‘‘ഠപ്പ്!
ശരിയായി ഉന്നം പിടിക്കുന്നതിനുവേണ്ടിയെന്നോണം അക്രമി ഒരു നിമിഷം നിന്നു.
ഠപ്പ്!
അയാളുടെ ആക്രമണലക്ഷ്യം അപ്പോഴും അങ്ങനെതന്നെ തുടരുകയാണ്.
ഇപ്പോഴതാ അയാൾ താഴെനിന്ന് ഇരുമ്പുദണ്ഡുപോലെയുള്ള എന്തോ ഒന്ന് പൊക്കിയെടുക്കുന്നു.
ഇരുമ്പുവടികൊണ്ട് അയാൾ ലക്ഷ്യത്തിലേക്ക് ആഞ്ഞടിക്കുകയാണ്.
ഠെ…ഠെ…ഠെ…ഠെ…!
ആദ്യത്തെ കുറച്ചടിയേറ്റത് വാരിയെല്ലിന്റെ ഭാഗത്താണ്.
പിന്നീടത് ഇടതുതോളിലേക്കായി.
പത്താമത്തെ അടിയിൽ ഇടതുകെെ അറ്റു താഴേക്കുവീണു.
താഴെനിന്നും ഒരു അലർച്ച. ആൾക്കൂട്ടത്തിന്റെ വിജയഭേരി ഉയർന്നുകേൾക്കുന്നു.
ഇപ്പോഴതാ ചുവന്ന ടീ – ഷർട്ടു ധരിച്ച ആ അക്രമി വലതുകെെ തകർക്കുവാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു.
ഉയരുന്ന പുകപടലം പശ്ചാത്തലത്തിൽ ഇരുട്ടുപടർത്തുകയാണ്. പടക്കംപൊട്ടുന്ന ശബ്ദവും ആളുകളുടെ ആരവവും വളരെ വ്യക്തമായി കേൾക്കാം.
സ്ഥലം: മണിപ്പൂരിലെ പടിഞ്ഞാറൻ ഇംഫാൽ ജില്ലയിലെ സാംഗയ്-പ്രൌ; ഇംഫാൽ വിമാനത്താവളത്തിൽനിന്ന് 3.5 കിലോമീറ്റർ ദൂരം.
സമയവും തീയതിയും: മെയ് 4, ഉച്ചയ്ക്ക് 1.30 നും 2നും ഇടയ്ക്ക്, മണിപ്പൂരിലെ സംഘർഷം ഉച്ചസ്ഥായിയിലെത്തിയപ്പോൾ.
കെട്ടിടം : സെന്റ് പോൾസ് ചർച്ച്
ഉന്നം : ദേവാലയ ഗോപുരത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഉയർത്തെഴുന്നേൽക്കപ്പെട്ട ക്രിസ്തുവിന്റെ തിരുരൂപം.
കരുതിക്കൂട്ടി, ക്ഷമയോടെ വീണ്ടും വീണ്ടും ആഞ്ഞാഞ്ഞടിച്ച് അത് തകർക്കുന്ന ആ രംഗം! രണ്ട് വീഡിയോകളിൽ അത് കണ്ട് സമയമേറെ പിന്നിട്ടിട്ടും ഇപ്പോഴുമാ ഭീകരകാഴ്ച കൺമുന്നിലങ്ങനെ നിറഞ്ഞുനിൽക്കുന്നു’’.
കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫ് പത്രത്തിൽ 2023 മെയ് 22, തിങ്കളാഴ്ച ‘Unhurried attack of `lit match’ എന്ന തലക്കെട്ടിൽ ഉമാനന്ദ് ജയ്സ്വാളും ആർ രാജഗോപാലും ചേർന്ന് തയ്യാറാക്കിയ ലേഖനത്തിൽനിന്നുള്ള ഭാഗമാണിത്. മണിപ്പൂരിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കലാപത്തിന്റെ യഥാർത്ഥ വസ്തുതകൾ ഈ ലേഖനം സധെെര്യം വിളിച്ചു പറയുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ടു ലഭിച്ച രണ്ടു വീഡിയോകളിൽ കണ്ട ദൃശ്യങ്ങളെ അതേപടി പകർത്തിയിരിക്കുകയാണിവിടെ. അതിനൊരു കാരണമുണ്ട്, ഈ കലാപം പെട്ടെന്നുണ്ടായ രോഷത്തിൽ അനിയന്ത്രിതമായി പൊട്ടിമുളച്ചതല്ല, മറിച്ച് കരുതിക്കൂട്ടി വളരെയേറെ ആലോചനകൾക്കുശേഷം കൃത്യമായ ലക്ഷ്യത്തോടുകൂടി നടപ്പാക്കിയ വിധ്വംസകതന്ത്രമായിരുന്നു എന്ന് ഈ വീഡിയോകളുടെ സൂക്ഷ്മ പരിശോധന വ്യക്തമാക്കുന്നുണ്ട്.
മണിപ്പൂരിൽ 72 ലധികം പേരുടെ ജീവനെടുക്കുകയും 35,000ത്തിലേറെ പേരെ സ്വന്തം നാടും അസ്തിത്വവുമെല്ലാം ഉപേക്ഷിച്ച് അയൽസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതമാക്കുകയും, വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത ഈ കലാപം, ഒരുനിമിഷത്തിന്റെ ചൂടിൽ പെട്ടെന്നു പൊട്ടിപ്പുറപ്പെട്ട ലഹളയായിരുന്നില്ല. ദശകങ്ങളായി നീണ്ടുനിൽക്കുന്ന വംശീയ സംഘർഷത്തിന്റെ ഒടുവിലത്തെ പൊട്ടിത്തെറിയുമായിരുന്നില്ല. നേരെമറിച്ച്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മണിപ്പൂർ സംസ്ഥാനത്ത് അധികാരം പിടിക്കുന്നതിനുവേണ്ടി ബിജെപിയും കേന്ദ്ര സർക്കാരും നടത്തിയ വർഗീയ – വിദേ–്വഷ പ്രവർത്തനങ്ങളുടെ ഭാഗമാണ് മണിപ്പൂരിലെ കലാപം. വനഭൂമികളിൽനിന്ന് കുക്കി, നാഗ തുടങ്ങിയ ആദിവാസി വിഭാഗങ്ങളെ അന്യായമായി കുടിയിറക്കി; ഈ ഭൂമി ബിജെപിയുടെ നേതൃത്വത്തിൽ വെട്ടിപ്പിടിച്ചു; കുക്കി കലാപകാരികളുമായുള്ള വെടിനിർത്തൽ പിൻവലിച്ചു; ക്രൈസ്തവമതം സ്വീകരിച്ചിട്ടുള്ളവരാണ് കുക്കി, നാഗ വിഭാഗക്കാർ. പിന്നീട് മണിപ്പൂരിലെ ഭൂരിപക്ഷ ജനവിഭാഗവും ഹിന്ദുമതസ്ഥരുമായ മെയ്ത്തി വിഭാഗത്തിന് പട്ടികവർഗ പദവിയും അതിന്റെ സംരക്ഷണവും നൽകുന്നതിനുള്ള നടപടിയുമായി ബിജെപി സർക്കാർ മുന്നോട്ടുപോയി. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഇത് അസംതൃപ്തിയുണ്ടാക്കുകയും മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ, കുക്കികൾക്കം, മെയ്–ത്തികൾക്കുമിടയിൽ വിദേ്വഷം പടർത്തുകയും ആത്യന്തികമായി അത് ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിലുള്ള പ്രശ്നമായി കൃത്യമായ ആസൂത്രണത്തോടുകൂടി പ്രചരിപ്പിക്കപ്പെടുകയും ചെയ്തതിന്റെ അനിവാര്യഫലമാണ് മണിപ്പൂരിലെ അക്രമപേക്കൂത്തുകൾ. ഹ്രസ്വകാലത്തിനുള്ളിൽ സംസ്ഥാനത്തെ ജനങ്ങളെ രണ്ടായി ചേരിതിരിക്കാനും ഒന്നിന് മറ്റൊന്നിനോട് വെറുപ്പുളവാക്കുവാനും ബിജെപിക്കു കഴിഞ്ഞതിന്റെ ആത്യന്തിക ഫലമാണത്.
