Sunday, July 14, 2024

ad

Homeവിശകലനംവിദ്യാഭ്യാസമെന്ന 
പ്രത്യയശാസ്ത്ര ഉപകരണം

വിദ്യാഭ്യാസമെന്ന 
പ്രത്യയശാസ്ത്ര ഉപകരണം

ആർ.സുരേഷ് കുമാർ

ഫ്രാൻസിൽ ജീവിച്ചിരുന്ന ലൂയി പിയറെ അൽത്തൂസർ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ മാർക്സിസ്റ്റ് ചിന്തകനായിരുന്നു. രാജ്യത്തിന്റെ മർദനോപകരണങ്ങളെയും (Repressive State Apparatus) പ്രത്യയശാസ്ത്ര ഉപകരണങ്ങളെയും (Ideological State Apparatus) ഉപയോഗിച്ച് ബൂർഷ്വാസി അധികാരം നിലനിർത്തുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രത്യയശാസ്ത്ര ഉപകരണങ്ങളുടെ ഭാഗമാണെന്നാണ് അദ്ദേഹം വ്യക്തമാക്കാൻ ശ്രമിച്ചത്. എന്താണ് പഠിക്കേണ്ടതെന്നും എന്തിനാണ് പഠിക്കേണ്ടതെന്നും തീരുമാനിക്കുന്നത് ഔപചാരിക പാഠ്യപദ്ധതിയിലൂടെയാണ്. ഭരണവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് സാമൂഹ്യമൂല്യങ്ങളും കാഴ്ചപ്പാടുകളും വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കുന്നത്. ചൂഷണാധിഷ്ഠിതജീവിതം സ്വീകരിക്കാൻ തൊഴിലാളിവർഗത്തെ തയ്യാറെടുപ്പിക്കുന്നതിന് വിദ്യാഭ്യാസമെന്ന പ്രത്യയശാസ്ത്ര ഉപകരണം പ്രയോഗിക്കപ്പെടുന്നതായാണ് അൽത്തൂസർ വിമർശിച്ചത്. ‘മർദ്ദിതരുടെ ബോധനശാസ്ത്രം’ എഴുതിയ പൗലോഫ്രെയർ മാർക്സിയൻ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ബ്രസീലിയൻ ചിന്തകനായിരുന്നു. വിദ്യാഭ്യാസത്തെ വിമോചനത്തിനുള്ള മാർഗമായി ഉപയോഗിക്കാൻ അദ്ദേഹം വ്യത്യസ്തമായ പദ്ധതിതന്നെ നടപ്പിലാക്കുകയുണ്ടായി. കരിമ്പ് കൃഷിയിലും കന്നുകാലി ഫാമുകളിലും യജമാനൻമാരുടെയും ഉദ്യോഗസ്ഥരുടെയും പീഡനങ്ങൾക്കിരയായി ദുരിതജീവിതം നയിച്ചിരുന്ന കർഷകരെ എഴുത്തും വായനയും പഠിപ്പിച്ച് അവകാശബോധമുള്ളവരാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. അനൗപചാരിക വിദ്യാഭ്യാസത്തിനും വിമർശനാത്മക ബോധനത്തിനും ദിശാബോധം നൽകുന്നതിന് പ്രത്യയശാസ്ത്രപരമായിത്തന്നെ വിദ്യാഭ്യാസമെന്ന ഉപകരണത്തെ ഉപയോഗിക്കുകയാണ് ഫ്രെയർ ചെയ്തത്.

സമകാലിക ഇന്ത്യയിലെ വിദ്യാഭ്യാസനയങ്ങൾ പരിശോധിക്കുമ്പോൾ അൽത്തൂസർ വിമർശിച്ചതിനപ്പുറമുള്ള ഭരണകൂടലക്ഷ്യങ്ങൾ വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കപ്പെടുന്നതായി കാണാം. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ പുകഴ്പെറ്റ ദേശീയസ്വഭാവത്തെ അടിമുടി തകർക്കാൻ ലക്ഷ്യമിട്ടുള്ള നയപരിപാടികളും നിയമങ്ങളും അടിച്ചേൽപ്പിക്കപ്പെടുന്നു. ബഹുസ്വരതയെയും ഫെഡറൽ സ്വഭാവത്തെയും അംഗീകരിക്കാതെ ഒരുരാഷ്ട്രം, ഒരുഭാഷ, ഒരുസംസ്കാരം, ഒരുമതം, ഒരുഭരണം എന്നിങ്ങനെ ഏകശിലാഘടന അടിച്ചേൽപ്പിക്കാനാണ് ശ്രമം. വിദ്യാഭ്യാസമെന്ന പ്രത്യയശാസ്ത്ര ഉപകരണത്തെ മനുസ്മൃതിയിലെ സങ്കല്പങ്ങൾക്കിണങ്ങിയ രാഷ്ട്രനിർമാണത്തിന് ഉപയോഗിക്കുന്നതായാണ് കാണാനാവുക. ഹിന്ദുമതമെന്ന വിശാലഭൂമികയിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കവിഭാഗങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കാൻ അവരെത്തന്നെ സമ്മർദ്ദശക്തിയാക്കുന്ന വിധത്തിലുള്ള പ്രത്യയശാസ്ത്രനിർമ്മിതിയാണ് വിദ്യാഭ്യാസത്തിലൂടെ നടക്കുന്നത്.

ഗർഭിണികളായ ഹിന്ദുസ്ത്രീകൾക്ക് മതവിദ്യാഭ്യാസം നൽകി ഭ്രൂണാവസ്ഥയിലേതന്നെ കുഞ്ഞുങ്ങളിൽ പ്രത്യയശാസ്ത്രം ഉറപ്പിക്കണമെന്ന വിചിത്രമായ തീരുമാനവുമായി സംഘപരിവാർ രംഗത്തുവരുന്നത് പരിഹാസ്യമായി തോന്നാമെങ്കിലും അത്രത്തോളം മതാന്ധത ബാധിച്ചവരാണ് നയങ്ങളും നിയമങ്ങളും രൂപീകരിക്കുന്നതെന്ന അപകടത്തിലോണ് അത് വിരൽചൂണ്ടുന്നത്. അപരമതവിദ്വേഷത്തെ പ്രോത്സാഹിപ്പിച്ച് മതപരമായ ഏകീകരണമെന്ന രാഷ്ട്രീയലക്ഷ്യം സാധ്യമാക്കുകയും ജാതീയമായ ചൂഷണാധിഷ്ഠിതജീവിതം സ്വീകരിക്കാൻ പിന്നാക്കക്കാരെ തയ്യാറെടുപ്പിക്കുകയും ചെയ്യുന്ന അതീവകൗശലം നിറഞ്ഞ ഭരണകൂടനയപരിപാടികളാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതസാഹചര്യങ്ങൾ അനുദിനം വറുതിയിലേക്ക് പോവുകയും കോർപ്പറേറ്റ് ഭീമന്മാർ ലോകത്തെ അതിസമ്പന്നരാകുകയും ചെയ്യുന്ന സാഹചര്യമാണിപ്പോൾ. ഈ സാമ്പത്തിക അസമത്വം രൂക്ഷമാകുമ്പോഴും വിലവർധനയുടെ അധികഭാരം അടിച്ചേൽപ്പിക്കാനും അതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കാനും കേന്ദ്രഭരണകൂടത്തിന് കഴിയുന്നത് രാഷ്ട്രീയത്തെ മതാധിഷ്ഠിതമാക്കി ജനരോഷത്തെ വഴിതിരിച്ചുവിടുന്നതിൽ മോദി സർക്കാർ വിജയിക്കുന്നതുകൊണ്ടാണ്.

അധികാരത്തിൽ വരുന്നവരെല്ലാം വിദ്യാഭ്യാസകാര്യങ്ങളിൽ അവരുടെ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് സാധാരണകാര്യമാണെന്ന അഭിപ്രായം ചിലർ ഉന്നയിക്കാറുണ്ട്. എന്നാൽ ഭരണത്തിലെത്തുന്നവരുടെ പ്രത്യയശാസ്ത്രസമീപനങ്ങൾ തികച്ചും പ്രതിലോമകരമാണെങ്കിൽ സമൂഹത്തെയൊന്നാകെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്ന വിദ്യാഭ്യാസപദ്ധതികൾ നടപ്പിലാക്കപ്പെടാമെന്ന അപകടം അതീവഗുരുതരമാണ്. അഫ്ഗാനിസ്ഥാനിൽ കമ്യൂണിസ്റ്റ് സ്വാധീനമുള്ള ഭരണകൂടത്തെ അട്ടിമറിക്കാൻ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ നൽകിയ പിന്തുണയും അധികാരം കയ്യടക്കിയ താലിബാൻ നടപ്പിലാക്കുന്ന സ്ത്രീവിരുദ്ധവിദ്യാഭ്യാസ നയങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിലും മതപക്ഷവിദ്യാഭ്യാസത്തിന്റെ വിവിധ പദ്ധതികൾക്കാണ് രൂപംനൽകിയിട്ടുള്ളതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാൽ കാണാൻകഴിയും. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും അവരുടെ പ്രത്യയശാസ്ത്രത്തിനനുസൃതമായ വിദ്യാഭ്യാസപദ്ധതികളാണ് നടപ്പിലാക്കാറുള്ളതെന്ന ആരോപണം ചിലർ ഉന്നയിക്കാറുണ്ട്. എന്നാൽ സാമൂഹികമായ ആവശ്യങ്ങളോട് ചേർന്നു നിൽക്കുന്ന പാഠ്യപദ്ധതി വികസനമാണ് മാർക്സിസത്തിന്റെ കാഴ്ചപ്പാടെന്ന് കാണാം. അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും വിദ്യാർത്ഥികളുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നതിനും കഴിയുന്നതാവണം വിദ്യാഭ്യാസമെന്നാണതിൽ വ്യക്തമാക്കുന്നത്. അതിനൊരിക്കലും ശാസ്ത്രവിരുദ്ധമാകാനാവില്ല. സാമൂഹ്യപരിവർത്തനങ്ങൾക്ക് വിദ്യാഭ്യാസം വഴിയൊരുക്കണമെന്നതാണ് കാഴ്ചപ്പാട്. സമൂഹത്തെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാനും വിദ്യാഭ്യാസത്തിന്റെ ഉപരിതലത്തിനപ്പുറമുള്ള ആഴത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന മാർക്സിയൻ സമീപനം ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങളോട് ഒത്തുപോകുന്നതുകൂടിയാണെന്ന് നാം തിരിച്ചറിയണം.

