‘‘എന്‍ജിഒ മാര്‍ക്ക് ശമ്പളവും അലവന്‍സും പ്രധാനപ്പെട്ടതാണ്, എന്നാല്‍ അതിനെക്കാള്‍ പ്രധാനമെന്ന് എനിക്ക് തോന്നുന്നത് അത് ചോദിക്കാനുള്ള അവകാശമാണ്’’. 1957 മെയ് 9 ന് പാലക്കാട് ചേര്‍ന്ന ഉത്തര കേരള എന്‍ജിഒ അസോസിയേഷന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മഹാനായ ഇഎംഎസ് പറഞ്ഞ വാക്കുകള്‍ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന നവലിബറല്‍ വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. രാജ്യത്തും കേരളത്തിലും ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന നേട്ടങ്ങളുടെ അടിസ്ഥാനം അവകാശബോധത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം തന്നെയാണ്.
ഭരണകൂടത്തിന്റെ ഒരു ഉപകരണമായാണ് സിവില്‍ സര്‍വ്വീസ് പരിഗണിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും. അതുകൊണ്ടുതന്നെ ഇതരവിഭാഗങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് സിവില്‍ സര്‍വ്വീസിലെ സംഘടനാ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളും. തൊഴിലുടമയെന്ന നിലയില്‍ സര്‍ക്കാരുമായി മുഖാമുഖം കണ്ടുള്ള പ്രക്ഷോഭമാണ് സംഘടിപ്പിക്കേണ്ടിവരുന്നത്. ഒരു ക്ലാസ് എന്ന നിലയ്ക്കുള്ള വര്‍ഗ്ഗപരമായ വിഷയങ്ങളും അതില്‍തന്നെ ഒരു പ്രത്യേകവിഭാഗമെന്ന നിലയ്ക്കുള്ള സവിശേഷമായ പ്രശ്നങ്ങളും ഉന്നയിച്ചുകൊണ്ടുള്ളതാകും ഈ പ്രക്ഷോഭങ്ങള്‍. അവ ഓരോന്നും സമരമുഖത്ത് എത്രകണ്ട് നേട്ടമുണ്ടാക്കി എന്നതല്ല വിജയമാനദണ്ഡം, മറിച്ച് സംഘടിത പ്രവര്‍ത്തന പ്രക്രിയയെ എത്ര മാത്രം അത് ശക്തിപ്പെടുത്തി എന്നതാണ്.
സിവില്‍ സര്‍വ്വീസിന്റെ രൂപപരിണാമം
20–ാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ സിവില്‍ സര്‍വ്വീസ് പ്രധാനമായും ഒരു മര്‍ദനോപകരണമായാണ് ഉപയോഗിക്കപ്പെട്ടത്. ക്രമസമാധന പരിപാലനം, നികുതിപിരിവ് എന്നിവയിലൂന്നിയുള്ളതാണ് സിവില്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനം. വ്യവസായ വിപ്ലവാനന്തരം ലോകത്ത് ശക്തിപ്രാപിച്ച, എല്ലാം മാര്‍ക്കറ്റ് തീരുമാനിക്കുമെന്ന ലെസെസ് ഫെയര്‍ സിദ്ധാന്തവും ലിബറല്‍ ചിന്തകളുമാണ് ഇതിനടിസ്ഥാനം. ഇരട്ടചൂഷണമാണ് ഈ കാലയളവില്‍ ഉണ്ടായിരുന്നത്. സിവില്‍ സര്‍വ്വീസിനെ ഉപയോഗപ്പെടുത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നതോടൊപ്പം തന്നെ ജീവനക്കാരും കൊടിയ ചൂഷണത്തിന് വിധേയരാക്കപ്പെട്ടിരിക്കുന്നു. സോവിയറ്റ് വിപ്ലവവും, രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും സിവില്‍ സര്‍വ്വീസിന്റെ സ്വഭാവത്തിലും ഘടനയിലും കാതലായ മാറ്റങ്ങള്‍ വരുത്തി.
ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സിവില്‍ സര്‍വ്വീസിന്റെ ഗണത്തിലും ഗുണത്തിലും വൈപുല്യമുണ്ടായി.
