വിഗോട്സ്കിയുടെ ‘ചിന്തയും ഭാഷയും’ ജന്തുമനുഷ്യനിൽ നിന്നും സമൂഹ മനുഷ്യനിലേക്കുള്ള പരിണാമത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ ദർശനമാണ്. കൂടുതൽ മെച്ചപ്പെട്ട മനുഷ്യനെ രൂപപ്പെടുത്താനായി വിദ്യാഭ്യാസത്തിന്റെ ഗുണപരത ഉയർത്തുന്നതിനായുള്ള പാഠ്യപദ്ധതി ചർച്ചകൾ കേരളത്തിൽ നടക്കുകയും, ചരിത്രബോധവും ശാസ്ത്രബോധവുമില്ലാതാക്കാൻ പാഠഭാഗങ്ങൾ ഇന്ത്യയിൽ വെട്ടിമാറ്റപ്പെടുകയും ചെയ്യുന്ന സന്ദർഭത്തിലാണ് വിഗോട്സ്കിയെ വായിക്കുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുബോധത്തിലെ തെറ്റിദ്ധാരണകൾ മന:ശാസ്ത്രപരമായ തെളിവുകളിലൂടെ തിരുത്തിയെഴുതാൻ വിഗോട്സ്കിയെ അറിയുന്നതിലൂടെ സാധിക്കും. റഷ്യൻ മന:ശാസ്ത്രജ്ഞനായ ലൈവ് സെമിയോണോവിച്ച് വിഗോട്സ്കി’ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണങ്ങളിൽ സ്വാധീനം ചെലുത്തിയ ആശയങ്ങളുടെ പ്രയോക്താവാണ്.
തന്റെ കാലവും സമൂഹവും നേരിട്ട ചില പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള ശ്രമത്തിൽ മന:ശാസ്ത്രത്തെ ഒരു ഉപകരണമാക്കുകയാണ് വിഗോട്സ്കി ചെയ്തത്. വിപ്ലവത്തെത്തുടർന്ന് സോവിയറ്റ് സമൂഹത്തിലുണ്ടായ വൻതോതിലുള്ള പുതുക്കിപ്പണിയലിന്റെ ഭാഗമായാണ് വിഗോട്സ്കി തന്റെ സിദ്ധാന്തം രൂപപ്പെടുത്തുന്നത്. വൈരുദ്ധ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും അവയ്ക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവുകയും, ഭൗതിക പ്രപഞ്ചവും സമൂഹവും അതുവഴി വികസിക്കുകയും ചെയ്യുന്നുവെന്ന മാർക്സിസ്റ്റ് വിശകലനം ഉപയോഗിച്ചുകൊണ്ട് മാനസിക വികാസത്തിന്റെ രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുകയാണ് വിഗോട്സ്കി ചെയ്തത്. ദൈനംദിന ആശയങ്ങളും ശാസ്ത്രീയ ധാരണകളും തമ്മിൽ, കുട്ടിയും സമൂഹവും തമ്മിൽ, പാരമ്പര്യവും പരിസ്ഥിതിയും തമ്മിലെല്ലാം ഏറ്റുമുട്ടലുകളും ഗുണപരമായ അവസ്ഥയിലേക്കുള്ള പരിവർത്തനവും നടക്കുന്നുണ്ട്. ഇത് മാനസിക ഘടനയേയും പരിവർത്തിപ്പിക്കുന്നു എന്നതിലൂന്നിയാണ് വിഗോട്സ്കി തന്റെ വിദ്യാഭ്യാസ കാഴ്ച്പ്പാട് അവതരിപ്പിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പി.വി.പുരുഷോത്തമൻ മാഷിന്റെ ‘വിഗോട്സ്കിയും വിദ്യാഭ്യാസവും’ എന്ന പുസ്തകമാണ് മലയാളത്തിലിതിനെക്കുറിച്ചുള്ള പഠനത്തിന് സഹായകമായുള്ളത്.
വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾക്ക് മന:ശാസ്ത്രത്തിന്റെ സഹായത്താൽ വിഗോട്സ്കി ഉത്തരം തേടുകയായിരുന്നു. അദ്ദേഹം തൻ്റെ വികാസ സങ്കൽപവും വിദ്യാഭ്യാസ സിദ്ധാന്തവും പടുത്തുയർത്തിയത് മനുഷ്യനെ സംബന്ധിച്ചു നിലനിന്നിരുന്ന വ്യത്യസ്തമായ കാഴ്ചപ്പാടിന്റെ അടിത്തറയിലായിരുന്നു. മനുഷ്യ ശിശു ജന്മനാ ഒരു സാമൂഹിക സ്വഭാവിയാണെന്ന് വിഗോട്സ്കി ചൂണ്ടിക്കാണിച്ചു. ഇന്ദ്രിയങ്ങൾ പ്രവർത്തിച്ചുതുടങ്ങുന്നതോടെ സാമൂഹിക ഇടപെടലും ആരംഭിക്കുന്നു. ഒരു പഠിതാവിന് എത്രത്തോളം ഉയരാനാകുമോ, അത്രത്തോളം അവനെ ഉയർത്തുക എന്നതാണ് പൊതു വിദ്യാഭ്യാസം കൊണ്ട് നാം ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യ പഠിതാവിന്റെ മാതൃകയാണ് വിദ്യാഭ്യാസ രീതിയിൽ കൂടുതൽ നേട്ടമുണ്ടാക്കാനായി സഹായിക്കുക. വിഗോട്സ്കിയെ സംബന്ധിച്ച് വിദ്യാഭ്യാസം വ്യക്തിയുടെ കഴിവുകളെ മെച്ചപ്പെടുത്താൻ മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യന്റെ ഉത്ഭവസ്ഥാനമായ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രപരമായ പ്രകാശനവും വളർച്ചയുമാണ്. സാമൂഹ്യബോധവും ചരിത്രബോധവും ഇല്ലാത്ത ജന്തുമനുഷ്യനെ സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് നിലവിലെ എൻസിആർടി പരിഷ്ക്കരണങ്ങൾ. മനുഷ്യന്റെ വികാസത്തെ തടയാനാണ് ഇതിലൂടെ കഴിയുന്നത്.
വിഗോട്സ്കിയുടെ അഭിപ്രായത്തിൽ മനുഷ്യനിൽ രണ്ടു തരത്തിലുള്ള വികാസമുണ്ട്. ആദ്യത്തേത് നൈസർഗിക വികാസമാണ് (Natural devolopment) ഇത് പൊതുവായ ശാരീരിക വികാസത്തെയും അതിൻ്റെ ഫലമായ വളർച്ചയെയും സൂചിപ്പിക്കുന്നു. രണ്ടാമത്തേത് സാംസ്കാരിക വികാസമാണ് (Cultural develepment). ഇത് ഉയർന്ന മാനസിക ധർമ്മങ്ങളുടെ വികാസമാണ്. നൈസർഗിക വികാസം മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികൾക്കും ബാധകമാണ്. എന്നാൽ സാംസ്കാരിക വികാസം മനുഷ്യനു മാത്രമേയുള്ളൂ. ഇത് മനുഷ്യനെ മറ്റു ജീവികളെക്കാൾ എത്രയോ മുകളിലേക്ക് കൊണ്ടുപോകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യശിശുവിന്റെ വികാസത്തെ സംബന്ധിച്ച് വിഗോട്സ്കി അപഗ്രഥിക്കുന്നത്. ഒന്ന്, മൂന്ന്, ഏഴ്, പതിമൂന്ന്, പതിനേഴ് എന്നി വയസ്സുകളോട് ചേർന്നാണ് മനുഷ്യന്റെ മാനസിക പ്രക്രിയകളിലും സാമൂഹ്യ ബന്ധങ്ങളിലും വലിയ മാറ്റങ്ങൾ ദൃശ്യമാകുന്നതെന്ന് വിഗോട്സ്കി നിരീക്ഷിക്കുന്നു. കുട്ടികളുടെ കാലിക വയസ്സ് ഇവിടെ യാന്ത്രികമായി പരിഗണിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. ബാഹ്യമായ കാരണങ്ങളാൽ ഉണ്ടാകുന്ന ആന്തരികമായ മാറ്റങ്ങളുടെ ഫലമായാണ് ഈ മാറ്റങ്ങൾ എന്നതിനാലാണ് അതിനെ വയസ്സുമായി യാന്ത്രികമായി ബന്ധപ്പെടുത്താനാവില്ല എന്ന് അദ്ദേഹം സൂചിപ്പിക്കുന്നത്. ഈ മാറ്റങ്ങൾ ദൃശ്യമാകുന്ന പ്രായഘട്ടങ്ങളെ നിർണ്ണായക വളർച്ചാ ഘട്ടങ്ങളെന്ന് വിഗോട്സ്കി വിളിക്കുന്നു. പുതിയ വിദ്യാഭ്യാസ നയം ഇത്തരം പ്രായ ഘട്ടങ്ങളുടെ സവിശേഷതകൾക്ക് പ്രാധാന്യം നൽകുന്നേയില്ല എന്നതാണ് പ്രശ്നം.
കുട്ടികളുടെ സ്വതന്ത്രവും വ്യക്തിഗതവുമായ പ്രവർത്തനങ്ങളുടെ ഫലമായല്ല അവരുടെ മാനസിക പ്രക്രിയകൾ വികസിക്കുന്നത്. നൈസർഗികമായ ഒരു വിടരലുമല്ല ശിശുവികാസം. മുതിർന്നവർ കുട്ടിയിൽ നിർമ്മിച്ചെടുക്കുന്ന ഒരു മാറ്റവുമല്ലത്. ഓരോ പ്രായഘട്ടത്തിലുമുള്ള വികാസമെന്നത് പ്രസ്തുത പ്രായഘട്ടത്തിൽ കുട്ടികളും സാമൂഹ്യ സാഹചര്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സവിശേഷ ബന്ധത്തിൽ നടത്തുന്ന ഇടപെടൽ വഴി നിർണയിക്കപ്പെടുന്നതാണ്. പ്രായഘട്ടം മാറുന്നതനുസരിച്ച് സാമൂഹിക സാഹചര്യങ്ങൾ തമ്മിലുള്ള ബന്ധവും മാറുന്നു.‘വികാസത്തിന്റെ സാമൂഹ്യ സാഹചര്യം’ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു. ജനിച്ചു വീഴുന്ന കുഞ്ഞ് എല്ലാ അർത്ഥത്തിലും ഒരു ജന്തു പ്രകൃതി മാത്രമുള്ള ജീവിയാണ്. ജീവശാസ്ത്രപരമായ നിസ്സഹായതയിൽ നിന്നും കുഞ്ഞിനെ മാറ്റുന്നത് ചുറ്റുപാടുമായുള്ള ബന്ധമാണ്. കുഞ്ഞിനെ ഈ ഘട്ടത്തിൽ ഉയർന്ന സാമൂഹികതയുണ്ട്. ആദ്യഘട്ടത്തിൽ സമൂഹമായി ഇടപെടുന്നതിനും വികാസത്തിനും മുതിർന്നവരുടെ സഹായം ആവശ്യമാണ്. ആദ്യഘട്ടത്തിൽ മുതിർന്നവരുമായി കുഞ്ഞ് യാതൊരു വൈകാരിക പ്രതികരണവും നടത്തുന്നതായി കാണുന്നില്ല. എന്നാൽ അമ്മയും മറ്റുള്ളവരും നൽകുന്ന വാത്സല്യത്തോടെ കുഞ്ഞു പ്രതികരിച്ചു തുടങ്ങുകയും ചിരിക്കുകയും ചെയ്യുന്നു. രണ്ടുമൂന്നു മാസം പിന്നിടുന്നതോടെ കുഞ്ഞ് സ്വയം താൽപര്യമെടുത്ത് നിർവഹിക്കുന്ന ‘സാമൂഹ്യ ചിരിയായി’ (Social Smile) അത് മാറുന്നു. ചുരുക്കത്തിൽ കുഞ്ഞിൽ നടക്കുന്ന മാറ്റത്തിന്റെ ഇടനിലക്കാർ മാത്രമാണ് മുതിർന്നവർ.
