കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സുപ്രധാനമായ ഒരദ്ധ്യായമാണ് വൈക്കം സത്യാഗ്രഹത്തിന്റേത്. 1924 മാര്‍ച്ച് 30–ാം തീയ്യതി ആരംഭിച്ച് 603 ദിവസം നീണ്ടുനിന്ന സമരമായിരുന്നു വൈക്കം സത്യാഗ്രഹം. രാജ്യത്തിന്റെ തന്നെ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെട്ട ഒന്നുകൂടിയാണിത്. നാട്ടുരാജ്യങ്ങള്‍ക്കകത്തുള്ള ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന ദേശീയ പ്രസ്ഥാനത്തിന്റെ പൊതു നയത്തില്‍ നിന്നും വ്യത്യസ്തമായി നടന്ന സമരമെന്ന നിലയില്‍ സവിശേഷമായ സ്ഥാനവും ഈ സമരത്തിനുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ള നിരവധി പേര്‍ ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവരുന്ന സ്ഥിതിയുണ്ടായി. 1924 ഒക്ടോബറില്‍ ശ്രീനാരായണ ഗുരു സത്യാഗ്രഹ പന്തലിലെത്തി സമരത്തിനാവശ്യമായ സഹായങ്ങള്‍ നേരിട്ട് ചെയ്യുന്ന സ്ഥിതിയുണ്ടായി. നവംബര്‍ 1 ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സവര്‍ണ ജാഥയും ശ്രദ്ധേയമായ മറ്റൊരു നീക്കമായിരുന്നു. ശുചിന്ദ്രത്തില്‍ നിന്ന് എമ്പെരുമാള്‍ നായിഡു, ശിവതാണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ പുറപ്പെട്ട സവര്‍ണ ജാഥയും ശ്രദ്ധേയമായിരുന്നു. തമിഴ്നാട്ടിൽനിന്നും പെരിയാറും, പഞ്ചാബില്‍നിന്നും അകാലികളുടെ ഒരു സംഘവും സമരമുഖത്തേക്ക് എത്തുകയുണ്ടായി. 1925 മാര്‍ച്ച് 10 ന് ഗാന്ധിജിയുടെ സന്ദര്‍ശനം കൂടിയായതോടെ ഈ സമരം ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറുകയും ചെയ്തു. ഈ സത്യാഗ്രഹം ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിക്കുകയാണ് ചെയ്തത്. ഒത്തുതീർപ്പിനെത്തുടർന്ന് ക്ഷേത്ര വീഥികള്‍ ഒന്നൊഴികെ തുറക്കപ്പെടുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു.
വൈക്കം സത്യാഗ്രഹം എന്നത് ക്ഷേത്ര പ്രവേശനത്തിനായിരുന്നില്ല. മറിച്ച്, ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികള്‍ എല്ലാ ഹിന്ദുമത വിശ്വാസികള്‍ക്കും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. നവോത്ഥാനപരമായ ആശയങ്ങള്‍ക്കായി പ്രക്ഷോഭം നടത്തുകയെന്ന പുതിയ സമര രീതിക്ക് ഈ സമരം അടിത്തറയായി തീര്‍ന്നു. പിന്നീടുനടന്ന ഗുരുവായൂര്‍ സത്യാഗ്രഹം ഇതിന്റെ കൂടി ഫലമായിരുന്നു. അതിന്റെ മുദ്രാവാക്യം ഒരു പടികൂടി മുന്നില്‍ കടന്നുകൊണ്ട് ക്ഷേത്ര പ്രവേശനംതന്നെ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. തുടര്‍ന്ന് പാലിയത്ത് നടന്ന സമരവും ഇതിന്റെ തുടര്‍ച്ച എന്ന നിലയില്‍ തന്നെ കാണാന്‍ പറ്റുന്നതാണ്.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് സുപ്രധാനമായ പങ്കുവഹിച്ചു. നവോത്ഥാനമെന്നത് ഫ്യൂഡല്‍ ജീവിത രീതികളില്‍ നിന്ന് ആധുനിക ജീവിതത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ ശ്രീ നാരായണ ഗുരു ജനങ്ങളോട് ആഹ്വാനം ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വിദ്യ അഭ്യസിക്കാനും കൃഷിയും, വ്യവസായവും ശക്തിപ്പെടുത്താനുമുള്ള ആഹ്വാനമായിരുന്നു മുന്നോട്ടുവെച്ചത്. ഇതുവഴി ആധുനിക സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായ ഘടകങ്ങളെ തട്ടിമാറ്റുകയെന്ന ചരിത്രപരമായ കടമ നിറവേറ്റുകയായിരുന്നു ചെയ്തത് എന്ന് കാണാം. ഇങ്ങനെ എല്ലാ മനുഷ്യരേയും തുല്യരായി കാണുന്ന ആശയത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് നിര്‍ണായകമായ പങ്കുവഹിച്ചു. സമത്വത്തിന്റേയും, സോഷ്യലിസത്തിന്റേയും ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കുന്നതിലും ഈ പ്രക്ഷോഭം അടിത്തറയിട്ടു.
നവോത്ഥാനത്തിന്റെ ഒപ്പംതന്നെ സഞ്ചരിക്കുകയും, വികസിക്കുകയും ചെയ്ത ഒന്നായിരുന്നു ശാസ്ത്രബോധം എന്നുള്ളത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന് കരുത്തായി തീര്‍ന്നത് നവോത്ഥാനം മുന്നോട്ടുവെച്ച ശാസ്ത്രീയമായ ചിന്തകള്‍ കൂടിയായിരുന്നു. യൂറോപ്പില്‍ ആധുനിക ശാസ്ത്രത്തിന്റെ രൂപീകരണത്തിനും വികാസത്തിനും അടിത്തറയായി തീര്‍ന്ന ഒരു പ്രധാന ഘടകം അവിടെ ഉയര്‍ന്നുവന്ന നവോത്ഥാന ചിന്തകളായിരുന്നു. കേരളത്തിലെ ശാസ്ത്രീയ ധാരണകള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് നവോത്ഥാന ആശയങ്ങളും അതിന്റെ ഭാഗമായുള്ള പോരാട്ടങ്ങളും ഉണ്ടാക്കിയത്. വക്കം മൗലവിയെപ്പോലെയുള്ളവരും ഇത്തരം കാഴ്ചപ്പാടുകള്‍ക്കായി ശക്തമായി നിലകൊണ്ടിട്ടുണ്ട്.
ഫ്യൂഡല്‍ ശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ നവോത്ഥാന ആശയങ്ങളേയും, ശാസ്ത്രീയ ചിന്തകളേയും മുറുകെപ്പിടിച്ചുകൊണ്ട് പൊരുതുന്നതിന് ബൂര്‍ഷ്വാസി മുന്‍പന്തിയില്‍ തന്നെ നിലകൊണ്ടു; നവോത്ഥാനപരമായ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിച്ച് അതിന്റെ പതാകവാഹകരായി നിലകൊണ്ടു. സാര്‍വദേശീയ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഫ്രഞ്ച് വിപ്ലവവും അതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ആശയവുമെല്ലാം ഇതിന് ദൃഷ്ടാന്തമായിരുന്നു.
