അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിഷയമാണ് സ്കൂൾ വിദ്യാഭ്യാസം. കുട്ടികളിലെ വിജ്ഞാന കുതുകിയെ ഉണർത്തുന്നതിനോടൊപ്പം, അപരന്റെ കണ്ണീരൊപ്പാൻ, കൂടെ നിൽക്കാൻ, ഉതകുന്ന രീതിയിലുള്ള ഉൾകാഴ്ചകളും നൽകാൻ സ്കൂളുകൾക്ക് സാധിക്കണം. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ രൂപീകരണത്തിൽ, ചെറുതല്ലാത്ത സ്ഥാനമാണ് സ്കൂൾ വിദ്യാഭ്യാസ കാലത്തിനുള്ളത്. അവിടെനിന്നും സ്വായത്തമാകുന്ന പാഠ്യാനുഭവങ്ങൾ ഒരാൾ ഏത് വിധമായി മാറണമെന്നത് നിശ്ചയിക്കുന്നുണ്ട്. പലപ്പോഴും ഭരണകൂടങ്ങളുടെ താല്പര്യങ്ങൾ സ്കൂളുകളിലെ പാഠ്യപദ്ധതിയെ തീരുമാനിക്കാറുണ്ട്. എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഈയിടെ നടത്തിയ ‘ചില ഒഴിവാക്കലുകൾ’ വലിയ സാമൂഹ്യ വിമർശനത്തിന് ഇടയാക്കി. എൻ സി ഇ ആർ ടി.പാഠപുസ്തകങ്ങളിലെ ‘ഒഴിവാക്കലിന്റെ രാഷ്ട്രീയ’ത്തെ സംഘപരിവാറിന്റെ ഹിന്ദുത്വ-പ്രതിലോമ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി പരിശോധിക്കുകയാണിവിടെ ചെയ്യുന്നത്.
ഈയൊരു ഘട്ടത്തിൽ പ്രാഥമികയായി ചർച്ച ചെയ്യേണ്ടത് സ്കൂൾ പാഠ്യപദ്ധതിയിൽ പാഠപുസ്തകങ്ങളുടെ സ്ഥാനമാണ്. പാഠപുസ്തകങ്ങൾ കൃത്യമായ ബോധന ഉദ്ദേശ്യങ്ങളോടെ സംവിധാനം ചെയ്യപ്പെട്ടവയായിരിക്കും. പൊതുവെ, ലളിതമായവയിൽ നിന്നും സങ്കീർണ്ണതയിലേക്ക് ആരോഹണം ചെയ്തുപോവുകയെന്നതാണ് അതിന്റെ ഘടന. അതുകൊണ്ടാണ് നാലാം ക്ലാസ്സിൽ ചർച്ച ചെയ്ത ഒരു ഭാഗത്തിന്റെ കുറേക്കൂടി സങ്കീർണ്ണമായ തലം എട്ടാം ക്ലാസ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ക്ലാസുകൾ മുന്നോട്ടുപോകുന്തോറും ലളിതമായതിൽ നിന്നും സങ്കീർണ്ണമായ രീതിയിലേക്ക് അറിവിന്റെ വികാസമുണ്ടാകണം. ഇങ്ങനെ ചേർത്തുവെക്കുന്ന വിജ്ഞാന സംഘാതമാണ് അറിവിന്റെയാകാശം കെട്ടിപ്പടുക്കാൻ വിദ്യാർത്ഥിയെ സഹായിക്കുക. ഓരോ പാഠപുസ്തകവും കുട്ടിയിലെ വിജ്ഞാനകുതുകിയെ ഉണർത്തുകയും, വിമർശനാത്മക ചിന്ത ഉദ്ദീപിപ്പിക്കുകയും വേണം. അതുകൊണ്ടു തന്നെ അങ്ങേയറ്റം ശ്രദ്ധയോടെ തയ്യാറാകേണ്ടവയാണ് പാഠപുസ്തകങ്ങൾ. എൻ സി ഇ ആർ ടി തയ്യാറാക്കുന്ന പുസ്തകങ്ങൾ പൊതുവേ ശാസ്ത്രീയ സമീപനങ്ങൾ കൊണ്ടും വസ്തുനിഷ്ഠമായ വിവരങ്ങൾ കൊണ്ടും , വിമർശനാത്മക അപഗ്രഥനം കൊണ്ടും ഏറ്റവും മികച്ചു നിൽക്കുന്ന പുസ്തകങ്ങളായാണ് പരിഗണിക്കപ്പെടാറുള്ളത്. എന്നാൽ എൻ സി ഇ ആർ ടിയുടെ സമീപകാല വെട്ടിത്തിരുത്തുകൾ അവരുടെ തന്നെ ഭൂതകാലമികവിനെ നിരാകരിക്കുന്നതാണ്. കോവിഡ് കാലത്തെ പഠനഭാരം ലഘൂകരിക്കുകയല്ല എൻ സി ഇ ആർ ടിയുടെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്.
പാഠപുസ്തക പരിഷ്കരണമെന്നത് സാധാരണ നിലയിൽ വളരെ അവധാനതയോടെ, ശ്രദ്ധാപൂർവ്വം ചെയ്യുന്ന ഒരഭ്യാസമാണ്. പ്രത്യേകിച്ച് എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ രാജ്യത്തെ സ്കൂളുകളിൽ മാത്രമല്ല വായിക്കപ്പെടുന്നത്. നിരവധി മത്സര പരീക്ഷകളിൽ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള അടിസ്ഥാന ധാരണകൾ നൽകുന്ന പുസ്തകങ്ങളായാണ് എൻ സി ഇ ആർ ടി പുസ്തകങ്ങളെ കണ്ടുവരാറുള്ളത്. ആ പുസ്തകങ്ങളുടെ മേൽ കൈവെക്കുമ്പോൾ വസ്തുനിഷ്ഠവും, കൃത്യവുമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാടുള്ളൂ. അത്തരത്തിലുള്ള ഒന്നും ഇവിടെ നടന്നില്ല എന്നു മാത്രമല്ല, ശാസ്ത്രീയ അഭിമുഖ്യമില്ലാത്ത, വിമർശന ചിന്ത തൊട്ടുതീണ്ടിയിട്ടില്ലാത്ത, മതാത്മക ആലോചനകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയാന്തരീക്ഷം സംഘപരിവാറിന് വേണ്ടി ഒരുക്കാനാണ് എൻ സി ഇ ആർ ടി ഔത്സുക്യം കാണിക്കുന്നത്. ഇതിന്റെ യഥാർത്ഥ ചിത്രം മനസ്സിലാകണമെങ്കിൽ ഏതൊക്കെ കാര്യങ്ങളാണ് ആറ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള പാഠപുസ്തകങ്ങളിൽനിന്ന് നീക്കം ചെയ്തത് എന്ന് മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പൊതുവെ ചരിത്രം, രാഷ്ട്രമീമാംസ ഉൾപ്പെടെയുള്ള സാമൂഹ്യ ശാസ്ത്ര വിഷയങ്ങളാണ് സംഘപരിവാറിന്റെ ശ്രദ്ധയിൽ വരാറുള്ളത്. ആ പതിവിന് വിപരീതമായി, ജീവശാസ്ത്രവും പരിസ്ഥിതിപഠനവും കൂടി ഇവിടെ മുറിച്ച് മാറ്റലിന് വിധേയമായിരിക്കുന്നു.
നമ്മുടെ നാടിന്റെ ഭൂതകാലം സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തെ നിഷേധിക്കുന്നതുകൊണ്ടുതന്നെ ചരിത്ര പാഠപുസ്തകങ്ങളുടെ അപനിർമ്മിതിയിലാണ് അവരുടെ ശ്രദ്ധ ആദ്യം പതിഞ്ഞത്. 2022 നവംബർ 24 ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത് ചരിത്ര രചനയിൽ കടന്നു കൂടിയ ‘തെറ്റുകൾ’ തിരുത്തിയേ നമുക്ക് മുന്നോട്ടുപോകാനാകൂ എന്നാണ്. ഇതിന് വേണ്ടുന്ന ആലോചനകൾ അഖിൽ ഭാരതീയ് ഇതിഹാസ് സങ്കലൻ യോജനയുടെയും ദീനനാഥ് ബത്രയുടെയും നേതൃത്വത്തിൽ നടന്നുവരുന്നു. ഇന്ത്യാ ചരിത്ര രചനയിലെ പാശ്ചാത്യവൽക്കരണത്തിനുപകരമായി, ‘ഭാരതീയവൽക്കണ’മാണ് അവരുടെ പ്രധാന ഉദ്ദേശ്യം. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഇടുങ്ങിയ ചരിത്ര ധാരണയ്ക്ക് പകരം സംഭവങ്ങളുടെ കാലാനുക്രമമായ ആഖ്യാനമാണ് ചരിത്രമെന്നും, അതിനെ സുദീർഘമായൊരു പ്രക്രിയയായി കാണുകയാണ് ശാസ്ത്രീയമായ രീതിയെന്നും നമ്മൾ അറിയേണ്ടതായുണ്ട്. ചരിത്രത്തിൽ നിന്നും ഏതെങ്കിലും ഒരു സംഭവത്തെ, അഥവാ സംഭവങ്ങളെ അപ്രധാനമെന്നോ, അപ്രസക്തമെന്നോ ലേബൽ ഒട്ടിച്ച് മാറ്റിനിറുത്താവുന്നതല്ല. അങ്ങനെ ഒരു സാഹസത്തിന് മുതിർന്നാൽ അർത്ഥശൂന്യമായ ചരിത്ര ആഖ്യാനമായി അത് മാറിയേക്കും. താഴെ പറയുന്ന ഓരോ കാര്യവും സംഘപരിവാറിന്റെ താല്പര്യം നമുക്കു മുമ്പിൽ അനാവരണം ചെയ്യുന്നു.