ഒന്നു രണ്ടു വയസ്സുവരെ വസ്തുവിന്റെ ഭൗതിക സ്വഭാവമാണ് പ്രവർത്തനങ്ങളെ നിർണയിക്കുന്നത്. ചില കളിപ്പാട്ടങ്ങൾ കുട്ടികളിൽ കൗതുകം ഉണ്ടാക്കുന്നത് നാം കണ്ടിട്ടുണ്ടല്ലോ. എന്നാൽ രണ്ടു മുതൽ മൂന്നു വയസ്സുവരെയുള്ള ഘട്ടത്തിൽ വസ്തുവിന്റെ സാമൂഹ്യധർമ്മത്തിനാണ് പ്രാധാന്യം. ഇതിനു സമാന്തരമായി ചിന്തയുടെയും ഭാഷയുടെയും സംയോജനവും രണ്ടുവയസ്സിനടുപ്പിച്ചു നടക്കുന്നു. അതുവരെ ദൃശ്യപരം മാത്രമായിരുന്ന ചിന്ത ഇതോടെ വാചികമായി മാറുന്നു. ചിന്തയുടെയും ഭാഷയുടെയും സംയോജിത രൂപമാണല്ലോ വാക്ക്. ഭാഷ ഉപയോഗിക്കാൻ കഴിയുന്നതിലൂടെ മാറ്റത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കുട്ടി പ്രവേശിക്കുകയും ചെയ്യുന്നു. മൂന്നു വയസ്സു തൊട്ട് സാമൂഹ്യ പരിസരവുമായി കൂടുതലായി അടുക്കുന്നതായി കാണാം. ചുറ്റുള്ളവരുമായുള്ള ബന്ധം കുട്ടിയുടെ അനുഭവലോകത്തെ മാറ്റുന്നു. സാമൂഹ്യമായ ഇടപെടൽ പ്രക്രിയയിലൂടെ കുട്ടിയിൽ വികാസം സംഭവിക്കുന്നു. കുട്ടിയുടെ അനുഭവങ്ങളെ എത്രകണ്ട് സാമൂഹ്യവൽക്കരിക്കുന്നുവോ അത്രയുമത് വികാസത്തെ ത്വരിതപ്പെടുത്തും. കുട്ടി സാമൂഹ്യപ്രക്രിയകളുടെ കേവലമായ ഒരു ഇരയായി മാറുന്നു എന്ന് തെറ്റിദ്ധരിക്കരുത്. സാമൂഹ്യപ്രക്രിയകളെയും സാമൂഹിക അനുഭവങ്ങളെയും പശ്ചാത്തലത്തിൽ അവന്റെകൂടി പ്രവർത്തനങ്ങളിലൂടെ യാഥാർത്ഥ്യമാക്കി മാറ്റുകയാണ് കുട്ടി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആഹ്ലാദകരവും പ്രചോദിപ്പിക്കുന്നതുമായ സാമൂഹ്യ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. ആവർത്തനങ്ങളിലൂടെയും മനഃപാഠങ്ങളിലൂടെയും കൃത്രിമമായി സൃഷ്ടിക്കാവുന്ന ഒന്നല്ല ശിശുവിന്റെ വികാസമെന്ന് ഇതിലൂടെ നമുക്ക് തിരിച്ചറിയാനാവും. സാമൂഹ്യവും സാംസ്കാരികവും വൈരുധ്യാത്മകവുമായ ഒരു സങ്കീർണ പ്രക്രിയയാണ് ശിശുവികാസം.
ആ വ്യവസ്ഥകളുടെ അതിരുകൾക്കുള്ളിൽ പരിമിതപ്പെട്ടതാണ് ജീവികളുടെ വ്യവഹാരം എന്ന നിഗമനം, മനുഷ്യൻ പക്ഷേ അതിർ ലംഘിക്കുന്നതായി വിഗോട്സ്കി ചൂണ്ടിക്കാണിക്കുന്നു. ജന്മസിദ്ധമായി നോക്കിയാൽ ബഹിരാകാശത്തേക്കോ തന്മാത്രകളുടെ സൂക്ഷ്മാംശത്തിലേക്കോ എത്തിനോക്കാൻ ശേഷിയുള്ളവയല്ല മനുഷ്യന്റെ കണ്ണുകൾ. എന്നാൽ മനുഷ്യസംസ്കാരം വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ വഴി നമുക്കിത് സാധിക്കുന്നു. സാംസ്കാരിക ഉപകരണങ്ങൾ മനുഷ്യന്റെ വികാസത്തെ പിന്തുണയ്‌ക്കുന്നതായി കാണാനാവും. മനുഷ്യരിൽ രണ്ടുതരം വികാസത്തെ സംബന്ധിച്ച് മുന്പ് സൂചിപ്പിച്ചല്ലോ. ജീവശാസ്ത്രപരവും സാംസ്കാരികവുമായ വികാസമാണത്. രണ്ടുതരം വികാസവും സമാന്തരമായി നടന്നുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ അനുഭവങ്ങൾ അടിസ്ഥാനത്തിൽ വികസിക്കുന്ന സാംസ്കാരിക വികാസം സാമൂഹിക ഇടപെടലിന്റെ തോതും ഗുണവും അനുസരിച്ചായിരിക്കും. മനുഷ്യനെ തീർക്കുന്നത് സംസ്കാരിക വികാസത്തിലൂടെയുള്ള ഈ ഉയർന്ന മാനസിക ധർമ്മങ്ങളുടെ ഉചിതമായ പ്രയോഗങ്ങളുടെയാണ്. പക്ഷേ ഇവിടെ സ്വതന്ത്ര ചിന്തയുള്ള മനുഷ്യന്റെ രൂപീകരണ സഹായകരമായ വിദ്യാഭ്യാസം അട്ടിമറിക്കപ്പെടുകയാണ്.
വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്ന് യഥാർത്ഥമായ അറിവിന്റെ നിർമ്മാണവും ആ അറിവ് ഉപയോഗിച്ച് ജീവിത പ്രശ്നങ്ങൾ പരിഹരിക്കലുമാണ്. യഥാർത്ഥ അറിവാകട്ടെ ശാസ്ത്രീയമായ ധാരണകളിൽ അധിഷ്ഠിതവുമാണ്. ശാസ്ത്രീയമായ ധാരണകൾ എന്നാൽ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട ധാരണകൾ എന്നു മാത്രമല്ല ഉദ്ദേശിക്കുന്നത്. ഏതു വിഷയവുമായി ബന്ധപ്പെട്ടും ശരിയായ പ്രക്രിയകളിലൂടെ നിർമ്മിക്കപ്പെടുന്ന ആശയങ്ങൾ എന്ന നിലയിലാണ്. ജീവിതത്തിലെ നേരിട്ടുള്ള അനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തുന്ന ധാരണകൾ പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. എന്നാൽ ശാസ്ത്രീയ ധാരണകൾ പൊതുവേ വ്യക്തിഗതമല്ലാത്തതും മനുഷ്യസമൂഹത്തിന്റെ അനുഭവങ്ങളുടെ സാമാന്യവൽക്കരണവുമാണ്. നൈസർഗികമെന്നു തോന്നിക്കുംവിധം കൃത്രിമമായ ധാരണകൾ സൃഷ്ടിച്ചും, ശാസ്ത്രീയ ധാരണകൾ നൽകാതെയും കുട്ടിയുടെ വികാസത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന കാലമാണിത്. ശാസ്ത്രീയ ധാരണകളുടെ ശരിയായ നിർമ്മാണമാണ് ഇന്ന് ഇവിടം ആവശ്യപ്പെടുന്നത്.
സാമൂഹ്യജീവിയായി കുട്ടി രൂപപ്പെടുന്ന ഘട്ടത്തിൽ തന്നെ ബോധപൂർവ്വം ഇടപ്പെടുന്നതിലൂടെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്താനാവും. വികാസത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ ക്രിയാത്മകമായ പിന്തുണ നൽകിയാൽ മെച്ചപ്പെട്ട മനുഷ്യനെ രൂപപ്പെടുത്താനാവും. പക്ഷേ ഈ പ്രായത്തിൽ അപകടരമായി ഇടപെടുകയാണ് പുതിയ വിദ്യാഭ്യാസനയം. അബദ്ധജടിലമായ കുത്തിനിറയ്‌ക്കലാണ് എന്നു തോന്നിപ്പിക്കുകയും അതിലൂടെ സ്വതന്ത്രമായ ചിന്തയും ഭാഷയുമില്ലാത്ത തലമുറയെ വാർത്തെടുക്കലുമാണവർ ലക്ഷ്യം വെക്കുന്നത്. മനഃശാസ്ത്രപരമായ ഇടപെടലിലൂടെ സർഗാത്മകമായ വിദ്യാഭ്യാസം സാമൂഹ്യജീവിയായ മനുഷ്യനെ രൂപപ്പെടുത്തുമെന്നാണ് വിഗോട്സ്കി പറയുന്നതെങ്കിൽ, മനസ്സറിയാതെയുള്ള സംഘപരിവാർ വിദ്യാഭ്യാസം ‘റോബോർട്ടുകളെ’ സൃഷ്ടിക്കുമെന്നാണ് നാം ഭയപ്പെടുത്തുന്നത്. മാത്രമല്ല ജീവന്റെ പരിണാമവും ശരിയായ ചരിത്ര പശ്ചാത്തലവുമൊന്നും മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരം നഷ്ടപ്പെടുന്ന രാജ്യം ഏതുതരം കുട്ടികളെയാണ് ഉൽപ്പാദിക്കുക എന്ന അപകടരമായ സാഹചര്യത്തിലാണിത്. നൈസർഗികവും സാംസ്കാരികവുമായ വികാസത്തിൽ വർഗീയത കൈകടത്തിയാൽ സാമൂഹ്യവിരുദ്ധരായ മനുഷ്യർ രൂപപ്പെടും. ശരിയായ വിദ്യാഭ്യാസരീതിയും ശിശുവികാസവും തിരിച്ചറിയുന്നതിലൂടെ വിദ്യാഭ്യാസത്തിനുള്ളിലേക്കുള്ള അപകടരമായ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിന് ‘വിഗോട്സ്കി’ നമുക്ക് മനക്കരുത്ത് നൽകും. ♦