Monday, September 9, 2024

ad

Homeപ്രതികരണം‘അനന്യമലയാളം’ 
മറ്റൊരു കേരള മാതൃക

‘അനന്യമലയാളം’ 
മറ്റൊരു കേരള മാതൃക

ടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് അനന്യമലയാളം. അതിഥിത്തൊഴിലാളികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനും കേരളത്തിന്റെ സംസ്കാരം അവരുമായി പങ്കുവെക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണിത്.

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ നൂറുദിന കര്‍മ്മപരിപാടിയാണിത്. അതിന്റെ മുദ്രാവാക്യമാകട്ടെ ‘കൈകള്‍ കോര്‍ത്ത് കരുത്തോടെ’ എന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം ചേര്‍ത്തുകൊണ്ട് മുന്നോട്ടുനീങ്ങുക എന്നാണത് അർത്ഥമാക്കുന്നത്.

ഇതര ദേശങ്ങളിൽ വസിക്കുന്ന മലയാളികള്‍ എന്നപോലെ കേരളത്തിൽ വസിക്കുന്ന ഇതരദേശക്കാരും കേരള സമൂഹത്തിന്റെ ഭാഗമാണ്. അങ്ങനെ നോക്കുമ്പോള്‍ ‘കൈകള്‍ കോര്‍ത്ത് കരുത്തോടെ’ എന്ന മുദ്രാവാക്യത്തിന് വിശാലവും സവിശേഷവുമായ ഒരു അര്‍ത്ഥമുണ്ടാവുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം അതിഥിത്തൊഴിലാളികള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. 20 ലക്ഷത്തോളം അതിഥിത്തൊഴിലാളികള്‍ നിര്‍മ്മാണമേഖലയിൽ പണിയെടുക്കുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. 7 ലക്ഷത്തോളം അതിഥിത്തൊഴിലാളികള്‍ ഉത്പാദന മേഖലയുടെ ഭാഗമാണെന്നും കണക്കാക്കപ്പെടുന്നു. അവരിൽ പലരും കുടുംബമായി ഇവിടെ താമസിക്കുന്നവരാണ്. അവരുടെ ദൈനംദിനാവശ്യങ്ങളും മറ്റും നിറവേറ്റുന്നതിന് ഇവിടുത്തെ ഭാഷ ഏറെ പ്രധാനമാണ്. ഏതെങ്കിലും ഒരു സ്കൂളിൽ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കണമെങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിൽ പോകണമെങ്കിലും ഒക്കെ അവര്‍ക്കു മലയാളഭാഷ ഉപയോഗിക്കേണ്ടിവരും. ആ നിലയ്ക്ക് അവരുടെ ജീവിതം സുഗമമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പരിപാടി നടപ്പാക്കുന്നത്.

ഇതാദ്യമായല്ല അതിഥിത്തൊഴിലാളികളെ സവിശേഷമായി കണ്ടുകൊണ്ടുള്ള ഇടപെടൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അതിഥിത്തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. അവര്‍ക്ക് മിതമായ നിരക്കിൽ വാസസ്ഥലം നൽകുന്നതിനായി രൂപീകരിച്ചതാണ് ‘അപ്നാ ഘർ’ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതിഥിത്തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ‘ആലയ്’.

അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം, രജിസ്ട്രേഷന്‍ എന്നിവയ്ക്കായി ‘ആവാസ്’ എന്ന പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും –ശ്രമിക് ബന്ധു– ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ അവരെ കേരളസമൂഹത്തിന്റെ തന്നെ ഭാഗമായി കണ്ടുകൊണ്ടുള്ള നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്-കരിച്ചു മുന്നോട്ടുപോവുകയാണ്. അവയുടെയെല്ലാം തുടര്‍ച്ചയാണ് അനന്യ മലയാളം പദ്ധതി.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിൽ വലിയ തോതിലുള്ള രാഷ്ട്രീയ പ്രാധാന്യം കൂടി ഈ പദ്ധതിക്കുണ്ട്. മലയാളഭാഷ ഉള്‍പ്പെടെയുള്ള മാതൃഭാഷകളെ അരികുവത്കരിച്ചുകൊണ്ട് ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന തരത്തിലുള്ള മുദ്രാവാക്യം ഉയര്‍ത്തപ്പെടുന്ന ഘട്ടമാണിത്. ക്ലാസിക്കൽ ഭാഷാപദവിയുള്ള മലയാള ഭാഷയുടെ പരിപോഷണത്തിനായി ഒരു രൂപ പോലും ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മലയാള ഭാഷയെ കൂടുതൽ ഇന്ത്യക്കാരിലെത്തിക്കുന്നത് ഒരു രാഷ്ട്രീയ ഇടപെടൽ കൂടിയാണ്. അതാകട്ടെ ഇന്ത്യയുടെ വൈവിധ്യത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന ഒരു മുന്‍കൈയാണ്.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതിന് അടിവരയിടുന്നതാണ് വിവിധ ഭാഷകളിൽ എഴുതപ്പെട്ടതെങ്കിലും ഒരേ ആശയം മുന്നോട്ടുവെക്കുന്ന നമ്മുടെ സാമ്രാജ്യത്വവിരുദ്ധ ഗാനങ്ങള്‍. ഉറുദുവിൽ ‘സാരേ ജഹാന്‍ സെ അച്ഛാ’ എന്ന് ഇഖ്ബാൽ പാടിയപ്പോള്‍, തമിഴിൽ ‘പാരുക്കുള്ളെ നല്ല നാട്’ എന്നാണ് ഭാരതിയാര്‍ പാടിയത്. മലയാളത്തിലാകട്ടെ ‘ഭാരതമെന്ന പേര്‍ കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ’ എന്നാണ് വള്ളത്തോള്‍ പാടിയത്. തങ്ങളുടെ വരികളിലൂടെ ദേശാഭിമാനത്തെ പ്രോജ്വലിപ്പിക്കുകയാണ് അവരെല്ലാവരും ചെയ്തത്. പല ജനത പല ഭാഷകളിലായി ഒരേ ആശയം പങ്കുവെച്ചു.

ഇത്തരത്തിൽ പല ഭാഷകളിൽ നിന്നുയര്‍ന്ന ആശയങ്ങള്‍, മുദ്രാവാക്യങ്ങള്‍ ഒക്കെ സമന്വയിച്ചാണ് ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ ദേശീയത രൂപപ്പെടുന്നത്. ആ നിലയ്ക്കു നോക്കുമ്പോള്‍ ഇന്ത്യയിലെ വിവിധ ഭാഷകള്‍ നമ്മുടെ നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചവയാണ്. അതുകൊണ്ടുതന്നെ ഒരൊറ്റ ഭാഷ എന്ന വാദമുയര്‍ത്തുമ്പോള്‍ അത് വൈവിധ്യസമൃദ്ധമായ നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിനും മുന്നോട്ടുപോക്കിനും ഭീഷണിയാകും എന്നു നാം കാണണം.

ഇന്ന് ഇന്ത്യയിൽ വിവിധ ജനവിഭാഗങ്ങളുടെ മാതൃഭാഷകളെ കേവലം പ്രാദേശിക ഭാഷകളായി മാത്രം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നു. എന്നാൽ അതേസമയം, ഒരു പ്രദേശത്തു മാത്രം കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഒരു ഭാഷയെ രാഷ്ട്രഭാഷയായി അവതരിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങളുമുണ്ടാകുന്നു. ഭരണഘടനാപരമായി യൂണിയന്റെ ഔദ്യോഗിക ഭാഷകളിലൊന്നുമാത്രമാണത്. എട്ടാം ഷെഡ്യൂളിലുള്ള മറ്റു ഭാഷകള്‍ക്കുള്ള അതേ സ്ഥാനമാണ് അതിനുമുള്ളത്.

എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളെയും പരിപോഷിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ഉത്തരവാദിത്വം യൂണിയൻ ഗവൺമെന്റിനുണ്ട്. എന്നാൽ, ആ ഷെഡ്യൂളിൽ തന്നെയുള്ള മലയാളമടക്കമുള്ള മറ്റെല്ലാ ഭാഷകളെയും അവഗണിച്ചുകൊണ്ട് – ഒരു ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കുകയാണ് യൂണിയന്‍ ചെയ്യുന്നത്. ഇന്നിവിടെ ‘അനന്യമലയാളം’ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഈയൊരു ദേശീയ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലം കൂടി നമ്മുടെ മനസ്സിലുണ്ടാവണം.

