ജനങ്ങളുടെ സംഘടനയായ സര്‍ക്കാര്‍ അതിന്റെ രാഷ്ട്രതന്ത്രത്തിലൂടെ (State Craft) വിഭാവനം ചെയ്യുന്ന പൊതുസേവനങ്ങള്‍ ആവിഷ്കരിക്കാനും, തീരുമാനങ്ങള്‍ നടപ്പിലാക്കാനുമുള്ള, സ്ഥിരവും തൊഴില്‍പരവുമായി കഴിവുമുള്ള, പ്രതിഫലം നല്‍കി ചുമതലപ്പെടുത്തിയ, മേല്‍കീഴ് ബന്ധത്തിലധിഷ്ഠിതമായ സംഘടിത സംവിധാനത്തെയാണ് സിവില്‍ സര്‍വ്വീസ് എന്ന് വിവക്ഷിക്കുന്നത്. ക്രിസ്തുവിനു മുമ്പ് (BC 220-206) ചൈനയിലെ ക്വിന്‍, ഹാന്‍ തുടങ്ങിയ രാജവംശങ്ങളുടെ കാലത്താണ് ഏറ്റവും ആദിമമായ പൊതുഭരണ സംവിധാനങ്ങളുടെ സൂചനകള്‍ ലഭ്യമാകുന്നത്. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് മത്സരപരീക്ഷകള്‍ നടത്തുന്നതിനായി, ചൈനീസ് ഇമ്പീരിയല്‍ എക്സാമിനേഷന്‍ ബോര്‍ഡ് എന്ന സ്ഥാപനം നിലനിന്നതായും കാണുന്നു. ഈജിപ്റ്റ്, റോം എന്നിവ ഉള്‍പ്പെടെയുള്ള മഹാസാമ്രാജ്യങ്ങളിലും നിലനിന്ന ഏറ്റവും പ്രാചീനവും, എന്നാല്‍ ഏറെക്കുറെ തൃപ്തികരവുമായ സിവില്‍ സര്‍വ്വീസ് സംവിധാനങ്ങളുടെ ചുവടുകളാണ് പിന്നീട് പല ദേശങ്ങളില്‍ പകര്‍ത്തപ്പെട്ടത്. ബി.സി.നാലാം നൂറ്റാണ്ടില്‍ (324– 300) ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ പ്രധാന സചീവൻ ചാണക്യന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജ്യതന്ത്രജ്ഞനായ ‘കൗടില്യന്റെ അര്‍ത്ഥശാസ്ത്രം’ എന്ന പ്രാമാണിക ഗ്രന്ഥത്തിലൂടെ ആവിഷ്കൃതമായ രാഷ്ട്രീയ-–സാമ്പത്തിക സിദ്ധാന്തത്തിലൂടെ രൂപപ്പെട്ട ഒരു സിവില്‍ സര്‍വ്വീസ് സംവിധാനത്തെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും സാധാരണമായ ഭരണവ്യവസ്ഥ രാജവാഴ്ചയാണെന്ന മുന്‍വിധിയോടെ വര്‍ണ്ണാശ്രമങ്ങള്‍ ഉറപ്പുവരുത്തി ദണ്ഡനീതി നികൃഷ്ടമായി നടപ്പില്‍ വരുത്തിയുമാണ് അര്‍ത്ഥശാസ്ത്രം പ്രതിപാദിക്കുന്ന പ്രജാക്ഷേമ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. അര്‍ത്ഥശാസ്ത്രത്തിലെ രാഷ്ട്രീയ, സാമ്പത്തിക സിദ്ധാന്തങ്ങള്‍ ആധാരമാക്കിയിട്ടുള്ള അന്വേഷണങ്ങള്‍ പ്രാചീന യവനദാര്‍ശനികരായ പ്ലേറ്റോയുടെ (ബിസി 427–347) റിപ്പബ്ലിക്കിലും, അരിസ്റ്റോട്ടിലിന്റെ (ബിസി 384–322) പൊളിറ്റിക്സിലും വരെ ചെന്നെത്തുന്നുണ്ട്. ഇങ്ങനെ ആധുനിക ഭരണകൂടങ്ങൾ രൂപംകൊള്ളുന്നതിനു മുമ്പുതന്നെ ബ്യൂറോക്രാറ്റിക് രൂപങ്ങള്‍ റോമന്‍ കത്തോലിക്കാസഭയെയും, മധ്യകാല നഗരങ്ങളെയും നിയന്ത്രിച്ചിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ആധുനിക യൂറോപ്പില്‍ ഉദ്യോഗസ്ഥഭരണം ആവിര്‍ഭവിച്ചത് പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലാണെങ്കിലും ഇതിനു മാതൃകയാക്കിയത് പതിനേഴും, പതിനെട്ടും നൂറ്റാണ്ടില്‍ പ്രഷ്യ ഭരിച്ചിരുന്ന ഫ്രഡറിക് രണ്ടാമന്റെയും, ഫ്രാന്‍സിലെ നെപ്പോളിയന്‍ ഒന്നാമന്റെയും സിവില്‍ സര്‍വ്വീസിനെയാണ്. ഫ്രാന്‍സിലെയും ഇംഗ്ലണ്ടിലെയും ഈ ഉദ്യോഗസ്ഥവര്‍ഗ കുലീന വിഭാഗമായിരുന്നു.
തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ അവരുടെ താല്‍പ്പര്യക്കാരെ നിറച്ച് രൂപംകൊടുക്കുന്ന ഉദേ-്യാഗസ്ഥ ഭരണ സംവിധാനമായ സ്പോയില്‍ സിസ്റ്റം (Spoil System) പരമ്പരാഗത അവകാശികളെയും, പാര്‍ശ്വവര്‍ത്തികളെയും ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥ സംവിധാനമായ പാട്രനേജ് സിസ്റ്റം (Patroanage System) സിവില്‍ സര്‍വ്വീസിലെ വിഭിന്ന രൂപങ്ങളാണ്. എന്നാല്‍ ബ്രിട്ടണില്‍ 1853 ലെ നോര്‍ത്ത്കോട്ട് ട്രിവേലിയന്‍ (Northcote-Trevelyan) റിപ്പോര്‍ട്ടും അമേരിക്കയില്‍ നിലവില്‍ വന്ന പെന്‍ഡിൽടന്‍ (Pendelton Act, 1883) ആക്റ്റും, ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാന്‍ യോഗ്യത അടിസ്ഥാനമാക്കുന്നതിനു തുടക്കംകുറിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാൻ 1947 ല്‍ അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ സിവില്‍ സര്‍വ്വീസ് പരിഷ്കരിക്കാന്‍ വേണ്ടി രൂപംനല്‍കിയ ഹൂവര്‍ കമ്മീഷന്‍, സിവില്‍ സര്‍വ്വീസ് ഉദേ-്യാഗസ്ഥര്‍ എല്ലാത്തരം രാഷ്ട്രീയ ബന്ധങ്ങളില്‍നിന്നും അകലം പാലിച്ച് രാഷ്ട്രീയ നിശ്ശബ്ദതയും, നിഷ്പക്ഷ നിലപാടും പുലര്‍ത്തണമെന്ന് നിഷ്കര്‍ഷിച്ചു. ഇത് മറ്റു രാജ്യങ്ങളും പിന്‍തുടര്‍ന്നു.
ഒക്ടോബര്‍ വിപ്ലവവും, സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി ആവിഷ്കരിച്ച ക്ഷേമപ്രവര്‍ത്തനങ്ങളും സിവില്‍ സര്‍വ്വീസിനെക്കുറിച്ചുളള പുതിയ അറിവുകള്‍ ലോകത്തിന് നല്‍കി. ഭരണകൂടത്തിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിതമായ രീതിയില്‍ സിവില്‍ സര്‍വ്വീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഏറെ വിശാലവും, കേന്ദ്രീകൃത നേതൃത്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ ഇവിടങ്ങളിലെ സിവില്‍ സര്‍വ്വീസ് വന്‍ സ്വാധീനമാണ് ജനങ്ങളില്‍ പുലര്‍ത്തുന്നത്. എന്നാല്‍ പട്ടാള ഏകാധിപതികളുടെയും, ഫാസിസ്റ്റ് ഭരണകര്‍ത്താക്കളുടെയും കീഴിലെ സിവില്‍ സര്‍വ്വീസ് ശരിയായി പ്രവര്‍ത്തിക്കാത്തതും മര്‍ദ്ദക സ്വഭാവമുളളതുമാണ്.
