Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിആഗോളവത്കരണകാലത്തെ 
സിവിൽ സർവ്വീസ് സ്ഥിരനിയമനങ്ങൾ അസ്തമിക്കുമ്പോൾ

ആഗോളവത്കരണകാലത്തെ 
സിവിൽ സർവ്വീസ് സ്ഥിരനിയമനങ്ങൾ അസ്തമിക്കുമ്പോൾ

എ ശ്രീകുമാർ, ജനറൽ സെക്രട്ടറി, 
എഐഎസ്ജിഇഎഫ്

1990കൾ മുതൽ അഴിച്ചുവിടപ്പെട്ട നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ, നമ്മുടെ രാജ്യത്തെ പൊതുമേഖലയുടെ ശാക്തീകരണത്തിന് സുപ്രധാന പങ്കുവഹിച്ചിരുന്ന ക്ഷേമ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള വികസന തന്ത്രത്തിന്റെ സമൂലമായ നിരാകരണത്തിനാണ് വഴിവെച്ചത്. മുൻ യുപിഎ സർക്കാരിനെപ്പോലെ, ധനമൂലധനത്തെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി അതിനെതുടർന്നുവന്ന എൻഡിഎ സർക്കാരും നവ ഉദാരവൽക്കരണ അജൻഡ അതിവേഗം നടപ്പിലാക്കുകയാണ്. വികസനത്തിന്റെ പേരുപറഞ്ഞുകൊണ്ട് പിന്തുടർന്നുവരുന്ന ഉദാരവൽക്കരണ – സ്വകാര്യവൽക്കരണ -ആഗോളവൽക്കരണ നയങ്ങൾ രാജ്യത്തുടനീളമുള്ള വിവിധ ജനവിഭാഗങ്ങളെ സാരമായി ബാധിച്ചു. ഈ സാമ്പത്തിക നയം ദേശീയ സമ്പദ്‌വ്യവസ്ഥയെ ദുരിതത്തിലാക്കുകയും തകർക്കുകയും ചെയ്തു.ഇത് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഏതാനും വൻകിട കോർപ്പറേറ്റുകളും ബിസിനസ് സ്ഥാപനങ്ങളും തൊഴിലാളികൾ ഉൽപ്പാദിപ്പിക്കുന്ന സമ്പത്തിന്റെ വിപുലമായ വിഹിതം ഊറ്റിയെടുക്കുകയും അതിന്റെ ഫലമായി രാജ്യത്ത് അസമത്വങ്ങൾ വർധിതമായിത്തീരുകയും ചെയ്തു.

നവലിബറൽ നയങ്ങൾ രാജ്യത്തെ സിവിൽ സർവ്വീസിനെ കടുത്ത പ്രതിസന്ധിയിലാക്കി. സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള അതുല്യമായ സംവിധാനമാണ് സിവിൽ സർവ്വീസ്.സർക്കാരിനെ പ്രതിനിധീകരിച്ച് അതിന് കാര്യമായ കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്. സമൂഹത്തിന്റെ വികസനത്തിനനുസരിച്ച് സിവിൽ സർവ്വീസിന്റെ ശക്തിയും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. എന്നാൽ പുതിയ സാമ്പത്തിക നയം എല്ലാ മേഖലകളിൽനിന്നും ഗവൺമെന്റിനെ പിൻവലിക്കാൻ നിർദ്ദേശിക്കുന്നു. ഇത് സിവിൽ സർവ്വീസ് സംവിധാനത്തിന്റെ ചുരുക്കലിന് കാരണമാകുന്നു. ഔട്ട്‌സോഴ്‌സിങ് കരാർവത്ക്കരണം, സ്വകാര്യവൽക്കരണം എന്നിവയാണ് ഇതിന്റെ അനന്തരഫലങ്ങൾ.

ക്ഷേമരാഷ്ട്ര സങ്കല്‌പനങ്ങളുടെയും സോവിയറ്റ് സോഷ്യലിസ്റ്റ് ചേരിയുടെയും സമ്മർദ്ദഫലമായിട്ടായിരുന്നു 1960- മുതൽ 1990 വരെയുള്ള കാലഘട്ടങ്ങളിൽ ഇന്ത്യൻ സിവിൽ സർവ്വീസും സംസ്ഥാന സിവിൽ സർവ്വീസുകളും വിപുലീകരിക്കപ്പെട്ടത്. ജീവനക്കാരുടെയും അധ്യാപകരുടെയും നിരന്തരമായ സമരപ്രക്ഷോഭങ്ങളുടെ അനന്തരഫലം കൂടിയായിരുന്നു സിവിൽ സർവീസിന്റെ ഈ വിപുലീകരണം. വേതന പരിഷ്കരണം, ക്ഷാമബത്ത, ബോണസ്, മെച്ചപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയായിരുന്നു ഈ മുപ്പതുവർഷക്കാലത്ത് സിവിൽ സർവ്വീസ് മേഖലയിൽ അരങ്ങേറിയ സമരപോരാട്ടങ്ങളുടെ മുദ്രാവാക്യങ്ങളെയും ഉള്ളടക്കത്തെയും നിർണ്ണയിച്ചിരുന്നത്. എന്നാൽ 1991-ൽ നവ ഉദാരവത്കരണനയങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടതോടെ സിവിൽ സർവ്വീസിന്റെ ഘടനാസംവിധാനങ്ങൾ ആകമാനം തകർക്കപ്പെടുകയായിരുന്നു.

ആഗോളവത്കരണത്തെ തുടർന്നുള്ള കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി ഈ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ പാതയിലായിരുന്നു സിവിൽ സർവ്വീസിനും അണിനിരക്കേണ്ടിവന്നത്. പോരാട്ടങ്ങളുടെ മുഖ്യകേന്ദ്രമെന്നത് സിവിൽ സർവ്വീസിനെ വെട്ടിച്ചുരുക്കുകയും തകർക്കുകയും ചെയ്യുന്ന ആഗോളവത്ക്കരണനയങ്ങൾക്കെതിരെയായിരുന്നു. ഈ നയങ്ങളുടെ ഭാഗമായി കേരളമൊഴികെയുളള മിക്ക സംസ്ഥാനങ്ങളിലും വിവിധ വകുപ്പുകൾ വ്യാപകമായി സ്വകാര്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയിൽനിന്നും സർക്കാരുകൾ ഘട്ടംഘട്ടമായി പിന്മാറുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കമ്യൂണിറ്റി സെന്ററുകളിലും സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല. ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നില്ല. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ അതിന്റെ ഭീകരത നമ്മൾ അനുഭവിച്ചതാണ്. സർക്കാർ മേഖലയിലെ ആരോഗ്യസംവിധാനങ്ങൾ തകർക്കപ്പെടുമ്പോൾ അവിടെ സ്വകാര്യ ആശുപത്രികൾ തഴച്ചുവളരുന്ന കാഴ്ച്–യും കാണാൻ കഴിയും.

വിദ്യാഭ്യാസ മേഖലയുടെ അവസ്ഥയും ഇതുതന്നെയാണ്. സ്ഥിരം അധ്യാപകർ നിയമിക്കപ്പെടുന്നില്ല; കരാർവത്ക്കരണം വ്യാപകമാകുകയും ചെയ്യുന്നു. വിദ്യാഭ്യാസമേഖലയിൽ നിന്നും സർക്കാർ സംവിധാനങ്ങൾ പിന്തളളപ്പെടുകയും അനാകർഷകമാക്കപ്പെടുകയും ചെയ്യുമ്പോൾ അവിടെയും സ്വകാര്യ മേഖല തഴച്ചുവളരുകയാണ്.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കാകട്ടെ വികസന ക്ഷേമകാര്യങ്ങളിൽ ഒരു പങ്കാളിത്തവും ഇല്ലാത്ത അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. റോഡുകൾ, പാലങ്ങൾ തുടങ്ങിയുള്ള പശ്ചാത്തലസൗകര്യങ്ങളുടെ നിർമ്മാണങ്ങളെല്ലാം പുറംകരാറിലൂടെയാണ് നടപ്പാക്കപ്പെടുന്നത്. നഗരശുചീകരണവും കെട്ടിടനിർമ്മാണവും ഓടനിർമ്മാണവുമെല്ലാം ഇങ്ങനെയാണ്.

