Friday, November 22, 2024

ad

Homeവിദ്യാഭ്യാസംആർഎസ്എസ് വിഷം എൻസിഇആർടിയിലൂടെ പാഠപുസ്തകങ്ങളിലേക്ക്

ആർഎസ്എസ് വിഷം എൻസിഇആർടിയിലൂടെ പാഠപുസ്തകങ്ങളിലേക്ക്

ഡോ. വി ശിവദാസൻ

പാഠപുസ്തകങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുമ്പോൾ ഗൗരവമേറിയ ആഴത്തിലുളള പഠനങ്ങൾ വളരെ അത്യാവശ്യമാണ്. എന്നാൽ നിലവിലുണ്ടാക്കിയ മാറ്റങ്ങൾ ഏതെങ്കിലും പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണോയെന്നത് പരിശോധിക്കേണ്ടതാണ്. പാഠപുസ്തകങ്ങളുടെ ഭാരം കുറച്ച് ‘യുക്തിസഹ’മാക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അവർ പറയുന്നുണ്ട്. എന്താണ് ലഘൂകരണത്തിന്റെ മാനദണ്ഡം എന്നൊന്നും പറയുന്നില്ല. പാഠപുസ്തകപരിഷ്കരണത്തിനായി ഏതെങ്കിലും കമ്മിറ്റി രൂപീകരിച്ചിരുന്നോയെന്നതും അതിലാരൊക്കെയായിരുന്നുവെന്നതും എൻസിഇആർടി അധികാരികൾ പറയുന്നില്ല. നിലവിലുള്ള വെബ്സൈറ്റുകളിൽനിന്നും ഔദ്യോഗിക രേഖകളിൽനിന്നുമുള്ള വിവരമനുസരിച്ച് അത്തരം കമ്മിറ്റികളൊന്നും രൂപീകരിച്ചതായി കാണുന്നില്ല. എന്നാൽ വിദഗ്ദ്ധരുടെ ഉപദേശപ്രകാരമാണ് ഈ മാറ്റങ്ങളെന്ന് നിരന്തരം പറയുന്നുണ്ട്. ആരാണീ വിദഗ്ദ്ധരെന്നത് പറയുന്നുമില്ല. അതിനർത്ഥം പുറത്തുപറയാൻ കൊള്ളാത്തവരാലാണ് ഇത്തരം കാര്യങ്ങൾ നിർവ്വഹിക്കപ്പെട്ടതെന്നുകൂടിയാവാം. വിദഗ്ദ്ധരുടെ ഉപദേശപ്രകാരം പാഠപുസ്തകത്തിന്റെ ഭാരം കുറയ്ക്കാനായി വെട്ടിമാറ്റിയ ഭാഗങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട് . മതനിരപേക്ഷതയും ശാസ്ത്രബോധവുമുൾപ്പെടെയുള്ള ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവയാണ് നിഷ്കാസനം ചെയ്യപ്പെട്ടത്.

