Tuesday, April 23, 2024

ad

Homeഇവർ നയിച്ചവർഎ പി വർക്കി: പാർട്ടി പ്രവർത്തകർക്ക്‌ വഴികാട്ടിയായ ജനനേതാവ്‌

എ പി വർക്കി: പാർട്ടി പ്രവർത്തകർക്ക്‌ വഴികാട്ടിയായ ജനനേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

ദീർഘകാലം എ പി വർക്കിയുടെ സഹപ്രവർത്തകനായിരുന്ന പയ്യപ്പളിള്ളി ബാലൻ എപിയുടെ വാങ്‌മയചിത്രം വരച്ചത്‌ ഇങ്ങനെയാണ്‌: ‘‘ഉണക്കച്ചുള്ളിക്കമ്പുപോലെ മെലിഞ്ഞുണങ്ങിയ ശരീരം. അങ്ങിങ്ങ്‌ യാതൊരു നിയന്ത്രണവുമില്ലാതെ തോളറ്റം തുങ്ങിക്കിടക്കുന്ന ഏതാനും മുടിയിഴകൾ. പ്രാഞ്ചിപ്രാഞ്ചിയുള്ള നടപ്പുകണ്ടാൽ ഓ! ഇപ്പോൾ വീണുപോകും എന്നു തോന്നും. സദാസമയവും നിർവികാരമാണാ മുഖം. കോപം ഒരിക്കലും നിഴലിച്ചു കണ്ടിട്ടേയില്ല ആ മുഖത്ത്‌. വളരെ അടുത്തു പെരുപാറീട്ടുള്ള ചിലർ, ചിലപ്പോൾ ഒരു ചെറുപുഞ്ചിരി വിടരുന്നത്‌ കണ്ടിരിക്കാം. മിതഭാഷി, ഗൗരവമുള്ള രാഷ്‌ട്രീ‐സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിക്കുമ്പോൾ നിർവികാരമായി പൊട്ടിക്കുന്ന ഫലിതങ്ങൾ ഏതു ശ്രോതാവിനെയും ചിരിപ്പിക്കും. (പാർട്ടി ഒഴികെ) സർവസംഗപരിത്യാഗിയായ ഋഷിവര്യന്റെ ജീവിതം’’.

അരനൂറ്റാണ്ടിലേറെക്കാലം കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ എറണാകുളം ജില്ലയിലെ നേതൃനിരയിൽ പ്രവർത്തിച്ച സമുന്നതനായ കമ്യൂണിസ്റ്റാണ്‌ എ പി വർക്കി. 1978 മുതൽ മരിക്കുന്നതുവരെ അദ്ദേഹം സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലയിലെ പാർട്ടിയുടെ അമരക്കാരനായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച വ്യക്തിയും അദ്ദേഹമാണ്‌.

കർഷകസംഘം നേതാവ്‌ എന്ന നിലയിലുള്ള എ പിയുടെ പ്രവർത്തനം മാതൃകാപരമായിരുന്നു. കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ കൃത്യമായി പഠിച്ചുകൊണ്ട്‌, കർഷകദ്രോഹ നയങ്ങളെ കൃത്യമായി ചൂണ്ടിക്കാട്ടിക്കൊണ്ട്‌ കർഷകരെ പ്രക്ഷോഭങ്ങളിൽ അണിനിരത്താൻ അസാധാരണമായ മികവാണ്‌ അദ്ദേഹം പുലർത്തിയത്‌. കർഷകസംഘം എറണാകുളം ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം അന്തരിക്കുമ്പോൾ സംസ്ഥാന ട്രഷററായിരുന്നു. കർഷകസംഘത്തിന്റെ ഉടമസ്ഥതയിലുള്ള മാസികയുടെ (ആദ്യം കർഷകകേരളം, പിന്നീട്‌ കർഷകനാദം) പ്രവർത്തനങ്ങളിൽ അദ്ദേഹം എന്നും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

