Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിജാതിയുടെ വർഗപരമായ 
അടിത്തറ

ജാതിയുടെ വർഗപരമായ 
അടിത്തറ

രാംദാസ് പി

ന്ത്യയിലെ അനന്യമായ ഒരു സാമൂഹ്യ സ്ഥാപനമാണ് ജാതി. ഇതിന്റെ വളർച്ചയും വികാസവും ചരിത്രമടക്കമുള്ള സാമൂഹ്യശാസ്ത്ര മേഖലകളിൽ വിശദമായ വിശകലനത്തിനും പഠനത്തിനും വിധേയമായിട്ടുണ്ട്. അതിനാൽ ഈ കുറിപ്പ് ആ ചർച്ചയിലേക്ക് കടക്കുന്നില്ല. വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളും ജാതി സമരങ്ങളും ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള മുന്നേറ്റങ്ങളും പുതിയ നോട്ടങ്ങൾക്ക് വിധേയമാവുന്ന പശ്ചാത്തലവും നിർണായകമാണ്. മലയാള ആനുകാലികങ്ങളിലും മറ്റും വന്ന വെെക്കം സമരത്തെ സംബന്ധിച്ച എഴുത്തുകളിൽ പ്രധാനമായും രണ്ട് നിലപാടുകളാണ് മുന്നോട്ടുവെക്കപ്പെടുന്നത്. ഒന്ന്, വെെക്കം സത്യഗ്രഹം, പരിമിതികൾ ഉണ്ടെങ്കിലും ബഹുജനപങ്കാളിത്തംകൊണ്ടും അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടും ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് എന്നതാണ്. സാമൂഹ്യമായ അവകാശം നേടിയെടുക്കുന്നതിനും ആ അവകാശത്തിന്റെ നെെതിക തലം ജാതി – മത – ദേശ ഭേദമില്ലാതെ അംഗീകരിക്കപ്പെട്ടതിനാലും , വിവേചനരഹിതമായ പൊതുമണ്ഡല സൃഷ്ടിക്കുവേണ്ടിയുള്ള അർത്ഥപൂർണമായ രാഷ്ട്രീയ ഇടപെടലായാണ് ഈ നിലപാടുകാർ വെെക്കം സമരത്തെ കാണുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം, ഈ സമരം അവകാശത്തിനുവേണ്ടി ജാതികൾ തമ്മിലുള്ള സംഘർഷമാകാതെ ജാത്യാന്തരബന്ധമുള്ള ഒരു സമരനിര തിരുവിതാംകൂർ എന്ന ‘ഹിന്ദു ഭരണകൂട’ത്തിനെതിരെ കെട്ടിപ്പടുത്ത ചെറുത്തുനിൽപ്പാണ്. പൊതുവായി അംഗീകരിക്കപ്പെടുന്ന സാമൂഹ്യാവകാശങ്ങൾ ജനാധിപത്യപരമായി സ്ഥാപിച്ചെടുക്കുന്ന ചരിത്രസന്ദർഭമായാണ് അവർ ഇതിനെ കാണുന്നത്. രണ്ടാമത്തെ വിഭാഗം വെെക്കം സമരത്തെ മറ്റൊരു കോണിൽ കാണുവാനാണ് ശ്രമിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവകാശ സംസ്ഥാപനം വെെക്കത്ത് കണ്ടതുപോലെയുള്ള ഒരു ഐക്യനിരയിലൂടെ ഉണ്ടാവേണ്ടതല്ല, മറിച്ച് ജാതികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ആണ് അഭികാമ്യം. നായരീഴവ ലഹളകളും, പുലയ ലഹളയും, ഒറ്റയാൾ നേതൃത്വം കൊടുക്കുന്ന ജാതി സംഘർഷങ്ങളും ആശാസ്യമായ ‘സമരമാതൃക’കൾ ആയി അവർ കാണുന്നു. ആധുനിക ജനാധിപത്യ പ്രക്രിയയിൽ ഒഴിച്ചുകൂടാനാവാത്ത ജനകീയ ഐക്യം എന്ന സങ്കൽപത്തെ ഇക്കൂട്ടർ കെെയൊഴിയുന്നു എന്നു മാത്രമല്ല, അത്തരം ഐക്യം ജാതി ചൂഷണത്തിന്റെ മുന്നുപാധിയാണെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു. ചൂഷണം നടക്കുന്നു എന്ന കാര്യം നിസ്തർക്കമായി തുടരുമ്പോഴും അതിൽ മുതലാളിത്ത ഭരണകൂടത്തിന്റെ പങ്ക് കാണാതെ പോകുകയും ആ ഭരണകൂടത്തിനുള്ളിൽ ജാതികൾ തമ്മിലടിച്ച് തീർപ്പാക്കേണ്ടവയാണ‍് സാമൂഹ്യവും രാഷ്ട്രീയവും പ്രതിനിധാനപരവുമായ പ്രശ്നങ്ങളെന്ന് ഇക്കൂട്ടർ വിധിക്കുകയും ചെയ്യുന്നു. ‘ജാതി’ ആ അർത്ഥത്തിൽത്തന്നെ ഏകാത്മകമായ ഒരു യൂണിറ്റ് ആണെന്ന സങ്കൽപമാണ് ഇവരെ നയിക്കുന്നത്. ഇത്തരം ചർച്ചകളുടെ പശ്ചാത്തലത്തിൽ ജാതിക്ക് വർഗപരമായ അടിത്തറ ഉണ്ടോ എന്ന് അനേ–്വഷിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. ഒരുപക്ഷേ കേരളത്തിൽ ജാതികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും സംഘർഷത്തിന്റെയും വലിയ ചരിത്രമുള്ള മത്സ്യത്തൊഴിലാളികളുടെ സമൂഹത്തെ മുൻനിർത്തിയാണ് ഈ ലേഖനം എഴുതുന്നത്. മത്സ്യമേഖലയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും നടത്തിയ ഗവേഷണ പഠനങ്ങളിൽനിന്നും ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച്, ആ സമൂഹത്തിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജാതീയതയുടെ വർഗപരമായ വേരുകൾ പരിശോധിക്കുകയാണ് ഇവിടെ.

കേരളത്തിലെ മത്സ്യബന്ധന സമൂഹം
കേരളത്തിന്റെ പടിഞ്ഞാറൻ തീരം ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് മത്സ്യസമ്പത്തിനാൽ സമൃദ്ധമാണ്. ഭൂമധ്യരേഖാ പ്രദേശമായതിനാൽ മത്സ്യഇനങ്ങളുടെ വൈവിധ്യവും ഉണ്ട്. മത്സ്യവിഭവങ്ങളെ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന ജനവിഭാഗങ്ങളിൽ പലതരം ജാതി വിഭാഗങ്ങളെയും അങ്ങനെ അല്ലാത്തവരെയും കാണാം. മുക്കുവ, മുകയ, അരയ തുടങ്ങിയവർ ആദ്യ കൂട്ടത്തിലും പുതു ഇസ്‌ലാം, ലത്തീൻ ക്രൈസ്തവർ എന്നിവർ രണ്ടാമത്തെ ഗണത്തിലും പെടും. യഥാർത്ഥത്തിൽ ഓരോ കാലത്തും സാഹചര്യങ്ങളുടെ തള്ളലുകളുടെ ഫലമായി പലതരം ആൾക്കാർ കടൽത്തീരത്ത് വന്ന് അധിവാസമുറപ്പിച്ചതായി രേഖകളുടെ പരിശോധനയിൽ നിന്നും മനസ്സിലാവും. ഇങ്ങനെ വന്നവർ തൊഴിലിലെ അറിവിനെ അടിസ്ഥാനപ്പെടുത്തി മത്സ്യബന്ധന സമൂഹത്തിലേക്ക് കൂടിച്ചേരുകയും പരിണമിച്ചുവരികയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ മത്സ്യബന്ധന സമൂഹം. ഈ തൊഴിൽമേഖലയിൽ ജാതിയും തൊഴിലും തമ്മിലുള്ള ബന്ധം ദുർബലമായി വരുന്നുണ്ട് കടൽ ഇല്ലാത്ത മറ്റ് സംസ്ഥാനങ്ങളിൽനിന്നും വരുന്ന, പൊതുവെ ബംഗാളികൾ എന്ന് വിളിക്കപ്പെടുന്ന തൊഴിലാളികൾ ധാരാളമായി ജോലി ചെയ്യുന്ന ഒരു മേഖലയായി ഇത് മാറിയിട്ടുണ്ട്.

മത്സ്യബന്ധനം –  തൊഴിലും കച്ചവടവും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെയെങ്കിലും മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യക്ക് ചില പൊതുസ്വഭാവങ്ങൾ ഉണ്ടായിരുന്നു. ഓരോ ഇനം മത്സ്യത്തെ പിടിക്കാനും അതിനു പറ്റിയ പ്രത്യേകതരം വലകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നത് ഒരു പ്രധാന സവിശേഷതയായിരുന്നു. അയലവല, മത്തിവല, സ്രാവുവല, തിരണ്ടിവല എന്നിങ്ങനെ പോകുന്നു വലകളുടെ വൈവിധ്യം. ഈ സാങ്കേതികവിദ്യ ഓരോ കാലത്തും നവീകരണത്തിന് വിധേയമാവുന്നുണ്ട്. പ്രത്യേകിച്ചും കമ്പോളം കൂടുതൽ ഉൽപാദനം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ.

ഇങ്ങനെ പിടിക്കുന്ന മത്സ്യവിഭവത്തിന്റെ കൈമാറ്റം വ്യത്യസ്ത മേഖലകളെയും – മലനാട്, ഇടനാട് – ജനസമൂഹങ്ങളെയും ഉൾക്കൊള്ളുന്ന ഒന്നായിരുന്നു. പച്ചമീൻ, ഉണക്കമീൻ, പുകവെച്ചവ തുടങ്ങിയ ഉൽപ ന്നങ്ങളുടെ കൈമാറ്റം കേരളതീരം മുതൽ പശ്ചിമഘട്ടവും കടന്ന് കിഴക്ക് കോറമാണ്ഡൽവരെ വ്യാപിച്ചിരുന്നു. ഇതിനുപുറമെ മലയ, സിലോൺ തുടങ്ങിയ തൊഴിലാളി സെറ്റിൽമെന്റുകളിലേക്കും ഭക്ഷണം എന്ന നിലയിൽ ഇവ കയറ്റി അയച്ചിരുന്നു. മലബാറിൽ 1877 ഓടെ ആരംഭിച്ച ഫിഷ് ക്യൂറിങ് യാർഡുകൾ (മീൻ ചാപ്പകൾ‍), 1908ൽ തുടങ്ങുന്ന മത്തിപ്രസ്സുകൾ, മറ്റു വ്യവസായ സംരംഭങ്ങൾ എന്നിവ മത്സ്യമേഖലയെ വ്യവസായവൽക്കരിക്കുന്നതിന്റെയും വിപണി മുന്നിൽ കണ്ടുകൊണ്ട് വിഭവത്തെ ഉപയോഗിക്കുന്ന സമീപനത്തിന്റെയും പുതുമാതൃകകൾ ആയിരുന്നു. ഈ വ്യവസായ പരീക്ഷണങ്ങൾ മത്സ്യഎണ്ണ, മത്സ്യപ്പിണ്ണാക്ക് തുടങ്ങിയ ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചു. അക്കാലത്തെ ഔദ്യോഗിക രേഖകൾ ഈ രണ്ടു ഉൽപന്നങ്ങളുടെയും അപാരമായ ആഭ്യന്തര വിദേശ കമ്പോള സാധ്യതകളെ വിവരിക്കുന്നു. മത്സ്യഎണ്ണ തുകൽ വ്യവസായത്തിലും, മത്സ്യപ്പിണ്ണാക്ക് വ്യാവസായിക കൃഷിയിൽ വളമായും ഉപയോഗിക്കപ്പെട്ടു. ഭക്ഷണം, എണ്ണ, വളം തുടങ്ങിയ രൂപങ്ങളിൽ കടൽവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ കെെമാറ്റത്തിന്റെ വളരെ സങ്കീർണമായ സാമൂഹ്യബന്ധങ്ങളെ ഉണ്ടാക്കുകയും നിലവിലുള്ളതിനെ നവീകരിക്കുകയോ മറ്റൊന്നായി മാറ്റുകയോ ഒക്കെ ചെയ്യുന്നുമുണ്ട്. ഇത് ജാതിഘടന തകർത്ത് പല തരത്തിലുള്ള ശ്രേണീകരണങ്ങൾ സൃഷ്ടിക്കുന്നു.

ജാതികൾക്കകത്തെ ശ്രേണീകരണം
ബ്രിട്ടീഷ് സംരംഭങ്ങൾ കടലോരത്ത് പ്രധാന സാന്നിധ്യങ്ങളായി ഉയർന്നുവരുന്ന കാലത്ത് മത്സ്യ ഉൽപന്നങ്ങളുടെ നിർമാണം പൂർണമായും തൊഴിൽ ശക്തിയെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു. ഇന്നത്തെപ്പോലെ മൂലധനപ്രധാനമായ ഒന്നായി അത് മാറിക്കഴിഞ്ഞിരുന്നില്ല. മേൽ സൂചിപ്പിച്ച മത്സേ-്യാൽപാദന – വിതരണ പ്രക്രിയ കടലോര പ്രദേശത്ത് സാമ്പത്തിക ശക്തികളുടെ മേൽക്കെെയിലുള്ള ആന്തരിക ചലനാത്മകത സൃഷ്ടിച്ചു. ഈ ചലനങ്ങൾ ജാതിക്കകത്തുതന്നെ ഭിന്നസ്വഭാവമുള്ള സാമൂഹ്യവർഗ്ഗങ്ങൾ ഉയർന്നുവരാൻ കാരണമായി. തൊഴിലാളികൾക്കുപുറമേ ഫിഷ് ക്യൂറർ, കോൺട്രാക്ടർ, ഇടനിലക്കാർ, കച്ചവടക്കാർ, ഹുണ്ടികക്കാർ തുടങ്ങിയവർ രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനകൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ കാണാം. ഇതിൽ തൊഴിലാളികൾ ഒഴികെയുള്ളവർക്ക് ഒരുതരം വരേ-ണ്യ സ്വഭാവം ചരിത്രപരമായിത്തന്നെ വന്നുചേരുന്നു. ഇവർ ഈ മേഖലയ്ക്കകത്ത് നടക്കുന്ന രാഷ്ട്രീയ – സാമ്പത്തിക പ്രക്രിയയിൽ ബോധത്തോടെ പങ്കെടുക്കുകയും സാഹചര്യങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, വലിയവീട്ടിൽ ഗോവിന്ദൻ എന്ന വിദ്യാസമ്പന്നനായ അരയ പ്രമാണി മദ്രാസ് ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ ഡയറക്ടറായ ഫ്രെഡറിക് നിന്തോൾസന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. മത്തി പ്രസുകൾ സ്ഥാപിക്കുന്നതിലും അതിന്റെ ലാഭത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചത് ഗോവിന്ദൻ ആയിരുന്നു. ഇദ്ദേഹം തന്നെയാണ് കേരളത്തിലെ അരയ സമുദായ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും. മലബാറിലെ ആദ്യത്തെ മത്തിപ്രസുകൾ കണ്ണൂരിൽ സ്ഥാപിച്ച ഉണിച്ചോയി ഈ വിഭാഗത്തിൽ നിന്നുതന്നെ ഉയർന്നുവന്ന സംരംഭകനായിരുന്നു. ഇദ്ദേഹത്തിന് ഈ ആവശ്യത്തിന് നിരവധി ഏക്കർ ഭൂമി ബ്രിട്ടീഷ് ഗവൺമെന്റ് കടലോരത്ത് പതിച്ചുനൽകുന്നുണ്ട്. ഓരോ സീസണിലേയും മത്സ്യലഭ്യത അനുസരിച്ച് തീരപ്രദേശത്ത് പ്രവർത്തിക്കുന്ന മത്തിപ്രസുകളുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം ബ്രിട്ടീഷ് ഭരണകർത്താക്കൾ രേഖപ്പെടുത്തുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ആയിരം രൂപ മൂലധനംകൊണ്ട് ആരംഭിക്കാവുന്ന അഞ്ഞൂറിൽപ്പരം മത്തിപ്രസുകൾ മലബാർ തീരത്തോട ചേർന്നുവരികയുണ്ടായി. മത്തിപ്രസുകളും ഫിഷ് ക്യൂറിങ് യാർഡുകളും ചില കൂട്ടരെ സാമ്പത്തികമായി ഉയർത്തുകയും ചിലരെ തളർത്തുകയും ചെയ്തു. ഇങ്ങനെ സാമ്പത്തികമായി ഉയർന്നവരാണ് ഫിഷറീസ് സ്കൂളിലെ അധ്യാപകരായും ‘കടക്കോടി’ സംവിധാനത്തിന്റെ നിയന്ത്രക സ്ഥാനത്തേക്കും കടന്നുവരുന്നത്. മലബാർ തീരത്തെ ആദ്യകാല തർക്ക പരിഹാര സംവിധാനങ്ങൾ ഇങ്ങനെ രൂപപ്പെട്ട കോർപ്പറേറ്റ് ഘടനകളായിരുന്നു എന്ന് രേഖകൾ സൂക്ഷ്മമായി വായിച്ചാൽ മനസ്സിലാകും. ജാതി പഞ്ചായത്തുകൾ പിന്നീട് രൂപംകൊണ്ടവയാണെന്നും അവയിലെ അംഗത്വവും സാമ്പത്തിക / സാംസ‍്കാരിക മൂലധനത്തെ അടിസ്ഥാനമാക്കിയായിരുന്നു നിർണയിക്കപ്പെട്ടത് എന്നും കരുതാൻ കാരണങ്ങളുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ മേഖലയിൽ ഉരുവംകൊണ്ടുവരുന്ന വ്യത്യസ്ത വർഗ്ഗങ്ങൾ അതിനകത്ത് നടക്കുന്ന ജാതിബാഹ്യമായ പ്രക്രിയകളുടെ സൃഷ്ടിയാണ് എന്നതാണ്. ഇതിൽ ഉൽപാദനോപാധികളുടെ ഉടമസ്ഥതയും അവയുടെ പ്രയോഗത്താൽ ഉണ്ടാകുന്ന മൂലധന നിർമ്മിതിയും പ്രധാന പങ്കുവഹിക്കുന്നു. ഇങ്ങനെ ഉടലെടുക്കുന്ന സാമ്പത്തിക വർഗ്ഗങ്ങൾ തമ്മിൽ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ തിരശ്ചീന ബന്ധങ്ങൾ രൂപപ്പെടുന്നു. വ്യത്യസ്ത ജാതി /ഗണത്തിൽപ്പെട്ട കോൺട്രാക്ടർമാരും ക്യൂറർമാരും മധ്യവർത്തികളും തമ്മിലൊക്കെ കൂട്ടുകെട്ട് വളരുകയും ഈ കൂട്ടുകെട്ട് അവരുടെ താൽപര്യങ്ങൾക്ക് മേൽക്കെെ കിട്ടുന്ന രീതിയിൽ സാമ്പത്തിക പ്രക്രിയകളിൽ ഇടപെടുന്നതും കാണാം. വിൽപ്പന – വിതരണ ശൃംഖലയുടെ ഓരോ കണ്ണിയിലും വ്യവസ്ഥാപിതമായ കമ്മീഷൻ നിരക്കുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇങ്ങനെ സംഘടിപ്പിക്കപ്പെട്ട ഉത്പാദന – വിതരണ ഘടനയെ ഒരു ഉപജീവന സമ്പദ്-വ്യവസ്ഥ (subsistence economy) മാത്രമായി കാണാനാകില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽത്തന്നെ മുതലാളിത്ത പ്രവണതകൾ കാണാൻ കഴിഞ്ഞ ഒരു മേഖലയായി ഇതിനെ കാണുമ്പോഴേ ഈ സാമ്പത്തിക പ്രവർത്തനങ്ങളുടെ ‘പുരോഗമന’ മാനങ്ങൾ നമുക്ക് ഉൾക്കൊള്ളാനാവൂ.

മുതലാളിത്ത ബന്ധങ്ങൾ വികസിക്കുമ്പോഴും പ്രത്യക്ഷത്തിൽ അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന പല ഘടകങ്ങളും ഈ സമൂഹത്തിന് അന്യമാണ്. ചരിത്രപരമായിത്തന്നെ പൊതുവായ വിഭവവിതരണത്തിൽ ഇക്കൂട്ടർക്ക് അർഹതപ്പെട്ട പങ്ക് ലഭിക്കാറില്ല. അതിലൊന്ന് ഭൂമി ഇല്ലായ്മയാണ്. പൊതുവായി നോക്കിയാൽ ഇത് ഏതെങ്കിലും ജാതി/ മത വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല എന്നു കാണാം. അതുപോലെ സാക്ഷരതാ നിരക്ക്, വനിതകളുടെ ഇടപെടലുകളും പ്രാതിനിധ്യവും, ആരോഗ്യരംഗം തുടങ്ങിയവ ഗൗരവമായ പ്രശ്നങ്ങളായി നിലനിൽക്കുന്നു. അതായത്, മത്സ്യതൊഴിലാളികളും മറ്റും ഒരു പ്രൊഫഷണൽ വർഗമായി രൂപാന്തരപ്പെടാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതും മുതലാളിത്തം തന്നെയാണ്. ഈ സാഹചര്യം സൃഷ്ടിക്കുന്നതിൽ ജാതിക്കകത്തും പുറത്തുമുള്ള വരേണ്യവർഗവും പങ്കുവഹിക്കുന്നു. പ്രധാനമായും അത് നിർവഹിക്കപ്പെടുന്നത് തൊഴിലിന്റെയും സമ്പത്തിന്റെയും ചൂഷണത്തിലൂടെയാണ്.

നിർണായകമാവുന്ന 
സാംസ്കാരിക ഘടകങ്ങൾ
മുതലാളിത്തം സ്വാഭാവികമായും ഒരു ചൂഷണ വ്യവസ്ഥ ആയതിനാൽ ഈ മേഖലയിലെ സമ്പത്തു വിതരണം സമമല്ല. തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു. അതിലുപരിയായി, വളർന്നുവരുന്ന പുതിയ വർഗങ്ങൾക്ക് മുതലാളിത്ത മൂല്യക്രമത്തിന്റേതായ സാംസ്കാരിക തലം രൂപപ്പെടുത്താൻ കഴിയുന്നുമില്ല. ജാതി/മത ബോധങ്ങളാൽ സാംസ്കാരിക മണ്ഡലം നിർണയിക്കപ്പെടുന്ന ഒരു പ്രക്രിയകൂടി ഇതിന് സമാന്തരമായി നടക്കുന്നത് നമുക്ക് കാണാം. അതായത്, സാമ്പത്തിക മണ്ഡലത്തിനോട് പൊരുത്തമില്ലാത്ത സാംസ്കാരിക തലത്തിന്റെ വികാസം സംഭവിക്കുന്നു. ഇതിന്റെ ഒരു കാരണം നേരത്തേ സൂചിപ്പിച്ച വികസന സൂചകങ്ങളിലെ പിന്നാക്കാവസ്ഥയാണ്. അതിലുപരിയായി ഈ പൊരുത്തക്കേട് പരിഹരിക്കുന്നതിന് ജാതികളുടെ ശേഖരത്തിലുള്ളത് വിചിത്രമായ വഴികളുമാണ്. ഈ പരിഹാര പ്രക്രിയയുടെ നേതൃത്വം പഴയ നാടുവാഴിക്രമവുമായി ബന്ധപ്പെട്ട് വളരുന്ന സ്ഥാനികൾകൂടി അടങ്ങിയ ഒരു വിഭാഗത്തിനാണ്. ‘അരയ’ ‘മരക്കാർ’ എന്നീ സ്ഥാനികൾ, മഹല്ല്, ചർച്ച് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുന്ന പദവി വിഭാഗങ്ങൾ (സ്റ്റാറ്റസ് ഗ്രൂപ്പുകൾ) പരമ്പരാഗതത്വത്തിന്റെ വക്താക്കൾ ആകുന്നത് ശ്രദ്ധേയമാണ്. ആരാധനാരീതികൾ, ‘ഇല്ല’ങ്ങൾ അടിസ്ഥാനപ്പെടുത്തിയ കുടുംബഘടന, ‘കടൽക്കോടതി’കൾ തുടങ്ങിയവ പാരമ്പര്യത്തിന്റെ സ്മരണകൾ ഉയർത്തുന്ന ഉപാധികൾ ആയി പ്രവർത്തിക്കുന്നു. ഈ യാഥാസ്ഥിതിക നേതൃത്വത്തിന്റെ മറ്റൊരു ലക്ഷ്യം തൊഴിലിന്റെ നിയന്ത്രണവും തൊഴിൽശക്തികളുടെ ക്രമീകരണവുമായി മാറുന്നതുകാണാം. സ്ത്രീകളുടെയും പുരുഷന്റെയും തൊഴിലിടങ്ങളെ കൃത്യമായി വിഭജിക്കുകയും മത്സ്യബന്ധനത്തിന്റെ അനുഷ്ഠാനപരത നിലനിർത്തുകയും ചെയ്യുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. തൊഴിൽ ലഭ്യതയുമായി ബന്ധപ്പെട്ട പ്രകടമായ പ്രതിസന്ധി ഈ മേഖലയിൽ ഇല്ലാത്തതുകൊണ്ടുതന്നെ വ്യാപകമായ തൊഴിൽ സമരങ്ങൾ ഈ രംഗത്ത് ഉണ്ടാവുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആണ്. തൊഴിൽ ലഭ്യതയുടെ തുടർച്ചയും കോര് പങ്കുവെക്കുന്നതിലെ അനുഷ്ഠാനപരതയുടെ സ്വാധീനവും മുതലാളിത്തത്തെ സഹായിക്കുകയും, ചൂഷണത്തെ ‘സ്വാഭാവിക നീതി’ ആയി കാണാൻ തൊഴിലാളിയെ പ്രേരിപ്പിക്കുകയും ചെയ്തു. ഇത് തൊഴിലിനു മുകളിലുള്ള നിയന്ത്രണം എളുപ്പമാക്കി. തൊഴിലാളിയുടെ വർഗബോധത്തെ ശിഥിലമാക്കാൻ ഇതിന് കഴിഞ്ഞു.

മേൽപ്പറഞ്ഞ സാമൂഹ്യ യാഥാസ്ഥിതികത്വം വിവിധ മത്സ്യബന്ധന വിഭാഗങ്ങളിലെ സാമൂഹ്യ പരിഷ്കരണ രംഗത്തും ദൃശ്യമാണ്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ വിഭാഗം കടലോരത്തിന് പുറത്തുള്ള ‘വലിയ’ മതങ്ങളുമായി ഉണ്ടാക്കുന്ന ഉടമ്പടികളാണ്. ഉദാ: മുക്കുവ, മുകയ, അരയ തുടങ്ങിയ ജാതികൾ ഹിന്ദുമതവുമായും; പുയിസ്ലാം വിഭാഗം ഇസ്ലാമുമായും; ലത്തീൻ ക്രൈസ്തവർ ക്രിസ്തുമതവുമായും വിശാലമായ ഐക്യം ഉണ്ടാക്കിയെടുക്കുന്നു. ഓരോ വിഭാഗവും ഇത്തരം ബന്ധത്തിലേക്ക് വരുന്നതിന്റെ സമയവും സന്ദർഭവും വ്യത്യസ്തമാവാം. എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോട് ചേർന്ന് ഈ മേഖലയിൽ പുത്തൻ സ്വത്വരൂപീകരണങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജാതികളുടെ /മതത്തിന്റെ പഴമയെയും പാരമ്പര്യത്തെയും പ്രത്യാനയിക്കാൻ ഉല്പത്തി മിത്തുകളുടെ സഹായത്തോടെയുള്ള ഭൂതകാല നിർമ്മിതിയും നടക്കുന്നു. അരയ, മുക്കുവ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രചരിക്കുന്ന വ്യാസനുമായി ബന്ധപ്പെട്ട ഉല്പത്തി കഥ, മുക്കുവ, മുകയ, അരയ തുടങ്ങിയ വിഭാഗങ്ങളെ മൊത്തത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ധീവര’ സങ്കല്പം, ലത്തീൻ ക്രൈസ്തവർക്കിടയിലെ യേശു വലിയ മുക്കുവനാണെന്നും അതിൽനിന്നുള്ള പിന്തുടർച്ചയെക്കുറിച്ചുമുള്ള ധാരണകൾ തുടങ്ങിയവ ഇത്തരം ചരിത്രനിർമ്മിതിയിലെ അസംസ്കൃത വസ്തുക്കളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിവരുന്ന സാംസ്കാരിക വഴക്കങ്ങൾ വ്യത്യസ്ത ഗണത്തിനകത്തെ എല്ലാ വർഗ്ഗങ്ങളും (തൊഴിലാളി മുതൽ മുതലാളി വരെ) ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കുന്നതോടെ ആത്മനിഷ്ഠവും വൈകാരികവുമായ ഒരു ഏകത്വത്തിന്റെ സൂചനയായി ജാതി /സമുദായം മാറുന്നു. ഭൗതിക ബന്ധങ്ങളാൽ രൂപപ്പെടുന്ന വസ്തുനിഷ്ഠത, ജാതി വികാരത്തിന്റെ നിഴലിൽ, ഗ്രഹണത്തിൽപ്പെട്ടതുപോലെയാകുന്നു. ഈയൊരവസ്ഥയിൽ, തൊഴിൽ, കൂലി, സമ്പത്ത്, ദാരിദ്ര്യം, മറ്റു സങ്കീർണതകൾ തുടങ്ങിയവയെ ജാതി/ സാമുദായികപരമായി വിശദീകരിക്കുക എന്ന ഒരു എളുപ്പമാർഗം തുറന്നുകിട്ടുന്നു. വിശദീകരണം എളുപ്പമാകുമ്പോൾ പരിഹാരവും എളുപ്പമാകുന്നു. കേരളത്തിന്റെ കടലോരത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ ജാതി /സമുദായ സംഘർഷങ്ങൾ രൂപപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ഒരു കൂട്ടരുടെ ദാരിദ്ര്യത്തിന് കാരണം അതേ തൊഴിൽ ചെയ്യുന്ന മറ്റൊരു സമുദായമാണ് എന്ന് വിധിക്കുകയും അവരുടെ ഉന്മൂലനമാണ് നമ്മുടെ നിലനിൽപ്പിന് ആവശ്യം എന്ന സമവാക്യം ഉയർന്നു വരികയും ചെയ്യുന്നു. പൊതുവെയുള്ള അസമമായ സമ്പത്ത് വിതരണവും വിഭവശോഷണവും കൂട്ടായ തൊഴിലാളി മുന്നേറ്റത്തിലൂടെ ജനാധിപത്യപരമായി പരിഹരിക്കുന്നതിനുപകരം പൊതുവെ പ്രാന്തവൽക്കരിക്കപ്പെട്ട ഈ സമൂഹത്തിലെ തൊഴിലാളികളുടെ ചോരവീഴ്ത്തുന്നു. കേരളത്തിന്റെ കടൽത്തീര സംഭവവികാസങ്ങൾ, സാമൂഹ്യ സംഘർഷങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കുമ്പോൾ മേൽ വിവരിച്ച ഘടകങ്ങളും പ്രക്രിയകളും ഒരു പ്രധാന പ്രവണതയായി കണ്ണിൽപെടും.

ഇങ്ങനെ നോക്കുമ്പോൾ, കേരളത്തിലെ ജാതികൾക്കകത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ സംഭവിച്ച തട്ടുവൽക്കരണം ശ്രദ്ധിക്കേണ്ടതാണ് എന്നു തോന്നുന്നു. ഒരു പ്രത്യേക ജാതിക്കകത്ത് (മതത്തിലും) എല്ലാവർക്കും ബാധകമായ താൽപര്യങ്ങൾ ഉണ്ടാവുക എന്നത് ആദർശാത്മകമായ കാഴ്ചപ്പാട് മാത്രമാണ്. ദളിത്, ആദിവാസി ജാതി വിഭാഗങ്ങൾക്കും ഇത് ബാധകമാണ്. കുറിച്യ, കുറുമ, പണിയ തുടങ്ങിയ ജാതികൾക്കിടയിലെ പ്രത്യേകതകൾ പരിശോധിച്ചാൽ ഇത് മനസ്സിലാകും. വാസ്തവത്തിൽ ആഭ്യന്തരമായി തകർന്ന ഒരു സാമൂഹ്യ ഏകകമാണ് ജാതി. അതിനകത്തെ വരേണ്യർ മറ്റു ജാതികളിലെ വരേണ്യരുമായി ചേർന്ന് തിരശ്ചീന സൗഹൃദങ്ങളും രാഷ്ട്രീയ ഐക്യങ്ങളും രൂപപ്പെടുത്തും. അങ്ങനെ സമൂഹത്തിലെ അധീശവർഗങ്ങൾ രൂപപ്പെടുകയും ഭരണകൂടവുമായുള്ള വിലപേശലിൽ കൂടുതൽ അധികാരത്തിന് ശ്രമിക്കുകയും ചെയ്യും. ഇതിനിടയിൽ ജാത്യാഭിമാനം സംരക്ഷിക്കാനുള്ള സംഘർഷങ്ങളിലെ ഉപകരണങ്ങൾ മാത്രമായി തൊഴിലാളികൾ മാറും. എന്നാൽ തൊഴിലാളിക്കും രാഷ്ട്രീയമായി തിരശ്ചീനബന്ധങ്ങൾ വർഗ്ഗബോധത്തിലൂടെ വളർത്തിയെടുക്കാം. ഇങ്ങനെ രൂപപ്പെടുന്ന വർഗബോധവും സമരങ്ങളുമായിരിക്കും സമകാലീന ഇന്ത്യയിലെ ഫാസിസ്റ്റുവിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തുപകരുക. അല്ലാതെ കേവല ജാതിസംഘർഷങ്ങൾ അല്ല. ജാതി സംഘർഷത്തിന്റെ വക്താക്കൾ, മുളപൊട്ടുന്ന വർഗബോധത്തെ ഇല്ലാതാക്കി ജാത്യാഭിമാനത്തെ പ്രകീർത്തിച്ച് ജാതിയുടെ അനുഷ്ഠാനപരതയിലും മേൽക്കീഴ്ബന്ധങ്ങളിലും തൊഴിലാളിയെ തളച്ചിടാനാണ് ശ്രമിക്കുന്നത്. ഇതാകട്ടെ, മറ്റൊരു തരത്തിൽ സംഘപരിവാർ രാഷ്ട്രീയത്തെ സഹായിക്കുന്നതുമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 5 =

Most Popular