പി എസ് സി നിയമനങ്ങളെല്ലാം ഈ ഉദാരവത്ക്കരണ കാലഘട്ടത്തിൽ ഒരു മരീചികയായിത്തീർന്നുകൊണ്ടിരിക്കുന്നു.ഗുജറാത്തിൽ കാൽനൂറ്റാണ്ടുകാലമായി കാര്യമായ നിയമനങ്ങളൊന്നും നടക്കുന്നില്ല. പി എസ് സി വെറുമൊരു നോക്കുകുത്തിയാണവിടെ. പുറംവാതിൽ നിയമനങ്ങളാണ് ഗുജറാത്തിലെ യാഥാർത്ഥ്യം. പഞ്ചാബിലാകട്ടെ, താല്ക്കാലിക ജീവനക്കാരെ ഇനിമേൽ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. സ്ഥിരനിയമനങ്ങളാണെങ്കിൽ അവിടെ നടക്കുന്നുമില്ല. ഹരിയാന, ജമ്മു കാശ്മീർ ,തമിഴ്നാട് എന്നിവിടങ്ങളിലാകട്ടെ, കരാർ / പുറം നിയമനങ്ങൾക്കായി പ്രത്യേക കോർപ്പറേഷൻതന്നെ രൂപീകരിക്കപ്പെട്ടു !

അഴിമതിയും സ്വജനപക്ഷപാതവും കാരണം കഴിഞ്ഞ പത്തുവർഷത്തിനിടെ പശ്ചിമ ബംഗാളിൽ നടന്ന നിയമനങ്ങളെല്ലാം ഇപ്പോൾ നിയമക്കുടുക്കിൽ അകപ്പെട്ടിരിക്കുകയാണ്. കൂടാതെ ഭൂരിപക്ഷം ഒഴിവുകളിലും പ്രാദേശിക തൃണമൂൽ പ്രവർത്തകരെ കുത്തിനിറയ്ക്കുന്ന പ്രവണതയും ബംഗാളിൽ കൂടിക്കൊണ്ടിരിക്കുന്നു. ത്രിപുരയിലാകട്ടെ, ബിജെപി അധികാരത്തിൽ വന്നതിനുശേഷം നിയമനങ്ങളെല്ലാം മരവിപ്പിക്കപ്പെട്ടു. കർണ്ണാടകത്തിൽ രണ്ട് ലക്ഷത്തോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സ്ഥിരനിയമനങ്ങൾ നടക്കുന്നേയില്ല. മഹാരാഷ്ട്രയിലും മൂന്ന് ലക്ഷത്തിലധികം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കരാർ / കാഷ്വൽ നിയമനങ്ങളല്ലാതെ സ്ഥിരനിയമനങ്ങൾ അവിടെയും അപ്രാപ്യമാണ്. ഉത്തർപ്രദേശിലാകട്ടെ, സ്ഥിരനിയമനങ്ങൾ നിലച്ച മട്ടാണ്. 40 ശതമാനത്തോളം തല്ക്കാലിക ജീവനക്കാർ മാത്രമേ അവിടത്തെ സിവിൽ സർവ്വീസിലുള്ളൂ. രാജസ്ഥാനിലും വ്യാപകമായ കരാർ നിയമനങ്ങളാണ് നടക്കുന്നത്. ജാർഖണ്ഡ് ,ഛത്തീസ്ഗഢ്, ബീഹാർ എന്നിവിടങ്ങളിൽ 50 ശതമാനത്തിലധികം ജീവനക്കാരും കരാർ അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്.