യൂറോപ്പില്‍ മുതലാളിത്തത്തിന്റെ ഉത്ഭവകാലത്തെ നവചിന്താ പദ്ധതിയാണ് ലിബറലിസം. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ പാടില്ലെന്ന് വാദിച്ചവരാണ് ലിബറലുകള്‍. കുറച്ച് ഭരിക്കുന്ന സര്‍ക്കാരാണ് നല്ലത് എന്ന ലൈസേ–ഫെയര്‍ വാദം അവര്‍ പ്രചരിപ്പിച്ചു, അങ്ങനെ വളര്‍ച്ച പ്രാപിച്ച ലിബറലിസം സിവില്‍ സര്‍വ്വീസിനെയും ബാധിച്ചു. ഭരണകൂടങ്ങളുടെ അടിവേര് ഇളക്കുന്ന ആശയപരമായ അടിത്തറ അവര്‍ വ്യാപിപ്പിച്ചു. മുപ്പതുകളില്‍ അതിരൂക്ഷമായ മാന്ദ്യത്തിലേയ്ക്ക് ലോകം കൂപ്പുകുത്തി. സമ്പദ്ഘടനയെ സര്‍വ്വസ്വതന്ത്രമായി വിടാന്‍പാടില്ലെന്നും മാന്ദ്യവും വിലക്കയറ്റവും വരുമ്പോള്‍ സര്‍ക്കാരിടപെട്ട് ഡിമാൻഡുകൂട്ടി സാമ്പത്തിക ഉത്തേജനം കൂട്ടണമെന്ന പുതിയ ദര്‍ശനം മുതലാളിത്ത സാമ്പത്തികവിദഗ്ധനായ ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ് മുന്നോട്ടുവെച്ചു. മാന്ദ്യത്തിന്റെ പിടിയിലായ മുതലാളിത്ത രാജ്യങ്ങള്‍ കെയിന്‍സിന്റെ ഈ വാദത്തെ ആവേശപൂര്‍വ്വം ഏറ്റെടുത്തു. സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. രണ്ടാംലോകയുദ്ധത്തിനുശേഷം റേഷനിംഗ് പോലുളള പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടത് സിവില്‍ സര്‍വ്വീസിന്റെ വികാസത്തിന് ഹേതുവായി. എന്നാല്‍ വളരെപ്പെട്ടെന്ന് തന്നെ കെയ്നീഷ്യന്‍ വാദത്തിനെതിരെ ഒരുകൂട്ടം മുതലാളിത്ത ചിന്തകര്‍ രംഗത്തുവന്നു. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ അവസാനിപ്പിക്കണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ പാടില്ല. നഷ്ടത്തിലുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് തുടങ്ങിയ വാദങ്ങള്‍ അവര്‍ ഉയര്‍ത്തി. ഇതാണ് നിയോലിബറലിസം (Neo-Liberalism) എന്നറിയപ്പെട്ടത്. ലോകം നിയോലിബറലിസത്തിന്റെ കാഴ്ചപ്പാടിലേയ്ക്ക് പ്രവേശിച്ചു. ചിലിയിലെ അലന്‍ഡെ ഭരണകൂടത്തെ അട്ടിമറിച്ച് പുതിയ ഭരണ സംവിധാനം നിലവില്‍ വന്നതും, പുതിയ ഭരണ പരീക്ഷണങ്ങള്‍ക്ക് കളമൊരുക്കി. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും, ട്രേഡ് യൂണിയനുകളെ തളര്‍ത്താനും ആരംഭിച്ചു. ഇതേ കാലയളവിലാണ് അമേരിക്കയില്‍ റീഗണും, ബ്രിട്ടണില്‍ താച്ചറും അധികാരത്തിലെത്തിയത്. എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കുന്ന ഒരു പുതിയ ലോക വ്യവസ്ഥ, ഉദാരവല്‍ക്കരണം ഒരു പുതിയ ലോകം ക്രമമായി വികസിക്കാന്‍ തുടങ്ങി. ക്ഷേമരാഷ്ട്ര സങ്കല്‍പ്പം തകര്‍ന്നു, വ്യാപാര കരാറുകളും, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും പല രാജ്യങ്ങളിലും ആരംഭിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ഒരു ഇടനിലക്കാരന്റെ ഉത്തരവാദിത്വത്തിലേയ്ക്ക് ചുരുങ്ങി. സിവില്‍ സര്‍വ്വീസ് ദുര്‍ബലമാകാന്‍ തുടങ്ങി.
