Sunday, June 4, 2023

ad

Homeകവര്‍സ്റ്റോറിവെെക്കം സത്യാഗ്രഹം നവോത്ഥാനത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്

വെെക്കം സത്യാഗ്രഹം നവോത്ഥാനത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്

പ്രകാശ് കാരാട്ട്

രിത്രപ്രസിദ്ധമായ വെെക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഈ വർഷം നാം ആഘോഷിക്കുകയാണ്. ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്. കേരളത്തിനു മാത്രമല്ല, നമ്മുടെ രാജ്യത്തിനാകെ പ്രസക്തമായതാണ് വെെക്കം സത്യാഗ്രഹത്തിന്റെ അനുഭവപാഠങ്ങൾ. 603 ദിവസം നീണ്ടുനിന്ന ഈ സത്യാഗ്രഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സവർണ ജാതിക്കാരും അവർണ ജാതിക്കാരുമുൾപ്പെടെ എല്ലാ ജാതിവിഭാഗങ്ങളിലുമുൾപ്പെട്ട ആളുകൾ ഈ സമരത്തിന്റെ നേതൃത്വത്തിലും അതിലെ പങ്കാളികളായും സജീവമായി ഉണ്ടായിരുന്നു. വെെക്കം ക്ഷേത്രത്തിനുചുറ്റുമുള്ള പൊതുവഴികൾ അവർണജാതികളിൽപെട്ടവർക്കുംകൂടി തുറന്നു കൊടുക്കണമെന്ന ആവശ്യമാണവർ മുന്നോട്ടുവച്ചത്. ഈ ഡിമാൻഡുയർത്തിയാണ് സത്യാഗ്രഹം ആരംഭിച്ചത്. ഈ സത്യാഗ്രഹത്തിന് രണ്ട് സവിശേഷതകളുണ്ട്. ഒന്നാമത്തേത‍്, വിവിധ ജാതി സംഘടനകളുടെ നേതാക്കളും വിവിധ ജാതി വിഭാഗങ്ങളിൽപ്പെട്ട ആളുകളും ഈ സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തിരുന്നു എന്നതാണ്; രണ്ടാമത്തേത്, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സത്യാഗ്രഹം ആരംഭിച്ചത് എന്നതാണ്, ആയതിനാൽ വെെക്കം സത്യാഗ്രഹം സ്വാതന്ത്ര്യത്തിനായുള്ള ദേശീയ സമരവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്.

എങ്ങനെയാണ് ഇൗ സത്യാഗ്രഹം അവസാനിച്ചതെന്ന് നമുക്കറിയാം. അവസാനം ഗാന്ധിജിതന്നെ വെെക്കത്തെത്തുകയും പിന്നീട് തിരുവനന്തപുരത്തുപോയി മഹാറാണിയുമായും മറ്റ് ഭരണാധികാരികളുമായും ഒത്തുതീർപ്പു ചർച്ചകൾ നടത്തുകയും ചെയ്തു. ഒടുവിൽ, എത്തിച്ചേർന്ന ഒത്തുതീർപ്പു നിർദേശം, ക്ഷേത്രത്തിനുചുറ്റുമുള്ള, നാലുവശത്തായുള്ള റോഡുകളിൽ 3 എണ്ണവും എല്ലാ ജാതിക്കാർക്കും തുറന്നുകൊടുക്കുമെന്നും, കിഴക്കുവശത്തുള്ള ഒരെണ്ണം ബ്രാഹ്മണർക്കു മാത്രമായി, അവർക്കു ക്ഷേത്രത്തിലേക്ക് കടക്കാനുമായിരിക്കുമെന്നുമായിരുന്നു ഒത്തുതീർപ്പ് നിർദേശം; അതുകൊണ്ടുതന്നെ ഇത് ഭാഗികമായൊരു വിജയമായിരുന്നു.

ശ്രീനാരായണഗുരുവിന്റെ 
നിർദ്ദേശത്തെക്കുറിച്ച് മഹാത്മജി

1924 ജൂൺ 19/1099 മിഥുനം 6

കെ.എം. കേശവൻ ശ്രീനാരായണഗുരുവുമായി നടത്തിയ അഭിമുഖസംഭാ ഷണത്തിന്റെ റിപ്പോർട്ട് ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ചിരുന്നു. സത്യാഗ്രഹികൾ വേലിക്കെട്ടുകൾ ചാടിക്കടക്കണമെന്നും ക്ഷേത്രത്തിൽ പ്രവേശിക്കുകയും ഭക്ഷണം കഴിക്കുന്നതിന് മറ്റുള്ളവരോടൊപ്പം ഇരിക്കുകയും ചെയ്യണമെന്നും ഗുരു ദേവൻ പറഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനു മറുപടിയായി മഹാത്മജി ‘യംഗ് ഇന്ത്യ’യിൽ പ്രസിദ്ധീകരിച്ച കുറിപ്പ്:

“…..തീയരുടെ ആദ്ധ്യാത്മിക നേതാവായ ശ്രീനാരായണഗുരുസ്വാമികൾ വൈക്കം സത്യാഗ്രഹത്തിന്റെ ഇപ്പോഴത്തെ സമ്പ്രദായങ്ങൾ അഭിലഷണീയമല്ലെന്നു പ്രസ്താവിച്ചതായി കാണുന്നു. നിരോധനറോഡുകളിൽക്കൂടി വാളണ്ടിയേഴ്സ് നടന്നുപോകണമെന്നും നിരോധനവേലികൾ കയറിക്കടക്കണമെന്നും അദ്ദേഹം പറയുന്നു. അവർ ക്ഷേത്രങ്ങളിൽ കടന്ന് മറ്റുള്ളവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കണം. ഞാൻ ഈ സംഭാഷണം ചുരുക്കിപ്പറയുന്നുവെങ്കിലും മിക്കവാറും അദ്ദേഹത്തിന്റെ സ്വന്തം വാക്കുകൾ തന്നെയാണ് ഉദ്ധരിച്ചിട്ടുള്ളത്.

അദ്ദേഹം പറയുന്നമാതിരി പ്രവർത്തിക്കുന്നത് സത്യാഗ്രഹമല്ല. വേലി ചാടിക്കടക്കുന്നത് പ്രത്യക്ഷമായ ബലപ്രയോഗമാണ്. നിങ്ങൾക്കു വേലി ചാടിക്കടക്കാ മെങ്കിൽ എന്തുകൊണ്ട് ക്ഷേത്രവാതിലുകൾ ചവിട്ടിപ്പൊളിക്കുകയും ക്ഷേത്രമതിലുകൾ ഇടിച്ചുപൊളിക്കുകയും ചെയ്തുകൂടാ? ശരീരശക്തി ഉപയോഗിക്കാതെ എങ്ങനെയാണ് വാളണ്ടിയർമാർ പോലീസുകാരുടെ അണി മുറിക്കുന്നത്? തീയർ ശക്തരാണെങ്കിലും അവരുടെ കൂട്ടത്തിൽ വേണ്ടിടത്തോളം പേർ മരിക്കുന്നതിനു സന്നദ്ധരാണെങ്കിലും ഈവിധം പ്രവർത്തിച്ചാൽ അവരുടെ ഉദ്ദേശ്യം സാധിക്കുകയില്ലെന്ന് ഞാൻ ഒരു നിമിഷം പോലും അഭിപ്രായപ്പെടുന്നില്ല. എന്റെ താഴ്മയായ അഭിപ്രായം ഇതു മാത്രമാണ്. അവർക്ക് അത് സാദ്ധ്യമാകുന്നത് സത്യാഗ്രഹത്തിനു നേരെ വിപരീതമായ ഏതോ കൊണ്ടു മാത്രമാണ്. അപ്പോഴും അവർ യാഥാസ്ഥിതികന്മാരായ മാമുൽപ്രിയന്മാരെ അവരുടെ അഭിപ്രായത്തിലേക്ക് പരിവർത്തനം ചെയ്യിച്ചിട്ടില്ലെന്നു മാത്രമല്ല, ബലം കൊണ്ട് അവരിൽ അതു ചുമത്തുകകൂടിയുമാണ്. ഈ സംഭാഷണത്തെക്കുറിച്ചുള്ള പത്രറിപ്പോർട്ട് എനിക്കയച്ചുതന്ന ഒരു സ്നേഹിതൻ, ബലം പ്രയോഗിക്കണമെന്ന് ഗുരു ഉപദേശിച്ചിരിക്കുന്നതുകൊണ്ട് സത്യാഗ്രഹം നിറുത്തിവയ്ക്കാൻ കോൺഗ്രസ് കമ്മിറ്റിക്കാരോട് ഞാൻ ആവശ്യപ്പെടണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം നമ്മുടെ കർമ്മ പദ്ധതിയിൽ നമുക്കു വിശ്വാസമില്ലെന്നും നാം ‘ജാഗ്രത’യ്ക്കു കീഴടങ്ങുന്നു എന്നുമാണ്. ഭാരവാഹികൾ സ്വയം അംഗീകരിച്ചിട്ടുള്ള പരിധിക്കുള്ളിൽ നിൽക്കുന്ന കാലത്തോളം സത്യാഗ്രഹം നിറുത്തിവയ്പിക്കേണ്ട കാര്യമില്ല. ഒരു ഉദാഹരണമായി ആ സ്നേഹിതൻ ‘ചൗരി ചൗരാ’ യെ ഉദ്ധരിക്കുന്നു. അങ്ങനെ ചെയ്തതിൽ അദ്ദേഹം പരമാർത്ഥസ്ഥിതിയിലുള്ള അജ്ഞതയും വിചാരസങ്കലനവും പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നു. ബർദോളി സത്യാഗ്രഹം നിറുത്തുവച്ചത് കോൺഗ്രസ് ആളുകളും ഖിലാഫത്തുകാരും ചൗരിചൗരായിലെ ഭയങ്കരകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നതുകൊണ്ടാണ്. തീയരുടെ ആദ്ധ്യാത്മികഗുരു അനുകൂലിക്കുന്ന അഭിപ്രായം, വൈക്കം സത്യാഗ്രഹത്തിൽപ്പെട്ട കോൺഗ്രസുകാർക്കും ഉണ്ടെങ്കിൽ അവർ പശ്ചാത്തപിക്കണം. അതു നിറുത്തുവയ്ക്കണം, വേറൊരു കാരണവശാലും വേണ്ട. അതുകൊണ്ട് വൈക്കത്തെ ഭാരവാഹികൾ അവരുടെ ശ്രമങ്ങൾ ദ്വിഗുണീകരിക്കണമെന്നും ഇതിൽ ഉൾപ്പെടുന്നവരുടെ നടപടികളെ വളരെ സൂക്ഷിക്കണമെന്നും ഞാൻ അവരെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ലക്ഷ്യത്തിൽ ചെന്നുചേരുന്നതിന് കാല വിളംബം ഉണ്ടായാലും, നമ്മുടെ മാർഗ്ഗം സ്വയം സഹിച്ചും സ്വയം പരിശുദ്ധരായും യാഥാസ്ഥിതികന്മാരെ ശാന്തമായി നമ്മുടെ ഭാഗത്തു ചേർക്കുകയാണ്. വേറെ ഒന്നുമല്ല.

