Friday, November 22, 2024

ad

Homeമാധ്യമ നുണകള്‍മാധ്യമദാസ്യർ

മാധ്യമദാസ്യർ

ഗൗരി

സിനിമയും ഒരു മാധ്യമമാണ്. പക്ഷേ, അത് റിയാലിറ്റിയിലല്ല അഭിരമിക്കുന്നത്. എങ്കിലും പ്രചാരണ സാധ്യത അതിന് ഏറെയുണ്ട്. സങ്കൽപ്പത്തിന്റെ ലോകത്തായിരിക്കുമ്പോഴും കലയെന്ന നിലയിൽ അത് കാലത്തിന്റെ കണ്ണാടിയാണെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാകുമ്പോഴാണ് അത് മെച്ചപ്പെട്ട കലാസൃഷ്ടിയാകുന്നത്.

ഇപ്പോൾ തിയേറ്ററുകളിൽ ഹിറ്റായി ഓടുന്നതാണ് 2018 എന്ന സിനിമ. സിനിമയെന്നതിനേക്കാൾ ഫിക്-ഷനും ഡോക്യുമെന്ററിയും വിളക്കിച്ചേർക്കപ്പെട്ട ഡോക്കുഫിക്-ഷൻ എന്ന് പറയുന്നതാകും കൂടുതൽ ശരി. 2018ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ എടുക്കുന്ന ഒരു ഡോക്യുഫിക്-ഷൻ വസ്തുതകളുമായി പൊരുത്തപ്പെടുന്നതാകണം. എന്നാൽ വസ്തുതകളുമായി പൊരുത്തപ്പെടുന്ന ഒന്നല്ല ഈ സിനിമയെന്നതാണ് സത്യം. പ്രളയകാലത്തെ കേരളത്തിന്റെ മുഖ്യമന്ത്രി 90 കഴിഞ്ഞ, പ്രതിസന്ധിക്കുമുന്നിൽ പതറി നിൽക്കുന്ന, അന്തവും കുന്തവുമില്ലാത്ത ഒരാളായിരുന്നില്ല എന്ന് മലയാളിക്ക് ബോധ്യമുള്ളതാണ്. സ്വന്തം ചികിത്സയ്ക്കായി ഡോക്ടർമാർ നിർദേശിച്ച സമയക്രമവും തീയതിയുമെല്ലാം മാറ്റിവച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രളയജലം മലയാള മണ്ണിനെ വിഴുങ്ങാൻ തുടങ്ങിയപ്പോഴത്തെ മാധ്യമസമ്മേളനത്തിന്റെ ഒടുവിൽ ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ ആ ദൃ-ഢസ്വരമുണ്ടല്ലോ, ‘‘അപ്പോൾ നമുക്ക് ഒന്നിച്ചിറങ്ങാം, അല്ലേ’’ എന്ന ആ വാക്കുകൾ, അതാണ് കേരളത്തെയാകെ, പ്രതേ-്യകിച്ചും യുവതയെ കർമരംഗത്തേക്കിറക്കിയത്; മത്സ്യത്തൊഴിലാളികളെ അണിനിരത്തിയത്. സർക്കാർ സംവിധാനമാകെ ഒറ്റക്കെട്ടായി അണിനിരന്നതും പ്രളയകാലത്തെ കാഴ്ചയായിരുന്നു.

അപ്പോൾ ഇതൊന്നുമില്ലാതെയുള്ള ഒരു സിനിമ, അതെത്ര ആകർഷകമായതാണെങ്കിലും അതിൽ സൂക്ഷ്മാർഥത്തിലുള്ള ഒരു പ്രൊപ്പഗാൻഡ ഒളിച്ചുകടത്തുന്നുണ്ട്. നല്ല സ്വാദുള്ള പഴത്തിനുള്ളിൽ ബ്ലേഡിന്റെ തുണ്ടുകൾ ഒളിപ്പിച്ചു കടത്തിയ അനുഭവമാണ് 2018 ഉണ്ടാക്കുന്നത്. സിനിമക്കാരുടെ ഇടയിൽ കരക്കമ്പിയായി ഓടുന്ന ഒരു സംഗതി, പെയ്ഡ് ന്യൂസ് എന്നപോലെ ഇത് ഒരു പെയ്ഡ് സിനിമയാകാനാണ് സാധ്യത എന്നതാണ്.

എൽഡിഎഫ് സർക്കാരിനെതിരെ പ്രയോഗിക്കാൻ വേണ്ട ആയുധങ്ങളൊന്നും ഇല്ലാതെ പകച്ചുനിൽക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് ഇങ്ങനെ പെയ്ഡ് സിനിമകളെയും പെയ്ഡ് ന്യൂസുകളെയും ആശ്രയിച്ചേ പിടിച്ചുനിൽക്കാനാകൂ. അതാണ് ജനപ്രിയമായ സിനിമകളിലൂടെ മുഖ്യമന്ത്രിയെയും എൽഡിഎഫ് ഭരണകാലത്തെ സർക്കാർ സംവിധാനങ്ങളെയും ഇടിച്ചുതാഴ്-ത്താൻ വേണ്ടി ശ്രമിക്കുന്നത്; അതിനായി പണമെറിയുന്നത്. അവിടെയും നിൽക്കുന്നില്ല, ഹാലിളകിയ വലതുരാഷ്ട്രീയത്തിന്റെ ചെയ്തികൾ. അവിചാരിതമായി എന്തെങ്കിലും ഒരത്യാഹിതം സംഭവിച്ചാൽ വീണിടം വിദ്യയാക്കി വലതുമാധ്യമങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ഉറഞ്ഞുതുള്ളൽ ആരംഭിക്കും. അത്തരം ദാരുണസംഭവങ്ങളോട് ജനമനസ്സുകളിൽ ഉണ്ടാകുന്ന അലിവിനെ സർക്കാർ വിരുദ്ധ പ്രതിഷേധമാക്കി മാറ്റുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.

കേരളത്തിൽ മനസ്സാക്ഷിയുള്ള മനുഷ്യരെയാകെ ഞെട്ടിച്ച സംഭവങ്ങളായിരുന്നല്ലോ താനൂരിലെ ബോട്ടപകടവും കൊട്ടാരക്കരയിൽ യുവഡോക്ടർ കൊല്ലപ്പെട്ട സംഭവവും. ഈ രണ്ട് സംഭവത്തെയും രാഷ്ട്രീയവത്ക്കരിക്കാൻ വലതുപക്ഷത്തിന്റെ നാവുകൾ വല്ലാതെ ചിലച്ചത് അവയുടെ മനുഷ്യത്വമില്ലായ്മയും അന്ധമായ കമ്യൂണിസ്റ്റു വിരോധവുമാണ് പ്രകടമാക്കുന്നത്.

കേരളത്തിൽ ഇതാദ്യമായിട്ടല്ല ബോട്ടപകടം ഉണ്ടാകുന്നത്. എന്നാൽ നമ്മുടെ മാധ്യമത്തമ്പ്രാക്കൾ കോലുമെടുത്ത് (അതോ അംശവടിയോ, അതുമല്ലെങ്കിൽ മാന്ത്രികദണ്ഡോ? കോലുമായെത്തി എന്നു പറയുന്നത് മഹാഅശ്ലീവും തങ്ങളുടെ പരിപാവനമായ പണിയായുധത്തെ അപഹസിക്കലുമാണെന്നാണ് ഈ ദിവസങ്ങളിൽ ഒരു മാധ്യമത്തമ്പുരാൻ ഇടതുപക്ഷത്തിന്റെ മുഖത്തു നോക്കി ഉറഞ്ഞുതുള്ളിയത്, പൊട്ടിത്തെറിച്ചത്) ചരിത്രത്തിൽ ആദ്യത്തെ സംഭവമെന്ന മട്ടിലാണ് രാഷ്ട്രീയക്കളിക്ക് ഇറങ്ങിയത്. അവർക്ക് പ്രചാരണത്തിന് എല്ലിൻകഷണങ്ങൾ എറിഞ്ഞുകൊടുക്കാൻ ചില ജഡ്ജിയേമാന്മാരും തറ്റുടുത്ത് ഇറങ്ങുന്നുണ്ട്. യഥാർഥത്തിൽ കേരളത്തിൽ നടാടെയുണ്ടാകുന്നത് ഇതൊക്കെയാണ്.

ബോട്ടപകടം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന കാര്യത്തിൽ സംശയത്തിനവകാശമില്ല. എന്നാൽ എന്തുകൊണ്ടാണ് താനൂരിൽ ബോട്ടപകടമുണ്ടായത്? ബോട്ടിൽ കയറ്റാവുന്നതിലും ഏറെ, ഇരട്ടിയോളം മനുഷ്യരെ കുത്തിനിറച്ചാണ് അത് ജലപ്പരപ്പിൽ ഇറങ്ങിയത്. അത് സർക്കാരിന്റെ വീഴ്ചയാണോ? അങ്ങനെ പറയാനാകുമോ? ഇല്ലല്ലോ? എന്തായാലും നിയമമില്ലായ്മ മൂലമല്ല. നിയമം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി എന്നു പറയാം. അങ്ങനെ ഏതെങ്കിലും സർക്കാർ സംവിധാനത്തിന്റെ വീഴ്ചമൂലമാണ് ഈ ദാരുണ സംഭവമെങ്കിൽ അതിനുത്തരവാദികളെ ചൂണ്ടിക്കാണിക്കാവുന്നതാണ‍്; സർക്കാർ നടപടിയെടുക്കേണ്ടതുമാണ്. എന്നാൽ ബോട്ടുടമയുടെ ധനാർത്തിയാണ് ഇതിലേക്ക് നയിച്ചത് എന്ന സത്യത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കുംവിധം ചർച്ചയാക്കാൻ മുഖ്യധാരാമാധ്യമങ്ങൾ തയ്യാറാവില്ല. കാരണം, മാധ്യമങ്ങളുടെ കമ്യൂണിസ്റ്റുവിരുദ്ധ ഉറഞ്ഞുതുള്ളലിനും അഴിഞ്ഞാട്ടത്തിനും പിന്നിലും മൂലധന താൽപ്പര്യമാണല്ലോ. മുന്നൂറു ശതമാനം ലാഭം കിട്ടുമെങ്കിൽ അതിനായി സ്വന്തം ഉടമയെത്തന്നെ കൊന്നു കെട്ടിത്തൂക്കാനും മൂലധനം മടിക്കില്ലെന്ന് ഒന്നര നൂറ്റാണ്ട് മുൻപ് തൊഴിലാളി പ്രവർത്തകനായ ടി ജെ ഡണ്ണിങ്ങിനെ ഉദ്ധരിച്ച് കാറൽ മാർക്സ് പറഞ്ഞുവച്ചതാണ് ഈ സന്ദർഭത്തിൽ ഓർമിക്കേണ്ടത്.

ബോട്ടപകടത്തിന്റെ അല അടങ്ങും മുൻപാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ചികിത്സയ്ക്കായി കൊണ്ടുവരപ്പെട്ട ഒരാളിനാൽ കൊല്ലപ്പെട്ടത്. ഞെട്ടിപ്പിക്കുന്നതും അതിദാരുണവുമായ സംഭവം. പക്ഷേ, നമ്മുടെ മുഖ്യധാരക്കാർക്ക് അതും ആഘോഷിക്കാനുള്ള വിഷയമായി മാറി എന്നതാണ് അതിലുമേറെ ഞെട്ടിപ്പിക്കുന്നത്. മനോരമയിൽ അന്തിച്ചർച്ച നയിച്ച ഒരു ദാസന്റെ ഉറഞ്ഞുതുള്ളൽ ഒന്നു കാണേണ്ട കാഴ്ച തന്നെ! എന്തെല്ലാമാണ് അതിയാൻ ആ ഒരു മണിക്കൂറിനുള്ളിൽ വിളിച്ചു കൂവിയത്? ഇവിടെ ഡോക്ടർമാർക്ക് സുരക്ഷയൊരുക്കാൻ, സ്ത്രീ സുരക്ഷയൊരുക്കാൻ ഒരു ഭരണമുണ്ടോയെന്നല്ലാമാണ് അതിയാൻ മാത്രമല്ല, മിക്കവാറും ചാനലുകളിലെ അവതാരകരുടെയും പാനലിസ്റ്റുകളുടെയും ചോദ്യം. ഒരു ജഡ്ജിയേമാനാകട്ടെ ആക്രമിക്കാൻ പോകുന്ന ക്രിമിനലിനെ വെടിവച്ചു വീഴ്-ത്താനല്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിന്റെ കെെയിലെ തോക്ക് എന്നാണ് ആവേശപൂർവം ചോദിച്ചത്.

സംഭവത്തിന്റെ തുടക്കം മുതൽ മാധ്യമ ആഖ്യാനങ്ങളുടെ കാതൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കലായിരുന്നു. ഒരു കേസിലെ പ്രതിയെ വിലങ്ങുവയ്ക്കാതെ പൊലീസ് ലാഘവത്തോടെ കൊണ്ടുവന്നൂവെന്നാണ് തുടക്കം മുതൽ കേട്ട ഒരാഖ്യാനം. ചിലർ അൽപ്പംകൂടി കടുപ്പിച്ച് ജയിലിൽ നിന്ന് കൊണ്ടുവന്ന പ്രതിയെന്നും തള്ളി. സംഭവമോ? റോഡരികിൽ പരിക്കുപറ്റി കിടന്നിരുന്ന ഒരാളെ പൊലീസ് തങ്ങൾക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൂയപ്പള്ളി എന്ന സ്ഥലത്തുനിന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിക്കുകയായിരുന്നു. അത്തരമൊരു സന്ദർഭത്തിൽ തോക്കും സന്നാഹങ്ങളുമായിട്ടാണോ പൊലീസ് ഒരാളെ ആശുപത്രിയിലെത്തിക്കുന്നത്? ഇനി കേസിൽ പ്രതിയായ ഒരാളെ കൊണ്ടുവരുമ്പോൾ പോലും വിലങ്ങിട്ട് ഡോക്ടറുടെ അടുത്ത് കൊണ്ടുവരാൻ പാടില്ലെന്നും ഡോക്ടർ അയാളെ പരിശോധിക്കുമ്പോൾ പൊലീസ് അടുത്തുനിൽക്കാൻ പാടില്ലെന്നുമെല്ലാം ഡോക്ടർമാരുടെ തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തരവിറക്കിയതും ഇതേ കോടതിയായിരുന്നല്ലോ. അപ്പോൾ മാധ്യമങ്ങളായാലും ചില ജഡ്-ജിയേമാന്മാരായാലും ഇടതുപക്ഷത്തിനെതിരെയാണെങ്കിൽ അപ്പപ്പോൾ വായിൽ വരുന്നത് കോതയ്ക്കു പാട്ട് എന്ന മട്ടുതന്നെ!

ആശുപത്രിയിലെത്തുമ്പോഴും ഡോക്ടർ പരിശോധിച്ചപ്പോഴുമെല്ലാം ശാന്തനായി സഹകരിച്ചിരുന്നയാൾ, അതും ഒരധ്യാപകൻ പെട്ടെന്ന് മട്ടുമാറി അക്രമാസക്തനാകുമെന്ന് ഏതു ദിവ്യദൃഷ്ടിയാലാണാവോ പൊലീസ് കാണേണ്ടത് ? മാത്രമല്ല, ആദ്യം പൊലീസിനെയും അയാൾക്കൊപ്പംവന്ന നാട്ടുകാരെയും ബന്ധുവിനെയുമായിരുന്നല്ലോ ആക്രമിച്ചത്? പിന്നീടാണ് ഡോക്ടർക്കെതിരെ തിരിഞ്ഞത്. സ്വാഭാവികമായും ലോകപരിചയം കുറഞ്ഞ, ഇത്തരം സംഭവങ്ങൾ കണ്ടിട്ടില്ലാത്ത ആ കുട്ടി സ്-തംഭിച്ചുനിന്നുപോയി എന്നതിൽ അതിശയോക്തിയൊന്നുമില്ല. സീനിയർ ഡോക്ടർമാരുൾപ്പെടെ ദൃക്-സാക്ഷികൾ അതാണ് പറയുന്നത്. സംഭവം ഇങ്ങനെയായിരുന്നുവെന്ന സത്യം പറഞ്ഞതിനാണ് പിന്നീട് മാധ്യമകോഞ്ഞാട്ടകൾ ആരോഗ്യമന്ത്രിക്കെതിരെ കുരച്ചുചാടിയത്! മുൻ മാധ്യമപ്രവർത്തക കൂടിയായ ആരോഗ്യമന്ത്രിയോട് ചാനൽ തമ്പ്രാക്കൾക്ക് കൊതിക്കെറുവുണ്ടാവുക സ്വാഭാവികം. ഇപ്പോൾ അവർക്കെതിരെയുള്ള മാധ്യമ ഓരിയിടലുകൾ അതിന്റെ പ്രതിഫലനമാണ്.

സർക്കാർ ഇനി നിയമം ഉണ്ടാക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നും നിയമം നടപ്പാക്കുന്നതിലെ അമാന്തമോ വിട്ടുവീഴ്ച മനോഭാവമോ ആണ് ഈ ദാരുണസംഭവത്തിനിടയാക്കിയതെന്ന വാദവും ഉയർത്തപ്പെടുന്നുണ്ട്. എന്നാൽ നിയമമുണ്ട്, അത് കൂടുതൽ കർക്കശമാക്കുകയാണ് വേണ്ടതെന്നും വാദിക്കപ്പെടുന്നുണ്ട്. അപ്പോൾ ഒരു സംശയം കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത ശിക്ഷ നൽകുന്ന നിയമങ്ങളുണ്ട്. അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടി നിയമാനുസരണം ശിക്ഷ നൽകുന്നുമുണ്ട്. എന്നാൽ അത്തരം കുറ്റകൃത്യങ്ങൾ നടക്കാതിരിക്കുന്നോ? ഇല്ലല്ലോ?

മറ്റൊരു കാര്യം ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ആർക്കാണ് ഉറപ്പു പറയാൻ കഴിയുക. പ്രത്യേകിച്ചും ഇത്തരത്തിൽ മയക്കുമരുന്നിനടിപ്പെട്ടോ മാനസിക വിഭ്രാന്തിമൂലമോ മറ്റോ അവിചാരിതമായി ഒരാൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് എങ്ങനെയാണ് ഉറപ്പു പറയാനാവുക? സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന‍് പറയാം. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കയ്യോടെ പിടികൂടി കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുക മാത്രമേ സാധ്യമാകൂ. മറ്റൊരു കാര്യം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ, അതായത് ആയുധ സന്നാഹങ്ങളോടുകൂടിയ പൊലീസുകാരെ കൂടുതൽ അണിനിരത്തണമോ ആശുപത്രികളിൽ എന്നത് ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. അതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്; എത്രമാത്രം അപഹാസ്യമായ ഒരു സ്ഥിതിയാണത് എന്നും ചിന്തിക്കണം. എന്തായാലും ഇതിന്റെയൊക്കെ പേരിൽ സർക്കാരിന്റെ മെക്കിട്ടു കയറുന്നതിലെ സൂക്കേട് വേറെയാണ‍്! ഇനിയൊരു കാര്യം പറയട്ടെ, ഈ രണ്ടു സംഭവങ്ങളിലും താനൂരിലെ ബോട്ടുടമയുടെയും കൊട്ടാരക്കരയിലെ കൊലയാളിയുടെയും രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടാൻ മാപ്രകൾ തയ്യാറായില്ല. അതിനൊരൊറ്റക്കാരണമേയുള്ളൂ. അവർ രണ്ടു പേർക്കും ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ല!

കർണാടകത്തിൽ താമരയുടെ തണ്ടൊടിയുക മാത്രമല്ല, ഓടയിൽ അളിഞ്ഞു പോവുകയും ചെയ്തു. അങ്ങനെ കർണാടക ജനതയുടെ ഈ നടപടിയെ തുടർന്ന് തെക്കേ ഇന്ത്യയിൽനിന്നു തന്നെ ഇൗ മാലിന്യം തൂത്തെറിയപ്പെട്ടു – അങ്ങനെ സ്വച്ഛ് ദക്ഷിണ ഭാരതമായി! ഇനിയാണ് സ്വച്ഛഭാരത്!!

പക്ഷേ എന്തുകാര്യം? കൊരങ്ങന്റെ കെെയിൽ പൂമാല കിട്ടിയതുപോലെയായി കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയത്. ബിജെപിയിൽനിന്ന് ഭരണം ഏറ്റെടുക്കാൻ ജനവിധി വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും കോൺഗ്രസിന്, ഒരാളെ കണ്ടെത്താനായില്ല. നാളെ നാളെ എന്നു പറയാൻ തുടങ്ങിയിട്ട് അഞ്ച് ദിനം പിന്നിടുന്നു. പൊരിഞ്ഞ വടംവലിയാണ് നടക്കുന്നത്. 5 വർഷത്തെ രണ്ടായി മുറിച്ച് രണ്ട് നേതാക്കളുടെ ആഗ്രഹപൂർത്തി വരുത്താൻ പോലുമാകുന്നില്ല. ഇനി വഴി ഒന്നേയുള്ളൂ – കർണാടകത്തെ രണ്ടായി മുറിക്കുക! അങ്ങനെ സിദ്ധനും ശിവനും ഭരിക്കട്ടെ ! കോൺഗ്രസിന്റെ ഓരോരോ ലീലാവിലാസങ്ങളേ!

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തികച്ചും ഭദ്രമാണെന്ന് പറയാനാവില്ല. അതിനു കാരണം കേന്ദ്രം സംസ്ഥാനത്തിനു നൽകേണ്ട നികുതി വിഹിതം വെട്ടിക്കുറയ‍്ക്കുകയും യഥാസമയം നൽകാതിരിക്കുന്നതുമാണ്. എങ്കിലും മികച്ച ധനകാര്യ മാനേജ്മെന്റുമൂലം തകർച്ചയുണ്ടാകാതെ മുന്നോട്ടുപോകാൻ കഴിയുന്നുണ്ട്. എന്നാൽ നമ്മുടെ മാധ്യമങ്ങൾ, പ്രതേ-്യകിച്ചും മനോരമ ഖജനാവ് ഉടൻ പൂട്ടുമെന്നും ശമ്പളവും പെൻഷനും മുടങ്ങുമെന്നുമെല്ലാം മനപ്പായസമുണ്ണാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇൗയാഴ്ച വീണ്ടും മനോരമ അത്തരമൊരു കാര്യമെടുത്തിട്ടാണ് ചൊറിയുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക കൊടുക്കുന്നതും പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശ്ശിക കൊടുക്കുന്നതും അനിശ്ചിതാവസ്ഥയിലാണെന്നാണ് മനോരമയുടെ ഗമണ്ടൻ കണ്ടെത്തൽ. സാമൂഹ്യപെൻഷനുകൾ മൂന്നുമാസത്തിലൊരിക്കലേ നൽകുന്നുള്ളൂവത്രെ!

കോൺഗ്രസ് ഭരണകാലത്ത് ശമ്പളപരിഷ്-കരണംതന്നെ നിഷേധിക്കപ്പെട്ടതും സമരത്തിലൂടെ അത് നേടിയെടുത്തപ്പോൾ രണ്ടുവർഷത്തിലേറെക്കാലത്തെ കുടിശ്ശിക പാടെ നിഷേധിച്ചതും കേരളത്തിലെ ജീവനക്കാർക്ക് ഓർമയുള്ളതാണ്. സാമൂഹ്യപെൻഷനുകൾ ഗണ്യമായി വർധിപ്പിക്കുകയും ഉമ്മൻചാണ്ടിക്കാലത്തെ കുടിശ്ശിക ഉൾപ്പെടെ നൽകിയതും പിണറായി സർക്കാരാണെന്ന് നാട്ടുകാർക്കറിയാം. ഈ സന്ദർഭങ്ങളിലെല്ലാം കോൺഗ്രസ് ഭരണക്കാർക്ക് മാധ്യമങ്ങൾ ശിങ്കിയടിച്ച് നടന്നതും ഓർമയുണ്ട്. അതുകൊണ്ടുതന്നെ, മനോരമയുടെ ഈ വെടക്ക് പരിപാടി വിലപ്പോവില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 2 =

Most Popular