ശാസ്ത്ര–സാങ്കേതികവിദ്യയുടെ വിസ്മയകരമായ വളര്‍ച്ച ചൂഷണത്തിന്റെ പുതിയ ആകാശങ്ങള്‍ സാമ്രാജ്യത്വത്തിന്റെ മുന്നില്‍ തുറന്നുവെച്ചു. ലോകത്താകെ തൊഴില്‍സ്ഥിതി ആശങ്കാജനകമായി. കോണ്‍ട്രാക്റ്റ്, കാഷ്വല്‍, ടെമ്പററി, പാര്‍ട്ട്ടൈം, ഫിക്സഡ് ടൈം, ഗൃഹാധിഷ്ഠിത തൊഴില്‍ എന്നിങ്ങനെ തൊഴിലിന്റെ വകഭേദങ്ങള്‍ രൂപപ്പെട്ടു. ജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യ (Information Technology) പുതിയ ഓണ്‍ലൈന്‍ പ്രതലങ്ങളെ സൃഷ്ടിച്ചു. സേവനമേഖലയുടെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ ഇന്ന് സിവില്‍ സര്‍വ്വീസില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്. റോബോട്ടിക് സെന്‍സറുകളും ഹ്യൂമനോയിഡ് റോബര്‍ട്ടുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വമ്പിച്ച മാറ്റങ്ങളാണ് സിവില്‍ സര്‍വ്വീസില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ സിവില്‍ സര്‍വ്വീസില്‍ വരുത്തുന്ന വിനാശകരമായ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുകയാണ്.
സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍
പ്രാചീന ഇന്ത്യയിലെ ആദ്യ ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ കാലത്ത് തികഞ്ഞ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന തദ്ദേശ ഭരണവ്യവസ്ഥ നിലനിന്നിരുന്നതായി മെഗസ്തനീസ് വിവരിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നീതിയുക്തമായി സമ്പത്ത് വിതരണം ചെയ്യണമെന്നും, ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള സങ്കല്‍പ്പം അന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഭരണം, നിയമം, ക്രമം, നീതി, നികുതി പിരിവ്, പൊതു വരുമാനവും ചെലവും, നയതന്ത്രം, വിദേശകാര്യം, ചാരവൃത്തി, പ്രതിരോധം, തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതുഭരണ സംവിധാനം അന്ന് നിലനിന്നിരുന്നു. മുഗള്‍ ഭരണകാലത്തെ മന്‍സബ്ദാരി സമ്പ്രദായത്തിലും നിയതമായ സേവനവ്യവസ്ഥകളില്‍ കേന്ദ്രീകൃത ബ്യൂറോക്രാറ്റിക് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. റവന്യൂ, ജുഡീഷ്യല്‍ വിഭാഗങ്ങള്‍ ഏറെ ശാസ്ത്രീയമായി അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് നിലനിന്നിരുന്നു. പൊതുഭരണത്തിന്റെ പുതിയ മാതൃകകളും അദ്ദേഹം സൃഷ്ടിച്ചു 1600 കളുടെ അവസാനത്തോടെ ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ കാലുറപ്പിച്ചു. 1765 ല്‍ മുഗള്‍ ചക്രവര്‍ത്തിക്കു വേണ്ടി കരംപിരിക്കാനുളള അവകാശം കമ്പനിയ്ക്ക് ലഭിച്ചു.