തെലുഗു നാടുകളുടെ വിഭജനാനന്തര ചരിത്രത്തിൽ ആദ്യമായി സിപിഐ എമ്മിന്റെയും സിപിഐയുടെയും ചെങ്കൊടികൾ ഒരു പൊതുയോഗത്തിലിടകലർന്നുയരുന്ന അപൂർവ്വ സംഗമത്തിന് ഏപ്രിൽ 9നു ഹൈദരാബാദ് എക്സിബിഷൻ ഗ്രൗണ്ട് സാക്ഷിയായി. ഇരു പാർട്ടികളുടെയും ജനറൽ സെക്രട്ടറിമാർ നേതൃത്വം നൽകിയ യോഗത്തിൽ സംസ്ഥാനതലം മുതൽ മണ്ഡലതലം വരെയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
യോഗത്തിനു മുന്നോടിയായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രവും സിപിഐ സംസ്ഥാന സെക്രട്ടറി കുനംനേനി സാംബശിവ റാവുവും വർഗ്ഗീയതയും മുതലാളിത്തവും വ്യവസ്ഥാപിത രൂപം പ്രാപിക്കുന്ന ഘട്ടത്തിൽ, അതിനെതിരെ ഇടതു ശക്തികളുടെ സങ്കലനമാണ് ഇത്തരമൊരു യോഗത്തിന്റെ കാതലായ ലക്ഷ്യമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഈ അപൂർവ പ്രവർത്തക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സിപിഐ എമ്മിന്റെയും സിപിഐയുടെയും ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരിയും ഡി രാജയും ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിനു നേരെ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഭൂരിപക്ഷ വർഗീയത എങ്ങനെയാണ് ജനാധിപത്യമൂല്യങ്ങളെ നിഗ്രഹിക്കുന്നതെന്നും വിശദീകരിച്ചു. അടിസ്ഥാന വർഗ്ഗത്തെ കൂടുതൽ അന്യവൽക്കരിക്കുകയും അവരുടെ ജീവിതപുരോഗത്തിക്കു തടസ്സം നിൽക്കുകയും ധ്രുവീകരണങ്ങൾക്ക് ആക്കംകൂട്ടുകയും വർഗ്ഗീയതയെയും വിവേചനത്തെയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്ന ഹിംസാത്മക രാഷ്ട്രീയം ഭരണം കയ്യാളുമ്പോൾ ഇടതുപക്ഷ‐ജനകീയ പ്രസ്ഥാനങ്ങൾക്ക് സമൂഹത്തിൽ വലിയ ഉത്തരവാദിത്തമാണുള്ളതെന്ന് അവർ പ്രവർത്തകരെ ഓർമ്മപ്പെടുത്തി. സാമ്രാജ്യത്വ, മുതലാളിത്ത, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം പൂർവ്വാധികം തീവ്രമായും ഇച്ഛാശക്തിയോടെയും തുടരണമെന്ന് ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വം സമ്മേളനത്തോട് ആഹ്വാനം ചെയ്തു. സിപിഐ എമ്മിന്റെയും സിപിഐയുടെയും കൂട്ടായ പോരാട്ടങ്ങൾ ചരിത്രപരമായ അനിവാര്യതയാണെന്ന് സീതാറാം യെച്ചൂരിയും ഡി. രാജയും ഊന്നിപ്പറഞ്ഞു. ഇരു കമ്മ്യൂണിസ്റ്റു പാർട്ടികളും സംയുക്തമായി വിളിച്ചുചേർത്ത ഈ യോഗം ഇടതു സഖ്യത്തിലേക്കുള്ള ആദ്യ കാൽവെപ്പാണെന്ന് അവർ പ്രവർത്തകരോട് സൂചിപ്പിക്കുകയും ചെയ്തു.
മോദി സർക്കാരിന്റെ നിരന്തരമായ അതിലംഘനത്തിൽനിന്നും ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ഈ ഘട്ടത്തിൽ രാജ്യം നേരിടുന്ന ഏറ്റവും കഠിനമായ വെല്ലുവിളി. ഇടതു ജനാധിപത്യ സംഘടനകളുടെ ഐക്യം ഈ ദൗത്യം നിറവേറ്റുന്നതിന് അനിവാര്യമാണെന്ന് സംയുക്ത പ്രവർത്തക യോഗം വിലയിരുത്തി. ബി ജെ പിയുടെ തുടർച്ചയായ അധികാരാരോഹണം സാമൂഹിക അസമത്വങ്ങൾ ക്രമാതീതമായി വർധിക്കുന്നതിന് കാരണമായി തീർന്നെന്നും, ജനങ്ങളുടെ നിരാശയേയും അസംതൃപ്തിയേയും ക്രിയാത്മകമായി പരിഹരിക്കാൻ ശ്രമിക്കാതെ വർഗീയധ്രുവീകരണത്തിലൂടെ കാതലായ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി ഗവണ്മെന്റ് ശ്രമിക്കുന്നതെന്നും യച്ചൂരി കുറ്റപ്പെടുത്തി.
