Tuesday, January 21, 2025

ad

Homeരാജ്യങ്ങളിലൂടെനവലിബറൽ നയങ്ങൾക്കെതിരെ ഇറ്റലിയിൽ പ്രക്ഷോഭം

നവലിബറൽ നയങ്ങൾക്കെതിരെ ഇറ്റലിയിൽ പ്രക്ഷോഭം

ആശ ലക്ഷ്‌മി

തീവ്രവലതുപക്ഷവാദിയായ ജോർജിയ മെലോണി നയിക്കുന്ന ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായി ഇറ്റലിയിലെ മുഖ്യധാരാ ട്രേഡ് യൂണിയനുകൾ മെയ് 13ന് മിലാനിൽ വമ്പിച്ച പ്രകടനവും പ്രതിഷേധവും സംഘടിപ്പിച്ചു. ഇറ്റാലിയൻ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ (CGIL), ഇറ്റാലിയൻ കോൺഫെഡറേഷൻ ഓഫ് വർക്കേഴ്സ് ട്രേഡ് യൂണിയൻസ് (CISL), ഇറ്റാലിയൻ ലേബർ യൂണിയൻ (UIL) എന്നീ മൂന്ന് ട്രേഡ് യൂണിയൻ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച പ്രകടനത്തിൽ 40,000 ത്തോളം ആളുകൾ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് റീഫൗണ്ടേഷൻ പാർട്ടി (PRC) അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷികൾ പ്രകടനത്തിൽ പങ്കെടുക്കുകയും തൊഴിലാളികൾക്ക് ഐക്യദാർഢ്യം നേരുകയും ചെയ്തു.

പൊതു സേവനങ്ങൾക്കും സാമൂഹ്യ ക്ഷേമ പരിപാടികൾക്കുമുള്ള ചെലവിലെ നിർദ്ദിഷ്ട വെട്ടിച്ചുരുക്കലിനും തൊഴിൽ സൃഷ്ടിക്കാനുള്ള സർക്കാർ നിക്ഷേപത്തിലെ അപര്യാപ്തതയ്ക്കുമെതിരെയാണ് ട്രേഡ് യൂണിയൻ അവിരാമമായ, സമരപോരാട്ടങ്ങളിലേക്ക് കടന്നിരിക്കുന്നത്. മെയ് ആറിന് ബോളോഗ്‌നയിലും ഇതുപോലെതന്നെ ട്രേഡ് യൂണിയനുകൾ പ്രകടനം നടത്തിയിരുന്നു. നേപ്പിൾസിലടക്കം രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ്.

ജോർജിയ മെലോണികോവിഡ് 19 പ്രതിസന്ധി വലിയ ആഘാതം സൃഷ്ടിച്ച ഇറ്റലിയിലെ തൊഴിലാളി വർഗ്ഗത്തിന്റെ ജീവിതം നിലവിൽ ജീവിത ചെലവിലെ വർദ്ധന ഉണ്ടാക്കിയ പ്രതിസന്ധി കൂടിയായപ്പോൾ ദുരിത ക്കയത്തിലാണ്ടിരിക്കുകയാണ്- ഉയർന്ന നാണയപെരുപ്പം ആണ് ഇപ്പോഴത്തെ ജീവിതച്ചെലവ് പ്രതിസന്ധിക്ക് കാരണം; 2023 മാർച്ചിൽ ഇറ്റലിയിലെ നാണയപെരുപ്പ നിരക്ക് 8.1% ആയിരുന്നു. അതേസമയംതന്നെ, തീവ്ര വലതുപക്ഷവാദിയും ഫാസിസ്റ്റ് നയങ്ങളുടെ അനുഭാവിയുമായ മെലോണി നയിക്കുന്ന ഗവൺമെന്റ് കടുത്ത തൊഴിലാളിവിരുദ്ധ, യൂണിയൻവിരുദ്ധ നയങ്ങൾ കൈക്കൊണ്ടുവരികയുമാണ്. ഉക്രൈനിലെ യുദ്ധത്തിനു മുൻഗണന കൊടുക്കുന്ന സമീപനം കൂടിയായപ്പോൾ അത് സാധാരണ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിതമയമാക്കി. ഈയടുത്ത് ഉക്രൈൻ പ്രസിഡന്റ്‌ സെലൻസ്കി ഇറ്റലി സന്ദർശിച്ചതിനെയും പോപ്പുമായും ഇറ്റാലിയൻ പ്രസിഡന്റ്‌ സർജിയോ മാറ്ററെല്ലയുമായും മെലോണിയുമായും ഉക്രൈൻ യുദ്ധത്തിന് ഇറ്റലിയുടെ പിന്തുണ ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ കൂടിക്കാഴ്ചയെയും രാജ്യത്തെ പുരോഗമന ഫാസിസ്റ്റുവിരുദ്ധ വിഭാഗങ്ങൾ ശക്തമായി വിമർശിക്കുകയുണ്ടായി.കമ്മ്യൂണിസ്റ്റ് യൂത്ത് ഫ്രണ്ട് സെലൻസ്കിയുടെ സന്ദർശനത്തെ വിമർശിച്ചുകൊണ്ട് പ്രസ്താവന ഇറക്കുകയുണ്ടായി, ‘നാറ്റോയുടെയും അമേരിക്കയുടെയും യൂറോപ്പ്യൻ യൂണിയന്റെയും അഴിഞ്ഞാട്ടത്തിന് സ്വന്തം രാജ്യത്തെ വിട്ടുകൊടുത്ത പ്രസിഡന്റാണ് അദ്ദേഹം. രാജ്യത്തെ 14 രാഷ്ട്രീയപാർട്ടികളെ നിരോധിക്കുകയും നവഫാസിസ്റ്റ് ശക്തികളെ ഔദ്യോഗിക സൈനിക സേനയാക്കി മാറ്റുകയും ചെയ്ത തീവ്രദേശീയ ഗവൺമെന്റിനെ നയിക്കുന്ന അദ്ദേഹത്തെ, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ധീര പോരാളിയായി ചിത്രീകരിക്കുന്നു’.

