Sunday, June 4, 2023

ad

Homeകവര്‍സ്റ്റോറിവൈക്കം സത്യാഗ്രഹം - നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന വഴിത്തിരിവ്

വൈക്കം സത്യാഗ്രഹം – നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന വഴിത്തിരിവ്

കാനം രാജേന്ദ്രന്‍

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക വികാസ പരിണാമങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത ഐതിഹാസിക സമര പോരാട്ട ചരിത്രമാണ് 1924ല്‍ നടന്ന വൈക്കം സത്യാഗ്രഹ സമരം. സാമൂഹികമായ ഒരു അനാചാരത്തിന്റെ പരിഹാരത്തിനുള്ള പോരാട്ടം എന്ന നിലയില്‍ സത്യാഗ്രഹം അതിന്റെ എല്ലാ തലങ്ങളിലും പരീക്ഷിക്കപ്പെട്ട മണ്ണാണ് വൈക്കത്തിന്റേത്. രാഷ്ട്രീയ സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സംഘടിതമായ രീതിയില്‍ സാമൂഹ്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങള്‍ കേരളത്തില്‍ വേരൂന്നിയിരുന്നു. ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം ആയിരുന്നു ഇതില്‍ ആദ്യത്തേത്. കീഴാള ജനതയായി ഗണിക്കപ്പെട്ട ചാന്നാര്‍ സ്ത്രീകള്‍ക്ക് മനുഷ്യോചിതമായി മാറു മറച്ച് വസ്ത്രം ധരിക്കുവാന്‍ അവകാശം ഉണ്ടായിരിക്കണം എന്നതായിരുന്നു ആ സമരത്തിന്റെ ലക്ഷ്യം. എന്നാല്‍ ജാതിവ്യവസ്ഥയെ മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു സമരമായി അത് പരിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായില്ല. പക്ഷേ, 1888ല്‍ ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ ജാതിവ്യവസ്ഥയുടെ ഏറ്റവും മൗലികമായ പ്രമാണത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു. ഇത് കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല. ആചാര പരിഷ്‌കരണങ്ങളിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയും നവോത്ഥാന നായകര്‍ അത് അനുസ്യൂതം തുടര്‍ന്നു വന്നു. മനുഷ്യസമത്വവും സാമൂഹ്യനീതിയും അവഗണിക്കുന്ന ജാതി ബദ്ധമായ ഒരു സമൂഹത്തില്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും നടുവില്‍ ആയ കേരളീയ സമൂഹത്തെ നവോത്ഥാന പന്ഥാവിലേക്ക് വഴികാട്ടിയത് ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വൈകുണ്ഠസ്വാമികള്‍, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍, പൊയ്കയില്‍ യോഹന്നാന്‍, ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ തുടങ്ങിയ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ ആയിരുന്നു. പിന്നോക്ക വിഭാഗങ്ങളിലും അതുപോലെ തന്നെ സവര്‍ണ വിഭാഗത്തിലും ഉള്‍പ്പെട്ട ഉത്പതിഷ്ണുക്കളുടെ ലക്ഷ്യം തന്നെ ജാതി സമ്പ്രദായത്തിന്റെ മതില്‍ക്കെട്ടുകളെ തകര്‍ക്കുക, ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. കേരളത്തില്‍ ജാതി ചിന്തകളുടെ പേരില്‍ കെട്ടിപ്പൊക്കിയ വിവേചനങ്ങള്‍ ഓരോന്നായി അടര്‍ന്നു വീഴുന്നതിന് തുടക്കമിട്ട സമരം കൂടിയാണ് വൈക്കം സത്യാഗ്രഹം. ഇത്തരം സമരങ്ങളുടെ പൈതൃകം നിലനിര്‍ത്തി എന്നതാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന് വഴിതെളിച്ചത്. സമര സത്യാഗ്രഹ പോരാട്ടങ്ങളുടെ അനുകരണീയ മാതൃകകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സാമൂഹിക പരിവര്‍ത്തനത്തിനും അധഃകൃത വിഭാഗങ്ങളുടെ മോചനത്തിനും പണിയെടുക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും അവകാശ പോരാട്ടങ്ങളെ നയിക്കാനും ദേശീയ പ്രസ്ഥാനത്തിലെ പുരോഗമന ഇടതു ചേരികള്‍ക്കും വിശിഷ്യ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പിന്നീട് കഴിഞ്ഞു. നവോത്ഥാന പാരമ്പര്യങ്ങളെ മുന്നോട്ടുനയിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയുടെ രാഷ്ട്രീയ ഉത്പന്നമാണ് 1957 ലെ ചരിത്രത്തില്‍ ആദ്യമായി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ്. അതുവരെ കേരളീയ സമൂഹം നേടിയെടുത്ത എല്ലാ നവോത്ഥാന രാഷ്ട്രീയ മൂല്യങ്ങളും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരള സംസ്ഥാനത്തിന് അടിത്തറ ഇട്ടത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണ നടപടികള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാര്‍ഷിക പരിഷ്‌ക്കരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, സാമൂഹിക സുരക്ഷ ഇങ്ങനെ എല്ലാ രംഗങ്ങളിലും വന്‍ നേട്ടങ്ങള്‍ കൈവരിച്ചു.
നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കും അതിന്റെ ലക്ഷ്യങ്ങള്‍ക്കും തുടര്‍ച്ചയുണ്ടായി. തുടര്‍ന്നു നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് കെ കേളപ്പനും എ കെ ജി യും പി കൃഷ്ണപിള്ളയുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും മഹാകവി കുമാരനാശാന്റെയും സി.വി കുഞ്ഞിരാമന്‍, ടി കെ മാധവന്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകരുടെയും ശ്രമഫലമായി പൗരാവകാശ സംബന്ധിയായ ചര്‍ച്ചകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചു. ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, ഇ.വി രാമസ്വാമി നായ്ക്കര്‍ തുടങ്ങിയ മഹാരഥന്മാര്‍ നേരിട്ട് ഇടപെട്ട അഭൂതപൂര്‍വമായ ചരിത്രം കൂടി വൈക്കം സത്യാഗ്രഹത്തിനു അവകാശപ്പെട്ടതാണ്. 1865 ലാണ് തിരുവിതാംകൂറിലെ എല്ലാ പൊതുനിരത്തുകളും ജാതിമതഭേദമില്ലാതെ എല്ലാ ജനവിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുത്തത്. എന്നാല്‍ അതിനു ശേഷം ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും അതില്‍നിന്നും വിഭിന്നമായിരുന്നു വൈക്കം മഹാദേവക്ഷേത്ര പരിസരം. ക്ഷേത്രപരിസരത്തെ നാലു നിരത്തുകളിലും അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടുണ്ടായി. ശ്രീനാരായണഗുരുവിന് പോലും വിലക്ക് നേരിടേണ്ടതായിവന്നു. 1923 ലെ കാക്കിനട സമ്മേളനത്തില്‍ ടി. കെ മാധവന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി അയിത്തത്തിനെതിരായ സത്യാഗ്രഹത്തിന് കോണ്‍ഗ്രസ്സ് അനുമതി നല്‍കി. വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. 1924 സെപ്റ്റംബര്‍ 27 ന് ശ്രീനാരായണഗുരു സമരവേദിയില്‍ വന്നത് സമരാനുകൂലികള്‍ക്ക് വലിയ ആവേശം പകരുന്നതായിരുന്നു.

1925 മാര്‍ച്ചില്‍ ആണ് ഗാന്ധിജി വൈക്കത്ത് എത്തുകയും ചരിത്രപ്രധാനമായ ഇണ്ടംതുരുത്തി മനയില്‍ വച്ച് ജാതീയമായി തുടരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരായി ചര്‍ച്ചയിലേര്‍പ്പെടുകയും ചെയ്തത്. അവര്‍ണ്ണരെ പടിക്ക് പുറത്തു നിര്‍ത്തിയിരുന്ന പാരമ്പര്യമായിരുന്നു ഇണ്ടം തുരുത്തി മനയ്ക്കുണ്ടായിരുന്നത് വൈക്കത്തെ 48 ഇല്ലങ്ങളുടെ മേല്‍ക്കോയ്മ ഇണ്ടം തുരുത്തി മനയിലെ കാരണവര്‍ നീലകണ്ഠ നമ്പ്യാതിരിക്ക് ആയിരുന്നു. ഈശ്വര കല്‍പിതമായ ഒരു നീതിയെയാണ് തങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് എന്ന് യാഥാസ്ഥികരായ ബ്രാഹ്മണര്‍ വിശ്വസിച്ചു പോന്നിരുന്നു. ഇണ്ടംതുരുത്തി മന സന്ദര്‍ശിച്ച വേളയില്‍ ഗാന്ധിജിക്ക് ഇത് നേരിട്ട് ബോധ്യപ്പെടുകയുമുണ്ടായി. അയിത്ത ജാതിക്കാര്‍ അയിത്ത ജാതികളില്‍ ജനിച്ചത് മുന്‍ ജന്മങ്ങളില്‍ ചെയ്ത പാപ കര്‍മ്മങ്ങളുടെ ഫലമായിട്ടാണെന്നും അവര്‍ ഈ ജന്മത്തില്‍ ഈശ്വരകല്‍പ്പിതമായ ശിക്ഷ എന്ന നിലയിൽ അയിത്തവും മറ്റും അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നും ആ ശിക്ഷ നടപ്പാക്കാന്‍ ബ്രാഹ്മണനും രാജാവും നിയുക്തരാണെന്നും ഇണ്ടംതുരുത്തി നമ്പ്യാതിരി ഗാന്ധിജിയോട് വാദിച്ചു. ഹിന്ദുമതത്തില്‍ അയിത്തം വിധിച്ചിട്ടില്ലെന്ന് മാത്രമാണ് ഗാന്ധിജിക്ക് പോലും എതിര്‍ത്ത് പറയുവാന്‍ ഉണ്ടായിരുന്നത്. ഗാന്ധിജിയെ പോലും മനയ്ക്കകത്ത് പ്രവേശിപ്പിക്കാതെ പുറത്ത് ഒരുക്കിയ പ്രത്യേക പന്തലില്‍ ആയിരുന്നു ചര്‍ച്ച. മഹാത്മജി അബ്രാഹ്മണനായതിനാല്‍ പ്രവേശനം നിഷേധിച്ച ഇണ്ടംതുരുത്തി മന ഇന്ന് സിപിഐ പാര്‍ട്ടി ഓഫീസ് ആണെന്നും ഈ മനയെ തൊഴിലാളി യൂണിയനില്‍ നിന്ന് ഏറ്റെടുത്ത് പഴയപടി ആക്കണം എന്നുമാണ് ബിജെപി വാദം. ബ്രാഹ്മണ്യം കൊടികുത്തി വാണിരുന്ന, സാധാരണക്കാര്‍ക്ക് പൊതുനിരത്തുകള്‍ നിഷേധിച്ചിരുന്ന, അവര്‍ണര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന അതേ ജാതി പ്രമാണിമാരുടെ മനയാക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം.

നമ്മുടെ മഹത്തായ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ബഹുസ്വരതയും തുടച്ചുനീക്കാനുള്ള തീവ്ര ശ്രമത്തിലാണവര്‍. ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് വീക്ഷണവും ഇന്ത്യയുടെ ദേശീയ ഐക്യത്തിനും നമ്മുടെ ജനതയുടെ സാഹോദര്യത്തിനും അധ്വാനിക്കുന്ന ജനതയുടെ വര്‍ഗ ഐക്യത്തിന് നേരെയും ഭരണകൂടം നിരന്തരം വളോങ്ങുന്നു. രാജ്യത്തെ ദളിതരും മതന്യൂനപക്ഷങ്ങളും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും കലര്‍ന്ന കുപ്രചാരണങ്ങള്‍ ജാതിയുടെ പേരിലും ഗോരക്ഷയുടെ പേരിലും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്നിവ ഇന്ത്യയുടെ നേര്‍ച്ചിത്രമാണ് കാണിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വം എന്ന സങ്കല്‍പ്പത്തിന് യാതൊരു വിലയും ഭരണകൂടം കല്പ്പിച്ചു നല്‍കുന്നില്ല. മനുസ്മൃതിയില്‍ അധിഷ്ഠിതമായ മത വര്‍ഗീയ ദേശീയതയാണ് ആര്‍എസ്എസിന്റെ ഹിന്ദുത്വ രാഷ്ട്രമീമാംസ. മനുസ്മൃതിയെ വെള്ളപൂശി ഹൈന്ദവ ഐക്യം സൃഷ്ടിച്ച് ഹിന്ദു രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ബിജെപിയുടെ ഭരണത്തില്‍ ദളിതരുടെയും ആദിവാസികളുടെയും സ്ഥാനം രണ്ടാം കിട പൗരരുടേതിനു സമാനമാണ്. ഹിന്ദുത്വം വിഭാവനം ചെയ്യുന്ന സാമൂഹിക ഘടകങ്ങള്‍ക്ക് ആധാരം ജാതിയാണെങ്കില്‍ അതിനെ സ്ഥിരപ്പെടുത്തുന്നത് മനുസ്മൃതിയാണ്. ദളിതര്‍ക്കും ദളിത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളുടെ ദയനീയമായ അവസ്ഥ മനുഷ്യ മനഃസാക്ഷിക്ക് മുന്‍പില്‍ ഒരു ചോദ്യചിഹ്നമാണ്.

നവ ഉദാരവൽക്കരണകാലത്തെ വ്യവഹാരങ്ങളും സംസ്‌കൃതിയും പല നന്മകളുടേയും നൈതിക രാഷ്ട്രീയത്തിന്റേയും മേല്‍ മുഷിഞ്ഞ തുണികള്‍ കൊണ്ട് വന്നിട്ട് മൂടുകയാണ്. പടി കടത്തിവിട്ട പല അനാചാരങ്ങളുടേയും തിന്മകളുടേയും നവരൂപം നാമറിയാതെ നമുക്കിടയിലേക്ക് കടത്തിക്കൊണ്ട് വരുന്നുണ്ട്. സാമൂഹികനീതി ഉറക്കെ വിളിച്ചുപറഞ്ഞ കൂട്ടായ്മയ്ക്കുള്ളില്‍ അനാചാരങ്ങളുടെ പുതുരൂപങ്ങള്‍ പിറവിയെടുക്കുന്നുണ്ട്.

നമ്മുടെ മഹത്തായ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ബഹുസ്വരതയും തുടച്ചുനീക്കാനുള്ള തീവ്ര ശ്രമമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയുടെ ദേശീയ ഐക്യത്തിനും നമ്മുടെ ജനതയുടെ സാഹോദര്യത്തിനും അധ്വാനിക്കുന്ന ജനതയുടെ വര്‍ഗ ഐക്യത്തിന് നേരെയും കേന്ദ്ര ഭരണകൂടം നിരന്തരം വാളോങ്ങുന്നു. മതനിരപേക്ഷ ഇന്ത്യയുടെ നിലനില്‍പ്പിനായി വര്‍ഗീയ ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും മതേതര കക്ഷികള്‍ക്കും വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ചിന്തകള്‍ പ്രചോദനം നല്‍കും. വൈക്കം സത്യഗ്രഹത്തിന്റെ പൈതൃകത്തെ ഏറ്റുവാങ്ങി മുന്നോട്ടു കൊണ്ടുപോകാന്‍ പുത്തന്‍ തലമുറയ്ക്ക് കഴിയണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × five =

Most Popular