Thursday, November 21, 2024

ad

Homeകായികരംഗംപ്രചാരത്തിലേക്കുയരുന്ന സ്കൂൾ യോഗ ഒളിമ്പ്യാഡ്

പ്രചാരത്തിലേക്കുയരുന്ന സ്കൂൾ യോഗ ഒളിമ്പ്യാഡ്

ഡോ. അജീഷ് പി ടി

രോഗ്യപരിപാലനത്തിന്റെ ഭാഗമായി ഇന്ന് ലോകമെമ്പാടും യോഗ വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു. തുടർച്ചയായ യോഗ പരിശീലനത്തിലൂടെ വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താ രീതിയിലും നിലപാടിലും വ്യത്യാസം ഉണ്ടാക്കുവാൻ സാധിക്കുന്നതോടൊപ്പം സംവേദനശേഷിയും വൈകാരികബുദ്ധിയും വിവേകവും കരുത്തും സഹജാവബോധവും നേടിയെടുക്കുന്നതിനും കഴിയുന്നു. മനുഷ്യന്റെ ആരോഗ്യത്തിനും നന്മയ്ക്കും ഉതകുന്ന സമഗ്രമായ ജീവിതശീലമായി യോഗയെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അംഗീകരിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസമായ ജൂൺ 21 നെയാണ് അന്തർ ദേശീയ യോഗാദിനമായി തെരഞ്ഞെടുത്തത്.ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ളതും അല്ലാത്തതുമായ ഇരുന്നൂറിൽപ്പരം രാജ്യങ്ങളിൽ യോഗാദിനം വളരെ സമുചിതമായ രീതിയിൽതന്നെ ആഘോഷിച്ചു വരികയാണ്. മാനവരാശിയുടെ ക്ഷേമത്തിനും ജീവിത സൗഖ്യത്തിനും ഗുണപരമാകുന്ന സമഗ്ര കർമ്മ പദ്ധതിയാണിതെന്നും ലോകത്ത് ക്രമാതീതമായി വർദ്ധിക്കുന്ന ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കുവാൻ ഉപകാരപ്രദമായ മാർഗമായും യോഗയെ പൊതുവിൽ കരുതാം. ഇത്തരത്തിൽ സമാനമായ നേട്ടങ്ങൾ ദിവസേനയുള്ള യോഗ പരിശീലനത്തിലൂടെയും നേടുവാൻ കഴിയുന്നതിനാൽ കായികാരോഗ്യപരിപാലന മാർഗ്ഗമായി യോഗയെ സ്വീകരിക്കാവുന്നതാണ്.

മഹാകവി കാളിദാസന്റെ കുമാരസംഭവത്തിലെ “ശരീരമാദ്യം ഖലു ധർമ്മ സാധനം’ എന്ന പ്രശസ്ത വചനം ആധുനിക കാലത്ത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ശരീര പരിരക്ഷയുണ്ടെങ്കിലേ മറ്റു ധർമ്മങ്ങൾ പാലിക്കപ്പെടാൻ സാധിക്കയുള്ളൂ എന്നതിനാൽ യോഗയുടെ പ്രാധാന്യം ഇതിൽ കൃത്യമായ രീതിയിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആധുനിക ലോകത്തിന്റെ മാറ്റം മനുഷ്യ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. വ്യക്തിഗതമായ കാര്യങ്ങൾപോലും നിർവഹിക്കുവാൻ മറ്റുള്ളവരെ ആശ്രയിക്കുന്ന പ്രവണതയും അലസതയും ഇന്ന് കൂടിവരികയാണ്. സുഭിക്ഷമായി ഭക്ഷണം കഴിച്ച് ചലനരഹിതരായി വെറുതെയിരിക്കുന്ന ആളുകളിൽ സംഭരിക്കുന്ന അധികോർജ്ജത്തെ ഫലപ്രദമായി വിനിയോഗിക്കുവാൻ സാധിക്കുന്നില്ല എന്നുള്ളത് യാഥാർഥ്യമാണ്. ഇന്ന് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും തെറ്റായ മനോഭാവത്തിനും ഇതെല്ലാം ഒരു പ്രധാന കാരണമായി കാണേണ്ടിവരും. പലപ്പോഴും ജീവിത ശൈലീരോഗങ്ങൾ ഉള്ളവരെയാണ് സാംക്രമികരോഗങ്ങൾ രൂക്ഷമായി ബാധിക്കുന്നത്. ഇത്തരക്കാർ പൊതുവേ യാതൊരുവിധ ശാരീരിക ചലനവും കായികാധ്വാനവും ഇല്ലാതെ പൂർണമായും ശാരീരിക നിശ്ചലാവസ്ഥ പാലിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനങ്ങളുടെ ആരോഗ്യപരിപാലന സംവിധാനങ്ങളുടെ ചെലവ് ഗണ്യമായി വർധിച്ചുവരികയാണ്. മനുഷ്യാധ്വാനത്തിന്റെ ശോഷണത്തിന് കാരണമാകുന്ന ഇത്തരം സംഭവവികാസങ്ങൾ കാലക്രമേണ സമൂഹത്തിന് അധിക ബാധ്യത ഉണ്ടാക്കുമെന്നതിൽ തർക്കമില്ല .ലോകത്തുള്ള വ്യത്യസ്ത ജാതി, മത, വർഗ്ഗ, വർണ്ണ വിഭാഗത്തിൽപ്പെടുന്നവരും വിഭിന്ന സംസ്കാരങ്ങളിൽ ജീവിക്കുന്നവരുമായ ജനങ്ങൾക്കിടയിൽ സംഭവിക്കുന്ന എല്ലാത്തരം സംഘർഷങ്ങളെയും സമചിത്തതയോടെ പരിഹരിക്കുവാനുള്ള സമീപനം യോഗ പകർന്നുനൽകുന്നു. 1893 ലെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ സർവ്വമത പ്രസംഗത്തിൽ പാശ്ചാത്യലോകത്തിന് യോഗയെ പരിചയപ്പെടുത്തുന്നതിൽ സ്വാമിവിവേകാനന്ദൻ വഹിച്ച പങ്ക് നിസ്തുലമാണ്. അന്തർദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സമ്മേളനം യോഗയുടെ വളർച്ചാവികാസത്തിന് നിർണായക വഴിത്തിരിവായിരുന്നു.

സ്കൂൾ യോഗ ഒളിമ്പ്യാഡ്
രാജ്യത്തെ സ്കൂൾ തലം മുതലുള്ള യോഗാ പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് യോഗ ഒളിമ്പ്യാഡ്.ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി യോഗ പഠനവും നിർബന്ധിതമായി സ്കൂളുകളിൽ നടത്തിവരികയാണ്.നിരന്തരമായ യോഗ പരിശീലനത്തിലൂടെ കുട്ടികളുടെ മാനസിക – ശാരീരിക തലങ്ങളിൽ വികാസം ഉണ്ടാക്കുവാൻ കഴിയുന്നുണ്ട്. യോഗയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കുക എന്നതാണ് യോഗ ഒളിമ്പ്യാഡ് ആത്യന്തികമായി ലക്ഷ്യമിടുന്നത്.അപ്പർ പ്രൈമറി ക്ലാസുകളിലും ഹൈസ്കൂൾ ക്ലാസുകളിലുമുള്ള കുട്ടികൾക്ക് വെവ്വേറെയായാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.ആരോഗ്യത്തിനും ഐക്യത്തിനും യോഗ എന്നതാണ് യോഗ ഒളിമ്പ്യാഡിന്റെ പ്രധാനപ്പെട്ട തീം. ഈ മത്സരങ്ങൾ കൃത്യതയോടുകൂടി നടത്തുന്നതിന് ആവശ്യമായ പ്രത്യേക സിലബസും തയ്യാറാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ ഈ മത്സര പദ്ധതിയിൽ പങ്കാളികളാകുവാൻ അവസരമുള്ളൂ.സ്കൂൾതലം,ബ്ലോക്ക് തലം, ജില്ലാതലം,സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഘടന.മൂല്യനിർണയം കൃത്യമായി നിർവഹിക്കുന്നതിന് ആവശ്യമായ സ്കോർ ഷീറ്റുകൾ പ്രകാരമാണ് മത്സര വിധി നിർണയം നടത്തുന്നത്.യോഗയുടെ പ്രചാരവും പ്രസക്തിയും സമൂഹമാകെ വ്യാപിപ്പിക്കുവാനും അതിലൂടെ സ്കൂൾ വിദ്യാർത്ഥികളിൽ ആരോഗ്യപരിപാലനത്തിന്റെ മികച്ച സന്ദേശം പകരുവാനും യോഗ ഒളിമ്പ്യാഡിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നു.


ഏകീകൃത യോഗ 
പരിശീലന പാഠ്യക്രമം

കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നത് വിവിധ രീതികളിലൂടെയാണ്. യോഗയുടെ ശാസ്ത്രീയ തലങ്ങളെ കൃത്യമായി വിനിമയം ചെയ്യുന്നതിൽ ഇത് തടസ്സം ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകൾ മുഖേന നൽകിവരുന്ന യോഗ പരിശീലനങ്ങൾ ഏകീകൃത സ്വഭാവത്തോടുകൂടി അവതരിപ്പിക്കുവാൻ തീരുമാനമായത്. വിവിധ ഏജൻസികളിൽ പ്രവർത്തിക്കുന്ന യോഗാ വിദഗ്ധരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും നേതൃത്വത്തിലാണ് ഏകീകൃത യോഗ പരിശീലന പാഠ്യക്രമം രൂപപ്പെടുത്തിയെടുത്തത്. പ്രീ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കളികളിലൂടെ യോഗയുടെ അടിസ്ഥാന ബാലപാഠങ്ങൾ നൽകുന്ന കിഡ്സ് യോഗ ഇതിന്റെ ഭാഗമായി ഉൾപ്പെടുന്നു. തുടർന്നുള്ള അപ്പർ പ്രൈമറി തലത്തിൽ യോഗാസനങ്ങളുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നു. ഇതോടൊപ്പം ശ്വസന നിയന്ത്രണ വ്യായാമങ്ങളും പ്രാണായാമത്തിന്റെ അടിസ്ഥാന ഘട്ടവും പരിശീലിപ്പിക്കുന്നു.ഹൈസ്കൂൾ ക്ലാസുകളിലേക്ക് എത്തുമ്പോൾ യോഗാസനങ്ങളുടെ ഉയർന്ന തലവും ശുദ്ധീകരണക്രിയകളും പ്രാണായാമവും ധ്യാനവും യോഗനിദ്രയും കൃത്യമായി പരിശീലിപ്പിക്കുന്നു. ഹയർസെക്കൻഡറി തലത്തിലേക്ക് എത്തിച്ചേരുമ്പോൾ ഷഡ് കർമ്മങ്ങളും പ്രാണായാമ ഭേദങ്ങളും കൂടി മനസ്സിലാക്കുന്നു. ശാരീരിക ക്ഷമത നേടുന്നതോടൊപ്പം മാനസിക സമ്മർദ്ദം അകറ്റി ആത്മവിശ്വാസത്തോടുകൂടി ഏതുതരം പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻവേണ്ട കഴിവ് കുട്ടികൾക്കു ലഭിക്കുന്നു. ഈ പുസ്തകം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും വിനിമയം ചെയ്യപ്പെടുമ്പോൾ യോഗയുമായി ബന്ധപ്പെട്ട അറിവുകൾ കൂടുതൽ വിശാലമായ തലത്തിലേക്ക് അവതരിപ്പിക്കപ്പെടുന്നു. ഇത് യോഗ ഒളിമ്പ്യാഡ് പോലുള്ള നിരവധി മത്സരങ്ങൾക്ക് കുട്ടികളെ പര്യാപ്തമാക്കുവാൻ ഉപകാരപ്രദമാകുന്നു. യോഗ ഒളിമ്പ്യാഡിന്റെ ഭാഗമായി പങ്കെടുക്കുന്ന ഭൂരിഭാഗം കുട്ടികളും തനത് മേഖലയിൽ തന്നെയാണ് തുടർപഠനവും നടത്തുന്നത്. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലുള്ള വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യോഗയുമായി ബന്ധപ്പെട്ട ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്സുകൾ എന്നിവ നടത്തിവരികയാണ്. ആരോഗ്യ ചികിത്സ,പുനരധിവാസ മേഖലയിൽ യോഗ തെറാപ്പിയുടെ സാധ്യതകളും അവസരങ്ങളും ഇന്ന് വളരെയധികം കൂടി വരുന്നുണ്ട്.