ഇതിനുസമാനമായി മുതലാളിത്ത രാജ്യങ്ങളും ലെസസ് ഫെയറില്‍ നിന്ന് ക്ഷേമരാഷ്ട്ര സിദ്ധാന്തത്തിലേക്ക് (Welfare State) ചുവടുമാറ്റം വരുത്തി. സിവില്‍ സര്‍വ്വീസിന്റെ വിപുലീകരണത്തോടൊപ്പം ജീവനക്കാരുടെ അവകാശാനുകൂല്യങ്ങളും സജീവ വിഷയങ്ങളായി ഭവിച്ചു. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തിരിച്ചടിയെ തുടര്‍ന്ന് 1990 കളോടെ ലിബറല്‍ നയങ്ങള്‍, വേഷപ്പകര്‍ച്ച നേടിയ നവലിബറല്‍ ആശയങ്ങള്‍ കരുത്തു നേടി. ആഗോളതലത്തില്‍ തന്നെ ധനമൂലധനം എല്ലാം തീരുമാനിക്കുമെന്ന സ്ഥിതിയിലേക്കും സര്‍ക്കാരുകളുടെ ദൗത്യത്തേയും ചുമതലകളെയും സംബന്ധിച്ച് പുതിയ വിവക്ഷകള്‍ക്കനുസൃതമായി ‘ദാതാവില്‍ നിന്നും’ (Provider) സഹായകരിലേക്കുള്ള (Fecilitator) മാറ്റം സിവില്‍ സര്‍വ്വീസിന്റെ വലിപ്പം ഗണ്യമായി കുറയ്ക്കുന്നതിനിടയാക്കി. സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനുള്ള എളുപ്പവഴി അത് അരക്ഷിതവും അനാകര്‍ഷകവുമാക്കുക എന്നതാണ്. ഏറ്റവും വലിയ ആകര്‍ഷകങ്ങളായ ജോലി സുരക്ഷയും ജീവിത സുരക്ഷയും ഇല്ലാതാക്കി. തസ്തിക വെട്ടിക്കുറയ്ക്കലും നിയമനനിരോധനവും വ്യാപകമാക്കി. അത്യാവശ്യഘട്ടങ്ങളിലുള്ള നിയമനങ്ങളാകട്ടെ കരാര്‍/ദിവസക്കൂലി നിയമനവുമാക്കിയിരിക്കുന്നു. അതുവഴി ഇഷ്ടാനുസരണം നിയമനങ്ങള്‍ നടത്തുന്നതിനും ആനുകൂല്യനിഷേധത്തിനും വഴിയൊരുങ്ങും. പി.എഫ്.ആര്‍.ഡി.എ. നടപ്പിലാക്കി പെന്‍ഷന്‍ ഇല്ലാതാക്കിയതോടെ ജീവിത സുരക്ഷ തന്നെ ഇല്ലാതായിരിക്കുകയാണ്.
വിവിധകാലഘട്ടങ്ങളിലെ സംഘടനാ പ്രവര്‍ത്തനം
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ആധുനിക സിവില്‍ സര്‍വ്വീസ് രൂപംകൊണ്ടത്. ജീവനക്കാരെ നിയന്ത്രിക്കുന്നതിനും ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനും ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബ്രിട്ടീഷ് മഹാറാണിക്ക് തൃപ്തിയുള്ള കാലത്തോളം മാത്രമേ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ജീവനക്കാരന് സിവില്‍ സര്‍വീസില്‍ തുടരാന്‍ സാധിക്കുകയുള്ളൂ എന്ന സംപ്രീതി സിദ്ധാന്തവും (Pleasure Doctrine) പെരുമാറ്റ ചട്ടങ്ങളും നിയമങ്ങളുമൊക്കെ നിയന്ത്രണത്തിന്റെ ഭാഗമായിരുന്നു. 1904 ലാണ് ജീവനക്കാര്‍ക്ക് പ്രത്യേകമായി പെരുമാറ്റച്ചട്ടം ബാധകമാക്കിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യഘട്ടത്തിൽ പരിമിതമായ സംഘടന സ്വാതന്ത്ര്യമാണ് ഉണ്ടായിരുന്നത്. രാജാവിന്റെ ജന്മദിനം ആഘോഷിക്കുക, ഗവര്‍ണര്‍മാര്‍ക്ക് മംഗളപത്രം വായിക്കുക, തൃപ്പാദങ്ങളില്‍ സങ്കട ഹര്‍ജികള്‍ സമര്‍പ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന സംഘടനാ പ്രവര്‍ത്തനങ്ങള്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തോറ്റം പാട്ടിന്റെ രൂപത്തില്‍ പോലും പരിദേവനങ്ങള്‍ അവതരിപ്പിക്കുമായിരുന്നു.
