Saturday, April 27, 2024

ad

Homeനിരീക്ഷണംഗുസ്തി താരങ്ങളുടെ പ്രക്ഷോഭം പുരുഷമേധാവിത്വ സംസ്കാരത്തിനെതിരായ ചെറുത്തുനില്പ്

ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം പുരുഷമേധാവിത്വ സംസ്കാരത്തിനെതിരായ ചെറുത്തുനില്പ്

പി കൃഷ്ണപ്രസാദ്

ന്താരാഷ്ട്ര മൽസരങ്ങളിൽ മെഡൽ നേടി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ കായികതാരങ്ങൾ, ലൈംഗിക കുറ്റമാരോപിക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും ബിജെപി യുടെ പാർലമെന്റ് അംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം ചെയ്യുകയാണ്. രാജ്യത്തെ പൗരസമൂഹം നേരിടുന്ന നിരവധി മൗലികപ്രശ്നങ്ങൾ ചർച്ചക്ക് വിധേയമാക്കാൻ ഈ പ്രക്ഷോഭം നമ്മെ നിർബന്ധിതരാക്കുന്നുണ്ട്.

1997 ആഗസ്ത് 13 നാണ് രാജസ്താൻ സർക്കാരിനെതിരെ വിശാഖ കേസ്സിൽ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ മാർഗരേഖയടങ്ങുന്ന സുപ്രീം കോടതിയുടെ ചരിത്രപ്രാധാനമായ വിധി വന്നത്. മാർഗരേഖ ലൈംഗിക കുറ്റകൃത്യങ്ങളെ നിർവചിക്കുന്നുണ്ട്. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരികസ്പർശമോ നോട്ടമോ സംസാരമോ ചിഹ്നങ്ങളോ അടയാളങ്ങളോ ലൈംഗിക കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ വ്യക്തിത്വത്തിനും അന്തസ്സിനും എതിരായ കുറ്റകൃത്യമാണ്. അത്തരം പരാതികളിൽ പൊതു താല്പര്യം മുൻനിരത്തി സക്രിയമായ നിയമനടപടി സ്വീകരിക്കാൻ പോലീസ് ബാദ്ധ്യസ്ഥമാണ്. ഈ മാർഗരേഖ നിയമമായി പരിഗണിക്കണമെന്നും സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്നും സുപ്രീം കോടതി വിധി നൽകി. മേൽ നിർദേശങ്ങളുടെ തുടർച്ചയായാണ് The Sexual Harassment of Women at Workplace (Prevention, Prohibition, and Redressal) Act of 2013 നിർമ്മിച്ചത്. എന്നാൽ 26 വർഷങ്ങൾക്ക് ശേഷവും ലൈംഗിക കുറ്റവാളിക്കെതിരെ നിയമനടപടിക്കായി ഇരകളായ സ്ത്രീകൾ രാജ്യതലസ്ഥാനത്ത് കുത്തിയിരിപ്പ് സമരം നടത്തേണ്ട സ്ഥിതിയിലാണ്.

ഇന്ത്യൻ ശിക്ഷാ നിയമം, തെളിവ് നിയമം എന്നിവയും കാലോചിതമായി നവീകരിച്ചിട്ടുണ്ട്. അത് പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളിൽ തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപണം നേരിടുന്ന വ്യക്തിക്കാണ്, പോലീസിനും നിയമപരിപാലന സംവിധനത്തിനുമല്ല. ഇൻ- കാമറ നടപടിക്രമ പ്രകാരമാണ് വിചാരണയും അന്വേഷണവും നടത്തേണ്ടത്. പരാതിക്കാരിയായ സ്ത്രീയുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്. എന്നിട്ടും ഭരണഘടനയും അതത് കാലങ്ങളിൽ നിർമ്മിച്ച നിയമങ്ങളും ഉറപ്പുനല്കുന്ന പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ നരേന്ദ്ര മോദി സർക്കാരിന് കീഴിലെ ഭരണസംവിധാനം തികഞ്ഞ പരാജയമാണ്. കുറ്റവാളികളെ സംരക്ഷിക്കുകയും ഇരകളെ വേട്ടയാടുകയുമെന്ന കുറ്റകൃത്യത്തിൽ ഭരണാധികാരികളും പങ്കാളികളാണ്.

