ചെറിയ പെരുന്നാളിന് പ്രദര്‍ശനത്തിനെത്തിയ മലയാള സിനിമകള്‍ പ്രതീക്ഷയ്‌ക്കൊപ്പം വാണിജ്യവിജയമാകാതിരുന്ന സാഹചര്യത്തിലാണ് കേരളത്തെ വിഴുങ്ങാനുള്ള ദുരുദ്ദേശ്യവുമായി ഫാസിസ്റ്റുകള്‍ പടച്ചുവിട്ട കേരള സ്റ്റോറി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും പ്രദര്‍ശനത്തിനെത്തിയത്. യാദൃച്ഛികമെന്നോണം അതേ ദിവസം പ്രദര്‍ശനത്തിനെത്തിയ 2018 എന്ന മലയാള സിനിമ അഭൂതപൂര്‍വ്വമായ വാണിജ്യവിജയം കൈവരിക്കുകയും ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുകയുമാണ്. കേരള സ്‌റ്റോറി എന്ന മഹാവിപത്തില്‍നിന്ന് താല്ക്കാലികമായി കേരള പ്രേക്ഷകരെയും സിനിമാശാലകളെയും സംരക്ഷിക്കുകയും ശ്രദ്ധതിരിച്ചുവിടുകയും ചെയ്ത സിനിമ എന്ന നിലയില്‍ 2018നോടും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനോടും സമാധാനപ്രിയരായ കേരളീയര്‍ നന്ദി പറയേണ്ടതുണ്ട്.
ആ ആപത്ത് ഒഴിവായിപ്പോയ സാഹചര്യത്തില്‍ എന്താണീ സിനിമയുടെ ജനപ്രിയതയുടെ ഹേതു എന്നും അതിന്റെ ഉള്ളടക്കത്തിന്റെയും ആവിഷ്‌കാരത്തിന്റെയും അടിസ്ഥാനവും പരിപ്രേക്ഷ്യവുമെന്താണെന്നും പരിശോധിക്കാന്‍ നാം തയ്യാറാവണം. ഡോക്കു ഫിക്ഷന്‍ രൂപമെന്ന നാട്യത്തില്‍, 2018ല്‍ കേരളത്തെയും കേരളീയരെയും വിഴുങ്ങിയ പ്രളയദുരന്തമാണ് ഈ സിനിമയുടെ ഇതിവൃത്ത പശ്ചാത്തലം.
എന്താണ് ഡോക്കുഫിക്ഷന്‍? ഡോക്കുമെന്ററിയുടെയും കഥാസിനിമയുടെയും ഒരു സമ്മിശ്രമാണത്. സിനിമാ ശൈലിയില്‍ യാഥാര്‍ത്ഥ്യം അതേ പടി ചിത്രീകരിക്കുകയും അതോടൊപ്പം ഭാവനാത്മകമായി ചില ഘടകങ്ങള്‍ സങ്കല്പിക്കുകയും അതിലുള്‍ച്ചേര്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് ഡോക്കുഫിക്ഷന്‍ പൂര്‍ത്തിയാക്കാറുള്ളത്. ഡോക്കുമെന്ററി ക്ലാസിക്കുകള്‍ എടുത്തിട്ടുള്ള റോബര്‍ട് ഫ്‌ളാഹര്‍ടിയുടെ മോന (1926/യു എസ് എ) ഈ മേഖലയിലെ ആദ്യപരിശ്രമമെന്നു കരുതപ്പെടുന്നു. ഡോക്കുഫിക്ഷന്റെ ചരിത്രം വിശദീകരിക്കാനൊന്നും ഈ കുറിപ്പില്‍ മുതിരുന്നില്ല. എന്നാല്‍ ഒരു ഹൈബ്രിഡ് രൂപം എന്ന നിലയില്‍ എന്തുകൊണ്ടാണ് ഡോക്കുഫിക്ഷന്‍ ഒരാവിഷ്‌കര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാകുന്നത് എന്നതാണ് പ്രശ്‌നം. ചരിത്രത്തോട് ധാര്‍മികമായ നീതി പുലര്‍ത്തുക എന്നതാണ് ആ അനിവാര്യതയുടെ അടിസ്ഥാനം.
എന്നാല്‍, ജൂഡ് ആന്റണി ജോസഫും തിരക്കഥയെഴുത്തില്‍ പങ്കാളിയായ അഖില്‍ പി ധര്‍മ്മജനും സ്വീകരിക്കുന്നത് അത്തരമൊരു ധാര്‍മിക നിലപാടല്ല. സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലെ ന്യൂസ് അവറുകളിലും വലതുപക്ഷ പത്രങ്ങളുടെ ആക്രാന്തം പിടിച്ച സെന്‍സേഷണല്‍ സമീപനങ്ങളിലും കാണുന്ന നിലപാടുകളാണ് അവർ 2018 എന്ന സിനിമയില്‍ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതികപ്പൊലിമയില്‍ നാമിത് കാണാതിരിക്കരുത്.
2018ല്‍ അപ്രതീക്ഷിതവും അഭൂതപൂര്‍വ്വവുമായ മഴപെയ്ത്തും വെള്ളപ്പൊക്കവും കെടുതികളുമാണ് കേരളീയര്‍ അനുഭവിച്ചത്. ഏതാണ്ട് അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും അതിന്റെ പാടുകളും വേദനകളും നഷ്ടങ്ങളും നാം വിസ്മരിച്ചു കഴിഞ്ഞു. കേരളീയരുടെ അസാമാന്യമായ ഐക്യം കൊണ്ടും, അവരെ വിശ്വാസത്തിലെടുത്തും വിശ്രമമില്ലാതെയും ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കേരള സര്‍ക്കാരിന്റെ വിജയംകൊണ്ടുമാണ് ഈ മറവിയെ അഥവാ മറികടക്കലിനെ നാം സാധ്യമാക്കിയത്. ഈ ഐക്യബോധത്തെയും സാമുദായിക മൈത്രിയെയും സര്‍ക്കാരിന്റെ നേതൃപാടവത്തിലൂന്നിയ നിശ്ചയദാര്‍ഢ്യത്തെയും ജനസ്‌നേഹത്തെയുമാണ് 2018 എന്ന സിനിമ അപ്രത്യക്ഷമാക്കിയിരിക്കുന്നത്.
സൈന്യത്തില്‍ നിന്ന് ആരോഗ്യത്തെക്കുറിച്ച് കളവുപറഞ്ഞ് ഓടിപ്പോന്നയാള്‍ (അനൂപ്/ടോവിനോ തോമസ്), ഒരേ മതത്തില്‍പ്പെട്ടയാളാണെങ്കിലും മത്സ്യത്തൊഴിലാളി കുടുംബത്തില്‍പെട്ടയാളെ മകളുടെ കാമുകനായിട്ടും വിവാഹബന്ധത്തിന് സമ്മതിക്കാത്ത പിതാവ്(ജോയ് മാത്യു), ഭിന്നശേഷിക്കാരനായ കുഞ്ഞിനെ രക്ഷിക്കാനായി ജീവന്‍ അപകടത്തില്‍പെടുത്തി പരിശ്രമിക്കുന്ന മാതാപിതാക്കള്‍(സുധീഷും ഗിലു ജോസഫും), ആരുമില്ലാതെ ഒറ്റപ്പെടുന്ന അന്ധനായ ഭാസിയേട്ടന്‍(ഇന്ദ്രന്‍സ്), രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനിടയില്‍ തന്റെ പുതിയ വീട് തകരുന്നത് ടെലിവിഷനിലൂടെ കാണേണ്ടിവരുന്ന ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍(കുഞ്ചാക്കോ ബോബന്‍), ഔചിത്യമില്ലാതെ വിദേശികളെ കറക്കുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍(അജു വര്‍ഗീസ്), പൂര്‍ണഗര്‍ഭിണി(വിനിത കോശി), കേരളത്തോട് പുച്ഛം വെച്ചുപുലര്‍ത്തുന്ന തമിഴന്‍ ഡ്രൈവര്‍ സേതുപതി(കലൈയരശന്‍) തുടങ്ങി ആര്‍ക്കും ഊഹിക്കാവുന്ന വിധത്തിലുള്ള കഥാപാത്രങ്ങളെ നിരത്തുന്നത്, കാണികള്‍ക്ക് അത്തരം സന്ദര്‍ഭങ്ങളോട് അടുപ്പം തോന്നിക്കാനായിരിക്കണം.
മധ്യ തിരുവിതാംകൂറിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. 2018ലെ പ്രളയം കേരളത്തിലെല്ലായിടത്തും ബാധിച്ചതായിരുന്നു. ഒരൊറ്റ ഗ്രാമം മാത്രം സൂചനയായി എടുക്കുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍, കേരളത്തിലെമ്പാടും ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങളുടെ ഓര്‍മ്മകളും ഘടകങ്ങളും അതിലുള്‍പ്പെടുത്തിയിരുന്നെങ്കില്‍ അതിനെ മലയാള സിനിമാ ചരിത്രത്തിലെ മറക്കാത്ത ഒരോര്‍മയായി നാം അടയാളപ്പെടുത്തുമായിരുന്നു. ആ ഉത്തരവാദിത്തമാണ് സംവിധായകന്‍ നിര്‍വഹിക്കാതിരുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനക്ഷേമകരവും ഔചിത്യപൂര്‍ണവുമായ നടപടികളെ തമസ്‌കരിക്കുകയോ വിലകെടുത്തിക്കാണിക്കുകയോ ചെയ്യുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെയെന്നതുപോലെ മലയാള സിനിമയുടെയും ആവര്‍ത്തിക്കപ്പെടുന്ന പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് (2019/മുഹ്‌സിന്‍ പരാരിയും ഷറഫു സുഹാസും ചേര്‍ന്നെഴുതി) എന്ന സിനിമയില്‍, കോവിഡിനു മുമ്പ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പടര്‍ന്ന നിപ്പയായിരുന്നു പ്രമേയം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ നിപ്പയെ നേരിട്ടതെങ്ങനെ എന്നത് എല്ലാ കേരളീയരും മാത്രമല്ല കേരളത്തിനു പുറത്തുള്ളവര്‍ വരെ ശ്രദ്ധിച്ചതും പ്രശംസിച്ചതുമാണ്. ഇതിനെ ഇകഴ്ത്തിക്കാണിക്കുന്നതിനു വേണ്ടി ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജടീച്ചറിനെ വികാരരഹിതയായി മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന നോക്കുകുത്തി കഥാപാത്രമാക്കി വൈറസ് സിനിമയില്‍ വക്രീകരിച്ചു. സിനിമ ഇറങ്ങിയ കാലത്തു തന്നെ ഡോ. അനു പാപ്പച്ചന്‍ ഇതു സംബന്ധമായി എഴുതിയ നിരൂപണം പ്രമുഖമായ ഒരു ഓണ്‍ലൈന്‍ മാധ്യമം തടഞ്ഞു വെച്ചു. മലയാള വാണിജ്യ സിനിമയുടെ മാധ്യമാധികാരം എത്രകണ്ട് ശക്തമാണെന്നതിന്റെ തെളിവായിരുന്നു അത്. പിന്നീട് ശൈലജ ടീച്ചര്‍ തന്നെ ഇക്കാര്യം സധൈര്യം തുറന്നുപറഞ്ഞപ്പോഴാണ്, എന്തുമാത്രം ഹീനമായ കാഴ്ചപ്പാടാണ് ഈ സിനിമ മുന്നോട്ടുവെച്ചതെന്ന് സാമാന്യ ജനങ്ങള്‍ തിരിച്ചറിഞ്ഞത്.
ഇപ്പോള്‍, സാമൂഹ്യമാധ്യമങ്ങളും അവയിലെ പെട്ടെന്നുള്ള പ്രതികരണങ്ങളും കൂടുതല്‍ ശക്തമായിരിക്കുന്നു. ഇടതുപക്ഷത്തിനും ഈ മേഖലകളില്‍ വ്യക്തമായ സ്വാധീന മേഖലകളുണ്ട്. അതുകൊണ്ട്, വലതുപക്ഷത്തെ മഹത്വവത്കരിക്കുന്നതിനും ഇടതുപക്ഷത്തെ അകാരണമായി ഇകഴ്ത്തുന്നതിനും ഉന്നം വെച്ചുള്ള സിനിമാശ്രമങ്ങളെ സ്‌പോട്ടില്‍വെച്ചുതന്നെ നേരിടുന്ന പോരാളികള്‍ അവിടങ്ങളില്‍ സജീവമാണ്. 2018നു നേര്‍ക്കുയര്‍ന്നുവന്ന വിമര്‍ശനങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം സമീപിക്കാന്‍.
കെ കെ ശൈലജ ടീച്ചറെ നോക്കുകുത്തി കഥാപാത്രമാക്കി മാറ്റിയ വൈറസ് സിനിമയുടെ കൂടി ധൈര്യത്തിലാണ് ഒരു വലതുപക്ഷ നേതാവ് ടീച്ചറിനെ റോക്ക് ഡാന്‍സര്‍ എന്നും മറ്റും പരിഹസിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അകാരണമായി പരിഹസിക്കുന്ന പ്രവണത കേരളത്തില്‍ അതിശക്തമാണ്. ഈ പരിഹാസത്തിന്റെ കഥാപാത്രവത്കരണമാണ് 2018 സിനിമയില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി കഥാപാത്രം. വൈറസിലെ ആരോഗ്യ മന്ത്രിയെന്നതു പോലെ ഈ മുഖ്യമന്ത്രിയും പകച്ചുനില്ക്കുന്ന ആളാണ്. രൺജി പണിക്കരെ കാസ്റ്റ് ചെയ്യാനാണത്രെ ആദ്യഘട്ടത്തില്‍ ആലോചിച്ചത്. അങ്ങനെയാണെങ്കില്‍, മുഖ്യമന്ത്രി കരുത്തനാണെന്ന് കാണികള്‍ക്ക് തോന്നിയാലോ എന്നു കരുതി ജനാര്‍ദ്ദനന്റെ ദുര്‍ബല കഥാപാത്രത്തിലേയ്ക്ക് മുഖ്യമന്ത്രിയെ ഒതുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. 2018ലെ പ്രളയ കാലത്ത്, ‘‘എന്നാപ്പിന്നെ നമ്മളൊരുമിച്ച് ഇറങ്ങുകയല്ലേ’’ എന്നാഹ്വാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങള്‍ക്കാശ്വാസം പകര്‍ന്നിരുന്ന മുഖ്യമന്ത്രിയെ അദൃശ്യമാക്കുകയോ വക്രീകരിക്കുകയോ ആണിവിടെ ചെയ്തിരിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ അവരുടെ മീന്‍പിടുത്ത ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്, സര്‍ക്കാരിലെ രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും വ്യക്തമായ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു. തീര്‍ച്ചയായും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുള്ള വിവിധ സാമുദായിക നേതൃത്വവും അതിനോട് സഹകരിച്ചു. എന്നാല്‍ ഭരണതലത്തിലെ രാഷ്ട്രീയ/ഉദ്യോഗസ്ഥ ഘടകത്തെ അദൃശ്യമാക്കിക്കൊണ്ട് ഒരു സമുദായ പൗരോഹിത്യത്തെ മാത്രം മഹത്വവത്കരിക്കുന്ന പ്രവണതയാണ് 2018 സിനിമയിലുള്ളത്. മുസ്ലിം വംശജരുടെ സന്നദ്ധപ്രവര്‍ത്തനങ്ങളും സിനിമ അപ്രത്യക്ഷമാക്കി. തെരുവു കച്ചവടക്കാരനായ നൗഷാദ്, ബ്രോഡ് വേയിലെ തന്റെ ഗോഡൗണ്‍ തുറന്നുകൊടുത്ത് മുഴുവന്‍ തുണിയുടെ സ്‌റ്റോക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സാധാരണ ജനങ്ങള്‍ക്കുമായി ദാനം ചെയ്തു. ചുമട്ടു തൊഴിലാളിയായ ജൈസല്‍, വെള്ളത്തില്‍ നിന്ന് ചവിട്ടിക്കയറാന്‍ തന്റെ മുതുക് തന്നെ ചവിട്ടുപടിയായി വരുന്ന വിധത്തില്‍ താഴ്ത്തിക്കൊടുത്തു. ഇത്തരം മഹനീയതകളൊക്കെ എന്തുകൊണ്ടാണ് സംവിധായകന്‍ വേണ്ടെന്നു വെച്ചത്?
കേരളത്തെ സ്‌നേഹിക്കുന്നവരുടെ വ്യക്തമായ ഇടപെടലിനെ തുടര്‍ന്ന് സഹായിക്കാന്‍ തുനിഞ്ഞ യുഎഇ സര്‍ക്കാരിന്റെ വാഗ്ദാനത്തെ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യത്തെപോലെ പ്രളയാനന്തര കാലം പഠിപ്പിച്ച പല വലിയ പാഠങ്ങളുമുണ്ട്. അതിനോടെല്ലാം സംവിധായകന്‍ മുഖംതിരിക്കുന്നു. അതേസമയം, ഡാം തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന നുണപ്രചാരണത്തെ മുഴുവനായി ഏറ്റെടുക്കുന്നില്ലെങ്കിലും അതിനെ സജീവമാക്കാനുതകുന്ന ചില സൂചനകള്‍ നല്‍കാതിരിക്കുന്നുമില്ല.
ചുരുക്കത്തില്‍, സിനിമ എന്ന മാധ്യമത്തെ ധാര്‍മികമായും ചരിത്രപരമായും സമീപിക്കുന്നതിനുപകരം സങ്കുചിത മനസ്‌കതയോടെ പെരുമാറുന്ന സൃഷ്ടിയായി 2018 പരിണമിച്ചിരിക്കുന്നു. ♦