ബംഗാളിലെ ഡിഎ കുടിശ്ശികയാട്ടെ 36 ശതമാനമാണ്. കേരളമൊഴികെയുള്ള ഒരു സംസ്ഥാനവും കോവിഡ് കാലത്തെ 18 മാസത്തെ ശമ്പള കുടിശ്ശിക നൽകിയിട്ടില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ എല്ലാ അർത്ഥത്തിലും സിവിൽ സർവ്വീസ് മേഖല തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും നിലനിൽക്കുന്നത്.

നവലിബറൽ സാമ്പത്തികനയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, 2004 ജനുവരി 1 മുതൽ എൻഡിഎ സർക്കാർ പുതിയ പെൻഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ സർവീസിൽ അവതരിപ്പിച്ചു. സർക്കാർ ജീവനക്കാർക്കുള്ള നിർവചിക്കപ്പെട്ട പെൻഷൻ സമ്പ്രദായം ഏറ്റവും മികച്ച രീതിയിലുള്ള ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയായിരുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികളെയും ജീവനക്കാരെയും വിഴുങ്ങിയ നവലിബറൽ ആഗോളവൽക്കരണത്തിന്റെ ഏറ്റവും ഭീകരമായ സാമ്പത്തിക ആക്രമണമാണ് ഇപ്പോൾ സ്വകാര്യവൽക്കരിച്ച പെൻഷൻ പദ്ധതി. പെൻഷൻ പരിഷ്കരണങ്ങളെക്കുറിച്ചുള്ള ഐഎംഎഫ് -ലോകബാങ്ക് നയത്തെ തുടർന്ന്, ഇന്ത്യാ ഗവൺമെന്റ് “പുതിയ പെൻഷൻ സ്കീം’ എന്ന പേരിൽ അവതരിപ്പിച്ച പദ്ധതിയാണിത്. നവലിബറൽ സാമ്പത്തിക വ്യവസ്ഥയുടെ തീവ്രതയുടെ പശ്ചാത്തലത്തിൽ, ഐഎംഎഫും ലോകബാങ്കും പെൻഷൻ സ്വകാര്യവൽക്കരണത്തെ അടിച്ചേൽപ്പിക്കുകയായിരുന്നു. പെൻഷൻ ഫണ്ടുകളുടെ മൊത്തത്തിലുള്ള ബന്ധത്തെ വിപണി സമ്പദ്‌വ്യവസ്ഥയുമായി അവർ ബന്ധിപ്പിച്ചു. സർക്കാർ നിയന്ത്രണമോ ഇടപെടലോ ഇല്ലാതെ, ഷെയർ മാർക്കറ്റിൽ നിന്നുള്ള ലാഭനഷ്ടത്തെ ആശ്രയിക്കുന്ന ഒന്നായി അവർ പെൻഷനെ മാറ്റിയെഴുതി. യുപിഎ സർക്കാർ ഇതിനെ ദേശീയ പെൻഷൻ പദ്ധതി എന്ന് പുനർനാമകരണം ചെയ്യുകയും എൻഡിഎയുടെ പിന്തുണയോടെ ബിൽ പാർലമെന്റിൽ പാസാക്കുകയും ചെയ്തു.

കേന്ദ്ര സിവിൽ സർവ്വീസിലാകട്ടെ, നിലവിൽ പത്തുലക്ഷത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. പല സംസ്ഥാനങ്ങളിലും അനുവദിച്ചിട്ടുള്ള തസ്തികകളിൽ പകുതിയോളം കരാർ/ഔട്ട്‌സോഴ്‌സ്/ദിവസ വേതനക്കാരായ ജീവനക്കാരെക്കൊണ്ടാണ് നികത്തുന്നത്. ലാസ്റ്റ് ഗ്രേഡ് തസ്തികകൾ പൂർണ്ണമായും ഇല്ലാതായി, ഉയർന്ന തസ്തികകളിലേക്കുപോലും കരാർ നിയമനങ്ങൾ വ്യാപകമാകുന്നു. റിക്രൂട്ട്‌മെന്റ് നയത്തോടുള്ള കേന്ദ്ര സർക്കാരിന്റെയും മിക്ക സംസ്ഥാന സർക്കാരുകളുടെയും പൊതുസമീപനം ഒന്നുതന്നെയാണ്.

