Friday, April 26, 2024

ad

Homeകവര്‍സ്റ്റോറിഇന്നത്തെ നേട്ടങ്ങൾക്കായി ചരിത്രത്തിൽ വിഷം കലർത്തുന്നു

ഇന്നത്തെ നേട്ടങ്ങൾക്കായി ചരിത്രത്തിൽ വിഷം കലർത്തുന്നു

സയ്യിദ് അലി നദീം റസാവി

ല്ലാ ചരിത്രവും സമകാലിക ചരിത്രമാണെന്നും അത് എല്ലായ്–പ്പോഴും വിജയികളാൽ എഴുതപ്പെട്ടവയാണെന്നും പലരും വാദിക്കുന്നു. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് പുതിയതോ ആശ്ചര്യകരമായതോ അല്ല. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ ആഖ്യാനങ്ങൾ (Narratives) എന്തായിരിക്കണം എന്ന് അവരാണ് തീരുമാനിച്ചിരുന്നത്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം തുടർന്നുള്ള ദശാബ്ദങ്ങൾ കോൺഗ്രസിന്റെ ഉയർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. അതിന്റെ –ഫലമായി കോൺഗ്രസ് അവരുടെ താൽപര്യങ്ങൾക്കനുയോജ്യമാംവിധം ചരിത്ര പാഠ്യപദ്ധതിയ്ക്ക് രൂപം നൽകി. ഇപ്പോൾ വ്യത്യസ്ത വീക്ഷണകോണിലുള്ളവരാണ് ഇന്ത്യ ഭരിക്കുന്നത്. അവർ മുൻപെല്ലായ്–പ്പോഴും ചെയ്തുവന്ന കാര്യമാണ് ഇപ്പോഴും ചെയ്യുന്നത്; ആഖ്യാനത്തിന്റെ സ്വന്തം ‘പതിപ്പി’നെ മുന്നോട്ടുകൊണ്ടുപോകുന്നതിന് അവർ ചരിത്രത്തെ അവരുടെ ദാസിയായി ഉപയോഗിക്കുന്നു.

എന്നാൽ കാര്യങ്ങൾ അത്ര ലളിതമാണോ? ഈയൊരു ‘പതിപ്പ്’ മറ്റൊന്നിനെതിരെ മാത്രമുള്ളതാണോ? അതോ അതിനേക്കാൾ കൂടുതൽ ദുഷിച്ചതാണോ? ഇത് വെറുമൊരു ‘രാഷ്ട്രീയാഭ്യാസം’ മാത്രമാണോ അതോ ഗൗരവമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കാൻ പോകുന്ന ഒരു നീക്കമാണോ?

