Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിആഗോളവൽക്കരണ നയങ്ങൾ തകർത്ത കേന്ദ്രസർവീസ് മേഖല

ആഗോളവൽക്കരണ നയങ്ങൾ തകർത്ത കേന്ദ്രസർവീസ് മേഖല

വി ശ്രീകുമാർ ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് & വർക്കേഴ്സ്, കേരള

കേന്ദ്രസർക്കാർ മേഖലയിൽ 10 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും, അടുത്ത 18 മാസത്തിനുള്ളിൽ ഈ ഒഴിവുകൾ നികത്തുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന അതിതീവ്ര നവലിബറൽ നയങ്ങളുടെ ഫലമായി കേന്ദ്രസർവീസ് മേഖലയാകെ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. 2021 മാർച്ച് 1 ന് കേന്ദ്രസർവീസ് മേഖലയിൽ അനുവദിക്കപ്പെട്ട 40,35,203 തസ്തികകളിൽ ജോലിയിലുള്ളവരുടെ എണ്ണം 30,55,876 മാത്രമാണ്. 9,79,327 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് അത് 11 ലക്ഷത്തിലധികമാകും. വിവിധ വകുപ്പുകൾ ഇക്കാലയളവിൽ സറണ്ടർ ചെയ്ത തസ്തികകൾ ഇതിനുപുറമെയാണ്.


കേന്ദ്രസർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽപേർ ജോലിചെയ്യുന്ന റെയിൽവെയിൽ സ്വകാര്യവൽക്കരണ നടപടികൾ 1990 കളിൽതന്നെ ആരംഭിച്ചിരുന്നു. 1998þൽ അധികാരത്തിൽവന്ന വാജ്പേയ് സർക്കാരിന്റെ കാലത്ത് കാറ്ററിങ, ട്രാക്കുകളുടെ പരിപാലനം, എഞ്ചിൻ, കോച്ച്, വാഗണുകൾ, സിഗ്നലുകൾ എന്നിവയുടെ നിർമാണവും പരിപാലനവും ഉൾപ്പെടെയുള്ള ജോലികൾ പുറംകരാർ കൊടുക്കാൻ ആരംഭിച്ചു.

സ്വകാര്യവൽക്കരണത്തെത്തുടർന്ന് തകർന്നുപോയ അർജന്റീന, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങൾ ഉണ്ടായിട്ടും കൂടുതൽ മേഖലകളിൽനിന്ന് സർക്കാർ പിന്മാറുന്ന സ്ഥിതി സംജാതമായി. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻവഴി റെയിൽ വെയിൽ നിന്നുമാത്രം 1,50,000 കോടി രൂപ സമാഹരിക്കാനാണ് മോദി സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.

ഏറ്റവുമൊടുവിലായി പി.എം. ഗതിശക്തിയുടെ ഭാഗമായി, റെയിൽവെയ്ക്ക വരുമാനവും 1,20,000 തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന് പറഞ്ഞ് റെയിൽവെ ഭൂമി പാട്ടത്തിന് നൽകാൻ പുതിയൊരു നയം പ്രഖ്യാപിച്ചിരിക്കുന്നു.


റെയിൽവെയുടെ പ്രത്യേക ബജറ്റ് ഇല്ലാതാക്കിയും, ക്രോസ് സബ്സിഡി നിർത്തലാക്കിയും വിവിധ വിഭാഗക്കാർക്ക് ലഭ്യമായിരുന്ന നിരവധി ആനുകൂല്യങ്ങൾ ഇല്ലാതാക്കിയും സാധാരണക്കാരുടെ ഏറ്റവും ചെലവ് കുറഞ്ഞ പൊതുഗതാഗത സംവിധാനം അധികം വൈകാതെ ഓർമയായി മാറും.

ബ്രിട്ടീഷുകാർ രാജ്യം ഭരിക്കാനാരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് ആരംഭിച്ച രണ്ട് നൂറ്റാണ്ടിലധികം കാലത്തെ പാരമ്പര്യമുള്ള തപാൽവകുപ്പാണ് വിവിധ പരിഷ്കാരങ്ങളുടെ പേരിൽ തകർച്ചയെ നേരിടാൻ പോകുന്നത്.
2011þലെ തപാൽ നയത്തിന്റെ തുടർച്ചയായാണ്, 2014 ആഗസ്തിൽ മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രമണ്യം ചെയർമാനായി ഒരു ടാസ്ക് ഫോഴ്സ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.

സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് നാലുമാസത്തിനുള്ളിൽതന്നെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. നിലവിലുള്ള തപാൽ സേവനത്തെ ബാങ്കിംഗ്, ഇൻഷുറൻസ്, പാഴ്സൽ & പാക്കറ്റ്, സർക്കാർ സേവങ്ങൾ, സ്വകാര്യസംരംഭകരുടെ സേവനങ്ങൾ, ഇതര സേവനങ്ങൾ എന്നിങ്ങനെ ആറ് പ്രത്യേക യൂണിറ്റുകളാക്കി മാറ്റുക. അതിൽ ആദ്യത്തെ അഞ്ച് യൂണിറ്റുകളെ കമ്പനിയാക്കാനും ആറാമത്തെ യൂണിറ്റിനെ മാത്രം തപാൽവകുപ്പിന് കീഴിൽ നിലനിർത്താനുമുള്ള നിർദ്ദേശമാണ് ടാസ്ക് ഫോഴ്സ് കമ്മിറ്റിയുടെ ശുപാർശയുടെ കാതൽ.

നാൽപത് കോടി അക്കൗണ്ടുകളിലായി 9,69,136 കോടി രൂപ മിച്ചമുള്ള ബൃഹത്തായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അഥവാ ദേശീയ സമ്പാദ്യപദ്ധതി. തപാൽവകുപ്പിന്റെ വരുമാനത്തിന്റെ 70 ശതമാനവും ലഭ്യമാകുന്നത് ഇതിന്റെ കമ്മീഷനിലൂടെയാണ്. നിയമാനുസൃതമായി നിയമിക്കപ്പെട്ട ആയിരക്കണക്കിന് ഏജന്റുമാരും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

തപാൽവകുപ്പിന് സ്വന്തമായൊരു ബാങ്ക് എന്ന പ്രഖ്യാപനത്തോടെയാണ് 2018þൽ ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് ആരംഭിക്കുന്നത്. തപാൽവകുപ്പിന്റെ ബാങ്ക് എന്ന് അവകാശപ്പെടുമ്പോഴും ഇതിന്റെ നടത്തിപ്പിൽ പ്രത്യേക വരുമാനമൊന്നും വകുപ്പിനില്ല. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിനെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കിൽ ലയിപ്പിക്കണമെന്ന നിർദ്ദേശം ജീവനക്കാരുടെ സംഘടനകൾ മുന്നോട്ടുവച്ചെങ്കിലും സർക്കാർ തിരിച്ചാണ് ലക്ഷ്യമിടുന്നത്.

പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ പോസ്റ്റൽ ഇൻഷ്വറൻസ് എന്നീ വിഭാഗങ്ങളിലായി 4 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ട്. ഇൻഷ്വറൻസിനെ പ്രത്യേക കമ്പനിക്കായി റഗുലേറ്ററി അതോറിറ്റിക്ക് കീഴിൽ കൊണ്ടുവന്ന് ഷെയറുകൾ വിൽക്കാനാണ് നീക്കം.

തപാൽവകുപ്പിന്റെ ജീവനാഡിയായ റെയിൽവെ മെയിൽ സർവീസ് തകർക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. റെയിൽവെയുമായി സഹകരിച്ചുള്ള മെയിൽ സംവിധാനം പൂർണമായും ഒഴിവാക്കി റോഡ്മാർഗം മാത്രമായുള്ള സംവിധാനത്തിലേക്ക് മാറ്റാനാണ് നീക്കം.

പാശ്ചാത്തലസൗകര്യങ്ങളുടെ അഭാവം വേഗതയില്ലാത്തതും, തടസ്സപ്പെടുന്നതുമായ കണക്റ്റിവിറ്റി, സോഫ്റ്റ്‌വെയർ സംബന്ധിച്ച പരിഹരിക്കപ്പെടാത്ത പരാതികൾ തുടങ്ങിയവ മൂലം സർവീസുകൾ അനാകർഷകമാകുന്നു.