മുഗൾ രാജവംശം
മുഗളന്മാരെക്കുറിച്ച് എല്ലാ ചരിത്ര പുസ്തകങ്ങളിൽ നിന്നും പൊതുവെ വെട്ടിമാറ്റുന്ന സമീപനമാണ് സ്വീകരിച്ചത്. ഏഴാം ക്ലാസ്സിലെ ‘നമ്മുടെ ഭൂതകാലം-II’ എന്ന ചരിത്രപുസ്തകത്തിൽ നിന്നും രണ്ട് പുറത്തിലായി വിശദീകരിച്ചെഴുതിയ ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് എന്നീ മുഗൾ ചക്രവർത്തിമാരുടെ നേട്ടങ്ങൾ അടങ്ങിയ പട്ടിക നീക്കം ചെയ്തു. അതുപോലെ, എട്ടാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്നും അവസാനത്തെ ശക്തനായ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ ഒഴിവാക്കി എന്നുമാത്രമല്ല, 1707 ൽ അദ്ദേഹത്തിന്റെ മരണ ശേഷം വടക്കേ ഇന്ത്യയിൽ ഉയർന്നുവന്ന പ്രാദേശിക രാജവംശങ്ങളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. അതുപോലെ മുഗളന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഏഴ്, എട്ട് ക്ലാസ്സുകളിലായി പരിമിതപ്പെടുത്തി. ഒമ്പത് മുതൽ പതിനൊന്ന് ക്ലാസ്സു വരെയുള്ള കുട്ടികൾ മുഗൾ ചരിത്രത്തെ കുറിച്ച് യാതൊന്നും തന്നെ അറിയുന്നില്ല. ‘ഇന്ത്യ ചരിത്രത്തിലെ ഇതിവൃത്തങ്ങൾ’ എന്ന പന്ത്രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്. അതിൽ ഒന്നാം ഭാഗത്ത് നിന്ന് ഒരു വരി പോലും നീക്കം ചെയ്തിട്ടില്ല. രണ്ടാം ഭാഗത്ത് നിന്നും മുപ്പത് പുറങ്ങളിലായുള്ള ‘രാജാക്കന്മാരും കാലാനുക്രമ ചരിത്രവും മുഗളരുടെ രാജസദസ്സുകൾ: പതിനാറ് പതിനേഴ് നൂറ്റാണ്ടുകൾ’ എന്ന പാഠഭാഗത്ത് നിന്നുമാണ് ഇത്രയും വലിയ ഭാഗം നീക്കം ചെയ്തിരിക്കുന്നത്. ഈ ഒഴിവാക്കലിനെ കേവലം ‘ഭാരലഘൂകരണ യുക്തി’ കൊണ്ട് ന്യായീകരിക്കാവുന്നതല്ല. മുസ്ലീങ്ങൾക്ക് മേൽക്കോയ്മയുണ്ടായിരുന്ന മുഗൾ ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെ ഇതിനെ കാണാം.
2023 ഏപ്രിൽ മാസത്തിന്റെ ആദ്യനാളുകളിലാണ് എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളെ സംബന്ധിച്ച വിശദമായി പുറംലോകം അറിയുന്നത്. ഏപ്രിൽ 4 –ാം തീയതി തന്നെ ബി ജെ പി നേതാവായ കപിൽ മിശ്രയുടെ പ്രസ്താവന മാധ്യമങ്ങളിൽ വന്നു. “എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ നിന്നും മുഗളന്മാരുടെ ചരിത്രം നീക്കം ചെയ്യുന്നത് അങ്ങേയറ്റം സ്വാഗതാർഹമായ നടപടിയാണ്. മുഗളന്മാർ കള്ളന്മാരും പിടിച്ചുപറിക്കാരുമാണ്. ബാബർ, അക്ബർ, ഷാജഹാൻ, ഔറംഗസേബ് എന്നിവരുടെ സ്ഥാനം ചരിത്രപുസ്തകങ്ങളിലല്ല. പകരം കാലത്തിന്റെ ചവറ്റുകുട്ടയിലാണ്’. മുഗൾ ചരിത്രത്തെ നീക്കം ചെയ്യുന്നതിനെ ഡൽഹിയിൽ നഗരങ്ങളുടെ, റോഡുകളുടെ പേരുകൾ മാറ്റുന്നതുമായി ചേർത്തു വായിക്കുമ്പോൾ മുസ്ലീങ്ങളെ അപരവൽക്കരിച്ച് ചരിത്രത്തിന്റെ ഓരത്തേക്ക് മാറ്റിനിറുത്തുകയെന്ന വിശാലമായ സംഘപരിവാർ പദ്ധതിയുടെ ഭാഗമായി നടക്കുന്നതാണെന്ന് നിസ്സംശയം പറയാൻ സാധിക്കും.