അതിലേക്കു നാം കടക്കുന്നതിനുമുമ്പ് ചരിത്രത്തിന്റെ ഉപയോഗം (ആവശ്യകതയും) എന്താണെന്നു മനസ്സിലാക്കാൻ നമുക്കാദ്യം ശ്രമിക്കാം. ലളിതമായി പറഞ്ഞാൽ, ഭൂതകാലത്ത് നാം ചെയ്ത തെറ്റുകൾ എന്തെല്ലാമെന്നും നാമെടുത്ത തെറ്റായ കാൽവെപ്പുകൾ എന്തെല്ലാമെന്നും മനസ്സിലാക്കുന്നതുവഴി, മെച്ചപ്പെട്ട ഒരു ഭാവി രൂപപ്പെടുത്തിയെടുക്കുന്നതിന് സമാനമായ തെറ്റുകൾ ഒഴിവാക്കാൻ കഴിയും. തീർച്ചയായും, നമ്മുടെ ഭൂതകാല മഹിമകളെപ്പറ്റിയും നാം പഠിക്കണം. നമ്മുടെ മുന്നോട്ടുള്ള പോക്കിൽ, ആ വിജയങ്ങൾ ഇപ്പോൾ എങ്ങനെ നേടിയെടുക്കാൻ കഴിയുമെന്നും നമ്മൾ പഠിക്കണം. ഒരു അസ്ഥിയെയോ അസ്ഥികൂടത്തെയോ കുറിച്ചുള്ള ശാസ്ത്രീയപഠനം, മരിച്ചയാൾ നയിച്ച ജീവിതരീതിയെയും ജീവിതഗുണനിലവാരത്തെയും കുറിച്ചും, എന്തു കാരണത്താലാണയാൾ മരിച്ചത് എന്നതിനെക്കുറിച്ചും ഒരു ശാസ്ത്രജ്ഞൻ നമുക്ക് അറിവു നൽകുന്നതുപോലെ ഒരു ചരിത്രകാരൻ കഴിഞ്ഞ കാലത്തെ സമൂഹങ്ങൾ, സംസ്കാരങ്ങൾ, സമ്പദ്–വ്യവസ്ഥകൾ, അവർ ഉപയോഗിച്ച സാങ്കേതിക വിദ്യകൾ (അല്ലെങ്കിൽ അതിന്റെ അഭാവം) എന്നിവ പഠിപ്പിക്കുന്നു. ഇപ്പോൾ എങ്ങനെ നാം ഇവിടം വരെയെത്തിയിരിക്കുന്നു എന്നത് നിർണയിക്കാൻ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്.

ഭൂതകാലത്തെ മനസ്സിലാക്കാൻ നമ്മുടെ ഭാവനകളോ സങ്കൽപങ്ങളോ ആഗ്രഹങ്ങളോ മാത്രമല്ല നമ്മെ സഹായിക്കുന്നതെന്ന് നാം ഓർക്കേണ്ടതുണ്ട്. ഭൂതകാലത്തെ അനാവരണം ചെയ്യാൻ സഹായിക്കുന്ന ‘‘സ്രോതസ്സുകൾ’’ ആയിരിക്കണം നമുക്കു വഴികാട്ടിയാകേണ്ടത്. സ്രോതസ്സുകൾ എന്നതുകൊണ്ടർഥമാക്കുന്നത്, ഏതു കാലഘട്ടത്തെക്കുറിച്ചാണോ നാം പഠിക്കുന്നത് ആ കാലത്തുണ്ടായിരുന്ന പുരാവസ്തുക്കൾ, എഴുതപ്പെട്ട കൃതികൾ, പ്രമാണങ്ങൾ, ഇതിഹാസങ്ങൾ, പാഠപുസ്തകങ്ങൾ തുടങ്ങിയവയാണ്. നല്ലതോ ചീത്തയോ ആയ ഭൂതകാല സംഭവങ്ങളെപ്പറ്റി നമുക്ക് അറിവു നൽകുന്നത് ഇവയാണ്. അങ്ങനെ, പുതിയ സ്രോതസ്സുകളുടെ കണ്ടെത്തലും നമുക്കു മുന്നിൽ ഇല്ലാത്തതായ ഭൂതകാലത്തിന്റെ തെളിവുകളും നമ്മുടെ ധാരണകളെയും അറിവുകളെയും പുനരവലോകനം ചെയ്യുന്നത് പരിപൂർണതയിലെത്തിക്കുന്നു. സംഭവിച്ചത് എന്താണ് എന്നുള്ളതിനെപ്പറ്റിയുള്ള ഏതൊരു അപഗ്രഥനവും ഏതെങ്കിലും വസ്തുനിഷ്ഠ തെളിവുകളെ പിന്താങ്ങുന്നില്ലെങ്കിൽ അതു ചരിത്രമല്ല, മറിച്ച് അതൊരു മിത്ത് ആണ് – അതൊരു ആഗ്രഹചിന്ത മാത്രമാണ‍് !

