ഡൽഹി നഗരം ഉൾപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം ഒരു സംസ്ഥാനമാക്കുന്നതിനും അതിനു ഒരു നിയമസഭ രൂപീകരിക്കുന്നതിനും വേണ്ടിയുള്ള നിയമഭേദഗതി കേന്ദ്ര സർക്കാർ വരുത്തിയത് മൂന്നുദശകങ്ങൾക്കു മുമ്പാണ്. (അതു വരെ ഇത്തരം പ്രദേശങ്ങളെല്ലാം ഉദ്യോഗസ്ഥ മേധാവികളുടെ ഭരണത്തിനുകീഴിൽ ആയിരുന്നു. അതുകൊണ്ടുള്ള ദോഷങ്ങൾ തിരിച്ചറിഞ്ഞാണ് അവയ്‌ക്കും ജനാധിപത്യ ഭരണസംവിധാനം ഏർപ്പെടുത്തിയത്.) തുടർന്നു അവിടെ നിയമസഭയും മന്ത്രിസഭയും നിലവിൽ വന്നു. എന്നിട്ടും, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്‌തമായി അവിടത്തെ ഉദ്യോഗസ്ഥ നിയമനവും അവരുടെ സ്ഥലംമാറ്റവും നടത്താനുള്ള അധികാരം കേന്ദ്രസർക്കാർ തന്നെ കൈവശംവച്ചു പോന്നു. അതിനെതിരെ ഡൽഹി സർക്കാർ കേസ് കൊടുത്തു. അവസാനം മെയ് 11ന് സുപ്രീംകോടതിയുടെ ഒരു ഭരണഘടനാ ബെഞ്ച് നിയമന–-സ്ഥലംമാറ്റ കാര്യങ്ങളിൽ ഉൾപ്പെടെ സംസ്ഥാന സർക്കാരിനു അധികാരങ്ങൾ നൽകിക്കൊണ്ട് വിധി പ്രസ്‌താവിച്ചു. ഏതാനും നാളുകൾക്കകം മോദി സർക്കാർ ആ കോടതി വിധിയെ മറികടക്കാനായി പഴയപോലെ കേന്ദ്ര സർക്കാരിനു ഡൽഹിയിലെ നിയമന–-സ്ഥലം മാറ്റ അധികാരങ്ങൾ നിലനിർത്തുന്ന ഓർഡിനൻസ് ഇറക്കി. പിന്നീട് പാർലമെന്റ് അംഗീകാരം നൽകിയാൽ മാത്രമേ അതിനു നിയമപരമായ പരിരക്ഷ ലഭിക്കുകയുള്ളൂ.
നമ്മുടെ ഭരണഘടനയിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവിഭജനം പൊതുവിൽ കൃത്യത ഉള്ളതാണ്. വിവിധ ഭരണഘടനാ അനുച്ഛേദങ്ങളിൽ ആ വിഭജനം സ്‌പഷ്ടമായി നിർവചിച്ചിട്ടുണ്ട്. പക്ഷേ, ഡൽഹി അതിനു ഒരു അപവാദമാണ്. കേന്ദ്ര സർക്കാരിന്റെ ഇരിപ്പിടമാണ് ഡൽഹി. അതിനാൽ കേന്ദ്ര സർക്കാരിനു നിയന്ത്രണാധികാരം ഉണ്ടാകുന്നതിനു ഭരണഘടനകയ്ക്ക് രൂപം നൽകിയപ്പോൾ ഡൽഹിയെ കേന്ദ്ര ഭരണ പ്രദേശമായി നിലനിർത്തി. അതിന്റെ ഫലമായി അവിടത്തെ ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുക ജനപ്രതിനിധികൾ അടങ്ങുന്ന നിയമസഭയല്ല, കേന്ദ്ര സർക്കാരിനു കീഴിലെ ഉദ്യോഗസ്ഥരാണ് എന്ന നിലവന്നു. ഇതിനിടെയാണ് കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയെ ഒരു സി (c) സംസ്ഥാനമാക്കി കേന്ദ്രം ഉത്തരവിട്ടത്. അതോടെ അതിനു ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭ ഉണ്ടായി. അതോടെ ഡൽഹിയെ സംബന്ധിച്ച കാര്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലെന്നപോലെ അവിടത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നിയമസഭ വേണം നിർണയിക്കാൻ എന്ന നിയമപരമായ സ്ഥിതിവന്നു. കേന്ദ്ര സർക്കാരും പാർലമെന്റും ഇതു സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങൾ പ്രകാരം ഡൽഹി ‘സി’ സംസ്ഥാനമാണ്. അതിനു നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിക്കാൻ തിരഞ്ഞെടുക്കപ്പെട്ട നിയമസഭക്കും അതു രൂപീകരിക്കുന്ന മന്ത്രിസഭക്കുമാണ് അവകാശം.
കേന്ദ്ര സർക്കാരിനു ഡൽഹിയിലെ സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലം മാറ്റുന്നതും സംബന്ധിച്ച് തീരുമാനമെടുക്കാൻ അധികാരമുണ്ട് എന്ന് കേന്ദ്രം വാദിക്കുന്നു. ആ നിലപാട് അനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നു. ഡൽഹി ഒരു സി സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുകയും അവിടെ നിയമസഭ രൂപീകരിക്കപ്പെടുകയും ചെയ്‌തതതോടെ, കേന്ദ്രത്തിനു അവിടത്തെ ഭരണത്തിൽ കയ്യിടാൻ കഴിയില്ല എന്നാണ് ഡൽഹിയിലെ ഭരണകക്ഷിയായ എഎപിയുടെ വാദം. അതാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ഡൽഹി സംസ്ഥാനമാവുകയും ജനങ്ങൾ ഒരു നിയമസഭയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും അത് ഒരു മന്ത്രിസഭയെ ഭരണത്തിൽ അവരോധിക്കുകയും ചെയ്‌തതോടെ, നിയമന-സ്ഥലം മാറ്റങ്ങൾക്ക് അധികാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അടങ്ങുന്ന നിയമസഭയ്‌ക്കാണ്, അത് രൂപീകരിക്കുന്ന മന്ത്രിസഭക്കാണ്. ആ അധികാരം കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഏകപക്ഷീയമായി കയ്യാളാൻ കഴിയില്ല. ഇതാണ് ഡൽഹി സർക്കാർ വാദിച്ചത്.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ വാദം അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിയമസഭകൾക്ക് അവയുടെ അധികാര സീമക്കുള്ളിൽ അധികാരം എന്ന നിലപാട് കോടതി പുതുതായി വിധിച്ചതല്ല. അതാണ് ഇന്ത്യയുടെ ഭരണഘടനയുടെ അന്തസ്സത്ത എന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നം സുപ്രീംകോടതി മുമ്പാകെ മുമ്പുതന്നെ ഉന്നയിക്കപ്പെട്ടതും വിധി പറഞ്ഞിട്ടുള്ളതുമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഡൽഹി ഭരിക്കുന്ന എഎപിയും തമ്മിലുള്ള അധികാരത്തർക്കമായല്ല ഇതിനെ കോടതി കണ്ടത്. ഭരണഘടനയിൽ സംസ്ഥാനങ്ങൾക്കും സംസ്ഥാനമല്ലാത്ത കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഉള്ള അധികാരങ്ങൾ വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ഡൽഹിയെന്ന കേന്ദ്ര ഭരണ പ്രദേശത്തെ സംസ്ഥാനമാക്കി മാറ്റിയതോടെ ആ നിലയിൽ വേണം അവിടത്തെ ഭരണകാര്യങ്ങൾ സംബന്ധിച്ച് തീരുമാനിക്കാൻ. മോദി സർക്കാർ അത്തരത്തിൽ വിഷയം കൈകാര്യം ചെയ്യാൻ തയ്യാറാകാത്തതാണ് പ്രശ്‌നം.
ഈ പ്രശ്‌നത്തിൽ ഒരു അടിസ്ഥാന ചോദ്യം ഉയർന്നുവരുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജനവിധിയുടെ പിൻബലമുള്ള ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണം ഉണ്ടാകണം. ഈ നിയന്ത്രണാധികാരം പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അർഥതലങ്ങളിൽനിന്നു സ്വാഭാവികമായി വരേണ്ടതാണ്. ഈ വിധിന്യായത്തിൽ കോടതി ഫെഡറലിസത്തിന്റെ സാരംശത്തിനും ഊന്നൽ നൽകി. വിവിധ സർക്കാരുകൾക്ക് പൊതുഭരണത്തോട് വ്യത്യസ്‌ത സമീപനങ്ങൾ ഉണ്ടാകാമെന്നത് ഇന്ത്യയെപോലുള്ള ഒരു വലിയ രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന്റെ ഭാഗമാണ്. ഡൽഹി നിയമസഭക്കുള്ള നിയമനിർമാണം സംബന്ധിച്ച കാര്യങ്ങളിൽപോലും കേന്ദ്ര സർക്കാരിനു അവിതർക്കിതമായ മേലധികാരം ഉണ്ടെന്നു വന്നാൽ ഫെഡറലിസത്തിന്റെ സഹകരണാത്മകവും പ്രായോഗികവുമായ അർഥതലങ്ങൾ തീർത്തും നിരർഥകമാകും.