ഏത് രാഷ്ട്രീയ പാർട്ടിയോ സഖ്യമോ ആയാലും അധികാരവും ഭരണയന്ത്രവും തങ്ങളുടെ കയ്യിൽ തന്നെയായിരിക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യമൂല്യങ്ങളോടും കൊമ്പുകോർക്കാനുള്ള ധാർഷ്ട്യമാണെന്നും അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുതന്നെ അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെ അധികാരഭ്രംശരാക്കാതെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെന്നും അതിനായി ഓരോ സഖാവും ഇച്ഛാശക്തിയോടെ പോരാട്ടത്തിലണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫാസിസ്റ്റ് ശക്തികൾ എങ്ങനെയാണ് ഇന്ത്യൻ സമൂഹത്തിൽ ധ്രുവീകരണത്തിന്റെ വിത്ത് പാകിയിരിക്കുന്നതെന്നും, ആർഎസ്എസ്സിന്റെയും ബിജെപിയുടെയും വളർച്ചയും അധികാരത്തുടർച്ചയും സാമൂഹിക ഉന്നമനത്തിനും സാമൂദായിക സഹവർത്തിത്വത്തിനും അധഃസ്ഥിത വർഗ്ഗത്തിന്റെ പുരോഗതിക്കും എങ്ങനെ ഭീഷണിയായി തീർന്നിരിക്കുന്നുവെന്നും വിശദീകരിക്കുന്നതായിരുന്നു സിപിഐ ജനറൽ സെക്രട്ടറി രാജയുടെ സംബോധന. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജാഗ്രതയോടെയിരിക്കണമെന്ന ഡോ. ബി ആർ അംബേദ്കറിന്റെ സന്ദേശത്തെ അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരുവശത്ത് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാവുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്യുമ്പോൾ മറുവശത്ത് സംഘപരിവാറിന്റെ ആശ്രിതരും പരിവാരങ്ങളും ഭരണകൂടത്തിന്റെ സർവ്വ പിന്തുണയോടുംകൂടെ ക്രമാതീതമായ സാമ്പത്തിക അഭിവൃദ്ധി നേടുന്നു. അവരുടെ അസാന്മാർഗിക സ്രോതസ്സുകൾക്ക് സർക്കാർ സംവിധാനങ്ങൾതന്നെ മറയൊരുക്കുന്നു. ആർഎസ്എസ് ഹിന്ദുരാഷ്ട്ര നിർമ്മിതിയുടെ മറവിൽ എങ്ങനെയാണ് വർണ്ണവ്യവസ്ഥ പുനസ്ഥാപിക്കുക എന്ന ദീർഘദൂര ലക്ഷ്യത്തിലേക്ക് അടുക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പ്രവർത്തകരോട് വിശദീകരിച്ചു. ഭരണഘടനാ സ്ഥാനങ്ങൾ ദുർവിനിയോഗം ചെയ്തുകൊണ്ട് ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥനങ്ങളെ എങ്ങനെയാണ് കേന്ദ്ര സർക്കാർ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നത് എന്നും എങ്ങനെയാണ് നിയമനിർമ്മാണവും സുഗമമായ ഭരണവും ദുഷ്കരമാക്കുന്നത് എന്നും ഡി രാജ തന്റെ അഭിസംബോധനയിൽ പ്രതിപാദിച്ചു.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബി വി രാഘവലു കേന്ദ്രസർക്കാരിന്റെ വർദ്ധിത സ്വകാര്യവൽക്കരണനയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് പ്രവർത്തകയോഗത്തോട് സംവദിച്ചത്. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങൾ ഒന്നൊഴിയാതെ കേന്ദ്രഗവൺമെന്റ് വിറ്റുതുലയ്‌ക്കുകയാണെന്നും ഇനിയുമൊരവസരം അധികാരത്തിലേറാൻ ലഭിച്ചാൽ രാജ്യത്തെയൊന്നാകെത്തന്നെ കോർപ്പറേറ്റുകൾക്ക് ബിജെപി ഗവൺമെന്റ് തീറെഴുതിക്കൊടുക്കുമെന്നും സംയുക്തമായി പോരാടേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
വർഗീയ മുതലാളിത്ത ശക്തികൾക്കെതിരായുള്ള പോരാട്ടത്തിന് വീര്യം കൂട്ടാനും അതിനായി ഒന്നിച്ചുനീങ്ങാനും സിപിഐ സംസ്ഥാന സെക്രട്ടറി കെ സാംബശിവ റാവു പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ തമ്മിനേനി വീരഭദ്രം തെലങ്കാനയുടെ കമ്മ്യൂണിസ്റ്റ് ചരിത്രത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടും സഖാക്കളുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളെ അനുസ്മരിച്ചുകൊണ്ടും നടത്തിയ വികാരതീവ്രമായ പ്രസംഗം, പ്രവർത്തകരെ ആവേശഭരിതമാക്കി; വേദിയെ മുദ്രാവാക്യ മുഖരിതമാക്കി. ‘ഇത് സായുധ പോരാട്ട ഗാഥ, ഇത് ചെങ്കൊടി പാറുന്ന നാട്” എന്ന മുദ്രാവാക്യം ഹൈദരാബാദ് എക്സിബിഷൻ ഗ്രൗണ്ടിലെങ്ങും അലതല്ലി. കാവിക്കോമരങ്ങൾക്കു കാലുകുത്താൻ കർഷകപ്പോരാട്ടങ്ങളുടെയും തൊഴിലാളിസമരങ്ങളുടെയും ചുവപ്പുപേറുന്ന ഈ തെലങ്കാനയിൽ ഇടംനൽകില്ലെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് സംയുക്ത പ്രവർത്തകയോഗം ആവേശത്തോടെ അവസാനിച്ചു. ♦