Wednesday, October 9, 2024

ad

Homeചിത്രകലചുവർ ചിത്രകല

ചുവർ ചിത്രകല

ജി അഴിക്കോട്‌

ഭിത്തിയിൽ വരയ്‌ക്കുന്ന ചിത്രങ്ങൾക്ക്‌ പൊതുവിൽ ചുവർചിത്രങ്ങളെന്നു (Mural Paintings) പറയുന്നു. ‘ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ’ എന്നാണ്‌ പുരാതന സങ്കൽപം. കാലാന്തരത്തിൽ ഈ പഴമൊഴി അപ്രസക്തമായി. ഇക്കാലത്ത്‌ ചുവരും കാൻവാസും കടലാസും വർണച്ചായങ്ങളും ഇല്ലാതെ കംപ്യൂട്ടറിൽ ചിത്രം വരയ്‌ക്കാം. എങ്കിൽതന്നെയും ചുവർചിത്രങ്ങൾ ഒരു കാലഘട്ടത്തിന്റെ ഉൽപന്നങ്ങളായി അവശേഷിക്കുന്നു. പുത്തൻ രചനാമാധ്യമങ്ങൾ കാലപ്പഴക്കത്തേയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിജീവിക്കാൻ അപര്യാപ്‌തമെന്നു തെളിഞ്ഞപ്പോഴും ചുവർചിത്രങ്ങൾ ശോഭയോടെ നിലനിൽക്കുന്നു.


പരുക്കൻ പാറച്ചുവരിൽ പോറിയും കോറിയും വർണങ്ങൾ വാരിത്തേച്ചും വിരുത്‌ കാണിച്ചിരുന്ന പ്രവണതയ്‌ക്ക്‌ മനുഷ്യസംസ്‌കാര ചരിത്രത്തോളം പുരാതനത്വമുണ്ട്‌. ഇത്തരം ചരിത്രാതീതകലയ്‌ക്കും പ്രാകൃതകല അഥവാ ഗ്രാമീണകലയ്‌ക്കും അനുബന്ധമായി വികാസം പ്രാപിച്ച മൂന്നാംഘട്ടമാണ്‌ ചുവർചിത്രകല. നിലവിലുണ്ടായിരുന്ന അനുഷ്‌ഠാനകലകളുടെ സംസ്‌കൃതരൂപമായി ചിത്രാലങ്കാരവും ശിൽപാലങ്കാരവും നിലവിൽവന്നു. കേരളത്തിലെമ്പാടും ഇക്കാലത്തും അനുഷ്‌ഠിച്ചുവരുന്ന കളമെഴുത്തിന്റെ സംസ്‌കൃതരൂപമാണ്‌ ചുവർചിത്രകല.

ചുവരിൽ ചിത്രം വരച്ച്‌ ആകർഷകമാക്കുന്ന പ്രക്രിയയ്‌ക്ക്‌ MURUS എന്നാണ്‌ ലാറ്റിൻ ഭാഷയിൽ. ഫ്രഞ്ചിൽ ഇത്‌ MUR ആണ്‌. ഇതിന്റെ ആംഗലഭാഷാ രൂപാന്തരമാണ്‌ MURAL. ചുവർ പ്രതലത്തിൽനിന്ന്‌ പൊന്തിനിൽക്കുന്ന ചുവർ ശിൽപങ്ങളുൾപ്പെടെയുള്ളവയ്‌ക്ക്‌ പൊതുവിൽ പറയുന്ന പേരാണ്‌ മ്യൂറൽ.


ശാസ്‌ത്രീയ വിധിപ്രകാരം ചുവരിൽ രേഖാചിത്രം വരച്ച്‌ ഘട്ടംഘട്ടമായി വർണംകൊടുത്ത്‌ അവസാനം കറുപ്പ്‌ രേഖ ആസകലം വരച്ച്‌ പൂർത്തിയാക്കുന്നതാണ്‌ ചുവർചിത്രങ്ങളുടെ സാങ്കേതികരീതി. പ്രാദേശികവും ഭാഷാപരവുമായ സാങ്കേതികസംജ്ഞകൾ സ്വീകരിച്ച ചുവർചിത്രങ്ങൾ ആഗോളവ്യാപകമായി പ്രചാരത്തിലുണ്ട്‌. രാജസ്ഥാനാണ്‌ ഭാരതത്തിൽ പുരാതനത്വപ്രധാനമായ ഏറ്റവും കൂടുതൽ ചുവർചിത്രങ്ങളുടെ സംസ്ഥാനം. ‘കുഡ്യാ’ എന്നാണ്‌ ഇവിടത്തെ പരമ്പരാഗത ചുവർചിത്രങ്ങളുടെ പേര്‌.

