മുപ്പത്തഞ്ചു വർഷം മുമ്പ്, 1988ൽ പ്രസിദ്ധ അമേരിക്കൻ പൊതുപ്രവർത്തകനും ഭാഷാശാസ്‌ത്രജ്ഞനും ബുദ്ധിജീവിയുമായ നോം ചോംസ്‌കിയും എഡ്വേർഡ് ഹെർമനും ചേർന്ന് സമ്മതിയുടെ നിർമിതി (മാനുഫാക്ചറിങ് കൺസെന്റ്) എന്ന പുസ്‌തകം രചിച്ചിരുന്നു. അത് ബഹുജന മാധ്യമങ്ങളുടെ അർഥശാസ്‌ത്രം എന്തെന്നു വ്യക്തമാക്കുന്നു. ജനങ്ങളിൽ വിവരവും അറിവും വീക്ഷണവും ഒക്കെ കുത്തിച്ചെലുത്തുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത് എന്ന് വിശ്രുതമായ ആ പുസ്‌തകത്തിൽ അവർ ഉദാഹരണസഹിതം വിവരിക്കുന്നുണ്ട്. ഈ പുസ്‌തകം എഴുതപ്പെടുന്നതിനും ആറു പതിറ്റാണ്ടുമുമ്പ് പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തകനായിരുന്ന വാൾട്ടർ ലിപ്‌മാൻ ‘സമ്മതി നിർമിതി’ എന്ന ആശയം തന്റെ ‘പബ്ലിക് ഒപ്പീനിയൻ’ എന്ന പുസ്‌തകത്തിൽ ചർച്ച ചെയ്‌തിരുന്നു.
ഇത്തരം കാര്യങ്ങളിൽ തൽപ്പരകക്ഷികളാണ് മുതലാളിവർഗം. അവർ പാർലമെന്ററി ജനാധിപത്യവ്യവസ്ഥയിൽ തങ്ങളുടെ അഭിപ്രായവും ആഗ്രഹവും നടപ്പാക്കുന്നത് ബഹുജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾ എന്ന പേരിലാണ്. മുതലാളിമാരുടെ ആവശ്യമെന്ന നിലയിൽ ഒരു കാര്യം അവതരിപ്പിക്കപ്പെട്ടാൽ അത് അംഗീകരിക്കപ്പെടാതിരിക്കാനാണ് കൂടുതൽ സാധ്യത എന്ന് മുതലാളിവർഗം മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ തങ്ങൾക്കുവേണ്ട കാര്യങ്ങൾ ജനങ്ങളുടെ ആവശ്യങ്ങളായിട്ടാണ് ബഹുജന സമക്ഷം മുതലാളിത്തം അവതരിപ്പിക്കുന്നത്. ആദ്യമൊക്കെ അതിനായി ഉപയോഗിക്കപ്പെട്ടിരുന്നത് വർത്തമാനപത്രങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ആദ്യം റേഡിയോ, പിന്നീട് ടിവി, അതിനുശേഷം സമൂഹമാധ്യമങ്ങൾ എന്നിവ ഉയർന്നുവന്നതോടെ അവയൊക്കെ നിക്ഷിപ്‌ത താൽപ്പര്യക്കാർ ഈ ആവശ്യത്തിനായി പ്രയോഗിച്ചുവരുന്നു.
പാർലമെന്ററി ജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ സമ്മതി നിർമിതിക്കായി മാധ്യമങ്ങളെ മുതലാളിമാർ ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റുകാർ 1957ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിൽ എത്തിയതുമുതൽ അമേരിക്കൻ മുതലാളിത്തം കമ്യൂണിസ്റ്റുകാരെ അധികാര ഭ്രഷ്ടരാക്കാനും അവരുടെ ഭരണം ആവർത്തിക്കുന്നത് തടയാനുമെന്ന പേരിൽ കേരളത്തിൽ പല വിധത്തിൽ ഇടപെടുന്നുണ്ട്. മലയാള മനോരമ പോലുള്ള മാധ്യമങ്ങൾക്ക് അത്തരം കമ്യൂണിസ്റ്റ് വിരുദ്ധശക്തികളുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്.
പതിവിനു വിപരീതമായി എൽഡിഎഫ് 2021ൽ അധികാരത്തുടർച്ച നേടിയത് അത്തരം ശക്തികളെ വല്ലാതെ വിമ്മിട്ടപ്പെടുത്തുന്നു. അതിനാൽ ഇത്തവണ പിണറായി വിജയൻ നയിക്കുന്ന രണ്ടാം എൽഡിഎഫ് സർക്കാരിനെതിരെ അക്കൂട്ടർ കാലേക്കൂട്ടി തന്നെ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. സർക്കാർ നടപ്പാക്കുന്ന പല പദ്ധതികളും ജനങ്ങൾ ആഗ്രഹിക്കുന്നവയാണ്; അവർ നേരിടുന്ന പല പ്രശ്നങ്ങളും –പട്ടിണി, വീടില്ലായ്മ മുതലായ – സർക്കാർ സമയബന്ധിതമായ പരിപാടിയുടെ അടിസ്ഥാനത്തിൽ പരിഹരിച്ചുവരികയാണ്. ഇത് ഇങ്ങനെ പോയാൽ 2026ലെ തിരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയിച്ചേക്കുമോ എന്ന ആശങ്ക അത്തരക്കാർക്കുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടായി തിരഞ്ഞെടുപ്പു ഗോദയിൽ യുഡിഎഫും ബിജെപിയും തമ്മിൽ അലിഖിത ധാരണ തന്നെയുണ്ട്. അത് അവയുടെ അറിയപ്പെടുന്ന പല നേതാക്കളും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.
ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണ്. ‘മ’ മാധ്യമങ്ങൾ വാർത്തയും വീക്ഷണവും പടച്ചുവിടുന്നത്. അവയെ ഏകോപിപ്പിക്കുന്നതിന് ഒരു കേന്ദ്രം പ്രവർത്തിക്കുന്നതായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിപിഐ എമ്മിന്റെ മേൽ അഴിമതി ആരോപണം, ഏത് അക്രമം ഉണ്ടായാലും അതിനു ഉത്തരവാദി സിപിഐ എം, മുഖ്യമന്ത്രി പിണറായി വിജയനു മേൽ അഴിമതി ആരോപണം, കൊലക്കു കൂട്ടുനിന്നെന്ന ആരോപണം– ഇങ്ങനെ എന്തെല്ലാമാണ് അവ പടച്ചുവിടുന്നത്. ആ സോപ്പുകുമിളകൾക്ക് പരമാവധി ഒരു ദിവസത്തെ ആയുസ്സേയുള്ളൂ. എന്നിട്ടും ആ അപവാദവ്യവസായം ഒരു വിഭാഗം മാധ്യമങ്ങൾ തുടരുകയാണ്. നുണ നൂറ്റൊന്നു ആവർത്തിച്ചാൽ അത് ശരിയാണെന്ന് ചിലരെങ്കിലും വിശ്വാസിച്ചേക്കാം എന്ന ഫാസിസ്റ്റ് അടവാണ് അവ പയറ്റുന്നത്.
എൽഡിഎഫിന്റെ ആറാമത്തെ സർക്കാരാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ കീഴിലുള്ളത്. അതിന്റെ രണ്ടാം വാർഷികമാണ് ഇപ്പോൾ ആഘോഷിക്കപ്പെടുന്നത്. കേവലം ഔപചാരികതയുടെ പേരിൽമാത്രം നടത്തപ്പെടുന്നതല്ല ഇത്. ഇന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കിടയിൽ മാത്രമല്ല, വികസ്വരരാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും വ്യത്യസ്‌ത കാരണങ്ങളാൽ കേരളത്തിലെ എൽഡിഎഫ് ഭരണം ശ്രദ്ധിക്കപ്പെടുന്നു. അത്രയേറെ ശ്രദ്ധ പരമദരിദ്രരെ കൈപിടിച്ചുയർത്തുന്നതിലും ദരിദ്രരുടെ സാമൂഹ്യസാമ്പത്തിക സ്ഥിതി ഇടിഞ്ഞുതാഴാതെ നോക്കുന്നതിലും പിണറായി സർക്കാർ ചെലുത്തുന്നുണ്ട്. അതോടൊപ്പം ഇവിടുത്തെ അഭ്യസ്‌തവിദ്യരായ വളരുന്ന തലമുറയ്‌ക്ക് ഇവിടെത്തന്നെ തൊഴിൽ നൽകുന്നതിനും ശ്രദ്ധിക്കുന്നു. തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനോടൊപ്പം സർക്കാരിന്റെ ശ്രദ്ധ കാർഷിക–- വ്യാവസായിക–-സേവന മേഖലകളിൽ കേരളം മുന്നോട്ടു കുതിക്കുന്നു എന്നു ഉറപ്പുവരുത്തുന്നതിലുമാണ്.
പ്രാഥമിക ഉൽപ്പാദനം വർധിപ്പിച്ചതുകൊണ്ടു മാത്രമായില്ല. ആ ഉൽപ്പന്നങ്ങൾക്ക് ഇവിടെത്തന്നെ പരമാവധി മൂല്യവർധന ഉറപ്പുവരുത്തണം. അതിനു തക്കവണ്ണം ശാസ്‌ത്ര–-സാങ്കേതിക വിദ്യകളിൽ മികവ് നേടണം. സുഗന്ധദ്രവ്യങ്ങൾ, നാളികേരം, റബ്ബർ, ടൈറ്റാനിയം പോലുള്ള അപൂർവലോഹങ്ങൾ എന്നിങ്ങനെ നമ്മുടെ വിവിധ ഉൽപ്പന്നങ്ങളെ സംസ്‌കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്നതിലൂടെ സംസ്ഥാനത്തിനു രണ്ടു നേട്ടങ്ങൾ കൈവരിക്കാനാകും. ഒന്ന്, ചരക്കുവിലയായും കൂലിയായും സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനം. രണ്ട്, സംസ്ഥാനത്തെ ശാസ്ത്രസാങ്കേതികവിദ്യകളെ പരമാവധി വികസിപ്പിച്ചുകൊണ്ട് പുരോഗമിക്കാനാകും. അതുവഴി ഉണ്ടാകുന്ന പുരോഗതിയുടെ ഗുണഫലങ്ങൾ സംസ്ഥാനത്തിനു മൊത്തത്തിൽ പ്രയോജനപ്പെടും. അതോടൊപ്പം ഒരു ദരിദ്രകാർഷിക പ്രദേശം എന്ന നിലയിൽനിന്നും സമഗ്രമായ പുരോഗതി കൈവരിക്കുന്ന പ്രദേശവും ജനതയുമായി കേരളം ലോക ഭൂപടത്തിൽ സ്ഥാനം നേടും.
ഇത്തരത്തിൽ കേരളത്തിന്റെ ഭാവി രൂപപ്പെടുത്തണമെന്ന കാഴ്‌ചപ്പാട് 66 വർഷം മുമ്പ് കമ്യൂണിസ്‌റ്റ് പാർട്ടി കേരളത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ഭരണത്തിൽ എത്തിയപ്പോൾ ആവിഷ്‌കരിച്ചതാണ്. ലഭ്യമായ സാഹചര്യത്തിൽ സ്വകാര്യമേഖലയുടെ കൂടി സഹകരണം തേടാൻ അന്നത്തെ ഇ എം എസ് സർക്കാർ ശ്രദ്ധിച്ചിരുന്നു. ജനങ്ങളുടെ ദുരിതമയമായ ജീവിതത്തിന് അല്‌പമെങ്കിലും ആശ്വാസം പകർന്നുകൊണ്ട് ശോഭനമായ ഭാവി കെട്ടിപ്പടുക്കാനായിരുന്നു അന്ന് ആ സർക്കാർ ലക്ഷ്യമിട്ടത്. അത് അനുവദിച്ചാൽ കമ്യുണിസ്‌റ്റുകാരെ ഭരണത്തിൽനിന്നും ജനങ്ങളുടെ വിശ്വാസത്തിൽനിന്നും പുറന്തള്ളാൻ കഴിയില്ല എന്നു ബോധ്യപ്പെട്ടുകൊണ്ടാണ് കമ്യൂണിസ്‌റ്റ് വിരുദ്ധർ വിമോചനസമരം നടത്തി കേന്ദ്ര സർക്കാരിനെക്കൊണ്ട് ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിടുവിച്ചത്.
പിന്നീട് 1967ൽ സപ്‌തകക്ഷി മുന്നണിയായും 1980 മുതൽ എൽഡിഎഫായും പാർടിയുടെ നേതൃത്വത്തിൽ മുന്നണി മന്ത്രിസഭകൾ നിലവിൽ വന്നു. ജനക്ഷേമകരവും പുരോഗമനോന്മുഖവുമായ ഭരണനയങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത് അത് സമാനതകളില്ലാതെ തുടരുന്നു. കേരളത്തെ സമ്പൂർണ സാക്ഷരമാക്കുന്നതിലും ജനകീയാസൂത്രണ പരിപാടി നടപ്പാക്കുന്നതിലും പണിയെടുക്കുന്നവരും പാവപ്പെട്ടവരുമായ സ്‌ത്രീകൾക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്നതിലും വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം മുതലായ മേഖലകളിൽ സമഗ്ര പരിഷ്‌കാരം നടപ്പാക്കുന്നതിലും എൽഡിഎഫ് സർക്കാരുകൾ നടത്തിയ പരിഷ്‌കാരങ്ങൾ ലോകമാകെ ശ്രദ്ധിച്ചു, പലരും അവയെ തങ്ങൾക്ക് യോജിച്ച വിധത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചു.
ഇങ്ങനെ 1957 മുതലുള്ള ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കിയ നയസമീപനം പൊതുവിൽ പിന്തുടരുമ്പോൾ തന്നെ, മാറിക്കൊണ്ടിരിക്കുന്ന കാലസ്ഥിതിക്ക് യോജിച്ചവിധം അതിനെ കൂടുതൽ ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ നടപ്പാക്കുന്നതിന് പിണറായി വിജയന്റെ നേതൃത്വത്തിൽ 2016ൽ നിലവിൽ വന്ന എൽഡിഎഫ് സർക്കാർ ശ്രദ്ധിച്ചു. നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ അതിനുമുമ്പ് കോൺഗ്രസ് നയിച്ച മുതലാളിവർഗ സർക്കാരുകളുടെ പാത പിന്തുടരുമ്പോൾതന്നെ, തങ്ങൾ മുറുകെപ്പിടിക്കുന്ന വർഗീയനയം നടപ്പാക്കുന്നതിനുകൂടി ശ്രമിച്ചു വരുന്ന കാലമാണിത്. സംസ്ഥാനത്ത് തങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നയസമീപനം ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് നടപ്പാക്കുകയാണ് തങ്ങളുടെ നയം എന്നു പിണറായി സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാർ അംഗീകരിച്ച സാമ്പത്തികനയത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പു വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ നിരന്തരം ശ്രമിച്ചു. 2021 വരെയുള്ള 5 വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ 600 ഇനപരിപാടിയിൽ ഏതാണ്ട് മുഴുവൻ തന്നെ വിജയകരമായി നടപ്പാക്കി. അതിനു ജനങ്ങൾ നൽകിയ അംഗീകാരമായിരുന്നു ഭരണത്തിലിരുന്ന എൽഡിഎഫിനെ 2021ലെ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 40 വർഷത്തെ പതിവിനു വിപരീതമായി വിജയിപ്പിച്ചത്.
ഇത് യുഡിഎഫും അതിലേറെ അതിനു പിന്തുണ നൽകിക്കൊണ്ടിരുന്ന ചില കുത്തകമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വലതുപക്ഷ ശക്തികളും തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്താണ് സംഭവിച്ചത് എന്നു മനസ്സിലാക്കാൻ അന്ധമായ ഇടതുപക്ഷ–-ജനകീയ രാഷ്‌ട്രീയ വിരോധം പിന്തുടരുന്ന ശക്തികൾക്ക് കഴിഞ്ഞില്ല. നിപയും ഭീകരമായ പ്രളയവും തുടർന്നു കോവിഡ് മഹാമാരിയും കേരളത്തിലെ ജനജീവിതത്തെ വിവിധ രീതികളിൽ താറുമാറാക്കുമ്പോൾ , ദരിദ്രരും സാധാരണക്കാരും ഉൾപ്പെടെയുള്ള ജനങ്ങളെ ചേർത്തുപിടിച്ചു സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രകടിപ്പിച്ച ശുഷ്‌കാന്തിയും സവിശേഷശ്രദ്ധയും രാഷ്‌ട്രീയഭേദമെന്യെ ജനങ്ങൾ എൽഡിഎഫിനു നിർലോഭമായ പിന്തുണ നൽകാൻ ഇടയാക്കി. അങ്ങനെ 2016ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളും വോട്ടുകളും 2021ൽ എൽഡിഎഫിനു ലഭിച്ചു. ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പ്രകടമാക്കിയ രാഷ്‌ട്രീയവിധിയുടെ അർഥതലങ്ങൾ മനസ്സിലാക്കുന്നതിന് അന്ധമായ മാർക്‌സിസ്റ്റ് വിരോധംമൂലം യുഡിഎഫിനും ബിജെപിക്കും കഴിഞ്ഞില്ല.
അതിനാൽ രണ്ടാം പിണറായി മന്ത്രിസഭ ചുമതലയേറ്റതുമുതൽ പ്രതിപക്ഷപാർട്ടികളും അവയുടെ ഉപദേശകരും പ്രചാരകരുമായ മാധ്യമങ്ങളും മറ്റും എൽഡിഎഫ് സർക്കാരിനെയും അതിന്റെ നടപടികളെയും പ്രഖ്യാപനങ്ങളെയും എതിർക്കാൻ തുടങ്ങി. അവയെ ജനങ്ങളിൽ നിന്നും കഴിവതും മറച്ചുവച്ചു. നയപരമായ എതിർപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, സർക്കാർ ചെയ്യുന്ന ഏത് നടപടിയും ജനവിരുദ്ധവും അഴിമതി നിറഞ്ഞതുമാണെന്നു പ്രചരിപ്പിക്കാനും തുടങ്ങി. ഏറ്റവും ഒടുവിൽ മോട്ടോർ വാഹനനിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടി പിഴ ചുമത്തിയും കേസെടുത്തും വാഹന അപകടങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ളതുമായ നടപടികൾ സർക്കാർ കെെക്കൊണ്ടപ്പോൾ അതിനെയും അവർ എതിർത്തു. സർക്കാർ കടുത്ത പിഴ ഈടാക്കുമെന്നും മറ്റും ആരോപിച്ച് ജനങ്ങളെ സർക്കാരിനു എതിരാക്കാനുള്ള നീക്കം നടത്തി. പ്രതിപക്ഷപാർട്ടികളും അവയെ അനുകൂലിക്കുന്ന മാധ്യമങ്ങളും സർക്കാരിനെ വിമർശിക്കുന്നത് മനസ്സിലാക്കാം. പാർലമെന്ററി ജനാധിപത്യത്തിൽ അത് അവയുടെ അവകാശമാണ്, ധർമമാണ്. പക്ഷേ, സർക്കാർ കെെക്കൊള്ളുന്ന ജനോപകാരപ്രദമായ നടപടികളെ ഇത്തരത്തിൽ തെറ്റായി ചിത്രീകരിച്ചും ദുർവ്യാഖ്യാനം ചെയ്തും എതിർക്കുന്നത് പതിവു പരിപാടിയായാലോ?
അതിനെയൊക്കെ പ്രതിപക്ഷ ധർമം എന്നോ പത്രധർമമെന്നോ പറയാൻ കഴിയുമോ? മോദി സർക്കാരിനെ അവ ഇത്തരത്തിൽ ചിത്രീകരിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലല്ലൊ. മറ്റു സംസ്ഥാനങ്ങളിലെ സർക്കാരുകൾ മിക്കതിനെയും എൽഡിഎഫ് സർക്കാരിനെ എതിർക്കുന്ന രീതിയിൽ എതിർക്കുകയോ അതിനു വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയോ ചെയ്യുന്നില്ല, പ്രതിപക്ഷാനുകൂല മാധ്യമങ്ങൾ.
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. വാഹന അപകടങ്ങൾമൂലം ദിവസേന ശരാശരി പന്ത്രണ്ടുപേരെങ്കിലും കേരളത്തിൽ മരണമടയുന്നുണ്ട്. രണ്ടു ചക്ര, മൂന്നു ചക്ര, നാലു ചക്രവാഹനങ്ങളും മറ്റും മോട്ടോർ വാഹനനിയമങ്ങൾ പാലിക്കുന്നപക്ഷം ഇത്തരം അപകടങ്ങൾ പലതും ഒഴിവാക്കാൻ കഴിയും. കാൽനട യാത്രക്കാർ നിരത്തുകളിൽ കൂടി ഒറ്റയ്ക്കോ കൂട്ടായോ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിരത്തു നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ റോഡപകടങ്ങൾ തടയാനും അതുമൂലമുള്ള മരണങ്ങൾ പരമാവധി കുറയ്ക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും വേണ്ടിയാണ് പല പുതിയ പരിഷ്കാരങ്ങളും സർക്കാർ നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരാണ് നിരത്തിലെ അപകടങ്ങൾ കുറയ്ക്കുന്നതിനു മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയത്. അത് കർശനമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ നടപടി കെെക്കൊള്ളുന്നത്. അക്കാര്യം ജനങ്ങൾക്ക് വിശദീകരിച്ചുകൊടുക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്, സമൂഹത്തെ കാത്തുരക്ഷിക്കുന്ന നാലാം തൂണ് എന്ന നിലയിൽ. ഇവിടെ ചില മാധ്യമങ്ങൾ ആ ധർമം നിറവേറ്റുന്നതിനു പകരം സർക്കാരിനെ ആ നിയമം നടപ്പാക്കുന്നതിന്റെ പേരിൽ അടിസ്ഥാനരഹിതമായി എതിർക്കുകയാണ്.