യോഗയിലെ 
മതനിരപേക്ഷ കാഴ്ചപ്പാട്
ആധുനിക ലോകത്തെ ജോലിത്തിരക്കിനിടയിൽ ശരീരത്തിന്റെ ആവശ്യകതകളടക്കം പ്രാധാന്യമുള്ള പല കാര്യങ്ങളെയും നാം അവഗണിക്കാറാണ് പതിവ്. ശാസ്ത്രീയ ഡയറ്റ് പ്ലാനുകളെയും വ്യായാമ പദ്ധതികളെയുംകുറിച്ചുള്ള ചിന്തകളെ മാറ്റിവെച്ചുകൊണ്ട് അടുത്ത ദിവസം നടക്കാനിരിക്കുന്ന ജോലിത്തിരക്കിനെപ്പറ്റിയുള്ള വേവലാതികൾ ആയിരിക്കും മനസിനെ എല്ലായ്പ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നത്. സ്ഥിരമായ യോഗാപരിശീലനത്തിലൂടെ ശരീരവഴക്കം വർദ്ധിപ്പിക്കുവാനും പേശികളുടെ കരുത്തും സ്ഥിരതയും നേടിയെടുത്തുകൊണ്ട് സന്ധി വേദന, പേശിവേദന, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ക്രമേണ കുറയ്ക്കുവാനും സഹായിക്കുന്നു. യോഗാപരിശീലനം ഹൃദയ–ശ്വസന ക്ഷമതയെ ഏറ്റവും മികച്ച രീതിയിലാണ് സ്വാധീനിക്കുന്നത്. പ്രാണായാമ മാർഗങ്ങൾ സ്വായത്തമാക്കുന്നതിലൂടെ ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതൽ ഇടപഴകാനാകും. ശ്വസന വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശാരീരിക സമ്മർദ്ദത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നു. ആസ്ത്മ,വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർക്ക് ശ്വസന വ്യായാമങ്ങൾ ചെയ്യുന്നതുവഴി ആരോഗ്യത്തിൽ വലിയ വ്യത്യാസമുണ്ടാക്കിയെടുക്കാനാകുന്നു. ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. ഉറങ്ങാനായി ഗുളികകളെ ആശ്രയിക്കുന്നവർക്ക് യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ അനായാസം പരിഹരിക്കുവാനാകും.ആരോഗ്യസംരക്ഷണം വ്യക്തിഗത ഉത്തരവാദിത്വമാണെന്ന ചിന്ത ഓരോരുത്തരിലും ഉണ്ടാകുമ്പോൾ മാത്രമാണ് വ്യായാമത്തിന്റെ ഭാഗമായി യോഗയും പരിശീലിക്കാൻ താല്പര്യം കാട്ടുന്നത്. കരുത്തും കായികക്ഷമതയും കരസ്ഥമാക്കിക്കൊണ്ട് ആധുനികതയുടെ ഉത്പന്നമായ ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പോരാട്ടം നടത്തി വിജയം കരസ്ഥമാക്കുന്നതിന് നിരന്തരമായ പരിശ്രമം അനിവാര്യമാണ്. മതനിരപേക്ഷ കാഴ്ചപ്പാടും മാനവികമായ മൂല്യങ്ങളും സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിൽ യോഗ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല.ഇന്ന് ലോകവ്യാപകമായി മാനുഷിക മൂല്യച്യുതികൾ സംഭവിക്കുമ്പോൾ അതിനെതിരായ ബദൽ സന്ദേശങ്ങളാണ് യോഗ ലോകത്തിന് കാട്ടിക്കൊടുക്കുന്നത്. യോഗയെ വർഗീയവൽക്കരിക്കുവാനും സ്വജനപക്ഷപാതത്തോടുകൂടിയ ബോധപൂർവ്വമായ ഇടപെടൽ നടത്തുവാനും വലിയൊരു വിഭാഗം മതതീവ്രവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിന് ബദലായി യോഗയെ മതനിരപേക്ഷവും ജനാധിപത്യവത്കൃതവും ആക്കുവാനുള്ള തീവ്രമായ ശ്രമങ്ങൾ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് പ്രതീക്ഷയേകുന്നു. യോഗയുടെ ആത്യന്തികമായ അന്തഃസത്ത യോഗ ഒളിമ്പ്യാഡിലൂടെ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിനിമയം ചെയ്യപ്പെടുന്നതുവഴി ജീവിതത്തിലെ ജയപരാജയങ്ങളെ കൃത്യമായി ഉൾക്കൊള്ളുവാനുള്ള ശേഷിയടക്കമുള്ള കാര്യങ്ങളിൽ ഉദാത്തമായ മാതൃക സൃഷ്ടിക്കുവാൻ കഴിയുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − 4 =

Most Popular