യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ
മെയ് 12, 13, 14 തീയതികളിലായി നടന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (YLF) കൊച്ചി നഗരത്തെ ഉത്സവലഹരിയിലാഴ്ത്തി. അക്ഷരാർത്ഥത്തിൽ YLF കേരളത്തിന്റെ തന്നെ സാംസ്‌കാരികോത്സവമായിരുന്നു. വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുക (Celebration of diversity) എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കുംവിധത്തിലാണ് YLF ആഘോഷിക്കപ്പെട്ടത്. കേരളമനസ്സ് അതേറ്റെടുക്കുകയായിരുന്നു. നിരവധി എഴുത്തുകാർ, ചരിത്രകാരർ, രാഷ്ട്രീയ നേതാക്കൾ, സിനിമാ അഭിനേതാക്കൾ, കലാപ്രവർത്തകർ, മാധ്യമപ്രവർത്തകർ, യുവാക്കൾ തുടങ്ങി പങ്കെടുത്തവരെല്ലാം തന്നെ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിനെ രാഷ്ട്രീയ ആശയങ്ങളുടെയും സംവാദചിന്തകളുടെയും ഇടമാക്കി മാറ്റി. പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ആയിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ.
രണ്ട് ചരിത്രസന്ദർങ്ങളാണ് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിലൂടെ സംജാതമായത്. ഒന്ന്, രാജ്യം അഭിമുഖീകരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും മതനിരപേക്ഷ മൂല്യങ്ങളുടെ തകർച്ചയ്ക്കും രാജ്യം ഭരിക്കുന്നവരുടെ അധികാര പ്രമത്തതയ്ക്കുമെതിരെ സംസ്കാരികപ്രവർത്തകരുടെ വിശാലമായ ഒരു സംവാദവേദി ഒരുക്കാൻ കഴിഞ്ഞു. ആ നിലകളിലാണ് പല സെഷനുകളും വിഭാവനം ചെയ്യപ്പെട്ടത്. ‘Present india presentation of Arundhathi Roy’, ‘കവിതയും രാഷ്ട്രീയവും’, ‘We the People of India’, ‘പുതിയ ഇന്ത്യ : പ്രതീക്ഷകൾ, ആശങ്കകൾ’ തുടങ്ങിയ സെഷനുകൾ വിഭാവനം ചെയ്ത രീതിതന്നെ സജീവവും പുതുതലമുറയുടെ ചോദ്യങ്ങളാൽ ചടുലവുമായിരുന്നു. “കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ രാത്രിയിൽ സന്തോഷംകൊണ്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’ എന്ന അരുന്ധതി റോയിയുടെ പ്രസ്താവനയെ അവിടെ കൂടിയിരുന്നവരെല്ലാം കയ്യടിച്ചാണ് വരവേറ്റത്. 2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിനുശേഷം സഹോദരിയിൽ നിന്ന് കേട്ട ഒരു വാക്യം അരുന്ധതി റോയി രസകരമായാണ് അവതരിപ്പിച്ചത്. “ബിജെപിക്ക് കേരളത്തിൽ ആനമുട്ട’ എന്നാണ് സഹോദരി അന്ന് അരുന്ധതിയെ അറിയിച്ചത്. അതിന് അവർ, “നമുക്ക് ആനയും വേണം, മുട്ടയും വേണം എന്നാൽ ബിജെപി വേണ്ട’ എന്ന് മറുപടി പറഞ്ഞത് എല്ലാവരിലും പ്രതീക്ഷയുടെ ചിരിയുണർത്തി. ഇതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ ഏറ്റെടുത്ത ബിജെപിക്കെതിരായ അരുന്ധതി റോയിയുടെ പ്രസ്താവനകളും അവർ യുവധാര വേദിയിൽ പ്രസ്താവിച്ചവയാണ്. ലാൽ സലാം എന്ന അഭിവാദ്യത്തോടെയാണ് അരുന്ധതി റോയി തന്റെ പ്രഭാഷണം ആരംഭിച്ചത്. അതു തന്നെ പ്രതിരോധത്തിന്റെ ഉജ്ജ്വലമായ മുദ്രാവാക്യമായി അനുഭവവേദ്യമായി. ‘കവിതയും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ സംസാരിച്ച സച്ചിദാനന്ദൻ മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധതയെ തുറന്നെതിർക്കുകയും സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള നിരപരാധികളെ കൊന്ന ഭരണകൂട ഭീകരതയെ തിരിച്ചറിയണമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. മിസോറാമിലും നാഗാലാന്റിലും പള്ളികൾ കത്തിക്കുന്നതും കന്യാസ്ത്രീകളെ വേട്ടയാടുന്നതും ഇവിടത്തെ ക്രിസ്ത്യൻ പൗരോഹിത്യം അറിയണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് മന്ത്രി പി.