Friday, April 19, 2024

ad

Homeകവര്‍സ്റ്റോറികേരള മോഡലും സിവില്‍ സര്‍വ്വീസും

കേരള മോഡലും സിവില്‍ സര്‍വ്വീസും

എം എ അജിത്കുമാര്‍

ലോകത്തിനു മുന്നിലെ വിസ്മയമാണ് കേരളം. നാം നേടിയ സാമൂഹ്യ വളര്‍ച്ചയും ഉയര്‍ന്ന ജീവിത നിലവാരവുമാണ് ലോകത്തെ വിസ്മയിപ്പിക്കുന്നത്. സാമ്പത്തിക ശാസ്ത്ര മാനദണ്ഡപ്രകാരം വികസിത രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ കേരളത്തിന്റേത് താഴ്ന്ന ആളോഹരി വരുമാനമായിട്ടും ആയുര്‍ദൈര്‍ഘ്യം, ശിശു മരണനിരക്ക്, ജനന നിരക്ക്, സാക്ഷരത, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യ വികസനത്തിന്റെ സൂചകങ്ങള്‍ ഏതെടുത്തു പരിശോധിച്ചാലും വികസിത രാജ്യങ്ങളോട് കിടപിടിയ്ക്കുംവിധം തലയുയര്‍ത്തി നില്‍ക്കുകയാണ് നാം.

കേരള വികസന മാതൃക എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നേട്ടം കൈവരിക്കാന്‍ നമ്മുടെ നാടിനെ പ്രാപ്തമാക്കിയത് ആരാണ്? പ്രജാക്ഷേമ തല്‍പരരായ ഭരണാധികാരികളും വിദേശരാജ്യങ്ങളില്‍ നിന്ന് കച്ചവടത്തിനും മതപ്രചാരണത്തിനുമായി എത്തിയവരും നടത്തിയ ഇടപെടലുകളാണ് ഈ മുന്നേറ്റത്തിന് ഹേതുവായത് എന്ന അഭിപ്രായം വച്ചുപുലര്‍ത്തുന്നവരുണ്ട്. കേരളത്തെ ആധുനിക സമൂഹമാക്കി മാറ്റുന്നതില്‍ ചരിത്രപരമായ ചുമതലകള്‍ അവര്‍ നിര്‍വ്വഹിച്ചു എന്നത് നിസ്തര്‍ക്കമാണ്. എന്നിരുന്നാലും ഫ്യൂഡല്‍ പ്രാങ് മുതലാളിത്ത മൂല്യവ്യവസ്ഥ അടിച്ചേല്‍പ്പിച്ച വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ നാട്ടില്‍ നടന്ന ബഹുജനമുന്നേറ്റങ്ങളും തത്ഫലമായി സൃഷ്ടിക്കപ്പെട്ട ജനപക്ഷ സര്‍ക്കാരുകളുമാണ് കേരള മാതൃകയുടെ നേരവകാശികള്‍.

കേരള സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് 1957 ഏപ്രില്‍ 5ന് അധികാരത്തില്‍ വന്ന ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരാണ് കേരള മാതൃക സൃഷ്ടിക്കുന്നതിന് പ്രായോഗികമായ പ്രവര്‍ത്തന പദ്ധതിയ്ക്ക് തുടക്കംകുറിച്ചത്. കേരളത്തിന്റെ വികസനം സംബന്ധിച്ചും സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം സംബന്ധിച്ചും ആ സര്‍ക്കാര്‍ രൂപപ്പെടുത്തിയ കാഴ്ചപ്പാടാണ് തുടര്‍ന്ന് ഓരോ ഭരണ നടപടികളിലൂടെയും പ്രാവര്‍ത്തികമാക്കിയത്. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം തുടങ്ങിയ മേഖലകളിലെല്ലാം സമൂഹത്തിലെ മഹാഭൂരിപക്ഷത്തെ മുന്നില്‍കണ്ടുള്ള പരിഷ്കരണ നടപടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കി. ഭാവനയും ഇച്ഛാശക്തിയും കൈമുതലാക്കിയ സര്‍ക്കാര്‍ എന്ന നിലയ്ക്ക് തങ്ങള്‍ ആവിഷ്കരിക്കുന്ന പുരോഗമനപരമായ നയങ്ങള്‍ ശരിയായ വിധം പ്രാവര്‍ത്തികമാക്കാനുതകുന്ന ഒരു ഉദ്യോഗസ്ഥവൃന്ദത്തെ വാര്‍ത്തെടുക്കുന്നതിന് ഒന്നാം ഇ.എം.എസ്. സര്‍ക്കാര്‍ തയ്യാറായി.


