Sunday, June 4, 2023

ad

Homeമുഖപ്രസംഗംജനാധിപത്യത്തെ ബലികഴിക്കരുത്

ജനാധിപത്യത്തെ ബലികഴിക്കരുത്

ർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 2018ലെ സ്ഥിതിയിൽനിന്നു വ്യത്യസ്‌തമായി ജനങ്ങൾ അസന്ദിഗ്‌ധമായ വിധിയാണ്‌ നൽകിയത്‌. കോൺഗ്രസ്‌ 135, ബിജെപി 66, ജെഡിഎസ്‌ 19, മറ്റുള്ളവർ 4. അന്നത്തെപ്പോലെ കോൺഗ്രസ്സിൽ നിന്നും ജെഡിഎസ്സിൽ നിന്നും കാലുമാറ്റംവഴി മന്ത്രിസഭ രൂപീകരിക്കാൻ ബിജെപിക്ക്‌ ഒരവസരവും അവർ നൽകിയിട്ടില്ല. ബിജെപി പ്രതിപക്ഷത്തിരിക്കണം എന്നാണ്‌ ജനവിധി. തിരഞ്ഞെടുപ്പ്‌ ഫലവും അതിന്റെ വിവിധ വശങ്ങളും സിപിഐ എം പിബി അംഗമായ എം എ ബേബി അന്യത്ര വിശദമായി വിശകലനം ചെയ്‌തിട്ടുള്ളതിനാൽ അതേക്കുറിച്ച്‌ കൂടുതൽ വിശദീകരിക്കേണ്ടതില്ല.

പറയാനുള്ളത്‌ വോട്ടെടുപ്പുഫലം അന്തിമമായി പുറത്തുവന്നതിനുശേഷമുള്ള കാര്യങ്ങളാണ്‌. ഈ വരികൾ എഴുതുമ്പോൾ ഫലം പുറത്തുവന്നിട്ട്‌ അഞ്ച്‌ ദിവസമായിരിക്കുന്നു. കോൺഗ്രസ്സിനു 60 ശതമാനം സീറ്റുകൾ ലഭിച്ചിട്ടുണ്ട്‌. എന്നിട്ടും മന്ത്രിസഭാ രൂപീകരണത്തിനു തുടക്കമിടാൻ പോലും കോൺഗ്രസ്സിന്റെ കർണാടക നേതൃത്വത്തിനോ അഖിലേന്ത്യ നേതൃത്വത്തിനോ കഴിയുന്നില്ല. ആരാണ്‌ മന്ത്രിസഭയെ നയിക്കേണ്ടത്‌ എന്ന പ്രശ്‌നത്തിൽ ആ പാർട്ടി നേതൃത്വമാകെ കുരുങ്ങിക്കിടക്കുകയാണ്‌.

സാധാരണഗതിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്‌ എംഎൽഎമാരാണ്‌ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്‌. അതിനു കഴിയാത്തതിനാൽ അവർ തീരുമാനം കോൺഗ്രസ്‌ ഹൈക്കമാൻഡിനു വിട്ടു. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ്‌ തീരുമാനം ഉണ്ടാകേണ്ടത്‌. മുഖ്യമന്ത്രി സ്ഥാനമോഹികളായ സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും അവരുടെ വക്താക്കളുമായും അനുയായികളുമായും ഖാർഗെ നീണ്ട ചർച്ച നടത്തി; കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ചെയ്‌തു. രാഹുൽഗാന്ധി, സോണിയാഗാന്ധി എന്നീ ‘രക്ഷാധികാരി’ നേതാക്കളുമായും ചർച്ച നടത്തി. എന്നിട്ടും വെള്ളപ്പുക പുറത്തു വന്നിട്ടില്ല.

കോൺഗ്രസ്‌ ഒരു ജനാധിപത്യ പാർട്ടിയാണ്‌ എന്നാണ്‌ പറയപ്പെടുന്നത്‌. അത്തരമൊരു പാർട്ടിയിൽ അഭിപ്രായസമന്വയം ഉണ്ടാകുന്നില്ല എങ്കിൽ അധികാരപ്പെട്ടവർ പ്രശ്‌നത്തിൽ വോട്ടിനിട്ട്‌ തീരുമാനം കൈക്കൊള്ളണം. അതാണ്‌ ജനാധിപത്യരീതി. എന്നാൽ, സ്ഥാനാർഥികളോ കോൺഗ്രസ്‌ നേതൃത്വമോ പൊതുസമ്മതപ്രകാരം തീരുമാനം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടിരിക്കയാണ്‌. അങ്ങനെ വരുമ്പോഴാണ്‌ വോട്ടിനിട്ട്‌ തീരുമാനം ഉറപ്പിക്കുക. എന്നാൽ, ഇരുസ്ഥാനാർഥികളും അതിനും ഒരുക്കമല്ല. തന്നെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി പദത്തിൽ അവരോധിക്കുന്ന തീരുമാനം കൈക്കൊള്ളണം എന്നാണ്‌ സിദ്ധരാമയ്യയുടെ എന്നപോലെ ശിവകുമാറിന്റെയും ഡിമാന്റ്. ഖാർഗെയോ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരോ അത്തരമൊരു തീരുമാനത്തിനു മുതിർന്നിട്ടില്ല. ഇന്നത്തെ സ്ഥിതിയിൽ അത്‌ കർണാടകത്തിലെ പാർട്ടിയെ പിളർക്കുകയോ അതിൽ ഗുരുതരമായ വിള്ളലുണ്ടാക്കുകയോ ചെയ്യും എന്ന ആശങ്ക ബന്ധപ്പെട്ടവർക്കെല്ലാമുണ്ട്‌. അതുകൊണ്ടു കൂടിയാണ്‌ നേതൃത്വം അറുത്തുമുറിച്ചുള്ള തീരുമാനം കൈക്കൊള്ളാത്തത്‌ എന്നാണ്‌ ലഭിക്കുന്ന സൂചനകൾ.