പുതിയ പെൻഷൻ സ്കീം ബാധകമല്ലാത്ത പ്രതിരോധമേഖലയിൽ അഗ്നിപഥ് എന്ന പേരിൽ ഹ്രസ്വകാലത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. നാലുവർഷത്തേക്ക് പരിമിതപ്പെടുത്തപ്പെട്ട ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ 25 ശതമാനം പേരെ ദീർഘകാല സർവീസിന് പരിഗണിക്കും. ബാക്കി 75 ശതമാനം പേരെ നാലു വർഷത്തിനുശേഷം പരിമിതമായ ആനുകൂല്യങ്ങൾ നൽകി പിരിച്ചു വിടും.

ആകെയുള്ള 10.04 ലക്ഷം രൂപയും പലിശയും സഹിതം 11 ലക്ഷം രൂപ നൽകി സേവനം അവസാനിപ്പിക്കും. വിമുക്തഭടന്മാർക്ക് ലഭ്യമാകുന്ന യാതൊരുവിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നതല്ല.


പ്രതിരോധമേഖലയിലെ 41 ഓർഡിനൻസ് ഫാക്ടറികൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ ചെറുത്തുനിൽപ്പ് വന്നപ്പോഴാണ് ഇവയെ 7 കമ്പനികളാക്കാൻ തീരുമാനിച്ചത്.

കേന്ദ്രസർക്കാർ വകുപ്പിനെ നേരിട്ട് സ്വകാര്യവൽക്കരിക്കാൻ കഴിയാത്തതിനാൽ കമ്പനിയാക്കി തകർത്തതിന്റെ ബിഎസ്എൻഎൽ അനുഭവം നമ്മുടെ മുന്നിലുണ്ട്. തന്ത്രപ്രധാനമായ, രാജ്യസുരക്ഷയെ ബാധിക്കുന്ന മേഖലകളിലെ കമ്പനിവൽക്കരണം ആശങ്കയുളവാക്കുന്നതാണ്.

ഭരണഘടനാ നിർമാണവേളയിൽ സുപ്രീംകോടതിയേക്കാൾ പ്രധാനപ്പെട്ട സ്ഥാപനം എന്ന് ഡോക്ടർ അംബേദ്കർ വിശേഷിപ്പിച്ച ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ 40 ശതമാനം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. റിട്ടയർ ചെയ്ത ജീവനക്കാരെ പുനർനിയമിച്ചും, ജോലികൾ പുറംകരാർ കൊടുത്തും പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ നിലനിൽപ്പിനായി വെല്ലുവിളി നേരിടുകയാണ്. ബഹിരാകാശമേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യപങ്കാളിത്തം രാജ്യത്തിന്റെ അഭിമാനസ്ഥാപനമായ ഐഎസ്ആർഒയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കും. ദൂരദർശൻ, അകാശവാണി റിലെ കേന്ദ്രങ്ങൾ എന്നിവ വ്യാപകമായി അടച്ചുപൂട്ടാനും, ഫിലിം ഡിവിഷനുകൾ നിർത്തലാക്കാനും തീരുമാനിച്ചു. രാജ്യത്തെ 17 കേന്ദ്രസർക്കാർ പ്രസ്സുകളിൽ നാലെണ്ണം ഒഴിച്ച് ബാക്കി എല്ലാം അടച്ചുപൂട്ടി. ദക്ഷിണേന്ത്യയിലെ കൊരട്ടി, മൈസൂർ, കോയമ്പത്തൂർ ഉൾപ്പെടെയുള്ളവരുടെയെല്ലാം ഇതിൽ ഉൾപ്പെടും. കേന്ദ്രസർക്കാറിന് കീഴിലുള്ള ഓട്ടോണമസ് സ്ഥാപനങ്ങളോട് കടുത്ത അവഗണനയാണ് സർക്കാരിന്. ബോണസും, 7–ാം ശമ്പളകമ്മീഷന്റെ ആനുകൂല്യങ്ങളും ഭുരിപക്ഷം സ്ഥാപനങ്ങൾക്കും നിഷേധിച്ചിരിക്കുന്നു.

