കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ അനുദിനം കുതിച്ചുയരുന്ന ജീവിത ചെലവിന്റെയും അതുണ്ടാക്കുന്ന പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ, ഗവൺമെന്റ് അവതരിപ്പിച്ച പുതിയ ധന ബില്ല് 2023നെ നിശിതമായി വിമർശിച്ചുകൊണ്ട് രാജ്യത്തെ ട്രേഡ് യൂണിയനുകളും ഇടതുപക്ഷ ശക്തികളും മുന്നോട്ട് വന്നിരിക്കുകയാണ്. ഈ ധന ബില്ല് ജനവിരുദ്ധവും അതേസമയം സമ്പന്ന വർഗ്ഗത്തിന് ഗുണകരവുമാണെന്ന് എന്ന് ട്രേഡ് യൂണിയനുകൾ അവകാശപ്പെട്ടു. അടിക്കടി ജീവിതച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുകയും എന്നാൽ അതിന് ആനുപാതികമായ രീതിയിൽ കൂലിയിലോ ശമ്പളത്തിലോ വർദ്ധനവ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ സാധാരണക്കാരായ ജനങ്ങൾ വലയുകയാണ്. ഈ പശ്ചാത്തലത്തിൽ ഈ ജനവിരുദ്ധ ധന ബില്ലുകൂടി കെനിയൻ ജനതയുടെ തലയിൽ കെട്ടിവയ്ക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് എന്നവർ പറയുന്നു.
രാജ്യം വലിയ രീതിയിലുള്ള കടബാധ്യത നേരിടുന്ന സാഹചര്യത്തിലാണ് കെനിയയിൽ പുതിയ നിയമനിർമാണം ഗവൺമെൻറ് മുന്നോട്ടുവച്ചിരിക്കുന്നത്. ആഭ്യന്തര കടത്തിൻമേലുള്ള വാർഷിക പലിശയടവ് ഈ വർഷം 5.09 ബില്യൺ ഡോളറായി വർദ്ധിച്ചിരിക്കുകയാണ് എന്ന് സാമ്പത്തിക ഉപദേഷ്ടാക്കളുടെ പ്രസിഡൻഷ്യൽ കൗൺസിൽ ചെയർമാൻ ആയ ഡേവിഡ് എൻദി പറയുന്നു. നിലവിൽ പൊതു കടത്തിന്റെ മൂല്യം ജിഡിപിയുടെ 60% ആണ്. കടത്തിൻമേലുള്ള അടവിൽ രാജ്യം മുടക്കുവരുത്തുകയില്ല എന്ന് ഉറപ്പുനൽകിയിട്ടുള്ളതിനാൽ കാശിന്റെ കുറവ് നികത്തുന്നതിന് മാർച്ചിൽ ഗവൺമെന്റ് ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കുകയുണ്ടായി. തദ്ദേശ ഭരണ സ്ഥാപനങ്ങളായ കൗണ്ടികളിൽ പണിയെടുക്കുന്ന മിക്ക ഗവൺമെന്റ് ജീവനക്കാർക്കും ഇക്കഴിഞ്ഞ ജനുവരി മുതൽ ശമ്പളം ലഭിക്കുന്നില്ല. ശമ്പളം പിടിച്ചു വയ്ക്കുന്നതിനെതിരായി പണിമുടക്കിലേക്ക് കടക്കുമെന്ന് ആരോഗ്യപ്രവർത്തകരുടെയും സർക്കാർ ജീവനക്കാരുടെയും യൂണിയനുകൾ താക്കീത് നൽകിയിട്ടുമുണ്ട്. അതേസമയം ഗവണ്മെന്റിന്റെ ചെലവുചുരുക്കൽ ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുംവേണ്ടി തദ്ദേശസ്ഥാപനങ്ങളായ കൗണ്ടികൾക്കു നൽകുന്ന ഫണ്ടുകളിൽ വലിയ രീതിയിലുള്ള കുറവാണ് വരുത്തിയിട്ടുള്ളത്. അതേസമയം ഫെബ്രുവരിയിലും മാർച്ചിലും രാജ്യത്ത് നാണയപെരുപ്പം 9.2 ശതമാനത്തിൽ എത്തിനിൽക്കുകയാണ്. കെനിയൻ നാണയമായ ഷില്ലിങ്ങിന്റെ മൂല്യം കഴിഞ്ഞ രണ്ടുമാസങ്ങളിലായി കുത്തനെ ഇടിഞ്ഞ് റെക്കോർഡ് കടന്നിരിക്കുന്നു.