ഒരു ജനാധിപത്യപാർട്ടിയിൽ അതിന്റെ നേതൃഘടകം കൈക്കൊള്ളുന്ന തീരുമാനത്തെ അംഗീകരിക്കണം എന്നതാണ്‌ അടിസ്ഥാനതത്വം. എന്നാൽ കോൺഗ്രസ്സിൽ അംഗങ്ങൾ, അവർ ഏത്‌ കമ്മിറ്റിയിൽപ്പെട്ടവരായാലും ആഗ്രഹിക്കുന്നത്‌, അതിന്റെ നേതൃത്വം തങ്ങളുടെ നിലപാട്‌ ചോദ്യംചെയ്യാതെ അംഗീകരിക്കണം എന്നതാണ്‌. സിദ്ധരാമയ്യ മുമ്പ്‌ കർണാടക മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുള്ള സീനിയർ നേതാവാണ്‌. അതുകൊണ്ട്‌ അദ്ദേഹത്തിനു തന്റെ നടപടികൾ മറ്റുള്ളവർക്ക്‌ മാതൃകയാകുന്ന വിധത്തിൽ കൈക്കൊള്ളാൻ ബാധ്യതയുണ്ട്‌. പക്ഷേ, താൻ മുമ്പ്‌ മുഖ്യമന്ത്രി പദം വഹിച്ചിരുന്നതിനാൽ വീണ്ടും ആ പദവിക്ക്‌ അർഹത തനിക്കു കൂടുതലാണ്‌ എന്ന നിലപാടിലാണ്‌ അദ്ദേഹം. തനിക്കിനി വീണ്ടും മുഖ്യമന്ത്രി പദത്തിലെത്താൻ പറ്റില്ല എന്ന പരാതിയുമുണ്ട്‌.

ഡി കെ ശിവകുമാറാണ്‌ കർണാടക കോൺഗ്രസ്സിന്റെ അമരക്കാരൻ, സാമ്പത്തികമായും സംഘടനാപരമായും ഒക്കെ. അദ്ദേഹത്തിന്റെ നാനാതര നീക്കങ്ങളുടെ ഫലമായാണ്‌ ബിജെപിയെ ഒരു തരത്തിലുള്ള കുതന്ത്രങ്ങളും ഒപ്പിക്കാൻ കഴിയാത്ത രീതിയിൽ തോൽപ്പിക്കാൻ കഴിഞ്ഞത്‌ എന്നാണ്‌ പൊതുവിലയിരുത്തൽ. അതുകൊണ്ട്‌ അദ്ദേഹമാണ്‌ ഇത്തവണ മുഖ്യമന്ത്രിയാകാൻ കൂടുതൽ അർഹനായ കോൺഗ്രസ്‌ നേതാവ്‌ എന്നാണ്‌ അനുയായികളുടെയും ശിവകുമാറിന്റെതന്നെയും വാദം.

ജനങ്ങളിൽ കൂടുതൽ പേർ അനുകൂലമായി വോട്ടു ചെയ്‌തതുകൊണ്ടാണ്‌ സിദ്ധരാമയ്യയായാലും ശിവകുമാറായാലും ജയം നേടിയത്‌. അതിനു അവർ ജനങ്ങളോടും തങ്ങളെ സ്ഥാനാർഥികളാക്കിയ കോൺഗ്രസ്‌ നേതൃത്വത്തോടും കടപ്പെട്ടിരിക്കുന്നു. അതിനാൽ അവർ ജനങ്ങളുടെയും പാർട്ടി നേതൃത്വത്തിന്റെയും തീരുമാനം അനുസരിക്കാൻ ബാധ്യസ്ഥരാണ്‌. അതാണ്‌ ജനാധിപത്യരീതിയുടെ അന്തസ്സത്ത. എന്നാൽ, ‘‘പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ’’ എന്ന പഴയൊരു ചൊല്ലിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ ഈ നേതാക്കൾ ഇരുവരും ജനങ്ങളെയും തങ്ങളുടെ പാർട്ടിയെയും അണികളെയും ധിക്കരിച്ചുകൊണ്ട്‌ മുഖ്യമന്ത്രി പദം താന്താങ്ങൾക്ക്‌ വേണം എന്നു ശഠിക്കുകയാണ്‌. സംസ്ഥാനത്തെ കോൺഗ്രസ്‌ നേതൃത്വത്തെ മാത്രമല്ല, അഖിലേന്ത്യാ നേതൃത്വത്തെയും ധിക്കരിച്ചാണ്‌ അവരുടെ നിൽപ്പ്‌. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും രണ്ടു പേരും തൃപ്‌തരല്ല. ആ പദവി പകുത്ത്‌ ഒരാൾക്ക്‌ ആദ്യ പകുതിയിലും മറ്റേയാൾക്ക്‌ രണ്ടാം പകുതിയിലും നൽകാമെന്നു പറഞ്ഞപ്പോൾ, രണ്ടുപർക്കും ആദ്യ പകുതിയിൽതന്നെ മുഖ്യമന്ത്രിയാകണം.

പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തെ സ്വന്തം സ്വാർഥ താൽപ്പര്യത്തിനായി ഒരു മറയുമില്ലാതെ പ്രയോജനപ്പെടുത്തലാണ്‌ ഇത്‌. ഈ പ്രവണത ആദ്യം ഇന്ത്യയിൽ തുടങ്ങിവച്ചത്‌ കോൺഗ്രസ്സുതന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ പതിറ്റാണ്ടുകളിൽ ആ പാർട്ടിക്കാരായിരുന്നല്ലോ മുടിചൂടാമന്നന്മാർ. പ്രസിഡന്റും പ്രധാനമന്ത്രിയും ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ഒക്കെ അവർ തന്നെ. ദുർവ്യാഖ്യാനങ്ങൾക്കു വഴിവയ്‌ക്കാത്ത ലിഖിത വ്യവസ്ഥയും കീഴ്‌വഴക്കങ്ങളും ഉണ്ടാക്കുന്നതിനുപകരം അക്കാലത്ത്‌ അവർ അനിയന്ത്രിതമായ അധികാരത്തെ സ്വാർഥ താൽപ്പര്യങ്ങൾക്കൊത്ത് ദുരുപയോഗം ചെയ്‌തു. അത്‌ പിന്നീട്‌ കീഴ്‌വഴക്കമായി.

ഇപ്പോൾ സിദ്ധരാമയ്യയും ഡി കെ ശിവകുമാറുംകൂടി കർണാടകത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്‌ തങ്ങളുടെ സ്വാർഥ താൽപ്പര്യങ്ങൾക്കൊത്തവിധം വ്യവസ്ഥയെയും കീഴ്‌വഴക്കത്തെയും വലിച്ചുനീട്ടാനാണ്‌. അതിൽ അവരിലൊരാൾ വിജയിച്ചേക്കാം, പക്ഷേ, കോൺഗ്രസ്സിനകത്തായാലും, പൊതുമണ്ഡലത്തിലായാലും, സ്വന്തം സങ്കുചിത താൽപ്പര്യ സംരക്ഷണത്തിനായി അവർ ചെയ്യുന്നത്‌, വ്യവസ്ഥയെയും കീഴ്–വഴക്കത്തെയും ലംഘിക്കുകയാണ്‌. ആത്യന്തികമായി ഇത്‌ ദോഷം ചെയ്യുന്നത്‌ ജനാധിപത്യവ്യവസ്ഥയ്–ക്കാണ്‌, അതിന്റെ അവസാന ഗുണഭോക്താക്കളായ ജനസാമാന്യത്തിനാണ്‌. രാജ്യത്ത്‌ ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുമ്പോഴാണിത്‌.

രാജ്യത്തെ ജനാധിപത്യവ്യവസ്ഥയെ കോൺഗ്രസ്‌ ദുരുപയോഗം ചെയ്യാൻ തുടങ്ങിയിട്ട്‌ ആറു പതിറ്റാണ്ടിലേറെയായി. ആദ്യമൊക്കെ അത്‌ ചെയ്‌തത്‌ പാർട്ടിയുടെ താൽപ്പര്യസംരക്ഷണത്തിനായിരുന്നു എങ്കിൽ, ഇപ്പോൾ അങ്ങനെ ചെയ്യുന്നത് വ്യക്തിതാൽപ്പര്യ സംരക്ഷണത്തിനാണ്. ഇതിനായി തൽപ്പരകക്ഷികൾ ബലികഴിക്കുന്നത്, ജനങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും അതിലേറെ ജനാധിപത്യവ്യവസ്ഥയുടെയും താൽപ്പര്യങ്ങളെയാണ്. അതിന്റെ നഗ്നരൂപമാണ് കർണാടകത്തിൽ കാണാവുന്നത്.

ഇതെഴുതി പൂർത്തിയായപ്പോഴാണ് അഞ്ചുനാൾ നീണ്ട ചർച്ചകൾക്കുശേഷം അധികാരതർക്കത്തിന് പരിഹാരമായതായി വാർത്തകൾ വരുന്നത്. അത്രയും നന്ന്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + two =

Most Popular