സർക്കാർ സംവിധാനത്തെ പരമാവധി ചുരുക്കാനാണ് അവർ ശ്രമിക്കുന്നത്. നവലിബറൽ പരിഷ്കാരങ്ങളുടെ പൊതുസമീപനവും ചട്ടക്കൂടും ഇതാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ, നമ്മുടെ രാജ്യം പൊതു ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളുടെ കടുത്ത അസാന്നിധ്യത്തിനും സാക്ഷ്യം വഹിച്ചു.

പൊതുസ്വത്ത് വിൽക്കുന്നതും പാട്ടത്തിനെടുക്കുന്നതും നവലിബറൽ നയത്തിന്റെ അങ്ങേയറ്റത്തെ രൂപമാണ്. പൊതുമേഖല സ്വകാര്യവൽക്കരിക്കുമ്പോൾ, പോരാടി നേടിയ എല്ലാ തൊഴിൽ അവകാശങ്ങളും തകർക്കപ്പെടുകയാണ്.

ഇന്ത്യൻ സമ്പദ്‌വ്യയവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നത് വസ്തുതയാണ്. എന്നാൽ പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇപ്പോൾ വേണ്ടത് പൊതുനിക്ഷേപങ്ങൾ ഗണ്യമായി വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജനങ്ങളുടെ വാങ്ങൽശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം നമുക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചെടുക്കുക എന്നതുമാണ്. എന്നാൽ കേന്ദ്ര സർക്കാർ എതിർദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .ഒരു വശത്ത് ദേശീയ ആസ്തികളുടെ വില്പനയിലൂടെ കൊള്ളയടിച്ച പണം സ്വകാര്യ കോർപ്പറേറ്റുകൾക്കും ഊഹക്കച്ചവട ലാഭത്തിനും വേണ്ടി നീട്ടിക്കൊടുക്കുന്നു.

നമ്മുടെ രാജ്യത്തെ പൊതുമേഖല സ്വാശ്രയ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനും രാജ്യത്തിന്റെ വ്യാവസായിക അടിത്തറ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ഉപകരണമായിരുന്നു. സമതുലിതമായ പ്രാദേശിക വളർച്ച വികസിപ്പിക്കുന്നതിൽ ഇത് സുപ്രധാന പങ്കുവഹിച്ചു. സിവിൽ സർവീസ് ഉൾപ്പെടെയുള്ള പൊതുമേഖലയെ തകർക്കുക എന്നതിനർത്ഥം നമ്മുടെ ദേശീയ സാമ്പത്തികതാൽപ്പര്യങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യം, പരമാധികാരം എന്നിവയെ അന്താരാഷ്ട്ര ധനമൂലധനത്തിന്റെ താൽപ്പര്യങ്ങൾക്ക്, സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് അടിയറവെക്കുക എന്നതാണ്.

പൊതുമേഖലയും അതിന്റെ വലിയ ആസ്തികളും രാജ്യത്തിന്റെ സമ്പത്താണ്. എന്നാൽ തന്ത്രപരമായ വിൽപ്പനയും സ്വകാര്യവൽക്കരണവും ജനങ്ങളുടെ ഈ സമ്പത്തിനെ ആഭ്യന്തരവും വിദേശീയവുമായ സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറുക എന്നതാണ്. ഇത് നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടനയെയും സ്വാശ്രയത്വത്തെയും രാജ്യത്തിന്റെ ഉൽ‌പാദനശേഷിയെയും തകർത്തുകൊണ്ടിരിക്കുന്നു. സമൂഹത്തിനു നേരെയുള്ള ആക്രമണമാണിത്. അതിനാൽ, രാജ്യത്തെ പൊതുമേഖലയെയും സർക്കാർ വകുപ്പുകളെയും സ്വകാര്യവത്കരിക്കുന്നതിനെതിരെയും വെട്ടിച്ചുരുക്കുന്നതിനെതിരെയും വൻ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − ten =

Most Popular