Thursday, May 9, 2024

ad

Homeനിരീക്ഷണംഗവര്‍ണര്‍മാരെ 
സുപ്രീം കോടതി പഠിപ്പിക്കുന്നത്

ഗവര്‍ണര്‍മാരെ 
സുപ്രീം കോടതി പഠിപ്പിക്കുന്നത്

സെബാസ്റ്റ്യന്‍ പോള്‍

രണഘടന വായിച്ചാല്‍ മനസിലാകാത്തവരും വായിക്കാന്‍ മെനക്കെടാത്തവരുമായി ഒരു വരിഷ്ഠവിഭാഗം ഇന്ത്യയിലുണ്ടെങ്കില്‍ അവര്‍ താമസിക്കുന്ന ഇടമാണ് രാജ്ഭവന്‍ എന്നറിയപ്പെടുന്നത്. രാജ്ഭവനുകളിലെ അന്തേവാസികളെ ഭരണഘടന പഠിപ്പിക്കുകയെന്ന ആധികാരികമായ ഉത്തരവാദിത്വം സുപ്രീം കോടതിക്കുണ്ട്. ശംഷേര്‍ സിങ് കേസില്‍ വി ആര്‍ കൃഷ്ണയ്യരുടെ പ്രസിദ്ധമായ വിധി മുതല്‍ സന്ദര്‍ഭങ്ങള്‍ പലതുണ്ടായിട്ടുണ്ടെങ്കിലും പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഗവര്‍ണര്‍മാര്‍ക്ക് കഴിയുന്നില്ല. 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടില്‍നിന്ന് 1949ലെ ഭരണഘടനയിലേക്ക് പറിച്ചു നടപ്പെട്ടതായതിനാല്‍ സഹജമായ കൊളോണിയല്‍ ഹാങ്ഓവറില്‍നിന്ന് ഗവര്‍ണര്‍മാര്‍ മോചിതരായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയോടുള്ള വിധേയത്വം രാജ്ഭവനിലെ സുഖവാസത്തിന് അത്യന്താപേക്ഷിതമാണെന്ന് അറിയാവുന്ന ഗവര്‍ണര്‍മാര്‍ കേന്ദ്രത്തെ യജമാനനായി കാണുകയും സ്വയം വിധേയരാവുകയും ചെയ്യുന്നു. കേന്ദ്രത്തിലേതില്‍നിന്ന് വ്യത്യസ്തമായ കക്ഷി സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയാല്‍ ഇടങ്കോലിടുകയെന്ന രാഷ്ട്രീയദൗത്യം ഗവര്‍ണര്‍മാർ ഏറ്റെടുക്കുന്നു.

നിയമസഭയുടെ അംഗീകാരത്തിന് വിധേയമായി മുഖ്യമന്ത്രിയെ നിയമിക്കുന്നതിനും സ്വേച്ഛയനുസരിച്ച് പിരിച്ചുവിടുന്നതിനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഭരണഘടനയ്ക്ക് അനുസൃതമായി വിനിയോഗിക്കാനുള്ളതാണ് ഈ അധികാരം. ഭരണഘടനാപരമായി പരമമായ ഈ ജനാധിപത്യതത്ത്വം മറക്കുന്ന ഗവര്‍ണര്‍മാരുണ്ട്. കര്‍ണാടക മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയെ പിരിച്ചുവിട്ട കേസില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് നല്‍കിയ പ്രസിദ്ധമായ വിധിക്കുശേഷം കാര്യങ്ങള്‍ക്ക് നല്ല വ്യക്തത ഉണ്ടായിട്ടുണ്ടെങ്കിലും സന്ദേഹങ്ങള്‍ക്കും വീഴ്ചകള്‍ക്കും അറുതിയാകുന്നില്ല. അരുണാചല്‍ പ്രദേശില്‍ പിരിച്ചുവിടപ്പെട്ട മുഖ്യമന്ത്രി നബാം തുക്കിയെ അധികാരത്തില്‍ പുനഃപ്രതിഷ്ഠിച്ച സുപ്രീം കോടതി വിധി ബൊമ്മെ കേസിലെ വിധിക്ക് അനുബന്ധമായി വായിക്കേണ്ടതാണ്. ഇനിയും സംശയം വല്ലതും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കുള്ളതാണ് മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയ ഗവര്‍ണറുടെ തീരുമാനവും അതിനൊപ്പം നിന്ന സ്പീക്കറുടെ നടപടിയും തെറ്റെന്ന് വിധിച്ച സുപ്രീം കോടതി വിധി.

