Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിശ്രീനാരായണഗുരുവും വൈക്കം സത്യാഗ്രഹവും

ശ്രീനാരായണഗുരുവും വൈക്കം സത്യാഗ്രഹവും

ഗോപകുമാരൻ

ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ അതോ നിർമ്മമമായ നിലപാടാണോ സ്വീകരിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സമരകാലത്ത് തന്നെ തർക്കങ്ങൾ ഉടലെടുത്തിരുന്നു. സത്യാഗ്രഹത്തിനു ഗുരു പ്രതികൂലമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത് രണ്ടു കൂട്ടരാണ്. ഒന്നാമത്തെ കൂട്ടർ, ഭരണവർഗ്ഗത്തിന്റെ ഭാഗമായിട്ടുള്ള യാഥാസ്ഥിതികർ. രണ്ടാമത്തെ കൂട്ടർ എസ്.എൻ.ഡി.പി യോഗത്തിനോട് ബന്ധപ്പെട്ടിട്ടുള്ള, ക്ഷേത്ര കാര്യങ്ങളോട് താല്പര്യമില്ലാത്തവരും ആവശ്യമെങ്കിൽ ഹിന്ദു മതം ഉപേക്ഷിക്കാമെന്ന് നിലപാടുള്ളവരുമായവർ. ഇത്തരം വിവാദങ്ങൾക്ക് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത് പ്രധാനമായും ടി കെ മാധവന്റെ പത്രാധിപത്യത്തിലുളള ദേശാഭിമാനിയിലെ 1924 മെയ് 31 ൽ പ്രസിദ്ധീകരിച്ച, എസ്.എൻ.ഡി.പി യോഗം നേതാവായിരുന്ന കെ എം കേശവനും ശ്രീനാരായണഗുരുവുമായുള്ള അഭിമുഖമായിരുന്നു. വിവാദമായ അഭിമുഖത്തിലെ പ്രസക്ത ഭാഗം ചുവടെ ചേർക്കുന്നു.

കെ എം: സത്യാഗ്രഹികളുടെ സഹനശക്തികൊണ്ട് വിപരീതക്കാരുടെയും ഗവൺമെന്റിന്റെയും അനുകമ്പ സമ്പാദിച്ചു കാര്യം നേടുമെന്നാണ് മഹാത്മാഗാന്ധി പറയുന്നത്.

സ്വാമികൾ: അതു ശരിതന്നെ, സഹനശക്തി വേണം. അതു മഴ നനയുന്നതിനും പട്ടിണികിടക്കുന്നതിനുമല്ല വേണ്ടത്. എവിടെ ഒരാൾ കടക്കാൻ പാടില്ലെന്നു പറയുന്നുവോ, അവിടെ അവൻ കടക്കണം. അതിൽ വരുന്ന സങ്കടങ്ങൾ അനുഭവിക്കണം, അടിച്ചാൽ കൊള്ളണം, അങ്ങോട്ട് അടിക്കരുത്. എന്നാൽ വേലികെട്ടിയാൽ ഇങ്ങേപ്പുറത്തു നില്ക്കരുത്. അതിന്റെ മീതേക്കൂടി കയറണം. റോഡിൽ മാത്രം നടന്നാൽ പോരാ, ക്ഷേത്രത്തിൽത്തന്നെ കയറണം. അത് ഒരിടത്തു പോരാ, എല്ലാ ക്ഷേത്രങ്ങളിലും കയറണം, എന്നും കയറണം, എല്ലാവരും കയറണം. പാൽപ്പായസം വെക്കുമ്പോൾ ചെന്നു കോരിക്കുടിക്കണം. സദ്യയിൽ ചെന്നു പന്തിയിൽ ഇരിക്കണം. വിവരങ്ങൾ എല്ലാം അപ്പഴപ്പോൾ ഗവൺമെന്റിനെ അറിയിക്കണം. മരിക്കാനും മടിക്കരുത്. മനുഷ്യനെ തൊട്ടാൽ മനുഷ്യൻ അശുദ്ധിയാകുമെന്നു വിചാരിക്കുന്നവർക്ക് യാതൊന്നും ശുദ്ധമായിരുന്നു പ്രവർത്തിക്കാൻ ഇടകൊടുക്കരുത്. ഇങ്ങനെയാണ് നമ്മുടെ അഭിപ്രായം.

ഇതെല്ലാം പത്രത്തിലും എഴുതണം. അതിനാണ് പറയുന്നത്. നമുക്ക് ഇത് പൂർണ്ണസമ്മതമാണെന്ന് ജനങ്ങൾ അറിയട്ടെ. പക്ഷേ അക്രമം, അടിപിടി ഒന്നും പാടില്ല. അതെല്ലാം വന്നാൽ നാം സഹിച്ചുകൊള്ളണം.

ഈ ലേഖനത്തിനോടുള്ള പ്രതികരണമായി ഗാന്ധിജി 1924 ജൂലൈ 1 ലെ യങ് ഇന്ത്യയിൽ ഇപ്രകാരം കുറിപ്പെഴുതി:

‘‘ഈഴവരുടെ ആധ്യാത്മിക നേതാവായ ശ്രീനാരായണഗുരു വൈക്കത്തെ സത്യഗ്രഹസമ്പ്രദായങ്ങളോട് തനിക്ക് ആനുകൂല്യമില്ലെന്ന് വെളിപ്പെടുത്തിയതായി കേൾക്കുന്നു. സന്നദ്ധഭടന്മാർ വഴിക്കോട്ടകൾ സ്ഥാപിച്ചിട്ടുള്ള റോഡുകളിൽക്കൂടി മുമ്പോട്ടു പോയി ആ വഴിക്കോട്ടകൾ ചാടിക്കടക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. അവർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുകയും ഭക്ഷണം കഴിക്കുന്നതിനു മറ്റുള്ളവരോടൊപ്പം ഇരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നു.