റഷ്യൻവിപ്ലവത്തിനു ശേഷം അവിടെയുണ്ടായ വിദ്യാഭ്യാസ പരിവർത്തനത്തിലൂടെ ഭരണകൂടത്തിന്റെ സമീപനം രാജ്യത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് തെളിയിച്ചിട്ടുണ്ട്. 1917ൽ 20ശതമാനമായിരുന്ന സാക്ഷരത 1932ൽ സമ്പൂർണമായതായും ശാസ്ത്രജ്ഞരുടെ എണ്ണം വൻതോതിൽ വർധിച്ചത് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളെ റഷ്യൻമാതൃക പിന്തുടരാൻ നിർബന്ധിതരാക്കിയതായും ‘ശാസ്ത്രം ചരിത്രത്തിൽ’ എന്ന വിഖ്യാത ഗ്രന്ഥത്തിൽ ജെ.ഡി.ബർണൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും സ്ത്രീ വിദ്യാഭ്യാസത്തിന്  പ്രാധാന്യം നൽകുകയും ചെയ്തകാര്യം എടുത്തുപറയേണ്ടതാണ്. അടുക്കളപ്പണിചെയ്യുന്നവരും രാജ്യംഭരിക്കാൻ കഴിയുന്നവരായി മാറണമെന്നാണ് ലെനിൻ പ്രഖ്യാപിച്ചത്. ചൈന, ക്യൂബ, വിയറ്റ്നാം, ഇടത് സ്വാധീനമുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവയെല്ലാം ഇപ്പോഴും വിദ്യാഭ്യാസ, ആരോഗ്യകാര്യങ്ങളിൽ മുൻപന്തിയിലാണെന്നത് എല്ലാ ഭരണകൂടങ്ങളും വിദ്യാഭ്യാസമെന്ന പ്രത്യയശാസ്ത്രഉപകരണത്തെ പ്രതിലോമകരമായല്ല ഉപയോഗിക്കുന്നതെന്നതിന്റെ തെളിവാണ്. സാമൂഹിക വികസന സൂചികകളിൽ വളരെയധികം മുന്നിലെത്താൻ കേരളത്തെ സഹായിച്ച ‘കേരളമാതൃക’യെന്ന് പുകഴ്ത്തപ്പെട്ട നയപരിപാടികൾ നടപ്പിലാക്കിയത് 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലംമുതൽ മാറിമാറി അധികാരത്തിലെത്തിയ ഇടത് സർക്കാരുകളാണെന്ന വസ്തുതയും പ്രാധാന്യമർഹിക്കുന്നു. സൗജന്യപാഠപുസ്തകം, ഉച്ചഭക്ഷണം, ഫീസ് സൗജന്യം, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ല്, ഭൂപരിഷ്കരണം, കുടിയൊഴിപ്പിക്കൽ നിരോധനനിയമം, കാർഷികബന്ധനിയമം, സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയ ചരിത്രപരമായ നയങ്ങളും തീരുമാനങ്ങളുമാണ് കേരളത്തിൽ വിദ്യാഭ്യാസപുരോഗതിയെയും രാഷ്ട്രീയഅവബോധത്തെയും  ശാക്തീകരിച്ചത്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ സ്കൂൾവിദ്യാഭ്യാസമെന്നത് സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായിരുന്നു. 1976ൽ അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് 42-–ാം ഭരണഘടനാഭേദഗതിയിലൂടെ അതിനെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനവിഷയമായിരുന്ന വിദ്യാഭ്യാസത്തിൽ കേന്ദ്രത്തിന് നിയമനിർമാണാധികാരം ലഭിച്ചതോടെ ദേശീയതലത്തിലെ നയപരിപാടികൾ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്ന സാഹചര്യം നിലവിൽവന്നു. അപ്പോഴും സംസ്ഥാനങ്ങൾക്ക് സ്വന്തമായ പാഠ്യപദ്ധതിയും പരീക്ഷാബോർഡുകളും രൂപീകരിച്ച് മുന്നോട്ടുപോകാൻ തടസ്സമുണ്ടായിരുന്നില്ല. എന്നാൽ രാജ്യത്തിനാകെ ബാധകമാകുന്ന നയമെന്ന തരത്തിൽ കൺകറന്റ് ലിസ്റ്റിലെ വ്യവസ്ഥകളുപയോഗിച്ച് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അധികാരത്തെ കവർന്നെടുക്കുന്ന ഏകരാഷ്ട്രനയങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ദേശീയവിദ്യാഭ്യാസനയത്തിന്റെ പേരിൽ സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന്റെ പാഠ്യപദ്ധതി അതേപടി സ്വീകരിക്കണമെന്ന അജൻഡ പ്രത്യക്ഷമായും പരോക്ഷമായും അടിച്ചേൽപ്പിക്കപ്പെടുന്നു. ഓരോ സംസ്ഥാനവും വ്യതിരിക്തമായി ആർജിച്ചെടുത്ത വിദ്യാഭ്യാസനേട്ടങ്ങളെ തകർക്കാനും ശ്രമിക്കുകയാണ്. വിദ്യാഭ്യാസഗുണനിലവാരത്തെ സാരമായി ബാധിക്കുന്ന തരത്തിൽ വിവിധ സ്കൂൾ ബോർഡുകൾ നടത്തുന്ന പരീക്ഷകൾക്ക് തുല്യത അനുവദിക്കാനുള്ള അധികാരം സംസ്ഥാനങ്ങളിൽ നിന്ന് എടുത്തുമാറ്റി സർവകലാശാലകളുടെ അസോസിയേഷൻ എന്ന സ്വകാര്യസംഘടനയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. കേരളത്തിൽ സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് റഗുലർ വിദ്യാർത്ഥികളെപ്പോലെ രണ്ടുവർഷക്കാലാവധിയിൽ മാത്രമേ ഹയർസെക്കൻഡറി പരീക്ഷ എഴുതാനാകൂ. റഗുലർ വിദ്യാർത്ഥികൾക്കൊപ്പം ഒരേപരീക്ഷ തന്നെയാണ് എഴുതേണ്ടതും. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിലും ചുരുങ്ങിയ മാസങ്ങൾകൊണ്ട് പരീക്ഷഎഴുതാൻ അവസരം നൽകി വിവിധബോർഡുകളുടെ പേരിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. സ്റ്റഡിസെന്ററുകളെന്നപേരിൽ അത്തരം ബോർഡുകളിൽ പരീക്ഷ എഴുതിക്കാൻ പല സ്വകാര്യ സ്ഥാപനങ്ങളും അവസരമൊരുക്കുന്നുമുണ്ട്. അതിനൊക്കെ തുല്യതനൽകാൻ പല സംസ്ഥാനങ്ങളും തയ്യാറാവാത്ത സാഹചര്യത്തിലാണ് കേന്ദ്രം അതിനുള്ള അധികാരം ഒരു സംഘടനയ്ക്ക് വിട്ടുനൽകാൻ തീരുമാനിച്ചത്.