ഇത്തരത്തിൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കലും ശമ്പളം വൈകിപ്പിക്കുകയും മറ്റു സാമ്പത്തിക പ്രതിസന്ധിയുംമൂലം ജീവിതദുരിതം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിലാണ് ലിബറൽ യാഥാസ്ഥിതികവാദിയായ പ്രസിഡൻറ് വില്യം റൂട്ടോയുടെ ഗവൺമെന്റ് ജനവിരുദ്ധമായ പുതിയ ധന ബില്ല് അവതരിപ്പിച്ചിക്കുന്നത്. ഇത് രാജ്യത്ത് ആഴ്ചകളായി പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. മൊത്തം വില്പന നികുതി (gross sales tax) ഒരു ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനത്തിലേക്ക് ഉയർത്തി. പെട്രോളിയം ഉൽപ്പന്നങ്ങൾക്കും മേലുള്ള വാറ്റ് നിരക്ക് (VAT) നിലവിലെ 8 ശതമാനത്തിൽ നിന്നും ഇരട്ടിയാക്കി, അതായത് 16 ശതമാനം ആക്കി വർദ്ധിപ്പിച്ചു. ഇതോടൊപ്പംതന്നെ മറ്റ് വിവിധ എക്സൈസ് നികുതികളും വർദ്ധിപ്പിച്ചിരിക്കുന്നു. യുണൈറ്റഡ് ഡെമോക്രാറ്റിക് അലൈൻസ് എന്ന യാഥാസ്ഥിതിക പാർട്ടിയുടെ സ്ഥാപക നേതാവായ വില്യം റൂട്ടോ 2022ൽ അധികാരത്തിൽവന്ന് അധികം വൈകാതെതന്നെ ഇന്ധനത്തിനും ചോളത്തിനും മേലുള്ള സബ്സിഡികൾ എടുത്തുമാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇത് ഐ എം എഫിന്റെ നിർദ്ദേശപ്രകാരമാണ്. കഴിഞ്ഞയാഴ്ച ഇന്ധനത്തിനും മണ്ണെണ്ണയ്ക്കുമുള്ള സബ്സിഡി പൂർണ്ണമായി എടുത്തുമാറ്റിയതോടുകൂടി രാജ്യത്ത് ഇന്ധനവില ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കെനിയ അതിന്റെ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു, “തൊഴിലാളി വർഗ്ഗത്തിന്റെയും ഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗത്തിന്റെയും ചെലവിൽ സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും നേട്ടമുണ്ടാക്കുന്ന അന്യായവും പിന്തിരിപ്പനുമായ നിയമനിർമ്മാണമാണ് കെനിയൻ ഫിനാൻസ് ബിൽ 2023. സമ്പന്നർക്കുമേൽ കൃത്യമായി നികുതി ചുമത്തുന്നതിൽ പരാജയപ്പെടുമ്പോൾ തന്നെ ഇത് ഒട്ടുംതന്നെ താങ്ങാനാവാത്ത മനുഷ്യർക്കുമേൽ അന്യായമായ ഭാരം ചുമത്തുന്ന ഈ ബില്ല് പുരോഗമനാത്മകമായി നികുതി പിരിവ് നടത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു”.
അന്യായമായി രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങളിൽനിന്ന് പിരിക്കുന്ന ഈ നികുതിപ്പണം ഗവൺമെന്റ് ഒരിക്കലും സാമൂഹ്യ സേവനം നടത്തുവാൻ ഉപയോഗിക്കില്ല. നേരെമറിച്ച് ഇത് സമ്പന്നർക്ക് നേട്ടമുണ്ടാക്കാനും സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ രാജ്യത്തിനുള്ള അനീതിപൂർവ്വകമായ കടം വീട്ടാനുമേ ഉപയോഗിക്കുകയുള്ളൂ എന്നാണ് കെനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ പറയുന്നത്. ഈ ധന ബില്ല് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും ഈ ബില്ല് തയ്യാറാക്കിയവരുടെ ആവശ്യം ഐ എം എഫിനെയും ലോക ബാങ്കിനെയും പ്രീതിപ്പെടുത്തുകയാണെന്നും കെനിയയിലെ ജനങ്ങൾ പറയുന്നു. രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളിൽ നിന്നും തൊഴിലാളി വർഗ്ഗങ്ങളിൽനിന്നും, അതായത് രാജ്യത്തെ ഭൂരിപക്ഷ ജനതയിൽ നിന്നും പണം പിരിക്കുവാൻ തങ്ങൾക്കാകുമെന്ന് ഐഎംഎഫിനും ലോക ബാങ്കിനും കാണിച്ചുകൊടുക്കുകയാണ് വില്യം റൂട്ടോ ഗവൺമെന്റിന്റെ ലക്ഷ്യം എന്നും അവർ പറയുന്നു. അതേസമയം ജീവിതച്ചെലവ് വർദ്ധിക്കുകയും എന്നാൽ അത് താങ്ങുവാനുള്ള രീതിയിൽ ശമ്പളമോ കൂലിയോ ലഭിക്കാതിരിക്കുകയും ചെയ്യുന്ന, ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ജനവിരുദ്ധമായ നിയമനിർമ്മാണം നടത്തുന്നത് നിർത്തിവയ്ക്കുകയും ധന ബില്ല് 2023 ഗവൺമെന്റ് ഉപേക്ഷിക്കുകയും ചെയ്യണമെന്ന് ഇടതുപക്ഷവും ട്രേഡ് യൂണിയനുകളും ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ സമരമാർഗ്ഗങ്ങളിലേക്കും പണിമുടക്കിലേക്കും കടക്കുമെന്ന് ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ സംഘടനകളും താക്കീത് നൽകുകയും ചെയ്യുന്നു. ♦