ടെലഗ്രാഫ് പത്രം തുടർന്ന് ഇങ്ങനെ പറയുന്നു, ‘‘കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രണ്ടു വീഡിയോകളിലൊന്നിലെ തകർക്കൽ ശ്രമമാണ് മുകളിൽ വിവരിച്ചത്. തീയിലെരിഞ്ഞുകൊണ്ടിരിക്കുന്ന ആ കത്തോലിക്ക പള്ളിയേതെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ തെറ്റായി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ടെലഗ്രാഫ് പത്രം, ആ പള്ളി തിരിച്ചറിഞ്ഞ, അതിന്റെ അയൽവാസിയായ ഒരു വ്യക്തിയെ കണ്ടെത്തി. അദ്ദേഹം പള്ളി തിരിച്ചറിയുക മാത്രമല്ല, അത് തകർക്കുന്ന വേദനാനിർഭരമായ ആ കാഴ്ച ഞങ്ങളോട് വിശദീകരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മണിപ്പൂർ സംസ്ഥാനം വിട്ട ഇൗ വ്യക്തി, അക്രമികൾ ഈ പള്ളി പൊളിച്ചടുക്കിയ മെയ് 4ന് പള്ളിയിൽനിന്നും കേവലം 300 മീറ്റർ മാത്രം അകലെയുണ്ടായിരുന്നു. സമീപത്തുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഒളിച്ചിരുന്നയാളാണ് ഈ പച്ചയായ ചിത്രങ്ങൾ പകർത്തിയത് എന്നദ്ദേഹം പറയുന്നു; ഉയർത്തെണീക്കപ്പെട്ട ക്രിസ്തുവിന്റെ പ്രതിമ തകർക്കുമ്പോൾ ചുവന്ന ടീ ഷർട്ടു ധരിച്ചിരുന്ന ആ യുവാവിന് ക്രൂരതനിറഞ്ഞ ഭാവമായിരുന്നു എന്ന് അയാൾ പറയുന്നു’’.
ബിജെപിയാണ് ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ചത് എന്നതിന് തെളിവുകളില്ല. എന്നാൽ, മണിപ്പൂർ സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്; സംസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പള്ളി ഒരുപാട് ദൂരെ, അതായത് ഉൾപ്രദേശത്ത് സ്ഥിതിചെയ്യുന്നതുമല്ല; ഇംഫാൽ വിമാനത്താവളത്തിൽ നിന്നും 3.5 കിലോമീറ്ററിൽ താഴെദൂരമേയുള്ളൂ ഇപ്പറയുന്ന സെന്റ് പോൾസ് ചർച്ചിലേക്ക്. കർഫ്യൂ അടക്കം നിലനിൽക്കെ, മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയിൽ, ഒട്ടുംതന്നെ ഭീതിയോ അങ്കലാപ്പോ ഇല്ലാതെ അക്രമകാരികൾക്ക് ഇതു ചെയ്യാൻ കഴിഞ്ഞുവെങ്കിൽ അവർക്കുപിന്നിൽ സംസ്ഥാനത്തെ ഭരണസംവിധാനത്തിന്റെ കറുത്ത കെെകൾ പ്രവർത്തിക്കുന്നുണ്ടാവണം, തീർച്ച.