ദേശീയവിദ്യാഭ്യാസനയത്തിൽ നിർദേശിച്ചിരിക്കുന്ന ‘പരഖ്’ എന്ന മൂല്യനിർണയകേന്ദ്രത്തിന്റെ അധികാരം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനും സംസ്ഥാനബോർഡുകൾ അതംഗീകരിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കാനുമാണ് ഒടുവിൽ വന്നിട്ടുള്ള നിർദേശം. പാരമ്പര്യതൊഴിലുകൾ പരിശീലിക്കാനുള്ള അവസരം പ്രൈമറിതലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടണമെന്ന കാഴ്ചപ്പാട് ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്നത് പഠനത്തോടൊപ്പം തൊഴിലിനോട് ആഭിമുഖ്യം വളർത്തണമെന്ന ഗാന്ധിജിയുടെ ആശയത്തിന് അനുപൂരകമാണെന്ന വാദമുയർത്താനാണ്. ജാതിശ്രേണിക്കിണങ്ങുന്ന തൊഴിൽവിദ്യാഭ്യാസം പരോക്ഷമായി നടപ്പിലാക്കപ്പെടുകയാണെന്നതാണ് വസ്തുത. ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള എൻറോൾമെന്റ് ഇരട്ടിയാക്കണമെന്ന് പറയുമ്പോൾ തന്നെ സർവകലാശാലകളിൽ പ്രവേശനം നേടാൻ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) പാസാകണമെന്ന വ്യവസ്ഥയും കൊണ്ടുവന്നു. അവിടെയും രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങൾ ഒളിപ്പിച്ചിട്ടുള്ളതായി കാണാം. ദേശീയതലത്തിലെ പാഠ്യപദ്ധതിക്കനുസൃതമായിരിക്കും ഇത്തരം ടെസ്റ്റുകൾ. അത്തരം പാഠ്യപദ്ധതികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിതരാക്കുന്ന സാഹചര്യമതിലുണ്ട്. എൻട്രൻസ് പരിശീലനത്തിന് പോയി ടെസ്റ്റ് എഴുതിവിജയിക്കാൻ കഴിയാത്തവർ സർവകലാശാലകളിലേക്ക് കടന്നുവരേണ്ടതില്ലെന്നും പ്രൈമറിതലം മുതൽ പഠിച്ചുവന്ന പാരമ്പര്യതൊഴിലുകളിലേക്ക് തിരിഞ്ഞാൽമതിയെന്നുമുള്ള പരോക്ഷസൂചനയുമുണ്ട്.