പുരാതന ഭാരതീയർ ചിത്രങ്ങളെ ചുവർചിത്രം, ചിത്രപടം, ചിത്രഫലകം എന്ന പ്രകാരത്തിൽ മൂന്നായി വിവരിക്കുന്നു. ഭിത്തി, പട്ട, പടം എന്നിങ്ങളെ ആലേഖനം ചെയ്യപ്പെട്ടിരുന്ന പ്രതലപ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ ഈ വിഭജനം. ഭിത്തിയിൽ വരയ്‌ക്കുന്നത്‌ ചുവർചിത്രവും പട്ടകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ദാരുഫലകവും പടമെന്നാൽ തുണി (കാൻവാസ്‌)യുമാണ്‌.

 
ലോകത്തെമ്പാടുമുള്ള മന്ദിരശിൽപകലയുടെ ഭാഗമായാണ്‌ ശിൽപാലങ്കാരവും ചിത്രാലങ്കാരവും വികാസം പ്രാപിച്ചത്‌. മാധ്യമപ്രധാനമായ പ്രത്യേകതകളും പരിമിതികളുമുണ്ടെങ്കിലും അലങ്കരിച്ച്‌ ആകഷർകമാക്കുകയാണ്‌ ഇവയുടെ പൊതുധർമം. ഈ പ്രായോഗികഫലം ലക്ഷ്യമാക്കി അതിപുരാതനകാലം മുതൽ ശിൽപാലങ്കാരത്തിനും ചിത്രാലങ്കാരത്തിനും പ്രാധാന്യം നൽകിയിരുന്നു.

ആർഷഭാരത സംസ്‌കാരസ്രോതസ്സുകളിലൊന്നായ വിഷ്‌ണുധർമോത്തര പുരാണത്തിലെ ചിത്രസൂത്രം എന്ന ഭാഗത്ത്‌ വിവരിച്ചിട്ടുള്ള പ്രകാരം ചിത്രകലയെ മറ്റ്‌ പുരാണഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടില്ല. ഏകദേശം 1500 വർഷം മുന്പ്‌ സംസ്‌കൃതത്തിൽ രചിച്ച വിഷ്‌ണുധർമോത്തര പുരാണത്തിന്റെ മൂന്നാം ഖണ്ഡത്തിലെ 35 മുതൽ 43 വരെയുള്ള അധ്യായങ്ങളിൽ ചിത്രകലയെക്കുറിച്ചുമാത്രം വിശദമായി വിവരിക്കുന്നുണ്ട്‌. മൂലഗ്രന്ഥത്തിൽനിന്ന്‌ പിൽക്കാലത്ത്‌ ‘ചിത്രസൂത്രം’ മാത്രം വിവിധ ഭാഷകളിൽ വിവർത്തനംചെയ്‌ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ദാരുഫലകങ്ങളിലും തുകലിലും മറ്റും വരച്ചിരുന്ന പ്രാചീനചിത്രങ്ങൾ വ്യത്യസ്‌ത കാരണങ്ങളാൽ നാമാവശേഷമായി. എന്നാൽ ഈ കാലഘട്ടത്തിലുള്ള ഒട്ടുമിക്ക ചുവർചിത്രങ്ങളും കാലത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിജീവിച്ച്‌ നിലനിൽക്കുന്നു. ചുണ്ണാന്പ്‌ പ്രതലത്തിൽ പ്രകൃതിദത്ത വർണങ്ങൾകൊണ്ട്‌ വരച്ചതിനാലാണ്‌ ഇവ കേടുകൂടാതെ നിലനിൽക്കുന്നതെന്ന്‌ പിൽക്കാല ശാസ്‌ത്രീയപഠനങ്ങൾ തെളിയിച്ചു.

ചിത്രരചനാതലം ഉപയോഗിക്കുന്ന വർണങ്ങൾ, സാങ്കേതികപദ്ധതി എന്നിവയെ അടിസ്ഥാനമാക്കി ടെന്പറ, ഫെസ്‌കോ, എൻകോസ്റ്റിക്‌ എന്ന പ്രകാരത്തിൽ മൂന്ന്‌ സാങ്കേതികപദ്ധതികൾ ചുവർചിത്രരചനയ്‌ക്ക്‌ അവലംബിക്കാറുണ്ട്‌. ഇവയ്‌ക്ക്‌ ഫെസ്‌കോ ബ്രൂണോ, ഫെസ്‌കോ സെക്കോ എന്നീ അവാന്തരവിഭാഗങ്ങളുമുണ്ട്‌.
ചുവർചിത്രകലയ്‌ക്ക്‌ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്‌. ഇവ സത്യം ശിവം സുന്ദരം എന്ന ഭാരതീയ സൗന്ദര്യവീക്ഷണത്തിൽ അധിഷ്‌ഠിതമാണ്‌. ഓരോ കലാസൃഷ്ടിയും അത്‌ ജന്മംകൊണ്ട ദേശീയ പ്രത്യേകതകൾ ആവാഹിച്ചിരിക്കുമെന്ന പൊതുതത്വം ചുവർചിത്രകലയ്‌ക്കും ബാധകമാണ്‌.