ലിംഗ സമത്വവും സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിൽ രാഷ്ട്രീയ – ഭരണസംവിധാനങ്ങളും നിയമസ്ഥാപനങ്ങളും പരാജയപ്പെടുന്നത് ഒരു രാഷ്ട്രീയ പ്രശ്നമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ 75 വർഷം പൂർത്തീകരിച്ചിട്ടും പുരുഷ കേന്ദ്രിതമായ സാമൂഹ്യവ്യവസ്ഥയും ഫ്യൂഡൽ സാംസ്-കാരിക മൂല്യങ്ങളും ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്. വൻകിട ഭൂപ്രഭു വർഗത്തിനു കീഴിൽ തുടരുന്ന ഭൂകേന്ദ്രീകരണവും അതുമായി രൂഢമൂലമായ ഫ്യൂഡൽ സാംസ്-കാരികബോധവും ജാതി-മത വിശ്വാസങ്ങളുമായി ചേരുന്ന സ്ത്രീ വിരുദ്ധ സാമൂഹ്യ ആശയങ്ങളും ആധുനിക ജനാധിപത്യ പൌരസമൂഹത്തിലേക്കുള്ള വികാസത്തെ തടഞ്ഞുനിർത്തുന്നു.

മതവും രാഷ്ട്രവും കൂട്ടിക്കലർത്തുക എന്നത് രാജവാഴ്ചയുടെയും നാടുവാഴി വ്യവസ്ഥയുടെയും രാഷ്ട്രീയവീക്ഷണമാണ്. അതിനെതിരെ രാഷ്ട്രീയമായി ഉറച്ച നിലപാട് സ്വീകരിക്കാൻ ആധുനിക വിദ്യാഭ്യാസം ആർജ്ജിച്ച ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നേതൃത്വം നല്കിയ ഭരണസംവിധാനത്തിന് സാധിച്ചു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുകയും എന്നാൽ ഭരണസംവിധാനം മതനിരപേക്ഷമാവുകയുമെന്ന ആധുനിക ജനാധിപത്യ സാമൂഹ്യ വ്യവസ്ഥ സംബന്ധിച്ച് അവഗാഹമുണ്ടായിരുന്ന തിനാലാണ് നെഹ്രു നയിച്ച സരക്കാരിന് അത് സാധ്യമായത്.

എന്നാൽ, ഭൂകേന്ദ്രീകരണം ഇല്ലാതാക്കി കൃഷിഭൂമി കർഷകന് നൽകി ആധുനിക പൗരസമൂഹം വികസിപ്പിക്കുന്നതിന് പകരം ഫ്യൂഡൽ ഭൂപ്രഭുക്കളെ മുതലാളിത്ത ഭൂപ്രഭുക്കളാക്കി മാറ്റി ഭൂകേന്ദ്രീകരണം തുടരുന്ന നയമാണ് നെഹ്രു നയിച്ചതടക്കമുള്ള കോൺഗ്രസ്സ് സർക്കാരുകളും നിലവിൽ ബിജെപി നയിക്കുന്ന സർക്കാരും അനുവർത്തിച്ചത്. ഇതാണ് ഫ്യൂഡൽ സാംസ്കാരിക മൂല്യങ്ങളും അതിന്റെ ഉപോൽപന്നമായ ജാതി-മത വിശ്വാസവുമായി ചേർന്നുനിൽക്കുന്ന സ്ത്രീവിരുദ്ധ ആശയങ്ങളും പുരുഷ കേന്ദ്രിത സാമൂഹ്യ വീക്ഷണങ്ങളും ശക്തമായി തുടരുന്ന സാമ്പത്തിക -സാമൂഹ്യ അടിത്തറ രാജ്യത്താകെ തുടരാൻ ഇടയാക്കിയത്.