സോവിയറ്റ് വിപ്ലവത്തെ തുടര്‍ന്ന് 1920 കളില്‍ ലോകത്തെമ്പാടും ഇന്ത്യയിലും കേരളത്തിലും ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്രാപിച്ചു. എഐടിയുസി യുടെ രൂപീകരണവും മദിരാശി എന്‍ജിഒ അസോസിയേഷന്‍, മൈസൂര്‍ സ്റ്റേറ്റ് എന്‍ജിഒ അസോസിയേഷന്‍, ബംഗാള്‍ റൈറ്റേഴ്സ് ബില്‍ഡിംഗ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും ഈ കാലത്ത് രൂപീകൃതമായതാണ്. സര്‍ക്കാര്‍ ജീവനക്കാരെ സംഘടിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഐഎല്‍ഒ ഉടമ്പടിയിലെ വ്യവസ്ഥയനുസരിച്ച് സംഘടനകള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് അംഗീകാരം നല്‍കാന്‍ നിര്‍ബന്ധിതമായി.
സ്വാതന്ത്ര്യാനന്തരം സിവില്‍ സര്‍വ്വീസിന്റെ സ്വഭാവത്തിനും സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തനരീതിക്കും പ്രകടമായ മാറ്റങ്ങളുണ്ടായി. മര്‍ദ്ദക ഉപകരണത്തില്‍ നിന്ന് ജനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കുള്ള മാറ്റം സിവില്‍ സര്‍വ്വീസിനെ ജനകീയമാക്കി. സങ്കട ഹര്‍ജികള്‍ അവകാശപത്രികള്‍ക്ക് വഴിമാറി. അവകാശ സമരങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. കൊളോണിയല്‍കാലത്ത് ജീവനക്കാരെ വരുതിയില്‍ നിര്‍ത്താന്‍ തയ്യാറാക്കിയ ജനാധിപത്യവിരുദ്ധ സര്‍വ്വീസ് ചട്ടങ്ങള്‍ സ്വാതന്ത്ര്യാനന്തരവും തുടരുകയുണ്ടായി. സംപ്രീതി സിദ്ധാന്തത്തിന്റെ തിരുശേഷിപ്പുകളായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 310, 311(2) എ,ബി,സി എന്നിവയും സ്വഭാവചട്ടങ്ങളും ജീവനക്കാരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ദുരുപയോഗിക്കപ്പെട്ടു. എന്നാല്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ 1980 ജൂണില്‍ പഴയ പെരുമാറ്റച്ചട്ടം എടുത്തുകളഞ്ഞ് എല്ലാ ജനാധിപത്യ ട്രേഡ് യൂണിയന്‍ അവകാശങ്ങളും അനുവദിച്ചുകൊണ്ടുള്ള വെസ്റ്റ് ബംഗാള്‍ സര്‍വീസ് (ഡ്യൂട്ടീസ്, റൈറ്റ്സ് & ഒബ്ലിഗേഷന്‍സ് ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ്) റൂള്‍ 1980 പാസാക്കുകയുണ്ടായി.
കേന്ദ്ര സര്‍വീസ് രംഗം
1947 ന് മുമ്പ് ജീവനക്കാര്‍ക്ക് നിശ്ചിതമായ വേതന ഘടനയും സേവന വ്യവസ്ഥയും നിലവിലുണ്ടായിരുന്നില്ല. നിയതമായ തൊഴില്‍ നിയമം, തൊഴിലിനനുസരിച്ചുള്ള വേതനം, വാര്‍ഷിക ഇന്‍ക്രിമെന്റ്, പെന്‍ഷന്‍, അവധി വ്യവസ്ഥകള്‍, ക്ഷാമബത്ത, സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം എന്നിവയയെലാം ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ഏറ്റുമുട്ടി ശക്തമായ സമരത്തിലൂടെ നേടിയെടുത്തവയാണ്. ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ 1880 ല്‍ പൂനെ ഹെഡ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരുടെ സമരം, ബോംബെ പോസ്റ്റല്‍ ജീവനക്കാരുടെ 1918 ലെ അനിശ്ചിതകാല സമരം, പോസ്റ്റല്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രതിലോമ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ 1920–21 ല്‍ നടത്തിയ ഉജ്ജ്വലസമരങ്ങള്‍, കെ ജി ബോസിന്റെ നേതൃത്വത്തില്‍ 1946 ല്‍ നടത്തിയ 25 ദിവസത്തെ അനിശ്ചിതകാല സമരം എന്നിവയെല്ലാം എടുത്തുപറയേണ്ട പ്രക്ഷോഭങ്ങളാണ്. കേന്ദ്ര ജീവനക്കാര്‍ക്ക് ഒന്നാം ശമ്പളപരിഷ്കരണം യാഥാര്‍ത്ഥ്യമായതുതന്നെ 1946 പണിമുടക്കിനെ തുടര്‍ന്നാണ്.