തുല്യപ്രാധാന്യമുള്ള രണ്ട് വിധികളാണ് ഒരേ വിഷയത്തില്‍ ഒരേ ദിവസം ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായത്. ഗവര്‍ണറുടെ അധികാരത്തെ സംബന്ധിക്കുന്ന വിധികള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ഡല്‍ഹി ലഫ്റ്റനന്റ‍് ഗവര്‍ണര്‍ക്കും മാത്രം ബാധകമായതായി പരിമിതപ്പെടുത്താനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമായി രണ്ട് ഗവര്‍ണര്‍മാരും ഭരണഘടനാവിരുദ്ധമായ നടപടികളില്‍ വ്യാപരിച്ചുവെന്നാണ് സുപ്രീം കോടതി കുറ്റപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ നടപടി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തിയെങ്കില്‍ ഡല്‍ഹിയില്‍ ലഫ്റ്റനന്റ‍് ഗവര്‍ണറുടെ നിസഹകരണം ഭരണസ്തംഭനത്തിനു കാരണമായി. ഭഗത്–സിങ് കോഷിയാരിയും വി കെ സക്സേനയും കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നതിന് തെളിവ് അവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിച്ച പിന്തുണയും പാര്‍ട്ടിയില്‍നിന്ന് ലഭിച്ച ന്യായീകരണവുമായിരുന്നു. ആ നിലയ്ക്ക് വിധികള്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും തിരിച്ചടിയാണ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റല്ലെന്നും ഭരണഘടനാപരമായ അധികാരസ്ഥാനമാണെന്നും എല്ലാ ഗവര്‍ണര്‍മാരെയും ഓര്‍മിപ്പിക്കുന്ന വിധികളാണ് സുപ്രീം കോടതി നല്‍കിയത്.

നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ നിയമിക്കുന്നത്. സംശയമുണ്ടെങ്കില്‍ വിശ്വാസവോട്ടിലൂടെ പരിഹാരമുണ്ടാക്കാം. അതിനുശേഷം കൂടെക്കൂടെ ചെടി പിഴുത് മൂലപരിശോധന നടത്തേണ്ട കാര്യമില്ല. സഭയുടെ വിശ്വാസം ഏതെങ്കിലും ഘട്ടത്തില്‍ നഷ്ടമായാല്‍ അവിശ്വാസപ്രമേയം എന്ന സംഹാരായുധം പ്രയോഗിച്ച് മന്ത്രിസഭയെ പുറത്താക്കേണ്ടത് പ്രതിപക്ഷമാണ്. പുറത്തുപോകുന്ന മുഖ്യമന്ത്രിയുടെ രാജി സ്വീകരിക്കുകയെന്ന ഉത്തരവാദിത്വം മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി തെളിവില്ലാതിരിക്കെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ അര്‍ത്ഥമില്ലാത്തതും അപകടകരവുമായ വ്യായാമത്തിലാണ് ഏര്‍പ്പെട്ടത്. ഇത് നിയമവിരുദ്ധമായ നടപടിയായിരുന്നുവെന്ന് കോടതി കണ്ടെത്തി. നാടകാന്തത്തിനുമുന്നേ ഉദ്ധവ് താക്കറെ രാജിവച്ചതിനാല്‍ തങ്ങളുടെ മുഖ്യമന്ത്രിയെ പ്രതിഷ്ഠിക്കാന്‍ ബിജെപിക്കു കഴിഞ്ഞു. ഇതിനു വഴിയൊരുക്കിയ ഗവര്‍ണറും സ്പീക്കറും കുറ്റകരമായി പ്രവര്‍ത്തിച്ചുവെന്ന് കോടതി കണ്ടു. ഉദ്ധവ് തന്നെയാണ് മുഖ്യമന്ത്രിയായി തുടരേണ്ടതെന്ന് കോടതി പറഞ്ഞു. അരുണാചല്‍ പ്രദേശിലെ നബാം തുക്കിയെപ്പോലെ ഉദ്ധവ് താക്കറെയെ അധികാരത്തില്‍ പുനഃപ്രതിഷ്ഠിക്കാന്‍ കഴിയാതെ പോയത് അദ്ദേഹം രാജി വച്ചു പോയതുകൊണ്ടാണ്.

പൂര്‍ണമായ സംസ്ഥാനപദവി ഇല്ലാത്ത ഡല്‍ഹിയില്‍ ഗവര്‍ണറുടെ സ്ഥാനത്ത് ലഫ്റ്റനന്റ‍് ഗവര്‍ണറാണുള്ളത്. പേരിലുള്ള ഔന്നത്യം പദവിയിലില്ല. പദവിയിലും അധികാരത്തിലും ലഫ്റ്റനന്റ‍് ഗവര്‍ണര്‍ സാധാരണ ഗവര്‍ണര്‍ക്കൊപ്പമാണ്. ഡല്‍ഹിയില്‍ ക്രമസമാധാനം, റവന്യൂ എന്നിവ കേന്ദ്രവിഷയമാണ്. ഇവയൊഴികെ എല്ലാ കാര്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്. ഡല്‍ഹി എന്ന കേന്ദ്രത്തിലും ഡല്‍ഹി എന്ന സംസ്ഥാനത്തും ഒരേ പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ പ്രശ്നമില്ലായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി സ്ഥിതി വ്യത്യസ്തമാണ്. ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ചു മാത്രം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായിരിക്കുമ്പോള്‍ ലഫ്റ്റനന്റ‍് ഗവര്‍ണര്‍ക്ക് അപ്രകാരം പരിമിതിയില്ലെന്ന ധാരണയിലാണ് സക്സേന കഴിഞ്ഞിരുന്നത്. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതോടെയാണ് ലഫ്റ്റനന്റ‍് ഗവര്‍ണര്‍ക്ക് ഈ വികല്പമുണ്ടായത്. ജനം തിരഞ്ഞെടുത്ത സര്‍ക്കാരിനുതന്നെയാണ് പ്രാമുഖ്യവും അധീശത്വവുമെന്ന പാഠം പഠിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ഗവര്‍ണര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുത്തു. കേരളത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്രകള്‍ക്കിടയില്‍ ഇല്ലാത്ത നേരം ഉണ്ടാക്കി വായിക്കേണ്ട വിധിയാണ് ഡല്‍ഹി കേസില്‍ സുപ്രീം കോടതി നല്‍കിയത്. നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ നിയമനിര്‍മാണപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും കാണുന്നുണ്ട്. അത്തരക്കാര്‍ക്കുവേണ്ടിയാണ് സുപ്രീം കോടതി അല്പം ഭരണഘടന വായിച്ചുകൊടുത്തത്. ഫെഡറലിസം ഭരണഘടനയുടെ ബേസിക് സ്ട്രക്ചറിന്റെ ഭാഗമാണെന്ന് കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ അന്‍പതാം വര്‍ഷത്തിലും സുപ്രീം കോടതിക്ക് പറയേണ്ടി വന്നിരിക്കുന്നു. വിരസതയുളവാക്കുന്ന ആവര്‍ത്തനമാണിത്.

ജനാധിപത്യത്തിലെ വൈരുധ്യമാണ് നിയമിതനാകുന്ന ഗവര്‍ണര്‍. നമ്മുടെ സംവിധാനത്തിലെ അനിവാര്യതയും ജനാധിപത്യത്തിലെ പരിമിതിയുമാണ് ഗവര്‍ണര്‍ എന്ന കൊളോണിയല്‍ ആഡംബരം. അത് മനസിലാക്കി ലക്ഷ്മണരേഖകള്‍ മുറിയാതെ നോക്കുന്നതിനുള്ള ഉത്തരവാദിത്വം ആ പദവി വഹിക്കുന്നവര്‍ക്കുണ്ട്. മന്ത്രിസഭയുടെ തീരുമാനം സുവിശേഷവാക്യംപോലെ ഗവര്‍ണര്‍ സ്വീകരിക്കണം. മന്ത്രിസഭയുടെ തീരുമാനപ്രകാരം, തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ സമര്‍പ്പിച്ച കേസില്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ക്കും ഒന്നും മനസിലാകുന്നില്ല എന്നുണ്ടോ? നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ കഴിയുംവേഗം തീരുമാനമെടുക്കുന്നതിനുള്ള ഗവര്‍ണറുടെ ഉത്തരവാദിത്വത്തെക്കുറിച്ച് തെലങ്കാന ഗവര്‍ണറെ സുപ്രീം കോടതി ഓര്‍മിപ്പിച്ചത് കഴിഞ്ഞ മാസമാണ്. ആ ഓര്‍മപ്പെടുത്തല്‍ കേരള ഗവര്‍ണര്‍ക്കുവേണ്ടിക്കൂടിയുള്ളതായിരുന്നു.

യുഎസിലെപ്പോലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവര്‍ണര്‍മാരല്ല ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ഗവര്‍ണര്‍മാര്‍ നിയമിതരാണ്. ജനകീയാംഗീകാരത്തോടെ അധികാരം കൈയാളുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അവരില്‍നിന്ന് സഹായം സ്വീകരിക്കുന്ന ഗവര്‍ണര്‍ പ്രവര്‍ത്തനം സുഗമമാകുന്നതിന് അവരെ സഹായിക്കണം. വിവേചനാധികാരം വിവേകത്തോടെ പ്രയോഗിക്കാനുള്ളതാണ്. വിവേകത്തിന്റെ വഴി ഭരണഘടന അടയാളപ്പെടുത്തിയിട്ടുണ്ട്. അതേക്കുറിച്ച് സുപ്രീം കോടതിക്ക് ഹിസ് എക്സലന്‍സിമാരെ നിരന്തരം ഓര്‍മപ്പെടുത്തേണ്ടിവരുന്നത് അപഹാസ്യമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + three =

Most Popular