ചുവർചിത്രങ്ങളിൽ സിംഹഭാഗവും മതപരമായ ഇതിവൃത്തങ്ങളായതിനാൽ ദൃഷ്ടാക്കളിൽ ആസ്വാദനത്തിനുപരി ഭക്തിയും ജനിപ്പിക്കുന്നു. ഓരോ കാലഘട്ടത്തിലും ജീവിച്ചിരുന്ന കവികളും സാഹിത്യകാരരും കലാകാരരും ചുവർചിത്രങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടിരുന്നു.

അജന്തയിലെയും എല്ലോറയിലെയും ചുവർചിത്രങ്ങളുടെയും ശിൽപ്പങ്ങളുടെയും രൂപലാവണ്യം സ്വാധീനിച്ചിട്ടില്ലാത്ത ഒരു ചിത്രകലാപ്രസ്ഥാനവും പിൽക്കാലത്ത്‌ ഭാരതം ദർശിച്ചിട്ടില്ല. രാജസ്ഥാൻ ചെറുചിത്രങ്ങൾ, പഹാടി ശൈലി, ബംഗാൾ സ്‌കൂൾ, ഗ്രാമീണ ശൈലി, നവിന താന്ത്രിക്‌ ശൈലി തുടങ്ങിയവയിലെല്ലാം ഈ പാരന്പര്യത്തിന്റെ പുനരാവിഷ്‌കാരങ്ങളുണ്ട്‌. പ്രശസ്‌ത ദക്ഷിണേന്ത്യൻ ചിത്രകാരനായ കെ സി എസ്‌ പണിക്കരുടെ ഭക്ത, നർത്തകർ, ലുംബിനി തുടങ്ങിയ ചിത്രങ്ങളിലെ രൂപാവിഷ്‌കാരങ്ങൾക്ക്‌ പ്രചോദനം അജന്ത‐എല്ലോറ ചിത്ര‐ശിൽപങ്ങളാണ്‌.

ആത്മീയ അടിത്തറയും രേഖാപ്രാധാന്യവുമാണ്‌ ഭാരതീയ ചുവർചിത്രകലയുടെ രണ്ട്‌ സവിശേഷതകൾ. സമസ്‌ത ഭാരതീയ ചുവർചിത്രങ്ങളിലും ഈ രണ്ട്‌ മുഖ്യധാരകളുടെ സമന്വയം ദർശിക്കാനാവും. പാശ്ചാത്യചിത്രകലയുടെ പ്രാരംഭത്തിൽ പ്രകടമായ ഈ രേഖാപ്രാധാന്യം മധ്യകാലഘട്ടത്തോടെ അപ്രത്യക്ഷമായതും ശ്രദ്ധേയമാണ്‌.

ചരിത്രാതീതകാലത്തെ ശിലാചിത്രങ്ങളിൽനിന്ന്‌ ചുവർചിത്രങ്ങളിലേക്കുള്ള പ്രയാണം കേരളീയ ചുവർചിത്രങ്ങളുടെ അനർഗളപ്രവാഹത്തിന്‌ തെളിവാണ്‌. തെക്ക്‌ തിരുനന്തിക്കരമുതൽ വടക്ക്‌ കുന്പളവരെയുള്ള 250 ഓളം കേന്ദ്രങ്ങളിൽ ചുവർചിത്രങ്ങളുണ്ട്‌. രാജകൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, പ്രഭുമന്ദിരങ്ങൾ, പൊതുസ്ഥാപനങ്ങൾ, ടൂറിസംകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ്‌ കേരളത്തിൽ പ്രധാനമായും ചുവർചിത്രങ്ങളുള്ളത്‌. ഇന്ത്യയിലെ സമസ്‌തശൈലിയിലുമുള്ള ചുവർചിത്രങ്ങളുടെ ശരിപ്പകർപ്പുകൾ തിരുവനന്തപുരം ശ്രീചിത്രാ ആർട്ട്‌ ഗ്യാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്‌ താരതമ്യേന പഠനത്തിന്‌ സഹായകമാണ്‌.