രാജീവ് ‘We the People of India’ സെഷനിൽ ഊന്നിപ്പറഞ്ഞത്. ഭരണഘടനയാണ് ഏതൊരു പൗരന്റെയും അവസാന അഭയമെന്നും ബിജെപി അധികാരത്തിൽ തുടർന്നാൽ അതിനി എത്രകാലം ഉണ്ടാകുമെന്ന് അറിയില്ലെന്നും ആശങ്ക അദ്ദേഹം രേഖപ്പെടുത്തി. രാജ്യം നേരിടുന്ന പ്രതിലോമതകൾക്ക് അടിസ്ഥാനം ആർഎസ്എസ് പ്രത്യയശാസ്ത്രമാണെന്നും അതിനെ തുറന്നെതിർക്കുകയും നിരാകരിക്കുകയും വേണമെന്നും ‘പുതിയ ഇന്ത്യ : ആശങ്കകൾ, പ്രതീക്ഷകൾ’ എന്ന സെഷനിൽ എം.വി.ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം നിൽക്കുന്ന മോദി ഗവണ്മെന്റ് പാവപ്പെട്ടവരുടെ കണ്ണീർ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി യുവാക്കളുമായി അരമണിക്കൂറോളം സംവദിച്ചത് ഫെസ്റ്റിവലിന്റെ ആവേശത്തിളക്കങ്ങളിൽ ഒന്നായി മാറി. യുവാക്കളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന്റെ വികസന നേട്ടങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു. ഇങ്ങനെ എഴുത്തുകാരെയും രാഷ്ട്രീയപ്രവർത്തകരെയും ഇരുത്തി സംവദിക്കാൻ കഴിയുന്ന പുതിയൊരു പ്ലാറ്റ്ഫോം കാലോചിതമായി ഉണ്ടാക്കിയെടുത്തു എന്നതാണ് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ചരിത്രപരമായ വിജയങ്ങളിൽ ഒന്ന്.
രണ്ട്, കേരളത്തിലങ്ങോളമിങ്ങോളമുള്ള യുവാക്കൾ നിറഞ്ഞുനിന്ന ഒരു ഫെസ്റ്റിവലായി ഇത് മാറി എന്നതാണ്. ഈ ഫെസ്റ്റിവലിന്റെ ആവേശവും തിമിർപ്പും യുവതയായിരുന്നു. പാനലിസ്റ്റും സംവാദകരും, കാഴ്ചക്കാരും കേൾവിക്കാരും സംഘാടകരും നേതൃത്വവുമൊക്കെയായി അവർ നിറഞ്ഞു നിന്നു. തീർച്ചയായും, അതും ഒരു രാഷ്ട്രീയപ്രവർത്തനമാണ്. വാസ്തവത്തിൽ, ഫോർട്ട് കൊച്ചി എന്ന ഒറ്റ വെന്യൂവിലല്ല, യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ അരങ്ങേറിയത്. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ എല്ലാ ബ്ലോക്ക് കമ്മിറ്റികളിലുമായിരുന്നു അതിന്റെ തുടക്കം. ഏതാണ്ട് രണ്ടുമാസംമുമ്പ് തന്നെ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ബാനറിൽ പ്രാദേശികമായി അരങ്ങേറിയ ഇത്തരം സാംസ്കാരിക പരിപാടികൾ വളർന്നുവരുന്ന യുവാക്കളിൽ എഴുത്തിനും കലയ്ക്കുമൊപ്പം ശരിയായ രാഷ്ട്രീയബോധത്തിന്റെയും വീണ്ടുവിചാരത്തിന്റെയും പുതിയ ദിശ നൽകുകയായിരുന്നു. രണ്ടു മാസക്കാലം കേരളമെമ്പാടും കേട്ടത് കലയുടെ കാലൊച്ചകളും സാംസ്‌കാരിക മത്സരങ്ങളുടെ വാക്ശരങ്ങളുമായിരുന്നു. അടിത്തട്ടിൽനിന്നു തുടങ്ങിയ ഈയൊരു പ്രവർത്തനമികവ് കൊച്ചിയിലെ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിനെ വിജയിപ്പിക്കുന്നതോടൊപ്പം കേരളത്തിലെ പുതുതലമുറയെ മതനിരപേക്ഷ മൂല്യങ്ങളുടെയും ജനാധിപത്യ സംസ്കാരത്തിന്റെയും ശരിയായ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയും പതാകവാഹകരാകാൻ പ്രേരിപ്പിക്കുകയുമായിരുന്നു. സാധാരണ ഫെസ്റ്റിവലുകളിൽ നിന്ന് YLF നെ വ്യത്യസ്തമാക്കിയതും ഈയൊരു സവിശേഷതയായിരുന്നു.
