Tuesday, January 28, 2025

ad

Homeഇവർ നയിച്ചവർപാട്യം ഗോപാലൻ: അകാലത്തിൽ നഷ്ടപ്പെട്ട രാഷ്‌ട്രീയ പ്രതിഭ

പാട്യം ഗോപാലൻ: അകാലത്തിൽ നഷ്ടപ്പെട്ട രാഷ്‌ട്രീയ പ്രതിഭ

ഗിരീഷ്‌ ചേനപ്പാടി

രുത്തുറ്റ സംഘാടകൻ, വളരെ പ്രഗത്ഭനായ പ്രാസംഗികൻ, സഖാക്കളുടെ ഏതു സംശയത്തിനും കൃത്യമായ മറുപടി നൽകാൻ പ്രാപ്‌തനായിരുന്ന പാർട്ടി ക്ലാസുകളിലെ അധ്യാപകൻ, രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ നേടിയ മിടുക്കനായ പാർലമെന്റേറിയൻ, സാഹിത്യത്തിലും കവിതയിലും വളരെ താൽപര്യമുള്ള നേതാവ്‌… ഇങ്ങനെ നിരവധി വിശേഷണങ്ങൾക്ക്‌ അർഹനായിരുന്നു അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പാട്യം ഗോപാലൻ.

താൻപ്രമാണിത്തത്തിന്റെയോ തലക്കനത്തിന്റെയോ കറ തെല്ലും പുരളാത്ത നേതാവായിരുന്നു അദ്ദേഹമെന്ന്‌ സമകാലികർ പലരും സാക്ഷ്യപ്പെുത്തിയിട്ടുണ്ട്‌. 42‐ാമത്തെ വയസ്സിൽ പാട്യം അന്തരിക്കുമ്പോൾ അദ്ദേഹം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

1936 ഒക്ടോബർ 6നന്‌ കണ്ണൂർ ജില്ലയിലെ പാട്യത്താണ്‌ അദ്ദേഹത്തിന്റെ ജനനം.

കതിരൂർ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ സാഹിത്യത്തോടും സാംസ്‌കാരിക പ്രവർത്തനങ്ങളോടും വലിയ ആഭിമുഖ്യമാണ്‌ പാട്യം പ്രകടിപ്പിച്ചത്‌. കവിതയെഴുതുന്നതിൽ അദ്ദേഹം വലിയ കമ്പമായിരുന്നു കാഴ്‌ചവെച്ചതെന്ന്‌ സഹപാഠിയായിരുന്ന എം ഇ പാപ്പൂട്ടി മാസ്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്‌. പഠിക്കുന്ന കാലത്തുതന്നെ അദ്ദേഹം വിജയാസ്‌ പുതിയപാറയിൽ വായനശാല സ്ഥാപിച്ചതായും പാപ്പൂട്ടി മാസ്റ്റർ അനുസ്‌മരിക്കുന്നുണ്ട്‌.

1967 ഏപ്രിൽ 24ന്‌ പാട്യം ഗോപാലന്‌ പാട്യം പഞ്ചായത്ത്‌ നൽകിയ മംഗളപത്രത്തിൽ ഇങ്ങനെ പറയുന്നു: ‘‘കലാലയ ജീവിതത്തോടൊപ്പം ഈ രാജ്യത്തെ പാവപ്പെട്ടവരുയെും അധ്വാനിക്കുന്നവരുടെയും പുരോഗമനത്തിനുവേണ്ടി താൽക്കാലികവും നശ്വരവുമായ സ്വാർത്ഥ സുഖത്തെ കൈവിട്ട്‌ ജനസേവനരംഗത്തേക്കുയർന്നുവന്ന താങ്കളെ ഈ പഞ്ചായത്ത്‌ ആദ്യമായി ആദരിക്കട്ടെ.

‘‘നിസ്വാർത്ഥമായി ജനസേവനം നടത്തി ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട്‌ ഇന്നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായ താങ്കൾ നമ്മുടെ രാജ്യത്ത്‌ ശാശ്വതമായ ജനകീയ ജനാധിപത്യം കെട്ടിപ്പടുക്കാനുള്ള ഉരുക്കുചങ്ങലയിലെ ഒരു കണ്ണിയായിത്തീർന്നതിൽ മറ്റുള്ളവരോടൊപ്പം ഞങ്ങളും സന്തോഷിക്കുന്നു. ഈ പഞ്ചായത്തിൽ ഇത്തരത്തിലുളള ഒരാളെ സേവനത്തിനുവേണ്ടി രാഷ്ട്രത്തിന്‌ സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുകയും ചെയ്യുന്നു… നമ്മുടെ രാഷ്ട്ര പുനർനിർമാണത്തിനുവേണ്ടി ഇന്ന്‌ ഒരു പാർലമെന്റ്‌ മെമ്പറായ താങ്കൾ കാലവിളംബമില്ലാതെ കരുത്തുറ്റ രാഷ്ട്രീയ നേതാവായി ഉയരട്ടെ’’…

വിദ്യാർഥി‐യുവജനപ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനും നേതാവുമായി മാറിയ പാട്യം 1957ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. പാരലൽ കോളേജ്‌ അധ്യാപകനായിരുന്ന അദ്ദേഹം സമർത്ഥനായ അധ്യാപകനെന്ന്‌ വളരെ വേഗം ഖ്യാദി നേടി.

1963 മുതൽ അദ്ദേഹം മുഴുവൻസമയ പാർട്ടി പ്രവർത്തകനായി മാറി. കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചതോടെ സിപിഐ എമ്മിനൊപ്പം പാട്യം അടിയുറച്ചുനിന്നു.

1965‐66 കാലത്ത്‌ സിപിഐ എമ്മിന്റെ നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച്‌ ജയിലിലടച്ചിരുന്നല്ലോ. പാട്യത്തിനും പതിനാറു മാസക്കാലം ജയിലിൽ കഴിയേണ്ടിവന്നു.

ജയിലിൽ കിടന്നുകൊണ്ടാണ്‌ 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി നിയമസഭാ മണ്ഡലത്തിൽനിന്ന്‌ പാട്യം മിന്നുന്ന വിജയം കരസ്ഥമാക്കിയത്‌. പരാജയപ്പെട്ടത്‌ വി ആർ കൃഷ്‌ണയ്യരായിരുന്നു. അതുകൊണ്ടുതന്നെ അന്ന്‌ കേവലം 29 വയസ്സു പ്രായമുണ്ടായിരുന്ന പാട്യം കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.

1967ൽ തലശ്ശേരി പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക്‌ പാട്യം തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച്‌ അവതരിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ച പാട്യം വളരെവേഗം സമർത്ഥനായ സാമാജികൻ എന്ന പേരു നേടി. പാട്യം ലോക്‌സഭാംഗമായിരിക്കെ കെഎസ്‌വൈഎഫിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. മറ്റ്‌ സമര വാളന്റിയർമാർക്കൊപ്പം പാട്യത്തെയും അറസ്റ്റുചെയ്‌ത്‌ ജയിലിലടച്ചു.

അതേക്കുറിച്ച്‌ പാർലമെന്റിൽ പാട്യത്തിന്റെ സഹപ്രവർത്തകനായിരുന്ന ജ്യോതിർമയി ബസു രേഖപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌. ‘‘1969ൽ തൊഴിലിനുവേണ്ടി മുറവിളി കൂട്ടുന്ന ഒരു യുവജന പ്രതിനിധിസംഘം കേരളത്തിൽനിന്നും വന്നു. ജീവിക്കാനുള്ള അവകാശത്തിന്റെ ശബ്ദമുയർത്തിക്കൊണ്ടാണവർ വന്നത്‌. ഊർജസ്വലതയുടെ പ്രതീകമായിരുന്നു അവർ. പ്രകടനം നയിക്കുവാനും വേണ്ടിവന്നാൽ അറസ്റ്റ്‌ വരിക്കാനും എ കെ ജി ഞങ്ങൾ മൂന്നു (എംപിമാരെ) പേരെ നിശ്ചയിച്ചു. ഞങ്ങളിൽ ചെറുപ്പം പാട്യത്തിനായിരുന്നു. മറ്റു രണ്ടുപേർ ഞാനും സി കെ ചക്രപാണിയും. പ്രകടനം മുന്നോട്ടുപോയപ്പോൾ വിൻസർ പ്ലേസിനടുത്ത്‌ കൂറ്റൻ പൊലീസ്‌ മതിൽക്കെട്ടാണ്‌ ഞങ്ങൾക്കു നേരിടേണ്ടിവന്നത്‌. പാർലമെന്റിലേക്ക്‌ മാർച്ച്‌ ചെയ്യാൻ ദൃഢനിശ്ചയമെടുത്ത ഞങ്ങൾക്ക്‌ പൊലീസുമായി ഇടയേണ്ടിവന്നു. പിടിവലികൾ നടന്നു. ഈ ബഹളങ്ങൾക്കിടയിൽ എന്റെ റിസ്റ്റ്‌ വാച്ച്‌ വീണ്‌ തകർന്ന്‌ കഷണങ്ങളായി. നിമിഷങ്ങൾ ഏറെ കഴിഞ്ഞില്ല ചക്രപാണിയും ഞാനും മറ്റു സഖാക്കളും പാട്യത്തോടൊപ്പം പൊലീസ്‌ വാനിലേക്ക്‌ വലിച്ചെറിയപ്പെട്ടു കഴിഞ്ഞിരുന്നു. ഞങ്ങളെ നേരെ പാർലമെന്റ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. മജിസ്‌ട്രേറ്റിന്റെ മുന്നിൽ പാട്യം നിർഭയനായി, ഈറ്റപ്പുലിയെപ്പോലെ നിലകൊണ്ടു. വാഗ്‌ധോരണി കൊണ്ട്‌ മജിസ്‌ട്രേറ്റിനെ തന്നെ അദ്ദേഹം കിടുകിടാ വിറപ്പിച്ചു. അതിനിടയിൽ ഒരാൾ വന്നു ചെവിയിൽ പിറുപിറുത്തു: ‘‘നിങ്ങളുടെയും പാട്യത്തിന്റെയും കാര്യത്തിൽ ആഭ്യന്തരവകുപ്പിൽനിന്ന്‌ വിവരം കിട്ടിയാലേ വിധി പറയൂ’’. അതുകൊണ്ട്‌ കോടതി പിരിയുന്നതുവരെ ഞങ്ങൾക്ക്‌ കാത്തിരിക്കേണ്ടിവന്നു.

‘‘നിയമം അനുശാസിക്കുന്ന കൂടിയ ശിക്ഷയ്‌ക്ക്‌ ഞങ്ങൾ വിധേയരായി. അവസാനം ഞങ്ങൾ തിഹാർ ജയിൽ ഗേറ്റിലെത്തി. സമയം ഇരുട്ടിക്കഴിഞ്ഞിരുന്നു. ഓരോ പ്രശ്‌നത്തെക്കുറിച്ചും ഞങ്ങൾ അന്യോന്യം അഭിപ്രായങ്ങൾ ആരാഞ്ഞു. കീഴടങ്ങുന്ന സ്വഭാവം ലവലേശം കാണിക്കാത്ത പാട്യത്തിന്റെ ധീരമായ പെരുമാറ്റം ഞങ്ങളുടെ മനസ്സിൽ നിറഞ്ഞുനിന്നു.

‘‘ഞങ്ങളെ വാർഡിലേക്ക്‌ കൊണ്ടുപോകാം. ദിനചര്യക്കാവശ്യമായ ടൂത്ത്‌ പേസ്റ്റ്‌, സോപ്പ്‌, പാത്രങ്ങൾ എന്നിവ ലഭിക്കാതെ വാർഡിനകത്ത്‌ കാൽകുത്തില്ലെന്ന്‌ ഞങ്ങൾ തീർച്ചയാക്കി. ജയിൽ അധികൃതർ ഞങ്ങളുടെ ആവശ്യം പാടേ നിരസിച്ചു. അപ്പോൾ പാട്യം ഒരു നിർദേശവുമായി മുന്നോട്ടുവന്നു. ‘‘സഖാക്കളേ നമുക്കിവിടെ ഇരിക്കാം. ഒരു ധർണ തന്നെ’’. ധർണ രാത്രി പത്തുമണിവരെ നിണ്ടുനിന്നു. അവസാനം ജയിൽ അധികൃതർക്ക്‌ ഞങ്ങളുടെആവശ്യം അനുവദിക്കേണ്ടിവന്നു.’’