അക്രമകാരികൾ മെയ് 3 മുതൽ പലതവണ ഈ പള്ളിയിൽ വന്നുപോയിരുന്നു എന്ന് ടെലഗ്രാഫിനോട് സംസാരിക്കാൻ തയ്യാറായ രണ്ടുപേരിലൊരാൾ പറയുന്നു. ആദ്യം, അതായത്, മെയ് 3ന് ഈ പള്ളിക്കുപുറകിലുള്ള പാസ്റ്ററൽ ട്രെയിനിങ് സെന്ററും മറ്റു കെട്ടിട ഭാഗങ്ങളും അവർ തകർത്തു. പിന്നീട് മെയ് 4ന് ഉച്ചയ്ക്കുവന്ന് ക്രിസ്തുവിന്റെ രൂപം പൂർണമായി തകർത്തശേഷം പള്ളിയാകെ തീവെച്ചു നശിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ തികച്ചും ആസൂത്രിതമായി, ഭാവിയിൽ എന്നെന്നേക്കുമായി സമൂഹത്തിലാകെ ഒരു ചേരിതിരിവ് ഉണ്ടാക്കുന്നതിനുവേണ്ടി, ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുകയും മറ്റൊരു വിഭാഗത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ള ഭ്രാന്തമായ അഴിഞ്ഞാട്ടമാണ് ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് ഭരിക്കുന്ന മണിപ്പൂരിൽ നടമാടിയത്. അതിന്റെ ആഘാതം വളരെ വലുതാണ്; ഇപ്പോൾതന്നെ 74 ലേറെ മനുഷ്യർ കൊല്ലപ്പെട്ടു; 1700 നടുത്ത് വീടുകൾ നശിപ്പിക്കപ്പെട്ടു; 35,000 ത്തോളം പേർ പലായനംചെയ്തു; 45,000 ത്തിലേറെ മനുഷ്യരെ ആസൂത്രിതമായ ഈ കലാപം ബാധിച്ചു; അധികവും ക്രിസ്തുമത വിശ്വാസികളായ കുക്കികളെയും ഹിന്ദുമതവിശ്വാസികളായ മെയ്ത്തികളെയുമാണ് ബാധിച്ചത്. മണിപ്പൂരിലെ ജനസംഖ്യയിൽ മെയ്ത്തികൾ ഏതാണ്ട് 58–60 ശതമാനവും കുക്കികൾ ഏകദേശം 40–42 ശതമാനവുമാണ്.
ടെലഗ്രാഫ് പത്രത്തോട് സംസാരിച്ച ഇംഫാലുകാരനായ ഒരാൾ പറയുന്നതിങ്ങനെ, ‘‘എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല, ഇക്കാലത്തും ഇത്തരത്തിലുള്ള കലാപമൊക്കെ നടക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല. തലസ്ഥാനനഗരിയെന്ന നിലയിൽ എല്ലാ സമുദായങ്ങളോടും മതങ്ങളോടും ഇടപെടാനുള്ള ശേഷിയും കൂടുതൽ സഹിഷ്ണുതയും ഇംഫാൽ പുലർത്തേണ്ടതാണ്. ഞാനിനി ഇംഫാലിലേക്ക് മടങ്ങിപ്പോകുകയില്ല; ഇനിയൊരിക്കലും ഇംഫാലിനെ വിശ്വസിക്കുകയില്ല. ഇംഫാലിൽ നല്ല മനുഷ്യരുണ്ട്,പക്ഷേ ഒരു കൂട്ടം അക്രമികളുമുണ്ട്. അവിടെ സഹിഷ്ണുതയില്ല. ഞങ്ങൾക്ക് സംസ്ഥാന ഗവൺമെന്റിനെ വിശ്വസിക്കാൻ കഴിയില്ല’’.
മണിപ്പൂരിലെ പുരോഹിത വിഭാഗത്തിൽപെട്ടൊരാൾ പറയുന്നു, ‘‘എന്തുകൊണ്ടാണ് ഞങ്ങൾ ആക്രമിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. ഈ പള്ളി എല്ലാ സമുദായങ്ങൾക്കും അന്നം വിളമ്പുന്നയിടമാണ്, ഏതെങ്കിലുമൊരു വംശീയ വിഭാഗത്തിനു മാത്രമല്ല. എന്തുകൊണ്ടാണ് ഞങ്ങളെ ആക്രമിക്കുന്നതെന്ന് അക്രമികളോട് ചോദിച്ചപ്പോൾ അവർക്കതിന് ഉത്തരമില്ലായിരുന്നു. ഞങ്ങളെല്ലാവരും ഉത്തരങ്ങൾ തേടുകയാണ്’’.