ഭാരമല്ല, ബോധമാണ് പ്രശ്നം
എന്തുകൊണ്ടാണ് പുസ്തകത്തിന്റെ ഭാരം കുറയ്ക്കാനായി, ‘ഗാന്ധി വധത്തിന്റെ തുടർച്ചയിൽ ആർഎസ്എസ് നിരോധിക്കപ്പെട്ടിരുന്നു’ വെന്നത് വിദ്യാർത്ഥികൾക്ക് മനസിലാക്കാനാകുന്ന വരിതന്നെ ഇല്ലാതാക്കിയത്. പ്രിന്റഡ് പുസ്തകത്തിന്റെ ഭാരം കുറയ്ക്കാനാണെങ്കിൽ എഡിറ്റോറിയൽ ബോർഡിന്റെയും മറ്റും പേരുകൾ ചേർത്ത പേജുകളും ലേഔട്ടിന്റെ ഭംഗിക്ക് മാത്രമായി കൊടുത്തിരിക്കുന്ന പേജുകളും തന്നെയോ ഒഴിവാക്കാമായിരുന്നുവല്ലോ. ഇനി അതല്ല, പഠനഭാരം കുറയ്ക്കാനാണെങ്കിൽ സൂചനകൾനൽകി വിശദാംശങ്ങൾ ലഘൂകരിക്കാനാകുന്ന ഭാഗങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് പഠിക്കാമായിരുന്നുവല്ലൊ. അപ്പോൾ ഭാരംകുറയ്ക്കലല്ല ഉദേശ്യമെന്ന് കാണാനാകും. സങ്കുചിത വർഗീയ രാഷ്ട്രീയമാണതിന്റെ അടിസ്ഥാനം. ആർഎസ്എസ് രാഷ്ട്രീയത്തിന് അധികാരത്തിൽ തുടരാൻ ഗാന്ധി വധത്തിൽ അവരുടെ പങ്കാളിത്തം പരാമർശിക്കാനിടവരുന്ന ഒരു ചെറുവരിപോലും പാഠപുസ്തകത്തിലുണ്ടാകാൻ പാടില്ല. അതിനർത്ഥം വിദ്യാർത്ഥികളുടെ ഭാരമല്ല, പാഠപുസ്തകം ആർഎസ്എസിനുണ്ടാക്കുന്ന ഭാരമാണിവിടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

പാഠപുസ്തകത്തിൽ നിന്നും വെട്ടിമാറ്റിയ പദങ്ങളും വാക്കുകളും ഉണ്ടാക്കുന്ന അക്കാദമിക ഭാരമോ, പുസ്തകത്താളുകളുടെ ഭാരമോ അല്ല, മറിച്ച് വെട്ടിമാറ്റിയ പദങ്ങളും വാക്കുകളും നിർമ്മിക്കുന്ന ബോധമാണ് മുഖ്യപ്രശ്നമെന്ന് കാണാനാകും. ആ രാഷ്ട്രീയ അജൻഡ മുൻ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാൽ സിംഗിന്റെ വാക്കുകളിൽ കാണാനാകും. അദ്ദേഹം പറഞ്ഞു “ഡാർവിന്റെ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. കോളേജ് പാഠ്യപദ്ധതിയിൽ നിന്നും ഇതിന് മാറ്റം വരണം. മനുഷ്യൻ ഭൂമിയിൽ എപ്പോഴും മനുഷ്യനായിരുന്നു.” സത്യപാൽ സിങ് ഈ വാക്കുകൾ പറയുന്നത് കോവിഡ് മഹാമാരിക്ക് മുമ്പായിരുന്നു. അപ്പോൾ മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പരിപാടിയാണിതെന്നത് കൃത്യമാണ്. മുമ്പ് ഇതേ വ്യക്തി ജീൻസ് ധരിച്ച് വിവാഹത്തിനുപോകുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ എത്ര ആൺകുട്ടികൾ തയ്യാറാകുമെന്ന ചോദ്യവും ചോദിച്ചിരുന്നു. അന്നിത് വലിയ ചർച്ചയായതാണ്. പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ഇത്തരം കാഴ്ചപ്പാടുകൾ നമ്മുടെ രാജ്യത്തെയാകെ പിന്നോട്ടടിക്കും. നമ്മളാർജിച്ച സാമൂഹ്യ പുരോഗതിയെയെല്ലാം അതില്ലാതാക്കും.

