Saturday, April 27, 2024

ad

Homeസംസ്ഥാനങ്ങളിലൂടെപശ്ചിമബംഗാളിലെ പഞ്ചായത്ത് സംവിധാനം അന്നും ഇന്നും

പശ്ചിമബംഗാളിലെ പഞ്ചായത്ത് സംവിധാനം അന്നും ഇന്നും

ഷുവജിത് സർക്കാർ

1977‐ൽ പശ്ചിമബംഗാളിൽ ഇടതുമുന്നണി ഗവൺമെന്റ് അധികാരത്തിൽ വന്നത്, അധ്വാനിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ ജനതയെ സംബന്ധിച്ച് വിപ്ലവമായിരുന്നു. ഈ സർക്കാർ സംസ്ഥാനത്തു കൊണ്ടുവന്ന ജനാനുകൂല പരിഷ്കാരങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ജനപ്രിയമാകുകയും നീണ്ട 34 വർഷം തുടർച്ചയായി ഇടതുപക്ഷ സർക്കാർ അധികാരത്തിൽ തുടരുന്നത് സാധ്യമാക്കുകയും ചെയ്തു. ഇടതുമുന്നണി ഗവൺമെന്റ് കൊണ്ടുവന്ന ഏറ്റവും സുപ്രധാനവും വിപ്ലവാത്മകവുമായ കാൽവെപ്പായിരുന്നു ത്രിതല പഞ്ചായത്ത് സംവിധാനം. ഭരണസംവിധാനത്തെ വികേന്ദ്രീകരിക്കുകയും പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനങ്ങളെടുക്കുന്നതിൽ അവിടത്തെ ഗ്രാമീണ ജനങ്ങളെക്കൂടി ഉൾച്ചേർക്കുകയും ചെയ്യുക എന്നതായിരുന്നു അടിസ്ഥാന ആശയം. ഈ മാതൃക രാജ്യത്തുടനീളം പ്രശംസിക്കപ്പെട്ടു. 1978‐ൽ പശ്ചിമബംഗാളിൽ നടന്ന ആദ്യത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷം, പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. സി.പി.ഐ.എമ്മിന്റെയും സഖ്യകക്ഷികളുടെയും ഉജ്വലവിജയമായിരുന്നു അത്. കോൺഗ്രസ് ഈ തിരഞ്ഞെടുപ്പുകളെ അത്രഗൗരവമായി കാണാതിരുന്നതുകൊണ്ട് അവർക്ക് കുറച്ചു സീറ്റേ ലഭിച്ചുള്ളൂ. ഈ തുടക്കം ജനങ്ങളെ ആകർഷിക്കുമെന്നും ജനങ്ങൾ അവരുടെ ജീവിതത്തിന്റെ പരമപ്രധാനമായ കാര്യങ്ങളിലൊന്നായി ഇതിനെ കണക്കാക്കുമെന്നും അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ത്രിതല പഞ്ചായത്ത് സംവിധാനം ഗ്രാമീണ ജനതയെ ഭരണത്തിന്റെ ചട്ടക്കൂടിനുള്ളിലേക്കു കൊണ്ടുവരികയും ബ്യൂറോക്രസിയുടെ സ്ഥാനത്ത് പകരം ജനങ്ങൾക്ക് അധികാരം നൽകുകയും ചെയ്തു. സ്വന്തം ഗ്രാമങ്ങളുടെ ഭരണകർത്താക്കൾ തങ്ങൾ തന്നെയാണെന്ന ബോധം അവരിലുണ്ടായി. അതിനാൽ വലിയ ജനപങ്കാളിത്തം ഉണ്ടായി. ചരിത്രപരമായ ഒരു തുടക്കമായിരുന്നു ഇത്. ഈ അധികാര വികേന്ദ്രീകരണം ഗ്രാമീണ ജനതയെ സ്വന്തം രാഷ്ട്രീയം തീരുമാനിക്കാനും സ്വന്തം ഗ്രാമത്തിനായി നയങ്ങളും പരിപാടികളും രൂപപ്പെടുത്താനും പ്രാപ്തരാക്കി.

1978ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബംഗാളിൽ ഇടതുഭരണപക്ഷത്തിന്റെ അടിത്തറ ഉറപ്പിച്ചു. ജനങ്ങൾക്ക് സിപിഐ എമ്മുമായും ഇടതുപക്ഷവുമായും എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാൻ കഴിയുന്ന സ്ഥിതിയായി. അഞ്ചുവർഷം കൂടുമ്പോൾ സ്ഥിരമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ചിലയിടങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ വിജയിക്കുകയും ചില ജില്ലകളിലെ ജില്ലാ പരിഷത്തുകളും അവർക്കു ലഭിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആരോഗ്യപരമായ ഒരു ജനാധിപത്യം നിലവിലുണ്ടായിരുന്നു. എന്നാൽ 2008ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും നക്സൽ,  മാവോയിസ്റ്റ് സംഘടനകളും വിവിധയിടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. നിയമലംഘനം നടത്തുക, സാധാരണക്കാരായ ഗ്രാമീണരെ തെറ്റിദ്ധരിപ്പിക്കുക, ജനാനുകൂല ഇടതുമുന്നണി സർക്കാരിനെ താഴെയിറക്കുക എന്നിവയായിരുന്നു അവരുടെ ലക്ഷ്യം. 2008‐ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷം ഒന്നിക്കുകയും, ഗ്രാമപഞ്ചായത്തുകളിൽ (ജില്ലാ ബോർഡുകൾ) ചില സീറ്റുകൾ നേടുകയും ചെയ്‌തു. രണ്ട് ജില്ലാ പരിഷത്തുകളിലും (ഡിസ്ട്രിക്ട് ബോർഡുകൾ) അവർ വിജയിച്ചു. മറ്റ് ജില്ല, ബോർഡുകൾ ഇടതുമുന്നണി നേടി. 2011‐ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജപ്പെട്ടു. തുടർന്ന് ഇടതുപക്ഷ പ്രവർത്തകർക്കും ഇടതുപക്ഷത്തെ അനുകൂലിക്കുന്നവർക്കും നേരെ ആക്രമണമഴിച്ചുവിടപ്പെട്ടു. പുതിയ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധിപേരെ കൊലപ്പെടുത്തി.

2013‐ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമുൽ കോൺഗ്രസ് പല കള്ളത്തരങ്ങളും ബൂത്തു പിടിച്ചെടുക്കലും നടത്തിയിട്ടും ഇടതുപക്ഷത്തിന്റെ അസ്തിത്വം ഇല്ലാതാക്കാൻ തൃണമൂലിനു കഴിഞ്ഞില്ല. മിക്ക ഗ്രാമപഞ്ചായത്തുകളിലും സിപിഐ എമ്മും ഇടതുമുന്നണിയും വിജയിച്ചു. പഞ്ചായത്ത് സമിതികളും ഒരു ജില്ലാ ബോർഡും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായി. ചിലയിടങ്ങളിൽ കോൺഗ്രസ് വിജയിച്ചു. ടി.എം.സിക്കെതിരെ സിപി.ഐ.എമ്മായിരുന്നു മുഖ്യപ്രതിപക്ഷം. ബി.ജെ.പി പൂർണമായും ഇല്ലായിരുന്നു. തൃണമൂലിനെ പരാജയപ്പെടുത്താൻ ഇടതുമുന്നണിയും കോൺഗ്രസും മറ്റ് ചില ചെറിയ മതേതര ജനാധിപത്യ കക്ഷികളും തമ്മിൽ ചരിത്രപരമായ സഖ്യം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായി. ബിജെപി പരോക്ഷമായി തൃണമൂലിനൊപ്പം നിൽക്കുകയും അതേസമയം തൃണമൂലിനെതിരെ വോട്ടുചെയ്യുകയും ചെയ്തു. നേരിയ വോട്ടിങ്ങ് ശതമാനത്തിന്റെ വ്യത്യാസത്തിലാണ് തൃണമൂൽ വിജയിച്ചത്. ടി.എം.സി.ക്ക് 44 ശതമാനവും ഇടത്‐കോൺഗ്രസ് സഖ്യത്തിന് 38 ശതമാനവും ബിജെപിക്ക് 12 ശതമാനവും വോട്ടു ലഭിച്ചു. പ്രസംഗത്തിൽ മാത്രം എതിർക്കുകയും എന്നാൽ പ്രവൃത്തിയിൽ സംസ്ഥാനത്ത് കടന്നുകയറാൻ ബിജെപിക്ക് അവസരമൊരുക്കുകയുമാണ് തൃണമൂൽ ചെയ്തത്. ഇടതുപക്ഷവും കോൺഗ്രസും ദുർബലമാകുന്നു എന്നതിനർത്ഥം ജനങ്ങളുടെ ജനാധിപത്യ മതേതരശബ്ദം ഇല്ലാതാകുന്നു എന്നാണ്. 2018‐ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തൊട്ടാകെ സിപിഐ എമ്മിനും കോൺഗ്രസിനും നേരെ ആക്രമണമഴിച്ചുവിട്ടു. മിക്കയിടങ്ങളിലും നാമനിർദേശ പത്രിക നൽകാൻ പോലും അനുവദിച്ചില്ല. ഇടതുപക്ഷം ഈ അക്രമങ്ങൾക്കെതിരെ സധൈര്യം പൊരുതി. എന്നിട്ടും തിരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി തൃണമൂൽ ഗുണ്ടകൾ കാക്ക്ദ്വീപിലെ സിപിഐ എം കേഡർമാരായ ഉഷ ദാസിനെയും ദേബു ദാസിനെയും ചുട്ടുകൊന്നു. ദാരുണമായ ഈ സംഭവത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ തൃണമൂലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഭരണകൂടം ഇതിനെതിരെ കണ്ണടച്ചു. ബിജിപിക്ക് ഇതുപോല അക്രമം നേരിടേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ മൂന്നുതലങ്ങളിലും കുറച്ചു സീറ്റുകൾ നേടാൻ കഴിഞ്ഞു. ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ആർ.എസ്.എസിന്റെ ലക്ഷ്യം. ആർ.എസ്.എസിന്റെ ആജ്ഞ അനുസരിക്കുക മാത്രമായിരുന്നു തൃണമൂൽ കോൺഗ്രസ് ചെയ്തത്.