രാജ്യത്തിന്റെ സുപ്രധാന പ്രവിശ്യകളില്‍ ബ്രിട്ടീഷ് മാതൃകയിലുളള സമാന്തര സിവില്‍ഭരണ രൂപങ്ങള്‍ കമ്പനി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിപ്പിച്ചു. ഇന്ത്യയില്‍ ആധുനിക സര്‍വ്വീസിന് കമ്പനി ഭരണം തുടക്കം കുറിക്കുകയായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനി ഭരണ നിയന്ത്രണത്തിനായി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ചാര്‍ട്ടര്‍ ആക്ട്, കമ്പനിയുടെ സിവില്‍ ഭരണ സംവിധാനം കൂടുതല്‍ ചിട്ടപ്പെടുത്തി. ഓരോ ഇരുപത് വര്‍ഷം കൂടുമ്പോഴും ഇത് പുതുക്കിക്കൊണ്ടിരുന്നു. രൂപവല്‍ക്കരണകാലത്ത് നിര്‍ണ്ണായക വഴിത്തിരിവായിഇത്; കമ്പനി ഭരണമേഖലകളിലെ ജില്ലാ ഭരണ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യൂറോപ്യന്‍ കളക്ടര്‍മാര്‍ രംഗത്തുവന്നു. കല്‍ക്കത്തയില്‍ റവന്യൂ ബോര്‍ഡ് സ്ഥാപിച്ചു. കല്‍ക്കട്ട ആസ്ഥാനമായി പൊതുഭരണം, സിവില്‍ സമുദ്രസൈനിക കാര്യങ്ങള്‍, വാണിജ്യ കാര്യങ്ങള്‍, റവന്യൂ നിയമകാര്യങ്ങള്‍ എന്നീ നാല് വകുപ്പുകളടങ്ങളിയ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഭരണം നിയന്ത്രിച്ചു. പ്രവര്‍ത്തനത്തിനായി മിലിറ്ററി ബോര്‍ഡ്, റവന്യൂ ബോര്‍ഡ്, ട്രേഡ് ബോര്‍ഡ്, ട്രഷറി അക്കൗണ്ട്സ്, കമ്മട്ടം, പോസ്റ്റല്‍ എന്നിവ നിലവില്‍വന്നു. പിന്നീട് മെഡിക്കല്‍ ബോര്‍ഡും. ഗവണ്‍മെന്റ് സ്രെകട്ടറിമാരും നിയമിക്കപ്പെട്ടു. എന്നാല്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന ജനകീയ മുന്നേറ്റത്തോടെ കമ്പനി ഭരണത്തിന് അവസാനമായി. ബ്രിട്ടീഷ് സാമ്രാജ്യം നേരിട്ട് ചുമതലകള്‍ ഏറ്റെടുത്തു. തുടര്‍ന്ന് ജില്ലാ ബോര്‍ഡുകളും മുനിസിപ്പാലിറ്റികളും രൂപീകരിക്കപ്പെട്ടു. റോഡ്, ഗതാഗത സൗകര്യങ്ങള്‍ വർധിപ്പിച്ചത് ഭരണനിര്‍വ്വഹണം വളരെ എളുപ്പത്തിലാക്കി. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോര്‍ഡ് കോണ്‍വാലിസാണ് ഈ സുപ്രധാന മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
യൂറോപ്യന്‍മാര്‍ക്ക് കരാര്‍പ്രകാരം (Covenated) മേധാവിത്വമുള്ള സിവില്‍ സര്‍വ്വീസും, ഇന്ത്യാക്കാര്‍ക്കായി മാറ്റിവെച്ച മറ്റൊരു സര്‍വ്വീസുമായി രണ്ടു വിഭാഗമായാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ പാര്‍ശ്വവര്‍ത്തികളാണ് പ്രധാനമായും ജോലി ചെയ്തിരുന്നത്. ഇതിനു മാറ്റംവന്നത് ലോര്‍ഡ് മെക്കാളെ (Lord Macaulay) 1853 ല്‍കൊണ്ടുവന്ന പരിഷ്കാരങ്ങളാണ്. ഇതിലൂടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലേയ്ക്ക് നിയമനം തുടങ്ങി. 