സ്വാതന്ത്ര്യാനന്തരം 1990 വരെ നടന്ന പ്രക്ഷോഭങ്ങള്‍ പ്രധാനമായും നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അവകാശ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബോണസ് പോലുള്ളവ നേടിയെടുക്കുന്നതിനും വേണ്ടി ആയിരുന്നു. പഞ്ചവത്സര പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വികസനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സിവില്‍ സര്‍വ്വീസിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും ലക്ഷക്കണക്കിന് ജീവനക്കാരെ നിയമിക്കുകയും ചെയ്തു. സിവില്‍ സര്‍വ്വീസിന്റെ വലിപ്പത്തിനനുസരിച്ച് പ്രക്ഷോഭ പ്രവര്‍ത്തനങ്ങളുടെയും വ്യാപ്തി വര്‍ദ്ധിപ്പിച്ച് രാജ്യ വ്യാപക പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നു. 1956 ല്‍ 118 സംഘടനകളെ യോജിപ്പിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് & വര്‍ക്കേഴ്സിന്റെയും 1957 ല്‍ എന്‍എഫ്പിടിഇ യുടെയും രൂപീകരണം സംഘടിത പ്രസ്ഥാനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കി.
1960കളിലെ രക്തപങ്കിലമായ
പ്രക്ഷോഭങ്ങള്‍
രണ്ടാം കേന്ദ്ര ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിലെ പ്രതിലോമ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ 1960 ജൂലൈ 11 മുതല്‍ നടത്തിയ അഞ്ച് ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ രക്തസാക്ഷികളായി. പണിമുടക്ക് നിരോധിച്ചും എസ്മ പ്രയോഗിച്ചും ആയിരക്കണക്കിന് ജീവനക്കാരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. നിരവധിപേരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തു.
അവശ്യാധിഷ്ഠിത മിനിമം വേതനം ആവശ്യപ്പെട്ട് 1968 സെപ്തംബര്‍ 19 ന് നടത്തിയ ഏകദിന പണിമുടക്കില്‍ 17 പേരാണ് രക്തസാക്ഷികളായത്. പത്താന്‍കോട്ടില്‍ പണിമുടക്കിയ റെയില്‍വേ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് വളഞ്ഞ് ആയുധധാരികളായ പൊലീസ് തോക്കിന്റെ ബയണറ്റ് ജീവനക്കാരുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവന്ന് വണ്ടിയെടുക്കാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചവരുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ വണ്ടിയെടുത്തപ്പോള്‍ അതിനു മുന്നില്‍ തടയാന്‍ എത്തിയ തൊഴിലാളികളുടെ ശരീരത്തിലൂടെ വണ്ടി ഓടിച്ചു കയറ്റി അഞ്ചുപേര്‍ രക്തസാക്ഷികളായി. അന്നേദിവസം തന്നെ ഇന്ദ്രപ്രസ്ഥത്തിലെ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിലെ സഖാവ് അര്‍ജുന്‍ സിങ്ങിനെ പോലീസ് താഴേക്ക് എടുത്തെറിഞ്ഞു. ബിക്കാനീറിലും, ഗുവാഹത്തിയിലും സമാനമായ രീതിയില്‍ പൊലീസ് സമരത്തെ നേരിട്ടു. 17 പേര്‍ രക്തസാക്ഷികളായി. പതിനായിരക്കണക്കിന് ജീവനക്കാര്‍ക്ക് ക്രൂര പീഡനവും ജയിലറയും; അറുപതിനായിരത്തിലധികം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. 40,000 പേരെ സസ്പെന്‍ഡ് ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കാലത്തുപോലും ചെയ്യാന്‍ മടിച്ച കാര്യങ്ങളാണ് കോൺഗ്രസ് സർക്കാർ ചെയ്തത്. കേരളത്തില്‍ ഈ സമരത്തെ സൈന്യത്തെ ഇറക്കി അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് ശക്തിയുക്തം എതിര്‍ക്കുകയും അവകാശ സമരത്തെ അംഗീകരിക്കുകയുമാണ് ചെയ്തത്. ഇതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണിക്കു മുന്നിൽ പോലും ഇഎംഎസ് സര്‍ക്കാര്‍ വഴങ്ങിയില്ല.
17 ലക്ഷം പേര്‍ പങ്കെടുത്ത 1974ൽ റെയില്‍വേ ജീവനക്കാര്‍ ആരംഭിച്ച 20 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്ക് ചരിത്രത്തില്‍ ഇടം നേടിയതാണ്. ബോണസ് നേടിയെടുക്കുന്നത് ഈ സമരത്തെ തുടര്‍ന്നാണ്.
