Saturday, July 27, 2024

ad

Homeരാജ്യങ്ങളിലൂടെഗ്രീസിൽ കമ്മ്യൂണിസ്റ്റ് വിദ്യാർഥി മുന്നേറ്റം

ഗ്രീസിൽ കമ്മ്യൂണിസ്റ്റ് വിദ്യാർഥി മുന്നേറ്റം

ആര്യ ജിനദേവൻ

ഗ്രീസിൽ മെയ് 10ന് 266 സർവകലാശാലകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി ഗ്രൂപ്പായ പാൻസ്പൗദസ്ഥികി കെഎസ് (Panspouastiki KS) തുടർച്ചയായി രണ്ടാം വർഷവും വമ്പിച്ച വിജയം കരസ്ഥമാക്കി. മൊത്തം പോൾ ചെയ്ത വോട്ടിൽ 35.4 ശതമാനം, അതായത് 19632 വോട്ടുകൾ കരസ്ഥമാക്കിയ പാൻസ്പൗദസ്ഥികി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസിന്റെ യുവജന സംഘടനയായ കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്റെ വിദ്യാർത്ഥി വിഭാഗമായാണ് പ്രവർത്തിക്കുന്നത്. ഭരണകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (ND) പിന്തുണയ്ക്കുന്ന ഡെമോക്രാറ്റിക് റിന്യൂവൽ വാൻഗ്വാർഡ് – ന്യു ഡെമോക്രാറ്റിക് സ്റ്റുഡന്റു മൂവ്മെൻറ് (DAP-NDFK) എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് 14441 വോട്ടും 25.77 വോട്ടിങ് ശതമാനവുമാണ് ലഭിച്ചത്. അതേസമയം സോഷ്യൽ ഡെമോക്രാറ്റിക് വിഭാഗമായ PASOK പിന്തുണയ്ക്കുന്ന PASP എന്ന സംഘടനയ്ക്ക് 9.4 6%,അതായത് 5299 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഏതൻസ് പോളിടെക്നിക്ക് അടക്കമുള്ള നിരവധി ഇടങ്ങളിൽ പാൻസ്പൗദസ്ഥികിയുടെയും കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്റെയും പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ നടത്തി.

കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്റെ സെക്രട്ടറിയായ തൊദോരിസ് കോൺസാൻഡിസ്

കമ്മ്യൂണിസ്റ്റ് വിദ്യാർഥി ഗ്രൂപ്പായ പാൻസ്പൗദസ്ഥികി കെഎസ് മറ്റു രണ്ടു വിദ്യാർത്ഥി സംഘദനകളെയും പിന്തള്ളി പ്രമുഖ വിദ്യാർഥി സംഘടനയായി മാറിയത് അനവധിയായ പോരാട്ടങ്ങൾ നയിച്ചു കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഗ്രീസിലുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുരോഗമന വിദ്യാർത്ഥികൾ ചേർന്ന് 1974ലാണ് പാൻസ്പൗദസ്ഥികി രൂപീകരിക്കുന്നത്. സ്വതന്ത്രവും സാർവത്രികവുമായ വിദ്യാഭ്യാസം, വിദ്യാർത്ഥിവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം, വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണം എന്നിവയായിരുന്നു ഈ വിദ്യാർത്ഥി സംഘടനയുടെ മുഖ്യ അജണ്ട. 2009 ൽ ഗ്രീസിലുടനീളമുള്ള റാഡിക്കൽ വിദ്യാർത്ഥി പ്രവർത്തകർ ചേർന്ന് വിദ്യാർത്ഥികളുടെ സമരങ്ങൾക്കായി സ്റ്റുഡൻസ് സ്ട്രഗിൾ ഫ്രണ്ട് (MAS) എന്ന വിശാല വേദിക്ക് രൂപംകൊടുത്തു. പാൻസ്പൗദസ്ഥികി ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് മുന്നണിയുമായി മാറി. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി എംഎഎസ് നയിക്കുന്ന സമരോത്സുക വിദ്യാർത്ഥി പ്രസ്ഥാനം, ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരായി വിപുലമായ സമരങ്ങളാണ് നടത്തിവന്നിട്ടുള്ളത്. കോവിഡ് 19 പ്രതിസന്ധിയുടെ ഘട്ടത്തിലും പിന്നീട് ക്യാമ്പസുകളിലെ എതിർസ്വരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്തുന്നതിനുവേണ്ടി ക്യാമ്പസുകളിൽ പൊലീസിന്റെ കാവലും പട്രോളിങ്ങും ശക്തമാക്കുവാനുള്ള നടപടിയുമായി ഗവൺമെന്റ്‌ മുന്നോട്ടുപോയപ്പോഴും ഇതിനെതിരായി രാജ്യത്താകെയുള്ള വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുംവേണ്ടി വലിയ രീതിയിലുള്ള സമരമാണ് എംഎഎസ് നയിച്ചത്.


ഗ്രീസിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ പോരാട്ടത്തിന്റേതായ വലിയൊരു പാരമ്പര്യമുണ്ട്. അമേരിക്കയുടെ നേതൃത്വത്തിൽ വലതുപക്ഷം നടത്തിയ 1967‐1974 കാലത്തെ സൈനിക അട്ടിമറിക്കെതിരായി നടന്ന പോരാട്ടത്തിലെ ഐതിഹാസികമായ ഒന്നായിരുന്നു ഏതൻസ് പോളിടെക്നിക് പ്രക്ഷോഭം (1973). അത്തരത്തിൽ ഇപ്പോൾ തുടർച്ചയായ രണ്ടാം വർഷവും കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി സംഘടന ഗ്രീസിൽ തെരഞ്ഞെടുക്കപ്പെടുന്നതും 35% ത്തിലധികം വോട്ട് കരസ്ഥമാക്കുന്നതും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ഒന്നാണ്. കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്റെ സെക്രട്ടറിയായ തൊദോരിസ് കോൺസാൻഡിസ് പറഞ്ഞത്, “വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ നിർണായക വിജയത്തിൽ ആയിരക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷയുടേയും ശുഭാപ്തി വിശ്വാസത്തിന്റെയും സന്ദേശമാണ് കാണുന്നത്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുമേൽ നിരന്തരമായ കടന്നാക്രമണം നടത്തുന്ന നിലവിലെ ഗവൺമെന്റിനും ഇനി വരാനിരിക്കുന്ന ഗവൺമെന്റുകൾക്കുമെതിരായ ശക്തമായ താക്കീതാണ് പാൻസ്പൗദസ്ഥികിയുടെ വമ്പിച്ച വിജയം’.

ഗ്രീസിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റ് ഇടതുപക്ഷ വിഭാഗങ്ങളും പാൻസ്പൗദസ്ഥികിയുടെ ഈ വിജയത്തെ അഭിനന്ദിച്ചു മുന്നോട്ടു വന്നു. പുരോഗമന വിദ്യാർത്ഥികളുടെ വിശാല കൂട്ടായ്മയായ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകളിലെ വിജയം ഗ്രീസിലെ മാറുന്ന രാഷ്ട്രീയബോധത്തിന്റെകൂടി പ്രകടനമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 5 =

Most Popular