Saturday, April 27, 2024

ad

Homeസാര്‍വദേശീയംസുഡാനിലെ ചോരപ്പുഴയ്ക്കുപിന്നിൽ...

സുഡാനിലെ ചോരപ്പുഴയ്ക്കുപിന്നിൽ…

ജി വിജയകുമാർ

സുഡാനിൽ അധികാരത്തിലുള്ള രണ്ടു സെെനിക വിഭാഗങ്ങൾ – സുഡാനീസ് ആംഡ് ഫോഴ്സും (എസ്എഎഫ്) അർദ്ധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) – തമ്മിലുള്ള ഏറ്റുമുട്ടലും രക്തച്ചൊരിച്ചിലും ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ഏപ്രിൽ 15ന് ഈ ഏറ്റുമുട്ടൽ ആരംഭിച്ചശേഷം ചുരുങ്ങിയത് 850ഓളം സാധാരണ പൗരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സുഡാൻ ഡോക്ടേഴ്സ് യൂണിയൻ കണക്കാക്കിയിരിക്കുന്നത്; മൂവായിരത്തിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു. ഏഴുലക്ഷത്തിലധികം ആളുകൾ ഭവനരഹിതരായി, അഭയാർഥികളായി സുഡാനിൽ തന്നെ പല ഭാഗങ്ങളിലായി കഴിയുമ്പോൾ മറ്റൊരു രണ്ടു ലക്ഷത്തിലേറെപ്പേർ അയൽരാജ്യങ്ങളിലേക്ക് തങ്ങളുടെ ജീവനും കൊണ്ടോടി.

ഒരേ സമയം വ്യോമാക്രമണവും കരയിലെ ഏറ്റുമുട്ടലും നടക്കുന്നത് സുഡാന്റെ തലസ്ഥാനനഗരമായ ഖാർത്തുമിലും അയൽ നഗരങ്ങളായ ഓംഡുർമാനിലും ഖാർത്തും ബാഹ്റി (വടക്ക്)യിലുമാണ്. ജനവാസകേന്ദ്രങ്ങളിൽ നടക്കുന്ന സെെനിക ഏറ്റുമുട്ടലാണ്, പാർപ്പിടങ്ങൾക്കുമേൽ നടക്കുന്ന വ്യോമാക്രമണമാണ് ഇത്രയേറെ ആൾനാശത്തിനും ഭവനനാശത്തിനും കാരണമായത്. ‘‘കൊല്ലരുത് സോദരാ, കൊല്ലരുത്’’ എന്ന പ്രസിദ്ധമായ സുഡാനീസ് സമാധാന ഗാനം ആലപിച്ച, ആ രാജ്യത്ത് ഏറെ ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഷാദേൻ ഗാർദൂദ് എന്ന ഗായികയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മെയ് 12ന് സ്വന്തം വീടിനുനേരെ നടന്ന ഷെല്ലാക്രമണത്തിലാണ് ആ ജനകീയ ഗായിക കൊല്ലപ്പെട്ടത്.

സുഡാൻ
ഉത്തരാഫ്രിക്കൻ രാജ്യമാണ് റിപ്പബ്ലിക് ഓഫ് സുഡാൻ. തെക്കു പടിഞ്ഞാറ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും പടിഞ്ഞാറ് ഛാഡും വടക്ക് ഈജിപ്തും വടക്കു കിഴക്ക് എറിത്രിയയും തെക്കുകിഴക്ക് എത്യോപ്യയും വടക്കു പടിഞ്ഞാറ് ലിബിയയും തെക്ക് ദക്ഷിണ സുഡാനും ചെങ്കടലുമാണ് സുഡാന്റെ അതിർത്തി പങ്കിടുന്നത്. 4.57 കോടിയാണ് ജനസംഖ്യ. വിസ്തീർണം 1,886,068 ചതുരശ്ര കിലോമീറ്ററാണ്. തലസ്ഥാനം: ഖാർത്തും. ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരം ഓംഡുർമാൻ. ഔദ്യോഗിക ഭാഷ: അറബിക്കും ഇംഗ്ലീഷും. നാണയം: സുഡാനീസ്-പൗണ്ട്.

സുഡാൻ ഡോക്ടേഴ്സ് യൂണിയൻ കണക്കുപ്രകാരം ഈ ഏറ്റുമുട്ടൽ തുടങ്ങിയശേഷം ഇതേവരെ 17 ആശുപത്രികളാണ് തകർക്കപ്പെട്ടത്; മറ്റൊരു 20 ആശുപത്രികൾ അടച്ചുപൂട്ടി കെട്ടിടങ്ങൾ ഒഴിഞ്ഞുപോകാൻ ബന്ധപ്പെട്ടവർ ഈ യുദ്ധംമൂലം നിർബന്ധിതരായി. ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശങ്ങളിലുള്ള 66 ശതമാനം ആശുപത്രികളും പ്രവർത്തനരഹിതമാണ്. ഇങ്ങനെ ആ മേഖലയിൽ ആകെയുള്ള 89 ആശുപത്രികളിൽ 59 എണ്ണവും പ്രവർത്തനരഹിതമായിരിക്കുന്നു; അതേസമയം അവശേഷിക്കുന്ന 30 എണ്ണത്തിലാകട്ടെ, പ്രഥമ ശുശ്രൂഷ നൽകാൻ മാത്രമേ കഴിയുന്നുള്ളൂ. ആവശ്യത്തിന് ജീവനക്കാരോ വെെദ്യുതിയോ വെള്ളമോ ലഭ്യമല്ലാത്തതുമൂലം ഈ ആശുപത്രികൾ പോലും ഏതു നിമിഷവും അടച്ചുപൂട്ടിപ്പോകാമെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് മെയ് 13 വരെയുള്ള കണക്കാണ്.

സുഡാനീസ് ആംഡ് ഫോഴ്സിന്റെ ആസ്ഥാനമായ ഖാർത്തൂം നഗരത്തിലാണ് ബോംബാക്രമണം നടന്ന ആശുപത്രികളിൽ അധികവും. ഈ പ്രദേശത്തുതന്നെയാണ് എയർപോർട്ടും പ്രസിഡന്റിന്റെ ആസ്ഥാന മന്ദിരവും സ്ഥിതി ചെയ്യുന്നത്. പരമപ്രധാനമായ ഇൗ മേഖലയുടെ നിയന്ത്രണം കെെക്കലാക്കാനുള്ള തീവ്ര പരിശ്രമമാണ്, ഏറ്റുമുട്ടലാണ് ഇരുവിഭാഗങ്ങളും നടത്തുന്നത്. അതാണ് സുരക്ഷിത മേഖലകൾ തേടി ആളുകൾ കൂട്ടംകൂട്ടമായി മറ്റു നഗരങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത്. പ്രാണൻ രക്ഷിക്കാനുള്ള ഈ ഒാട്ടം തന്നെ സുഡാനിൽ ഇന്ന് ഏറെ അപകടകരമാണ്; നിരവധിയാളുകൾ യാത്രാമധേ–്യ ഉണ്ടാകുന്ന വേ–്യാമാക്രമണത്തിനിടയിൽ കൂട്ടം തെറ്റി കാണാതാകുന്നുണ്ട്. റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പ്രധാന റോഡുകളിൽ പലേടങ്ങളിലായി ചെക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്; ഇവർ നൂറുകണക്കിന് സാധാരണ പൗരരെ തടവുകാരായി പിടികൂടിയിട്ടുമുണ്ടെന്നാണ് വാർത്തകൾ പറയുന്നത്.

സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ മെയ് 12ന് ജിദ്ദയിൽ പരസ്പരം ഏറ്റുമുട്ടുന്ന ഈ രണ്ട് സെെനിക വിഭാഗങ്ങളെയും ഒരുമിപ്പിച്ച് ഒരൊത്തുതീർപ്പിനു ശ്രമിച്ചിരുന്നു. എന്നാൽ മെയ് 12ന്റെ ജിദ്ദാ പ്രഖ്യാപനം വെടിനിർത്തലിന് വഴിയൊരുക്കിയില്ലെന്നു മാത്രമല്ല, ഇരു സെെനികവിഭാഗങ്ങളുടെയും മേധാവികൾ ഒപ്പുവെച്ച പ്രഖ്യാപനത്തിന്റെ മഷിയുണങ്ങുന്നതിനുമുൻപു തന്നെ, അതേ ദിവസം തന്നെ ഖാർത്തും സംസ്ഥാനത്തെ മൂന്നു പ്രധാനനഗരങ്ങളിലും ഏറ്റുമുട്ടൽ രൂക്ഷമാവുകയാണുണ്ടായത്. മാത്രമല്ല, സെെനികഭരണ സംവിധാനത്തിന്റെ അധ്യക്ഷൻ കൂടിയായ എസ്എഎഫ് മേധാവി ബുർഹാൻ ആർഎസ്എഫിന്റെ എല്ലാ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ ഉത്തരവിട്ടു. ഒപ്പം മറുപക്ഷത്തോട് കൂറുണ്ടെന്ന് സംശയിക്കപ്പെടുന്ന സെൻട്രൽ ബാങ്കിന്റെ ഗവർണറെ മാറ്റുകയും ചെയ്തു. ഇതിനോടെല്ലാമുള്ള പ്രതികരണമായി ആർഎസ്എഫിന്റെ മേധാവി ഹമേതി എന്നറിയപ്പെടുന്ന മൊഹമദ് ഹമദാൻ ഡഗാലോ പ്രസ്താവിച്ചത് ബുർഹാനെ പരസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊല്ലുമെന്നാണ്.

ഇരുവിഭാഗങ്ങളുമായും അടുപ്പം പുലർത്തുന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ഒരുദ്യോഗസ്ഥൻ എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞത് മെയ് 12ന് ഒപ്പുവച്ച ജിദ്ദാ പ്രഖ്യാപനം ‘‘വെടിനിർത്തൽ’’ കരാറായിരുന്നില്ല എന്നാണ്. ജിദ്ദ പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങുന്ന ചർച്ചകൾക്കിടയിൽ മെയ് 10ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി വിക്ടോറിയ ന്യൂലാൻഡ് പറഞ്ഞത്, ‘‘ഈ കൂടിയാലോചനകളിലെ ഞങ്ങളുടെ ലക്ഷ്യം തികച്ചും പരിമിതമാണ്; മാനുഷിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപനം നടത്താനുള്ള ഒരു കരാർ ആദ്യമുണ്ടാക്കുകയും തുടർന്ന് വെടിനിർത്തലിലേക്ക് എത്തുകയുമെന്നതാണ്’’. എന്നാൽ സംഘട്ടനം രൂക്ഷമായി തുടരുന്നതാണോ മാനുഷികതത്വങ്ങളുടെ അടിസ്ഥാനം എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു.


യഥാർഥത്തിൽ സുഡാനിലെ ഇൗ പ്രതിസന്ധിക്കിടയാക്കിയത് ഐഎംഎഫ് ആ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച നവഉദാരവൽക്കരണ നയങ്ങളാണ്. കാർഷികമേഖലയിലാണ് പ്രധാനമായും നവഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയത്. വ്യാപാരത്തിലെയും വിദേശ നിക്ഷേപത്തിലെയും തടസ്സങ്ങൾ നീക്കം ചെയ്ത് കാർഷിക മേഖല അന്താരാഷ്ട്ര മൂലധനത്തിന്റെ പിടിയിൽപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. യഥാർഥത്തിൽ അതിസമ്പന്നരുടെയും സമൂഹത്തിലെ പ്രമാണിമാരുടെയും താൽപര്യങ്ങളാണ് ഈ നയങ്ങൾ സംരക്ഷിക്കുന്നത്. സുഡാനെപ്പോലെയുള്ള രാജ്യങ്ങൾ ഈ നയം നടപ്പാക്കിയതിലൂടെ അവിടത്തെ സാധാരണക്കാരുടെ താൽപര്യങ്ങൾ അപകടപ്പെടുത്തി.

‘‘ആഫ്രിക്കയിലെ ബ്രെഡ് ബാസ്കറ്റ്’’ എന്നാണ് സുഡാൻ അറിയപ്പെടുന്നത്. കാരണം, സ്വർണം ഉൾപ്പെടെയുള്ള ധാതുക്കളാലും എണ്ണയാലും സമ്പന്നമായ സുഡാൻ ഫലഭൂയിഷ്ഠമായ മണ്ണുള്ള നാടുകൂടിയാണ്. 2002ൽ പ്രസിദ്ധീകരിച്ച ഓക്സ്ഫാം റിപ്പോർട്ട് പറയുന്നത് ആഫ്രിക്കയിൽ ദാരിദ്ര്യം പെരുകുന്നതിനും ഭക്ഷ്യസുരക്ഷ ഇല്ലാതാകുന്നതിനും കാരണം ഈ നവലിബറൽ നയങ്ങളാണെന്നാണ്. സുഡാനിലെ കാർഷിക മേഖലയിലെ ഉദാരവൽക്കരണം ആഫ്രിക്കയുടെയാകെ ഭക്ഷ്യസുരക്ഷയെയാണ് പ്രതികൂലമായി ബാധിക്കുന്നത്.


സുഡാന്റെ മറ്റൊരു പ്രത്യേകത 600ലധികം വംശീയ വിഭാഗങ്ങളും 400ലധികം ഭാഷ സംസാരിക്കുന്നവരും ഉണ്ടെന്നതാണ്; എന്നാൽ ഇവരിൽ ഏറെപ്പേരും ഇസ്ലാമിക വിശ്വാസികളുമാണ്. രണ്ട് ആഭ്യന്തരയുദ്ധങ്ങളും മൂന്ന് പട്ടാള അട്ടിമറികളും നേരിട്ട രാജ്യവുമാണ് സുഡാൻ. 30 വർഷമാണ് ഒമർ അൽ – ബഷീറിന്റെ സെെനിക സേ–്വച്ഛാധിപത്യ വാഴ്ച നിലനിന്നത്. 2019ലെ ജനകീയ കലാപത്തെത്തുടർന്നാണ് ആ സെെനിക ഭരണത്തിന് അറുതിയായത്.

പട്ടാളഭരണം പുറത്താക്കപ്പെട്ടശേഷം 2019ൽ അബ്ദുള്ള ഹംദോക്കിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് രൂപീകരിക്കപ്പെട്ടു. എന്നാൽ ദുർബലമായ സംവിധാനമായിരുന്നു അത്. 2021 ഒക്ടോബറിൽ സെെന്യം ആ ഇടക്കാല സർക്കാരിനെ പിരിച്ചുവിട്ടു; പ്രധാനമന്ത്രിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് സുഡാനിൽ വലിയ ജനകീയ പ്രതിഷേധമാണ് ഉയർന്നുവന്നത്; പ്രതിഷേധ പ്രകടനങ്ങളെ സെെന്യം കടുത്ത മർദനനടപടികൾകൊണ്ട് നേരിട്ടത് നൂറിലേറെ സാധാരണക്കാർ കൊല്ലപ്പെടുന്നതിനിടയാക്കി; വളരെയേറെപ്പേർക്ക് ഗുരുതരമായി പരിക്കുകൾ പറ്റുകയും ചെയ്തു.

1970കൾ മുതൽ തന്നെ സുഡാനിൽ ഐഎംഎഫിന്റെ പരിപാടികൾ നടപ്പിലാക്കാൻ തുടങ്ങിയിരുന്നു – ആഭ്യന്തരയുദ്ധങ്ങൾക്കും സംഘട്ടനങ്ങൾക്കും ഇടയിലായിരുന്നു ഈ ഐഎംഎഫ് പരിപാടികൾ നടപ്പാക്കിയത്. 1979–1985 കാലത്തുമാത്രം 5 ഐഎംഎഫ് വായ്പാ പദ്ധതികളാണുണ്ടായിരുന്നത്. വായ്പ നൽകുന്നതിനൊപ്പം സാമ്പത്തികനയങ്ങൾ സംബന്ധിച്ച് സർക്കാരിന് ഉപദേശം നൽകാനും ഐഎംഎ-ഫ് സംഘം എത്തും. തുടർന്ന് അവരാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. തൽഫലമായി ചെലവുചുരുക്കൽ പരിപാടികൾ 1980കൾ മുതൽ തന്നെ സുഡാനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. ഇത് പല ഘട്ടങ്ങളിലും ‘ഐഎംഎഫ് കലാപങ്ങൾ’ എന്നറിയപ്പെടുന്ന പ്രതിഷേധ പ്രക്ഷോഭത്തിനു കാരണമായി. സബ്സിഡികൾ വെട്ടിക്കുറച്ചതും നാണയത്തിന്റെ മൂല്യത്തിലുണ്ടായ ഇടിവും സൃഷ്ടിച്ച ദാരിദ്ര്യവും കഷ്ടപ്പാടുമാണ് ഈ കലാപങ്ങൾക്ക് കാരണമായത്.


1985ൽ നടന്ന ഇത്തരമൊരു പ്രക്ഷോഭത്തെത്തുടർന്ന് സെെന്യം ഇടപെടുകയുണ്ടായി. കഴിഞ്ഞ 40തിലേറെ വർഷങ്ങളായി ഐഎംഎഫ് പരിപാടി മൂലം സുഡാനിൽ സാമൂഹ്യ അസ്വസ്ഥതകൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയും പലപ്പോഴും അത് കലാപങ്ങൾക്കും പട്ടാള അട്ടിമറികൾക്കും ന്യായീകരണമാവുകയും ചെയ്തു. വിദേശനിക്ഷേപത്തിനായുള്ള ഐഎംഎഫിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് സുഡാൻ ഭരണാധികാരികൾ വിധേയരാകുന്നതാണ് ഈ അസ്വസ്ഥതകൾക്കു ഇടയാകുന്നത്.

2012ൽ നടന്ന ചെലവു ചുരുക്കൽ വിരുദ്ധ പ്രക്ഷോഭത്തിൽ തലസ്ഥാനമായ ഖാർത്തൂമിൽ ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. ഐഎംഎഫ് അടിച്ചേൽപിച്ച ഇന്ധന സബ്സിഡിയിലെ വെട്ടിക്കുറയ്ക്കൽ നടപടി കുത്തനെയുള്ള വിലക്കയറ്റത്തിനിടയാക്കയിതാണ് ആ പ്രതിഷേധ പ്രകടനത്തിന് വഴിയൊരുക്കിയത്. പ്രസിഡന്റ് ബഷീർ രാജിവയ്ക്കണമെന്ന ആവശ്യവും അക്കൂട്ടത്തിൽ ഉയർന്നുവരികയുണ്ടായി. തുടർന്നുണ്ടായ സംഘട്ടനങ്ങൾ മറ്റൊരു സെെനിക അട്ടിമറിശ്രമത്തിലേക്ക‍് നയിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇത്രയേറെ സങ്കീർണമായ ഒരു സാഹചര്യത്തിലും വീണ്ടും വീണ്ടും സബ്സിഡികൾ വെട്ടിക്കുറയ്ക്കാൻ ഐഎംഎഫ് സമ്മർദ്ദം ചെലുത്തുകയായിരുന്നു. വിലക്കയറ്റം പരിഹരിക്കാൻ മറ്റു പോംവഴികൾ തേടണമെന്ന നിർദ്ദേശമാണ് ഐഎംഎഫ് ഉപദേശകർ സർക്കാരിനു നൽകിക്കൊണ്ടിരുന്നത്. 2012ൽ തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങൾ 2013ലും തുടർന്നു; ഇതിനെ അടിച്ചമർത്താൻ സ്വീകരിച്ച നടപടികൾ 230ഓളം ആളുകളുടെ ജീവഹാനിയിലാണ് കലാശിച്ചത്.

ഇപ്പോൾ സുഡാനിൽ നടക്കുന്ന സെെനിക ഏറ്റുമുട്ടലുകളുടെ അടിവേരുകൾ 2018 ഡിസംബറിലെ പ്രക്ഷോഭത്തിലാണ് കിടക്കുന്നത്. ഇന്ധനത്തിന്റെയും ഗോതമ്പിന്റെയും വിലയിൽ നൽകിയിരുന്ന സബ്സിഡികൾ ഐഎംഎഫ് നിർദ്ദേശപ്രകാരം നിർത്തലാക്കിയതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഒമർ അൽ – ബഷീറിന്റെ ഭരണം അവസാനിക്കുന്നതിലാണ് എത്തിച്ചേർന്നത്. ഈ പ്രാവശ്യം ബഷീറിനെതിരായ പട്ടാള അട്ടിമറി നീക്കം വിജയിച്ചു. പക്ഷേ, ബഷീറിൽനിന്ന് സെെന്യം ഭരണമേറ്റെടുത്തശേഷവും ജനകീയ കലാപം തുടർന്നു. ഇത് നൂറുകണക്കിനാളുകൾ കൊല്ലപ്പെടുന്നതിനിടയാക്കി. ഒടുവിൽ ജനകീയ പ്രക്ഷോഭത്തിനു സെെന്യം വഴങ്ങുകയും ഇടക്കാല ഭരണത്തിനു വഴിയൊരുക്കുകയും ചെയ്തു.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ പുതുതായി ഇടക്കാല സിവിലിയൻ ഭരണാധികാരിയായ പ്രധാനമന്ത്രി ഹംദോക്കും ഐഎംഎഫുമായി 2021ൽ വീണ്ടും കരാറുണ്ടാക്കി. എന്നാൽ അതിനുമുൻപുതന്നെ, 2020 മുതൽ തന്നെ സബ്സിഡി വെട്ടിക്കുറയ്ക്കാൻ തുടങ്ങിയിരുന്നു. അതിനെതിരായി ഉയർന്ന പ്രതിഷേധത്തിന്റെ മറപിടിച്ചാണ് 2021 ഒക്ടോബറിൽ സെെനിക മേധാവികൾ സിവിലിയൻ പ്രധാനമന്ത്രിയെ അധികാരത്തിൽനിന്നു പുറത്താക്കിയത്. അങ്ങനെയാണ് ബുർഹാനും ഹെമേത്തിയും ചേർന്ന് അധികാരത്തിലെത്തിയത്.

രാജ്യത്തെ അമൂല്യങ്ങളായ സമ്പത്ത്, സ്വർണനിക്ഷേപവും എണ്ണ നിക്ഷേപവും അടക്കമുള്ള പ്രകൃതി വിഭവങ്ങൾ കെെപ്പിടിയിലാക്കാനുള്ള മത്സരത്തിലാണ് അട്ടിമറിയിലൂടെ ഒന്നിച്ചധികാരത്തിലെത്തിയ ബുർഹാനും ഹെമേത്തിയും തമ്മിലുള്ള മൽസരമാണ് പരസ്പരം ഏറ്റുമുട്ടുന്നതിനിടയാക്കിയത്.

ഇതിനുമുൻപായി അമേരിക്കയും സഖ്യകക്ഷികളും സുഡാനിലെ വലതുപക്ഷകക്ഷികളിൽ സമ്മർദം ചെലുത്തി, ബുർഹാനെയും ഹെമേത്തിയെയും ഒപ്പം കൂട്ടി ഒരു ഭരണ സംവിധാനമുണ്ടാക്കാനുള്ള നീക്കവും നടത്തി. അതാണ് 2022 ഡിസംബറിലെ കരാറിൽ എത്തിച്ചത്. എന്നാൽ സുഡാനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗം തലവൻ സാലേ മഹമൂദ് പറയുന്നതുപോലെ, ‘‘സുഡാൻ ജനത ഇന്നനുഭവിക്കുന്ന മഹാദുരന്തത്തിന്റെ പ്രധാന ഉത്തരവാദികൾ, ബുർഹാനും ഹമേത്തിക്കും ഒപ്പം, അമേരിക്കയും സുഡാനിലെ വലതുപക്ഷ രാഷ്ട്രീയക്കാരുമാണ്.

സുഡാൻ ജനതയെ മാത്രമല്ല ഇപ്പോഴത്തെ രണ്ട് സെെനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ദുരിതത്തിലാക്കുന്നത്, മറിച്ച് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഛാഡ്, ദക്ഷിണ സുഡാൻ, എത്ത്യോപ്യ, ഈജിപ്ത്, എറിത്രിയ, ലിബിയ എന്നീ അയൽരാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സുഡാനിൽനിന്നുള്ള അഭയാർഥി പ്രവാഹം അത്രയേറെ ഈ രാജ്യങ്ങളിലേക്കുണ്ട്. ജനാധിപത്യ ഭരണം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സുഡാൻ ജനതയുടെ ദുരിതങ്ങൾക്ക് പരിഹാരമാകൂ. അതാണ് സുഡാനിലെ കമ്യൂണിസ്റ്റു പാർട്ടി ഉൾപ്പെടെയുള്ള ഇടതുപക്ഷ പുരോഗമന ശക്തികളുടെ നിലപാട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − ten =

Most Popular