ഹായ്! കിട്ടിപ്പോയി. നല്ല മുഴുത്തതിനെ തന്നെ കിട്ടിപ്പോയി. കാട്ടാക്കടയിൽ പെരിയമീൻ, നല്ല വമ്പൻ സ്രാവ് തന്നെ! ഒരു വെടിക്ക് രണ്ട് പക്ഷിയല്ല, പക്ഷികൾ പലതാണ് വീണ് ചോര വാർന്നു ചാകുന്നത്. അത്തരമൊരു ഉല്ലാസത്തിമിർപ്പിലായിരുന്നു മെയ് 17ന്റെ മനോരമ വെടിപൊട്ടിച്ചത്.
മെയ് 17ന്റെ മനോരമയുടെ ഒന്നാം പേജിൽ മാസ്റ്റർ ഹെഡ്ഡിനു തൊട്ടുതാഴെയായി 6 കോളത്തിൽ സചിത്ര റിപ്പോർട്ട് ലേഖകന്റെ ബെെലെെനോടു കൂടിത്തന്നെ നൽകീറ്റുണ്ട്. ‘‘കൗൺസിലറായി ജയിച്ച പെൺകുട്ടിക്കുപകരം വിദ്യാർഥി നേതാവിനെ തിരുകിക്കയറ്റി. കോളേജിൽ എസ്-എഫ്ഐ ആൾമാറാട്ടം. നേതാവിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാനാക്കുക ലക്ഷ്യം.’’
അപ്പഴേ, ഒരു സംശയം. മനോരമ പറയുന്നതുപോലെയാണെങ്കിൽ കോളേജിൽനിന്ന് യൂണിവേഴ്സിറ്റിയിലേക്ക് കൗൺസിലർമാരുടെ ലിസ്റ്റയ്ക്കുന്നത് എസ്-എഫ്ഐ ഓഫീസിൽനിന്നാണോ? കോളേജിൽനിന്ന‍് യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്കുപോയ ലിസ്റ്റിലാണ് ‘ആൾമാറാട്ടം’ നടന്നത് എന്നത്രെ മനോരമ പറയുന്നത്. അപ്പോൾ അനഘ മാറി വിശാഖ് പട്ടികയിൽപെടണമെങ്കിൽ ആ കോളേജെന്താ നാഥനില്ലാക്കളരിയാണോ? അതോ എസ്എഫ്ഐക്കാരുടെ മച്ചമ്പിമാരാണോ കോളേജിനെ നയിക്കുന്ന ബന്ധപ്പെട്ടവരെല്ലാം പ്രത്യേകിച്ചും പ്രിൻസിപ്പാളും ചുമതലക്കാരായ അധ്യാപകരുമെല്ലാം. അങ്ങനെയാണെന്ന് മനോരമ സൂചനയൊന്നും നൽകുന്നില്ല.
അപ്പോൾ കോളേജ് പ്രിൻസിപ്പൽ അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ ചുമതലയുള്ളയാൾ ഒപ്പിട്ടായിരിക്കണം കോളേജിൽ നിന്ന് ലിസ്റ്റ് അയച്ചിട്ടുണ്ടാവുക. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ജി ജെ ഷെെജുവിന്റെ ഒപ്പോടുകൂടിയാണ് ലിസ്റ്റ് യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയത്. അപ്പോഴേ ആരാ ഈ ഡോ. ഷെെജു എന്നറിയുമ്പോഴാണ് പൂച്ച ചാക്കീന്ന് പുറത്ത് ചാടണത്. കോൺഗ്രസ് നേതാവാണ് അതിയാൻ. കോൺഗ്രസ്സിന്റെ സ്വകാര്യകോളേജ് അധ്യാപക സംഘടനയുടെ ജില്ലാ അധ്യക്ഷനാണ് ഡോ. ഷെെജു. മനോരമ 17ന്റെ റിപ്പോർട്ടിൽ പ്രിൻസിപ്പൽ കഥാപാത്രമാകുന്നേയില്ല. 18ന്റെ ‘‘തിരുത്ത്’’ എന്ന സ്റ്റോറിയിലും ഇതിയാനെക്കുറിച്ച് കാര്യമായ പരാമർശമില്ല. ‘‘ഗുരുതര വീഴ്ചയെന്നു വിസി; പ്രിൻസിപ്പൽ ഇൻചാർജിനെ മാറ്റും’’ എന്ന ബോക്സ് ഐറ്റത്തിൽ മാത്രമാണ് അതിയാനെ (പാവം പ്രിൻസിപ്പൽ ഇൻചാർജ്) അവതരിപ്പിക്കുന്നത്.
മനോരമ പറഞ്ഞുവരുന്നത് പ്രിൻസിപ്പൽ ഇൻചാർജ് അറിയാതെയോ അതിയാനുമേൽ ബലം പ്രയോഗിച്ചോ ആയിരിക്കണം ‘ആൾമാറാട്ടം’ നടത്തിയത് എന്നാണോ? എങ്കിൽ അങ്ങനെ തന്നെ തെളിച്ചു പറയേണ്ടേ? അതുണ്ടായിട്ടില്ല എന്നതിൽ നിന്നുതന്നെ വ്യക്തമാകുന്നത് യഥാർഥ വില്ലൻ ഡോ. ഷെെജുവാണെന്നാണ്. അതുകഴിഞ്ഞേ എസ്എഫ്ഐ ഏരിയ സെക്രട്ടറിയും വ്യാജമായി ലിസ്റ്റിൽ കടന്നുകൂടിയ ആളുമായ വിശാഖിന്റെ പങ്കുവരുന്നുള്ളൂ. വിശാഖ് പറഞ്ഞാലുടൻ തിരഞ്ഞെടുപ്പ് പ്രക്രിയയാകെ അട്ടിമറിച്ച് രേഖകളിലെല്ലാം തിരുത്തൽ വരുത്തണമെങ്കിൽ വ്യക്തിപരമായി ഇവർ തമ്മിൽ എന്ത് ബന്ധം? അങ്ങനെയെന്തെങ്കിലുമുണ്ടെന്നു മനോരമ പറയുന്നില്ല.
അപ്പോൾ എസ്എഫ്ഐയെയും സിപിഐ എമ്മിനെയും അപഹസിക്കാൻ ഈ പ്രിൻസിപ്പൽ തന്നെ നടത്തിയ കരുനീക്കമായിക്കൂടെ? വിശാഖ് അതിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നതല്ലേ സത്യം.
മനോരമയുടെ ഈ റിപ്പോർട്ടിലെവിടെയും എസ്എഫ്ഐ എന്ന വിദ്യാർഥി സംഘടനയെയോ സിപിഐ എമ്മിനെയോ സർക്കാർ സംവിധാനത്തെയോ ബന്ധപ്പെടുത്താനുള്ള ഒരു സംഗതിയും മുന്നോട്ടുവയ്ക്കുന്നില്ല. എസ്-എഫ്ഐക്കും സിപിഐ എമ്മിനുമെതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യമാണ് മനോരമയ്ക്കുള്ളത്. നോക്കൂ, 17–ാം തീയതി മനോരമയിൽ ഈ റിപ്പോർട്ട് പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ശക്തമായ നടപടിയെടുക്കാൻ എസ്എഫ്ഐയും സിപിഐ എമ്മും തയ്യാറായി. അത് 19–ാം തീയതിയിലെ മുഖപ്രസംഗത്തിൽ മനോരമയ്ക്ക് സമ്മതിക്കേണ്ടതായി വന്നു. എന്നാലും പ്രസ്ഥാനത്തിന്റെ ചോര കുടിക്കാനുള്ള വ്യഗ്രതയിൽ ദംഷ്ട്രയുംകാട്ടി പല്ലിളിച്ചു നിൽപ്പാണ് ഇപ്പോഴും.
ഇനി മറ്റൊരു വിഷയം കൂടി നോക്കാം. യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയാക്കാൻ വേണ്ടിയാണ് ഈ തരികിട പരിപാടി ഒപ്പിച്ചത് എന്നാണ് മനോരമ ഭാഷ്യം. യൂണിയൻ ഭാരവാഹിയാക്കേണ്ടവരെക്കുറിച്ച് മുൻകൂട്ടി ധാരണയിലെത്തി അവരെ കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയാണ് സാധാരണ രീതി. ഇപ്പോഴും അങ്ങനെയല്ലാതെ വരില്ല. അല്ലെങ്കിൽ പോലും ജയിച്ചുവന്നവരിൽനിന്ന് പറ്റിയ ആളെ സർവകലാശാല യൂണിയൻ ഭാരവാഹിയാക്കുകയാണ് പതിവ്. അല്ലാതെ ഇങ്ങനെ ആൾമാറാട്ടം നടത്തി സ്ഥാനാർഥിയെ ഒപ്പിക്കുകയെന്ന രീതിയും ഉണ്ടാകാൻ ഇടയില്ല. അത്തരമൊരു മുന്നനുഭവവും ഇല്ല. അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ മനോരമ അതപ്പോൾത്തന്നെ വിഷയമാക്കിയേനെ.
ഒടുവിൽ സർവകലാശാലയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് പ്രാഥമികാനേ-്വഷണംനടത്തി കോളേജ് പ്രിൻസിപ്പൽ ചുമതലയുള്ള ഡോ. ഷെെജുവിനെ ഒന്നാം പ്രതിയും എസ്എഫ്ഐ മുൻ ഏരിയാസെക്രട്ടറി വിശാഖിനെ രണ്ടാം പ്രതിയുമാക്കി എഫ്ഐആർ ഇട്ടു നടപടി തുടങ്ങിയിട്ടും മാധ്യമങ്ങൾ എസ്-എഫ്ഐക്കും സിപിഐ എമ്മിനുമെതിരായ ഉറഞ്ഞുതുള്ളൽ തുടരുകയാണ്. സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും വിശാഖിനെ എസ്-എഫ്ഐ പൂർണമായി മാറ്റുകയും സിപിഐ (എം) അംഗത്വത്തിൽനിന്ന് പാർട്ടി സസ്പെന്റു ചെയ്യുകയും ചെയ്തത് വാർത്ത വന്നയുടൻ തന്നെയാണ്. എന്നാൽ കോൺഗ്രസുകാരനായ ഡോ.ഷെെജുവിനെ പൊലീസ് ക്രിമിനൽ കേസിൽ ഒന്നാം പ്രതിയാക്കിയിട്ടും ഇതേവരെ ഒരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസിന്റെയും കോൺഗ്രസ് പക്ഷ അധ്യാപക സംഘടനയുടെയും സമീപനത്തിൽ മനോരമാദി മാധ്യമങ്ങൾക്കൊന്നും തന്നെ യാതൊരു സംശയവുമില്ല. പരാതിയും പരിഭവവുമൊന്നും ലവലേശമില്ല. ഇയാൾക്കെതിരെ നടപടിയെടുക്കാനോ ഇയാളെ തള്ളിപ്പറയാനോ തയ്യാറാകാത്ത കോൺഗ്രസിനും ഈ ആൾമാറാട്ട പരിപാടിയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
17–ാം തീയതി മുതൽ ഇതേവരെ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് ആദിയായ മാധ്യമങ്ങൾ ഒരു കോളേജിലെ സംഭവത്തിന്റെ പേരിൽ എസ്എഫ്ഐ എന്ന പ്രസ്ഥാനത്തെത്തന്നെ, സിപിഐ എമ്മിനെത്തന്നെ കരിവാരിത്തേയ്ക്കാൻ കാണിക്കുന്ന അത്യാവേശവും യഥാർഥ (മുഖ്യ) കുറ്റവാളിയായ ഡോ. ഷെെജുവിനും കോൺഗ്രസിനും നേരെ പ്രകടിപ്പിക്കുന്ന മൗനവും ശ്രദ്ധേയമാണ്. ഇയാൾ കോൺഗ്രസുകാരനാണെന്നും കോൺഗ്രസ് സംഘടനാ നേതാവാണെന്നും തുറന്നു പറയാൻ ഇനിയും തയ്യാറായിട്ടില്ല. എന്തേ അതിനവർ മടിക്കുന്നു?
