Friday, April 19, 2024

ad

Homeചിത്രകലചിത്രമെഴുത്തിലെ ക്രിയാത്മക സങ്കേതങ്ങളുമായി

ചിത്രമെഴുത്തിലെ ക്രിയാത്മക സങ്കേതങ്ങളുമായി

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ദിമനുഷ്യൻ കലയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ്‌ കണക്കാക്കിയിരുന്നത്‌. മനുഷ്യസംസ്‌കൃതിയുടെ ചരിത്രത്തിനോടൊപ്പം സഞ്ചരിക്കുന്ന ചിത്ര‐ശിൽപകലയ്‌ക്ക്‌ അത്രതന്നെ പാരന്പര്യവും പഴക്കവുമുണ്ട്‌. മനുഷ്യന്റെ നിത്യജീവിതത്തോട്‌ ചേർന്നുനിന്ന്‌ ചിത്ര‐ശിൽപകല ഉപയോഗകേന്ദ്രീകൃതമാവുകയും അനുഷ്‌ഠാനത്തിലധിഷ്‌ഠിതമാവുകയും വികാസം പ്രാപിക്കുകയും ചെയ്യുന്ന ചരിത്രവും നമുക്ക്‌ മുന്നിലുണ്ട്‌. കളിമണ്ണിലും കരിങ്കല്ലിലും മൃഗങ്ങളുടെയും മരങ്ങളുടെയും തുകലിലും ചിത്രംവരച്ച മനുഷ്യൻ ആവാസവ്യവസ്ഥയിൽ ഊന്നിനിന്നുകൊണ്ടാണ്‌. കലയിലെ വികാസപരിണാമങ്ങളിൽ പ്രകൃതിയുമായി ഇഴചേർന്ന്‌ ജീവിച്ചുപോന്നത്‌. പ്രകൃതിയുമായുള്ള പരസ്‌പരബന്ധം കലയുടെ ചരിത്രത്തേയും വർത്തമാനത്തേയും കരുത്തുറ്റതാക്കുന്നു. ചിത്ര‐ശിൽപകലയെ നോക്കിക്കാണുന്ന ഒരാസ്വാദകന്‌ സവിശേഷവും വൈവിധ്യവുമായ കലാലോകമാണ്‌ മുന്നിൽ കാണാനാവുന്നത്‌. അതിന്റെ തുടർച്ചയാണ്‌ പരീക്ഷണാത്മകവും ക്രിയാത്മകവുമായ ചിത്ര‐ശിൽപ രചനകളും കലാപ്രസ്ഥാനങ്ങളും.

ഇന്നു നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഇന്നത്തെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള കലാപ്രവർത്തനങ്ങൾ ഉണ്ടാവുകയും കലയിൽ നവീനമായ കാഴ്‌ചകളും രൂപമാതൃകകളും സൃഷ്ടിക്കപ്പെടുകയും ചെയ്‌തുവരുന്നു. അത്തരം കലാരൂപങ്ങൾക്കിടയിലേക്കാണ്‌ ശരിക്കും കരവിരുതുകൊണ്ടും ക്രാഫ്‌റ്റിന്റെ പിൻബലംകൊണ്ടും മണൽചിത്രങ്ങളുമായി നേമം കൃഷ്‌ണൻനായർ എന്ന ചിത്രകാരന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടാകുന്നത്‌.


‘‘പലനിറങ്ങളിലുള്ള മണ്ണിന്റെ സവിശേഷതയും വൈവിധ്യവും മനുഷ്യരിലുമുണ്ട്‌. ഇവയൊക്കെ ചേർന്ന രൂപമാതൃകകളിലേക്ക്‌ ചുവർചിത്രകലയുടെയും കളമെഴുത്തിന്റെയും സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ മണൽചിത്രങ്ങൾ രചിച്ചിട്ടുള്ളത്‌.’’ ചിത്രകാരൻ ഇങ്ങനെ പറയുന്നു.

പ്രകൃതിയിൽനിന്ന്‌ എടുക്കുന്ന നിറങ്ങളാണ്‌ കളമെഴുത്തിനും ചുവർചിത്രങ്ങൾക്കും ഉപയോഗിക്കുന്നതെങ്കിൽ അതുപോലെ നിറങ്ങളുള്ള മണലുകളാണ്‌ കൃഷ്‌ണൻനായർ ചിത്രരചനയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിൽനിന്നും നേരിട്ടും സൗഹൃദങ്ങളിലൂടെയും പലനിറങ്ങളിലുള്ള മണ്ണ്‌ ശേഖരിച്ച്‌ അത്‌ ശുദ്ധീകരിച്ച്‌ ചിത്രങ്ങൾക്ക്‌ ഉപയുക്തമായ വിധത്തിൽ പലനിറത്തിലും ടോണുകളിലുമുള്ള മണൽ തയ്യാറാക്കുക ശ്രമകരമായ ജോലിയാണെന്ന്‌ അദ്ദേഹം പറയുന്നു. ഒപ്പം കരകൗശല രചനാരീതിയുടെ മികവ്‌ ചോർന്നുപോകാതെയാകണം മണൽ ഉപയോഗിച്ച്‌ ചിത്രം വരയ്‌ക്കേണ്ടത്‌.


കഴിഞ്ഞ 50 വർഷത്തിലധികമായി എണ്ണച്ചായത്തിലുള്ള ചിത്രങ്ങളുടെ രചനയോടൊപ്പം മണൽചിത്ര രചനാസങ്കേതം കൃഷ്‌ണൻനായർ സ്വീകരിച്ചുവരുന്നു. ഛായാചിത്രത്തിന്റെയും മറ്റു പെയിന്റിംഗ്‌ ശൈലികളുടെയും രചനാകൗശലം അറിയുന്ന അദ്ദേഹം തന്റെ കഠിനമായ പരിശ്രമത്തിന്റെ അടയാളപ്പെടുത്തലുകളായി മാറ്റുകയാണ്‌ ഈ മണൽചിത്രങ്ങളെ.

ഓരോ കലാകാരന്റെയും പുതിയ കണ്ടെത്തലുകൾ കലയുടെ ശക്തിസ്രോതസ്സായി സൃഷ്‌ടിപരതയോടെ ആസ്വാദകർക്കു മുന്നിൽ സമർപ്പിക്കുമ്പോൾ ഇവിടെ കൃഷ്‌ണൻനായർ ലാളിത്യമുള്ള കലാതപസ്യയായി മണൽചിത്രങ്ങൾ അവതരിപ്പിക്കുകയാണ്‌. മണൽ ഉപയോഗിച്ചുള്ള നിരവധി ഛായാചിത്രങ്ങളും വിഷയാധിഷ്‌ടിത ചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ടെങ്കിലും കൂടുതലും തിരുവിതാംകൂർ കൊട്ടാരവുമായി ബന്ധപ്പെട്ടും അതുവഴി വിദേശരാജ്യ ഗ്യാലറികൾക്കുമായാണ്‌ തയ്യാറാക്കപ്പെട്ടിട്ടുള്ളത്‌.

നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകൾക്ക്‌ മണലിന്റെ പരിമിതമായ നിറങ്ങൾ ഉപയോഗിച്ചാണ്‌ പൂർണത പകരുന്നത്‌. പച്ചയും നീലയും നിറമുള്ള മണൽ ലഭ്യമല്ലാത്തതിനാൽ ഈ നിറങ്ങളുടെ സ്വഭാവം വരത്തക്കവിധം മറ്റു നിറച്ചേരുവകൾ ഉപയോഗിച്ചുള്ള രചനാരീതി ശ്രദ്ധേയമാണ്‌. മണൽചിത്രങ്ങൾ കരകൗശല സൃഷ്ടികളായി തെറ്റിദ്ധരിക്കാവുന്ന രചനാസങ്കേതമാണെങ്കിലും ചിത്രകലയുടെ വിപുലമായ അറിവും രേഖ, രൂപം, വർണം എന്നീ അടിസ്ഥാന സങ്കേതങ്ങളുടെ പ്രായോഗിക പരിശീലനവുംകൊണ്ടു മാത്രമേ മികവുറ്റ മണൽസൃഷ്ടിയുടെ രൂപകൽപന നടത്താനാവൂ. കലയെയും കരകൗശലത്തെയും വേർതിരിച്ച്‌ കാണുന്നതിൽ അർഥമില്ലെന്ന വിഖ്യാത ചിത്രകാരരുടെ വാക്കുകളും ഇവിടെ പ്രസക്തമാവുകയാണ്‌.

ദേശീയ‐സംസ്ഥാനതലത്തിൽ ബഹുമതികൾ നേടിയിട്ടുള്ള കൃഷ്‌ണൻനായർക്ക്‌ അന്താരാഷ്‌ട്ര കരകൗശലമേളകളിൽ മണൽചിത്രരചനയുടെ ഡെമോൺസ്‌ട്രേഷനുകൾക്ക്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തുമുള്ള ഗ്യാലറികളിൽ ഇദ്ദേഹത്തിന്റെ നൂറിലധികം മണൽചിത്രങ്ങളും മറ്റു പെയിന്റിംഗുകളും സ്ഥാനംപിടിച്ചിട്ടുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 7 =

Most Popular