അടിയന്തരാവസ്ഥയുടെ നാളുകളിൽ ഒളിവിലിരുന്നുകൊണ്ടാണ്‌ പാട്യം പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം ൽകിയത്‌. അടിയന്തരാവസ്ഥയെ പൊലീസിനെ ഉപയോഗിച്ച്‌ പാർട്ടി പ്രവർത്തകരെ അടിച്ചമർത്താനുള്ള ഉപാധിയാക്കി മാറ്റുക എന്നത്‌ പല കോൺഗ്രസ്‌ നേതാക്കളുടെയും ശൈലിയായിരുന്നു. കോൺഗ്രസ്‌ ഗുണ്ടകൾ പാട്ടി ഓഫീസുകൾ പിടിച്ചടക്കാനും പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും മർദിക്കാനും പല സ്ഥലങ്ങളിലും കച്ചകെട്ടിയിറങ്ങി. പല സ്ഥലങ്ങളിലും അത്തരം അക്രമങ്ങളെ ചെറുക്കുന്നതിന്‌ ഒളിവിലിരുന്നുകൊണ്ട്‌ നേതൃത്വം നൽകാൻ പാട്യത്തിന്‌ കഴിഞ്ഞു.

1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽനിന്ന്‌ നല്ല ഭൂരിപക്ഷത്തോടെയാണ്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്‌. കുറഞ്ഞകാലത്തെ നിയമസഭാ പ്രവർത്തനമേ സാധ്യമായുള്ളൂവെങ്കിലും മികച്ച സാമാജികനായി നിയമസഭയിൽ അദ്ദേഹം തിളങ്ങി. കേന്ദ്ര‐സംസ്ഥാന ബന്ധങ്ങളെക്കുറിച്ച്‌ പാട്യം സഭയിൽ നടത്തിയ പ്രസംഗം ഇന്നും വളരെ പ്രസക്‌തമായ രേഖയാണ്‌.

‘‘റൂൾസ്‌ ഓഫ്‌ പ്രൊസീജ്വറിലെ പ്രസക്തഭാഗങ്ങൾ സന്ദർഭത്തിനനുസരിച്ച്‌ ഉദ്ധരിക്കാൻ പാട്യത്തിനുള്ള കഴിവ് പ്രത്യേകമായിരുന്നു. ബില്ലുകളെ സംബന്ധിച്ച്‌ രാത്രി വൈകുന്നതുവരെയിരുന്ന്‌ നോട്ട്‌ തയ്യാറാക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ബജറ്റ്‌ അവതരണത്തെ തന്നെ ചോദ്യംചെയ്‌തുകൊണ്ടുള്ള പാട്യത്തിന്റെ ഒരു ക്രമപ്രശ്‌നം പ്രത്യേകം ശ്രദ്ധയാകർഷിച്ചതാണ്‌. ബജറ്റ്‌ അവതരിപ്പിക്കുമ്പോൾ ഭരണഘടന അനുസരിച്ചുതന്നെ ബജറ്റിനൊപ്പം ഫിനൻഷ്യൽ മെമ്മോറാണ്ടവും പ്രസിദ്ധീകരിക്കേണ്ടതാണ്‌. ധനകാര്യമന്ത്രി സി എച്ച്‌ മുഹമ്മദ്‌ കോയ ബജറ്റ്‌ അവതരിപ്പിച്ചപ്പോൾ ഫിനാൻഷ്യൽ മെമ്മോറാണ്ടവും നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. കുറേ കഴിഞ്ഞ്‌ മുഹമ്മ്‌ കോയയ്‌ക്ക്‌ പകരം ഹേമചന്ദ്രൻ ധനമന്ത്രിയായി വന്നു. ആദ്യ ബജറ്റിൽ നിരവധി തിരുത്തലുകൾ വരുത്തിക്കൊണ്ട്‌ പുതിയൊരു ബജറ്റാണ്‌ ഹേമചന്ദ്രൻ അവതരിപ്പിച്ചത്‌. എന്നാൽ ഫിനാൻഷ്യൽ മെമ്മോാണ്ടം ഉണ്ടായിരുന്നില്ല. ഇത്‌ നിയമസഭയിൽ ആരുംതന്നെ ശ്രദ്ധിച്ചിരുന്നില്ല. ഭരണഘടനയുടെ പ്രസക്‌തഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌ ഈ ബജറ്റ്‌ അവതരണത്തിന്‌ നിമസാധുതയില്ലെന്ന്‌ ഒരു ക്രമപ്രശ്‌നത്തിലൂടെ പാട്യം സഭയിൽ ചൂണ്ടിക്കാട്ടി. അതോടെ ശ്രദ്ധിക്കപ്പെടാത്ത ഒരു പ്രശ്‌നം സജീവ ചർച്ചയ്‌ക്ക്‌ വിധേയമായി. മുക്കാൽ മണിക്കൂറോളം ക്രമപ്രശ്‌നവും തടസ്സവാദങ്ങളും കൊണ്ട്‌ സഭാനടപടികൾ നീങ്ങി. ഒടുവിൽ സ്‌പീക്കറുടെവിവേനചാധികാരത്തിന്റെ കാരുണ്യംകൊണ്ട്‌ ധനമന്ത്രിയും മന്ത്രിസഭയും രക്ഷപ്പെട്ടു. പിന്നീട്‌ ഭരണകക്ഷി‐പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും സമ്മതിച്ചു‐ അടുത്തകാലത്തൊന്നും ഇത്ര പ്രസക്‌തമായ ഒരു ക്രമപ്രശ്‌നം നിയമസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നില്ല’’. നിയമസഭയിൽ പാട്യത്തിന്റെ സഹപ്രവർത്തകനായിരുന്ന പി കരുണാകരൻ അനുസ്‌മരിക്കുന്നു.

തലശ്ശേരി പൊലീസ്‌ സ്‌റ്റേഷൻ പിക്കറ്റിങ്‌ നടത്തവെ മർദനത്തിനു വളരെയേറെ കുപ്രസിദ്ധി നേടിയ പുലിക്കോടൻ നാരായണൻ പാട്യം ഉൾപ്പെടെയുള്ളവരെ അതിക്രൂരമായി മർദിച്ചു. അവശനായി ആശുപത്രി കിടക്കയിൽ കിടന്ന പാട്യത്തിന്റെയടുത്ത്‌ പൊലീസുകാർ മൊഴി രേഖപ്പെടുത്താൻ ചെന്നു. കമ്യൂണിസ്റ്റുകാർക്കെതിരെ കള്ളക്കേസുകൾ ചാർജ്‌ ചെയ്ത പൊലീസിൽ വിശ്വാസമില്ലാതിരുന്ന പാട്യം മൊഴി നൽകാതെ പൊലീസുകാരെ റൂമിൽനിന്ന്‌ ഇറക്കിവിട്ടു. അതായിരുന്നു പാട്യം.

നാൽപത്തിരണ്ടാം വയസ്സിൽ അന്തരിച്ചെങ്കിലും പാട്യത്തിന്റെ ജീവിതം സംഭവബഹുലവും സമരോജ്വലവുമായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥ ജീവിതം പതിനായിരക്കണക്കിന്‌ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും മാതൃകയായി ഇന്നും നിലകൊള്ളുന്നു. വിനയവും ആദർശനിഷ്‌ഠയും ലളിതജീവിതവും കമ്യൂണിസ്‌റ്റുകാരന്റെ സഹജസ്വഭാവങ്ങളായിരിക്കണം. പാട്യം ഈ ഗുണങ്ങളുടെ ആൾരൂപമായിരുന്നു.

1978 സെപ്‌തംബർ 27ന്‌ പാട്യം അന്ത്യശ്വാസം വലിച്ചു.

കടപ്പാട്‌: ഐ വി ദാസ്‌ എഡിറ്റ്‌ ചെയ്‌ത്‌ പാട്യം ഗോപാലൻ സ്‌മാരക സോവനീർ കമ്മിറ്റി പ്രസിദ്ധീകരിച്ച പാട്യം സ്‌മരണിക

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 1 =

Most Popular