സുപ്രീംകോടതി ഉന്നയിച്ച യുക്തിയുക്തമായ വാദമുഖങ്ങളെയാണ് മോദി സർക്കാർ ധൃതിപിടിച്ചുകൊണ്ടുവന്ന ഓർഡിനൻസ് തള്ളിക്കളഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് രാഷ്‌ട്രീയ നേതാക്കളും നിയമജ്ഞരും ഈ സർക്കാർ തീരുമാനം അങ്ങേയറ്റം വിവാദപരമായ ഒന്നാണെന്നു അഭിപ്രായപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയോടെ പ്രശ്‌നത്തിനു അവസാനമാകില്ല എന്നാണ് മോദി സർക്കാർ ഇറക്കിയ ഓർഡിനൻസ് സൂചിപ്പിക്കുന്നത്. മോദിക്കായാലും മോദിയെ നിയന്ത്രിക്കുന്ന ബിജെപിക്കായാലും അതിന്റെ മൂക്കുകയർ കയ്യിലുള്ള ആർഎസ്‌എസിനായാലും, അധികാരം തലയ്ക്കുപിടിച്ചിരിക്കുന്നു.
ഡൽഹി സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ ഇംഗിതം അല്ലെങ്കിൽ കൽപ്പന മാത്രമേ നടക്കാവൂ എന്ന നിലപാടാണ് പ്രശ്‌നം. ആ പ്രദേശത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിന്നാവണം എന്നാണ് വാദം. അത് ഭരണഘടനാപരമായി ഉറപ്പു ചെയ്‌തിട്ടുള്ള കേന്ദ്ര-സംസ്ഥാന-തദ്ദേശ ഭരണസംവിധാനങ്ങൾക്കിടയിലുള്ള അധികാരവിഭജനത്തിന്റെ നിഷേധമാണ് സാരംശത്തിൽ.
മുമ്പും ഇത്തരത്തിലുള്ള ചക്കളത്തിപ്പോരാട്ടം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തമ്മിൽ ചില സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതിൽ നിന്നു അൽപം വ്യത്യസ്‌തമാണ് ഈ സന്ദർഭം. നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാരിനു’’ തിരുവായക്കെതിരെ എതിർവായ്’’ ഉണ്ടാകുന്നത് ഒട്ടും സ്വീകാര്യമല്ല. തങ്ങളായിരിക്കും മേലിൽ ഇന്ത്യയുടെ ഭരണകർത്താക്കൾ എന്ന് അവർ ഉറച്ചമട്ടാണ്. അത്തരത്തിലുള്ള മനോഭാവം വിവിധ ഇടങ്ങളിൽ വിവിധ രീതികളിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ അവർ പ്രകടമാക്കിയിട്ടുമുണ്ട്. ഡൽഹി സംസ്ഥാനം വളരെ ചെറിയ ഒന്നാണ്. അവിടെ അധികാരത്തിലുള്ള എഎപി (ആം ആദ്മി പാർട്ടി)യും താരതമേ-്യന ചെറിയ പാർട്ടിയാണ്. എന്നുവച്ച് ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം അധികാരം കയ്യാളുന്നതും ഏറ്റവും വലുതുമായ ബിജെപി അതിന്റെമേൽ കുതിരകയറാൻ ശ്രമിക്കുന്നത് ജനാധിപത്യതത്വങ്ങൾക്ക് യോജിച്ചതല്ല. ഇന്ത്യയുടെ ജനാധിപത്യഭാവിക്കുമേൽ സേ-്വച്ഛാധിപത്യത്തിന്റെ കരിനിഴൽ പരത്തുന്ന സമീപനമാണത്. ♦