വിദ്യാഭ്യാസമെന്ന പ്രത്യയശാസ്ത്ര ഉപകരണത്തെ സാമൂഹ്യനീതിക്കും ബഹുസ്വരതയ്-ക്കും എതിരായി ഉപയോഗിക്കുമ്പോൾ പ്രതിഷേധങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇന്ത്യയിലെ കലാലയങ്ങളിൽ അത്തരം പ്രതിഷേധങ്ങളുണ്ടായപ്പോൾ സ്റ്റേറ്റിന്റെ മർദനോപകരണമായ പൊലീസിനെയുപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമംനടന്നത്. കേന്ദ്രസർവകലാശാലകളിൽ നടന്ന സമരങ്ങളെ നേരിട്ടരീതിയും അതിരൂക്ഷമായ ജാതിവിവേചനത്തിന്റെ കേന്ദ്രങ്ങളായി ഐ.ഐ.ടി.കൾ മാറുന്നുവെന്ന റിപ്പോർട്ടുകളും വിദ്യാഭ്യാസരംഗത്തെ അശാന്തിയിലേക്കാണ് വിരൽചൂണ്ടുന്നത്. മികവിന്റെയും പുരോഗമനചിന്തകളുടെയും വിളനിലമായ ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള സർവകലാശാലകയ്ക്കുള്ളിൽ നിന്നാണ് ഗർഭസ്ഥശിശുക്കളെ മതംപഠിപ്പിക്കാൻ ചിലർ തീരുമാനിച്ച വാർത്തവന്നതെന്ന വസ്തുത അതീവഗൗരവമുള്ളതാണ്. ഇന്ത്യയുടെ ചരിത്രത്തെയും സാമൂഹികവികാസത്തെയും അപനിർമിക്കാൻ പ്രത്യയശാസ്ത്ര ഉപകരണത്തെയും മർദനോപാധികളെയും ഏകപക്ഷീയമായി ഒരുമിച്ചുപയോഗിക്കുമെന്ന വെല്ലുവിളിയെ അതിജീവിക്കുകയെന്നത് ഇന്ത്യയുടെ നിലനിൽപ്പിന് അനിവാര്യമാണ്.

പുരോഗമന ചിന്തകളെയും മതനിരപേക്ഷതയെയും അടിസ്ഥാനമാക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് പൊതുവിദ്യാഭ്യാസമേഖല ഒരുവലിയ ചാലകശക്തിയാണ്. അതിന്റെ ഉള്ളടക്കങ്ങളിൽ കേന്ദ്രത്തിന്റെ പ്രതിലോമനയങ്ങൾ അടിച്ചേൽപ്പിക്കാനും വിദ്യാഭ്യാസത്തിലൂടെ പുതുതലമുറയുടെ ചിന്തകളെ തങ്ങളുടെ ആശയസംഹിതകൾക്ക് അനുയോജ്യമായി പാകപ്പെടുത്താനും മൈക്രോലെവൽ ഇടപെടലുകളാണ് നടക്കുന്നത്. കേന്ദ്രസിലബസ് പിന്തുടരുന്ന ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന വിദ്യാലയങ്ങളിലേക്കും കേന്ദ്രീയ-നവോദയ വിദ്യാലയങ്ങളിലേക്കും കടന്നുവരുന്നത് വികലചരിത്രങ്ങളുടെ ആശയോൽപ്പാദനമാണ്. അവരും കേരളീയരാണെന്നും ഭാവികേരളത്തെ രൂപപ്പെടുത്തേണ്ട പൗരരാണെന്നുമുള്ള രാഷ്ട്രീയബോധ്യം അനിവാര്യമാണ്. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക ഗുണമേന്മയും സാമ്പത്തികബാധ്യതയുടെ പേരിൽ ആവശ്യങ്ങൾ നിരാകരിക്കുന്നതും പരസ്പരപൂരകങ്ങളാവില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കേരളത്തിന്റെ രാഷ്ട്രീയബാധ്യതയായി ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ് ലോകോത്തരമാകേണ്ടതായ പൊതുവിദ്യാഭ്യാസം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 − 6 =

Most Popular