പെട്ടെന്നാണ് രണ്ടായിരത്തിന്റെ നോട്ട് ഇല്ലാണ്ടാവാൻ പോണ വിവരം വരുന്നത്. അപ്പോൾ നമ്മളെ ഗോമാതാവിന്റെ ചിപ്പോ? 2000ത്തിന്റെ നോട്ട് ഏത് ഉടയൻവാഴിയിലോ പാതാളത്തിലോ കിടന്നാലും കണ്ടെത്താൻ കഴിയണ മെെക്രോചിപ്പ് ! അതും പോയോ? എന്തോരം തള്ളായിരുന്നു 2016 നവംബറിൽ 8–ാം തീയതിക്കുശേഷം ഇൗ രണ്ടായിരത്തെ ചുറ്റിപ്പറ്റി നടന്നത്! കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള വജ്രായുധമെന്നത്രെ. 1000ത്തിന്റെ നോട്ട് അസാധുവാക്കി 2000ത്തിന്റെ നോട്ടുകൊണ്ടുവന്നപ്പോൾ (ചിപ്പു ഘടിപ്പിച്ച നോട്ട്!) നമ്മള് കേട്ടത്.
എന്നിട്ട് എന്തായി? കള്ളനോട്ട് പോയോ? കള്ളപ്പണം പിടിച്ചോ? രണ്ടും നടന്നില്ല! നടന്നതാകട്ടെ ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തു താറുമാറാക്കൽ മാത്രം! ആന കയറിയ കരിമ്പിൻതോട്ടം എന്നതുപോലെ മോദി മേഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെന്ന ചൊല്ലുതന്നെ നിലവിൽ വന്നു. നോട്ടുനിരോധനത്തിന്റെ ഉടനുണ്ടായ അനന്തര-ഫലമോ? ഇരുനൂറോളം മനുഷ്യർക്ക് തെരുവിൽ പൊരിവെയിലത്ത് ക്യൂ നിന്നും പണംപോയി എന്ന ആധിയിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ചും ജീവൻ നഷ്ടമായി. ഇപ്പോൾ രണ്ടായിരത്തിനെ പിൻവലിച്ചപ്പോൾ, അന്ന് രണ്ടായിരം കൊണ്ടുവന്നതിന്റെ പേരിൽ ജീവഹാനി സംഭവിച്ചവരുടെ ജീവൻ മോദി തിരികെക്കൊടുക്കുമോ? മനുഷ്യജീവൻ കൊണ്ടുള്ള ചൂതാട്ടമായിരുന്നില്ലേ മോദി അന്നു നടത്തിയത്. മനുഷ്യന്റെ ജീവനെടുക്കുന്നതിൽ അൽപ്പവും അറപ്പില്ലാത്ത ഈ സംഘിക്ക് 2016ൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുതാപമുണ്ടാവില്ല. തകർത്ത സമ്പദ്ഘടനയോടും തന്മൂലം തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളോടും അനുതാപമുണ്ടാവില്ല.
നോട്ടുനിരോധനം മൂലം എന്തുണ്ടായി? ഒന്നാമത് കള്ളനോട്ടടി സംഘത്തിന് അത് നേട്ടമായി. കുറഞ്ഞ ചെലവിൽ ഇരട്ടിലാഭം. ഗുജറാത്തിലും സംഘി കേന്ദ്രങ്ങളിലുമെല്ലാം കള്ളനോട്ടിന്റെ പ്രളയമായി. കേരളത്തിൽ കൊടുങ്ങല്ലൂരിലെ ഒരു സംഘി കേന്ദ്രത്തിൽ നിന്ന് കള്ളനോട്ടും അതച്ചടിക്കാനുള്ള കൂടുംകുടുക്കയും ഒപ്പം കുറേ സംഘികളെയും പിടികൂടിയത് ഓർമയിൽ വരുന്നു. ഇനി ഇങ്ങനെ തയ്യാറാക്കപ്പെട്ട, സംഘികളുടെ കെെവശമുള്ള കള്ളനോട്ടാകെ വെളുപ്പിക്കാൻ പറ്റിയ വഴിയായാണ് മോദിയും സംഘികളും ഇതിനെ കാണുന്നത്.
മറ്റൊരു ഗുണഭോക്താവ് സാക്ഷാൽ അദാനി തന്നെ. ബാങ്കുകളുടെ കെെവശം ഒറ്റയടിക്ക് 14 ലക്ഷം കോടി രൂപയുടെ നോട്ടുകൾ എത്തിയപ്പോൾ അദാനിക്ക് വായ്പ ലഭിക്കാൻ എളുപ്പമായി. പണമില്ലെന്ന സ്ഥിതി മാറി. അങ്ങനെ സംഘികൾക്കും അവരുടെ ഫെെനാൻസിയർക്കും ലാഭം ആവോളം. ♦