നിലവിലെ ജീവനക്കാരിൽ 60 ശതമാനവും പഴയ പെൻഷൻ സ്കീമിന് പുറത്താണ്. സ്ഥിരം ജീവനക്കാർക്കു പകരം താൽക്കാലിക ജീവനക്കാരെ വ്യാപകമായി നിയമിക്കുന്നു. തപാൽവകുപ്പിലെ രണ്ടുലക്ഷത്തിലധികം വരുന്ന ജിഡിഎസ് ജീവനക്കാരോടുള്ള കടുത്ത അവഗണന തുടരുന്നു. FR 56 (j) അനുസരിച്ച്, കാര്യക്ഷമതയുടെ പേരുപറഞ്ഞ് പിരിച്ചുവിടൽ വ്യാപകമാകുന്നു. സംഘടനാപ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു.

രാജ്യത്തെ സാധാരണക്കാരായ ആളുകൾക്ക് സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളോടെ കേന്ദ്രസർക്കാർ സർവീസിൽ പ്രവേശിക്കാനും, നിശ്ചിതപ്രായത്തിൽ വിരമിക്കാനും, പെൻഷനും, കുടുംബ പെൻഷൻ ഉൾപ്പെടെയുള്ള സുശക്തമായ സാമൂഹ്യസുരക്ഷിതത്വം ഉണ്ടായിരുന്നതും ഗതകാലസ്മരണയുടെ പട്ടികയിലാകുന്നു.

ഇത് വീണ്ടെടുക്കാനുള്ള പോരാട്ടങ്ങൾ ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് രാജസ്താൻ, ഹിമാചൽപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഒരു പുനഃപരിശോധനകയ്ക്ക് തയ്യാറല്ലെന്നും പി.എഫ്. ആർ.ഡി ആക്ട് അനുസരിച്ച് ഒരിക്കൽ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനാവില്ലെന്നും പാർലമെന്റിൽ വ്യക്തമാക്കിയിരിക്കുന്നു. പഴയ പെൻഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2023 മാർച്ച് 21 ന് കേന്ദ്രജീവനക്കാരുടെ സംഘടനകൾ പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനിച്ചപ്പോൾ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന ഒരു ഉത്തരവ് മാർച്ച് 20 ന് പേഴ്സണൽ മന്ത്രാലയം ഇറക്കി. പണിമുടക്ക്, കൂട്ട അവധി, മെല്ലെപ്പോക്ക്, കുത്തിയിരുപ്പ് സമരം എന്നിവയെല്ലാം പണിമുടക്കിന്റെ പരിധിയിൽ വരുമെന്നും പ്രസ്തുത ദിവസങ്ങളിലെ ശമ്പളം നഷ്ടപ്പെടുന്നതിനു പുറമെ അനുയോജ്യമായ അച്ചടക്ക നടപടികൾ കൈക്കൊള്ളുമെന്നും ഉത്തരവിൽ പറയുന്നു.

ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശങ്ങൾ കേന്ദ്രസർക്കാർ ജീവനക്കാർക്ക് നിഷേധിക്കുന്ന ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്.
ഈ പശ്ചാത്തലത്തിലാണ് ബജറ്റ് സമ്മേളനത്തിനൊടുവിൽ പെൻഷൻ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഒരു നാലംഗകമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുത്ത് പുതിയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമം നടത്തുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

പുതിയ പെൻഷൻ പദ്ധതിയിൽ എന്തെങ്കിലും മാറ്റങ്ങളല്ല മറിച്ച് അത് റദ്ദാക്കി പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകണമെന്നാണ് ജീവനക്കാരുടെ സംഘടനകളെല്ലാം ആവശ്യപ്പെടുന്നത്.

കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ അതിനായുള്ള പോരാട്ടം ശക്തിപ്പെട്ടുവരികയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − ten =

Most Popular