1990 കള്‍ക്ക് ശേഷമുള്ള പ്രക്ഷോഭങ്ങള്‍ പ്രധാനമായും തൊഴില്‍ സുരക്ഷ, സാമൂഹ്യ സുരക്ഷ (ജീവിത സുരക്ഷ), ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ എന്നിവയ്ക്കു വേണ്ടിയുള്ളതായിരുന്നു. നവലിബറല്‍ നയത്തിന്റെ സ്വാധീനത്താല്‍ 5, 6, 7 എന്നീ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടുകളും എക്പെന്‍ഡീച്ചര്‍ റിഫോംസ് കമ്മിറ്റി റിപ്പോര്‍ട്ടുകളുമെല്ലാം സര്‍വീസിനെ വെട്ടിച്ചുരുക്കുന്നതും, നിയമന നിരോധനം നടപ്പാക്കി പകരം കരാര്‍ /കാഷ്വല്‍ നിയമനം പ്രോത്സാഹിപ്പിക്കുന്നതും ആണ്. FR 56 (J)(I), പെന്‍ഷന്‍ റൂള്‍ 48 തുടങ്ങിയവ വ്യാപകമായി പ്രയോഗിച്ച് ജീവനക്കാരെ വരുതിയില്‍ നിര്‍ത്താനായിരുന്നു സര്‍ക്കാര്‍ ശ്രമം. 2012, 2014, 2016 വര്‍ഷങ്ങളില്‍ 16 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുന്നതിന് വേണ്ടി നടത്തി.നവംബര്‍ 26 ലെ ഏകദിന ദേശീയ പണിമുടക്കും പ്രധാന അതിജീവന സമരമാണ്.
സംസ്ഥാന സിവില്‍ സര്‍വ്വീസ് രംഗം
കേന്ദ്രസര്‍വ്വീസില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ അവകാശ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിച്ചത് സ്വാതന്ത്ര്യാനന്തര കാലത്ത് ആയിരുന്നു. 1956 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഏറ്റവും താഴ്ന്ന അടിസ്ഥാന ശമ്പളമായ 25 രൂപ (25–1–35) യിൽ നിന്ന് 23,000 രൂപയില്‍ (23000–50200) എത്തിയത് നിരവധി പോരാട്ടങ്ങളുടെ ഫലമായാണ്. സമയബന്ധിത ശമ്പളപരിഷ്കരണം, ക്ഷാമബത്ത, ബോണസ്, ഏണ്‍ഡ് ലീവ് സറണ്ടര്‍ തുടങ്ങിയവയെല്ലാം ഏതെങ്കിലും ഒരു ഭരണാധികാരിയുടെ ഔദാര്യത്തിന്റെ ഭാഗമായോ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയോ ലഭിച്ചതല്ല; അവകാശ സമരങ്ങളുടെ അനന്തരഫലമായി നേടിയെടുത്തതാണ്. വിദ്യാര്‍ത്ഥിയുടെ ഭക്ഷണപ്പൊതി മോഷ്ടിച്ച അധ്യാപകന്റെ ചിത്രവും സര്‍ക്കാര്‍ ജീവനക്കാരന് പെണ്ണു കൊടുക്കരുത് എന്ന ഒരു മുഖ്യമന്ത്രിയുടെ വാക്കുകളും സർക്കാർ ജീവനക്കാരുടെ ദൈന്യതയുടെയും അരക്ഷിതാവസ്ഥയുടെയും രേഖകളായിരുന്നു. ഇതിനു മാറ്റം വരുത്തിയത് നിരന്തരവും നിരവധിയുമായ പ്രക്ഷോഭങ്ങളിലൂടെയാണ്. 1947 ല്‍ അഖില തിരുവിതാംകൂര്‍ അസോസിയേഷനും 1958ല്‍ 14 സംഘടനകള്‍ ചേര്‍ന്ന് കേരള സര്‍വ്വീസ് സംഘടന ഫെഡറേഷനും, 1962 ല്‍ കേരള എന്‍ജിഒ യൂണിയനും രൂപീകരിക്കപ്പെട്ടു.
