Friday, November 22, 2024

ad

Homeവിശകലനംകർണാടകയിൽ 
കാലിടറുന്ന ബിജെപി

കർണാടകയിൽ 
കാലിടറുന്ന ബിജെപി

എം എ ബേബി

രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരിക്കുന്നു. അപ്രതീക്ഷിതമല്ല ഈ തോൽവി. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണം നിലവിലുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കർണാടക. അഞ്ചുവർഷം മുമ്പു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയമടഞ്ഞ ബിജെപി, ഓപ്പറേഷൻ കമല എന്ന കച്ചവട രാഷ്ട്രീയത്തിലൂടെ കോൺഗ്രസ്– ജനതാദൾ (സെക്യുലർ) എം എൽഎമാരെ കാലുമാറ്റിച്ചു സ്ഥാപിച്ച ഭരണമാണ് ഇപ്പോൾ നിലംപൊത്തിയത്. അസന്ദിഗ്ധമായ വിജയമാണ് മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസിന് കന്നട ജനത നൽകിയത്. നിയമസഭയിൽ കോൺഗ്രസിന് 135 ഉം ബിജപിക്ക് 66ഉം ജനതാദൾ (എസ്സ്) ന് 19ഉം കെആർപിപിക്ക് 1ഉം സർവോദയ കർണാടകയ്ക്ക് 1 ഉം സ്വതന്ത്രൻ– 1ഉം എന്നതാണ് കക്ഷി നില. 224 അംഗ നിയമസഭയിൽ 135 പേരുടെ ഉറച്ച പിന്തുണ കോൺഗ്രസിനുണ്ട്. കുതിരക്കച്ചവടത്തിലൂടെ കഴിഞ്ഞ തവണ ഉണ്ടായതുപോലെ ബിജെപി ഭരണം പിൻവാതിലിലൂടെ വരില്ല എന്ന് കണക്കുകൂട്ടുവാൻ ധെെര്യം പകരുന്ന ഭൂരിപക്ഷം കോൺഗ്രസിന് ജനങ്ങൾ ഇത്തവണ നൽകിയിരിക്കുന്നു. അത് കോൺഗ്രസ് കളഞ്ഞുകുളിക്കില്ല എന്നു കരുതാം. രാജസ്ഥാനിൽ സച്ചിൻ പെെലറ്റ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വെല്ലുവിളിച്ചും ഹെെക്കമാൻഡിനെ അവഗണിച്ചും നടത്തുന്ന പ്രതിഷേധ പദയാത്ര നേതൃത്വസ്ഥാനത്തിനായി പരസ്യമായ ചേരിപ്പോരു നടത്തുന്ന പ്രവർത്തനശെെലിയിൽ അഭിമാനിക്കുന്ന പാരമ്പര്യം ആ പാർട്ടി മുറുകെപ്പിടിക്കുകയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. കർണാടയിൽ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിൽ മുഖ്യമന്ത്രി പദവിക്കായി നടത്തുന്ന ജീവന്മരണ പോരാട്ടം ഹെെക്കമാൻഡിന്റെ ഇടപെടൽമൂലം താൽകാലികമായി ഒതുക്കിത്തീർത്തേക്കും. എന്നാൽ അത് വീണ്ടും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നതും നമുക്കറിയാവുന്ന കാര്യമാണ്. പരിതാപകരമായ തോൽവിയാണ് ബിജെപിക്കുണ്ടായത്. അവരുടെ 12 കാബിനറ്റ് മന്ത്രിമാർ തോറ്റു തുന്നംപാടി. പ്രധാനപ്പെട്ട ഒരു മന്ത്രി സോമണ്ണ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്ക് എതിരെന്നപോലെ രണ്ടാമതൊരു മണ്ഡലത്തിൽനിന്നു കൂടി മൽസരിച്ചു. രണ്ടിടത്തും തോറ്റു. 9 ജില്ലകളിൽ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടിയില്ല. അക്കൂട്ടത്തിൽ ആർഎസ്എസ് – ബിജെപി കൂട്ടാളികളുടെ വൻസ്വാധീന മേഖലയായ കൊടക്, ചിക്കമംഗ്ലൂർ ജില്ലകളും ഉൾപ്പെടും. ഇതിനുപുറമെ വേറെ എട്ടു ജില്ലകളിൽ ഒരൊറ്റ സീറ്റ് മാത്രമാണ് ബിജെപിക്കു കിട്ടിയത്. 7 ജില്ലകളിൽ അവർക്ക് കഷ്ടിച്ച് രണ്ടു സീറ്റുകൾ ലഭിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അതിന്റെ പ്രാഥമിക വിലയിരുത്തലിൽ ചൂണ്ടിക്കാണിച്ചതുപോലെ, ബിജെപിയുടെ ദുർഭരണത്തിനും വർഗീയതയ്ക്കും അഴിമതിക്കുമെതിരായ ശക്തമായ വിധിയെഴുത്തായി തിരഞ്ഞെടുപ്പു ഫലത്തെ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു വേളയിൽ നടത്തിയ നഗ്നമായ വർഗീയ പ്രചാരണങ്ങളെ വോട്ടർമാർ തള്ളിക്കളഞ്ഞു. ‘ബജ്–റംഗ്ബലി’യെ കോൺഗ്രസ് അപമാനിച്ചു എന്നാണ് ബജ്–റംഗ്–ദളിന്റെ തീവ്രവാദ ഭീകരാക്രമണങ്ങളെപ്പറ്റി കോൺഗ്രസ് മാനിഫെസ്റ്റോയിലെ പരാമർശങ്ങളെ നരേന്ദ്രമോദിയും കൂട്ടരും ദുർവ്യാഖ്യാനിച്ചത്. ‘‘അവർ ശ്രീരാമനെ തുറങ്കിലടയ്ക്കാൻ ശ്രമിച്ചു; ഇപ്പോൾ ബജ്റംഗ്ബലിയേയും ആക്രമിക്കുന്നു’’ എന്ന മട്ടിൽ സംഘപരിവാർ ഒരു ലജ്ജയും കൂടാതെ പ്രചാരണ കോലാഹലം അഴിച്ചുവിട്ടു. നേരത്തേ സംസ്ഥാന ബിജെപി സർക്കാർ മുസ്ലീം സമുദായത്തിന് ലഭ്യമായിരുന്ന 4 ശതമാനം പിന്നാക്ക സംവരണം നിർത്തലാക്കിയതും നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനായി ഭൂരിപക്ഷ വർഗീയ അണിനിരത്തൽ ലക്ഷ്യംവച്ചുകൊണ്ടായിരുന്നു. (ആ തീരുമാനം താൽകാലികമായി സുപ്രീംകോടതി തടഞ്ഞുവയ്ക്കുകയുണ്ടായി.) ചുരുക്കത്തിൽ, വർഗീയ ചേരിതിരിവ് ബോധപൂർവം സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക എന്ന സംഘപരിവാറിന്റെ സ്ഥിരം പദ്ധതി കർണാടകയിൽ ആവർത്തിക്കാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽത്തന്നെ നടത്തിയ ഹീനമായ ശ്രമങ്ങൾ പൊളിഞ്ഞുപോകുന്നതാണ് കർണാടകയിൽ കണ്ടത്. ‘ഹിജാബ്’ നിരോധനവും വർഗീയ വിഭജനം ലക്ഷ്യംവെച്ചുകൊണ്ട് സംഘപരിവാർ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു. അതും ന്യൂനപക്ഷ ദൃഢീകരണം ബിജെപിക്കെതിരെ രൂപപ്പെടാനാണ് പക്ഷേ ഇടവരുത്തിയത്. ‘40% കമ്മീഷൻ സർക്കാർ’ എന്ന അപഖ്യാതി ബിജെപി ഭരണത്തെപ്പറ്റി വ്യാപകമായി പ്രചരിച്ചു. വർഗീയതയും അഴിമതിയും കെടുകാര്യസ്ഥതയും ഭരണവിരുദ്ധ വികാരം വ്യാപകമാക്കിയപ്പോൾ തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളും വോട്ടർമാരെ കാര്യമായി സ്വാധീനിക്കുകയുണ്ടായി എന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കിയത്. ‘ലോകനീതി’ – സിഎസ്ഡിഎസ് എന്ന സ്ഥാപനത്തിനുവേണ്ടി വിഭാ ആത്രിയും ഹിമാൻശു കപൂറും നടത്തിയ ഒരു സർവേയിൽ ശ്രദ്ധേയമായ ചില വിവരങ്ങൾ വെളിപ്പെട്ടു. 30% വോട്ടർമാർ തൊഴിലില്ലായ്മ തങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച തിരഞ്ഞെടുപ്പു വിഷയമാണെന്നു പറഞ്ഞു. 2018ലെ തിരഞ്ഞെടുപ്പു കാലത്താകട്ടെ 3% വോട്ടർമാർ മാത്രമാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ബിജെപിയുടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആകട്ടെ നേരത്തെ തൊഴിലുമായി ബന്ധപ്പെട്ട് വലിയ അവകാശവാദങ്ങൾ നടത്തിയിരുന്നു. കർണാടകയിൽ ഏറ്റവും കുറവ് തൊഴിലില്ലായ്മ മാത്രമേ ഉള്ളൂ എന്നും 33 ലക്ഷം പുതിയ തൊഴിലുകൾ സംസ്ഥാന സർക്കാർ ലഭ്യമാക്കി എന്നുമായിരുന്നു പ്രഖ്യാപിച്ചത്. ജനങ്ങളുടെ അനുഭവത്തിൽ അവ വെറും വാക്കുകളായിരുന്നു. 21% പേർ ഇവരുടെ പഠനത്തോട് പ്രതികരിച്ചുകൊണ്ട് ദാരിദ്ര്യം അതീവ ഗുരുതരമായ പ്രശ്നമാണെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. പൊതുവെ വികസനത്തിന്റെ അഭാവം 15% ചൂണ്ടിക്കാട്ടി. പത്തിലൊന്നു പേർ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളും ഉന്നയിച്ചു. (ദി ഹിന്ദു, മേയ് 15, 2023, കൊച്ചിപതിപ്പ്) അഴിമതി വൻതോതിൽ വർദ്ധിച്ചു എന്ന് 51 ശതമാനവും, തുടരുന്നു എന്ന് 35 ശതമാനവും അഭിപ്രായപ്പെടുകയുണ്ടായി എന്നതും വളരെ ശ്രദ്ധേയമാണ്. വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ കോൺഗ്രസ്സിന്റേത് 2018ലെ 38 ശതമാനം ഇപ്പോൾ 43 ശതമാനമായി (5 ശതമാനം വർദ്ധന‍). ബിജെപിക്ക് ഒരു ശതമാനത്തിന്റെ (37%ൽ നിന്ന് 36% ആയി‍) കുറവുണ്ടായി. ജെഡിഎസ്സിന്റേത് 18%ൽനിന്ന് 13% ലേക്ക് കുറഞ്ഞു. ഇതിൽനിന്നും വ്യക്തമാകുന്നത് മുഖ്യമായും ജെഡിഎസ്സിന്റെ വോട്ടു നഷ്ടമാണ് കോൺഗ്രസ് നില മെച്ചപ്പെടുത്തി വൻവിജയം നേടുന്നതിലേക്ക് എത്തിച്ചത് എന്നാണ്. ബിജെപിക്ക് ഒരു ശതമാനത്തിന്റെ ഇടിവു മാത്രമേ സംഭവിച്ചിട്ടുള്ളൂ. അത് അവഗണിക്കാൻ പാടില്ലാത്ത ഘടകമാണ്. ചില സ്ഥലങ്ങളിൽ ബിജെപി റിബലുകൾ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ദക്ഷിണ കർണാടകയിലെ പുട്ടൂർ സീറ്റിൽ ബിജെപി റിബൽ രണ്ടാം സ്ഥാനത്തുവന്നപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ജയിക്കുകയും ബിജെപിയുടെ ഒൗദ്യോഗിക സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. അതുപോലെതന്നെ ശ്രദ്ധിക്കേണ്ടതാണ് ദക്ഷിണ കർണാടകയിൽ പലയിടങ്ങളിലും എസ്ഡിപിഐ സ്ഥാനാർഥികൾ ന്യൂനപക്ഷവോട്ടുകൾ വകഞ്ഞു മാറ്റി ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാനും കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്താനും വഴിയൊരുക്കിയ അനുഭവം. ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയോട് 964 വോട്ടിന് തോറ്റു. അവിടെ എസ്ഡിപിഐ സ്ഥാനാർഥി 1265 വോട്ടു നേടി. മറ്റൊരിടത്ത് ബിജെപി ജയിച്ചത് 810 വോട്ടിന്. അവിടെ എസ്ഡിപിഐക്കു കിട്ടിയ വോട്ട് 2736. ഇനിയൊരിടത്ത് ബിജെപി 1117 വോട്ടിനു ജയിച്ചപ്പോൾ എസ്ഡിപിഐ പിടിച്ചുമാറ്റിയത് 1619 വോട്ട്. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത് ഉചിതമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരണം ഗുണം ചെയ്യുമെന്ന പ്രചാരണത്തിന്റെ ഭാഗമാണല്ലോ ‘ഡബിൾ എഞ്ചിൻ’ ഘടിപ്പിച്ച ഇരട്ടി ശക്തിയോടെയുള്ള ‘വികസനം’ എന്ന പ്രചാരവേല. മുമ്പ് ഇതേ ആശയം വേറെ ഭാഷയിൽ കോൺഗ്രസും നടത്തിയിട്ടുണ്ട് എന്നത് മറക്കേണ്ടതില്ല. എന്നാൽ പ്രധാനമന്ത്രി മോദിയും അമിത്ഷായും അത്യുച്ചത്തിൽ ഈ വാദംവഴി വോട്ടർമാരെ വഴിതെറ്റിക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി രാഷ്ട്രീയ കക്ഷികളെ ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും മാറിമാറി പരീക്ഷിക്കുന്ന രീതി ഇത്തവണയും കർണാടക ആവർത്തിച്ചു എന്നും വാദമുണ്ട്. എന്നാൽ ജനവിരുദ്ധവും അഴിമതിയിൽ മുങ്ങിക്കുളിച്ചതും വർഗീയ വിഭജനം ലക്ഷ്യംവച്ചതുമായ ബിജെപിക്കെതിരായ ജനവിധിയായിത്തന്നെ ഇതിനെ വിലയിരുത്തുന്നതാവും കൂടുതൽ ശരി. ബിജെപിക്ക് 0.35 ശതമാനം വോട്ടുമാത്രം കുറഞ്ഞപ്പോൾ, കോൺഗ്രസിന് 4.74 ശതമാനം വോട്ടു കൂടിയതായി കാണാം. ജനതാദളി (എസ്) ന് ആകട്ടെ 5 ശതമാനം വോട്ടാണ് കുറഞ്ഞിരിക്കുന്നത്. അതിന്റെ നല്ല ഭാഗം കോൺഗ്രസിനു ലഭിച്ചതായി കാണാം. മറ്റുള്ളവർ എന്ന വിഭാഗത്തിൽ 0.4 ശതമാനം വോട്ട് വർദ്ധിച്ചിട്ടുണ്ട്. ജനതാദൾ (എസ്) തിരഞ്ഞെടുപ്പു നാളുകളിൽ അവ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിനോട് വോട്ടർമാർ, വിശേഷിച്ച് ജനതാദൾ (എസ്) അനുകൂലികൾ ഒട്ടും ദാക്ഷിണ്യമില്ലാതെ പ്രതികരിച്ചതാണോ അവരുടെ ശക്തി ഇടിയാനും അത് കോൺഗ്രസിന്റെ സ്വാധീന വർദ്ധനവായി പരിണമിക്കാനും ഇടയായത് എന്ന് പരിശോധിക്കേണ്ടതാണ്. ‘അഴിമതിപ്പണം’ എന്ന ഘടകം ഒരു ദുർഭൂതമായി നമ്മുടെ തിരഞ്ഞെടുപ്പുരംഗം അടക്കി വാഴുന്ന അവസ്ഥയാണെന്ന കാര്യം കർണാടക തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള രാഷ്ട്രീയ മത്സരങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇടതുപക്ഷപ്പാർട്ടികൾ ഒഴികെ മറ്റെല്ലാവരും ഏറെക്കുറെ ഒരുപോലെയാണ്. ബിജെപിക്കാകട്ടെ, ഇലക്ടറൽ ബോണ്ട് എന്ന പദ്ധതി വലിയ സാമ്പത്തികശക്തിയാണ്. അഴിമതിപ്പണത്തിന് നിയമസാധുത നൽകുന്ന തട്ടിപ്പാണ് ‘ഇലക്ടറൽ ബോണ്ട്’ പദ്ധതി എന്ന് പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. 2 ലക്ഷം വോട്ടർമാർക്കും 1500 രൂപ വച്ചു വിതരണം ചെയ്യുന്ന സ്ഥാനാർഥികൾ ഉണ്ട്. 30 കോടി രൂപയാണ് ഒരു അസംബ്ലി മണ്ഡലത്തിൽ മാത്രം ഇത്തരത്തിൽ പല സ്ഥാനാർഥികളും ചെലവിടുന്നത്. ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ! ‘രൊക്കം പണക്കെെമാറ്റം! ലോകത്തിന്റെ കമ്പോളവൽക്കരണത്തിന്റെ ഭാഗമായി രാഷ്ട്രീയ മണ്ഡലത്തിലും തിരഞ്ഞെടുപ്പുരംഗത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ ഈ ഭീകരാവസ്ഥ ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കാതെ ജനാധിപത്യ രാഷ്ട്രീയത്തിന് ഭാവിയില്ല എന്ന വസ്തുത അടിവരയിടേണ്ടതുണ്ട്.

സിപിഐ എം സമീപനം
കർണാടകയിലും ഇന്ത്യയിലും ബിജെപി ഭരണത്തിന് അവസാനം കുറിക്കാനായി സിപിഐ എം അതിന്റെ പരിമിതിക്കുള്ളിൽനിന്നു പ്രചാരണം നടത്താനാണ് തീരുമാനിച്ചത്. അതുകൊണ്ടുതന്നെ, ഇവിടെ നാലു സീറ്റിൽ മാത്രമേ മത്സരിക്കേണ്ടതുള്ളൂ എന്ന് തീരുമാനിച്ചു. ബാക്കി 220 സീറ്റിലും ബിജെപിയെ തോൽപിക്കാൻ ഏറ്റവും ശേഷിയുള്ള സ്ഥാനാർഥിക്ക് സിപിഐ എം പ്രവർത്തകരും അനുഭാവികളും വോട്ടുചെയ്തു. അഞ്ചുവർഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി മത്സരിച്ച് രണ്ടാം സ്ഥാനത്തു വന്ന ബാഗേപള്ളി മണ്ഡലത്തിലാണ് സിപിഐ എം പ്രതീക്ഷാപൂർവം പ്രവർത്തിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ അവിടെ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ തന്നെ തിരഞ്ഞെടുക്കപ്പെടുകയാണ് ചെയ്തത്. സിപിഐ എം രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് മാറി. നേരത്തെ നാലാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി രണ്ടാം സ്ഥാനത്തുമെത്തി. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ ജയിച്ച സുബ്ബറെഡ്ഡി അതിനുമുമ്പ് സ്വതന്ത്രനായി പണബലത്തിൽ അവിടെ നിന്നും ജയിച്ച മദ്യ –ഹോട്ടൽ വ്യവസായ പ്രമുഖനാണ്. ഇപ്പോൾ രണ്ടു തവണയായി കോൺഗ്രസിന്റെ രാഷ്ട്രീയ – സാമ്പത്തിക പിന്തുണ കൂടിയായപ്പോൾ ജയശേഷി പലമടങ്ങ് വർദ്ധിച്ചു. കോവിഡ് കാലഘട്ടത്തിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ആശ്വാസ – രക്ഷാ പ്രവർത്തനങ്ങൾക്കൊപ്പം മുന്നിൽനിന്നു പ്രവർത്തിച്ച ജനകീയ ഡോക്ടറായ അനിൽകുമാറിനെ ജനങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിലും വോട്ടിൽ അത് അപ്പാടെ പ്രതിഫലിച്ചില്ല. 19621 വോട്ട് (11.32%) പിന്തുണയാണ് ലഭിച്ചത്. ഈ മണ്ഡലത്തിൽ അഞ്ചു സ്ഥാനാർഥികൾ രണ്ടര കോടി മുതൽ 20 കോടിവരെ രൂപ വോട്ടർമാർക്ക് നേരിട്ട് വിതരണം ചെയ്തിട്ടുള്ളതായാണ് താഴെതട്ടിൽനിന്നും, സ്ഥാനാർഥികളുടെ സഹായികളിൽനിന്നും മറ്റും ലഭ്യമായ വിവരം. ആ സ്ഥാനത്ത് വോട്ടർമാർക്ക് നേരിട്ട് പണമൊന്നും നൽകാതെ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തി ലഭിച്ച വോട്ടാണ് സിപിഐ എം സ്ഥാനാർഥി ഡോ. അനിൽകുമാറിനു ലഭിച്ച 11.32%. എന്നാൽ അതിന് പ്രത്യേക മൂല്യം നൽകാൻ നമ്മുടെ തിരഞ്ഞെടുപ്പു ചട്ടങ്ങളിൽ വ്യവസ്ഥയില്ലല്ലോ. തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ കോൺഗ്രസ് ജനങ്ങൾക്കുമുന്നിൽ വച്ച വാഗ്ദാനങ്ങളും വോട്ടർമാരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. സൗജന്യ വെെദ്യുതി, സ്ത്രീകൾക്ക് പ്രതിമാസ വരുമാനം, സൗജന്യ ബസ് യാത്ര, 2000 രൂപ തൊഴിലില്ലായ്മ വേതനം തുടങ്ങിയവ ഉദാഹരണം. ഇവ ഓരോന്നും നടപ്പാക്കാൻ കോൺഗ്രസ് സർക്കാർ എന്തു ചെയ്യും എന്ന് കൗതുകപൂർവം വോട്ടർമാർ കാത്തിരിക്കും. ‘ഗരീബി ഹഠാവോ’ പോലെ അവ അവഗണിക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ട്. വർഗീയതയെ ഉറച്ചുനിന്നെതിർക്കാനും, സാമാന്യജനതയുടെ ജീവിതത്തെ ദുരിതമയമാക്കി കുത്തകകളുടെ താൽപര്യം സംരക്ഷിക്കുന്ന തെറ്റായ സാമ്പത്തിക നയസമീപനം തിരുത്താനും കോൺഗ്രസ് മുതിരുമോ എന്ന ചോദ്യം ഇത്തരുണത്തിൽ പ്രസക്തമാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ വർഗീയ ബിജെപിയെ തോൽപിക്കുവാൻ ഓരോ സംസ്ഥാനത്തും ഉചിതമായ കൂട്ടുകെട്ടുകളും നീക്കുപോക്കുകളും രൂപപ്പെടുത്തുന്നതിൽ പക്വതയാർന്ന പങ്കുവഹിക്കുവാൻ പ്രാദേശിക പ്രതിപക്ഷ രാഷ്ട്രീയ പാർടികൾക്കൊപ്പം എത്രമാത്രം യാഥാർഥ്യബോധത്തോടെ മതേതര ദേശീയ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവും എന്നതും നമ്മുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായക ഘടകമാണ്. കർണാടക തിരഞ്ഞെടുപ്പു ഫലത്തെ ആ അർത്ഥത്തിൽ വേണം നോക്കിക്കാണാൻ. ബിജെപി ദക്ഷിണേന്ത്യയിലാകെ തോറ്റെങ്കിലും അവരുടെ അവഗണിക്കാനാവാത്ത സാന്നിദ്ധ്യം ഇവിടെയുണ്ട്. നമ്മുടെ സമൂഹത്തിന്റെ കോശങ്ങളിൽ വർഗീയ രോഗാണുക്കളെ വ്യാപകമായി നിക്ഷേപിക്കാൻ ആർഎസ്എസിനു സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനപ്പുറം വർഗീയതയ്ക്കെതിരായ സമരം അഗാധമാക്കേണ്ടതുണ്ട്. ബാംഗ്ലൂരിൽനിന്നുള്ള പുതിയ വാർത്ത: നാളെ (മെയ് 18) ഉച്ചതിരിഞ്ഞ് 3.30ന് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുമെന്ന അറിയിപ്പിന്റെ പകർപ്പ് ബാംഗ്ലൂരിൽ പാർട്ടി യോഗത്തിൽ സംബന്ധിക്കുന്നതിനിടയിൽ ഈ ലേഖകൻ കണ്ടു. ചീഫ് സെക്രട്ടറിയുടെ ഔദേ–്യാഗിക ക്ഷണപത്രം. എന്നാൽ രണ്ടു മണിക്കൂറിനുള്ളിൽ ഇത് നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നു. ഡി കെ ശിവകുമാർ തന്റെ അനുയായികളായ 45 കോൺഗ്രസ് എംഎൽഎമാരുമായി പുറത്തുവരാനുള്ള ആഹ്വാനം ഉയരുന്നു. അങ്ങനെയായാൽ കാലുമാറ്റ നിയമം ബാധകമാവില്ല! ബിജെപി, ജെഡി(എസ്) എന്നിവരുമായി ചേർന്നാൽ 130 അംഗ പിന്തുണയാകും എന്നും ചർച്ചയുണ്ട്. വീണ്ടും റിസോർട്ടുകൾ സജീവമാകുമോ? കാര്യങ്ങൾ ഈ നിലയിലെത്തിനിൽക്കവെയാണ് ഒടുവിൽ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇപ്പോൾ ഒത്തുതീർപ്പിലെത്തിയിരിക്കുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമായി മന്ത്രിസഭ രൂപീകരിക്കുന്നു എന്നാണ് അവസാനം ലഭിക്കുന്ന വാർത്ത. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − three =

Most Popular