1864 ല്‍ രവീന്ദ്രനാഥ് ടാഗോറിന്റെ മൂത്ത സഹോദരനായ സത്യേന്ദ്രനാഥ ടാഗോര്‍ ഇന്ത്യന്‍ സിവില്‍സര്‍വ്വീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായി. ലണ്ടനില്‍ സ്ഥാപിതമായ സിവില്‍ സര്‍വ്വീസ് കമ്മീഷനാണ് ഇതിന് നേതൃത്വം നല്‍കിയത്. 1922മുതല്‍ ലണ്ടനു പുറമേ ഇന്ത്യയിലും സിവില്‍ സര്‍വ്വീസ് പരീക്ഷ നടത്താന്‍ തുടങ്ങി.ഇതിനായി ഫെഡറല്‍ പബ്ലിക് കമ്മീഷന്‍ സ്ഥാപിച്ചു. തുടര്‍ന്ന് 1924 ല്‍ ലീ കമ്മീഷന്‍ ശുപാര്‍ശപ്രകാരം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടു. 1926 ല്‍ സ്ഥാപിച്ച പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് സ്വാതന്ത്ര്യാനന്തരം യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനായി മാറിയത്. 1904 ല്‍ രാജ്യത്ത് സഹകരണ സംഘ ആക്ട് പാസ്സാക്കി. ഇതേവര്‍ഷംതന്നെ സര്‍വ്വകലാശാല നിയമവും, പുരാതന സ്മാരക സംരക്ഷണ നിയമവും പാസ്സാക്കി. 1905 ജൂലൈ 1 ന് കഴ്സണ്‍ പ്രഭു സ്റ്റാന്റേര്‍ഡ് സമയത്തിന് തുടക്കംകുറിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പൊതുഭരണവും സിവില്‍ സര്‍വ്വീസിന്റെ വികാസത്തില്‍ മുഖ്യ പങ്കുവഹിച്ചു. പ്രത്യേകിച്ച് സാമൂഹികവും, സാമ്പത്തികവുമായ സമത്വത്തിനും നീതിക്കുമായി സോഷ്യലിസ്റ്റ് എന്ന പദം കടന്നുവന്നതും, സോവിയറ്റ് റഷ്യയിലെ ആസൂത്രണ പ്രക്രിയയുടെ സ്വാധീനത്താല്‍ പഞ്ചവത്സര പദ്ധതികളുടെ ആവിഷ്കാരവും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന് പുതിയ മുഖം നല്‍കി. പൊതുമേഖലാസ്ഥാപനങ്ങളുടെ രൂപീകരണത്തിന് ഇത് പ്രാമുഖ്യം നല്‍കി. ഭരണഘടനയുടെ 73, 74ഭേദഗതികളുടെ അടിസ്ഥാനത്തിലുളള പഞ്ചായത്ത്, നഗരപാലികാ സംവിധാനങ്ങളും സിവില്‍ സര്‍വ്വീസില്‍ മാറ്റം കൊണ്ടുവന്നു.
1980 കള്‍ക്കുശേഷം ഇന്ത്യയും ആഗോളവല്‍ക്കരണ നയങ്ങളിലൂടെ കടന്നുപോകുകയാണ്. ഗവണ്‍മെന്റിന്റെ പങ്ക് ഒരു വ്യവസായ സംരംഭകന്‍, നിക്ഷേപകന്‍. ഉടമസ്ഥന്‍ എന്നതില്‍ നിന്നും ഒരു വിദഗ്ധന്റെയും, മധ്യസ്ഥന്റെയും നിലയിലേയ്ക്ക് മാറി. ആസൂത്രണ ബോര്‍ഡ് പിരിച്ചുവിട്ടു. സേവനമേഖലകളില്‍ മുതല്‍മുടക്ക് കുറഞ്ഞു. പെന്‍ഷന്‍ അട്ടിമറിച്ചു. സിവില്‍ സര്‍വ്വീസ് ആശങ്കാജനകമെന്നോണം ചെറുതായി. പുതിയ തൊഴില്‍ നിയമങ്ങളും വി.ആര്‍.എസ്എന്ന സാമൂഹ്യ തിന്‍മയും മൂലധനത്തിന്റെ അസാധാരണ സ്ഫോടനങ്ങളിലൂടെ കടന്നുവന്നു. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഗവൺമെന്റിന്റെ പിന്‍മാറ്റം ഇന്ത്യയിലെ സിവില്‍സര്‍വ്വീസിനെ അമ്പേ ചുരുക്കിയിരിക്കുന്നു. ഒരു പ്രശ്നമേഖലായി സിവില്‍ സര്‍വ്വീസ് മാറുകയാണ്. ♦