മിലാനിൽ നടന്ന പ്രകടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കമ്മ്യൂണിസ്റ്റ് റീഫൗണ്ടേഷൻ പാർട്ടി നേതാവായ ആന്റോനെല്ലോ പട്ട പറഞ്ഞ കാര്യങ്ങൾ ഇറ്റലിയിലെ ഭീകരമായ ആഭ്യന്തര സാഹചര്യത്തെ കൂടുതൽ വ്യക്തമാക്കുന്നതാണ്. ‘കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇറ്റലിയിലെ ശരാശരി -താഴ്ന്നവരുമാനക്കാരായ കുടുംബങ്ങൾക്ക് അവരുടെ 20% വാങ്ങൽശേഷിയും നഷ്ടമായി. ദരിദ്രർക്കും തൊഴിലാളികൾക്കും എതിരായ അന്യായമായ നിയമങ്ങൾ അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും അനിശ്ചിതത്വത്തെയും ചൂഷണത്തെയും വിപുലമാക്കുകയും ദരിദ്രമായ തൊഴിൽ സാഹചര്യങ്ങളെ കൂടുതൽ അസ്ഥിരമാക്കുകയും ചെയ്യുന്നു. രാജ്യത്തെ വലതുപക്ഷ ഗവൺമെന്റ് സ്കൂളുകളിലും ആരോഗ്യരക്ഷരംഗത്തും മറ്റു സേവനമേഖലകളിലും വലിയ രീതിയിലുള്ള വെട്ടിക്കുറയ്‌ക്കൽ നടത്തിക്കൊണ്ട് കടുത്ത ചെലവുചുരുക്കൽ നടപടികൾ വീണ്ടും നടപ്പിലാക്കുകയാണ്. ലാഭവും വരുമാനവും സാന്പത്തിക ഊഹക്കച്ചവടം ലക്ഷ്യമിട്ടുകൊണ്ട് തൊഴിലാളികളെയും വിരമിച്ചവരെയും ഈ ഗവൺമെന്റ് കൊള്ളയടിക്കുമ്പോൾ, സാമൂഹിക പ്രശ്നങ്ങളെ കണ്ടില്ല എന്ന് നടിച്ചുകൊണ്ട് ലാഭത്തിനുവേണ്ടി നെട്ടോട്ടം പായുന്ന കോർപ്പറേഷനുകൾക്കൊപ്പം ഈ ഗവണ്മെന്റ് നിലകൊള്ളുമ്പോൾ വമ്പിച്ച പോരാട്ടത്തിന്റേതായ ഒരു പുതിയ കാലം പുനരാരംഭിക്കുക മാത്രമാണ് സാധ്യമായ ഒരേയൊരു മറുപടി’ എന്ന് അന്റോണെല്ലോ പറഞ്ഞുവെക്കുന്നു.

എന്തുതന്നെയായാലും, രാജ്യത്ത് നിലനില്ക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രതിസന്ധിയും ഒപ്പംതന്നെ ഉക്രൈൻ യുദ്ധത്തെ അനുകൂലിച്ചുകൊണ്ടുള്ള മെലോണി ഗവണ്മെന്റിന്റെ നിലപാടുകളും ഇറ്റലിയിലെ ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള രോഷം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഷേധത്തിന് വരുംനാളുകളിൽ ഇറ്റലി സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular