തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് ആലപ്പുഴ. ആ മണ്ണിലാണ് സി എ കരുണാകരൻ എന്ന കയർ തൊഴിലാളി യൂ ണിയൻ നേതാവ് – നാട്ടുകാരുടെ പ്രിയപ്പെട്ട സി എ, – ആർഎസ്എസിന്റെ കശാപ്പ് രാഷ്ട്രീയത്തിനിരയായത്. കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (സിഐടി യു) ചേർത്തല താലൂക്ക് ജനറൽ സെക്രട്ടറിയും സിപിഐ എം ചേർത്തല ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സി എ കരുണാകരനെ 1989 ആഗസ്റ്റ് 28നായിരുന്നു ആർഎസ്എസുകാർ അരുംകൊല ചെയ്തത്. അന്ന് യൂണിയൻ ആഫീസിൽ അദ്ദേഹം തനിച്ചായിരുന്നു. തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച കടലാസ് ജോലികൾ തിരക്കിട്ട് തീർക്കുകയായിരുന്നു. സമയം രാത്രി 8.45നോടടുത്തു കാണും. 30 ഓളം ആർഎസ്എസുകാർ ആഫീസ് വളഞ്ഞു. അതിൽ കുറച്ചുപേർ മാരകായുധങ്ങളുമായി ആഫീസിനുള്ളിലേക്ക് ഇരച്ചുകയറി. പിന്നെ തുരുതുരെ വെട്ടുകയായിരുന്നു. തലയ്‌ക്ക് ആഴത്തിലുള്ള ആറു മു റിവുകളേറ്റ് സി എ തറയിലേക്ക് വീണു. തലച്ചോർ പലഭാഗത്തും ചിതറി. വലതുകൈയുടെ ചെറുവിരൽ അറ്റുവീണു. പിന്നെ ജീവൻ ആ ശരീരത്തിൽ അവശേഷിച്ചില്ല. വെള്ളിയറക്കുളം പരമേശ്വരന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആർഎസ്എസ് പ്രവർത്തകരാണ് ആ അരുംകൊല നടത്തിയത്.
ആ പ്രദേശത്ത് ഇത്തരമൊരു ഹീനകൃത്യം നടത്താൻ തക്കവിധം ഒരു സാഹചര്യവുമുണ്ടായിരുന്നില്ല. ഒരു സംഘർഷവും നിലനിന്നിരുന്നുമില്ല. ഉന്നതമായ സംഘടനാബോധവും എല്ലാവരെയും ആകർഷിക്കുന്ന പെരുമാറ്റവും വിനയവുംകൊണ്ട് കയർ ഫാക്ടറി തൊഴിലാളികൾക്കിടയിൽ മാത്രമല്ല പൊതുജനങ്ങൾക്കിടയിലും സുസ്സമ്മതനായിരുന്നു സി എ. എതിരാളികൾക്കുപോലും അദ്ദേഹത്തെക്കുറിച്ച് മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. അങ്ങനെയുള്ളൊരാളെ അരുംകൊലചെയ്ത ആർഎസ്എസിന്റെ കശാപ്പ് രാഷ്ട്രീയം ആ നാട്ടുകാരെയെല്ലാം ഞെട്ടിച്ചു. സി എ കരുണാകരനെപ്പോലെ ജനസ്വാധീനവും സംഘടനാപാടവവുമുള്ള ഒരു പ്രവർത്തകനെ വകവരുത്തിക്കൊണ്ട് സിപിഐ എമ്മിനെ തകർക്കാ മെന്ന വ്യാമോഹമാണ് ഈ അരുംകൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് സിഐ സംഘടനാരംഗത്ത് വന്നത്. 1980ൽ കയർ തൊഴിലാളി യൂണിയൻ പ്രവർത്തകനായി. വിനയവും പക്വതയുമുള്ള പ്രവർത്തനംവഴി തൊഴിലാളികളുടെ പ്രിയങ്കരനായി മാറിയ സിഎ, സിപിഐ എം ചേർത്തല ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 1985ൽ ചേർത്തല താലൂക്കിലെ കയർത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറിയാവുകയും 1988ൽ ഐതിഹാസിക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ യൂണിയന്റെ താലൂക്ക് ജനറൽ സെക്രട്ടറിയുമായി. ഇങ്ങനെ നേതൃപാടവവും സംഘടനാപാടവവുമുള്ള ഒരു ജനകീയനായ നേതാവിനെയാണ് ആർഎസ്എസ് കാപാലികസംഘം അരുംകൊലചെയ്തത്.
മഹിളാ അസോസിയേഷൻ പ്രവർത്തക സുവർണയാണ് ഭാര്യ. സി എ കൊല്ലപ്പെടുമ്പോൾ മക്കൾക്ക് നാലരവയസും രണ്ടുവയസുമായിരുന്നു പ്രായം. ♦