അതുവരെ നികുതി സമാഹരണത്തിനും ക്രമസമാധാന പരിപാലനം എന്ന പേരില്‍ ജന്മിമാരുടെയും മുതലാളിമാരുടെയും ആജ്ഞകള്‍ക്കനുസൃതമായിപ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതായിരുന്നു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഉത്തരവാദിത്വം. എന്നാല്‍ ഇ.എം.എസ്. സര്‍ക്കാര്‍ മറ്റു കാര്യങ്ങളില്‍ എന്നപോലെ സിവില്‍ സര്‍വ്വീസിന്റെ സ്വഭാവത്തിലും സമൂലമായ മാറ്റം വരുത്താന്‍ നടപടി സ്വീകരിച്ചു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്ന മലബാറിലും ഫ്യൂഡല്‍ രാജവാഴ്ചയുടെ കീഴിലായിരുന്ന തിരുകൊച്ചിയിലും നിലനിന്നിരുന്ന തികച്ചും വിഭിന്നമായ സിവില്‍ സര്‍വ്വീസുകളുടെ സംയോജനം സ്വാതന്ത്ര്യം ലഭിച്ച് പത്തുവര്‍ഷം കഴിഞ്ഞിട്ടും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. പോലീസിന്റെ കാര്യത്തിലും സമാന സ്ഥിതിയായിരുന്നു. സങ്കീര്‍ണ്ണമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇ.എം.എസ്. സര്‍ക്കാര്‍ സിവില്‍ സര്‍വീസ് സംയോജനവും പൊലീസ് സംയോജനവും യാഥാര്‍ത്ഥ്യമാക്കി. ജീവനക്കാരെ വിശ്വാസത്തിലെടുത്തും അവര്‍ക്കുള്ള ജനാധിപത്യ അവകാശങ്ങളെ മാനിച്ചും മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറായി. ഭരണാധികാരികള്‍ അനുവര്‍ത്തിക്കുന്ന ദുര്‍നയങ്ങളുടെ നടത്തിപ്പുകാര്‍ എന്ന നിലയില്‍ നിന്നും ജനസേവകര്‍ എന്ന നിലയിലേക്ക് സിവില്‍ സര്‍വ്വീസിനെയും പൊലീസ് സേനയെയും മാറ്റി ത്തീര്‍ക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിട്ടത് ഇ.എം.എസ്. സര്‍ക്കാരായിരുന്നു.

സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന നയപരിപാടികളുടെ ഫലപ്രദമായ നിര്‍വഹണത്തിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവും അധികാര വികേന്ദ്രീകരണവും ഒഴിച്ചുകൂടാനാവാത്തതാണെന്ന് തിരിച്ചറിഞ്ഞ ഇ.എം.എസ്. സര്‍ക്കാര്‍ ഇരു ലക്ഷ്യങ്ങളെയും മുന്‍നിര്‍ത്തി നിയമനിര്‍മാണത്തിനും ഭരണനടപടികള്‍ക്കും തയ്യാറായി. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ചതും തുടര്‍ന്ന് ജില്ലാ കൗണ്‍സില്‍ ബില്ലും പഞ്ചായത്ത് ബില്ലും അവതരിപ്പിക്കപ്പെട്ടത്. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, പൊതുവിതരണം, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം, അധികാര വികേന്ദ്രീകരണം, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ മേഖലകളില്‍ പുരോഗമന സര്‍ക്കാരുകള്‍ നടത്തിയ നിയമനിര്‍മാണങ്ങളുടെയും ഭരണനടപടികളുടെയും ഫലമായിട്ടാണ് ഇന്നത്തെ കേരള മാതൃക രൂപപ്പെട്ടത്. ജനകീയ സര്‍ക്കാരുകള്‍ ആവിഷ്കരിച്ച പുരോഗമന നയങ്ങള്‍ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുകയും പൗരര്‍ക്ക് അവയെ അനുഭവവേദ്യമാക്കുകയും ചെയ്തത് ഇവിടുത്തെ ഉദ്യോഗസ്ഥ സംവിധാനത്തിലൂടെയാണ്. ഭൂപരിഷ്കരണ നിയമവും അനുബന്ധമായ കുടിയൊഴിപ്പിക്കല്‍ നിരോധനവും അന്യായപ്പാട്ട നിരോധനവും മിച്ചഭൂമി കണ്ടെത്തലുമെല്ലാം പ്രാവര്‍ത്തികമാക്കിയത് അതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഫലപ്രദമായ കൃത്യനിര്‍വഹണം കൊണ്ടാണ്. ഇവിടെ ജനിക്കുന്ന മുഴുവന്‍ കുട്ടികളും സ്കൂളില്‍ പ്രവേശിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന് കാരണം വളരെ നേരത്തേതന്നെ തുടക്കം കുറിച്ച സൗജന്യ വിദ്യാഭ്യാസത്തിന്റെ മേന്മകൊണ്ടാണ്. എങ്കിലും 100% സ്കൂള്‍ പ്രവേശനം ഉറപ്പാക്കുന്നതില്‍ കേരളത്തിലെ പ്രബുദ്ധ സമൂഹത്തോടൊപ്പം അധ്യാപകര്‍ക്കും ഇതര ജീവനക്കാര്‍ക്കും അവഗണിക്കാനാവാത്ത സ്ഥാനമുണ്ട്. നമ്മുടെ രാജ്യത്തിനെന്നല്ല ലോകത്തിനു തന്നെ മാതൃകയായ ഒരു പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. കോവിഡ് കാലത്ത് നമ്മുടെ സംവിധാനത്തിന്റെ മേന്മ ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ഈ നിലയിലേക്ക് കേരളത്തിന്റെ പൊതുജനാരോഗ്യരംഗത്തെ വളര്‍ത്തിയെടുത്തതിലും ഇടതുപക്ഷത്തിനുള്ള പങ്ക് നിസ്തര്‍ക്കമാണ്. അവര്‍ അനുവര്‍ത്തിച്ച ജനകീയ ആരോഗ്യ നയങ്ങളുടെ ഫലമായിട്ടാണ് ഇത് സാധ്യമായത‍്. അതോടൊപ്പം രോഗ പ്രതിരോധ ബോധവല്‍ക്കരണരംഗങ്ങളിലും ചികിത്സാരംഗത്തും നിസ്വാര്‍ത്ഥമായി സേവനമനുഷ്ഠിച്ച സിവില്‍ സര്‍വ്വീസിനെയും മാറ്റിനിര്‍ത്താനാവില്ല. നാണ്യവിളകള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേള്‍വികേട്ട കേരളത്തെ സംബന്ധിച്ചിടത്തോളം ഭക്ഷ്യക്കമ്മി പരിഹരിക്കുക എന്നത് എക്കാലത്തും ഒരു കീറാമുട്ടിയായിരുന്നു. കേന്ദ്രസഹായം സ്വീകരിച്ച് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുക എന്നതുമാത്രമായിരുന്നു പോംവഴി. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പലപ്പോഴും രാഷ്ട്രീയ വിരോധം വച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ഭക്ഷ്യവിഹിതം നിഷേധിക്കുക പതിവായിരുന്നു. കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ അത്തരം ഒരു സമീപനം സ്വീകരിച്ചപ്പോഴാണ് സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നേടിയെടുക്കുന്നതിനു വേണ്ടി എ.കെ.ജിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് അനുവദിച്ചതോടെ അതുവരെ റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന പൊതുവിതരണ സംവിധാനത്തെ വിഭജിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് രൂപീകരിച്ചു. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കുറ്റമറ്റ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സിവില്‍ സപ്ലൈസ് വകുപ്പ് വളരെ പ്രധാനമായ പങ്കാണ് നിര്‍വഹിക്കുന്നത്.


സംസ്ഥാന രൂപീകരണ സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വകുപ്പുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് പില്‍ക്കാലത്തുണ്ടായത്. സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് ഓരോ സന്ദര്‍ഭത്തിലും പുതിയ വകുപ്പുകള്‍ രൂപീകരിക്കാനും അവയെ ഉപയോഗപ്പെടുത്തി വികസന ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനും സര്‍ക്കാരുകള്‍ തയ്യാറായി. ഇക്കാര്യത്തില്‍ ഇടതുപക്ഷ പുരോഗമന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത് മാതൃകാപരമായ സമീപനമാണ്. 1980 ല്‍ അധികാരത്തില്‍ വന്ന ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സര്‍ക്കാരാണ് സംസ്ഥാനത്ത് അദ്യമായി ക്ഷേമപെന്‍ഷനുകള്‍ക്ക് തുടക്കംകുറിച്ചത്. പെന്‍ഷന്‍ മാനദണ്ഡം നിശ്ചയിക്കാനും, അര്‍ഹരായവരെ കണ്ടെത്താനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉദ്യോഗസ്ഥ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചു. 1987 ല്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേമ പദ്ധതികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പതിനൊന്നിന പരിപാടിയുടെ ഭാഗമായ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം നടപ്പിലാക്കി. കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് പ്രാദേശിക സഹായം ഉറപ്പാക്കുന്നതിനും എല്ലാ പഞ്ചായത്തിലും കൃഷിഭവനുകള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കി. ഇത്തരം ജനാനുകൂലപ്രവര്‍ത്തനങ്ങളുടെ വിജയത്തിനുവേണ്ടി സംസ്ഥാന സിവില്‍ സര്‍വ്വീസ് ഫലപ്രദമായി ഇടപെട്ടു. 1996 ലാണ് വീണ്ടും സംസ്ഥാനത്ത് എൽഡിഎഫ് സര്‍ക്കാര്‍ വരുന്നത്. സംസ്ഥാനത്തിന്റെ വികസന രംഗത്ത് പുതിയൊരു വിപ്ലവം സൃഷ്ടിച്ച ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കപ്പെട്ടത് അക്കാലയളവിലാണ്. പദ്ധതികളുടെ ആലോചനയിലും രൂപീകരണത്തിലും അവയുടെ നിര്‍വഹണത്തിലും സുതാര്യതയും ജനകീയ പങ്കാളിത്തവും ഉറപ്പാക്കിയ ഇൗ മഹത് സംരംഭം വഴി വലിയ വികസന മുന്നേറ്റമാണ് ഉണ്ടായത്. സംസ്ഥാന സിവില്‍ സര്‍വ്വീസും ജനപ്രതിനിധികളും ബഹുജനങ്ങളും നാടിനുവേണ്ടി കൈകോര്‍ത്ത മികച്ച അനുഭവമാണ് ജനകീയാസൂത്രണം പ്രദാനം ചെയ്തത്. ഈ പ്രവര്‍ത്തനങ്ങളുടെ വിജയത്തിലും സിവില്‍ സര്‍വ്വീസിന്റെ കൈയൊപ്പ് കാണാനാകും.

2006ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനും അതിന്റെ നിര്‍വഹണത്തിനും കൃത്യമായി ഇടപെട്ടത് സിവില്‍ സര്‍വ്വീസ് ആണ്. 2016 ലും തുടര്‍ച്ചനേടി 2021ലും എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭങ്ങളിലും ഒട്ടേറെ ജനപക്ഷ നടപടികളും വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. അത്തരം പ്രവര്‍ത്തനങ്ങളുടെ എല്ലാം നിര്‍വഹണത്തില്‍ സിവില്‍ സര്‍വ്വീസിനെ വിശ്വാസത്തിലെടുക്കാനും തയ്യാറായി. ഇക്കാലയളവില്‍ കേരളം അഭിമുഖീകരിച്ച പകര്‍വ്യാധികളുടെയും പ്രകൃതിദുരന്തങ്ങളുടെയും അഭിശക്തദിനങ്ങളില്‍ കൈത്താങ്ങായി നിന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികളോരോന്നും ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ സിവില്‍ സര്‍വ്വീസിനായി.