ഭൂപ്രഭുവർഗത്തിനു മേധാവിത്വമുള്ള രാഷ്ട്രീയ പാർട്ടിയായ ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക, രാമക്ഷേത്രം നിർമ്മിക്കുക, മുസ്ലിങ്ങളെ രാഷ്ട്രവിരോധികളായി ചിത്രീകരിക്കുക എന്നതടക്കമുള്ള മതവിശ്വാസത്തെ അടിസ്ഥാനമാക്കിയ വർഗീയ മുദ്രവാക്യങ്ങളെയാണ് ഭരണത്തിലെത്താനും അതിൽ തുടരാനും ആശ്രയിക്കുന്നത്. ബിജെപി പ്രതിനിധാനം ചെയ്യുന്നത് മനുസ്മൃതി മുന്നോട്ടുവെക്കുന്ന പുരുഷ കേന്ദ്രീതവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ സാംസ്കാരിക മൂല്യങ്ങളായതിനാലാണ് ലൈംഗിക കുറ്റാരോപണ വിധേയനായിട്ടും പാർലമെന്റ് അംഗമായി തുടരാൻ ബ്രിജ്ഭൂഷണനു സാധിക്കുന്നത്. ബ്രിജ് ഭൂഷണനോട് അറസ്റ്റിന് വഴങ്ങാനും നിയമനടപടിക്ക് വിധേയനാവാനും നിർദ്ദേശിക്കാൻ ബിജെപിക്കും അതിന്റെ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സാധിക്കാതെ പോകുന്നത്.

ജാട്ട് ജാതിക്കാരായ വനിത ഗുസ്തിക്കാർ രജപുത്ര ജാതിക്കാരനായ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷണിനെതിരെ നടത്തുന്ന രാഷ്ട്രീയ സമരം, ഉത്തർപ്രദേശുകാരനെതിരെ ഹരിയാനക്കാർ നടത്തുന്ന സമരം എന്ന നിലയിൽ ജാതിയും പ്രദേശവും തിരിച്ചു വിഭാഗീയമായിട്ടാണ് ഗുസ്തിതാരങ്ങളുടെ സമരത്തെ ബിജെപിയുടെ പാർലമെന്റ് അംഗങ്ങളും മന്ത്രിമാരും അടക്കം ചിത്രീകരിക്കുന്നത്. നാനാത്വത്തിലെ ഐക്യം എന്ന – പല ഭാഷകളും സംസ്കാരങ്ങളും ഉള്ള ജനങ്ങളുടെ ബഹുദേശീയ സ്വഭാവത്തെ കൂട്ടിയോജിപ്പിക്കുന്ന – ഇന്ത്യയുടെ ദേശീയ ഐക്യത്തെ ഭരണകക്ഷി തന്നെ തകർക്കുന്ന അതീവ അപകടകരമായ സാഹചര്യമാണ് ആർ. എസ്സ് എസ്സ് പ്രയോഗിക്കുന്ന ഈ വിഭാഗീയ രാഷ്ട്രീയം സൃഷ്ടിക്കുന്നത്. മണിപ്പൂരിൽ സംഭവിക്കുന്നത് അവസാനത്തെ ഉദാഹരണം.

ജാട്ടുകളും രജപുത്രരും അടക്കം എല്ലാ ജാതികളിലും എല്ലാ സംസ്ഥാനങ്ങളിലും ഉള്ള സ്ത്രീകളുടെ അന്തസ്സും ലൈംഗിക ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷിതത്വവും ഉള്ള പോരാട്ടമാണ് വനിത ഗുസ്തി താരങ്ങളുടെ സമരം എന്ന നിലയിൽ അതിനെ പിന്തുണയ്ക്കാൻ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സാധിക്കണം.

പുരുഷ കേന്ദ്രിത സാമൂഹ്യവ്യവസ്ഥയെയും അതിന്റെ സാംസ്-കാരിക മേൽകോയ്മയെയും തകർക്കുക എന്നത് തൊഴിലാളി വർഗത്തിന്റെ രാഷ്ട്രീയ താല്പര്യമാണ്. അത് വർഗസമരത്തിന്റെ ഭാഗമാണ്. അദ്ധ്വാനിക്കുന്ന വർഗ ജനവിഭാഗങ്ങളുടെ ഈ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് 2023 ഏപ്രിൽ 27 നു തന്നെ സിഐടിയു, കിസാൻ സഭ, കർഷക തൊഴിലാളി യൂണിയൻ, മഹിളാ അസ്സോസിയേഷൻ, എസ്എഫ്ഐ, ഡിവൈഎഫ്ഐ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. സംയുക്ത കിസാൻ മോർച്ച മെയ് 11 മുതൽ 18 വരെ അഖിലേന്ത്യാ പ്രതിഷേധ വാരം വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു.

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യേ ണ്ടത് ഡൽഹി പോലീസിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്. പരാതിയിൽ നടപടി എടുക്കാൻ വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിയമ ഭേദഗതി അംഗീകരിച്ചതാണ്. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനകളിൽ മുമ്പിൽ നിൽക്കുന്ന ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. മോദി സർക്കാർ ഡൽഹി പൊലീസിന്റെ കൈകെട്ടിയിരിക്കുകയാണ് എന്നതാണ് വസ്തുത. കുറ്റവാളികളെ സംരക്ഷിക്കാൻ ജാതിയും മതവും മറയാക്കുകയാണ് ബിജെപി.

കുറ്റാരോപണവിധേയനായ ബിജെപി എംപി ബ്രിജ്ഭൂഷണിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരും എന്നാണ് കായിക താരങ്ങളുടെ സമിതി തീരുമാനം. ഈ പ്രക്ഷോഭം ബിജെപിയെയും ആർഎസ്സ് എസ്സിനെയും നരേന്ദ്ര മോദി സർക്കാരിനെയും തുറന്നു കാണിച്ചിരിക്കുകയാണ്. കർണ്ണാടക തിരഞ്ഞെടുപ്പിൽ ജന വിധിയെ സ്വാധീനിക്കുന്നതിൽ ഈ പ്രക്ഷോഭം നല്ല പങ്ക് വഹിച്ചു. 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിലും ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം ചർച്ചാ വിഷയമാകും ജനവിധി നിർണ്ണയിക്കുന്നതിൽ നല്ല പങ്കുവഹിക്കും എന്ന കാര്യത്തിൽ സംശയമില്ല.

മഹാഭാരതത്തിലെ ദുശ്ശാസനെ അനുസ്മരിപ്പിക്കുന്ന പ്രവൃത്തിയാണ് ബ്രിജ്ഭൂഷൺ ചെയ്തത്. ആധുനിക ഇന്ത്യയിലെ അന്ധനായ ധൃതരാഷ്ട്രരായാണ് അപരാധിയെ സംരക്ഷിക്കാൻ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾ കാണുന്നത്. ഇന്ത്യൻ പുരാണങ്ങളിൽ സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാനായി നടന്ന മഹാഭാരത യുദ്ധം ശക്തരായ കൗരവരെ പരാജയപ്പെടുത്തിയെന്നാണ് കഥ. സ്ത്രീകളെ അപമാനിക്കുന്നവരെ സംരക്ഷിക്കുന്ന ബിജെപിയെ 2024 ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽനിന്നും പുറത്താക്കാൻ ഗുസ്തി താരങ്ങളുടെ പ്രക്ഷോഭവും വഴിതെളിക്കുകയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − 4 =

Most Popular