Friday, December 13, 2024

ad

ഫാസിസത്തിന്റെ തേർവാഴ്ച

ട്ടിമറിക്കാർ സെപ്തംബർ 10ന് വെെകുന്നേരത്തോടെ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാനുസൃതം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ജനാധിപത്യത്തെയും ആദരിച്ചിരുന്ന സെെനികോദ്യോഗസ്ഥരായിരുന്നു ആദ്യ ഉന്നം. ജനറൽ പ്രാറ്റ്സ് ഉൾപ്പെടെയുള്ള ഉന്നത സെെനിക മേധാവികളെല്ലാം അറസ്റ്റു ചെയ്യപ്പെടുകയോ വീട്ടുതടങ്കലിലാക്കപ്പെടുകയോ ചെയ്തു. അവരിൽ ഏറെപ്പേരെയും പിന്നീട് കൊലപ്പെടുത്തുകയുണ്ടായി; പലരും അപ്രത്യക്ഷമായവരുടെ പട്ടികയിലുംപെടുന്നു.

അട്ടിമറിയുടെ ആദ്യ ദിവസങ്ങളിൽതന്നെ പതിനായിരക്കണക്കിന് മനുഷ്യരാണ് കൊല്ലപ്പെട്ടത്. അവർ സാധാരണക്കാരായ തൊഴിലാളികളും കർഷകരും വിദ്യാർഥികളുമായിരുന്നു. അവരെല്ലാം ജനാധിപത്യത്തിന്റെ ചേരിയിൽ ഉറച്ചുനിന്നവരായിരുന്നു. ജനാധിപത്യത്തിനായി മരിച്ചുവീഴുകയായിരുന്നു അവർ; രാജ്യത്തിലെ നിസ്വവർഗത്തിനായി പൊരുതിയ ധീരവിപ്ലവകാരികളായിരുന്നു അവർ. അങ്ങനെ പൊരുതിമരിച്ചവരിൽ ഒരാളായിരുന്നു പ്രസിഡന്റ് അലന്ദെ; അവരിലൊരാളായിരുന്നു വിക്ടർ ഹാറ – കവിയും ഗായകനും സംഗീതജ്ഞനുമായ കമ്യൂണിസ്റ്റുകാരൻ; ചിലിയൻ ജനതയ്ക്കായി കവിതയുടെ പടവാളുയർത്തിയതിന് കൊലപ്പെടുത്തപ്പെട്ട ആളായിരുന്നു വിശ്വമഹാകവി പാബ്ലോ നെരൂദ.


റിക്കാർഡൊ നെഫ്ത്താലി റെയെസ് (Ricardo Neftals Reyes) എന്നായിരുന്നു പാബ്ലോ നെരൂദയുടെ കുഞ്ഞുനാളിലെ പേര്. ജനിച്ച് ഏറെ സമയം കഴിയുംമുൻപ് ആ കുഞ്ഞിന്റെ അമ്മ മരിച്ചു. തന്റെ മകൻ വലിയൊരു ഉദ്യോഗസ്ഥനാകണമെന്നും അതുകൊണ്ട് അതിനായുള്ള പഠിത്തത്തിൽ കേന്ദ്രീകരിക്കണമെന്നും അച്ഛൻ ശഠിച്ചിരുന്നു. എന്നാൽ ചെറിയ കുട്ടിയായിരിക്കെതന്നെ കവിതയിൽ കമ്പമുണ്ടായിരുന്ന അവൻ അച്ഛനെ പിണക്കാതിരിക്കാനും ഒരു വഴി കണ്ടെത്തി, കവിതയെഴുതാൻ മറ്റൊരു പേര് .ആ പേരാണ് പിന്നീട് വിശ്വപ്രസിദ്ധമായത് – പാബ്ലോ നെരൂദ. ‘‘അദ്ദേഹം ചിലിയുടെ മാത്രം മഹാനായ കവിയല്ല, മറിച്ച് സ്പാനിഷ് ഭാഷയിലെതന്നെ ഏറ്റവും മഹാനായ കവിയാണ്; അതിലുപരി ലോകത്തെതന്നെ ഏറ്റവും വലിയ മഹാകവിയാണ്’’ എന്നാണ് നെരൂദയെക്കുറിച്ച് സുഹൃത്തായ വിശ്വവിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസൊ പറഞ്ഞത്. ‘‘മഹാനായ എഴുത്തുകാരൻ’’ എന്ന് അർജന്റീനയിലെ അതുല്യനായ കഥാകാരൻ ഹോർഗെ ലൂയി ബോർഹസ് (Jorge Luis Borges) വിശേഷിപ്പിച്ച മനുഷ്യനെയാണ് ചിലിയിൽ അട്ടിമറിയുടെ നാളുകളിൽ ഫാസിസ്റ്റുകൾ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ നിഷ്കാസനം ചെയ്തത്.