ആദ്യം കോവിഡിനെ മറയാക്കി, പാഠപുസ്തകത്തിൽനിന്നും താല്കാലികമെന്ന പേരിൽ ചില ഭാഗങ്ങളൊഴിവാക്കുന്നു. പിന്നീട് പാഠപുസ്തകഭാരം കുറയ്ക്കാനെന്ന പേരിൽ അവരുടെ രാഷ്ട്രീയത്തിന് അഥവാ വിദ്വേഷ പ്രചരണത്തിന് എതിരാകുന്നതെല്ലാം എടുത്തുമാറ്റുന്നു. ആർഎസ്എസ് എപ്പോഴും നിഗൂഢമായി പ്രവർത്തിക്കുന്ന സംഘടനയാണ്. അവരുടെ യഥാർത്ഥ ഉദ്ദേശ്യം അവർ പലപ്പോഴും പുറത്തുപറയില്ല. ജനതയുടെ അംഗീകാരം പിടിച്ചുപറ്റുന്നതിനുള്ള കുറുക്കുവഴികൾ ഓരോ ഘട്ടത്തിലും അവർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കും. കോവിഡ് അവർക്കതിനുള്ള മറമാത്രമായിരുന്നു. കുടിലപ്രവൃത്തികൾ ശീലിച്ചവർക്ക്, പിടിക്കപ്പെട്ടാലും ലജ്ജയുടെ കണികപോലും അനുഭവപ്പെടില്ല. അവർ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുന്നതിനായി ചരിത്രത്തെയും സാമൂഹ്യശാസ്ത്ര വിഷയങ്ങളെയുമെല്ലാം ഉപയോഗപ്പെടുത്തുമെന്നതാണിവിടെ കാണുന്നത്.

ന്യൂനപക്ഷ വിരുദ്ധത
ഇന്ത്യയിൽ രാഷ്ട്രീയാധികാരം നിലനിർത്തുന്നതിന് ന്യൂനപക്ഷ വിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ആർഎസ്എസ് ഉപയോഗിക്കുന്നത്. അതിനായി മതന്യൂനപക്ഷങ്ങൾക്കെതിരെയും, ന്യൂനപക്ഷങ്ങളും ഇന്ത്യയുടെ പൗരരാണെന്ന് പറയുന്നവർക്കെതിരെയും അക്രമം അഴിച്ചുവിടുന്നു. അതിനെല്ലാം ന്യായീകരണമൊരുക്കണമെങ്കിൽ അതിനുപറ്റിയ ഒരു സാമൂഹ്യബോധം രൂപപ്പെടണം. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വേദനിപ്പിക്കുന്ന വീഡിയോകളിലൊന്നായിരുന്നു, ഓടാൻ പോലുമാകാതെ അടിയേറ്റുവീണ കുടിയിറക്കപ്പെടുന്ന ദരിദ്രനായ മനുഷ്യനെ വെടിവച്ചു വീഴ്ത്തിയതിനു ശേഷം അയാളുടെ ശരീരത്തിൽ കയറി നിയമപാലകർക്കൊപ്പമുള്ള ഒരു ഫോട്ടോഗ്രാഫർ തുള്ളുന്ന ക്രൂരപ്രവൃത്തി. ആസാമിൽ നിന്നുള്ളതായിരുന്നു ആ ചിത്രം. എങ്ങനെയാണൊരാൾക്ക് ഇത്രയും മനുഷ്യവിരുദ്ധ പ്രവൃത്തി ചെയ്യാനായത്. അതിന്റെ ഉത്തരം അയാളെ രൂപപ്പെടുത്തിയ സാമൂഹ്യ ബോധം എന്നതാണ്. തന്റെ അയൽക്കാരെയും തന്റെ സഹജീവികളിലൊരുകൂട്ടരെയും, അവരുടെയേതെങ്കിലും തരത്തിലുള്ള പ്രത്യേകതകൾ കാട്ടി തങ്ങളിൽപ്പെടാത്തവരെന്ന് മുദ്രകുത്തുന്ന രാഷ്ട്രീയം. ചിലപ്പോൾ അവരുടെ മതവിശ്വാസമാകാം, ചിലയിടത്ത് ജാതിയാകാം, മറ്റുചിലയിടങ്ങളിൽ ഭക്ഷണമാകാം, വസ്ത്രമാകാം അങ്ങനെ പലതുമായി മുദ്ര കുത്താനുള്ള കാരണങ്ങൾ മാറാം. അതിലൂടെ തങ്ങളിൽപ്പെടാത്തവരായി, അപരരായി മുദ്രകുത്തപ്പെട്ടവർക്കെതിരായുള്ള എല്ലാ പ്രവൃത്തിയും ന്യായീകരിക്കപ്പെട്ടതാകുന്നുവെന്ന ബോധം രൂപപ്പെടുത്തുകയാണ്.