മലയാളഭാഷയുടെ പരിപോഷണത്തിനായി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിൽ സ്വീകരിച്ച നടപടികളിലൂടെ കണ്ണോടിച്ചാൽ തന്നെ എത്ര കരുതലോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഈ മേഖലയിൽ ഇടപെടുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും. കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാ പഠനം ഉറപ്പുവരുത്തുന്നതിനായി 2017 ലാണ് മലയാള ഭാഷാ പഠന ആക്ട് പാസ്സാക്കിയത്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാള രൂപങ്ങളും ചേര്‍ത്ത് ഭരണമലയാളം എന്ന പേരിൽ ഒരു ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാ പരിശീലനവും കമ്പ്യൂട്ടിംഗ് പരിശീലനവും നൽകിവരുന്നു. കേരളത്തിലെ സര്‍ക്കാര്‍ – പൊതുമേഖലാ ജീവനക്കാരുടെ മലയാള പരിജ്ഞാനം ഉറപ്പുവരുത്താനായി ബിരുദതലം വരെ യോഗ്യത ആവശ്യമായുള്ള പി എസ് സി പരീക്ഷകള്‍ മലയാളത്തിൽ നടത്താന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പത്താംതരം വരെ മലയാളം പഠിക്കാത്തവരാണെങ്കിൽ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മലയാളഭാഷയിൽ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെടുന്ന നിയമഭേദഗതി വരുത്തിയിട്ടുണ്ട്.

കേരളത്തിൽ ഹൈക്കോടതിക്ക് കീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിവരികയാണ്.

മലയാളത്തിലെ എഴുത്തുരീതികള്‍ക്ക് ഏകീകൃത രൂപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഭാഷാ മാര്‍ഗ്ഗനിര്‍ദ്ദേശക വിദഗ്ദ്ധസമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ‘മലയാളത്തിന്റെ എഴുത്തുരീതി’ എന്ന പേരിൽ ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. ഇങ്ങനെ മലയാള ഭാഷയെ കാലാനുസൃതമായി നവീകരിക്കുന്നതിനും മലയാള ഭാഷയെ കൂടുതൽ പ്രചരിപ്പിക്കുന്നതിനും ഭരണത്തിന്റെ സമസ്തതലങ്ങളിലും ഔദ്യോഗിക ഭാഷയായി മലയാളത്തെ സ്ഥാപിക്കുന്നതിനുമുള്ള ഇടപെടലുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

സര്‍ക്കാരിന്റെ ഇത്തരം മുന്‍കൈകള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് മലയാളമിഷന്‍. കേരളത്തിനകത്തു മാത്രമല്ല, കേരളത്തിനു പുറത്തും മലയാള ഭാഷാപരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ മലയാളമിഷൻ നടത്തിവരുന്നു. മാതൃകാപരമായ ആ നിരയിലേക്കാണ് ഈ ‘അനന്യമലയാളം’ പദ്ധതിയും എത്തിച്ചേരുന്നത്. ഭാഷാ പരിപോഷണത്തിനും സാംസ്കാരിക മുന്നേറ്റത്തിനും മുതൽക്കൂട്ടാവുന്ന ഇടപെടലായിരിക്കും അനന്യ മലയാളം.

മറ്റ് സംസ്കാരങ്ങളെയും ഭാഷകളെയും ഇല്ലാതാക്കിക്കൊണ്ട് സാംസ്കാരികമായ അധിനിവേശം നടത്തുകയല്ല, മറിച്ച് മറ്റ് ഭാഷകള്‍ ഉപയോഗിക്കുന്നവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ ഭാഷാപ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്തുകയാണ് വേണ്ടത്. ഈ വിശാലവും പുരോഗമനപരവും ജനാധിപത്യപരവുമായ കാഴ്ചപ്പാടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തിൽ നിരവധി ബദലുകള്‍ അവതരിപ്പിച്ച കേരളം മറ്റൊരു മാതൃക കൂടി നമ്മുടെ രാജ്യവുമായി ഇതുവഴി പങ്കുവെക്കുകയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − five =

Most Popular