പ്രകൃതിദത്ത വർണങ്ങൾ വേപ്പ്‌ പശയിൽ ചാലിച്ച്‌ ഇയ്യാംപുൽ തൂലികകൊണ്ട്‌ ചുണ്ണാന്പ്‌ പ്രതലത്തിലെഴുതുന്നതാണ്‌ പരന്പരാഗത ചുവർചിത്രങ്ങളുടെ സാങ്കേതികരീതി. ഇതിലേക്കുള്ള ചുവർപ്രതലം തയ്യാറാക്കുന്നതും ഒരു പ്രത്യേക രീതിയിലാണ്‌.

കേരളീയ പാരന്പര്യത്തിന്റെ തിരുശേഷിപ്പുകളായ ഇത്തരം ചുവർചിത്രങ്ങളെ അന്പല ശ്രീകോവിലിന്റെ നെയ്‌ത്തിരിവെട്ടത്തുനിന്നും കൊട്ടാരക്കെട്ടുകളുടെ അകത്തളങ്ങളിൽനിന്നും ജനമധ്യത്തിലേക്ക്‌ ഇളക്കി പ്രതിഷ്‌ഠിക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നു.

കേരള ടൂറിസം 1990ൽ വേളിയിലും തഞ്ചാവൂർ ആസ്ഥാനമായ ദക്ഷിണമേഖലാ സാംസ്‌കാരികകേന്ദ്രം 1991ൽ ഗുരുവായൂരിലും സംഘടിപ്പിച്ച ചുവർചിത്രകാരന്മാരുടെ ക്യാന്പുകൾ ഈ പുത്തൻ ഉണർവിന്റെ പ്രതിഫലനങ്ങളാണ്‌. സാർക്ക്‌ രാഷ്‌ട്രങ്ങളുടെ അന്താരാഷ്‌ട്ര കലാമേളയോടനുബന്ധിച്ച്‌ തിരുവനന്തപുരം കനകക്കുന്ന്‌ കൊട്ടാരത്തിലും ദേശീയ പരന്പരാഗത ചിത്രകലാ പ്രദർശനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലും ചുവർചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി.

കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം, മ്യൂസിയം കാന്പസിലെ ശ്രീചിത്രാ എൻക്ലേവിൽ വരച്ചത്‌ 1993ലാണ്‌. ഗുരുവായൂർ ചുവർചിത്രപഠനകേന്ദ്രത്തിൽനിന്നും പഠനം പൂർത്തിയാക്കിയ പ്രഥമ ബാച്ചിലെ കലാകാരന്മാരുടെ കൂട്ടായ്‌മയാണ്‌ ചിത്രച്ചുവരിലെ ഈ വർണലയം.

2004ൽ ദക്ഷിണമേഖലാ സാംസ്‌കാരികകേന്ദ്രത്തിൽ ഒരു നൃത്തമണ്ഡപത്തിലെന്പാടും കേരളീയ പരന്പരാഗതശൈലിയിൽ (280 ച. അടി) മഹാഭാരതം കഥ വരച്ചതോടെ അത്‌ മഹാഭാരതമണ്ഡപമായി പുനർനാമകരണം ചെയ്യപ്പെട്ടു. ഇതിന്റെ മച്ചിൽ 110 ച. അടി നിറഞ്ഞുനിൽക്കുന്ന വിശ്വരൂപത്തിന്റെ ദൃശ്യാവിഷ്‌കാരം ഇത്തരത്തിലുള്ള പ്രഥമസംരംഭമാണ്‌.

‘അണ്ണാന്ന്‌ പാർത്താൽ ആശ്ചര്യം’ എന്നാണ്‌ ഇതിനെ തമിഴ്‌ പത്രങ്ങൾ വിശേഷിപ്പിച്ചത്‌. 2005ൽ തമിഴ്‌നാട്‌ ഗവർണറായിരുന്ന സുർജിത്‌ സിങ് ബർണാല, പൊതുജനദർശനത്തിന്‌ തുറന്നുകൊടുക്കുമ്പോൾ തഞ്ചാവൂർ പെയിന്റിങ്ങിന്റെ നാട്ടിൽ കേരളീയ ചുവർചിത്രങ്ങൾക്കും ഒരിടമായി. പ്രസാർ ഭാരതിയുടെ തമിഴ്‌ ചാനലായ ‘പൊതുകെ’ ഇതുസംബന്ധിച്ച്‌ ഒരു ഡോക്യുമെന്ററിയും നിർമിച്ചു സംപ്രേക്ഷണം ചെയ്‌തിരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 5 =

Most Popular