രാഷ്ട്രീയാധികാരത്തിന് അപരബോധനിർമ്മിതിയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ ആർഎസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനായി എല്ലാ മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. സിനിമയും ടിവി സീരിയലുകളുമെല്ലാം അതിനായി അവരുപയോഗിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ബോധത്തെ കീഴ്‌പ്പെടുത്താൻ ഏറ്റവും നല്ല ഉപായങ്ങളിലൊന്നായി അവർ വിദ്യാഭ്യാസത്തെ കാണുകയാണ്. അതിനായി പാഠപുസ്തകങ്ങളിൽനിന്നും ന്യൂനപക്ഷ സംസ്കാരവും ചരിത്രവുമായി ബന്ധിപ്പിക്കാവുന്ന സംഭവങ്ങളും സംഭാവനകളും മുറിച്ചുമാറ്റിയും വികലമാക്കിയും അവതരിപ്പിക്കുകയാണ്. അക്ബറിന്റെയും ഔറംഗസേബിന്റെയുമൊക്കെ കാലഘട്ടത്തെക്കുറിച്ച് പഠിക്കാനുള്ള അവസരങ്ങൾ നിഷേധിക്കുന്നു. ഔറംഗസേബെന്ന രാജാവിന്റെ കാലത്തെ സേനയെന്നുള്ളത് മുസ്ലീങ്ങൾ മാത്രമുള്ള സേനാവിഭാഗമായി ധ്വനിപ്പിക്കുന്നു. യഥാർത്ഥത്തിൽ, മുസ്ലീം മത വിശ്വാസിയായ രാജാവിന്റെ സേനയെ നയിച്ചവരിൽ രജപുത്രവിഭാഗത്തിൽപ്പെട്ടവരേറെയുണ്ടായിരുന്നു. മുസ്ലീം നാമധാരികളായ രാജാക്കൻമാരുടെ കാലത്തെ പലമന്ത്രിമാരും പല സൈനിക വിഭാഗങ്ങളെ നയിച്ചവരും മുസ്ലീമായിരുന്നില്ലെന്നത് മറച്ചുവെക്കുന്നു. അതിനൊപ്പം ശിവജിയുടെ പിതാവിന്റെ നാമകരണത്തിനു പിന്നിലെ വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ചരിത്രം അവർ മറച്ചുവെക്കും. ശിവജിയുടെ അച്ഛനായിരുന്ന ഷഹാജി ഭോൺസ്ലേയുടെ മാതാവിന് , ഷാഹ് ഷെരീഫ് എന്ന സൂഫി മുസ്ലീം മതവര്യനോടുള്ള ആദരവാണ് ശിവാജിയുടെ പിതാവിന്റെ പേരിന്റെ തുടക്കത്തിലെ ഷായെന്നത് പറഞ്ഞാൽ മതവൈരംവളർത്താനുള്ള അവസരം കുറയുമെന്ന ഭയമാണവർക്ക്. അവർ ശിവജിയുടെ സൈന്യത്തിലെ മുസ്ലിം പഠാൻ വിഭാഗത്തിന്റെ പ്രത്യേക സേനാദളം നൽകിയ സംഭാവനകളെക്കുറിച്ച് പറയില്ല. അവരങ്ങനെ പാഠപുസ്തകത്തിൽനിന്നും സൗഹാർദത്തിന്റെ ചരിത്രസത്യങ്ങളെ ബോധപൂർവ്വം മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.

