Saturday, April 27, 2024

ad

Homeമുഖപ്രസംഗംസ്വേച്ഛാധിപത്യത്തിലേയ്ക്ക് നീങ്ങുന്നതിന്റെ അടയാളം

സ്വേച്ഛാധിപത്യത്തിലേയ്ക്ക് നീങ്ങുന്നതിന്റെ അടയാളം

ചിന്തയുടെ ഈ ലക്കം വായനക്കാരുടെ കെെകളിൽ എത്തുമ്പോഴേക്ക് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു കഴിഞ്ഞിരിക്കും. ആ ചടങ്ങിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് 19 പ്രതിപക്ഷ കക്ഷികൾ അത് സംയുക്തമായി ബഹിഷ്കരിക്കുന്നതാണ്. മറ്റൊരു സവിശേഷത പാർലമെന്റിന്റെ അവിഭാജ്യഘടകമായ രാഷ്ട്രപതിയുടെ ആ ചടങ്ങിലെ അസാന്നിധ്യമാണ്. ആ മന്ദിരത്തിന്റെ അസ്തിവാരം ഇടുന്ന ചടങ്ങിലും രാഷ്ട്രപതിയെ പങ്കെടുപ്പിച്ചിരുന്നില്ല. പാർലമെന്റിന്റെ ഏത് പ്രധാന നടപടിക്കും രാഷ്ട്രപതിയുടെ അംഗീകാരം വേണം; പലതിലും സാന്നിധ്യവും. അങ്ങനെയുള്ള സുപ്രധാന ഭരണഘടനാ പദവിയെ പാർലമെന്റു പോലെ ഇന്ത്യയുടെ പരമപ്രധാന ജനാധിപത്യ സ്ഥാപനമായ ഒന്നിന്റെ ഉദ്ഘാടന വേദിയിൽനിന്നു ഒഴിച്ചുനിർത്തിയത് രാജ്യത്തിന്റെ ജനാധിപത്യസംവിധാനത്തോട് കാണിക്കുന്ന അക്ഷന്തവ്യമായ അപരാധമാണ്.

നിലവിലുള്ള പാർലമെന്റ് മന്ദിരത്തിന്റെ ശതാബ്ദിക്ക‍് ഇനിയും ഏതാനും വർഷങ്ങൾ കഴിയണം. അതിന് എന്തെങ്കിലും ബലക്ഷയമോ പാർലമെന്റ് ചേരാനുള്ള അസൗകര്യമോ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോക്-സഭയോ രാജ്യസഭയോ പരാതിപ്പെട്ടിട്ടുമില്ല. ബ്രിട്ടന്റെ പാർലമെന്റാണ് ഏറ്റവും പഴക്കമുള്ള പാർലമെന്റ് സൗധം, ലോകത്ത്. അതിനു 180 വർഷം പഴക്കമുണ്ട്. ഇന്ത്യയിലേതിന്റെ ഏതാണ്ട് ഇരട്ടിവർഷം. കോമൺസ് സഭയിലെ അംഗസംഖ്യ ഈ കാലയളവിൽ ഏറിയതിനാൽ അംഗങ്ങൾ തിക്കിത്തിരക്കിയാണ് ഇരിക്കുന്നത്. എങ്കിലും ഗുരുതരമായ കേടുപാടുകൾ ഇല്ലാത്തതിനാൽ അൽപ്പം ഞെരുക്കം ഉണ്ടെങ്കിലും അതിൽതന്നെ പ്രവർത്തനം തുടരാനാണ് ബ്രിട്ടീഷ് പാർലമെന്റ് തീരുമാനിച്ചത്. ഇവിടെ കേന്ദ്ര സർക്കാരോ പ്രധാനമന്ത്രി മോദിയോ പാർലമെന്റിന്റെ അഭിപ്രായം തേടിയില്ല. ഭരണനേതൃത്വം എന്ന നിലയിൽ പ്രധാനമന്ത്രി മോദിയും ഭരണകക്ഷി എന്ന നിലയിൽ ബിജെപിയും ചേർന്ന് ഏകപക്ഷീയമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണുണ്ടായത്. ഇത് പാർലമെന്ററി മര്യാദയുടെ നഗ്നമായ ലംഘനമാണ്.

ജനാധിപത്യവ്യവസ്ഥയിൽ പാർലമെന്റ് ഭരണ–പ്രതിപക്ഷങ്ങൾ ചേർന്നതാണ്. പാർലമെന്റ് യോഗം ചേരുന്നതു സംബന്ധിച്ച് ഭരണകക്ഷിക്കും മന്ത്രിസഭയ്-ക്കും മറ്റും കൃത്യമായ നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടാകും. എങ്കിലും പ്രതിപക്ഷത്തെകൂടി പങ്കാളികളാക്കിയാണ് അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അതിന് ഔപചാരികത ലഭിക്കുന്നത് സ്പീക്കറോ പ്രധാനമന്ത്രിയോ മന്ത്രിസഭയോ രാഷ്ട്രപതിയെ കാര്യം അറിയിച്ച് അനുമതി വാങ്ങുന്നതോടെയാണ്. പാർലമെന്റ് ഒരു വർഷം സാധാരണഗതിയിൽ നാലുതവണ സമ്മേളിക്കും. ആദ്യം ബജറ്റ് അവതരിപ്പിച്ച് പാസാക്കാനുള്ള സമ്മേളനം. രാഷ്ട്രപതി ഇരുസഭകളുടെയും (ലോക്-സഭയും രാജ്യസഭയും) സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അത് ആരംഭിക്കുക. പിന്നത്തെ സമ്മേളനം, ഓരോ വകുപ്പിന്റെയും ബജറ്റ് ചർച്ച ചെയ്ത് അംഗീകരിക്കാനുള്ളതാണ്. മൂന്നാമത്തെ സമ്മേളനം, ജൂലായ്-–ആഗസ്ത് മാസങ്ങളിലായി ചേരുന്ന വർഷകാല സമ്മേളനമാണ്. അവസാനത്തെ (നാലാമത്തെ) ശീതകാല സമ്മേളനം നവംബർ രണ്ടാം പകുതിയിൽ ആരംഭിച്ച് ക്രിസ്മസിനുമുമ്പായി അവസാനിക്കുന്നു. സഭയുടെ ഈ നാലു സമ്മേളനങ്ങൾ ഓരോന്നും ചേരുന്നതിന് രാഷ്ട്രപതിയുടെ അനുമതി തേടും. സഭ അവസാനിച്ചു എന്നു പാർലമെന്റ് അധികാരപ്പെടുത്തിയവർ അറിയിച്ചാൽ രാഷ്ട്രപതി അത് അംഗീകരിക്കുന്നതോടെയാണ് ആ പാർലമെന്റ് സെഷൻ അവസാനിക്കുക. ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ചേരുമ്പോഴാണ് പാർലമെന്റ് പരിപൂർണമാവുക.

ഇങ്ങനെ പാർലമെന്റിൽ ഏത് ഔപചാരികമായ യോഗത്തിനും രാഷ്ട്രപതിയുടെ അനുമതി തേടാറുണ്ട്. ഓരോ വർഷത്തെയും ആദ്യത്തെ സമ്മേളനം ആരംഭിക്കുന്നത് പ്രസിഡന്റ് ചെയ്യുന്ന ആമുഖപ്രസംഗത്തോടെയാണ്. അങ്ങനെ നോക്കിയാൽ പാർലമെന്റിന്റെ ഔദ്യോഗികവും ഔപചാരികവുമായ മുഖമാണ് രാഷ്ട്രപതി അഥവാ പ്രസിഡന്റ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലുമായി രാഷ്ട്രപതിയെ ബന്ധപ്പെടുത്തിയില്ല. അതിന്റെ ഔപചാരികമായ ഉദ്ഘാടനവുമായും രാഷ്ട്രപതിയെ ബന്ധപ്പെടുത്തുന്നില്ല. അതിന്റെ തറക്കല്ലിട്ടപ്പോൾ ദളിതനായ രാംനാഥ് കോവിന്ദ് ആയിരുന്നു ആ പ്രസിഡന്റ് പദവിയിൽ. ഇപ്പോൾ മന്ദിര ഉദ്ഘാടനവേളയിൽ പ്രസിഡന്റ് പദവിയിൽ ഇരിക്കുന്നത് ഗിരിവർഗക്കാരിയായ ദ്രൗപതി മുർമുവും. പിന്നാക്ക വിഭാഗത്തിലുള്ളവരെ രാഷ്ട്രപതിമാർ ആക്കിയത് ബിജെപി ആ വിഭാഗങ്ങൾക്ക് നൽകിയ പരിഗണനയുടെ തെളിവായി മോദിയും സഹപ്രവർത്തകരും സ്ഥാനത്തും അസ്ഥാനത്തും അവകാശപ്പെടാറുണ്ട്. എന്നാൽ, പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഉദ്ഘാടനവും പോലുള്ള ഔപചാരിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഇവരെയാരെയും പ്രധാനമന്ത്രി മോദിയോ സർക്കാരോ ക്ഷണിക്കുന്നതേയില്ല. അത് അവരോടുള്ള അനാദരവായല്ലാതെ മറ്റെങ്ങനെ വ്യാഖ്യാനിക്കാൻ! സംഘപരിവാരത്തിന്റെ മത ജാതി വിവേചനത്തിന്റെ അസന്ദിഗ്ധമായ തെളിവാണിത്.

പാർലമെന്റിൽ പ്രധാന ഘടകങ്ങളായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ അംഗങ്ങൾ എന്നിവരെയൊന്നും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും തരിമ്പും വിലവയ്ക്കുന്നില്ല എന്നതിന്റെ അസന്ദിഗ്ധമായ തെളിവാണ് ഇത്. മാത്രമല്ല, മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനും ഉദ്ഘാടനത്തിനും ഒരേ ആൾതന്നെ – പ്രധാനമന്ത്രി മോദി. ഭരണഘടനയോ കീഴ്വഴക്കമോ പ്രധാനമന്ത്രിക്ക് ഇത്തരത്തിൽ അനന്യമായ സ്ഥാനം നൽകുന്നില്ല. ഭരണകക്ഷിയും പ്രധാനമന്ത്രിയും ചേർന്ന് എല്ലാ അധികാരവും അദ്ദേഹത്തിൽ അവരോധിക്കുകയാണ്. ഇത് രാജ്യം മോദിയുടെ സേ-്വച്ഛാധിപത്യത്തിലേക്ക് സംഘപരിവാരത്താൽ വലിച്ചിഴയ്ക്കപ്പെടുന്നതിന്റെ സംശയാതീതമായ തെളിവാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നായ അഭിപ്രായപ്രകടനത്തിന്റെയും അഭിപ്രായ സമന്വയത്തിന്റെയും നഗ്നമായ നിഷേധം ഇവിടെ തെളിഞ്ഞു കാണാം. ഒരു പാർട്ടിയുടെ, ഒരു വ്യക്തിയുടെ ഏകച്ഛത്രാധിപത്യം അടിച്ചേൽപ്പിക്കുകയാണ് ഇവിടെ.

പാർലമെന്റ് പാർട്ടികൾക്കും വ്യക്തികൾക്കും സ്ഥാനമാനങ്ങൾക്കും ഉപരിയാണ്. ഇന്ത്യയിലെ ‘‘ജനങ്ങളായ നമ്മൾ’’ എന്നു തുടങ്ങുന്ന ഭരണഘടന ജാതി മതങ്ങൾക്കും ലിംഗവർണാദി മറ്റു ഭേദങ്ങൾക്കും ഉപരിയായ സ്ഥാനമാണ് പൗരർക്ക് നൽകുന്നത്. ആ പൗരരാണ് പാർലമെന്റിനെയും നിയമസഭകളെയും സൃഷ്ടിച്ചത്, രാഷ്ട്രപതി, ഉപരാഷ്ട്രപതി മുതലായവരെ അവരോധിക്കുന്നത്. അതുകൊണ്ടാണ് ഭൂരിപക്ഷ കക്ഷിക്ക് ഭരണാധികാരം നൽകുന്നത്. അവിടെ നിന്നാണ് പ്രധാനമന്ത്രി രംഗപ്രവേശം ചെയ്യുന്നത്. അത് കാണിക്കുന്നത് പ്രധാനമന്ത്രി സർക്കാരിനു നേതൃത്വം നൽകുന്ന ആളാണെങ്കിലും, പ്രത്യക്ഷത്തിൽ സർവ അധികാരങ്ങളുമുള്ള ആളാണെങ്കിലും, ആത്യന്തികമായി ഭരണകക്ഷിയുടെ മാത്രം നേതാവാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനോ ഉദ്ഘാടനത്തിനോ അദ്ദേഹത്തെ നിശ്ചയിച്ചത് ഭരണ–പ്രതിപക്ഷങ്ങൾ ചേർന്നല്ല. അതിനാൽ അദ്ദേഹം ഒരു വിഭാഗത്തിന്റെ നേതാവെന്ന നിലയിലാണ് ഈ കൃത്യത്തിനു നിയോഗിക്കപ്പെട്ടത്. മുമ്പ് ശിലാസ്ഥാപനത്തിനു നിയോഗിക്കപ്പെട്ടതും.

പ്രശ്നം പുതിയ പാർലമെന്റ് മന്ദിരം ആര് ഉദ്ഘാടനം ചെയ്യുന്നു എന്നു മാത്രമല്ല. ആ തീരുമാനവും പ്രക്രിയയും മറ്റാരെയും പങ്കെടുപ്പിക്കാതെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുചരസംഘവും അല്ലെങ്കിൽ ഭരണകക്ഷി മാത്രമായി കെെക്കൊള്ളുന്നു എന്നതുമാണ്. ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഭാവിക്ക് ഹിതകരമല്ല. രാജ്യം സമഗ്രാധിപത്യത്തിലേക്കും സേ-്വച്ഛാധിപത്യത്തിലേക്കും സർവ്വോപരി ഫാസിസത്തിലേക്കും നീങ്ങുന്നു എന്നതിന്റെ അടയാളമാണിത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − six =

Most Popular