നിർദേശിക്കപ്പെട്ടിരിക്കുന്ന പ്രവൃത്തി സത്യഗ്രഹമല്ല. വഴിക്കോട്ടകൾ ചാടിക്കടക്കുന്നത് തുറന്ന അക്രമം ആണ്. വഴിക്കോട്ടകൾ ചാടിക്കടക്കാമെങ്കിൽ എന്തുകൊണ്ട് ക്ഷേത്രകവാടങ്ങൾ പൊളിച്ചുകൂടാ? എന്തുകൊണ്ട് ക്ഷേത്രഭിത്തികൾ തകർത്തുകൂടാ? ശാരീരികശക്തി പ്രയോഗിക്കാതെ സന്നദ്ധഭടന്മാർക്ക് പൊലീസ്–നിര ഭേദിക്കുന്നതിന് എങ്ങനെയാണ് കഴിയുക? ഈ മാർഗം ഉപയോഗിച്ച് തിയ്യന്മാർക്ക് അവരുടെ കാര്യം നേടിയെടുക്കാൻ കഴിയുകയില്ലെന്ന് ഞാൻ പറയുകയില്ല. ഒരു കാര്യം മാത്രം.- അവർക്ക് ശക്തി ഉണ്ടായിരിക്കണം. വേണ്ടുവോളം ആളുകൾ ചാകാൻ സന്നദ്ധരായിരിക്കണം. അവർ അങ്ങനെ കാര്യം സാധിച്ചാൽ അത് സത്യഗ്രഹത്തിനു കടകവിരുദ്ധമായ മാർഗം ഉപയോഗിച്ചിട്ടായിരിക്കും എന്നേ എനിക്കഭിപ്രായമുള്ളൂ. എന്നാൽപ്പോലും അവർക്ക് യാഥാസ്ഥിതികരുടെ മനസ്സു മാറ്റാൻ കഴിഞ്ഞിട്ടുണ്ടാവുകയില്ല. അതുകൊണ്ട് എനിക്ക് സത്യഗ്രഹസംഘാടകരോട് ആവശ്യപ്പെടാനുള്ളത്, ലക്ഷ്യം നേടുന്നതിനു കാലതാമസം ഉണ്ടായാലും ശരി, ഇല്ലെങ്കിലും ശരി, അതിനുള്ള മാർഗം ആത്മപീഡനംകൊണ്ടും ആത്മശുദ്ധീകരണംകൊണ്ടും സമാധാനപരമായ രീതിയിൽ യാഥാസ്ഥിതികരുടെ മനസ്സു മാറ്റുക എന്നതാണ്. അതല്ലാതെ മറ്റു മാർഗമൊന്നുമില്ല.

ശ്രീ നാരായണഗുരുവിന്റെ സന്ദേശം
ഗുരുദേവൻ വൈക്കം സത്യാഗ്രഹത്തിന് എതിരാണെന്ന ഒരു തെറ്റിദ്ധാരണ ജനമദ്ധ്യത്തിൽ ഇളക്കിവിടാൻ ഒരുകൂട്ടർ അക്കാലത്തുതന്നെ ശ്രമിച്ചിരുന്നു. ഇന്നും സത്യാഗ്രഹത്തിന്റെ നൂറാം പിറന്നാൾ കാലത്തും ആ ശ്രമം അവസാനിച്ചിട്ടുമില്ല. ഡോ പൽപ്പുവിന്റെ അപ്രകാശിത രേഖകളിൽ നിന്നും ചില വരികൾ ഉദ്ധരിച്ചുകൊണ്ട് സ്വാമികൾ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചിരുന്നില്ല എന്നു ചില ചരിത്ര ഗവേഷകർ ലേഖനമെഴുതി. അന്നത്തെ ഗവൺമെന്റിന്റെ സേവകർ എഴുതിയ പത്രക്കുറിപ്പുകൾ ചികഞ്ഞെടുത്തുദ്ധരിച്ചുകൊണ്ട് വി.കെ.കെ.മേനോൻ എഴുതി “History of Freedom Movement in Kerala’ എന്ന ഗ്രന്ഥത്തിലും ഇതേ തെറ്റായ വിവരണം തന്നെയാണ് കൊടുത്തിരിക്കുന്നത്. വൈക്കം സത്യാഗ്രഹാശ്രമം സ്ഥാപിക്കാൻ വെല്ലൂർ മഠം സ്വാമികൾ വിട്ടുകൊടുത്തു. സത്യാഗ്രഹികളെ സഹായിക്കാൻ ശിവഗിരിയിൽ ഒരു ഫണ്ട് ഏർപ്പെടുത്തി. 1100 കന്നി 12–ാം തീയതി വൈക്കം സത്യാഗ്രഹാശ്രമം ഗുരുദേവൻ സന്ദർശിച്ചു. 13-ാം തീയതി സത്യാഗ്രഹികളുടെ പ്രാർത്ഥനയിൽ പങ്കുകൊള്ളുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. ഇവയൊക്കെ പരസ്യമായിട്ടുമായിരുന്നു. എന്നിട്ടും ഗുരുദേവൻ വൈക്കം സത്യാഗ്രഹത്തിനെതിരായിരുന്നുപോലും! ഇങ്ങനെ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിരുന്നവർക്കും ഇന്നും ആ തെറ്റിദ്ധാരണയെ മുറുകെപ്പിടിക്കുന്നവർക്കും ഗുരുദേവൻ അന്നുതന്നെ നൽകിയ മറുപടിയാണ് ഈ “സന്ദേശം”. 1924 ജൂലായ് മൂന്നാം തീയതിയിലെ കേരളകൗമുദി 6–ാം പുസ്തകം 16-ാം ലക്കത്തിൽനിന്ന്.അശുദ്ധാചാരം ഇല്ലാതാക്കേണ്ടത് സമുദായങ്ങളുടെ സുഖജീവിതത്തിന് അത്യാവശ്യമാണ്. അതിനായി മഹാത്മാഗാന്ധി സ്വീകരിച്ചിട്ടുള്ള സത്യാഗ്രഹ പ്രസ്ഥാനത്തോടും അതിൽ ജനങ്ങൾ ചെയ്യുന്ന സഹകരണത്തോടും നമുക്കു വിപരീതാഭിപ്രായമില്ല. അശുദ്ധാചാരം ഇല്ലാതാക്കുവാൻ ജനങ്ങൾ സ്വീകരിക്കുന്ന ഏതു മാർഗ്ഗവും അക്രമരഹിതമായിരിക്കണം.മുട്ടയ്ക്കാട് (ഒപ്പ്)
27/06/1924 നാരായണഗുരു

 

അഭിമുഖത്തിന് ശ്രീനാരായണഗുരു നൽകിയ
വിശദീകരണക്കുറിപ്പ്:
തീവണ്ടിയിൽവെച്ച് കെ.എം. കേശവൻ എന്നെ കണ്ട് നടത്തിയ അഭിമുഖസംഭാഷണത്തിന്റെ റിപ്പോർട്ട് ദേശാഭിമാനിയിൽ പ്രസിദ്ധം ചെയ്തുകണ്ടു. അത് ഞാൻ ഉദ്ദേശിക്കുന്നതെന്താണെന്ന് ശരിയായി മനസ്സിലാക്കാതെ തയ്യാറാക്കിയ റിപ്പോർട്ടാണ്. പ്രസിദ്ധപ്പെടുത്തും മുൻപ് ആ റിപ്പോർട്ട് എന്നെ കാണിച്ചിട്ടില്ല. പ്രസിദ്ധം ചെയ്തുകഴിഞ്ഞിട്ടും ഞാൻ ഉടനെ അത് കണ്ടില്ല. സാമൂഹികമായ സൗഹാർദമനോഭാവം നേടിയെടുക്കുന്നതിന് അയിത്തത്തിന്റെ നിവാരണം അത്യന്താപേക്ഷിതമാണ്. മഹാത്മാഗാന്ധി ഈ തിന്മ നിവാരണം ചെയ്യുന്നതിനുവേണ്ടി നടത്തുന്ന സത്യാഗ്രഹപ്രസ്ഥാനത്തോടോ, ജനങ്ങൾ ആ സത്യാഗ്രഹത്തിൽ സഹകരിക്കുന്നതിനോടോ എനിക്കു യാതൊരു അഭിപ്രായവ്യത്യാസവുമില്ല. അയിത്തോച്ചാടനത്തിനുവേണ്ടി സ്വീകരിക്കുന്ന ഏതു പ്രവർത്തനമാർഗവും തികച്ചും അഹിംസാനിഷ്ഠമായിരിക്കേണ്ടതാണ്.
1924 ജൂലായ് 10 ശ്രീനാരായണഗുരു.

 

ശ്രീനാരായണഗുരു വൈക്കത്ത്
ടി. കെ. മാധവൻ അപേക്ഷിച്ചതനുസരിച്ച് ശ്രീനാരായണഗുരു വൈക്കത്തെത്താൻ സമ്മതിച്ചു. 1924 സെപ്തംബർ 27 നാണ് ഗുരു വൈക്കം ആശ്രമത്തിലെത്തിയത്. രണ്ടാഴ്ച വൈക്കത്ത് താമസിച്ച് സത്യാഗ്രഹികളുമായി സഹവസിച്ച് ആശ്രമത്തിലെ സജ്ജീകരണങ്ങളെല്ലാം കണ്ടു ബോധ്യപ്പെട്ടാണ് ഗുരു വൈക്കത്തുനിന്ന് തിരിച്ചുപോയത്.

ശ്രീനാരായണഗുരു സെപ്തംബർ 27 ന് ഉച്ചയ്ക്ക് ബോട്ടിലാണ് വൈക്കത്തെത്തിയത്. ആശ്രമത്തിലെ വളണ്ടിയർമാരും മറ്റനേകം ജനങ്ങളും ഗുരുവിനെ സ്വീകരിക്കാൻ ബോട്ടുജെട്ടിയിൽ എത്തിയിരുന്നു. സത്യാഗ്രഹികൾക്കുവേണ്ടി എൻ. നാരായണൻ സ്വാമികൾക്ക് മനോഹരമായ ഒരു ഖദർഹാരം അണിയിച്ചു. ആ മാല വളരെ നേരം ഗുരു കഴുത്തിൽ അണിയുകയുണ്ടായി. സ്വാമി ധരിച്ചിരുന്നത് ഒരു ഖദർ മുണ്ടും ഷാളുമായിരുന്നു. ആലുവായിലെ അദ്വൈതാശ്രമത്തിലേക്ക് 30 ചർക്കകൾ പണി ചെയ്ത് അയയ്ക്കണമെന്ന് സ്വാമികൾ ആവശ്യപ്പെട്ടു. സ്വാമികൾക്ക് നൂൽ നൂൽക്കാനായി ഒരു ചർക്ക വേറെയും വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. സത്യഗ്രഹാശ്രമത്തിലേക്കു നടന്നുവന്ന ഗുരു ആശ്രമവളപ്പിലെ ഓരോ ഡിപ്പാർട്ട്മെന്റും സന്ദർശിച്ചു. സെക്രട്ടറിയുടെ ഓഫീസ്, പബ്ലിസിറ്റി ഓഫീസ്, ക്യാപ്റ്റന്റെ ഓഫീസ്, വായനശാല, വളണ്ടിയർമാരുടെ ശയനസ്ഥലം, ആശുപത്രി, അടുക്കള, ഭക്ഷണശാല, സ്റ്റോർ, നൂൽ നൂൽപ്പ് ഡിപ്പാർട്ട്മെന്റിന്റെ ശാഖകൾ, നെയ്ത്തുതറികൾ, സാനിറ്ററി ഡിപ്പാർട്ട്മെന്റ് ഇവയെല്ലാം സ്വാമികൾ സൂക്ഷ്മതയോടെ പരിശോധിച്ചു. ആശ്രമത്തിലെ എല്ലാ വിഭാഗങ്ങളും സന്ദർശിച്ചു തൃപ്തനായി. അവിടെത്തന്നെ തയ്യാർ ചെയ്തിരുന്ന മഠത്തിലാണ് സ്വാമികൾ താമസിച്ചത്. വളണ്ടിയർ സംഘങ്ങൾ സത്യഗ്രഹത്തിനായി പോകുമ്പോഴും മടങ്ങുമ്പോഴും സ്വാമികൾ പ്രത്യേകം അനുകമ്പയോടും കൗതുകത്തോടും നോക്കിനില്ക്കാറുണ്ടായിരുന്നു.

ശ്രീനാരായണഗുരു വൈക്കത്ത് എത്തിയതിനെക്കുറിച്ച് 1924 ഒക്ടോബർ 11-ാം തീയതിയിലെ ദേശാഭിമാനിയുടെ മുഖപ്രസംഗം:

‘ശ്രീനാരായണഗുരു സ്വാമി തൃപ്പാദങ്ങൾ വൈക്കത്തെത്തി ഏതാനും ദിവസം സത്യാഗ്രഹാശ്രമത്തിൽ താമസിച്ച് അവിടത്തെ നടപടികൾ വീക്ഷിച്ചു തൃപ്തിപ്പെട്ടു മടങ്ങിയിരിക്കുന്നു. സ്വാമികൾ ആശ്രമത്തിൽ സാന്നിധ്യം ചെയ്തിരുന്ന സന്ദർഭത്തിൽ അവിടത്തെ ഓരോ ഏർപ്പാടുകളും പ്രത്യേകം ശ്രദ്ധിച്ചു മനസ്സിലാക്കുകയും ആവശ്യം എന്നുകണ്ട് കൂടുതൽ ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കോൺഗ്രസ്സ് അയിത്തോച്ചാടന കമ്മിറ്റി ആംരംഭിച്ചിരിക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിൽ ആരും അവിശ്വസിച്ചിട്ട് ആവശ്യമില്ലെന്നും അത്രമാത്രം സത്യധർമ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രസ്ഥാനം നയിക്കുന്നതെന്നും തന്നെയാണ് സ്വാമികളുടേയും അഭിപ്രായം. ചർക്കയിലും നൂൽനൂൽപ്പിലും സ്വാമികൾക്കുള്ള താല്പര്യവും തൃപ്തിയും ദേവപ്രതിഷ്ഠ ചെയ്യുന്ന അദ്ദേഹത്തിന്റെ പരിപാവനമായ കരങ്ങളെക്കൊണ്ട് അതു ചെയ്യാൻ കൂടെ സന്നദ്ധനായതിനാൽ നിന്നും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉടുപ്പും തൊപ്പിയും ധരിക്കുന്നത് തനിക്കിഷ്ടമല്ലെങ്കിലും തൽക്കാലത്തേക്ക് അതു ധരിച്ച് ഒരു വളണ്ടിയറായിപോയി സത്യാഗ്രഹം അനുഷ്ഠിക്കുന്നതിന് താൻ സന്നദ്ധനാണെന്നും തൃപ്പാദങ്ങൾ പ്രസ്താവിക്കുകയുണ്ടായി. മഹാത്മാഗാന്ധിയുടെ ആരോഗ്യത്തിനു പ്രാർത്ഥിക്കാൻ സ്വാമികളുടെ അധ്യക്ഷതയിൽ കൂടിയ ഒരു സഭയിൽ, സ്വാമികളും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളാൻ ഇടയായത് നമ്മുടെ മഹാഭാഗ്യമെന്നു സത്യവ്രതസ്വാമികൾ പ്രസംഗിച്ചപ്പോൾ “പങ്കുകൊള്ളാനല്ല പ്രാർത്ഥിക്കാനാണ് പ്രധാനമായി തുടങ്ങുന്നത്’’ എന്നു കല്പിക്കുകയും എഴുന്നേറ്റു നിന്ന് ഏതാനും മിനിട്ടുനേരം ധ്യാനിക്കുകയും ചെയ്തു. സ്വാമിപാദങ്ങൾ ആൾക്കൂട്ടത്തിൽ പരസ്യസ്ഥലത്തുവെച്ചു ഒരു ധ്യാനം നടത്തുന്നത് ഇതാദ്യമായിട്ടാണെന്ന് തോന്നുന്നു. വെറും ഒരു സന്ദർശകന്റെ നിലയിലല്ല, സത്യാഗ്രഹനേതാവായ ഒരു ഉപദേശകന്റെ സ്ഥാനമാണ് സ്വാമികളുടെ സാന്നിധ്യം മൂലം വൈക്കം സത്യാഗ്രഹികൾക്ക് അനുഭവമായിത്തീർന്നിരിക്കുന്നത്. ഈ അനുഭവം അവർക്കൊരു നവജീവൻ ഉണ്ടാക്കിയിരിക്കുമെന്നുള്ളതിനു സംശയമില്ല. തൃപ്പാദ തണലിനെ ആശ്രയിച്ചു കഴിയുന്നവരും അസ്വാതന്ത്ര്യങ്ങളും അസമത്വങ്ങളും ദൂരീകരിക്കുന്നതിനായി നിരന്തരം പ്രയത്നിക്കുന്നവരുമായ ഈഴവർക്ക് ഈ സംഗതി ഏറ്റവും ചാരിതാർത്ഥ്യത്തിനും സന്തോഷത്തിനും ഇടയാക്കിടയിട്ടുണ്ട്. മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹത്തിന്റെ പൂർണ്ണ ചുമതല കയ്യേറ്റതും ശ്രീനാരായണഗുരു സ്വാമികൾ വൈക്കത്തെത്തി ഈ പ്രസ്ഥാനത്തോട് അദ്ദേഹത്തിനുള്ള സമ്പൂർണ്ണമായ ആനുകൂല്യം പ്രത്യക്ഷപ്പെടുത്തിയതും മിക്കവാറും ഏകകാലത്തായിരുന്നു. ഈ “കാകതാലീയം’ വൈക്കം സത്യാഗ്രഹത്തിന്റെ വിജയം ശുഭകരവും ശീഘ്രതരവുമാണെന്ന് സ്പഷ്ടമാക്കുകയാണു ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതിൽ അശ്ശേഷം അബദ്ധമില്ല’.

ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹ ഫണ്ടിലേക്ക് ആയിരം രൂപ സംഭാവന നൽകി. ശിവഗിരി മഠത്തിൽ സത്യഗ്രഹ ഫണ്ടിലേക്കായി ഒരു ഭണ്ഡാരം ഏർപ്പെടുത്തി. അതിന്റെ ആവശ്യത്തിനായി വൈകുന്നേരങ്ങളിൽ സന്ന്യാസിമാർ വീടുകളിൽ കയറി ധനശേഖരണം നടത്തി. ഇതിലെല്ലാം ഉപരി, വൈക്കത്തുള്ള ഗുരുവിന്റെ ആശ്രമമാണ് സത്യഗ്രഹ വളണ്ടിയേഴ്സിന്റെ ക്യാമ്പായി പ്രവർത്തിച്ചത്. ഇങ്ങനെ പല തരത്തിലുള്ള ഗുരുവിന്റെ ഇടപെടലുകൾ ഈഴവ സമുദായത്തെ പ്രത്യേകിച്ചും പൊതുസമൂഹത്തെ ആകെയും സത്യഗ്രഹത്തിനു സമ്മതി നേടിക്കൊടുക്കുവാൻ സഹായകമായിത്തീർന്നു. സത്യഗ്രഹികൾക്ക് അത് നൽകിയ ഉണർവ്വും ഊർജ്ജവും വളരെ വലുതായിരുന്നു.

ശ്രീനാരായണഗുരു ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കുകയോ പ്രസ്തുത വിഷയത്തിൽ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്ന പ്രവണതയും അദ്ദേഹം പുലർത്തിയിരുന്നില്ല. അടിസ്ഥാനപരമായി അദ്ദേഹം ഒരു ആത്മീയ നേതാവായിരുന്നു. ആത്മീയമായ അദ്ദേഹത്തിന്റെ അറിവും അതിലൂടെ നേടിയെടുത്ത സ്വാധീനവും സാമൂഹിക പരിഷ്കരണത്തിനു വിനിയോഗിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. നാണുവിന് പ്രവർത്ത്യാരുടെ പണിയാണോ എന്ന് ചട്ടമ്പി സ്വാമികൾ ചോദിച്ചപ്പോൾ അതിനു മറുപടിയായി ‘‘പ്രവൃത്തി ഉണ്ട് ആരില്ല’’ എന്ന് ഗുരു പറഞ്ഞത് ലൗകിക വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിർമ്മമതയാണ് കാണിക്കുന്നത്. ഒരു സംന്യാസിയുടെ നിഷ്കർഷയുടെ പരിധികൾ അദ്ദേഹം ഒരിക്കലും ലംഘിച്ചിരുന്നില്ല. ഒരു രാഷ്ട്രീയക്കാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന അഭിപ്രായവും പ്രവർത്തനവും അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിച്ചുകൂടാത്തതാണ്. അമ്മട്ടിലുള്ള വിശകലനങ്ങൾ അസ്സംഗതവുമാണ്. ഒരിക്കലും വ്യവസ്ഥാപിത ഭരണ സംവിധാനത്തിനോ സവർണ്ണ ക്ഷേത്രങ്ങൾക്കോ എതിരായി അദ്ദേഹം പ്രവർത്തിച്ചില്ല. മറിച്ച്, സവർണ്ണ ക്ഷേത്രങ്ങളുടെ അന്തഃസ്സത്തയും ഒരളവുവരെ മാതൃകയും സ്വീകരിച്ച് ബദലായി ക്ഷേത്രപ്രതിഷ്ഠയും ക്ഷേത്രങ്ങളും നിർമ്മിക്കുകയാണ് അദ്ദേഹം ചെയ്തത്. സമാന്തരമായി ബദൽ മാർഗ്ഗങ്ങൾ തേടുകയും ആവിഷ്കരിക്കുകയുമാണ് അദ്ദേഹത്തിന്റെ സമീപനം. ആ സമീപനം വലിയൊരളവിൽ വിജയിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങൾ ലംഘിച്ച് അതിക്രമിച്ചു കടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു എന്നത് അദ്ദേഹത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാൻ ആകില്ല. 

സഹായഗ്രന്ഥങ്ങൾ
1) വൈക്കം സത്യാഗ്രഹം: ഒരു ഇതിഹാസ സമരം, സുകുമാരൻ മൂലേക്കാട്ട്, സദ്ഭാവന ട്രസ്റ്റ്, 2022.
2) വൈക്കം സത്യാഗ്രഹം, ഇ രാജൻ, മാതൃഭൂമി ബുക്-സ്, 2016.
3) വൈക്കം സത്യാഗ്രഹ ചരിത്ര രേഖകൾ, പി ബിജു (ചീഫ് എഡിറ്റർ), കേരള സംസ്ഥാന ആർക്കൈവ്‌സ്, 2018.
4) Gandhian Nonviolent Struggle and Untouchablity in South India: The 1924–-25 Vykom Satyagraha and the Mechanisms of Change, Mary Elizabeth King, Oxford University Press, 2015.

വൈക്കം സത്യാഗ്രഹവും 
അഹിന്ദുക്കളും
1924 മെയ് 6/1099 മേടം 24

യങ് ഇന്ത്യയിൽ മഹാത്മജി എഴുതിയ കുറിപ്പുകളിൽനിന്ന്.

വൈക്കം സത്യാഗ്രഹം അതിരുകൾ കടന്നുപോകുന്നെന്നാണ് എനിക്കു തോന്നുന്നത്. സിക്കുകാർ നടത്തുന്ന സൗജന്യഭക്ഷണാലയം അടച്ചുപൂട്ടുമെന്നും ഈ പ്രസ്ഥാനം ഹിന്ദുക്കളിലേക്ക് ഒതുക്കിനിർത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അതിനെ കോൺഗ്രസിന്റെ പരിപാടിയിൽ ഉൾപ്പെടുത്തിയതുകൊണ്ടുമാത്രം അത് ഹിന്ദുക്കളുടെയും അഹിന്ദുക്കളുടെയും ഒരു പ്രസ്ഥാനമായിത്തീരുന്നില്ല. കോൺഗ്രസ്സ് പരിപാടിയിൽ ഉൾപ്പെടുത്തിയതുകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനം മുസ്ലീങ്ങളുടേയും അമുസ്ലീങ്ങളുടേയും പ്രസ്ഥാനമായിത്തീരാത്തതുപോലെതന്നെ. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ എതിരാളികൾ അമുസ്ലീങ്ങൾ ആയിരുന്നല്ലോ. അവരുടെ പ്രാതിനിധ്യമാണ് ബ്രിട്ടീഷ് ഗവൺമെന്റിന് ഉണ്ടായിരുന്നത്. മുസ്ലീങ്ങൾക്കിടയിൽത്തന്നെയുള്ള മതപരമായ ഒരു അഭിപ്രായവ്യത്യാസത്തിൽ ഹിന്ദുക്കളോ മറ്റ് അമുസ്ലിങ്ങളോ ഇടപെടുകയാണെങ്കിൽ അത് മുസ്ലീങ്ങൾ അനുചിതമായ ഒരു ഇടപെടലായിട്ടേ കരുതുകയുള്ളൂ. അതു ശരിയുമാണ്. അതുപോലെതന്നെ ഹിന്ദുമത പരിഷ്കരണത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ യാഥാസ്ഥിതിക ഹിന്ദുക്കളും എതിർക്കും. മലബാറിലെ ഹിന്ദുപരിഷ്കരണവാദികൾ അഹിന്ദുക്കളിൽ നിന്ന് സഹഭാവത്തിൽ കവിഞ്ഞ എന്തെങ്കിലും സഹായമോ ഇടപെടലോ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ അവർ ഹിന്ദുക്കളുടെ സഹഭാവത്തെ സമ്പൂർണ്ണമായി നഷ്ടപ്പെടുത്തും. വൈക്കത്തെ പ്രക്ഷോഭണം നയിക്കുന്ന ഹൈന്ദവപരിഷ്കരണം എന്നോടു പറഞ്ഞിട്ടുള്ള വിവരം നിങ്ങൾക്ക് അറിയാമോ? പിന്നീട് മറ്റു പ്രവർത്തകന്മാരിൽനിന്നു ലഭിച്ച കത്തുകളും അതേയൊരു തോന്നലാണ് എന്റെ മനസ്സിൽ ഉളവാക്കിയത്. സത്യം ചവിട്ടിമെതിക്കപ്പെടുന്നു എന്നു തോന്നുന്ന ഒരാളാണ് സത്യാഗ്രഹം നടത്തുന്നത്. അയാൾ ഈശ്വരനെ മാത്രം താങ്ങായി സ്വീകരിച്ചുകൊണ്ട് തിന്മയ്ക്കെതിരായി സമരം ചെയ്യുന്നു. മറ്റൊരാളുടെ സഹായം അയാൾ ഒരിക്കലും അന്വേഷിച്ചു നടക്കാറില്ല. യഥാവസരത്തിൽ അത് കിട്ടിക്കൊള്ളും. അത് ന്യായമാണെങ്കിൽ അയാൾ സ്വീകരിക്കുകയും ചെയ്യും. തിരുവിതാംകൂറിൽ പൊതുജനാഭിപ്രായം അനുകൂലമല്ലെങ്കിൽ പുറമേനിന്ന് പ്രകടനം നടത്തി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. ക്ഷമയോടെ കാത്തിരിക്കണം. കഷ്ടപ്പെടണം. സ്വയം മർദ്ദിതവർഗ്ഗങ്ങളുടെ അവസ്ഥയിലേക്ക് താഴ്ന്നിറങ്ങിച്ചെല്ലണം. അവരോടൊപ്പം ജീവിക്കണം. അവർ അനുഭവിക്കുന്ന അവമതികൾ സ്വയം അനുഭവിക്കണം. തിരുവിതാംകൂറിൽ പൊതുജനങ്ങൾ നിങ്ങളോടൊപ്പമില്ല എന്ന് എന്നെ അറിയിക്കുന്ന ആദ്യത്തെയാളാണ് നിങ്ങൾ.

മതഭ്രാന്തരായ ഹിന്ദുക്കൾക്കെതിരായ പ്രബുദ്ധനായ ഒരു ഹിന്ദു എന്ന നിലയ്-ക്കാണ് നിങ്ങൾ സ്വയം സമരം ചെയ്യുന്നതെങ്കിൽ, അഹിന്ദുക്കളിൽ നിന്ന് സഹായം തേടിക്കൂടാ എന്നല്ല, അത് ബഹുമാനപൂർവ്വം നിരസിക്കേണ്ടതും നിങ്ങളുടെ കടമയാണ്. ഇത്രയും ലളിതമായ ഒരു തത്ത്വത്തിന്റെ വാസ്തവികത ഞാനിപ്പോൾ തെളിയിക്കേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ കുറിപ്പിൽ ഉന്നയിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ ചർച്ചചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിചാരം. എനിക്കറിയാവുന്ന രീതിയിൽ സത്യാഗ്രഹത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം നിങ്ങളുടെ മുമ്പിൽ വച്ചുകഴിഞ്ഞിരിക്കുന്നു. ആ വാക്കിന്റെ കർത്താവ് ഞാനായതുകൊണ്ട് അതിന്റെ അർത്ഥം പറയുന്നതിന് നിങ്ങൾ എന്നെ അനുവദിക്കണം. ആ അർത്ഥം നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ നിങ്ങളുടെ അർത്ഥത്തിനിണങ്ങുന്ന മറ്റൊരു വാക്ക് കണ്ടുപിടിക്കുകയാണു വേണ്ടത്.

എന്റെ കത്തിനെ ആസ്പദമാക്കി ഉണ്ടാകാനിടയുള്ള ഏതു ചോദ്യവും നിങ്ങൾക്കു ചോദിക്കാം. റോഡുകളിൽ വേലികൾ കെട്ടുകയും സത്യാഗ്രഹികളെ അറസ്റ്റുചെയ്യുന്നതിന് സർക്കാർ വിസമ്മതിക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് ഭാവിപരിപാടികൾ ചർച്ചചെയ്യുന്നതിൽ നിന്നും ഞാൻ മനഃപൂർവ്വം ഒഴിഞ്ഞുമാറുകയാണ്. സത്യാഗ്രഹത്തിന്റെ അർത്ഥവും അതു സൂചിപ്പിക്കുന്ന കാര്യങ്ങളും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. അതു ചെയ്തുകഴിഞ്ഞാൽ….അതിനു മുമ്പല്ല, അംഗീകരിക്കപ്പെടുന്ന വ്യാഖ്യാനത്തിന്റെ വെളിച്ചത്തിൽ ഭാവിപരിപാടികൾ നിർണ്ണയിക്കുക എളുപ്പമാണ്.

സ്നേഹപൂർവ്വം,
എം. കെ. ഗാന്ധി
(ഗാന്ധിജിയും കേരളവും, കേരള സർക്കാർ
സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്,
തിരുവനന്തപുരം, പുറം 117–-119)

 

കോട്ടയം ജില്ലാ മജിസ്ട്രേട്ടിന്റെ ഒന്നാമത്തെ
നിരോധന ഉത്തരവ്
1924 മാർച്ച് 26/1099 മീനം 13

1099 കുംഭം 17–ാം തീയതി (1924 ഫെബ്രുവരി 29) വൈക്കം ക്ഷേത്രറോഡുകളിൽക്കൂടി സർവ്വജാതി ഹിന്ദുക്കളുടെയും ഒരു ഘോഷയാത്ര നടത്തണമെന്ന് അയിത്തോച്ചാടന കമ്മിറ്റി നിശ്ചയിച്ചു. ഇതു നിരോധിച്ചുകൊണ്ട് കോട്ടയം ജില്ലാ മജിസ്ട്രേട്ട് പുറപ്പെടുവിച്ച നിരോധനാജ്ഞ.

കോട്ടയം ഡിസ്ട്രിക്ട് മജിസ്ട്രേട്ട് കോടതിയിൽ നിന്നും ക്രിമിനൽ നടപടിനിയമം 127-–ാം വകുപ്പുപ്രകാരം ചെയ്യുന്ന നിരോധന ഉത്തരവ്.

