ revealed (06 April 2017)
https://www.nature.com/articles/nature.2017.21761
3. Mitochondrial Transfer: The making of three-parent babies (22 August, 2018)
https://sitn.hms.harvard.edu/flash/2018/mitochondrial-transfer-making-three-parent-babies/
4. Three parent babies: Mitochondrial replacement therapies, National Library of medicines JBRA Assist Reprod.2020 Apr-Jun
https://www.ncbi.nlm.nih.gov/pmc/articles/PMC7169912/