കേരള എന്‍ജിഒ യൂണിയന്റെ രൂപീകരണം സംസ്ഥാന സിവില്‍ സര്‍വീസില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കി. കൊളോണിയല്‍ ഭരണം ബാക്കിവച്ച അമിതാധികാരങ്ങളില്‍ അഭിരമിച്ചിരുന്ന ബ്യൂറോക്രസിയുടെ കീഴില്‍ വര്‍ദ്ധിത ചൂഷണത്തിന് വിധേയമാക്കപ്പെട്ടിരുന്ന സാധാരണ ജീവനക്കാരെ അവകാശ സമരത്തിന്റെ ആദ്യാക്ഷരം മുതല്‍ പഠിപ്പിച്ച് അവകാശ സമര സരണിയില്‍ എത്തിച്ചത് കേരള എന്‍ജിഒ യൂണിയനാണ്. ജീവനക്കാരുടെ കേവലമായ സാമ്പത്തികാനുകൂല്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ലോകത്തുള്ള പണിയെടുക്കുന്നവരുടെ ശബ്ദമായി, തൊഴിലാളി വര്‍ഗ്ഗകാഴ്ചപ്പാടുയര്‍ത്തിപ്പിടിക്കുന്നവരായി ജീവനക്കാരെ മാറ്റാനായി.
1947ല്‍ തന്നെ കേരളത്തില്‍ വേതന വര്‍ദ്ധനവിനും ക്ഷാമബത്തയ്ക്കും വേണ്ടിയുള്ള പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഡിസംബര്‍ 15 മുതല്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിന്റെ പ്രധാനആവശ്യം കേന്ദ്രവേതന തുല്യതയും ക്ഷാമബത്തയുമായിരുന്നു. സംസ്ഥാനരൂപീകരണത്തിനു ശേഷം നടന്ന ആദ്യ അനിശ്ചിതകാല പണിമുടക്കാണ് 1967 ലേത്. ജനുവരി 5 ന് ആരംഭിച്ച 12 ദിവസത്തെ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായാണ് കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുഭവഭേദ്യമായത്.
ചരിത്രത്തില്‍ ഇടംനേടിയ
മൂന്ന് പണിമുടക്കുകള്‍
സംസ്ഥാന സിവില്‍ സര്‍വ്വീസിന്റെ ചരിത്രത്തിലെ ഐതിഹാസികവും അവിസ്മരണീയവുമായ പണിമുടക്കാണ് 1973 ലേത്. 50 വര്‍ഷം മുമ്പ് നടന്ന പണിമുടക്കിന്റെ സുവര്‍ണ്ണജൂബിലി ആഘോഷസമയമാണിപ്പോള്‍. വളരെ തുച്ഛമായ ശമ്പളത്തില്‍ ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാരുടെ വേതന പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. സര്‍ക്കാര്‍ തികച്ചും നിഷേധാത്മകസമീപനമാണ് സ്വീകരിച്ചത്. പണിമുടക്കിനെ നേരിടാന്‍ എസ്മപോലുള്ള കരിനിയമങ്ങളും അറസ്റ്റ്, ജയില്‍, സസ്പെന്‍ഷന്‍, പിരിച്ചുവിടല്‍ എന്നിവ വ്യാപകമാക്കി. യൂത്ത്കോണ്‍ഗ്രസ് ഗുണ്ടകളും ചില പിന്തിരിപ്പന്‍ സര്‍വ്വീസ് സംഘടനകളും പണിമുടക്കിയ ജീവനക്കാരെ കടന്നാക്രമിച്ചു. എകെജിയും ഇ.എം.എസും സമരത്തെ പിന്തുണച്ചു. തൊഴിലാളികളും കര്‍ഷകരും സമരത്തെ പിന്തുണയ്ക്കാനെത്തി. പണിമുടക്കിയ ജീവനക്കാരുടെ സംരക്ഷണം ഏറ്റെടുക്കുകയും അവരുടെ വീട് പട്ടിണി ആകാതിരിക്കാന്‍ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ വിഹിതം എത്തിച്ചുനല്‍കുകയും ചെയ്തു. സമരകേന്ദ്രങ്ങളെല്ലാം കഞ്ഞിപകര്‍ച്ചകളായി മാറി. ജനുവരി 10ന് ആരംഭിച്ച പണിമുടക്ക് എല്ലാ അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് 54 ദിവസം നീണ്ടുനിന്നു. തൊഴില്‍ സമരങ്ങളോട് ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്ന സര്‍ക്കാരിനോട് സമരം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നുകണ്ട് മാര്‍ച്ച് 4ന് സമരം പിന്‍വലിക്കുകയുണ്ടായി. പണിമുടക്ക് ഏകപക്ഷീയമായി പിന്‍വലിച്ചെങ്കിലും അവകാശസരമങ്ങള്‍ പരാജയപ്പെടില്ലെന്ന് തെളിയിക്കപ്പെട്ടു. സമരം പരാജയപ്പെട്ടുവെന്ന് അഹങ്കരിച്ച സര്‍ക്കാരിനോടായി അമര്‍ന്നുകത്തുന്ന തീയും ആളിക്കത്തുന്നതീയും തീയാണെന്ന ഇ.പത്മനാഭന്റെ വാക്കുകള്‍ തുടര്‍ന്ന് ഇങ്ങോട്ടുള്ള മുഴുവന്‍ പ്രക്ഷോഭങ്ങളുടെയും മന്ത്രധ്വനിയായി മാറി. അമര്‍ന്നു കത്തുന്ന തീയുടെ ചൂടറിഞ്ഞ സര്‍ക്കാര്‍ അധികം വൈകാതെതന്നെ ശമ്പളപരിഷ്കരണം നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായി. 5 വര്‍ഷ സമയബന്ധിത ശമ്പളപരിഷ്കരണത്തിന് അടിത്തറപാകിയ സമരമാണിത്. ജീവനക്കാരും കര്‍ഷകരും തൊഴിലാളികളുമെല്ലാം ചേർന്ന് ഐക്യപ്പെടലിന്റെ ഒരു പുതിയ അധ്യായം തന്നെ രചിക്കപ്പെട്ടു. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇടയിലുള്ള ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതായിരുന്നു ഈ പണിമുടക്ക്. തുടര്‍ന്നാണ് 1973 ല്‍ 19 സംഘടനകള്‍ ചേര്‍ന്ന് എഫ്എസ്ഇടിഒ യ്ക്ക് രൂപം നല്‍കിയത്. അടിയന്തരാവസ്ഥക്കാലത്ത് ജീവനക്കാരോട് പ്രത്യേകിച്ച് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരോട്, സര്‍ക്കാര്‍ കാണിച്ച പ്രതികാരനടപടികള്‍ ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇ പത്മനാഭനും, പി.ആര്‍.രാജനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്ത് മാസങ്ങളോളം ജയിലിലടച്ചു. എന്നാല്‍ ഇതിനൊന്നും സംഘടനാപ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ സാധിച്ചില്ല. 1978, 1984, 1985 എന്നീ വര്‍ഷങ്ങളില്‍ നടത്തിയ അനിശ്ചിതകാല പണിമുടക്കുകൾമൂലമാണ‍് സമയബന്ധിത ശമ്പളപരിഷ്കരണം സ്ഥാപിച്ചുനിര്‍ത്താനായത്. 1971 ല്‍ ഇടക്കാലാശ്വാസത്തിനു വേണ്ടിയും 1975 ല്‍ കുടിശ്ശിക ക്ഷാമബത്തക്കുവേണ്ടിയും 1983 ല്‍ ഏണ്‍ഡ് ലീവ് സറണ്ടര്‍ മരവിപ്പിച്ചതിനെതിരേയും നടത്തിയ ശക്തമായ പണിമുടക്ക് പ്രക്ഷോഭഫലമായാണ് ഇന്ന് ഇവയൊക്കെ സിവില്‍ സര്‍വ്വീസില്‍ നിലനില്‍ക്കുന്നത്.
1990കള്‍ക്കുശേഷം നടന്ന പ്രക്ഷോഭങ്ങളുടെയെല്ലാം സവിശേഷത അവയെല്ലാം പുതിയ അവകാശാനുകൂല്യങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല എന്നതാണ്. പകരം നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ സംരക്ഷിച്ചുനിര്‍ത്താനും കവര്‍ന്നെടുക്കപ്പെട്ടവ തിരിച്ചു പിടിക്കാനുമുള്ളതായിരുന്നു. 1990 കളുടെ ആദ്യവര്‍ഷങ്ങളില്‍ തന്നെ 1992 മുതല്‍ നടപ്പിലാക്കിയ കേന്ദ്ര ശമ്പള തുല്യത നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളുടെയും നിഷേധമായിരുന്നു. 5 വര്‍ഷ ശമ്പളപരിഷ്കരണമെന്ന തത്വത്തിന്റെ നിരാസം കൂടിയാണ് 2002 ജനുവരി 16 ന്റെ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അന്നേവരെ ജീവനക്കാരും അധ്യാപകരും അനുഭവിച്ചുപോരുന്ന ക്ഷാമബത്ത, പെന്‍ഷന്‍, ഏണ്‍ഡ്ലീവ് സറണ്ടര്‍ തുടങ്ങി 28 അവകാശാനുകൂല്യങ്ങളാണ് കവര്‍ന്നെടുത്തത്. പിന്നീട് സിവില്‍ സര്‍വ്വീസ് ദര്‍ശിച്ചത് സമാനതകളില്ലാത്ത ഒരു പണിമുടക്കായിരുന്നു. തിളച്ചുപൊങ്ങിയ പ്രതിഷേധത്തില്‍ മുഴുവന്‍ സംഘടനകളും അണിചേര്‍ന്നു. 2002 ഫെബ്രുവരി 6 മുതല്‍ 32 ദിവസത്തെ അനിശ്ചിതകാല പണിമുടക്കിനെതിരെ ജീവനക്കാരെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള കുടിലതന്ത്രങ്ങള്‍ വലിയൊരളവില്‍ പ്രയോഗിക്കപ്പെട്ടുവെങ്കിലും അന്തിമ വിജയം ഐക്യസമരത്തിനുതന്നെയായിരുന്നു. അവകാശ നിഷേധത്തിന്റെ ഉത്തരവുകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിന് പിന്‍തിരിയേണ്ടിവന്നു. ഏഷ്യന്‍ വികസന ബാങ്കിന്റെ നിര്‍ദ്ദേശാനുസരണമുള്ള നവലിബറല്‍ നയത്തിന്റെ തിട്ടൂരങ്ങള്‍ അടിച്ചേല്പിക്കാനുള്ള ശ്രമത്തെയാണ് ചെറുത്തുതോല്പിച്ചത്. സമരം ചെയ്തില്ലായിരുന്നുവെങ്കില്‍ പങ്കാളിത്തപെന്‍ഷനും, തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവുമെല്ലാം 2002 ല്‍ തന്നെ തുടങ്ങുമായിരുന്നു. ധനമൂലധനത്തിന്റെ കടന്നുകയറ്റത്തിന് പാതയൊരുക്കിയ ഭരണകൂടത്തിന് ജീവനക്കാരുടെ ഐക്യത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. രാഷ്ട്രീയരംഗത്ത് വലിയ ചലനം സൃഷ്ടിക്കാന്‍ ആ പണിമുടക്കിനായി.
നവലിബറല്‍ നയം പിന്നീട് കേരളത്തില്‍ വീണ്ടും ശക്തമായ കടന്നുകയറ്റം നടത്തിയത് 2013 ലാണ്. 1.4.2013 മുതല്‍ പങ്കാളിത്തപെന്‍ഷന്‍പദ്ധതി നടപ്പിലാക്കുക വഴി സിവില്‍ സര്‍വ്വീസ് ഉറപ്പുനല്‍കിയ ജീവിതസുരക്ഷാകവചം തന്നെ എടുത്തുമാറ്റപ്പെട്ടു. 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിലും സിവില്‍ സര്‍വ്വീസിനകത്തുള്ള ചില സംഘടനകളുടെ കങ്കാണിപ്പണി സമരത്തെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. സമരത്തിനൊടുവില്‍ ഒപ്പുവച്ച ഒത്തുതീര്‍പ്പ് ധാരണപോലും നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ രാജ്യത്ത് നടന്ന ഏറ്റവും കരുത്തുറ്റ പണിമുടക്ക് പ്രക്ഷോഭമാണ് കേരളത്തിലേത്. സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധന സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നതും രാജ്യത്താകമാനം ഇത് പിന്‍വലിക്കാനാവശ്യമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നതും ഈ പോരാട്ടഫലമായാണ്. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയവര്‍പോലും ഇപ്പോള്‍ സമരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരിക്കുകയാണ്.
നവലിബറല്‍ നയങ്ങള്‍ക്ക് ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസിന്റെ രക്ഷാകവചമായി നില്‍ക്കുകയാണ്. കോവിഡും കേന്ദ്രസര്‍ക്കാരും സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സമയബന്ധിത ശമ്പളപരിഷ്കരണം നടപ്പില്‍വരുത്തിയും, 40,000 പുതിയ തസ്തിക സൃഷ്ടിച്ചും 2 ലക്ഷത്തോളം നിയമനങ്ങള്‍ നടത്തിയും സിവില്‍ സര്‍വ്വീസിന്റെ ശക്തിയും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആനുകൂല്യങ്ങളുടെ നിഷേധമോ അവകാശങ്ങളുടെ കവര്‍ന്നെടുക്കലോ സര്‍ക്കാരിന്റെ നയമല്ല. രാജ്യത്ത് കേന്ദ്രസര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നതിനെതിരെ രാജ്യത്താകമാനമുള്ള കേന്ദ്ര–സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും യോജിച്ച പോരാട്ടം ശക്തിപ്പെടുത്തേണ്ട അനിവാര്യമായ കാലത്താണ് നാം ജീവിക്കുന്നത്. വിവിധ കാലങ്ങളില്‍ ജീവന്‍ പോലും ത്യജിച്ചുകൊണ്ട് തൊഴിലാളികൾ നേടിയെടുത്ത അവകാശാനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്ന ഈ കാലത്ത് പുതിയ യോജിച്ച പോരാട്ടങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. ♦