മഹാത്മാ ഗാന്ധി
പന്ത്രണ്ടാം ക്ലാസ്സിലെ “സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയം’ എന്ന രാഷ്ട്രമീമാംസ പുസ്തകത്തിൽ മഹാത്മാഗാന്ധിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്തു നിന്നും “പാകിസ്ഥാൻ മുസ്ലീങ്ങളുടെ രാജ്യമെന്നതുപോലെ, ഇന്ത്യ തങ്ങളുടെ രാജ്യമായി മാറണമെന്നാഗ്രഹിച്ച, പ്രതികാര വാഞ്ചയുള്ള ഹിന്ദുക്കൾ ഗാന്ധിയെ ഇഷ്ടപ്പെട്ടിരുന്നില്ല. മുസ്ലീങ്ങളോടും പാകിസ്താനോടും, അനുതാപത്തോടെയാണ് ഗാന്ധി പെരുമാറിയതെന്ന ആരോപണം അവർ ഉയർത്തി”. “ഹിന്ദു-മുസ്ളീം ഐക്യം സാധ്യമാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാതിരുന്ന ഗാന്ധിജിയുടെ ശ്രമങ്ങൾ ഹിന്ദു തീവ്രവാദികളെ പ്രകോപിതരാക്കി. ഗാന്ധിജിയെ വധിക്കാനുള്ള നിരവധി ശ്രമങ്ങൾ അവർ നടത്തിയെങ്കിലും വിജയിച്ചില്ല. ഇത്തരം ഭീഷണിയുടെ വെളിച്ചത്തിൽ സംരക്ഷണം സ്വീകരിക്കണമെന്ന ആവശ്യം നിരാകരിച്ച ഗാന്ധിജി, തന്റെ പ്രാർത്ഥനാ സമയത്തുപോലും സന്ദർശകരെ സ്വീകരിക്കുന്നതിന് മടി കാണിച്ചിരുന്നില്ല’. “ഗാന്ധിവധം രാജ്യത്തിലെ വർഗീയ സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. വിഭജനം ഉയർത്തിയ സംഘർഷഭരിതമായ സാഹചര്യത്തിന് അന്ത്യമായി. വർഗീയത പരത്തുന്ന സംഘടനകൾക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോയി. രാഷ്ട്രീയ സ്വയം സേവക സംഘം പോലുള്ള സംഘടനകളെ നിരോധിച്ചതിന്റെ ഫലമായി, വർഗീയ രാഷ്ട്രീയത്തെ ജനങ്ങൾ വെറുക്കുന്ന നിലയുണ്ടായി’. എന്നീ ഭാഗങ്ങൾ നീക്കം ചെയ്തു.
അതുപോലെ തന്നെ ‘ഇന്ത്യാ ചരിത്രത്തിലെ ഇതിവൃത്തങ്ങൾ-‘ എന്ന ചരിത്ര പാഠപുസ്തകത്തിലെ ഗാന്ധിവധത്തെക്കുറിച്ചുള്ള ഭാഗത്തിൽ കാതലായ മാറ്റം വരുത്തിയതായി കാണാം. “ഒരു യുവാവാണ് ഗാന്ധിയെ കൊല്ലപ്പെടുത്തിയത്. തീവ്ര ഹിന്ദു പത്രത്തിന്റെ പത്രാധിപരും, ഗാന്ധിയെ മുസ്ലീങ്ങളുടെ സ്തുതിപാഠകനെന്നു ആരോപിച്ച, പൂനയിൽ നിന്നുള്ള ഒരു ബ്രാഹ്മണനായ നാഥുറാം ഗോഡ്‌സെ ആയിരുന്നു കൊലപാതകി” എന്ന ഭാഗം “ജനുവരി 30 ന് വൈകുന്നേരം തന്റെ പതിവ് പ്രാർത്ഥന കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സെ കീഴടങ്ങി” എന്നാക്കി മാറ്റി. ഗാന്ധി വധത്തിന്റെ നിഴലിൽ നിന്നും സംഘപരിവാറിനെ മോചിപ്പിക്കാനുള്ള ശ്രമമായി ഇതിനെ കാണാം.