സർവ്വമതങ്ങളിലേയും നന്മകളെ കൂട്ടുച്ചേർത്ത് പുതിയതായൊരു മതം ഞാനുണ്ടാക്കുന്നുവെന്ന് ഉദ്‌ഘോഷിച്ച അക്ബർ ചക്രവർത്തി ആർഎസ്എസിന് പറയാൻ ഇഷ്ടപ്പെടാത്ത പേരുകളിലൊന്നായിരിക്കും. അതുകൊണ്ടാണ് മുഗൾ കാലഘട്ടത്തിലെ ഏറ്റവും വലിയ സംഭാവനകൾ നൽകിയ കാലമായി വിലയിരുത്തപ്പെടുന്ന അക്ബർ ചക്രവർത്തിയെക്കുറിച്ച് അവർ സംസാരിക്കാതിരിക്കുന്നത്. ‘മുസ്ലീം കാലഘട്ടത്തിലെ മുസ്ലീം രാജാവെന്ന്’ ആർഎസ്എസ് വിശേഷിപ്പിക്കുന്ന ചക്രവർത്തി മുസ്ലീം മതത്തെയല്ല സർവ്വമതങ്ങളിലേയും നന്മകളേയാണ് പ്രകീർത്തിച്ചത്. അതിനായാണ് അദ്ദേഹം ദിൻഇലാഹി രൂപപ്പെടുത്തിയത്.

ഇന്ത്യാ ചരിത്രത്തിൽ ഹിന്ദു കാലഘട്ടമെന്ന് സാമ്രാജ്യവാദ ചരിത്രകകാരർ വിളിക്കുന്ന കാലഘട്ടത്തിലെ പ്രധാന ചക്രവർത്തിയായി കാണുന്ന അശോകൻ ഹിന്ദു മതവിശ്വാസിയായിരുന്നില്ലെന്നത് പറയാതിരിക്കുന്നു. അതിലും ഒളിച്ചിരിക്കുന്നത് കപടയാണ്. മുസ്ലീം–ഹിന്ദു ജനവിഭാഗങ്ങൾ യാതൊരു വിധത്തിലും ബന്ധപ്പെടാതെ വ്യത്യസ്ത തുരുത്തുകളിൽ ജീവിച്ചവരാണെന്ന് സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ ആവശ്യം. ഹിന്ദുവും മുസ്ലീമും സഹവർത്തിച്ചതിന്റെയല്ല, ഏറ്റുമുട്ടിയതിന്റെയും കലാപങ്ങളുടേയും കഥകൾകൊണ്ട് പാഠപുസ്തകങ്ങൾ നിറയ്ക്കുകയാണവർക്ക് വേണ്ടത്. ഇന്നത്തെ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ മുസ്ലീം മതവിശ്വാസികളും അക്രമകാരികളായി കടന്നു വന്നവരാണെന്ന് സ്ഥാപിക്കാനാണവർ ശ്രമിക്കുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങളാകെ വൈദേശികരാണെന്നുള്ള പ്രചരണങ്ങൾ പാഠപുസ്തകങ്ങളിലൂടെ ശക്തിപ്പെടുത്താനവർ ശ്രമിക്കുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായി ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങളെ ശാക്തീകരിക്കാനുള്ള ഉപായമായി വിദ്യാഭ്യാസ ക്രമത്തെ മാറ്റുകയാണിവിടെ.