അട്ടിമറി കഴിഞ്ഞ് 12 ദിവസത്തിനുശേഷം 1973 സെപ്തംബർ 23നാണ് 68–ാം വയസ്സിൽ പാബ്ലോ നെരൂദ ഈ ലോകത്തോട് വിടപറഞ്ഞത്. സാന്തിയാഗോയിലെ സാന്താമറിയ ക്ലിനിക്കിൽ പ്രോസ്ട്രേറ്റ് കാൻസർ ചികിത്സയിലായിരുന്ന നെരൂദ ഹൃദയാഘാതംമൂലം 1973 സെപ്തംബർ 23 ന് വെെകുന്നേരം മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക ഭാഷ്യം. ആശുപത്രി വിട്ടാലുടൻ മെക്സിക്കോയിൽ പോയി ചിലിയൻ പ്രവാസി ഗവൺമെന്റിന്റെ തലവനായി ചുമതലയെടുക്കാനുള്ള സാധ്യത നിലനിൽക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പിനോഷെയുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെ ഡോക്ടർ വിഷം കുത്തിവെച്ചോ മറ്റുവിധത്തിൽ വിഷം കഴിപ്പിച്ചോ കൊലപ്പെടുത്തിയെന്നതാണ് വാസ്തവം.


അട്ടിമറിക്കാർ സെപ്തംബർ 11നു തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. അറസ്റ്റു ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്താൽ രാജ്യത്തിനുള്ളിൽ മാത്രമല്ല, അന്താരാഷ്ട്രതലത്തിൽതന്നെ ഉയർന്നുവരാനിടയുള്ള പ്രതിഷേധാഗ്നിയിൽനിന്ന് തങ്ങൾക്ക് രക്ഷപ്പെടാനാവില്ല, അമേരിക്കയ്ക്കുപോലും രക്ഷപ്പെടുത്താനാവില്ല എന്നറിയാവുന്നതുകൊണ്ട് പിനോഷെ സംഘം ഉടൻ അത്തരമൊരു സാഹസത്തിനൊന്നും തുനിഞ്ഞില്ല. എന്നാൽ ആ വീടാകെ അവർ അരിച്ചുപെറുക്കി. അവരോട് നെരൂദയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു – ‘‘ചുറ്റും എല്ലായിടത്തും നന്നായിട്ട് നോക്കിക്കോ, ഒരിടവും വിടരുത്. ഇവിടെ എവിടെ നോക്കിയാലും അപകടകരമായ ഒരു കാര്യമേ നിങ്ങൾക്ക് കിട്ടൂ – കവിത’. അതെ, അദ്ദേഹത്തിന്റെ ആയുധം കവിതയായിരുന്നു. ആ വാക്കുകളെയാണ് ഫാസിസ്റ്റുകൾ ഏതു മാരകായുധത്തെയുംകാൾ ഭയപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ഏതുവിധേനയും ആ ജീവനെടുക്കണമെന്ന് അവർ തീരുമാനിച്ചത്. പട്ടാളക്കാർ നടത്തിയ ആ റെയ്ഡിൽ വീടാകെ തകർത്ത് താറുമാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥങ്ങളും കുറിപ്പുകളും പലപേപ്പറുകളും അവർകൊണ്ടു പോവുകയോ നശിപ്പിക്കുകയോ ചെയ്തു.

ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസമാണ് അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയത്. അന്നദ്ദേഹം ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മെറ്റിൽഡ ഉറൂത്തിയയെ അദ്ദേഹം (Matilda Urrutia) തന്റെ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്ന് കണ്ട് വിളിച്ചു വരുത്തിയപ്പോൾ അവർ കണ്ടത് അദ്ദേഹത്തിന് ആശുപത്രിക്കാർ എന്തോ നൽകുന്നതായാണ്; അദ്ദേഹം വല്ലാതെ അസ്വസ്ഥനുമായിരുന്നു. പിനോഷെപക്ഷ പത്രമായ എൽമെർക്കൂരിയൊ (El Mercurio)യിൽ അന്നു വന്ന റിപ്പോർട്ടിൽ മരിക്കുന്നതിനു തൊട്ടുമുൻപ് അദ്ദേഹത്തിന് ഏതോ ഒരു ഇഞ്ചക്ഷൻ നലകിയതായി സൂചിപ്പിക്കുന്നുണ്ട്. 2011 മെയ് 12ന് മെക്സിക്കൽ പ്രസിദ്ധീകരണമായ പ്രോസെസോ (Processo) നെരൂദയുടെ ഡ്രൈവറായിരുന്ന മാന്വൽ അരായ ഒസൊറിയൊ (Manuel Araya Osorio)യുമായുള്ള ഒരഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചു. അതിൽ മാന്വൽ അരായ വെളിപ്പെടുത്തുന്നത്, നെരൂദ ഭാര്യയെ വിളിക്കുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ കൊലപ്പെടുത്താൻ പിനോഷെ ആ ആശുപത്രിയിലെ ഡോക്ടർക്ക് ഉത്തരവ് നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ്. വയറ്റിൽ ഒരിഞ്ചക്ഷൻ നൽകപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നും മാന്വൽ അരായ പറഞ്ഞു. ആ ഇഞ്ചക്ഷൻ നൽകി ആറര മണിക്കൂറിനുശേഷമാണ് ആ മഹാപ്രതിഭ ലോകത്തോട് വിട പറഞ്ഞത്. 2015 മാർച്ചിൽ ചിലിയൻ ആഭ്യന്തര മന്ത്രാലയം നെരൂദയുടെ മരണത്തെക്കുറിച്ച് അനേ–്വഷിക്കുന്ന കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: ‘‘അദ്ദേഹത്തിനു നൽകിയ ഇഞ്ചക്ഷൻ മൂലമോ എന്തോ സാധനം കഴിപ്പിച്ചതുമൂലമോ ആണ് ആറര മണിക്കൂറിനുശേഷം അദ്ദേഹം മരണപ്പെടാൻ ഇടയായത്. നെരൂദയ്ക്ക് വിഷം നൽകിയ നരാധമനെ കണ്ടെത്തുന്നതിനുള്ള അനേ–്വഷണത്തിന് 2013 ജൂണിൽ കോടതി ഉത്തരവിട്ടു. മഹാകവിയുടെ മരണത്തിന് ഉത്തരവാദിയായി മൂന്നാമതൊരാൾ ഉണ്ടെന്ന നിഗമനത്തിലാണ് 2015ൽ ചിലിയൻ ഗവൺമെന്റ് എത്തിയത്. ലാബിൽ തയ്യാറാക്കിയ ഒരു ബാക്ടീരിയം ഉള്ളിൽച്ചെന്നാണ് അദ്ദേഹം മരിച്ചതെന്ന നിഗമനത്തിലാണ് ഒടുവിൽ ഗവേഷകരും അന്വേഷണ സംഘവും എത്തിച്ചേർന്നത്.