ഗുജറാത്ത് കലാപം
ആറു മുതൽ പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്ന് ഗോധ്ര സംഭവത്തിന് ശേഷമുള്ള കലാപങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കംചെയ്തു. ‘സമൂഹത്തെ മനസ്സിലാക്കുമ്പോൾ’ എന്ന പന്ത്രണ്ടാം ക്ലാസ്സിലെ സോഷ്യോളജി പാഠപുസ്തകത്തിൽ നിന്നും ഗോധ്ര കലാപത്തെ സംബന്ധിച്ച ഭാഗങ്ങൾ ഒഴിവാക്കി. ജാതി, മത, വംശീയമായ പരിഗണനകൾ എങ്ങനെയാണ് ഒരു പ്രദേശത്തെ ജനങ്ങളുടെ അധിവാസമേഖലകളുടെ സ്വഭാവത്തെ നിശ്ചയിക്കുന്നത് എന്ന് ചർച്ച ചെയ്യുന്ന ഭാഗത്ത്, ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്നു ജീവിച്ച ഭൂതകാലത്തിൽ നിന്നും മാറി, ഗോധ്ര കലാപാനന്തരം ഒറ്റപ്പെട്ടു ജീവിക്കാൻ തുടങ്ങിയെന്ന പരാമർശമാണ് മുറിച്ചുമാറ്റലിന് വിധേയമായത്. താഴെ പറയുന്ന ഭാഗമാണ് പ്രസ്തുത പുസ്തകത്തിൽ നിന്നും നീക്കം ചെയ്തത്. “നഗരങ്ങളിൽ എവിടെയാണ്, എങ്ങനെയാണ്, ജനങ്ങൾ ജീവിക്കുന്നതെന്ന ചോദ്യം പല മാനങ്ങളുള്ളതാണ്. ആളുകളുടെ സാമൂഹ്യ-സാംസ്കാരിക പരിസരത്തിൽ നിന്നുകൊണ്ട് മാത്രമേ ഈ ചോദ്യത്തെ നമുക്ക് അഭിസംബോധന ചെയ്യാൻ പറ്റുകയുള്ളൂ. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ ജനാധിവാസമേഖലകളെ വിഭജിച്ച് നിറുത്തുന്നത് വംശീയത, മതം ഉൾപ്പെടെയുള്ള പരിഗണനകളാണ്. ഇത്തരം സ്വത്വങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ നഗരങ്ങളിലെ അധിവാസ ഇടങ്ങളുടെ സ്വഭാവത്തെ നിശ്ചയിക്കാറുണ്ട്. ഉദാഹരണത്തിന്, ഹിന്ദു-മുസ്‌ലിം ജനവിഭാഗങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷങ്ങൾ വിവിധ മത വിഭാഗക്കാർ ഇടകലർന്ന് താമസിക്കുന്ന മിശ്രിത അയൽപക്കങ്ങളെ, ഏക-മത മേധാവിത്വ ഇടങ്ങളാക്കി മാറ്റുന്നു. ഇത്തരത്തിലുള്ള പ്രക്രിയ വർഗീയ സംഘർഷങ്ങൾക്ക് സ്ഥലപരമായ മാനം നൽകുന്നു. ഇതാവട്ടെ, ‘മതാടിസ്ഥാനത്തിൽ ഒറ്റപ്പെട്ടു നിൽക്കുക’ യെന്ന പ്രക്രിയയെ കൂടുതൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയിലെ നഗരങ്ങളിൽ, പ്രത്യേകിച്ച് ഗോധ്ര കലാപത്തിനുശേഷം ഗുജറാത്തിൽ ഈ പ്രക്രിയ നടന്നിരുന്നുവെന്ന കാണാൻ സാധിക്കും’. ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ സംഘടിപ്പിക്കപ്പെട്ട ഗുജറാത്ത് വംശഹത്യയെയും അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളെയും പൊതുമനസ്സിന്റെ ഓർമയിൽ നിന്നും തുടച്ച് നീക്കാനുള്ള ശ്രമമാണിത്.
മൗലാനാ അബുൾകലാം ആസാദ്
പതിനൊന്നാം ക്ലാസ്സിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബുൾകലാം ആസാദിനെ ഒഴിവാക്കുന്ന രീതിയാണ് എൻ സി ഇ ആർ ടി സ്വീകരിച്ചത്. ആ പാഠപുസ്തകത്തിലെ ‘ഭരണഘടന:എങ്ങനെ, എന്തുകൊണ്ട്’ എന്ന അധ്യായത്തിൽ നിന്നും മൗലാനാ അബ്ദുൾ കലാം ആസാദിന്റെ പേര് ഒഴിവാക്കിയതായി കാണാം. ഭരണഘടനാ നിർമ്മാണ അസംബ്ലിയുടെ യോഗത്തിലുള്ള ആസാദിന്റെ പങ്കാളിത്തത്തെ തമസ്കരിക്കുന്നതായും കാണാം. പരിഷ്കരിച്ച ഭാഗം ഈ വിധമാണ്: “ജവാഹർലാൽ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, ഡോ. അംബേദ്‌കർ തുടങ്ങിയവർ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചുവെന്നാണ് ഈ പാഠഭാഗത്ത് കാണിച്ചിരിക്കുന്നത്. 1946 ൽ മൗലാനാ അബുൾ കലാം ആസാദാണ് ഭരണഘടനാ നിർമ്മാണ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചതെന്ന് കാണാൻ സാധിക്കും. ഇതാണ് വസ്തുതയെന്നിരിക്കെയാണ് ഈ തമസ്കരണം നടന്നിട്ടുള്ളത്. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ ആസാദിന്റെ ദേശീയ പ്രസ്ഥാനത്തിലുള്ള സമര പാരമ്പര്യത്തെ തള്ളിക്കളയാനുള്ള ശ്രമമാണിത്.
ജമ്മു കശ്മീർ
ജമ്മു കാശ്മീരിനെ സംബന്ധിച്ചും ചില തിരുത്തുകൾ പാഠപുസ്തകങ്ങളിൽ വരുത്തിയിട്ടുണ്ട്. പതിനൊന്നാം ക്ലാസ്സിന്റെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ ‘ഉപാധികളോടെയാണ് കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറിയതെ’ന്ന പരാമർശം നീക്കം ചെയ്തതായി കാണാം. ‘ഭരണഘടനയുടെ തത്വശാസ്ത്രം’ എന്ന പത്താമത്തെ അധ്യായത്തിൽ “ജമ്മു-കശ്മീർ ഇന്ത്യൻ യൂണിയനോട് ചേർന്നത്, ഭരണഘടനയുടെ 3,700 വകുപ്പനുസരിച്ച് അതിന്റെ സ്വയംഭരണം സംരക്ഷിച്ച് കൊള്ളാമെന്ന ഉറപ്പിന്മേലായിരുന്നു’, എന്ന ഭാഗം മുറിച്ച് മാറ്റപ്പെട്ടു. 2019 ആഗസ്റ്റ് മാസം കേന്ദ്ര സർക്കാർ 370 –ാം വകുപ്പ് പിൻവലിച്ച് ജമ്മു-കശ്മീരിന്റെ സ്വയംഭരണം അവസാനിപ്പിക്കുന്ന നിലയുണ്ടായി. ഭരണഘടനയുടെ അന്തഃസത്തയെ പോലും നിരാകരിച്ച ആ നടപടിയെ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാവണം ജമ്മുകാശ്മീരിനെ സംബന്ധിച്ച പരാമർശം നീക്കം ചെയ്തത്.
കാലാവസ്ഥയും ആവാസവ്യവസ്ഥയും
ഏഴാം ക്ലാസ്സിലെ ശാസ്ത്ര പാഠപുസ്തകത്തിൽ നിന്നും ‘കാലാവസ്ഥയും മാറുന്ന കാലാവസ്ഥയോടുള്ള മൃഗങ്ങളുടെ പൊരുത്തപ്പെടലും’ എന്ന പാഠഭാഗത്തിൽ കാതലായ മാറ്റം വരുത്തിയിരിക്കുന്നു. അതുപോലെ തന്നെ എട്ടാം ക്ലാസ്സിലെ ശാസ്ത്ര പാഠപുസ്തകത്തിൽ നിന്നും വായു-ജല മലിനീകരണത്തെക്കുറിച്ചുള്ള അദ്ധ്യായം മുഴുവനായി എടുത്തു മാറ്റിയിരിക്കുന്നു. അതുപോലെ പന്ത്രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്നും ആവാസവ്യവസ്ഥ എന്ന പാദത്തിലെ ചില പ്രധാന ഭാഗങ്ങളും ‘പാരിസ്ഥിതിക പ്രശ്നങ്ങൾ’ എന്ന അദ്ധ്യായം മുഴുവനായും നീക്കിയിരിക്കുന്നു. മാറുന്ന കാലാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ സ്വാഭാവികമായും ആഗോള താപനം ഉൾപ്പെടെയുള്ള പ്രതിഭാസങ്ങളെക്കുറിച്ചും അതിന് കാരണമാകുന്ന ആഗോളശക്തികളെക്കുറിച്ചും ചർച്ച ചെയ്യേണ്ടിവരും. അതൊക്കെ ഒഴിവാക്കാനാകാം എവിടെ മാറ്റം വരുത്തിയിട്ടുണ്ടാവുക.
ഡാർവിന്റെ പരിണാമ സിദ്ധാന്തം
ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്നും, ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയിരിക്കുന്നു. ശാസ്ത്ര പാഠപുസ്തകത്തിലെ ‘പാരമ്പര്യവും പരിണാമവും’ എന്ന അധ്യായത്തിന്റെ തലക്കെട്ടിന് പകരമായി ‘പാരമ്പര്യം’ എന്ന് മാത്രമാക്കി മാറ്റി. ഇതിനെതിരെ, 1800 ലേറെ ശാസ്ത്രജ്ഞർ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, ശാസ്ത്ര കുതുകികൾ എന്നിവർ ഒപ്പിട്ട ഒരു തുറന്ന കത്ത് എൻ സി ഇ ആർ ടിക്ക് അയക്കുകയുണ്ടായി. ‘ദി ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി, ‘സ്കൂൾ കരിക്കുലത്തിൽ നിന്നും പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നതിനെതിരെ ഒരപേക്ഷ’ എന്ന പേരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് തുടങ്ങിയ സ്ഥാപനങ്ങളിലെ പണ്ഡിതർ ഒപ്പ് വെച്ച ഒരു തുറന്ന കത്ത് 2024 ഏപ്രിൽ മാസം ഇരുപതാം തീയതി പ്രസിദ്ധീകരിച്ചു.
പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്‌തതിനെ പരിശോധിക്കുമ്പോൾ നമുക്ക് കാണാൻ സാധിക്കുന്ന ചില വസ്തുതകളുണ്ട്. പരിണാമസിദ്ധാന്തം ശാസ്ത്രയുക്തിക്ക് നിരക്കുന്ന ഒന്നാണ്. മനുഷ്യക്കുരങ്ങിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തിൽ ദൈവത്തിന് യാതൊരു പങ്കുമില്ലെന്ന ശാസ്ത്രയുക്തിയാണ് വിജയിക്കുന്നത്. 2018 ൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രിയായ സത്യപാൽ സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്താവന ഈ ഘട്ടത്തിൽ പ്രസക്തമാവുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തന്നെ തെറ്റാണ്. മനുഷ്യർ എക്കാലത്തും ഭൂമിയിൽ മനുഷ്യരായി തന്നെയാണ് നിലകൊണ്ടത്. കുരങ്ങിൽ നിന്നും മനുഷ്യൻ ഉണ്ടാവുന്നത് ഒരാളും കണ്ടിട്ടില്ല എന്നതുകൊണ്ട് തന്നെ അത്തരമൊരു പരിണാമം തീർത്തും അവാസ്തവമാണ്. അദ്ദേഹം തുടരുന്നു. തന്റെ മുൻഗാമികൾ ഋഷിമാരാണെന്നതിൽ അഭിമാനം കൊള്ളുന്ന അദ്ദേഹം ഈ ജ്ഞാനത്തിനനുസൃതമായി സ്കൂൾ, കോളേജ് സിലബസുകൾ പരിഷ്കരിക്കണമെന്ന് അഭിപ്രായപ്പെട്ടു.
സംഘപരിവാറിന് എന്തുകൊണ്ടാണ് പരിണാമ സിദ്ധാന്തം ചതുർത്ഥിയാകുന്നതെന്ന പരിശോധന ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. പരിണാമസിദ്ധാന്തം ചാൾസ് ഡാർവിൻ അവതരിപ്പിച്ച സമയത്തുതന്നെ വിവിധ മതങ്ങളിലെ യാഥാസ്ഥിക വിഭാഗങ്ങൾ വിമർശനവുമായി മുന്നോട്ടുവന്നിരുന്നു. പ്രകൃതിയോടുള്ള പ്രതികരണമെന്ന രീതിയിൽ ജീവജാലങ്ങളിൽ മാറ്റങ്ങളുണ്ടാകുമെന്നും അത്തരത്തിലുള്ള മാറ്റമാണ് കുരങ്ങിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഈ ശാസ്ത്രീയ വിശദീകരണം മനുഷ്യർ ദൈവ സൃഷ്ടിയാണെന്ന സൃഷ്ടിവാദത്തിന്റെ കടയ്ക്കൽ വെക്കുന്ന കത്തിയാണ്. മനുഷ്യൻ ദൈവിക സൃഷ്ടിയാണെന്ന വാദത്തെ പരിണാമസിദ്ധാന്തം ഫലപ്രദമായി നിരസിക്കുന്നു എന്നതുകൊണ്ടാണ് ലോകമെമ്പാടുമുള്ള യാഥാസ്ഥിതിക മത വിഭാഗങ്ങൾ സ്വീകരിക്കാത്ത സിദ്ധാന്തമായി ഇത് മാറിയത്. അത്തരത്തിലുള്ള യാഥാസ്ഥിതിക വിഭാഗം ഹിന്ദുമതത്തിൽ ഇല്ല എന്നുതന്നെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഹിന്ദുത്വത്തെ മുറുകെപ്പിടിക്കുന്ന സംഘപരിവാറിന് പരിണാമസിദ്ധാന്തം മുന്നോട്ടുവെക്കുന്ന ശാസ്ത്ര യുക്തിയെ ഉൾക്കൊള്ളാനുള്ള വിശാലതയില്ല.
2019 ൽ 106 –ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംഘപരിവാറിനോട് ആഭിമുഖ്യമുള്ള അന്നത്തെ ആന്ധ്രാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പറഞ്ഞത് വിഷ്ണുവിന്റെ ദശാവതാരമെന്നത് ഇന്ത്യയിലെ പരിണാമസിദ്ധാന്തമാണെന്നതാണ്. ശാസ്ത്രയുക്തിയിൽ അധിഷ്ഠിതമായ ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന് പകരമായി, മിത്തിക്കൽ പരാമർശമുള്ള വിഷ്ണുവിന്റെ ദശാവതാരത്തെ അവതരിപ്പിക്കുക വഴി, തെളിമയുള്ള ജ്ഞാനത്തെ തള്ളിപ്പറയുകയാണ് സംഘപരിവാർ ചെയ്യുന്നത്. പരിണാമത്തെ ഒഴിവാക്കിയ പാഠഭാഗത്തിൽ നിന്നും ‘പാരമ്പര്യം’ എന്ന സംജ്ഞയെ നിലനിര്ത്താനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും എൻ സി ഇ ആർ ടി ഔത്സുക്യം കാണിച്ചിട്ടുണ്ട് എന്നതാണ്. വംശീയതയെ ഉയർത്തിപ്പിടിക്കുന്ന സംഘപരിവാറിന് പാരമ്പര്യമെന്നത് എപ്പോഴും താല്പര്യമുള്ള കാര്യമാണെന്ന് കാണാൻ സാധിക്കും.
മറ്റു നീക്കം ചെയ്യലുകൾ
ശീതയുദ്ധം, അടിയന്തരാവസ്ഥ, നക്സൽ പ്രസ്ഥാനം എന്നിവയെ സംബന്ധിച്ച ചരിത്ര പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്തതായി കാണാം. പതിനൊന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്നും വ്യാവസായിക വിപ്ലവത്തെക്കുറിച്ചുള്ള ഭാഗം നീക്കം ചെയ്തിരിക്കുന്നു. അതുപോലെ ഏഴ്, എട്ട് ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ നിന്നും ദളിത് എഴുത്തകാരനായ ഓംപ്രകാശ് വാല്മീകയെ കുറിച്ചുള്ള പരാമർശങ്ങൾ എടുത്തുമാറ്റിയിരിക്കുന്നു. ആറാം ക്ലാസ്സിലെ ‘നമ്മുടെ ഭൂതകാലം ഒന്ന്’ എന്ന പാഠപുസ്തകത്തിലെ ‘രാജാവ്, രാജ്യം, ആദ്യകാല റിപ്പബ്ലിക്കുകൾ’ എന്ന അധ്യായത്തിൽ നിന്നും വർണ സമ്പ്രദായത്തിന്റെ പാരമ്പര്യ സ്വഭാവത്തെക്കുറിച്ചും, ആളുകളെ അസ്പൃശ്യരാക്കി നിറുത്തിയിരുന്ന സംവിധാനമായിരുന്നു അതെന്നുമുള്ള പരാമർശങ്ങൾ നീക്കം ചെയ്തിരിക്കുന്നു.
പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങളിൽ നിന്നും ‘ജനാധിപത്യവും വൈജാത്യവും’ ‘ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും’, ‘ജനാധിപത്യവും വെല്ലുവിളികളും’ എന്നീ അധ്യായങ്ങൾ തന്നെ എടുത്തുമാറ്റിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കഥ, സാമൂഹ്യ പ്രസ്ഥാനങ്ങൾ, സാമൂഹ്യ അസമത്വത്തിന്റെ മാതൃകകൾ എന്നീ പാഠഭാഗങ്ങൾ പന്ത്രണ്ടാം ക്ലാസിലെ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്തതായി കാണാം. പതിനൊന്നാം ക്ലാസ്സിലെ സിലബസിൽ നിന്നും ആശയ പ്രകടനത്തിന്റെ ഫലപ്രദമായ വൈദഗ്ധ്യങ്ങൾ എന്ന പാഠവും ‘മനുഷ്യ സ്വഭാവത്തിന്റെ അടിസ്ഥാനങ്ങൾ’ എന്ന ഭാഗവും നീക്കം ചെയ്തവയിൽപ്പെടുന്നു. അതുപോലെ തന്നെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ജീവശാസ്ത്ര പാഠപുസ്തകത്തിൽ നിന്നും ‘പ്രത്യുൽപാദനവുമായി’ ബന്ധപ്പെട്ട അദ്ധ്യായം നീക്കം ചെയ്തിരിക്കുന്നു. ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിനോടുള്ള സംഘപരിവാറിന്റെ എതിർപ്പിന്റെ സൂചനയായി ഈ ഒഴിവാക്കലിനെ കാണാം.
എൻ സി ഇ ആർ ടിയുടെ ഡയറക്ടറുടെ ഭാഷയിൽ കുറച്ച് ‘അർത്ഥശൂന്യമായ കാര്യങ്ങൾ’ പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുന്നുവെന്നേയുള്ളൂ. വിമർശന ബുദ്ധിയെ പ്രോജ്ജ്വലമാക്കുന്ന, ഭൂതകാലത്തെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന, ചരിത്രത്തിലെ വൈജാത്യങ്ങളെ പരിചയപ്പെടുത്തുന്ന പാഠങ്ങളെയാണ് അർത്ഥശൂന്യമെന്നു പറഞ്ഞു തള്ളിക്കളഞ്ഞിരിക്കുന്നത്. ക്ലാസ്സുമുറികളിൽ വിജ്ഞാന കുതുകികളായ ബാല്യത്തെ സൃഷ്ടിക്കാനുതകുന്ന പാഠങ്ങൾ ഇല്ലാതാക്കുന്നതിലൂടെ, വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന മഹനീയ ലക്ഷ്യങ്ങൾ സാർത്ഥകമാകാതെ പോകും എന്ന കാര്യത്തിൽ തർക്കമില്ല. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന്റെ വിത്തിറക്കാനുള്ള മണ്ണൊരുക്കലാണിത്. ♦