വൈക്കം പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ ചുറ്റും അതിൽ കയറുന്നതിൽ ഉപയോഗമായും ഉള്ള റോഡുകളിൽക്കൂടി ഈഴവർ, പുലയർ മുതലായ ജാതിക്കാരെ താഴെ പേരുപറയുന്ന കോൺഗ്രസ് പ്രവർത്തകന്മാരും മറ്റും കയറ്റാൻ ശ്രമിച്ചുവരുന്നതായും അതിനെതിരായി സ്ഥലത്തെ സവർണ്ണഹിന്ദുക്കൾ പലരും കൂടി മേൽപ്പറഞ്ഞ ജാതിക്കാരുടെ പ്രവേശനം കീഴ്നടപ്പിന് വിരോധമാണെന്നും, ഈ റോഡുകൾ രാജപാതയായി ഗണിക്കപ്പെടുകയോ എല്ലാ ജാതിക്കാരും കീഴിൽ ഉപയോഗിച്ചുവരികയോ ഉണ്ടായിട്ടില്ലെന്നും അതിനു വിപരീതമായി പ്രവേശിക്കുന്നവരെ തടുക്കാൻ ഒരുമ്പെട്ടിരിക്കുന്നതായും മേൽപ്രകാരം പ്രവേശനവും തടങ്കലും സംഭവിക്കുന്നതായാൽ അതിൽ വെച്ച് വലുതായ സമാധാനലംഘനത്തിനും മറ്റും ഇടയുണ്ടെന്നും എനിക്ക് വിശ്വാസയോഗ്യമായ അറിവും ബോധ്യവും ഉണ്ടായിരിക്കുന്നതിനാൽ മേൽപ്പറഞ്ഞ ഈഴവർ മുതലായ ജാതിക്കാർ മേൽ വിവരിച്ച റോഡുകളിൽ പ്രവേശിക്കാൻ പാടില്ലെന്നും അപ്രകാരം പ്രവേശിക്കുന്നതിന് അവരെ പ്രേരിപ്പിച്ചുകൂടെന്നും ക്രിമിനൽ നടപടി നിയമം 127-–ാം വകുപ്പു പ്രകാരം വിരോധിച്ച് ഉത്തരവുചെയ്യുന്നു.

ഡിസ്ട്രിക്ട് മജിസ്ട്രേട്ട്
എം. വി. സുബ്രഹ്മണ്യ അയ്യർ
(ഒപ്പ്)

നിരോധന ഉത്തരവിന് വിധേയർ
1. കെ പി കേശവമേനോൻ
2. കെ വേലായുധമേനോൻ
3. എ കെ പിള്ള
4. ടി കെ മാധവൻ
(വെെക്കം സത്യാഗ്രഹ സ്മാരകഗ്രന്ഥം, 1977)

 

രാമസ്വാമി നായ്ക്കരുഅടെ നിരോധനാജ്ഞാലംഘനവും ശിക്ഷയും
1924 മെയ് 14/1099 ഇടവം 1

1099 ഇടവം ഒന്നാം തീയതി (1924 മെയ് 14) കോട്ടയം ഡി. മജിസ്ട്രേട്ട് കൊടുത്ത നിരോധനാജ്ഞ.

ക്രി. പ്രൊ. കോ. ഇരുപത്തിയേഴാം സെക്ഷൻ പ്രകാരം വൈക്കം സത്യാഗ്രഹപ്രസ്ഥാനത്തെ സംബന്ധിച്ചുള്ള ഇ. വി. രാമസ്വാമി നായ്ക്കരുടെ പ്രസംഗങ്ങളേയും മറ്റുത്സാഹങ്ങളേയും പറ്റി അന്വേഷണം നടത്തിയതിലും റിപ്പോർട്ടുകൾ പരിശോധിച്ചതിലും വെെക്കത്തോ സമീപസ്ഥലങ്ങളിലോ ഉള്ള അദ്ദേഹത്തിന്റെ പ്രവേശനമോ താമസമോ സമാധാനലംഘനത്തിനും ലഹളയ്ക്കും കാര ണമായേക്കാം എന്നു കണ്ടിരിക്കുന്നതിനാൽ ടി. രാമസ്വാമി നായ്ക്കർ അവർകൾ കോട്ടയം ഡിസ്ട്രിക്ടിന്റെ ഒരു ഭാഗത്തും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്തുപോകരുതെന്ന് ഞാൻ ഇതിനാൽ വിലക്കിയിരിക്കുന്നു.
എന്റെ കയ്യൊപ്പോടും കോടതിമുദ്രയോടുംകൂടി ഇടവം ഒന്നാംതീയതി കൊടുക്കുന്നത്.

എം. വി. സുബ്രഹ്മണ്യഅയ്യർ
(ഒപ്പ്)

ശ്രീ. നായ്ക്കർക്ക്, വൈക്കം സത്യാഗ്രഹം തുടങ്ങിയതിനുശേഷം ലഭിക്കുന്ന മൂന്നാമത്തെ നിരോധന ഉത്തരവായിരുന്നു അത്. ആദ്യത്തെ രണ്ടു നിരോധന ഉത്തരവുകളും സത്യാഗ്രഹ കമ്മിറ്റിയുടെ ഉപദേശപ്രകാരം അദ്ദേഹം ലംഘിക്കുകയുണ്ടായില്ല. ഈ ഉത്തരവ് ലംഘിക്കാൻ തന്നെ തീരുമാനിച്ചു. വിവരം ഡിസ്ട്രിക്ട് മജിസ്ട്രേട്ടിനെ അറിയിക്കുകയുമുണ്ടായി.

(സത്യാഗ്രഹാശ്രമം വാർത്താ ബുള്ളറ്റിൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − 6 =

Most Popular