മണിപ്പൂരിനും കേരളത്തിനും പുറത്തുള്ള പുരോഹിതരിൽ ഒരു വിഭാഗവും ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെടുന്നവരും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ‘ക്രിസ്ത്യാനികളെ വേട്ടയാടുകയും പീഡിപ്പിക്കുകയും’’ ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. ഛത്തീസ്ഗഢിലടക്കം നടക്കുന്ന സംഭവങ്ങൾ കാണിക്കുന്നത് അതാണ്. ഇവിടെ വംശീയ സ്പർദ്ധയായി തുടങ്ങിയതിനെ ക്രിസ്ത്യൻ വിരുദ്ധതയാകാൻ അനുവദിച്ചു എന്നതുതന്നെ ഇത് ആസൂത്രിതമായ അജൻഡ നടപ്പാക്കലാണെന്നുള്ളതിനു തെളിവാണ്. സ്നേഹത്തിന്റെയും ഉൾക്കൊള്ളലിന്റെയും ക്ഷമയുടെയും അംഗീകരിക്കലിന്റെയുമൊക്കെ പ്രതീകമായാണ് രണ്ടു കരങ്ങളും വിശാലമായി വിടർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന ഉയർത്തെണീക്കപ്പെട്ട ക്രിസ്തുവിന്റെ രൂപത്തെ പൊതുവിൽ കാണുന്നത്. ആ രൂപത്തിനുനേരെ, ക്രിസ്തുവിന്റെ ആ കെെകൾക്കുനേരെ ലക്ഷ്യംവെച്ചുകൊണ്ട് ആഞ്ഞാഞ്ഞടിക്കുന്ന ആ രീതിതന്നെ ആഴത്തിലുള്ള വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്. ലോകത്തെയാകെ ആലിംഗനം ചെയ്യാനെന്നപോലെ വിടർത്തിയ ആ കെെകൾ ഏറ്റവും വലിയൊരു ഭീഷണിയാണെന്നു തിരിച്ചറിഞ്ഞപോലെയായിരുന്നു അയാൾ വിദേ–്വഷത്തോടെ അവ അടിച്ചുടയ്ക്കുന്ന കാഴ്ച ദ്യോതിപ്പിക്കുന്നത് എന്ന് ടെലഗ്രാഫ് ലേഖനം എടുത്തുപറയുന്നു. സഹജീവിയോട് എത്രമാത്രം വെറുപ്പും വിദേ–്വഷവുമാണ് കഴിഞ്ഞ കുറച്ചു നാളുകൾകൊണ്ട് മണിപ്പൂരിലെ മനുഷ്യമനസ്സുകളിൽ മുളപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞതെന്നാണ് ഇതെല്ലാം കാണിക്കുന്നത്. പള്ളിയോടു ചേർന്നുള്ള ലീ ഫെയ്ത്ത് സ്കൂളും അതിന്റെ ഹോസ്റ്റലും, ഫെയ്ത്ത് ഹോം, പാസ്റ്ററൽ ട്രെയിനിങ് സെന്റർ എന്നിവയും അക്രമികൾ തകർക്കുകയുണ്ടായി. ആളിപ്പടരുന്ന ചുവന്ന തീനാളത്തിലേക്കു നോക്കി ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്ന അക്രമികളുടെ ഭീകരകാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. ഈസ്റ്റർ ദിനത്തിൽ പള്ളികൾ സന്ദർശിച്ചും മറ്റും രാജ്യത്തെ ക്രിസ്ത്യൻ പുരോഹിതവർഗത്തെ, പ്രത്യേകിച്ചും കേരളത്തിലെ, കയ്യിലെടുക്കാൻ നരേന്ദ്ര മോദിയും ബിജെപി സർക്കാരും ശ്രമിക്കുന്നതിനിടയിലാണ് ഈ സംഘർഷം നടക്കുന്നത്. അരുന്ധതി റോയ് അടക്കമുള്ളവർ പറഞ്ഞ ‘‘നിങ്ങളിവിടെ ബിജെപിക്കൊരു അവസരം കൊടുത്താൽ മണിപ്പൂരുപോലെ കേരളവും നിന്നുകത്തും എന്ന വാക്കുകൾ ഇന്ത്യയ്ക്കാകെയുള്ള സന്ദേശമാണ്.
