Sunday, June 4, 2023

ad

Homeപ്രതികരണംരണ്ടാം എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക്

രണ്ടാം എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക്

പിണറായി വിജയൻ

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ജനങ്ങള്‍ തുടര്‍ഭരണത്തിലേറ്റിയിട്ട് 2023 മെയ് 20 ന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. സര്‍വതലസ്പര്‍ശിയും സാമൂഹികനീതിയില്‍ അധിഷ്ഠിതവുമായ വികസനം ഉറപ്പാക്കി മുന്നോട്ടുപോകാൻ ഇക്കാലയളവിൽ സർക്കാരിനു സാധിച്ചിട്ടുണ്ട്. കോവിഡ്, സാമ്പത്തികപ്രതിസന്ധി, കേന്ദ്ര സർക്കാരിൽ നിന്നും അര്‍ഹിക്കുന്ന ആനുകൂല്യംപോലും ലഭിക്കാത്ത അവസ്ഥ, നുണപ്രചരണങ്ങൾ തുടങ്ങി പ്രതികൂലഘടകങ്ങളുടെ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടും അവയെല്ലാം മറികടന്നാണ് കേരളം വികസനത്തിലും ക്ഷേമത്തിലും സുരക്ഷയിലും സമാധാനത്തിലുമെല്ലാം ഏഴു വര്‍ഷമായി അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കുന്നത്.

2016 മുതല്‍ 2021 വരെ അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍‍. കഴിഞ്ഞ രണ്ടു വർഷക്കാലം നിരവധി വെല്ലുവിളികൾ സംസ്ഥാനം നേരിട്ടു. കേന്ദ്ര ഗ്രാന്റുകളിലെ കുറവ്, ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കൽ, സംസ്ഥാനത്തിന്റെ വായ്പ പരിധിയിലെ വെട്ടിക്കുറവ്, സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതത്തില്‍ വരുന്ന ഗണ്യമായ കുറവ് എന്നിവ പൊതു ധനകാര്യ മേഖലയിൽ ഞെരുക്കം സൃഷ്ടിച്ചപ്പോഴും തനത് വരുമാനം വർദ്ധിപ്പിച്ചും ചെലവുകൾ ക്രമീകരിച്ചും സംസ്ഥാന സർക്കാർ ധനകാര്യ രംഗത്തെ പ്രതിസന്ധികള്‍ കൂടാതെ മുന്നോട്ടുകൊണ്ടുപോയി. ആസൂത്രണ പ്രക്രിയയും അധികാര വികേന്ദ്രീകരണവും ഫലപ്രദമായി നടപ്പിലാക്കാനും മൂലധന ചെലവുകൾ വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ധന ദൃഢീകരണത്തിന്റെ പാതയിൽ മുന്നോട്ടുനയിക്കാനും 2021–-22 ല്‍ സ്ഥിരവിലയിലെ ആഭ്യന്തര വരുമാനത്തില്‍ 12 ശതമാനം വളർച്ച കൈവരിക്കാനും കഴിഞ്ഞത് അഭിമാനകരമാണ്. നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കൽ, പശ്ചാത്തല സൗകര്യ വികസനം, പൊതുമേഖലാ സംരക്ഷണം, വിജ്ഞാന മേഖലയിലെ മുന്നോട്ടുള്ള കാൽവയ്പുകൾ എന്നീ ഉദ്യമങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്.


നവകേരളനിര്‍മ്മിതി എന്ന പുരോഗമനാശയവും അത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രായോഗിക നടപടികളുമായാണ് ഈ ഘട്ടത്തില്‍ നാം മുന്നേറുന്നത്. ആരും വിശന്നിരിക്കരുത്.എല്ലാവര്‍ക്കും സുരക്ഷിത ജീവിതവും ഉണ്ടാകണം. അക്കാര്യത്തില്‍ വാശിയുള്ള ഈ സര്‍ക്കാരിന്റെ കരുതലും ആര്‍ദ്രതയും ഇടപെടലും എല്ലായിടത്തുമുണ്ട്. അതുകൊണ്ടാണ് നമുക്കിടയിലെ അതിദരിദ്രകുടുംബങ്ങളെ കണ്ടെത്താനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും അതിദാരിദ്ര്യനിര്‍മാര്‍ജനയജ്ഞം എന്ന പദ്ധതി നടപ്പിലാക്കുന്നത്.

64,006 അതിദരിദ്രകുടുംബങ്ങള്‍ക്ക് ജീവിതത്തിലേക്ക് കരകയറാന്‍ രാജ്യത്താദ്യമായി നമ്മള്‍ ഒരുക്കുന്ന അതിസൂഷക്ഷ്മപദ്ധതിയിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷണവും ചികിത്സയും അവകാശരേഖകളും നല്‍കിക്കഴിഞ്ഞു. തദ്ദേശഭരണസ്ഥാപനങ്ങളിലൂടെ 77,555 അടിയന്തര പദ്ധതികളും 36,269 ഹ്രസ്വകാല പദ്ധതികളും 1,53,624 ദീര്‍ഘകാല പദ്ധതികളുമാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന യജഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.

വീടും അന്നവും അഭയവും വേണ്ടവര്‍ക്ക് ഭക്ഷണവും സുരക്ഷിതവാസകേന്ദ്രങ്ങളും സൗജന്യചികിത്സയും ഒക്കെ നല്‍കി അവരെ നമുക്കൊപ്പം ചേര്‍ത്തുനിര്‍ത്തുകയാണ്. മൂന്നരലക്ഷത്തോളം പേര്‍ക്ക് കൂടണയാന്‍ വീടും 10 ലക്ഷം പേര്‍ക്ക് തൊഴിലും 52 ലക്ഷം പേര്‍ക്ക് പെന്‍ഷനും വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും മികച്ച വിദ്യാഭ്യാസവും പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാന്‍ അവസരവും സ്ത്രീകള്‍ക്ക് സാമ്പത്തികസുരക്ഷയും എൽഡിഎഫ് സര്‍ക്കാര്‍ ഒരുക്കുന്നു.


വിജ്ഞാന തൊഴിലവസരങ്ങള്‍ക്ക് അന്തരീക്ഷം സൃഷ്ടിക്കാന്‍ കേരള നോളജ് ഇക്കോണമി മിഷന് കേരളം രൂപം നല്‍കിക്കഴിഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 13 ലക്ഷം പേരില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇതിനകം 3,831 കമ്പനികള്‍ തൊഴില്‍ വാഗ്ദാനം നല്‍കിക്കഴിഞ്ഞു.

പല കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ട അഞ്ചു ലക്ഷത്തോളം സ്ത്രീകളെ വീണ്ടും തൊഴില്‍രംഗത്ത് എത്തിക്കാന്‍ ‘തൊഴിലരങ്ങത്തേക്ക്’ എന്ന പദ്ധതി ആരംഭിച്ചു. ഒരു ലക്ഷം സംരംഭങ്ങളുമായി വ്യവസായരംഗത്തുണ്ടായ ഉണര്‍വ് വികസനത്തിന്റെ സമസ്തമേഖലകളിലും പ്രതിഫലിക്കുന്നു. സംരംഭക വര്‍ഷത്തിലൂടെ എട്ടുമാസം കൊണ്ട് 7,500 കോടിയിലധികം രൂപയുടെ നിക്ഷേപ സമാഹരണം നടത്താനും ഒരു ലക്ഷം സംരംഭങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് ഒന്നരലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിക്കാനും സാധിച്ചു. ഇതിലൂടെ രണ്ടരലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഈ പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായും തിരഞ്ഞെടുത്തു കഴിഞ്ഞു.

അടിസ്ഥാനസൗകര്യവികസനത്തില്‍ അതിവേഗറോഡുകളും ഹൈവേകളും നിര്‍മ്മിക്കുന്നതിനൊപ്പം ബദല്‍ സഞ്ചാരപാതകളും യാത്രാമാര്‍ഗങ്ങളും ഒരുക്കുന്ന സര്‍ക്കാര്‍ ഭാവികേരളത്തിന് മികച്ച യാത്രാ സൗകര്യം ഉറപ്പാക്കുന്നു. തെക്ക് കോവളം മുതല്‍ വടക്ക് ഹോസ്ദുര്‍ഗ് വരെ 590 കി.മീറ്ററില്‍ നദികളെയും കായലുകളെയും ബന്ധിപ്പിച്ചുകൊണ്ടും അവയില്ലാത്ത സ്ഥലങ്ങളില്‍ കനാലുകളിലൂടേയും ഗതാഗതം സാധ്യമാക്കിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ജലപാതയാണ് നാം നിര്‍മ്മിച്ചുവരുന്നത്.


2025 ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള 168 കി.മീറ്റര്‍ പാത ഉപയോഗക്ഷമമായിക്കഴിഞ്ഞു. കൊച്ചിയില്‍ വാട്ടര്‍മെട്രോയും യാഥാര്‍ഥ്യമായി. ആര്‍ദ്രതയും കരുതലും ഉറപ്പാക്കി, ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത ഇടപെടലാണ് സാധ്യമാക്കുന്നത്. എല്ലാ ആശുപത്രികളുടെയും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയും ജീവിതശൈലീരോഗങ്ങളെ ചെറുക്കുകയെന്ന ഭാവി വെല്ലുവിളിയെ നേരിട്ടും ഡയാലിസിസ് സൗകര്യം വീട്ടില്‍തന്നെ ഒരുക്കിയുമെല്ലാം ആരോഗ്യരംഗത്തെ കരുത്തുറ്റതാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്.

വിദ്യാഭ്യാസ മുന്നേറ്റത്തിലും ഉന്നതവിദ്യാഭ്യാസ രംഗത്തും അര്‍ഥപൂര്‍ണ്ണമായ തുടര്‍ച്ചയും പരിവര്‍ത്തനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴില്‍സൃഷ്ടിയിലും നാം മികവ് പുലര്‍ത്തുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍, കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍, സ്ത്രീശാക്തീകരണത്തില്‍ തുടങ്ങി എല്ലായിടത്തുമുള്ള കേരളത്തിന്റെ മികവ് മറ്റു പലര്‍ക്കും മാതൃകയാകുന്നു. എന്നാല്‍ ഏതു പദ്ധതിയെയും വിവാദമാക്കാനുള്ള പ്രവണതയാണ് ചിലര്‍ക്കുള്ളത്. വികസനവിരോധമാണ് അത്തരക്കാരെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ എന്ത് പ്രതിസന്ധി ഉണ്ടായാലും നാടിന്റെ വികസനത്തില്‍ ഈ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല.

സര്‍വ്വോപരി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമായി നിലകൊണ്ടു. ഒരു സംസ്ഥാനമെന്ന നിലയില്‍ മാനവവിഭവ വികസന സൂചികകളില്‍ ലോകശ്രദ്ധയാകര്‍ഷിച്ച പുരോഗതി കൈവരിച്ച കേരളം മതസൗഹാര്‍ദ്ദത്തിന്റെയും ഉത്തമ മാതൃക കൂടിയാണ്. നമ്മുടെ നേട്ടങ്ങളെ തുരങ്കം വയ്ക്കുവാനും വികസന-ക്ഷേമ പദ്ധതികള്‍ തടസ്സപ്പെടുത്തുവാനും ചില കോണുകളില്‍ നിന്നും നടന്നുവരുന്ന ശ്രമങ്ങള്‍ കേരള ജനത തള്ളിക്കളയുമെന്ന് ഉറപ്പാണ്.

വര്‍ത്തമാനകാലത്ത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നേരിടുന്ന അസാധാരണമായ വെല്ലുവിളികളെ ചെറുക്കുവാനും ജനപക്ഷ നയങ്ങൾ ഉയർത്തിപ്പിടിക്കുവാനും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന സർക്കാര്‍ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തിവരികയാണ്. ഇതിന് പൊതുസമൂഹം നല്ല രീതിയില്‍ പിന്തുണ നല്‍കുന്നുമുണ്ട്.

ഏഴുവര്‍ഷത്തിനു മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ദേശീയപാത വികസനം മുതല്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിവരെ നടക്കില്ലെന്നു കരുതി ഉപേക്ഷിച്ചിരുന്ന അവസ്ഥയില്‍നിന്നാണ് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് കേരളം ഈ തരത്തില്‍ കരകയറിയത്. ആ മുന്നേറ്റത്തില്‍ ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഈ സര്‍ക്കാരിന്റെ കരുത്ത്.

തിരഞ്ഞെടുപ്പ് വേളയില്‍ മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നത് സംബന്ധിച്ച് ജനങ്ങളുടെ മുമ്പാകെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന രീതി രാജ്യത്ത് പ്രാവർത്തികമാക്കിയത് എൽഡിഎഫ് സർക്കാരാണ്. 2016 മുതല്‍ ഒരോ വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രതിപാദിച്ച വിഷയങ്ങളില്‍ 2022-–23 വര്‍ഷം നടപ്പിലാക്കിയ വികസന-ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടാണ് ജനസമക്ഷം അവതരിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പായി എന്നതിന്റെ വിശദമായ അവലോകനം ഒരോ വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴും പൊതുസമൂഹത്തില്‍ സമര്‍പ്പിക്കുന്ന കീഴ്–വഴക്കം എല്‍‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന് കേരളം നൽകിയ തനത് സംഭാവനയാണ്.

ജനക്ഷേമ നയങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക വേളയില്‍‌ ജനങ്ങൾക്കു മുൻപാകെ സമർപ്പിക്കും. ഈ റിപ്പോര്‍ട്ടിന്മേലുള്ള പൊതുസമൂഹത്തിന്റെ വിലപ്പെട്ട അഭിപ്രായങ്ങൾ ശേഖരിച്ച് കൂടുതൽ ദിശാബോധത്തോടെയും കരുത്തോടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടു പോകും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =

Most Popular