പത്താംതരത്തിലെ എൻസിഇആർടി പാഠപുസ്തകത്തിലെ പരിണാമവും പാരമ്പര്യവും എന്ന അധ്യായത്തിൽ നിന്ന് പരിണാമം പൂർണ്ണമായും ഒഴിവാക്കാനാണല്ലോ നിലവിലെ കേന്ദ്ര സർക്കാർ തീരുമാനം. പ്ലസ് ടു പാഠപുസ്തകത്തിൽ നിലവിൽ പരിണാമം ഉണ്ടെങ്കിലും സയൻസ് വിഷയമായെടുത്ത കുട്ടികൾ മാത്രമേ അത് പഠിക്കുകയുള്ളൂ.
ജീവശാസ്ത്രത്തിലെ അടിസ്ഥാന ആശയമാണ് പരിണാമം എന്നത്. പരിണാമത്തിന്റെ വെളിച്ചത്തിലല്ലാതെ ജീവശാസ്ത്രത്തിലെ ഒരറിവിനും അർത്ഥമില്ലെന്ന് പറഞ്ഞത് ജനിതക ശാസ്ത്രജ്ഞനായിരുന്ന ഡോബ്ഷാൻസ്കി ആണ്. പരിണാമത്തിന്റെ കഥയാണ് ജീവശാസ്ത്രം എന്ന നിർവചനം, എൻസിഇആർടിയുടെ പ്ലസ് വൺ ജീവശാസ്ത്ര പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിലും കാണാം.
പരിണാമവും പരിണാമ സിദ്ധാന്തവും
പരിണാമത്തെയും പരിണാമ സിദ്ധാന്തത്തെയും ഒന്നായി കാണുന്നതിൽ ചെറിയ പ്രശ്നമുണ്ട്. ജീവിവർഗങ്ങൾ പരിണമിച്ചാണ് ഉണ്ടാവുന്നത് എന്ന ആശയത്തിന് ഡാർവിൻ നൽകിയ ശാസ്ത്രീയ വിശദീകരണത്തെയാണ് സാധാരണയായി പരിണാമ സിദ്ധാന്തം എന്നു പറയുന്നത്. എന്നാൽ പരിണാമം എന്ന ആശയം ഡാർവിനു മുൻപും നിലനിന്നിരുന്നു. ഡാർവിനുശേഷം പരിണാമം എന്ന ആശയത്തിന് കൂടുതൽ തെളിവുകളും വ്യക്തതയും വന്നിട്ടുമുണ്ട്. ഡാർവിൻ പറഞ്ഞ പ്രകൃതി നിർദ്ധാരണം (നാച്ചുറൽ സെലക്ഷൻ എന്നതിന് സ്വാഭാവിക നിർദ്ധാരണം എന്നതാവും ശരിയായ മൊഴിമാറ്റം) ജീവികളിൽ പരിണാമം സംഭവിക്കാനുള്ള പല കാരണങ്ങളിൽ ഒന്നു മാത്രമായാണ് ഇന്ന് ശാസ്ത്രം കാണുന്നത്.
പരിണാമം ശാസ്ത്രീയമാണോ?
പരിണാമം ശാസ്ത്രീയമാണെങ്കിൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള സാധ്യത ഉണ്ടാവണ്ടേ എന്ന ചോദ്യത്തിന് ജെബിഎസ് ഹൽഡെയ്ൻ നൽകിയ ഉത്തരം പ്രശസ്തമാണ്. കാമ്പ്രിയൻ കാലഘട്ടത്തിലെ ഒരു മുയലിന്റെ ഫോസിൽ കണ്ടുപിടിച്ചാൽ പരിണാമം തെറ്റാണെന്ന് തെളിയിക്കാം എന്നതായിരുന്നു അത്. അതായത് ജീവജാതികൾ എല്ലാം പരിണാമം എന്ന പ്രക്രിയയിലൂടെ പല കാലങ്ങളിലായി ഉണ്ടായിവന്നതല്ലായിരുന്നുവെങ്കിൽ എല്ലാ ജീവികളുടെയും ഫോസിലുകൾ എല്ലാ കാലത്തും കിട്ടാനുള്ള സാധ്യതയുണ്ടല്ലോ. ഇന്ന് ഫോസിലുകളേക്കാൾ ശക്തമായ തെളിവുകൾ തന്മാത്ര ജീവശാസ്ത്രത്തിലും ജനിതകശാസ്ത്രത്തിലും ലഭ്യമാണ്.
എതിർക്കപ്പെടുന്നത് എന്തുകൊണ്ട്?
എല്ലാത്തിന്റെയും സ്രഷ്ടാവായ ദൈവം എന്ന സങ്കല്പത്തെ നിരാകരിക്കുന്നു എന്നതുതന്നെയാണ് പരിണാമം എന്ന ആശയം എതിർക്കപ്പെടാനുള്ള മൂലകാരണം. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ മതമൗലികവാദികൾ ഇതിനായി ചെലവാക്കിയ സമയവും സമ്പത്തും ചില്ലറയല്ല. കുട്ടികൾ പഠിക്കുന്നതിൽ നിന്ന് തടഞ്ഞും കോടതി വ്യവഹാരങ്ങൾ നടത്തിയും പ്രത്യേക ‘ഗവേഷണ’ സ്ഥാപനങ്ങൾ തുടങ്ങിയുമെല്ലാം അവർ കിണഞ്ഞു പരിശ്രമിച്ചിട്ടും വിജയിക്കാനായില്ല. കത്തോലിക്കാ സഭ അടക്കമുള്ളവർ പരിണാമത്തെ എതിർക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്ന നിലയും പിന്നീട് ഉണ്ടായി.
ഒഴിവാക്കിയാൽ സംഭവിക്കുന്നത്
മനുഷ്യനെക്കുറിച്ചും മറ്റു ജീവജാലങ്ങളെക്കുറിച്ചും ശാസ്ത്രീയമായ ധാരണ പരിണാമം എന്ന ആശയത്തിലൂടെ മാത്രമേ രൂപപ്പെടുത്താനാവൂ. നമ്മൾ എങ്ങനെയുണ്ടായി, ചുറ്റുപാടുമുള്ള വ്യത്യസ്ത തരം ജീവജാലങ്ങൾ എങ്ങനെയുണ്ടായി എന്നു തുടങ്ങി ഒരു കുട്ടിയിൽ ഉണ്ടാകാവുന്ന സംശയങ്ങൾക്ക് ‘പരിണാമത്തിലൂടെ’ എന്ന ഒറ്റ ഉത്തരം മാത്രമേ ശാസ്ത്രത്തിനുള്ളൂ. ജീവ ലോകത്തിലെ എല്ലാ അത്ഭുത പ്രതിഭാസങ്ങളും സ്വഭാവസവിശേഷതകളും ശാസ്ത്രീയമായി വിശദീകരിക്കാനും പരിണാമത്തിന്റെ സഹായമില്ലാതെ സാധ്യമല്ല. മരത്തിൽ കൂടുണ്ടാക്കുന്ന പക്ഷികളിൽ നിന്ന് വ്യത്യസ്തമായി ഒട്ടകപ്പക്ഷിയുടെ കുഞ്ഞ് മുട്ടവിരിഞ്ഞ ഉടൻ ഓടിനടക്കുന്നതു തുടങ്ങി കോവിഡിന്റേതടക്കമുള്ള വൈറസുകൾ അടിക്കടി രൂപം മാറുന്നതും ബാക്ടീരിയകൾ ആന്റിബയോട്ടിക്കിനെതിരെയും കീടങ്ങൾ കീടനാശിനിക്കെതിരെയുമെല്ലാം പ്രതിരോധം നേടുന്നതുമെല്ലാം പരിണാമത്തിന്റെ നേർക്കാഴ്ചകളാണ്.
മനുഷ്യൻ ഒരു സവിശേഷസൃഷ്ടി അല്ലെന്നും മറ്റെല്ലാ ജീവികളെയും പോലെ പരിണമിച്ചുണ്ടായതാണെന്നും രണ്ടു വംശങ്ങൾ ആയി വേർതിരിക്കാൻ പറ്റുന്നത്രപോലും ജനിതക വ്യത്യാസം മനുഷ്യർക്കിടയിൽ ഇല്ലെന്നും പുറമെ കാണുന്ന വ്യത്യാസങ്ങൾ സാമൂഹ്യവും പരിസ്ഥിതികവുമാണെന്നുമുള്ള തിരിച്ചറിവുകൾ പരിണാമപഠനം നൽകും. ഈ ബോധ്യമുള്ള ആളിന് ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു കാണാൻ സാധിക്കുകയില്ല. ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്നത് ഒരു ശാസ്ത്രസത്യം കൂടിയാണെന്ന് കുട്ടികൾക്ക് ബോധ്യമാകും. ആറായിരം വർഷത്തെ മത ചരിത്രവും രണ്ട് ലക്ഷം വർഷത്തെ മനുഷ്യ ചരിത്രവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുകയും ചെയ്യും.
പരിണാമവും മുഗൾ ചരിത്രവും ഗാന്ധിവധവുമെല്ലാം സിലബസിൽ നിന്ന് പുറത്താവുന്നതിലൂടെ പൗരരിലെ ശാസ്ത്രബോധത്തെയും മാനവികതയെയും ചരിത്രബോധത്തെയുമെല്ലാം ഫാസിസ്റ്റ് ഭരണകൂടങ്ങൾ എത്രത്തോളം ഭയപ്പെടുന്നു എന്നു മനസ്സിലാക്കാം. ഒഴിവാക്കിയ ഭാഗങ്ങളുടെ സ്ഥാനത്ത് ദശാവതാരകഥകളും ജ്യോതിഷവും പൗരാണിക വൈമാനികശാസ്ത്രവുമെല്ലാം കടന്നുവരുന്നതും നമ്മൾ കാണേണ്ടിവരും.
പരിണാമത്തെക്കുറിച്ച് അറിയാതെ ജീവശാസ്ത്രം പഠിക്കുന്നത് വ്യാകരണം അറിയാതെ ഭാഷ പഠിക്കുന്നതുപോലെയോ പൂജ്യം ഉപയോഗിക്കാതെ കണക്കു പഠിക്കുന്നതുപോലെയോ അസംബന്ധമാണ്. പരിണാമം സിലബസിൽ ഉണ്ടാവുമ്പോഴും അത് അവസാന പാഠമായൊതുക്കുന്നതും അർഹിക്കുന്ന ഗൗരവത്തിൽ ക്ലാസ് മുറികളിൽ കൈകാര്യം ചെയ്യാതിരിക്കുന്നതും നമ്മൾ ഗൗരവത്തോടെ കാണേണ്ട മറ്റൊരു വിഷയമാണ്. ♦