അങ്ങനെ ആദ്യ എഡിഷനിൽതന്നെ YLF ഇന്ത്യയിലെ മറ്റേതൊരു ഫെസ്റ്റിവലുംപോലെ പ്രധാന സാംസ്കാരിക ഉത്സവങ്ങളിൽ ഒന്നായി മാറി. രാഷ്ട്രീയമായി വിയോജിപ്പുള്ള എഴുത്തുകാരടക്കം പങ്കെടുക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ അതിന്റെ നിലവാരവും സമീപനവും വിലയിരുത്തപ്പെട്ടു. ഇന്ത്യയിൽ ഇന്ന് ഇതുപോലൊരു ഫെസ്റ്റിവൽ നടത്താനുള്ള നേതൃത്വം ഏറ്റെടുത്ത ഡിവൈഎഫ്ഐ യെ അഭിനന്ദിച്ചുകൊണ്ട് മുതിർന്ന എഴുത്തുകാർ മുതൽ യുവഎഴുത്തുകാർ വരെ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ എഴുതുകയുണ്ടായി. ഞങ്ങൾ ഇതിനെ വലിയൊരു രാഷ്ട്രീയ ഉത്തരവാദിത്തമായാണ് കാണുന്നത്. എതിർശബ്ദങ്ങളെ നിഗ്രഹിക്കുന്ന കാലത്ത് എല്ലാ ശബ്ദങ്ങളും ഉയർന്നു കേൾക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഞങ്ങളുടെ ലക്ഷ്യം. കലയും സാഹിത്യവും നിരോധിക്കപ്പെടുന്ന കാലത്ത് കലയുടെയും സാഹിത്യത്തിന്റെയും പതാകവാഹകരാവുകയാണ് ഞങ്ങളുടെ കടമ. എല്ലാ സ്വാതന്ത്ര്യ നിഷേധങ്ങൾക്കുമെതിരെയുള്ള നീതിയുടെ സ്വരമാവുകയാണ് ഞങ്ങൾ. അരുന്ധതി റോയും ഗീതാഞ്ജലി ശ്രീയും സക്കറിയയും സച്ചിദാനന്ദനും പേരറിവാളനും അർപ്പുതം അമ്മാളും ലക്ഷ്മൺ ഗെയ്‌ക്ക്‌വാദും നിധി ദുഗാറും എസ്.ഹരീഷും വിനോയ് തോമസും തുടങ്ങി 300 ഓളം വരുന്ന എഴുത്തുകാരുടെ സ്വതന്ത്രമായ ഭാഷണങ്ങളിലും അതാണ് മുഴങ്ങിക്കേട്ടത്. 70 ശതമാനത്തോളം യുവജനങ്ങളായിരുന്നു പല സെഷനുകളിലെയും പാനലിസ്റ്റുകൾ. എഴുത്തിന്റെ നവീനമായ വഴിയും ചിന്തയുടെ പുതിയ ആകാശങ്ങളും അവർ തുറന്നുവിട്ടു. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ ചെറുപ്പക്കാർ പല സെഷനുകളെയും ചോദ്യങ്ങൾകൊണ്ട് സംവാദമുഖരിതമാക്കി. കേരളത്തിലെ പല ബ്ലോക്കുകളിലെ കലാമത്സരങ്ങളിൽനിന്നും വിജയിച്ചെത്തിയ യുവാക്കൾ മാറ്റുരച്ച മത്സരത്തിലെ വിജയികൾ നാളത്തെ കേരളത്തിലെ വലിയ എഴുത്തുകാരും കലാപ്രവർത്തകരുമാകും എന്നതിലും ഞങ്ങൾക്ക് സംശയമില്ല. സത്യത്തിൽ അത്തരം യുവപ്രതിഭകളെ വാർത്തെടുക്കാനുള്ള വലിയൊരു അരങ്ങൊരുക്കൽ കൂടിയായിരുന്നു യുവധാര വേദി. കവിതയും കഥയും രാഷ്ട്രീയവും മാധ്യമവർത്തമാനവും സിനിമാസംവാദവും കായികതാരങ്ങളുടെ മുഖാമുഖവും യുവതയുടെ ഒത്തുകൂടലും ഡാൻസും പാട്ടും കൂടിയിരിപ്പുകളുമായി നിറഞ്ഞ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ പുതിയ കാഴ്ചപ്പാടും ചിന്താശേഷിയും സർഗാത്മകതയും സാഹിത്യ കലാഭിമുഖീകരണങ്ങളുമായി വീണ്ടുമെത്തും. ♦