കഴിഞ്ഞ രണ്ടു വർഷമായി ചരിത്രം (എഴുതപ്പെട്ടതോ പദാർഥപരമോ ആയ തെളിവിന്റെ അടിസ്ഥാനത്തിലുള്ള ഭൂതകാലത്തിന്റെ പഠനം) മന്ദഗതിയിലും എന്നാൽ ക്രമാനുഗതമായും ദുർബലമോ ശക്തമോ ആയ മിത്തിലേക്ക് -– യാതൊരു വസ്തുതയുടെയും പിൻബലമില്ലാത്ത സാങ്കൽപിക ഭൂതകാലം – പരിവർത്തനം ചെയ്യപ്പെടുകയാണ്. ‘‘ആഗ്രഹചിന്തയ്ക്കനുസരിച്ച് ചരിത്രം നെയ്തെടുക്കപ്പെടുന്ന തിരക്കിലാണ്’’ ഇത് നമ്മുടെ തന്നെ ഭാവിയുടെ അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.

ഭരണം പിടിച്ചെടുത്തതിനു പിന്നാലെ മിത്തുകളും രൂപംകൊണ്ടു; നമ്മുടെ പൂർവികർക്ക് പ്ലാസ്റ്റിക് സർജറി, കൃത്രിമ ബീജസങ്കലനം, വിമാനം എന്നിവയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്ന തരത്തിലുള്ള മിത്തുകൾ; തുടർന്ന് 2020–21ൽ പുതിയ വിദ്യാഭ്യാസനയം (NEP) കൊണ്ടുവരുന്നതിനുള്ള നടപടികളാരംഭിച്ചു. ഇന്ത്യയ്ക്ക് ആര്യൻമാരുടെ മാതൃരാജ്യത്തിന്റെ മഹത്വമുണ്ടെന്നവകാശപ്പെടുന്ന സിലബസ്, ഹിസ്റ്ററി ബാച്ചിലേഴ്സ് കോഴ്സിനുവേണ്ടി അധികാരത്തിലിരിക്കുന്നവർ രൂപപ്പെടുത്തി. ഇന്ത്യയിലേക്കുള്ള ആര്യൻ കുടിയേറ്റ സിദ്ധാന്തത്തെ സംബന്ധിച്ച എല്ലാ പരാമർശങ്ങളെയും ‘‘കൊളോണിയൽ വ്യവഹാരം’’ എന്ന നിലയിൽ മാറ്റിവെക്കുകയും തള്ളിക്കളയുകയും ചെയ്തു. ഹാരപ്പൻ, വേദ സംസ്കാരങ്ങൾ തമ്മിലുള്ള സമാനത ഊന്നിപ്പറയുകയും സരസ്വതി നാഗരികത (saraswathy civilization) എന്ന ഒരു ആഖ്യാനം നിർമ്മിക്കപ്പെടുകയും ചെയ്തു. പ്രാചീന ഇന്ത്യാ ചരിത്രവുമായി ബന്ധപ്പെട്ട സിലബസിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി, ഇതിഹാസങ്ങൾ ചരിത്രത്തിന്റെ സ്രോതസുകളായി നിലകൊള്ളുന്നതുകാണാം. കൂടാതെ സതി പോലുള്ള ദുരാചാരങ്ങൾ, പെണ്ണടിമത്തം, ബഹുഭാര്യാത്വം, ജാതിവിവേചനം എന്നിവ യഥാർഥത്തിൽ പുരാതന കാലഘട്ടത്തിൽ ഇല്ലായിരുന്നു എന്നും അവയെല്ലാം ‘വിദേശികളുടെ’ അതായത് മുസ്ലീങ്ങളുടെ വരവിന്റെ ഫലമായിരുന്നു എന്നും കാണിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ബഹുഭാര്യാത്വത്തെയും സതിയനുഷ്ഠാനത്തെയും കുറിച്ച് ‘‘ധർമശാസ്ത്രങ്ങളി’’ൽ പറഞ്ഞിട്ടുള്ള എല്ലാ പരാമർശങ്ങളും പൂർണമായും എടുത്തുകളഞ്ഞു.

ഇപ്പോൾ ഇതേ തരത്തിലുള്ള വെട്ടിമാറ്റലുകളാണ് 6–ാം ക്ലാസുമുതൽ 12–ാം ക്ലാസുവരെയുള്ള എൻസിഇആർടി പാഠപുസ്തകങ്ങളിലും വരുത്തിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത ഒരാൾക്ക് ഒരുപക്ഷേ ഇൗ ഒഴിവാക്കലുകൾ യാദൃശ്ചികമായിത്തോന്നാം. അങ്ങനെ ഒഴിവാക്കലുകളുടെ ഈ അഭ്യാസം. പകർച്ചവ്യാധിയുടെ ഘട്ടത്തിൽ ഇതിനകം തന്നെ വിദ്യാർഥികൾക്ക് പേറേണ്ടി വരുന്ന അമിതഭാരം കുറയ്ക്കാൻ പാഠപുസ്തകങ്ങളിലെ അനാവശ്യമായ ഭാഗങ്ങളോ ഇരട്ടിപ്പുകളോ എടുത്തുകളയുന്നത് സിലബസ് കൂടുതൽ ‘‘യുക്തസഹ’’ മാക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്ന് അവകാശപ്പെടാൻ, എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്–ലാനിയെ ഇതുവഴി സഹായിക്കുകയാണ്. പകർച്ചവ്യാധി അടിച്ചേൽപിച്ച ഓൺലെെൻ ക്ലാസുകൾക്ക് കോഴ്സുകൾ കുറയ്ക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ക്ലാസുകൾ സാധാരണനിലയിലേക്ക് മടങ്ങിയെന്ന കാര്യം അദ്ദേഹം സൗകര്യപൂർവം മറക്കുന്നു. അദ്ദേഹം പരിഗണന നൽകുന്ന കാഴ്ചപ്പാടനുസരിച്ച്, ഈ അഭ്യാസത്തിനുപിന്നിൽ ‘രാഷ്ട്രീയ അജൻഡ’യോ പാഠപുസ്തകങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മുഗളരെ ഒഴിപ്പിക്കാനുള്ള ശ്രമമോ ഇല്ല.