1927 ജൂലൈ 27ന്‌ തൃപ്പൂണിത്തുറയ്‌ക്ക്‌ സമീപം കുരീക്കാട്‌ എന്ന സ്ഥലത്താണ്‌ എ പി വർക്കി ജനിച്ചത്‌. എളംകുളത്ത്‌ വീട്ടിൽ പൗലോസ്‌ ആണ്‌ പിതാവ്‌. മാതാവിന്റെ പേര്‌ അന്നമ്മ. ഹൈസ്‌കൂൾതലം വരെയുള്ള വിദ്യാഭ്യാസം അദ്ദേഹം പൂർത്തിയാക്കി. വായനാശീലം വളരെ ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. കിട്ടാവുന്ന പുസ്‌തകങ്ങളെല്ലാം അദ്ദേഹം വായിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കൊച്ചി പ്രജാമണ്ഡലത്തിന്റെ പ്രവർത്തനങ്ങളിൽ ആവേശഭരിതനായ അദ്ദേഹം അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

കമ്യൂണിസ്സ് പാർട്ടി സാഹിത്യം എവിടെകിട്ടിയാലും തിരഞ്ഞുപിടിച്ചു വായിക്കുക എന്നത്‌ ആ കുട്ടിയുടെ സ്ഥിരം ശീലമായിരുന്നു. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ ആസ്‌പദമാക്കി ഓട്ടൻതുള്ളലുകളും നാടകങ്ങളും എഴുതി സൃഹൃത്തുക്കളോടൊപ്പം അരങ്ങത്ത്‌ അവതരിപ്പിക്കുന്നതിൽ എ പി പ്രത്യേക മികവു പ്രദർശിപ്പിച്ചു. അതിലൂടെ ഒരു രാഷ്‌ട്രീയ പ്രവർത്തകനായി, ഉത്തമനായ കമ്യൂണിസ്റ്റായി അദ്ദേഹം സ്വയം പരുവപ്പെടുകയായിരുന്നു.

1950ലാണ്‌ എ പി വർക്കി കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായത്‌. അന്ന്‌ പാർട്ടി നിരോധിക്കപ്പെട്ട കാലമാണ്‌. പാർട്ടിയുടെ പ്രധാനപ്പെട്ട പ്രവർത്തകരെല്ലാം ഒളിവിലായിരുന്നു. നേതാക്കളും പ്രവർത്തകരും അതിക്രൂരമായ രീതിയിൽ വേട്ടയാടപ്പെടുന്ന സമയം. വളരെ ഉത്തരവാദിത്വപ്പെട്ട ചുമതലയാണ്‌ എ പിക്ക്‌ ആദ്യമേതന്നെ നൽകപ്പെട്ടത്‌. പാർട്ടിയുടെ രഹസ്യരേഖകൾ കൈമാറുക, ഒളിവിലിരിക്കുന്ന നേതാക്കളെയും പ്രവർത്തകരെയും സുരക്ഷിതമായ ഒളിസങ്കേതങ്ങളിൽ എത്തിക്കുക തുടങ്ങിയ അതീവ ശ്രമകരവും സാഹസികവുമായ ജോലികൾ ചെയ്യേണ്ട ടെക്‌മാനായാണ്‌ പാർട്ടി അദ്ദേഹത്തെ നിയോഗിച്ചത്‌.

ഏൽപിക്കപ്പെട്ട ഏത്‌ ഉത്തരവാദിത്വവും ആർജവത്തോടെയും തന്റേടത്തോടെയും നിറവേറ്റുക എന്നത്‌ അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. പാർട്ടിവിരുദ്ധരുടെയും പൊലീസിന്റെയും ആക്രമണങ്ങളെ പലപ്പോഴും അദ്ദേഹത്തിന്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌. 1954ലെ ട്രാൻസ്‌പോർട്ട്‌ സമരത്തിൽ കിരാതമായ മർദനങ്ങളാണ്‌ സമരമുഖത്തുവച്ചും പൊലീസ്‌ കസ്റ്റഡിയിൽവെച്ചും എ പിക്ക്‌ അനുഭവിക്കേണ്ടിവന്നത്‌. മർദനത്തിനിടയിൽ മരിച്ചുവെന്നു കരുതിയാണ്‌ മർദനം പൊലീസ്‌ അവസാനിപ്പിച്ചത്‌.

1959ൽ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ എറണാകുളം ജില്ലാ കൗൺസിൽ അംഗമായി എ പി തിരഞ്ഞെടുക്കപ്പെട്ടു.

1962 മുതൽ ദീർഘകാലം തിരുവാങ്കുളം പഞ്ചായത്തിലെ കുരീക്കാട്‌ വാർഡ്‌ അംഗമായി അദ്ദേഹം പ്രവർത്തിച്ചു.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്നവരിൽ ഒരാൾ എ പിയായിരുന്നു. സിപിഐ എം തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ പി, പാർട്ടിക്ക്‌ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1978ൽ എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മരണംവരെ ആ സ്ഥാനത്തു തുടർന്നു.

1964ൽ സിപിഐ എം നേതാക്കൾ കൂട്ടത്തോടെ ജയിലിലടയ്‌ക്കപ്പെട്ടു. എറണാകുളം ജില്ലയിൽനിന്ന്‌ ടി കെ രാമകൃഷ്‌ണൻ, എം എം ലോറൻസ്‌ തുടങ്ങിയവരോടൊപ്പം എ പിയെയും അറസ്റ്റ്‌ ചെയ്‌ത്‌ പൊലീസ്‌ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.
1975ലെ അടിയന്തരാവസ്ഥക്കാലത്തും 17 മാസക്കാലം എ പിക്ക്‌ തടവറയ്‌ക്കുള്ളിൽ കഴിയേണ്ടിവന്നു.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ രാഷ്‌ട്രീയ ചർച്ചകളിലും സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള ചർച്ചകളിലും എ പി സജീവമായി പങ്കെടുത്തിരുന്നതായി സഹപ്രവർത്തകർ രേഖപ്പെടുത്തിയിട്ടുണ്ട്‌. നയപരവും സംഘടനാപരവുമായ പ്രശ്‌നങ്ങൾ ചർച്ചയ്‌ക്ക്‌ വരുമ്പോൾ തന്റെ സ്വതന്ത്രമായ അഭിപ്രായം എ പി എല്ലായിപ്പോഴും വെട്ടിത്തുറന്ന്‌ പറഞ്ഞിരുന്നതായി പി കരുണാകരൻ അനുസ്‌മരിക്കുന്നു.

വളരെ ലളിതമായി ജീവിതശൈലി പിന്തുടർന്ന എ പി ജീവിതാന്തംവരെ ആ ലാളിത്യവിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. മാരുതി ലോഡ്‌ജിലെ സൗകര്യങ്ങൾ വളരെ കുറഞ്ഞ ഇടുങ്ങിയ റൂമിലാണ്‌ അദ്ദേഹം താമസിച്ചത്‌. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നുമുള്ള ഭക്ഷണമായിരുന്നു അദ്ദേഹം കഴിച്ചത്‌. ദിവസം രണ്ടുനേരം മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളൂ. രാവിലെ 11 മണിക്കും പിന്നെ രാത്രിയിലും. കാഴ്‌ചയിലെ ലാളിത്യം പ്രവൃത്തിയിലും വേഷത്തിലുമെല്ലാം അടിമുടി എ പിയിൽ പ്രകടമായിരുന്നു.

പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരെ മുതൽ ബ്രാഞ്ചുതലത്തിൽ പ്രവർത്തിക്കുന്നവരെ വരെ നേരിട്ടറിയാമായിരുന്ന എ പിക്ക്‌ പാർട്ടി സഖാക്കളോടു മാത്രമല്ല പരിചയത്തിലുള്ള എല്ലാവരോടും തികഞ്ഞ സ്‌നേഹവും കരുതലുമായിരുന്നു. തന്റെ പരിചയത്തിലുള്ള ആർക്കെങ്കിലും അസുഖം വന്നാലോ അപകടം വന്നാലോ ഓടി അവിടെയെത്തുക, അവരെ സമാശ്വസിപ്പിക്കുക, ചെയ്യാവുന്ന സഹായങ്ങൾ പരമാവധി ചെയ്യുക എന്നിവ എ പിയുടെ പ്രവർത്തനശൈലിയിലെ അവിഭാജ്യഘടകമായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിയിലും പാർട്ടിക്കു പുറത്തും വിപുലമായ സൗഹൃദവലയം അദ്ദേഹത്തിനുണ്ടായിരുന്നു.

ചെറുപ്പക്കാരെ പാർട്ടിയിലേക്ക്‌ ആകർഷിക്കുന്നതിലും അവർക്ക്‌ അർഹിക്കുന്ന ഉത്തരവാദിത്വം നൽകി വളർത്തിയെടുക്കുന്നതിലും എ പി എന്നും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഓരോ സഖാവിന്റെയും കഴിവ്‌ കണ്ടെത്തുന്നതിൽ സവിശേഷമായ നിരീക്ഷണബുദ്ധിയായിരുന്നു എ പി പ്രകടിപ്പിച്ചിരുന്നത്‌. എന്നാൽ പാർട്ടി അച്ചടക്കത്തിന്റെ കാര്യത്തിൽ അദ്ദേഹം തെല്ലും വിട്ടുവീഴ്‌ച ചെയ്‌തിരുന്നുമില്ല.

പാർട്ടിക്കകത്ത്‌ ഇടക്കാലത്തുണ്ടായ വിഭാഗീയപ്രവർത്തനങ്ങൾ എറണാകുളം ജില്ലയിലും പ്രകടമായിരുന്നല്ലോ. പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും പല വെല്ലുവിളികളും നേരിടേണ്ടിവന്ന സമയമായിരുന്നു അത്‌. അവയെയെല്ലാം തന്റേടത്തോടെയും ആർജവത്തോടെയും നേരിടാൻ എ പിക്കു സാധിച്ചു. വിശ്രമവും ഉറക്കവുമില്ലാതെയുള്ള നിരന്തരമായ പ്രവർത്തനങ്ങൾ എ പിയുടെ ആരോഗ്യത്തെ തളർത്തി.

മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളിൽ കരുതൽ കാണിച്ചിരുന്ന എ പി സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നില്ലെന്ന്‌ സഹപ്രവർത്തകർ പരിഭവിക്കുന്നു. അസുഖമുണ്ടായാൽ ഡോക്ടറെ കാണാൻ സഖാക്കൾ എത്ര നിർബന്ധിച്ചാലും എ പി കൂട്ടാക്കാറില്ലായിരുന്നുവെന്ന്‌ പി കരുണാകരൻ നിരീക്ഷിക്കുന്നു.

ദേശാഭിമാനി ജനറൽ മാനേജർ കണ്ണൻ നായരുടെ മരണശേഷം, 19990 മാർച്ച്‌ മുതൽ ആഗസ്‌തുവരെ ജനറൽ മാനേജരുടെ ചുമതല വഹിച്ചത്‌ എ പിയായിരുന്നു. ഈ കാലയളവിൽ പത്രത്തിന്റെ പ്രിന്റർ ആൻഡ്‌ പബ്ലിഷറായി പ്രവർത്തിച്ചതും അദ്ദേഹമായിരുന്നു. ദേശാഭിമാനിയുടെ എറണാകുളത്തെ ഏത്‌ പരിപാടിയിലും എ പി നിറസാന്നിധ്യമായിരുന്നു.

മാത്തിരി എന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെ പേര്‌. മകൾ ലീല. വളരെ കുറച്ചുകാലത്തെ ദാന്പത്യജീവിതമേ എ പിക്കുണ്ടായിരുന്നുള്ളൂ. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു.

2002 ഫെബ്രുവരി ഏഴിന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
മരണംവരെ പാർട്ടിക്കും ബഹുജനങ്ങൾക്കുംവേണ്ടി സമർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനമായിരുന്നു എ പിയുടേത്‌.

കടപ്പാട്‌: എ പി വർക്കി മിഷൻ 2005ൽ പ്രസിദ്ധീകരിച്ച എ പി ഓർമ്മ എന്ന സ്‌മരണിക

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular