Tuesday, September 17, 2024

ad

Homeചിത്രകലഫാബ്രിക്‌ പെയിന്റിങ്ങിലെ വിസ്‌മയങ്ങൾ

ഫാബ്രിക്‌ പെയിന്റിങ്ങിലെ വിസ്‌മയങ്ങൾ

ജി അഴിക്കോട്‌

ചിത്രകാരരുടെ പ്രകടനോപാധികളിൽ ഏറ്റവും നവീനമാണ്‌ ഫാബ്രിക്‌ പെയിന്റിംഗ്‌. പേരുകൊണ്ട്‌ സൂചിപ്പിക്കുന്ന പ്രകാരം വസ്‌ത്രങ്ങളിലെ പെയിന്റിംഗിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ വർണച്ചായമാണിത്‌. ജലച്ചായങ്ങളുടെ ഗണത്തിൽപെടുന്ന ഫാബ്രിക്‌ ചായങ്ങളുടെ വാഹകം (പശ) അക്രിലിക്കാണ്‌. 20 മില്ലി അളവിലുള്ള ബോട്ടിലുകൾ മുതൽ പല അളവുകളിലും ഇവ വിപണിയിൽ ലഭിക്കും.

ഫാബ്രിക്‌ ചായങ്ങൾകൊണ്ട്‌ ഏതുതരം ചിത്രങ്ങളും അനായാസം വരയ്‌ക്കാനാകും. എങ്കിൽതന്നെയും വസ്‌ത്രാലങ്കരണങ്ങൾക്കാണ്‌ ഈ വർണച്ചായം വ്യാപകമായി ഉപയോഗിച്ചുവരുന്നത്‌. അക്കാരണത്താൽ വസ്‌ത്രങ്ങളിലെ ചിത്രാലങ്കാരങ്ങളെക്കുറിച്ച്‌ സാമാന്യമായി പരിശോധിക്കാം.


മനുഷ്യന്‌ ഒഴിവാക്കാനാവാത്ത രണ്ട്‌ ഘടകങ്ങളാണ്‌ ആഹാരവും വസ്‌ത്രവും. വിശപ്പടക്കാൻ ആഹാരവും നഗ്നത മറയ്‌ക്കാൻ വസ്‌ത്രവും കൂടിയേ തീരൂ. കാലാന്തരത്തിൽ നഗ്നത മറയ്‌ക്കുകയെന്ന പ്രാഥമിക ആവശ്യത്തിനു പുറമേ വസ്‌ത്രധാരണം അലങ്കാരമായി മാറി. ആധുനിക മാനവൻ ഇക്കാലത്ത്‌ ഒരു ഫാഷൻ തരംഗത്തിലാണ്‌. ഫാഷൻ ഡിസൈൻ എന്ന ഒരു ശാഖതന്നെ ഈ രംഗത്ത്‌ രൂപപ്പെട്ടിരിക്കുന്നു.

വസ്‌ത്രാലങ്കാരത്തിന്റെ രൂപപരിണാമത്തിനൊപ്പം വർണവൈവിധ്യത്തിലും പ്രകടമായ മാറ്റങ്ങളുണ്ടായി. ഒന്നിനൊന്ന്‌ വ്യത്യസ്‌തങ്ങളായ ഡിസൈനുകൾ പ്രചാരത്തിൽ വന്നു. ഇക്കാലത്ത്‌ കംപ്യൂട്ടറിന്റെ സഹായത്തോടെ നൂറുനൂറായിരം ഡിസൈനുകളിൽ വസ്‌ത്രങ്ങൾ ലഭ്യമാണ്‌. അവയിലേറെയും യന്ത്രസഹായത്താൽ പ്രിന്റ്‌ ചെയ്യുന്നവയാണ്‌.


ഇതിനു സമാന്തരമായി കരകൗശല ഉൽപന്നങ്ങളായും നിരവധി ഡിസൈനുകൾ പ്രചാരത്തിലുണ്ട്‌. നിരവധി ഡിസൈനുകൾ പ്രചാരത്തിലുണ്ട്‌. കൈത്തുന്നൽ, ഹാൻഡ്‌ പ്രിന്റിംഗ്‌, എബ്രോയിഡറി, സ്‌ക്രീൻ പ്രിന്റിംഗ്‌, ഫാബ്രിക്‌ പെയിന്റിംഗ്‌, ബാത്തിക്‌ പെന്റിംഗ്‌, ടാപ്പസ്ട്രി തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. കലംകാരി, മധുബാനി തുടങ്ങിയ പരന്പരാഗത സമ്പ്രദായങ്ങളും ഈ രംഗത്ത്‌ സജീവമാണ്‌.

വസ്‌ത്രങ്ങളുടെ നൈസർഗികമായ നേർമ ഇല്ലാതാക്കുന്നു എന്നതാണ്‌ ഇതിൽ പലതിന്റെയും ന്യൂനത. ഉപയോഗിക്കുന്ന വർണനൂലിന്റെയും വർണച്ചായത്തിന്റെയും കട്ടി (തിക്ക്‌നസ്‌) ഇവയിൽ പ്രകടമാവും. ഇത്‌ വസ്‌ത്രങ്ങൾക്ക്‌ ഭാരക്കൂടുതലും അണിയുമ്പോൾ അലോസരവുമുണ്ടാക്കും.


കൈത്തുന്നൽ, ബാത്തിക്‌ എന്നിവ ഒഴികെയുള്ള വസ്‌ത്രങ്ങൾ ഓരേ ഡിസൈനിൽ നിരവധിയുണ്ടാകും. വസ്‌ത്രങ്ങളിലെ ഈ അനേകത ഇഷ്ടപ്പെടാതെ ഒരു ഡിസൈനിൽ ഒന്നേ പാടുള്ളൂ എന്ന്‌ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുമുണ്ട്‌. സമാനമായ മറ്റൊന്ന്‌ അപരൻ അണിയരുതെന്ന്‌ ശഠിക്കുന്നവരുമുണ്ട്‌. കേരളത്തനിമയുള്ളതും വസ്‌ത്രത്തിന്റെ നൈസർഗികമായ നേർമ്മയുള്ളതുമാകണമെന്നും ആഗ്രഹിക്കുന്നവരുമുണ്ട്‌.

ഇത്തരം ഉപഭോക്താക്കളുടെ ഇംഗിതത്തിനിണങ്ങുംവിധം രൂപകൽപന ചെയ്‌ത്‌ നിർമിക്കുന്നതാണ്‌ വസ്‌ത്രങ്ങളിലെ ചുവർചിത്രാലങ്കരം. കലാവാസനയും സമയവും ലഭ്യമായ ആർക്കും പരിശീലിക്കാവുന്നതാണ്‌ വസ്‌ത്രങ്ങളിലെ ചുവർചിത്രാലങ്കാരം. ഒഴിവുസമയ വിനോദമായോ (ഹോബി) വരുമാനമാർഗമായോ, വ്യാവസായിക അടിസ്ഥാനത്തിലോ ഇവ നിർമിക്കാം. ഇതിലേക്കാവശ്യമായ തുണിത്തരങ്ങളും സാധനസാമഗ്രികളും വിപണിയിൽ സുലഭവും ഇതിന്റെ സാങ്കേതികവിദ്യ ലളിതവുമാണ്‌.


സാങ്കേതികമായി അക്രിലിക്‌ മാധ്യമത്തിലുള്ള ഫാബ്രിക്‌ ചായങ്ങൾ ജലച്ചായങ്ങളുടെ ഗണത്തിൽപെടുന്നവയാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. എന്നാൽ വിപണിയിൽനിന്നും ലഭിക്കുന്ന ജലച്ചായത്തിനു സമാനമായ വിധം ഇത്‌ സുതാര്യമല്ല. അക്കാരണത്താൽ ഫാബ്രിക്‌ പെയിന്റിംഗിന്‌ പ്രധാനമായും രണ്ടുതരം സാങ്കേതികരീതി അവലംബിക്കാറുണ്ട്‌. ചിത്രരചന അഭ്യസിച്ചിട്ടുള്ള ആർക്കും ചെയ്യാവുന്ന പരുക്കൻ ശൈലി (റഫ്‌)യാണ്‌ ഒന്ന്‌. ജലച്ചായം നേർപ്പിച്ചു ചെയ്യുന്ന തരത്തിലുള്ള വാഷ്‌ ശൈലിയാണ്‌ മറ്റൊന്ന്‌. വസ്‌ത്രങ്ങളിൽ ചുവർചിത്രാലങ്കരണം നിർവഹിക്കുന്ന കലാകാരന്മാർ രണ്ടാമത്‌ സൂചിപ്പിച്ച വാഷ്‌ ശൈലിയാണ്‌ അവലംബിക്കാറുള്ളത്‌.

വസ്‌ത്രങ്ങളിൽ ചുവർചിത്രാലങ്കാരം നിർവഹിക്കുന്ന കലാകാരന്മാർ വിപണിയിൽനിന്നും ഒരു ബോക്‌സിൽ ലഭിക്കുന്ന വർണഷേഡുകൾ ഉപയോഗിക്കാറില്ല. പകരം പ്രകൃതിദത്തമായ പഞ്ചവർണങ്ങൾക്ക്‌ സമാനമായ നിറങ്ങൾ മാത്രം തെരഞ്ഞെടുക്കുന്നു. അവ ഇനി പറയുന്നവയാണ്‌.

1. കാവിച്ചുവപ്പ്‌‐ Indian Red
2. മഞ്ഞ കാവി‐ Yellow Ochre
3. ഇലപ്പച്ച‐ Sap Green
4. ഹരിതനീലം‐ Indigo Blue
5. കരിമഷി‐ Lamp Black
ഫാബ്രിക്‌ ചായങ്ങളിൽ കാവിച്ചുവപ്പും ഹരിതനീലവും ലഭിച്ചെന്നു വരില്ല. അത്തരം സന്ദർഭങ്ങളിൽ ചിത്രകാരർ രണ്ടു ചായങ്ങൾ തമ്മിൽ കൂട്ടിക്കലർത്തി (മിക്‌സ്‌ ചെയ്‌ത്‌) ഉപയോഗിക്കുന്നു. അതിലേക്ക്‌ ഇനിപറയുന്ന ഫാബ്രിക്‌ ചായങ്ങൾ ആവശ്യമാണ്‌.
1. ബേൻഡ്‌ സീന‐ Burnt Sienna
2. വെർമീലിയൻ ഹ്യൂ‐ Vermilion Hue
3. യെല്ലോ ഓക്കർ‐ Yellow Orchre
4. സാപ്‌ ഗ്രീൻ‐ Sap Green
5. പ്രഷ്യൻ ബ്ലൂ‐ Prussian Blue
6. ബ്ലാക്ക്‌‐ Black
7. വൈറ്റ്‌‐ ‌White

ബേൻഡ്‌ സീന+വെർമിലിയൻ= ഇന്ത്യൻ റെഡ്‌ (കാവിച്ചുവപ്പ്‌)
പ്രഷ്യൻ ബ്ലൂ+സാപ്‌ഗ്രീൻ= ഇൻഡിഗോ ബ്ലൂ (ഹരിതനീലം)
ചിത്രത്തിലെ വെളുത്ത ഭാഗങ്ങൾ ഷേഡ്‌ ചെയ്യാൻ ഇന്ത്യൻ റെഡും (കാവിച്ചുവപ്പ്‌) സാപ്‌ഗ്രീനും സമാസമം ചേത്ത്‌ ചാലിച്ചെടുക്കുന്നു. ഈ ബ്രൗൺ നിറത്തെ ‘വൈറ്റ്‌ ഷേഡിംഗ്‌’ എന്നാണ്‌ പറയുക.

ചുവർചിത്ര സാങ്കേതികരീതി അവലംബിച്ച്‌ ചുണ്ണാമ്പു പ്രതലത്തിലാണ്‌ ഇവ ആലേഖനം ചെയ്യുന്നത്‌. ഇത്തരം ചുവർചിത്രങ്ങളിൽ വെളുപ്പുനിറം ഉപയോഗിക്കുന്നതിനാൽ ചുവരിലെ വെളുപ്പുനിറം മുൻവിധിയോടെ ഒഴിവാക്കുന്നു.

ചുവർ പ്രതലത്തിനു പകരം കടലാസ്‌, കാൻവാസ്‌, പ്ലൈവുഡ്‌, മുളംതണ്ട്‌, ടെറോകോട്ട പാത്രങ്ങൾ എന്നിവയിൽ ചിത്രരചന നിവഹിക്കുമ്പോഴും ഈ നിയമം തെറ്റിക്കാറില്ല. അക്കാരണത്താലാണ്‌ കടലാസും കാൻവാസും ഒഴികെയുള്ള പ്രതലങ്ങളിൽ ചിത്രരചനയ്‌ക്ക്‌ മുന്നോടിയായി വെളുപ്പ്‌ നിറത്തിലുള്ള അക്രിലിക്‌ ഡിസ്റ്റന്പർ കൊണ്ട്‌ വെള്ളപൂശുന്നത്‌. ഈ പ്രക്രിയയ്‌ക്ക്‌ സാങ്കേതികമായി ‘പ്രൈമിംഗ്‌’ എന്നു പറയുന്നു. വരപ്പ്‌ കടലാസ്‌ വെളുപ്പ്‌ നിറമായതിനാൽ ഇത്തരമൊരു പ്രൈമിംഗിന്റെ ആവശ്യമില്ല. ഒരിനം കട്ടിത്തുണിയായ കാൻവാസിൽ ചിത്രരചനയ്‌ക്കുവേണ്ടി അത്‌ നിർമിക്കുന്ന കന്പനി വെളുപ്പ്‌ നിറത്തിലുള്ള ഒരു പ്രൈമിംഗ്‌ കൊടുത്തിട്ടുണ്ട്‌.

ഇത്തരത്തിൽ വെളുപ്പ്‌ നിറത്തിലുള്ള പ്രതലത്തിൽ മാത്രമാണ്‌ ചുവർചിത്രശൈലിയിൽ രചന നിർവഹിക്കാറുള്ളതെന്നു വ്യക്തമാണ്‌. ഇപ്രകാരം പുത്തൻ തുണിത്തരങ്ങളുടെ നിർമാണവേളയിൽ പിടിപ്പിക്കുന്ന (മുക്കുന്ന) ഒരിനം പശ (സ്റ്റാർച്ച്‌) ഒരു പ്രൈമിംഗായി അതിലുണ്ടാകും. അതുകൊണ്ടാണ്‌ കോടിത്തുണി കഴുകി ഉണക്കി ഉപയോഗിക്കരുതെന്ന്‌ നിഷ്‌കർഷിക്കാറുള്ളത്‌.

തുണിത്തരങ്ങളിൽ ചെയ്യുന്ന സാധാരണ ഫാബ്രിക്‌ പെയിന്റിംഗിന്‌ ഈ നിയമം ബാധകമല്ല. ഈ പരുക്കൻ ശൈലിക്ക്‌ വർണച്ചായം കട്ടിയിലാണ്‌ നൽകുന്നത്‌. അക്കാരണത്താലാണ്‌ പരുക്കൻ ശൈലിയിൽ പെയിന്റ്‌ ചെയ്യുന്ന ചിത്രകാരർ, പെയിന്റ്‌ ചെയ്യുന്നതിനുമുന്പായി തുണി നല്ലവണ്ണം കഴുകി പശകളഞ്ഞ്‌ ഉണക്കി ഇസ്‌തിരിയിട്ടതിനുശേഷം ഉപയോഗിക്കണമെന്ന്‌ നിഷ്‌കർഷിക്കാറുള്ളത്‌.
ചുവർചിത്രശൈലിയിൽ വളരെ നേർപ്പിച്ചാണ്‌ ഫാബ്രിക്‌ ചായങ്ങൾ തുണിത്തരങ്ങളിൽ ചെയ്യുന്നത്‌. ഇതിലേക്ക്‌ വർണച്ചായങ്ങളിൽ ആവശ്യാനുസരണം ശുദ്ധജലം ചേർത്ത്‌ നേർപ്പിക്കുന്നതിനാൽ വർണാംശം കുറവും ജലാംശം കൂടുതലുമായിരിക്കും. ഇപ്രകാരം നേർപ്പിച്ചു ചെയ്യുന്നതിനാൽ ഒരു പ്രൈമിംഗ്‌ ഇല്ലാത്തപക്ഷം ഫാബ്രിക്‌ ചായങ്ങൾ തുണിയിൽ പടരാൻ സാധ്യതയുണ്ട്‌. ഇത്‌ ഒഴിവാക്കാനാണ്‌ പുത്തൻ (കോടി) തുണി ഉപയോഗിക്കണമെന്ന്‌ നിഷ്‌കർഷിക്കാറുള്ളത്‌.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 − 4 =

Most Popular