ബി.ജെ.പിക്ക് ഒരു ബദലായി മാറാൻ കഴിയുമെന്ന് ജനങ്ങളിൽ വലിയൊരു ഭാഗം വിശ്വസിച്ചു. വാസ്തവത്തിൽ ആർഎസ്എസ് കെട്ടിച്ചമച്ച ആഖ്യാനമായിരുന്നു അത്. ഇടതുപക്ഷവും കോൺഗ്രസും ഐഎസ്എഫും (ഇന്ത്യൻ സെക്കുലർ ഫ്രണ്ട്) ചേർന്നുള്ള സഖ്യം തിരഞ്ഞെടുപ്പിൽ മോശം പ്രകടനമാകും കാഴ്ചവെക്കുന്നത് എന്നതിനെപ്പറ്റി തൃണമൂൽ കോൺഗ്രസിനും ആർഎസ്എസ്സിനും നല്ല ധാരണയുണ്ടായിരുന്നു. 2021‐ലെ പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യപ്രതിപക്ഷമായി ഉയർന്നുവന്നു; തൃണമൂൽ കോൺഗ്രസ് വിജയിച്ചു. തൃണമൂൽ നേതാക്കൾ മോഷണവും കൊള്ളയും പിടിച്ചുപറിയും തുടങ്ങിയപ്പോൾ കാര്യങ്ങൾ വീണ്ടും മാറിമറിയാൻ തുടങ്ങി. തൃണമൂൽ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് സംവിധാനമപ്പാടെ സംഘടിതവും വ്യവസ്ഥാപിതവുമായ രൂപമായി മാറിയിരിക്കുകയാണ്. തൃണമൂൽ ഭരണം പഞ്ചായത്ത് സംവിധാനത്തിന്റെ ഓരോ ഘടകങ്ങളെയും അടിസ്ഥാനപരമായും വഴിതിരിച്ചുവിടുകയും അക്ഷരാർഥത്തിൽ അതിനെ അഴിമതി നടത്താനുള്ള നിയമാനുസൃതമായ സംവിധാനമാക്കി മാറ്റുകയും ചെയ്തു. ഗ്രാമീണ ജനതയുടെ ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നതും, അഴിമതിക്കെതിരെ പോരാടുന്നതും ഇടതുപക്ഷമാണ്. തൃണമൂൽ വാഴ്ചയ്ക്കുകീഴിൽ പഞ്ചായത്ത് സംവിധാനമാകെ താറുമാറായിരിക്കുകയാണ്. പ്രതിപക്ഷമെന്ന നിലയിൽ പ്രതിഷേധിക്കേണ്ട ബിജെപി ചിത്രത്തിലില്ല. ഈ സാഹചര്യത്തിൽ തൃണമൂലിനെ തോൽപ്പിക്കാനും ബിജെപിയെ സംസ്ഥാനത്തുടനീളം തുടച്ചുനീക്കാനും സിപിഐ എമ്മും ഇടതുപക്ഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസും യോജിച്ച് സംസ്ഥാനത്തുടനീളം സാധാരണജനങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ്. പോരാട്ടം ദുഷ്കരമാണ്; പക്ഷേ അസാധ്യമല്ല. സിപി ഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണിയും മറ്റ് മതേതര സംഘടനകളും ഒത്തുചേർന്ന് വിജയിക്കുകതന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 3 =

Most Popular