അയിത്തം: നിയമസഭയിൽ മഹാകവി കുമാരനാശാന്റെ ചോദ്യവും മറുപടിയും തിരുവിതാംകൂർ നിയമസഭാപ്രതിനിധി മഹാകവി കുമാരനാശാൻ 1920 ജൂലൈ 27/1095 കർക്കിടകം 12-ന് തിരുവിതാംകൂർ നിയമസഭയിൽ അയിത്താചാരം സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളും ഗവൺമെന്റിന്റെ മറുപടിയും. ചോദ്യം 1: മഹാരാജാവ് തിരുമനസ്സിലെ പ്രജകളിൽ ഭൂരിപക്ഷക്കാരായ ഈഴവരുടെയും അവർണ്ണഹിന്ദുക്കളെന്നു പറയപ്പെടുന്ന മറ്റു വർഗ്ഗക്കാരുടെയും ഇട യിൽ അവർക്കു സാമാന്യമായുള്ള പൗരാവകാശങ്ങൾ കൂടിയും നിഷേധിക്കപ്പെടുകയും സാമുദായികമായ കാരണത്തിന്മേൽ പല പ്രകാരത്തിലുള്ള ഉപദ്രവങ്ങളും അസഹ്യതകളും ഉണ്ടാക്കിവെച്ചിരിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് ഉത്തരോത്തരം വർദ്ധിച്ചുവരുന്ന അതൃപ്തി ഉണ്ടെന്നുള്ള വിവരം ഗവൺമെന്റ് അറി യുന്നില്ലയോ? ഉത്തരം: ഇല്ല. ചോദ്യം 2: (എ) അങ്ങനെ അറിയുന്നപക്ഷം ക്ഷേത്രങ്ങളുടെ സമീപമുള്ള റോഡുകളിൽ പലപ്പോഴും ക്ഷേത്രങ്ങളുടെ പുറമതിലിൽ നിന്ന് ദൂരത്തായും സ്ഥാപിക്കപ്പെട്ടിരിക്കുന്ന തീണ്ടൽപ്പലകകളെ ഉടൻതന്നെ എടുത്തുകളയുന്നതിന് ഗവൺമെന്റിൽ നിന്നും ഉത്തരവ് കൊടുക്കുമോ? (ബി) മേലാൽ ഇങ്ങനെയുള്ള പലകകൾ സ്ഥാപിക്കാതിരിക്കുമോ? ഉത്തരം: പ്രത്യേക ദൃഷ്ടാന്തങ്ങൾ പറയാമെങ്കിൽ ഗവൺമെന്റ് അനേ-്വഷണം നടത്താം. ചോദ്യം: 3: എല്ലാ പബ്ലിക്ക് സ്കൂളുകളും സത്രങ്ങളും പബ്ലിക്ക് കെട്ടിടങ്ങളും യാതൊരു വ്യത്യാസവും കൂടാതെ അവർക്കായിട്ട് തുറന്നുകൊടുത്ത് അവർ ക്രിസ്ത്യാനികളായിത്തീരുന്ന ക്ഷണത്തിൽ അവർക്ക് അനുഭവിക്കാൻ ഇടവരുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും അനുഭവിക്കാൻ ഇടവരുത്തുമോ? ഉത്തരം: മഹാരാജാവ് തിരുമനസ്സിലെ പ്രജകളിൽ എല്ലാ വർഗ്ഗക്കാർക്കും എല്ലാ പൊതുവിദ്യാലയങ്ങളിലും കഴിയുന്നേടത്തോളം പ്രവേശം അനുവദിക്കണമെന്നുള്ളതായിരുന്നു ഗവൺമെന്റ് നയം. ക്ഷേത്രസാമീപ്യം കൊണ്ടോ മറ്റു കാരണവശാലോ പബ്ലിക് സ്കൂളുകളെ സംബന്ധിച്ച ഈ നയത്തെ അനുവർത്തിക്കാൻ സാധിക്കാതെവന്നിട്ടുള്ളിടത്തെല്ലാം എല്ലാ വർഗ്ഗക്കാർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങളിൽ അവയെ മാറ്റി സ്ഥാപിക്കുന്നതിന് ഗവൺമെന്റിൽനിന്ന് ഏർപ്പാടുകൾ ചെയ്തുവരുന്നുണ്ട്. സത്രങ്ങളെ സംബന്ധിച്ചുള്ള ചോദ്യത്തിന്, മെമ്പർ 1913 ഏപ്രിൽ 8–ാം തീയതിയിലെ 1-ാം ഭാഗം ഗസറ്റിൽ 585, 586 പുറങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ PW1790 ഏ. നമ്പർ ഗവണ്മെന്റുത്തരവു നോക്കുക. (വൈക്കം സത്യാഗ്രഹ സ്മാരകഗ്രന്ഥം, 1977, പുറം 497.) |
എന്നാൽ, ബൂര്‍ഷ്വാസി അധികാരത്തിലെത്തിയശേഷം ഫ്യൂഡല്‍ മൂല്യബോധങ്ങള്‍ക്കെതിരായ ശക്തമായ സമരങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയില്ല. പകരം നവോത്ഥാന വിരുദ്ധമായ മതരാഷ്ട്ര കാഴ്ചപ്പാടുകളുമായി സന്ധിചെയ്ത് മുന്നോട്ടുപോകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഹിന്ദുത്വ – കോര്‍പ്പറേറ്റ് അജൻഡകള്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇതിന്റെ ദൃഷ്ടാന്തമാണ്. കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്പത്തിക അടിത്തറ ആരാണോ സംരക്ഷിക്കുന്നത് അവര്‍ക്കൊപ്പം നിലകൊള്ളുകയെന്ന സമീപനമാണ് എല്ലാ കാലത്തും സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസിന് കരുത്തുണ്ടായിരുന്ന കാലത്ത് അവര്‍ക്കൊപ്പം നിലകൊള്ളുകയെന്ന സമീപനമാണ് സ്വീകരിച്ചത്. ഇത്തരത്തില്‍ സന്ധിചെയ്യുന്ന സമീപനം ബൂര്‍ഷ്വാസി ഇക്കാലത്തും തുടരുകയാണ്.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ‘പരിഷ്കാര’ങ്ങളുടെ അന്തഃസത്ത പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. രണ്ട് പ്രധാനപ്പെട്ട കാഴ്ചപ്പാടുകളുയര്‍ത്തിയാണ് അവര്‍ പ്രധാനമായും ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രബോധത്തെ ഇല്ലാതാക്കുക, ചരിത്രത്തേയും സംസ്കാരത്തേയും വിഷലിപ്തമാക്കുക എന്നിവയാണ് ആര്‍എസ്എസിന്റെ പ്രധാന പ്രചരണ രീതിയെന്ന് മനസിലാക്കേണ്ടതുണ്ട്. ഇപ്പോഴത്തെ പാഠ്യപദ്ധതി ‘പരിഷ്കരണം’ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
മനുഷ്യന്‍ പരിണാമത്തിലൂടെ രൂപപ്പെട്ടതാണെന്ന ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കേണ്ടതില്ലെന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ശാസ്ത്രീയമായ ധാരണകളെ ജനങ്ങളുടെ മനസില്‍ നിന്ന് പറിച്ചെറിയുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് രൂപപ്പെടുത്തുന്നത്. മെൻഡലീവിന്റെ ആവര്‍ത്തന പട്ടികപോലുള്ള ശാസ്ത്ര പഠനത്തിന്റെ അടിസ്ഥാന ഘടകങ്ങളെപ്പോലും ഉന്മൂലനം ചെയ്യുകയെന്ന സമീപനം സ്വീകരിക്കുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന ധാരണകളെ ഇല്ലാതാക്കിയും, കേവല സാങ്കേതികവിദ്യകളുടെ കളികളാക്കി ശാസ്ത്രത്തെ മാറ്റുന്നതിനും വേണ്ടിയുള്ള ഇടപെടലുകളാണ് നടക്കുന്നതെന്ന് വ്യക്തം.
വൈക്കം സത്യാഗ്രഹവും എസ്.എൻ.ഡി.പി യോഗവും: 1099 മേടം 24, 25, 26 (1924 മെയ് 6–8) തീയതികളിൽ വൈക്കത്തു നടന്ന എസ്.എൻ.ഡി.പി. യോഗത്തിന്റെ 21–ാം വാർഷികയോഗത്തിൽ ജനറൽ സെക്രട്ടറി എൻ. കുമാരൻ അവതരിപ്പിച്ച റിപ്പോർട്ട്. …..വൈക്കത്തപ്പന്റെ മതിൽക്കു ചുറ്റുമുള്ള ഒറ്റച്ചാൺ വഴിയേ സംബന്ധിച്ചുള്ള ഒരു യുദ്ധമല്ല നടക്കുന്നത്. തിരുവിതാംകൂറിലുള്ള എല്ലാ വഴികളെയും സംബന്ധിച്ചും മാത്രമല്ല യുദ്ധം. കൊച്ചിയിലേയും മലബാറിലേയും വഴികളെക്കൂടി മാത്രം സംബന്ധിച്ചുമല്ല. കന്യാകുമാരി മുതൽ കാശ്മീരം വരെയും കറാച്ചി മുതൽ കട്ടക്കു വരെയുമുള്ള ഭാരതസാമ്രാജ്യത്തിലെങ്ങും ഹിന്ദുമതം എന്നു തെറ്റായി പേരിട്ടിരിക്കുന്ന ഒരു പൈശാചികമതത്തിന്റെ നാമധേയത്തിൽ നിലനിന്നുവരുന്ന ഒരു വികൃതാചാരത്തെ സമൂലനാശം വരുത്തി ഹിന്ദുമതത്തെയും ഹിന്ദു ജനസമുദായത്തെയും ശുദ്ധീകരിക്കാനും ഭാരതമേദിനിയെ ഉദ്ധരിക്കാനുമുള്ള ഒരു മഹാസമരത്തിന്റെ കേളികൊട്ടു മാത്രമാണ് വൈക്കത്ത് ആരംഭിച്ചിരിക്കുന്നത്. |
നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട സവിശേഷത എല്ലാ ജാതി മത വിഭാഗങ്ങളും വന്‍തോതില്‍ അണിചേര്‍ന്ന ഒരു വലിയ പ്രവാഹമായിരുന്നു അത് എന്നതാണ്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ സര്‍വ്വമത സംഗമം നടന്ന മണ്ണാണ് കേരളത്തിന്റേത്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ഈ സംഗമം സംഘടിപ്പിക്കുന്നതെന്ന് അവിടെത്തന്നെ എഴുതിവെപ്പിക്കുകയും ചെയ്തിരുന്നു ശ്രീനാരായണ ഗുരു. ആ സംഗമത്തിന്റെ അവസാനത്തില്‍ സര്‍വമത പാഠശാല സംഘടിപ്പിക്കുന്നതിനായി പണം പിരിക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുപോയത്. എന്നാല്‍ വര്‍ത്തമാന കാലത്ത് മതനിരപേക്ഷതയുടെ ആശയങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വമായ പദ്ധതികള്‍ രൂപപ്പെടുത്തുകയാണ്. ഗാന്ധിജിയും അബ്ദുള്‍കലാം ആസാദുമുള്‍പ്പെടെയുള്ളവര്‍ പാഠപുസ്തകത്തില്‍ നിന്നും പുറത്തുപോകുന്നത് അതുകൊണ്ടാണ്. ശാസ്ത്ര ചിന്തയും, മതനിരപേക്ഷതയുമെല്ലാം പുതിയ തലമുറയില്‍ എത്തിക്കാതിരിക്കാനുള്ള സംവിധാനമായി വിദ്യാഭ്യാസത്തെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ മൂല്യങ്ങളേയും നവോത്ഥാനപരമായ കാഴ്ചപ്പാടുകളേയുമെല്ലാം ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വര്‍ത്തമാനകാലത്ത്, മനുഷ്യരായി ജീവിക്കാന്‍ നടത്തിയ സമരങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഇത്തരം സമരങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ട് വര്‍ത്തമാനകാലത്തെ പ്രതിസന്ധികളെ മറികടക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിനായി നവോത്ഥാന മൂല്യങ്ങളുള്‍ക്കൊണ്ട് മുന്നോട്ടുപോകുകയെന്നതാണ് വര്‍ത്തമാനകാലത്ത് പ്രധാനമായും ഉള്ളത്. അതിന് കേരളത്തെ സജ്ജമാക്കുകയെന്നതാണ് നമ്മുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്. ♦