ആ കൊലപാതകത്തിലൂടെ മെക്സിക്കോയിൽ രൂപീകരിക്കാൻ ആലോചിച്ചിരുന്ന ചിലിയുടെ പ്രവാസി ഗവൺമെന്റിനെയും പിനോഷെ ഫാസിസ്റ്റുകൾ കൊലപ്പെടുത്തുകയാണുണ്ടായത്. കടുത്ത പൊലീസ് ബന്തവസ്സിലായിരുന്നു പ്രതിഭാശാലിയായ ആ മഹാകവിയുടെ ശവസംസ്കാരം നടന്നത്; കഷ്ടിച്ച് രണ്ടാഴ്ച മുൻപ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത പിനോഷെ വാഴ്ചയ്ക്കെതിരായ ആദ്യത്തെ പരസ്യമായ ജനകീയ പ്രതിഷേധമായി ആ ശവസംസ്കാരച്ചടങ്ങ് മാറുകയുണ്ടായി. ഫലത്തിൽ അതൊരു പ്രതിഷേധവേദിയായി മാറി. ചിലിയൻ സമൂഹ മനസ്സിൽനിന്ന് നെരൂദയുടെ ഓർമകളെയും സ്വാധീനത്തെയും തുടച്ചുനീക്കുകയായിരുന്നു പിനോഷെയുടെ ഫാസിസ്റ്റ് സംഘത്തിന്റെ ലക്ഷ്യം. അത്രയേറെ ഭയമായിരുന്നു അവർക്ക് ആ വിപ്ലവ കവിയുടെ വാക്കുകളെ.

പാബ്ലൊ നെരൂദ കൊല്ലപ്പെട്ട ദിവസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മെറ്റിൽഡ ഉറൂതിയ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘‘പാബ്ലൊ രാത്രി 10.30ന് മരിച്ചു. കർ-ഫ്യൂ കാരണം ആർക്കും ക്ലിനിക്കിലേക്ക് പോകാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ ഞാൻ സാന്തിയാഗോവിലെ വീട്ടിലെത്തിച്ചു. അതെല്ലാം അവർ നശിപ്പിച്ചിരിക്കുകയായിരുന്നു… അവിടെ ഞങ്ങൾ കാവലിരുന്നു. സാന്തിയാഗൊ അത്തരമൊരവസ്ഥയിലായിരുന്നിട്ടുപോലും ഏറെപ്പേർ വന്നു.

‘‘ഞങ്ങൾ സെമിത്തേരിയിലെത്തിയപ്പോൾ എല്ലായിടത്തുനിന്നും ആളുകൾ വന്നു–തൊഴിലാളികൾ. ഗൗരവമാർന്ന പരുക്കൻ മുഖങ്ങളുള്ള തൊഴിലാളികൾ. പകുതിപ്പേർ ‘‘പാബ്ലോ നെരുദ’’ എന്ന് ആർത്തു വിളിച്ചുകൊണ്ടിരുന്നു. മറ്റേ പകുതി ‘‘ഇവിടെയുണ്ട്’’ എന്നു മറുപടി പറഞ്ഞു. നിയന്ത്രണങ്ങൾ വകവയ്ക്കാതെ ഇന്റർനാഷണൽ പാടിക്കൊണ്ടാണ് ആൾക്കൂട്ടം സെമിത്തേരിയിലേക്ക് പ്രവേശിച്ചത്’’.
വിക്ടർ ഹാറയുടെ ജീവിതപങ്കാളി ജോ ആൻ ഹാറ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ: ‘‘വഴി നീളെ പട്ടാളക്കാർ ഉണ്ടായിരുന്നെങ്കിലും, യന്ത്രത്തോക്കുകൾ ഉന്നംനോക്കി തയ്യാറായി നിൽക്കുകയായിരുന്നെങ്കിലും രഹസ്യപൊലീസ് പിടികിട്ടാപ്പുള്ളികളുടെ മുഖങ്ങൾക്കായി ആൾക്കൂട്ടത്തെ ചൂഴ്-ന്നുനോക്കുന്നുണ്ടായിരുന്നെങ്കിലും നൂറുകണക്കിനാളുകൾ നെരൂദയെ ആദരിക്കാൻ എത്തിയിരുന്നു…. പുറം തെരുവുകൾ വഴി സെമിത്തേരിയിലേക്ക് നടക്കുമ്പോൾ ആൾക്കൂട്ടത്തിലോരോരുത്തരായി നെരൂദയുടെ കവിതകൾ ചൊല്ലുന്നതു കേട്ടു. ചുറ്റുമുള്ള, യൂണിഫോമുകളെന്ന ഭീഷണിയെ ധിക്കരിച്ചുകൊണ്ട് ഒരു കെട്ടിട നിർമാണസ്ഥലത്ത് തൊഴിലാളികൾ മഞ്ഞ ഹെൽമറ്റുകൾ കെെയിലെടുത്തു പിടിച്ചു നിൽക്കുന്നതുകണ്ടു, അങ്ങുയരെ പലകത്തട്ടിൽ….

‘‘ഫാസിസത്തിന്റെ കൂർത്ത മുഖത്തെ നേരിട്ടുകൊണ്ട് ഓരോ സ്വരവും നെരൂദയുടെ വരികളെ ഏറ്റെടുത്തപ്പോൾ അവയ്ക്ക് കൂടുതൽ അർഥവ്യാപ്തി കെെവന്നു. അങ്ങനെ നടക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ലെന്നറിഞ്ഞു. നെരൂദയുടെ മാത്രമല്ല, ഇതു വിക്ടറിന്റെ ശവസംസ്കാരം കൂടിയാണെന്നും സെെന്യം കൂട്ടക്കൊല ചെയ്ത് അജ്ഞാത ജഡങ്ങളായി പൊതുശവക്കുഴിയിലേക്കെറിഞ്ഞ എല്ലാ സഖാക്കളുടേതുമാണെന്നും ഞാനറിഞ്ഞു. ഡസൻ കണക്കിനു വിദേശ പത്രപ്രവർത്തകരും ചലച്ചിത്ര സംഘങ്ങളും ടെലിവിഷൻ ക്യാമറകളും അവിടെ ഉണ്ടായിരുന്നതുകൊണ്ട‍് ഞങ്ങളുടെ മേൽ ആക്രമണമോ ഇടപെടലോ ഉണ്ടായില്ല. എന്നാൽ സെമിത്തേരിയുടെ പ്രധാന കവാടത്തിനുമുന്നിലെത്തിയപ്പോൾ കവചിത സെെനിക ട്രക്കുകളുടെ ഒരു നിര മറുവശത്തുകൂടി ചുറ്റിവന്ന് ഞങ്ങൾക്കുമേൽ എഴുന്നുനിന്നു. ‘‘സഖാവ് പാബ്ലൊ നെരൂദ ഇവിടെയുണ്ട്.’’ ഇപ്പോഴുമെപ്പോഴും ഇവിടെയുണ്ട്’’ എന്നീ മുദ്രാവാക്യങ്ങൾ കൊണ്ടാണ് ആൾക്കൂട്ടം പ്രതികരിച്ചത്. പിന്നെ ‘ദ ഇന്റർനാഷണൽ’ ഗാനം ഉറക്കെ കേട്ടുതുടങ്ങി. ആദ്യം ഇടറിയിടറി. ഭയപ്പാടോടെ, പിന്നെ എല്ലാവരും പാടിത്തുടങ്ങിയപ്പോൾ അത് ഇടിമുഴക്കംപോലെയായി. ചിലിയിലെ പോപ്പുലർ യൂണിറ്റിയുടെ അവസാനത്തെ പൊതുപ്രകടനമായിരുന്നു അത്. ഫാസിസ്റ്റ് ഭരണത്തെ ചെറുത്തുതോൽപ്പിക്കാനുള്ള ആദ്യത്തെ പൊതുപ്രകടനവും.’’

അതെ, ആ ശവഘോഷയാത്രയോടെ ചിലിയൻ ജനത പിനോഷെയുടെ ഫാസിസ്റ്റ് സേ-്വച്ഛാധിപത്യവാഴ്ചയ്ക്കെതിരായ ചെറുത്തുനിൽപ്പു പോരാട്ടം ആരംഭിക്കുകയായിരുന്നു. തുടർന്നുള്ള 17 വർഷം സ്വേച്ഛാധിപത്യ വാഴ്ചയുടെ കീഴിൽ നടമാടിയിരുന്ന കൊടിയ കൊള്ളകൾക്കും ചൂഷണത്തിനുമെതിരായ പോരാട്ടത്തിന്റെ നാളുകളായിരുന്നു. പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കിയിട്ടും ലക്ഷക്കണക്കിനാളുകളെ വർഷങ്ങളോളം തടങ്കൽപ്പാളയങ്ങളിൽ അടച്ച് കൊല്ലാക്കൊല ചെയ്തിട്ടും, ഫാസിസ്റ്റുകൾക്ക് ചിലിയുടെ മണ്ണിൽ നിന്നും കമ്യൂണിസത്തിന്റെ ചെങ്കൊടിയെ പറിച്ചു നീക്കാനായില്ലയെന്ന് കാലം തെളിയിക്കുന്നു.

അലന്ദെ ഭരണത്തിന്റെ പിന്നിലെ ചാലകശക്തിയായി, കരുത്തായി നിന്നത് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനൊപ്പം ലൂയി കോർവാലനെ (Luis Corvalan) പോലെയുള്ള കമ്യൂണിസ്റ്റു വിപ്ലവകാരികളുടെ സംഘാടന മികവും വിക്ടർ ഹാറയുടെയും നെരൂദയുടെയും തീക്ഷ്ണശബ്ദത്തിന്റെയും കവിതകളുടെയും സ്വാധീനവും ഒത്തിണങ്ങിയ രാഷ്ട്രീയ സംസ്കാരത്തിന്റെ ഒരു കോക് ടെയ്‌ലായിരുന്നു.

ഹാറയും നെരൂദയും ചിലിയൻ കമ്യൂണിസ്റ്റു പാർട്ടിയുടെ കൊണ്ടാടപ്പെട്ട നേതാക്കളായിരുന്നു. എന്നാൽ ചിലിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു, ലൂയി കോർവാലൻ. 1932ൽ തന്റെ 15–ാം വയസ്സിൽ ചിലിയൻ കമ്യൂണിസ്റ്റു പാർട്ടിയിൽ അംഗമായ കോർവാലൻ 1952ൽ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി. 1958 മുതൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 1970ലെ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയത്തിന്റെ മുഖ്യ ശിൽപിതന്നെ കോർവാലനായിരുന്നു. സെപ്തംബർ 11ന്റെ പിനോഷെ ഫാസിസ്റ്റുകളുടെ അട്ടിമറിയെത്തുടർന്ന് അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോർവാലനുമുണ്ടായിരുന്നു. വിക്ടർ ഹാറ കൊല്ലപ്പെട്ടശേഷം അറിയപ്പെട്ട പ്രമുഖ രാഷ്ട്രീയത്തടവുകാരിൽ ഒന്നാമനായിരുന്നു കോർവാലൻ. 1973–74ലെ ലെനിൻ സമാധാന സമ്മാനത്തിന് അർഹനായ കോർവാലന്റെ മോചനത്തിനായി ഒടുവിൽ സോവിയറ്റു യൂണിയൻതന്നെ ഒരന്താരാഷ്ട്ര കാംപെയ്ൻ സംഘടിപ്പിച്ചു. അതിനെത്തുടർന്ന് 1976 ഡിസംബർ 18ന് കോർവാലൻ ജയിൽമോചിതനാവുകയും സോവിയറ്റ് യൂണിയനിൽ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ലഭിക്കുകയും ചെയ്തു. എന്നാൽ അതിനുപകരമായി വ്ളാദിമിർ കോൺസ്റ്റാന്റിനോവിച്ച് ബുക്കോവ്സ്ക്കി (Vladimir Konstantinovich Bukovsky) എന്ന കുപ്രസിദ്ധ കമ്യൂണിസ്റ്റുവിരുദ്ധ സാമ്രാജ്യത്വാനുകൂല പ്രചാരകനായ സോവിയറ്റ് വിമതനെ ജയിൽമോചിതനാക്കാൻ സോവിയറ്റ് യൂണിയൻ നിർബന്ധിതമായി.

ജയിലിലായിരുന്നപ്പോഴും പ്രവാസിയായി 1976 ഡിസംബർ മുതൽ 1990 വരെ സോവിയറ്റ് യൂണിയനിലായിരുന്നപ്പോഴുമെല്ലാം ലൂയി കോർവാലൻ തന്നെയായിരുന്നു കമ്യൂണിസ്റ്റു പാർട്ടി ഓഫ് ചിലിയുടെ ജനറൽ സെക്രട്ടറി.

പിനോഷെയുടെ ഫാസിസ്റ്റു വാഴ്ച എന്താണ് ചിലിയിൽ നടപ്പാക്കിയത്? നവലിബറൽ (തീവ്രമുതലാളിത്ത) ഭരണത്തിന്റെ അരങ്ങേറ്റമായിരുന്നു 1973 സെപ്തംബർ 11നു ശേഷം ലോകം ചിലിയിൽ കണ്ടത്. അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിൽ നവ ഉദാരവൽക്കരണത്തിന്റെ അപ്പോസ‍്തലനായ മിൽട്ടൺ ഫ്രീഡ്മാന്റെയും ആർനോൾഡ് ഹാർബെർഗറുടെയും കീഴിൽ സാമ്പത്തികശാസ്ത്രം അഭ്യസിച്ച ഒരു സംഘമാണ് പെട്ടെന്ന് മുഖ്യധാരയിലേക്ക് ഉയർന്നുവന്ന് അരങ്ങ് അടക്കിവാണത്. ‘ചിക്കാഗൊ കുട്ടികൾ’ (chicago boys) എന്നറിയപ്പെടുന്ന ഇവർ നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്ര കമ്പോളം, മൂലധനാധിപത്യം, സ്വകാര്യവൽക്കരണം എന്നിവയ്ക്കായി വാദിച്ചു. ചിലിയൻ ധനവകുപ്പിന്റെയും കേന്ദ്ര ബാങ്കിന്റെയും പ്രധാന സാമ്പത്തിക നയരൂപീകരണവേദികളുടെയുമെല്ലാം കടിഞ്ഞാൺ ഇവരുടെ കെെപ്പിടിയിലമർന്നു.

1970ലെ തിരഞ്ഞെടുപ്പിൽ ദേശസാൽക്കരണത്തിനായുള്ള മുദ്രാവാക്യമുയർത്തി ജനവിധി നേടി അധികാരത്തിൽവന്ന അലന്ദെ ഗവൺമെന്റിനെ അട്ടിമറിച്ചശേഷം അവർ ആദ്യമായി നടപ്പാക്കിയത് വ്യാപകമായ സ്വകാര്യവൽക്കരണമായിരുന്നു. അലന്ദെ പുറത്താക്കിയ ബഹുരാഷ്ട്ര കുത്തകകളെല്ലാം തിരികെ ചിലിയിൽ സ്ഥാനം പിടിച്ചു. സേവനമേഖലയുംകൂടി സ്വകാര്യകച്ചവടക്കാർക്കായി കെെമാറുന്ന പരീക്ഷണവും നടപ്പാക്കപ്പെട്ടു. പെൻഷൻ സ്വകാര്യവൽക്കരണം അങ്ങനെയാണ് തുടങ്ങുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം അലന്ദെ ഗവൺമെന്റ് ആരംഭിച്ച ജനകീയ പരിഷ്-കരണ പദ്ധതികളാകെ ഉപേക്ഷിക്കപ്പെട്ടു. സാമൂഹ്യനീതിയും സാമൂഹ്യക്ഷേമവും കേട്ടുകേൾവി പോലുമല്ലാതായി. വെറുതെ ഒരു കൂട്ടം നടപടികൾ കെെക്കൊള്ളുക മാത്രമായിരുന്നില്ല, മറിച്ച് അതിന് ശാശ്വതരൂപം നൽകാൻ അനുയോജ്യമായവിധം ഭരണഘടനയെത്തന്നെ പൊളിച്ചെഴുതുകയും ചെയ്തു.

ഈ നയങ്ങൾ കാരണം നിത്യജീവിതം ദുസ്സഹമാക്കപ്പെട്ട ജനത, കമ്യൂണിസ്റ്റ് പാർട്ടിയുടെയും സോഷ്യലിസ്റ്റു പാർട്ടിയുടെയും നേതൃത്വത്തിൽ ഫാസിസത്തിനെതിരെ ജനാധിപത്യത്തിനായി പ്രവർത്തിച്ചിരുന്ന സമരശക്തികൾക്ക് കരുത്തു പകർന്ന് അണിനിരന്നു. ഗറില്ലാ പോരാട്ടങ്ങളും ഒപ്പം തന്നെ, ജനകീയ പ്രക്ഷോഭങ്ങളും ഫാസിസ്റ്റു ഭരണത്തെ ശ്വാസംമുട്ടിച്ചു. ഒടുവിൽ 1988ൽ ജനഹിത പരിശോധന നടത്താൻ ആ ഫാസിസ്റ്റ് സേ-്വച്ഛാധിപതി നിർബന്ധിതനായി. പിനോഷെ ഭരണം 8 വർഷം കൂടി തുടരണമോയെന്ന ചോദ്യത്തിന് 1988 ഒക്ടോബർ 5നു നടന്ന വോട്ടെടുപ്പിൽ 56 ശതമാനത്തിലേറെപ്പേർ ‘‘വേണ്ട’’യെന്ന് വോട്ടു രേഖപ്പെടുത്തിയതോടെയാണ് സേ-്വച്ഛാധിപത്യവാഴ്ചയുടെ അന്ത്യത്തിനു തുടക്കമായത്. 1989 ഡിസംബർ 14ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി ഭൂരിപക്ഷം നേടി, ആ പാർട്ടിയുടെ നേതാവ് പാട്രീഷ്യോ അൽവിൻ (Patricio Aylwin) പ്രസിഡന്റായി അധികാരമേറ്റെങ്കിലും 1998 മാർച്ചുവരെ ചിലിയൻ സെെന്യത്തിന്റെ തലവനായി പിനോഷെ തുടർന്നു. 1980ലെ ഭരണഘടനാ വ്യവസ്ഥപ്രകാരം ആജീവനാന്ത സെനറ്ററായും ഈ സ്വേച്ഛാധിപതി തുടർന്നു. അധികാരകെെമാറ്റം നടക്കുമ്പോഴും 1980ലെ ഭരണഘടന തുടരണമെന്ന ഉറപ്പും ക്രിസ്ത്യൻ ഡെമോക്രാറ്റുകളിൽ നിന്ന് പിനോഷെ നേടിയിരുന്നു. മൂലധനത്തിന്റെ സ്വാധീനം ഉറപ്പിക്കാൻ വേണ്ടതെല്ലാം ആ ഒത്തുതീർപ്പിലൂടെ ഉറപ്പാക്കിയിരുന്നു.

1973 സെപ്തംബർ 23ന് ഹവാനയിൽ അലന്ദെയ്ക്കും മറ്റു രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടു നടന്ന റാലിയിലെ ഫിദൽ കാസ്ട്രോയുടെ വാക്കുകൾ എക്കാലത്തും സ്മരിക്കപ്പെടും:

‘‘സെപ്തംബർ 11ന് ആരംഭിച്ച ജനകീയ പോരാട്ടം വിജയത്തിലേ കലാശിക്കൂ എന്ന് തീർത്തും ഉറപ്പാണ്. അത് ഉടനെയുള്ള വിജയമായിരിക്കില്ല. ചിലിയുടെ ഈ അവസ്ഥയിൽ ആർക്കും മഹാത്ഭുതങ്ങൾ പ്രതീക്ഷിക്കാനാവില്ല….

ചിലിയൻ വിപ്ലവകാരികൾ തിരഞ്ഞെടുപ്പിന്റെ വഴി, സമാധാനത്തിന്റെ വഴി പരീക്ഷിച്ചപ്പോൾ സാമ്രാജ്യത്വവാദികളും പിന്തിരിപ്പന്മാരും കളിയുടെ നിയമങ്ങൾ മാറ്റി. ഭരണഘടനയെയും നിയമങ്ങളെയും പാർലമെന്റിനെയുമെല്ലാം അവർ ചവിട്ടിമെതിച്ചു.’’ 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − twelve =

Most Popular