(യംങ് ഇന്ത്യ, 1924 ജൂൺ 19)

വെെക്കം സത്യാഗ്രഹത്തിനുശേഷം ഉയർന്നുവന്ന ക്ഷേത്രപ്രവേശനമെന്ന ആവശ്യം ഇതിന്റെ തുടർച്ചയായിരുന്നു. ആ നിലയിൽ വെെക്കം സത്യാഗ്രഹം പൊതുവഴിയിൽ അവർണർക്കും നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നു എന്നു പറയാനാവില്ല. പരിമിതികൾ പലതും ഉണ്ടായിരുന്നെങ്കിലും, വിട്ടുവീഴ്ചയോടുകൂടിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണത് അവസാനിച്ചതെങ്കിലും, ദീർഘകാല ചരിത്രപശ്ചാത്തലത്തിൽ നോക്കിയാൽ വെെക്കം സത്യാഗ്രഹം വലിയൊരു മുന്നേറ്റം തന്നെയായിരുന്നു. കാരണം ചരിത്രത്തിൽ ആദ്യമായാണ് മർദ്ദിത ജാതി വിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരത്തിൽ നേരിട്ട് പങ്കെടുക്കുന്നതും അത്തരമൊരു സമരത്തിൽ സവർണ ജാതികളിൽപ്പെടുന്ന ഉത്ബുദ്ധരും ജനാധിപത്യവാദികളുമായ ഒരു വിഭാഗവും കൂടി സജീവമായി ഇടപെടുന്നതും. വെെക്കം സത്യാഗ്രഹത്തിന്റെ ശ്രദ്ധേയവും പ്രധാനപ്പെട്ടതുമായൊരു സവിശേഷതയായിരുന്നു ഇത്.

വെെക്കം സത്യാഗ്രഹത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് വിശദമാക്കാനാണ്, ഐതിഹാസികമായ വെെക്കം സത്യാഗ്രഹത്തിനുശേഷം എന്തുണ്ടായി എന്ന് പരിശോധിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ഈ സമരത്തിന്റെ നേതാക്കളിലൊരാളായിരുന്നു പെരിയാർ എന്നറിയപ്പെടുന്ന ഇ വി രാമസ്വാമി നായ്-ക്കർ. ആ കാലത്ത് അദ്ദേഹം തമിഴ്നാട്ടിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും കൂടിയായിരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് പെരിയാർ ഈ സമരത്തിൽ പങ്കെടുക്കാൻ നേരിട്ടുതന്നെ എത്തുകയും മാസങ്ങളോളം ഇവിടെ താമസിക്കുകയും ചെയ്തത്. എന്നാൽ, ഈ ഒത്തുതീർപ്പിനെത്തുടർന്ന് പെരിയാർ അതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ഇതൊരു വഞ്ചനയാണെന്ന് പ്രതികരിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം കോൺഗ്രസ് പാർട്ടി വിട്ടു. ഗാന്ധിജിയുടെ സമീപനം ഒത്തുതീർപ്പിന്റേതും വിട്ടുവീഴ്ചയുടേതുമാണെന്നും സാമൂഹിക പരിവർത്തനത്തിലും സാമൂഹിക പരിഷ്കരണത്തിലും ഉറച്ചുനിൽക്കുന്ന സമീപനമല്ല ഗാന്ധിജിയുടേതെന്നുമാണ് അദ്ദേഹം ചിന്തിച്ചത്. അതിനുശേഷം തമിഴ്നാട്ടിൽ വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങൾ ഉടലെടുത്തു. അങ്ങനെയാണ് പെരിയാർ ദ്രാവിഡ പ്രസ്ഥാനത്തിന് രൂപം നൽകിയത്. അത് സാമൂഹിക നീതിക്കും, ആത്യന്തികമായി ബ്രാഹ്മണ മേധാവിത്വത്തിന് അന്ത്യം കുറിക്കുന്നതിനുംവേണ്ടിയുള്ളതായിരുന്നു.

വെെക്കം സത്യാഗ്രഹം ക്ഷേത്ര പ്രവേശനത്തിനുവേണ്ടിയുള്ള ഒന്നായിരുന്നില്ലായെങ്കിലും അതിന്റെ തുടർച്ചയായാണ് ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ആദ്യം തിരുവിതാംകൂറിലും പിന്നീട് ഗുരുവായൂരിലും നടന്നത്. ഈ ഘട്ടത്തിലാണ് പുതുതായി രൂപം കൊണ്ടുവരികയായിരുന്ന ഇടതുപക്ഷ പ്രസ്ഥാനം ഈ പ്രക്ഷോഭത്തിലിടപെടുന്നതും ഗുരുവായൂർ സത്യാഗ്രഹത്തിൽ പി കൃഷ്ണപിള്ളയും എ കെ ഗോപാലനുമെല്ലാം സജീവ പങ്കാളികളാകുന്നതുമെല്ലാം. വാസ്തവത്തിൽ, എ കെ ജിയായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ. കോൺഗ്രസ് പാർട്ടിയാണ് വെെക്കം സത്യാഗ്രഹം തുടങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും ആ നിലപാടിൽ അവർ ഉറച്ചുനിന്നിരുന്നില്ല. സാമൂഹിക നീതിക്കുവേണ്ടിയുള്ള അധഃസ്ഥിത ജനവിഭാഗങ്ങളുടെ ആവശ്യങ്ങളോടും സമരങ്ങളോടും കോൺഗ്രസിന് ഉറച്ച നിലപാടുണ്ടായിരുന്നില്ല. ബ്രിട്ടീഷ് വാഴ്-ച അവസാനിപ്പിക്കുന്നതിനും സ്വാതന്ത്ര്യം നേടുന്നതിനുംവേണ്ടിയുള്ള സമരത്തിൽ മാത്രമായിരുന്നു അക്കാലത്ത് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ കോൺഗ്രസിന്റെ സമീപനം ഇതുതന്നെയായിരുന്നു. ഇത് രണ്ട് വിഭാഗങ്ങൾ തമ്മിൽ വലിയൊരു അന്തരത്തിനും അകൽച്ചയ്ക്കും ഇടയാക്കി: ഒന്ന്, കോൺഗ്രസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രസ്ഥാനവും, മറ്റൊന്ന് സാമൂഹിക നീതിക്കുവേണ്ടിയുള്ള മർദ്ദിത ജാതിവിഭാഗങ്ങളുടെയും അവരുടെ സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രസ്ഥാനവും. ഇത് യഥാർഥത്തിൽ, ദേശീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയാണുണ്ടായത്.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തെ സാമൂഹിക നീതിക്കായുള്ള മർദ്ദിത ജനവിഭാഗങ്ങളുടെ പ്രസ്ഥാനവുമായി കൂട്ടിയിണക്കണമെന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിനൊപ്പം തദ്ദേശീയ നാടുവാഴികൾക്കും ഫ്യൂഡൽ പ്രഭുക്കൾക്കും എതിരായ സമരംകൂടി നടത്തണമെന്ന കാഴ്ചപ്പാടുതന്നെ കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ, ആ പ്രസ്ഥാനം കൂടുതൽ വിപുലവും വിശാലവുമാകുമായിരുന്നു; അങ്ങനെയായിരുന്നെങ്കിൽ, നമ്മുടെ സാമൂഹിക വ്യവസ്ഥയിൽ കൂടുതൽ വിശാലവും അഗാധവുമായ ജനാധിപത്യപരമായ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ഇതുതന്നെയായിരുന്നു രാജ്യത്തുടനീളമുള്ള അവസ്ഥ. ഇതാണ് പെരിയാറിനെയും ഡോ. അംബേദ്കറെയും പോലെയുള്ള ജാതിവിരുദ്ധ സാമൂഹിക പരിഷ്കർത്താക്കളായ നേതാക്കൾ കോൺഗ്രസിൽ നിന്നകന്നുപോകാനിടയാക്കിയത്. സ്വാതന്ത്ര്യസമര പ്രസ്ഥാനം തങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ഏറ്റെടുക്കില്ലെന്നും അത് സവർണ ജാതിക്കാരുടെ നേതൃത്വത്തിൽ ഉള്ളതാണെന്നുമുള്ള ധാരണ അവരിൽ വേരുറച്ചു. അതുകൊണ്ടുതന്നെ അവർ സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തിൽനിന്നും അകന്നുനിൽക്കുന്ന പരിപ്രേക്ഷ്യത്തിലേക്കുപോയി.

ഇടതുപക്ഷ സമീപനം
എന്നാൽ ഇവിടെ കേരളത്തിൽ വ്യത്യസ്തമായൊരു പരിപ്രേക്ഷ്യമാണ് ഉയർന്നുവന്നത്. ഇവിടെ ഇടതുപക്ഷത്തിന്റെ ഉയർന്നുവരവ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം സാമൂഹിക നീതിക്കായുള്ള പ്രസ്ഥാനത്തെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ വഴിയൊരുക്കി. സാമൂഹിക നീതിക്കായുള്ള അവർണ ജനവിഭാഗത്തിന്റെ പോരാട്ടത്തിന് ജനാധിപത്യത്തിനായുള്ള പ്രസ്ഥാനത്തിൽ ശക്തമായൊരിടമുണ്ട് എന്ന് ഇടതുപക്ഷം ഉറച്ചുവിശ്വസിച്ചു. ഈ രണ്ട് സമരങ്ങളെയും വർഗസമരവുമായി കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. മർദ്ദിതരായ എല്ലാ വർഗങ്ങളെയും എല്ലാ ജാതിവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ഈ സമരം മുന്നോട്ടുപോകേണ്ടത്. ഈ നിലപാടാണ് കേരളത്തിൽ ഇടതുപക്ഷം സ്വീകരിച്ചത്. ഇടതുപക്ഷം ആദ്യം കോൺഗ്രസിന്റെ ഭാഗമായിരുന്നു; പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായി. അപ്പോഴെല്ലാം ഈ നിലപാടുതന്നെയാണ് ഇടതുപക്ഷം കെെക്കൊണ്ടത്. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോഴും ഈ നിലപാടാണ് നമ്മൾ ഉയർത്തിപ്പിടിച്ചത്. ഇത് കേരളത്തെ വ്യത്യസ്തമായൊരു പരിപ്രേക്ഷ്യത്തിലെത്തിച്ചു.

കേരളത്തിൽ വികസിച്ചുവന്ന സാമൂഹിക പരിഷ്കരണത്തിന്റേതായ നവോത്ഥാന പ്രസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ ഈ സമീപനം, സങ്കുചിതമായ ജാതി സംഘടനകളിൽ പരിമിതപ്പെടുത്തിയില്ല. തങ്ങളുടെ സമുദായ താൽപ്പര്യത്തിനുവേണ്ടി മാത്രമായി പരിമിതപ്പെട്ടുനിൽക്കുന്ന ഒന്നായി അത് മാറിയില്ല. മറിച്ച്, ഒരു വർഗ കാഴ്ചപ്പാടിൽ അത് ഒന്നിച്ചുചേർക്കപ്പെട്ടപ്പോൾ, അന്നു നിലനിന്നിരുന്ന കൊളോണിയൽ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ പൊരുതുന്നതിനുള്ള എല്ലാ മർദിത ജാതികളുടെയും ജനവിഭാഗങ്ങളുടെയും യോജിച്ച മുന്നേറ്റത്തിന് അത് വഴിയൊരുക്കി. കമ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷത്തിനും മാത്രമാണ് ഈയൊരു കാഴ്ചപ്പാടുണ്ടായിരുന്നത്. വെെക്കം സത്യാഗ്രഹത്തിന്റെ അനുഭവങ്ങൾ കേരളത്തിൽ നമുക്ക് വിലപ്പെട്ട നിരവധി പാഠങ്ങൾ നൽകുന്നതാണ്. അതാണ് ഇ എം എസ് പറഞ്ഞത്, ഈ ജാതി സംഘടനകൾക്ക് രണ്ട് ഘട്ടമുണ്ട്. ആദ്യഘട്ടത്തിൽ മർദ്ദിത ജനവിഭാഗങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തി അണിനിരത്തുന്നതിൽ, അവരെ ഉദ്ബുദ്ധരാക്കുന്നതിൽ ഈ സംഘടനകൾ പ്രധാനപ്പെട്ടൊരു പങ്കുവഹിച്ചിട്ടുണ്ട് എന്ന്. അതുകൊണ്ടാണ് ശ്രീനാരായണഗുരുവിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്, ‘‘കേരളത്തിൽ മണ്ണിൽ പണിയെടുക്കുന്നവരും ഭൂരഹിതരുമായ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ഈഴവ ജനവിഭാഗങ്ങളെയാകെ അണിനിരത്തിക്കൊണ്ടും ബഹുജന ജനാധിപത്യപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ആദ്യത്തെ സന്ന്യാസിവര്യനായ നേതാവാണദ്ദേഹം.’’ ഗുരുവാണ് കീഴാള ജാതിവിഭാഗങ്ങളുടെ ആദ്യത്തെ സംഘടനയ്ക്ക് രൂപംകൊടുത്തത്. അതിലാണ് കർഷകജനസാമാന്യം സ്വയം സംഘടിക്കുവാനും ജനാധിപത്യത്തിനുവേണ്ടി പൊരുതാനും ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഇവയ്ക്ക് ജനാധിപത്യപരമായ ഉള്ളടക്കം ഉണ്ടായിരുന്നു. എസ്എൻഡിപിയെ പോലെയുള്ള സംഘടനകളെക്കുറിച്ചാണ് ഇ എം എസ് ഇവിടെ സൂചിപ്പിക്കുന്നത്.

എന്നിട്ടദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, പിൽക്കാലത്ത് ഈ സംഘടനകളിൽ വന്നുചേർന്ന മാറ്റത്തെക്കുറിച്ചാണ്; എല്ലാ ജാതിവിഭാഗങ്ങളിലും മർദ്ദിത ജനവിഭാഗങ്ങളുണ്ടെന്നും ഈ മർദ്ദിത ജനവിഭാഗങ്ങൾ വർഗബോധത്തിന്റെ അടിസ്ഥാനത്തിൽ ഒരുമിക്കേണ്ടതാണെന്നുമുള്ള കാര്യം ഈ സംഘടനകളുടെ പിൽക്കാല നേതൃത്വം അംഗീകരിക്കുന്നില്ല. മാത്രമല്ല, തങ്ങളുടെ ജാതിവിഭാഗത്തിൽപ്പെട്ട മർദ്ദിതരായവർ വർഗപരമായി സംഘടിക്കുന്നതിനെ ഇവർ തടയുകയും ചെയ്യുന്നു. ഇവർക്ക് സങ്കുചിതവും വിഭാഗീയവുമായ താൽപ്പര്യങ്ങൾ മാത്രമേ ഉള്ളൂ. എന്നാൽ കമ്യൂണിസ്റ്റ് –ഇടതുപക്ഷ പ്രസ്ഥാനങ്ങൾ രംഗത്തുവന്നതോടെ, വർഗ സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനവും കെട്ടിപ്പടുക്കപ്പെട്ടതോടെ സാമൂഹികമായ അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടത്തിനൊപ്പം വർഗപരമായ ചൂഷണത്തിനും അടിച്ചമർത്തലുകൾക്കുമെതിരായും കൊളോണിയൽ ഫ്യൂഡൽ വാഴ്-ചകൾക്കെതിരായുമുള്ള പോരാട്ടത്തെയും കൂടി കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് മർദ്ദിതജാതി വിഭാഗങ്ങൾക്കു ബോധ്യപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷം ബൂർഷ്വാ ഭൂപ്രഭു വ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടവുമായി ഇത് മുന്നോട്ടു കൊണ്ടുപോയതും ഈ പശ്ചാത്തലത്തിലാണ്. അങ്ങനെ കേരളത്തിൽ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങൾ ഉയർന്നു വന്നത് നമുക്ക് കാണാം. ഒന്നാമത്, ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽനിന്നും വ്യത്യസ്തമായി, കേരളത്തിൽ താഴ്-ന്ന ജാതിയിൽപ്പെട്ടവരുടെ അവകാശങ്ങളും അവരുടെ ആഗ്രഹാഭിലാഷങ്ങളുമെല്ലാം വിശാലമായ ജനാധിപത്യപ്രസ്ഥാനത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് കൊണ്ടുവരപ്പെട്ടു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഈ ജനവിഭാഗങ്ങളെ സ്വത്വരാഷ്ട്രീയത്തിന്റെ വലയത്തിനുള്ളിൽ തളച്ചിടുകയും ഭരണവർഗ പാർട്ടികൾ അതിനെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ രണ്ടോ മൂന്നോ ദശകക്കാലത്ത് ഉത്തരേന്ത്യയിലൊരിടത്തും ക്ഷേത്രപ്രവേശന പ്രസ്ഥാനം പോലൊന്ന് നിങ്ങൾക്ക് കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ, കേരളത്തിൽ താഴ്ന്ന ജാതിവിഭാഗങ്ങളുടെ ബോധനിലവാരത്തിലുണ്ടായ ഈ ഉണർവ്, ചൂഷകരുടെ വർഗ വാഴ്ചയ‍്ക്കെതിരായി മൊത്തത്തിലുണ്ടായ മുന്നേറ്റവുമായി കൂട്ടിച്ചേർക്കപ്പെട്ടത് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഉണ്ടായിട്ടില്ല. അതാണ് നമ്മൾ പഠിക്കേണ്ട പ്രധാനപ്പെട്ട പാഠം.

വെെക്കത്ത് തുടങ്ങിവച്ചത്, അതെത്രത്തോളം പരിമിതമായ വിജയമാണെങ്കിലും അത് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. നവോത്ഥാനമെന്ന് വിളിക്കുന്ന ആ പ്രക്രിയ കേരളത്തിൽ നിലനിന്നതും കൂടുതൽ ആഴമേറിയതായതും ഇടതുപക്ഷം വഹിച്ച പങ്കുമൂലമാണ്; വർഗാധിഷ്ഠിത പ്രസ്ഥാനങ്ങളും സംഘടനകളും വികസിപ്പിക്കപ്പെട്ടതുമൂലമാണ്.

തമിഴ്നാട്ടിൽ ഇപ്പോഴും ദളിതർക്കെതിരായ അതിക്രമങ്ങൾ തുടരുന്നതായി നമുക്ക് കാണാൻ കഴിയും. അവിടെ വളരെ ശക്തമായൊരു ജാതിവിരുദ്ധ പ്രസ്ഥാനമുണ്ടായിരുന്നതാണ്. പെരിയാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആ പ്രസ്ഥാനം ഏറെ പുരോഗമനപരവും മൗലിക സ്വഭാവമുള്ളതുമായിരുന്നു. എന്നാൽ ഈ ജനവിഭാഗങ്ങളുടെ വർഗപരമായ വിഷയങ്ങൾ, അവരുടെ ജീവിതത്തിൽ ദെെനംദിനം നടക്കുന്ന ചൂഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏറ്റെടുക്കാതിരുന്നതുമൂലം ആ പ്രസ്ഥാനം പിൽക്കാലത്ത് വികസിച്ചുവന്നില്ല. അതുകൊണ്ടാണ് ഇപ്പോഴും ദളിതർക്കെതിരായ ആക്രമണങ്ങളും അവരുടെ വീടുകളും അവരുടെ ഗ്രാമങ്ങളും തകർക്കപ്പെടുന്നതും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നതും, തമിഴ്നാട്ടിൽ ഇപ്പോഴും തുടരുന്നത്. കേരളത്തിൽ ഇന്ന് അതുപോലെയൊന്നും കാണാനാവില്ല. ഇതുപോലെ ഒരുപാട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും.

വെെക്കം സത്യാഗ്രഹം: ഒരു വഴിത്തിരിവ്
വെെക്കം സത്യാഗ്രഹം ഒരു വഴിത്തിരിവായിരുന്നു; സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിലേക്കുള്ള, ഫ്യൂഡൽ വിരുദ്ധ പ്രക്ഷോഭത്തിലേക്കുള്ള മുന്നേറ്റത്തിന്റേതായ വഴിത്തിരിവ്. കോൺഗ്രസ് പാർട്ടി ഫ്യൂഡൽവിരുദ്ധ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല. ഗാന്ധിജിക്ക് നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളോടുണ്ടായിരുന്ന മൃദുസമീപനം ഏറെ പ്രസിദ്ധമാണല്ലോ. എല്ലാത്തിനുമുപരി, ഈ നാട്ടുരാജാക്കന്മാർ നമ്മുടെ ഈ സമൂഹത്തിന്റെതന്നെ ഭാഗമാണെന്നും അതുകൊണ്ട് അവരോട് വ്യത്യസ്തമായൊരു സമീപനം പുലർത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കരുതി. ആ കാലത്തെ ഹിന്ദു രാജാക്കന്മാരോടും സവർണ മേധാവികളോടും എതിരിടുന്നതിനെ അദ്ദേഹം എതിർത്തു. അതൊരു വ്യത്യസ്ത സമീപനമായിരുന്നു; അവരുടെ മനസ്സുമാറ്റാൻ സത്യാഗ്രഹംപോലെയുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം കരുതി. എന്നാൽ ശ്രീനാരായണഗുരുവിന്റേത് ഈ സമീപനമായിരുന്നില്ല. ഗാന്ധിജിയും ശ്രീനാരായണഗുരുവും തമ്മിലുള്ള പ്രസിദ്ധമായ ആ കൂടിക്കാഴ്ചയിൽ ഗുരു ഗാന്ധിജിയോട് പറഞ്ഞത്, നമ്മുടെ ലക്ഷ്യം നേടാൻ ഈ അഹിംസയും സത്യാഗ്രഹവുമൊന്നും പോരാ എന്നാണ്. തുടർന്ന് അവർ ഈ കാര്യത്തിലുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ യോജിക്കുകയും ചെയ്തു. വെെക്കം സത്യാഗ്രഹം മുന്നോട്ടേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. സാമൂഹിക നീതിക്കും സാമൂഹിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ വഴിയാണ് അതിലൂടെ തുറക്കപ്പെട്ടത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും വഹിച്ച പങ്കുമൂലം സ്വാതന്ത്ര്യത്തിനായുള്ള സാമ്രാജ്യത്വവിരുദ്ധ സമരവും ഫ്യൂഡൽവിരുദ്ധ സമരവും സാമൂഹിക നീതിക്കായുള്ള സമരവും കണ്ണിചേർക്കപ്പെട്ടു.

ഇനി നമുക്ക് നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയൊന്ന് പരിശോധിക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ നൂറുവർഷത്തിനിടയിൽ പൊതുവഴികൾ മാത്രമല്ല, ക്ഷേത്രങ്ങളും എല്ലാ ജാതി വിഭാഗങ്ങൾക്കുമായി തുറക്കപ്പെട്ടു. എന്നിട്ടും തമിഴ്നാട്ടിൽ ഇന്നും, ക്ഷേത്രപ്രവേശനത്തിനായി നമ്മൾ സമരം നടത്തുകയാണ്. നമ്മുടെ നേതൃത്വത്തിലുള്ള അയിത്തവിരുദ്ധ പ്രസ്ഥാനം തമിഴ്നാട്ടിൽ ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുവാനുളള അവകാശത്തിനായി പൊരുതുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നമുക്കെതിരെ കുറഞ്ഞത് അരഡസൻ കേസുകളെങ്കിലും എടുത്തിട്ടുണ്ട്.

വെെക്കം സത്യാഗ്രഹത്തിനുശേഷം ഉയർന്നുവന്ന നവോത്ഥാന മൂല്യങ്ങളെല്ലാംതന്നെ ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്. ഈ വെല്ലുവിളി ഉയർന്നുവരുന്നത് നമ്മുടെ രാജ്യത്തെ ഹിന്ദുത്വ ശക്തികളുടെ വളർച്ചയോടുകൂടിയാണ‍്. 1925 ലാണ് ആർഎസ്എസ് രൂപീകരിക്കപ്പെട്ടത്. 1925നും സ്വാതന്ത്ര്യലബ്ധിക്കുമിടയ്ക്ക് രാജ്യത്തെവിടെയെങ്കിലും ആർഎസ്എസ് ക്ഷേത്രപ്രവേശനത്തിനായി സമരം നടത്തിയതായി നമുക്ക് കാണാനാവില്ല. കാരണം, വർണാശ്രമ വ്യവസ്ഥ മാറ്റം കൂടാതെ അങ്ങനെതന്നെ നിലനിൽക്കണമെന്നാണ് അവർ വിശ്വസിക്കുന്നത്. മനുസ്-മൃതിയിൽ പറഞ്ഞതുപോലെതന്നെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആർഎസ്എസ് വിശ്വസിക്കുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയിലെ ഇന്നത്തെ ഭരണാധികാരികൾ മനുസ്-മൃതിയിൽ വിശ്വസിക്കുന്നവരാണ്.

വെെക്കം സത്യാഗ്രഹത്തിനുശേഷമുള്ള ഒരു നൂറ്റാണ്ടു കാലത്ത് നാം നേടിയെടുത്ത നേട്ടങ്ങളെയെല്ലാം ബോധപൂർവം തകർക്കുകയാണ‍് ഹിന്ദുത്വ പ്രത്യയശാസ്ത്രം. അവരെങ്ങനെയാണ് ചരിത്രത്തെ മാറ്റിയെഴുതുന്നത് എന്നും പാഠപുസ്തകങ്ങളിൽ യുക്തിക്കു നിരക്കാത്ത ആശയങ്ങൾ കുത്തിത്തിരുകുന്നത് എന്നും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്താണല്ലോ എൻസിഇആർടി പാഠപുസ്തകങ്ങൾ തിരുത്തിയെഴുതിയത്. അവർ ചരിത്രത്തിൽനിന്ന് മുഗൾ കാലഘട്ടത്തെ വെട്ടിമാറ്റുക മാത്രമല്ല ചെയ്തത്, മറിച്ച് ശാസ്ത്രത്തെയും അവർ വെറുതെ വിട്ടില്ല. സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് ഡാർവിന്റെ പരിണാമസിദ്ധാന്തവും അവർ എടുത്തുമാറ്റി. ഇതിനു കാരണമായി ഒരു ആർഎസ്എസ് നേതാവ് പറഞ്ഞത്, നമ്മളൊന്നും മനുഷ്യക്കുരങ്ങിന്റെ പിന്മുറക്കാരല്ലെന്നാണ്. ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം ദശാവതാരമാണുള്ളത്. അതായത് ദെെവത്തിൽനിന്നുള്ള പിന്തുടർച്ച. അതുകൊണ്ട് മനുഷ്യൻ പരിണാമപ്രക്രിയയിലൂടെ ആൾക്കുരുങ്ങിൽനിന്നു പരിണമിച്ചുവന്നതാണെന്ന് അവർ വിശ്വസിക്കുന്നില്ല. അതിനാൽ പാഠപുസ്തകങ്ങളിൽനിന്ന് പരിണാമത്തെക്കുറിച്ചുള്ള ആ ഭാഗം അവർ വെട്ടിമാറ്റി.

ഹിന്ദുത്വശക്തികൾ ശ്രമിക്കുന്നത് ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും മുന്നോട്ടുള്ള വേലിയേറ്റത്തെ തടയാനാണ്; അതിനെ പിന്നോട്ടുകൊണ്ടുപോകാനാണ്. ഇതിനെതിരെ നമ്മൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്ത്യയിലാകെ ഇത് സംഭവിക്കുമ്പോൾ കേരളത്തിലും ഈ ഹിന്ദുത്വ ആശയങ്ങൾ നുഴഞ്ഞുകയറും; സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളിലും ഹിന്ദുത്വബോധം സൃഷ്ടിക്കാനും ഹിന്ദുത്വ ആശയങ്ങളുടെ കടന്നുകയറ്റത്തിനുംവേണ്ടിയാണ് അവർ ശ്രമിക്കുന്നത്. അതുകൊണ്ട്, വെെക്കം സത്യാഗ്രഹത്തിൽനിന്നുള്ള പാഠങ്ങൾ നമ്മൾ വീണ്ടും ഓർമിക്കേണ്ടതിനും വെെക്കം സത്യാഗ്രഹം തുടങ്ങിവച്ച ഉദ്ബുദ്ധതയുടെയും നവോത്ഥാനത്തിന്റെയും പ്രക്രിയ മുന്നോട്ടുകൊണ്ടുപോകേണ്ടതിനും നാം പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. ഇന്ന് നമ്മുടെ രാജ്യത്ത് ആധിപത്യമുറപ്പിച്ചിരിക്കുന്ന ഹിന്ദുത്വ കോർപറേറ്റ് വാഴ്-ചയ്ക്കെതിരെ പൊരുതിക്കൊണ്ടു മാത്രമേ ഈ പ്രക്രിയയുമായി നമുക്ക് മുന്നോട്ടുപോകാനാകൂ. എന്നുവച്ചാൽ സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയാകെ, പ്രത്യേകിച്ച് സാമൂഹികമായ അടിച്ചമർത്തലിന് വിധേയരാക്കപ്പെടുന്ന ജനവിഭാഗങ്ങളെയാകെ ചൂഷണം ചെയ്യുന്ന നവലിബറലിസത്തിനെതിരെ പൊരുതണം; ഇത് സാധ്യമാക്കണമെങ്കിൽ, സാമൂഹികമായ അടിച്ചമർത്തലിന് വിധേയരാക്കപ്പെടുന്നവരുൾപ്പെടെ എല്ലാ മർദ്ദിതജനവിഭാഗങ്ങളുടെയും ഐക്യം ഉൗട്ടിയുറപ്പിക്കേണ്ടതുണ്ട്. അതിന് ജാതിവിവേചനത്തിനും ജാതീയമായ അടിച്ചമർത്തലിനുമെതിരായ പോരാട്ടവും നാം ഏറ്റെടുക്കണം. ശ്രീനാരായണഗുരുവും ജേ-്യാതിബാ ഫുലെയും ഒരു പരിധിവരെ പെരിയാറും മുന്നോട്ടുവച്ച ജാതിരഹിത സമൂഹത്തിനുവേണ്ടി നാം പ്രവർത്തിക്കണം; അത്തരത്തിലൊരു ജാതിരഹിത സമൂഹം ഒരു വർഗരഹിത സമൂഹത്തിൽ മാത്രമേ സാധ്യമാക്കാൻ കഴിയൂ. 

മഹാത്മജിയുടെ സത്യാഗ്രഹാനുമതി
1924 മാർച്ച് 19/1099 മീനം 6
കേരളാ പ്രദേശ് കോൺഗ്രസ്സ് സെക്രട്ടറി കെ.പി. കേശവമേനോന് മഹാത്മാഗാന്ധി അയച്ച കത്ത്.

അന്ധേരി.
1924 മാർച്ച് 15

പ്രിയപ്പെട്ട കേശവമേനോൻ,

കത്തു കിട്ടി. ഇന്ത്യയുടെ ഭാഗത്താണ് അധഃകൃതവർഗ്ഗക്കാരുടെ സ്ഥിതി ഏറ്റവും ശോചനീയമായിട്ടുള്ളതെന്ന് എനിക്കറിയാം. നിങ്ങൾ പറയുന്നതുപോലെ അവർ കേവലം അസ്പൃശ്യർ മാത്രമല്ല. അവർക്കു ചില റോഡുകളിൽക്കൂടി നടക്കുവാൻപോലും പാടില്ല. അവരുടെ സ്ഥിതി കഷ്ടാൽ കഷ്ടം തന്നെ. നമുക്ക് ഇനിയും സ്വരാജ്യം സിദ്ധിക്കാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നില്ല. നമ്മുടെ സഹോദരീസഹോദരന്മാരുടെ ഈ സഞ്ചാരസ്വാതന്ത്ര്യത്തെ സുരക്ഷിതമാക്കുവാനായിട്ടാണ് സംസ്ഥാനകമ്മിറ്റിക്കാർ അവരടങ്ങിയ ഒരു ഘോഷയാത്ര നിഷേധിക്കപ്പെട്ടിരിക്കുന്ന റോഡിൽക്കൂടി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നത്. ഇത് സത്യാഗ്രഹത്തിന്റെ ഒരു വകഭേദമാണ്. അതിന്റെ വിഷമതകളെപ്പറ്റി ഞാൻ ഈ അവസരത്തിൽ പ്രത്യേകം ഓർമ്മപ്പെടുത്തേണ്ട തായിട്ടില്ല. അവരുടെ ഗതി സ്വന്തം ആളുകൾതന്നെ തടുക്കുകയാണെങ്കിലും ഈ ഭാഗത്തുനിന്നും യാതൊരു ബലപ്രയോഗവും ഉണ്ടായിക്കൂടാ. നിങ്ങൾ അതിനെല്ലാം മാനമായി വഴിപ്പെടണം. അടി ഉണ്ടാവുകയാണെങ്കിൽ അതു കൊള്ളുകയും വേണം. ഘോഷയാത്രയിൽ പങ്കുകൊള്ളുന്ന ഓരോരുത്തരും ഇതിനെല്ലാം തയ്യാറുള്ളവരായിരിക്കണം. അക്രമത്തിന്റെ ഛായപോലും കണ്ടുകൂടാ. ഘോഷയാത്രയിൽ പങ്കുകൊള്ളുന്നവർ ഈ നിലയിൽനിന്നും വ്യതിചലിക്കുവാൻ ഇടയുണ്ടെന്നു തോന്നുകയാണെങ്കിൽ ഘോഷയാത്ര നീട്ടിവയ്ക്കുന്നതിൽ യാതൊരു സംശയവും വേണ്ട. ഈ തരത്തിലുള്ള പരിഷ്കരണത്തിന് വിരോധികളായവരെ നാം വേണ്ടപോലെ കണ്ടു വഴിപ്പെടുത്തിയിട്ടില്ലായിരിക്കുമോ എന്നാണ് എനിക്കു ഭയം. അതുകൊണ്ട് മുൻകരുതലുകൾ കൂടുതൽ ആവശ്യമാണ്. കാര്യം ഇത്രയും വിഷമകരമാണെന്ന് എനിക്കറിയാം. ഇവിടെ ഇരുന്നുകൊണ്ട് ഉപദേശം തരുന്നത് എളുപ്പമായിരിക്കും. അതുകൊണ്ട് സർവ്വവിജയങ്ങളും ആശംസിക്കുക മാത്രമേ ഞാനിപ്പോൾ ചെയ്യുന്നുള്ളൂ.

സ്നേഹപൂർവ്വം
-എം. കെ. ഗാന്ധി
(വൈക്കം സത്യാഗ്രഹ സ്മാരകഗ്രന്ഥം, 1977, പുറം 64)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + seventeen =

Most Popular