ദേശീയ വിദ്യാഭ്യാസ നയം
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ദേശീയ വിദ്യാഭ്യാസ നയം നേരല്ലാത്ത മാർഗത്തിലൂടെ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുപ്രകാരം സംസ്ഥാനതലത്തിലുള്ള വിദ്യാഭ്യാസ ഗവേഷണ കൗൺസിലുകൾക്ക് പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനുള്ള അവകാശങ്ങൾ ഇല്ലാതാക്കാനാണ് ഉദ്ദേശിക്കുന്നത്. യൂണിയൻ സർക്കാർ തയ്യാറാക്കുന്ന പാഠപുസ്തകങ്ങളുടെ വിതരണക്കാർ മാത്രമായവർ ചുരുക്കപ്പെടും. അതിനർത്ഥം എൻസിഇആർടി അല്ലെങ്കിൽ യൂണിയൻ സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾ പാഠപുസ്തകം തയ്യാറാക്കുന്ന അന്തിമാധികാരികളായി മാറുമെന്നതാണ്. സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് രാജ്യത്തിന്റെ വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന നിലയിൽ പാഠപുസ്തകങ്ങളെ മെച്ചപ്പെടുത്താനാകില്ലെന്നാണ് അതിന്റെയർത്ഥം. സംസ്ഥാനങ്ങളിലെ ഗവേഷണ കൗൺസിലുകൾ തദ്ദേശീയമായി വികസിപ്പിച്ച നൂതനാശയങ്ങളുടെ നേട്ടം കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും അനുഭവിച്ചതാണ്. പ്രാദേശികജനവിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പലവിധ സങ്കീർണപ്രശ്നങ്ങളേയും സംബോധന ചെയ്യണമെങ്കിൽ സംസ്ഥാനങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസഗവേഷണ കൗൺസിലുകൾ പ്രധാനമാണ്.

സംസ്ഥാനതല സമിതികളുടെ അധികാരങ്ങൾ ഇല്ലാതാക്കുന്നതിലൂടെ ആർഎസ്എസ് രാഷ്ട്രീയം ഉൾച്ചേർത്ത പാഠപുസ്തകങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും എതിർപ്പുകളില്ലാതെ അടിച്ചേൽപ്പിക്കാമെന്നും അവർ കണക്കുകൂട്ടുന്നു. എന്തു പഠിപ്പിക്കണമെന്നും എങ്ങനെ പഠിപ്പിക്കണമെന്നും ചർച്ചചെയ്യാനും ഗവേഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കഴിയാത്തവയായി സംസ്ഥാനതല ഗവേഷണ പരിശീലന കേന്ദ്രങ്ങൾ മാറും. യൂണിയൻ സർക്കാർ തയ്യാറാക്കുന്ന പാഠപുസ്തകങ്ങൾ വിതരണം നടത്താൻ മാത്രം കഴിയുന്നവയാക്കിയതിനെ മാറ്റും. അപ്പോൾ സംസ്ഥാന തല സമിതികൾക്ക് എൻസിഇആർടി പാഠപുസ്തക ഭാഗങ്ങളിൽനിന്നും അനുയോജ്യമായത് ഉപയോഗിക്കാനും ആവശ്യമായത് കൂട്ടിച്ചേർക്കാനുമുള്ള അവസരം ഇല്ലാതാകും. സംസ്ഥാന ലിസ്റ്റിലുണ്ടായിരുന്ന വിദ്യാഭ്യാസം നിലവിൽ കൺകറന്റ് ലിസ്റ്റിലാണ്. കൺകറന്റ് ലിസ്റ്റിൽ നിന്നും വിദ്യാഭ്യാസത്തെ യൂണിയൻ ലിസ്റ്റിലെത്തിക്കുകയാണ് നിയമങ്ങളുടെ പിൻബലമൊന്നുംതന്നെയില്ലാതെ യൂണിയൻ സർക്കാർ ചെയ്യുന്നത്.