ഇപ്പോഴും കലാപം അവസാനിച്ചിട്ടില്ല. മെയ് 22 തിങ്കളാഴ്ച ന്യൂചെക്കോൻ മേഖലയിൽ മുൻ ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് കലാപം വീണ്ടും ശക്തമായിരിക്കുകയാണ്. സംസ്ഥാന ഗവൺമെന്റ് അക്രമികളെ നിശബ്ദമായി പിന്തുണച്ചു എന്നു സംസ്ഥാനത്തെ ഗോത്രവിഭാഗത്തിലുള്ള 10 എംഎൽഎമാർ, അതിൽ ഏഴുപേർ ബിജെപിക്കാരാണ്, കുറ്റപ്പെടുത്തി. കലാപം തടയുന്നതിന് സംസ്ഥാനത്ത് പ്രത്യേക സംവിധാനമൊരുക്കണമെന്ന് അവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കലാപം തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ മെയ്ത്തീ സംഘടനകൾ ആയിരത്തോളം തോക്കും ഏതാണ്ട് പതിനായിരത്തോളം തിരകളും പൊലീസ് ട്രെയിനിങ് കോളേജിൽനിന്നും സ്റ്റേഷനുകളിൽനിന്നും പിടിച്ചെടുക്കുകയുണ്ടായി. എങ്ങനെ അവർക്ക് അത് അനായാസം സാധിച്ചു എന്നതും സംശയമുണർത്തുന്നു. ഇങ്ങനെ സംഭവിച്ചിട്ടും എന്തുകൊണ്ട് കുക്കി വിഭാഗത്തിന് സർക്കാർ സംരക്ഷണമൊരുക്കിയില്ല? കലാപം തുടങ്ങി ഇത്രയേറെ ദിവസങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഒരു കേന്ദ്രമന്ത്രി പോലും മണിപ്പൂർ സന്ദർശിച്ചില്ല? ഇത്തരത്തിൽ ചോദ്യങ്ങൾ ഏറെയാണ്. സമാധാനമായി പൊയ്–ക്കൊണ്ടിരുന്ന ഒരു സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടി ബിജെപി കളിച്ച ധ്രുവീകരണ രാഷ്ട്രീയത്തിന്റെ തിക്ത-ഫലമാണ് ഈ കലാപം. ആളിപ്പടരുന്ന അഗ്നിയിൽ ഒരു സംസ്ഥാനമാകെ കത്തിനിൽക്കുമ്പോഴും, വെറുപ്പിന്റെയും വിദേ–്വഷത്തിന്റെയും നഗ്നമായ അഴിഞ്ഞാട്ടം മനുഷ്യജീവനെയും ജീവിതത്തെയും കുരുതികഴിക്കുമ്പോഴും, രാജ്യം കത്തുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പോലെ നിശബ്ദമായി അത് നോക്കി ചിരിക്കുകയാണ് കേന്ദ്ര – സംസ്ഥാന ബിജെപി സർക്കാരുകൾ. തീർച്ചയായും, കരുതിക്കൂട്ടി ക്രിസ്തുമത വിഭാഗത്തെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് മണിപ്പൂരിൽ നടക്കുന്നത് എന്ന് അക്രമത്തിന്റെ സ്വഭാവം തന്നെ വ്യക്തമാക്കുന്നുണ്ട്. ടെലഗ്രാഫിലെ ലേഖനം കൃത്യമായി ഇത് വരച്ചുകാണിക്കുന്നു. ♦