സംസ്ഥാന സിവില്‍ സര്‍വ്വീസിനോട് പുരോഗമന സര്‍ക്കാരുകള്‍ സ്വീകരിച്ച ഉദാരമായ സമീപനമല്ല വലതുപക്ഷ സര്‍ക്കാരുകളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ജീവനക്കാരെ സംബന്ധിച്ചും അവരുടെ അവകാശാനുകൂല്യങ്ങളെ സംബന്ധിച്ചും അത്തരം സര്‍ക്കാരുകള്‍ക്ക് നിഷേധാത്മകമായ നിലപാടുകളാണ് ഉണ്ടായിരുന്നത്. മടിയന്മാരും തുച്ഛ വരുമാനക്കാരുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെണ്ണു കൊടുക്കരുത് എന്ന് കേരളത്തിലെ ഒരു വലതുപക്ഷ മുഖ്യമന്ത്രി പൊതുവേദിയില്‍ ആഹ്വാനം ചെയ്യുന്ന സ്ഥിതിയുണ്ടായി. സിവില്‍ സര്‍വീസിനെയും ജീവനക്കാരെയും കുറിച്ചുള്ള അവരുടെ ഉള്ളിലിരിപ്പ് എത്രമാത്രം പ്രതിലോമകരമായിരുന്നുവെന്ന് ആ പ്രതികരണം സാക്ഷ്യപ്പെടുത്തുന്നു. 1980കളുടെ അവസാനം വരെ സിവില്‍ സര്‍വ്വീസിലെ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങളോട് നിഷേധാത്മകമായ നിലപാട് സ്വീകരിച്ച വലതുപക്ഷം 1990 കളില്‍ നവലില്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ പ്രസ്തുത നയങ്ങളുടെ വക്താക്കളും നടത്തിപ്പുകാരുമായി മാറി. തസ്തികകള്‍ വെട്ടിക്കുറയ്ക്കുക, സ്ഥിര നിയമനങ്ങള്‍ നിര്‍ത്തുക എന്നിവ മുഖ്യ കാര്യപരിപാടിയായി മാറി. സിവില്‍ സര്‍വ്വീസ് തന്നെ ആവശ്യമില്ലെന്ന് പ്രചാരണം വ്യാപകമായി അഴിച്ചുവിട്ടു. സിവില്‍ സര്‍വ്വീസിന്റെ ഭാഗമായ ചില ജീവനക്കാരുടെ അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ മനോഭാവവും ചൂണ്ടിക്കാട്ടി ഈ സംവിധാനം തന്നെ ആവശ്യമില്ലെന്ന പൊതുബോധത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ തീവ്ര ശ്രമം നടത്തി. ഭരണ നവീകരണത്തിന്റെ പേരുപറഞ്ഞ് പതിനായിരക്കണക്കിന് തസ്തികകള്‍ നിര്‍ത്താനും സര്‍വ്വേയും ലോട്ടറിയും അടക്കമുള്ള പല വകുപ്പുകളും നിര്‍ത്തലാക്കാനും അനാദായകമെന്ന് ചൂണ്ടിക്കാട്ടി വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനും തീരുമാനിച്ചു. ബഹുജനങ്ങളുടെ പിന്തുണയോടെ ശക്തമായ പ്രക്ഷോഭം തന്നെ വേണ്ടിവന്നു അത്തരം നടപടികളെ ചെറുത്തുതോല്‍പ്പിക്കാന്‍. സിവില്‍ സര്‍വ്വീസിനെ അനാകര്‍ഷകമാക്കി ഇല്ലാതാക്കുക എന്ന വലതുപക്ഷ സമീപനത്തിന്റെ ഭാഗമാണ് ഏറ്റവും മികച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയായ നിര്‍വചിക്കപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പുള്ള പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കിയത്. മറ്റൊരു ആകര്‍ഷകമായ അനുകൂല്യമായിരുന്നു സര്‍വ്വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കിയിരുന്ന സമാശ്വാസ തൊഴില്‍ദാന പദ്ധതി. ഈ പദ്ധതിയും അനിശ്ചിതത്വത്തിലാവുകയാണ്.

അവകാശ ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കുന്ന കാര്യത്തില്‍ മാത്രമല്ല സമൂഹത്തിന്റെ ആവശ്യാനുസരണം പുതിയ വകുപ്പുകള്‍ രൂപീകരിക്കാനും തസ്തികകള്‍ സൃഷ്ടിക്കാനും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ യഥാസമയം നിയമനം നടത്താനും എൽഡിഎഫ് സര്‍ക്കാരുകള്‍ എക്കാലവും ശ്രദ്ധിച്ചിരുന്നു. കാരണം അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനപക്ഷ ബദല്‍ നയത്തിന്റെ നിര്‍വഹണത്തില്‍ സിവില്‍ സര്‍വ്വീസ് സുപ്രധാനമായ പങ്കാണ് നിര്‍വ്വഹിക്കുന്നത്. കേരള മാതൃക സൃഷ്ടിക്കുന്നതില്‍ രാസത്വരകമായി പ്രവര്‍ത്തിച്ചത് സംസ്ഥാന സിവില്‍ സര്‍വ്വീസുകൂടിയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 5 =

Most Popular