തീവ്രവലതുപക്ഷരാഷ്ട്രീയം
ലോകത്തെല്ലായിടത്തും തീവ്രവലതുപക്ഷം സിലബസ് പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും പിടിച്ചെടുക്കുകയെന്നത് ഭരണകൂടതാൽപര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. തീവ്രവലതു പക്ഷം, ഫാസിസ്റ്റ് രാഷ്ട്രീയ കക്ഷികൾ അതിനായി നടത്തിയ ചെയ്തികൾ ഇപ്പോഴും വ്യത്യസ്തരീതിയിൽ തുടരുന്നത് നാം കാണുകയാണ്. പാഠപുസ്തകങ്ങളിൽ വിഷം നിറയ്ക്കാനുള്ള നീക്കം ഇപ്പോഴാരംഭിച്ചതല്ല, നീണ്ടകാലമായി തുടരുന്നതാണ്. അതിന്റെ സുപ്രധാന ഉദാഹരണങ്ങളിൽ ഒന്നായി സമകാലിക ലോകത്തിലും ഉയർന്നു നിൽക്കുന്നതാണ് ഡാർവിന്റെ പരിണാമ സിദ്ധാന്തം. 2004ൽ ഇറ്റലിയിൽ ക്ലാസ് മുറികളിൽ പരിണാമ സിദ്ധാന്തം ചർച്ചചെയ്യുന്നത് നിരോധിക്കാനുള്ള ശ്രമം നടന്നിരുന്നു. വിദ്യാഭ്യാസമന്ത്രിയായിരുന്ന ലെറ്റിസിയ മൊറാട്ടി ഇറ്റലിയിലെ മിഡിൽ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ നിന്നും പരിണാമ സിദ്ധാന്തം നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ജീവിതത്തെക്കുറിച്ചുള്ള ഭൗതികവാദ വീക്ഷണം യുവമനസുകളിൽ വളർത്തിയെടുക്കുമെന്നു പറഞ്ഞാണ് പരിണാമ സിദ്ധാന്തം നീക്കം ചെയ്യാൻ ശ്രമിച്ചത്. തുർക്കിയിൽ ഒൻപതാം ക്ലാസിലെ പാഠപുസ്തകങ്ങളിൽനിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത് 2017 ലാണ്. അമേരിക്കയിൽ ടെന്നസീ സംസ്ഥാനത്തിൽ 1925ൽ വിദ്യാലയങ്ങളിൽ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സമാനമായ ഉത്തരവ് മിസിസിപ്പി സംസ്ഥാനത്ത് അതേവർഷംതന്നെ ഉണ്ടായിരുന്നു. അർക്കൻസാസ് സംസ്ഥാനത്തിൽ 1927ൽ അത്തരത്തിലുള്ള നിയമം പാസാക്കുകയുണ്ടായി. അമേരിക്കയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിനെതിരായുയർന്നുവന്ന പ്രതികരണങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. സൗരയൂഥത്തിന്റെ കേന്ദ്രം ഭൂമിയല്ല സൂര്യനാണെന്നും ഭൂമി പരന്നിട്ടല്ല, ഗോളാകൃതിയിലാണെന്നുമെല്ലാമുള്ള ശാസ്ത്രസത്യങ്ങൾ മാത്രമല്ല, അതുപറഞ്ഞവരെപോലും തീയിലിട്ടെരിച്ചു കൊല്ലാൻശ്രമിച്ച രാഷ്ട്രീയമാണ് തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തെയാണ് ആർഎസ്എസ് ഇന്ത്യയിൽ പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യന്റെ തലയറുക്കുന്നതും മനുഷ്യരെ ജീവനോടെ ചുട്ടെരിക്കുന്നതും പാതകമല്ലെന്ന് പറഞ്ഞ ഭൂതകാലം, സതിയുൾപ്പെടെ സകല അനാചാരങ്ങളും പുലരുന്നൊരിന്ത്യ, അതാണവരുടെ ആവശ്യം. ആധുനിക ലോകത്തിലെ ജനാധിപത്യവാദികളായ മനുഷ്യർക്ക് ആർഎസ്എസ് രാഷ്ട്രീയവും അവരുടെ പാഠപുസ്തകങ്ങളും ‘മൃതിയേക്കാൾ ഭയാനകം’. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + three =

Most Popular