ജനജിഹ്വയായി പ്രവർത്തിക്കുന്നതാണ് മാധ്യമധർമം. ജനജിഹ്വയായി മാത്രമല്ല, ജനങ്ങളുടെ അധ്യാപികയും രക്ഷിതാവും ഒക്കെയായി പ്രവർത്തിക്കേണ്ട ചുമതല ആധുനിക ജനാധിപത്യവ്യവസ്ഥയിൽ മാധ്യമങ്ങൾക്കുണ്ട്: എന്നാൽ അതങ്ങനെയല്ല ചെയ്തുവരുന്നത്. ജനങ്ങളെ പൗരബോധമുള്ളവരായി നിലനിർത്തുന്നതിൽ, മാത്രമല്ല ബാധ്യതയുള്ളത്. അവരെ വിവരം അറിയിക്കുന്നതിൽ, നിയമങ്ങളും ചട്ടങ്ങളും അവർക്ക് വിശദീകരിച്ചുകൊടുക്കുന്നതിൽ, അവ നിയമപാലകർ ഉൾപ്പെടെ എല്ലാവരും യഥാവിധി ചെയ്യുന്നു എന്നു ഉറപ്പുവരുത്തുന്നതിൽ എല്ലാം മാധ്യമങ്ങൾക്ക് ജനാധിപത്യസമൂഹത്തിൽ വലിയ ഉത്തരവാദിത്വമാണുള്ളത്. എന്നാൽ, ആ കടമ നിറവേറ്റുന്നതിനുപകരം പത്ര മുതലാളി ഉൾപ്പെടെയുള്ള മുതലാളി വർഗത്തിന്റെ താൽപ്പര്യസംരക്ഷണത്തിനാണ് മുൻഗണന പലപ്പോഴും; വിശേഷിച്ച്, ഭരണത്തിലുള്ളത് തൊഴിലാളിവർഗ പാർട്ടി ഉൾപ്പെടെയുള്ള ഇടതുപക്ഷ–ജനാധിപത്യപാർട്ടികൾ ആകുമ്പോൾ. മാധ്യമധർമം നിറവേറ്റുന്നതിനു വേണ്ടിയല്ല പല മാധ്യമങ്ങളും ജനാധിപത്യവ്യവസ്ഥയിൽ ശ്രമിക്കുന്നത്. മുതലാളിമാർക്കും മറ്റു സമ്പന്നർക്കും വേണ്ടി ബഹുജനങ്ങൾക്ക് അനുകൂലവും അവരെ സംരക്ഷിക്കുന്നതുമായ നയങ്ങളും പരിപാടിയും നടപ്പാക്കുന്ന സർക്കാരുകളെ എല്ലാ സാമാന്യ മര്യാദയും ലംഘിച്ച് എതിർക്കുകയാണ്, പാത്തും പതുങ്ങിയും പലപ്പോഴും വെട്ടിത്തുറന്നും.
ജനാധിപത്യവ്യവസ്ഥയിൽ ഇത്തരം മുതലാളിമാർക്കും അവർക്കുവേണ്ടി വാർത്തകളെയും വീക്ഷണങ്ങളെയും വളച്ചൊടിക്കുകയും മറച്ചുവയ്ക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്കും ഒരു സ്ഥാനവുമുണ്ടാവരുത്. കാരണം അവ മുതലാളിവർഗത്തിന്റെ കുഴലൂത്തുകാർ മാത്രമാണ്. അത്തരത്തിൽ മാത്രമേ അത്തരം മാധ്യമങ്ങളെയും അവയുടെ ഉള്ളടക്കത്തെയും വായനക്കാർ കാണുകയുള്ളൂ. ഇത്തരം മാധ്യമങ്ങളെ ബഹിഷ്കരിച്ചുകൊണ്ട് ജനാധിപത്യവ്യവസ്ഥയെയും ജനാധിപത്യശക്തികളെയും ജനസാമാന്യത്തെയും പ്രതിരോധിക്കേണ്ട കടമ നമുക്കുണ്ട്. ജനങ്ങൾക്കുവേണ്ടി പുരോഗമന നയങ്ങൾ പിന്തുടരുന്ന സർക്കാരുകളെയാണ് യഥാർഥത്തിൽ ജനങ്ങളും മാധ്യമങ്ങളും സംരക്ഷിക്കേണ്ടത്. ഇത്തരം പുരോഗമന നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമങ്ങളെയാണ്, പിന്തിരിപ്പൻ വർഗങ്ങൾക്കുവേണ്ടി കുഴലൂത്ത് നടത്തുന്നവയെയല്ല ജനങ്ങൾ ചേർത്തുനിർത്തേണ്ടത്. ♦