എന്നാൽ രണ്ടു സന്ദർഭങ്ങളിലേ പൂച്ച ചാക്കിൽനിന്ന് പുറത്തു ചാടാറുള്ളൂ. a. ഉള്ളടക്കത്തിൽ നിന്ന് ഒഴിവാക്കിയത് എന്തെല്ലാമാണെന്ന വിശദാംശങ്ങളിലേക്ക് ഒരാൾ ശ്രദ്ധാപൂർവം കടന്നുചെല്ലാൻ ശ്രമിക്കുമ്പോൾ, b. രാഷ്ട്രീയ നേതാക്കളുടെ കോലാഹല ശബ്ദം കേൾക്കുമ്പോൾ. അവരിൽ ചിലർ വാർത്താ ചാനലുകളിലും മൾട്ടിമീഡിയാ പ്ലാറ്റ്ഫോമുകളിലും ‘ചരിത്രകാരന്മാരായി’ വേഷമിടുന്നു. ഈ പ്രദർശനത്തിന്റെ കോറിയോഗ്രാഫി യഥാർഥത്തിൽ ഹിന്ദുത്വയിൽ സ്പെഷ്യലെെസ് ചെയ്തതാണ് – ദ്വയാർഥ പ്രയോഗം. പലതരം കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചുകൊണ്ട് വിഷയത്തെ ആശയക്കുഴപ്പത്തിലാക്കാൻ അവർ ശ്രമിക്കുന്നു. ചിലർക്ക് ഈ അഭ്യാസം ‘‘അസന്തുലിതാവസ്ഥയെ ശരിയാക്കാനും’’ അനാവശ്യമായ പ്രാധാന്യം നൽകിയിരുന്ന ചില വശങ്ങൾക്കുള്ള ഊന്നൽ ഇല്ലാതാക്കാനും ഇതുവരെ ഇടം കണ്ടെത്താത്ത ചില ഘടകങ്ങൾ ഉൾച്ചേർക്കാനുമുള്ളതാണ്. മറ്റു ചിലർ ചൂണ്ടിക്കാണിക്കുന്നത് വിജയിച്ചവർ എഴുതിയ ചരിത്രമാണ് പഠിപ്പിക്കുന്നത് എന്നാണ്. ‘‘ഇരകളുടെ’’ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുവരുന്നതിനുള്ള സമയമാണിത്. അവരെ സംബന്ധിച്ച് എല്ലാ മുസ്ലീം ഭരണാധികാരികളും ‘‘വിദേശികൾ’’ ആണ്. അവരുടെ വിജയങ്ങളെ ‘‘പ്രശംസിക്കുന്നതി’’നുപകരം ഒരു ദേശീയവാദ സമീപനമാണ് കെെക്കൊള്ളേണ്ടത്. ഇന്ത്യാ ചരിത്രത്തിന്റെ ‘‘മൂടിവെക്കപ്പെട്ട യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരാൻ’’ നടത്തപ്പെട്ട കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായിരുന്നവരും ഈ വിരുദ്ധ സ്വരങ്ങളുമായി പൊരുത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ ഉയർന്നു കേൾക്കുന്ന ഒരു ശബ്ദം, ‘ഹിന്ദുസ്ഥാനി ചരിത്രത്തിന്റെ മൂടിവെക്കപ്പെട്ട യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായുള്ള സംഘടന’’ എന്നറിയപ്പെടുന്ന ഒരു സമിതിയുടെ പ്രിൻസിപ്പൽ ട്രസ്റ്റിയുടേതാണ്. അദ്ദേഹം പ്രസ്താവിച്ചത് ഇൗ ‘‘ദൗത്യം’’ ഇന്ത്യയുടെ ആധികാരിക ചരിത്രം നിർമ്മിച്ച് എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുക എന്നതാണ്!

ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് ‘‘കെട്ടിച്ചമച്ച ആഖ്യാന’’ ങ്ങളാണ് എന്നും അവ തിരുത്തേണ്ടതുമാണ് എന്നും 2022 ഡിസംബർ 26ന് പ്രധാനമന്ത്രി പറഞ്ഞത് നാം ഓർത്തെടുക്കുകയാണെങ്കിൽ വരാൻ പോകുന്ന മാറ്റങ്ങളുടെ യഥാർഥ അർഥം നമുക്കു മനസ്സിലാകും. ഇന്ത്യയുടെ ചരിത്രത്തെ തിരുത്തി എഴുതുന്നതിൽനിന്നും ഒരാൾക്കും തടയാനാവില്ലെന്ന് ഒരു മാസം മുമ്പാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ധിക്കാരപൂർവം പറഞ്ഞത്.

പാഠഭാഗങ്ങളിൽനിന്ന് എടുത്തുകളഞ്ഞതും നിലനിർത്തിയതും എന്താണെന്നു നാം മനസ്സിലാക്കിയാൽ കാര്യങ്ങൾ വ്യക്തമാവും. നേരത്തെ, എൻഇപിയ്ക്കുകീഴിലുള്ള ബിഎ സിലബസിൽനിന്ന് ഷാജഹാൻ (താജ്മഹൽ നിർമ്മിതിയുടെ പശ്ചാത്തലത്തിൽ), ദാരാ ഷുക്കോ, ഔറംഗസീബ് എന്നിവരൊഴികെ മിക്കവാറും എല്ലാ മുഗൾ ചക്രവർത്തിമാരെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഒഴിവാക്കി. എൻസിഇആർടി പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങളിൽ അക്ബറിനെപ്പറ്റിയുള്ള ചില ചർച്ചകൾ നിലനിർത്തി – ചിറ്റോർ ഉപരോധവും അതിനെത്തുടർന്നുണ്ടായ രജപുത്ര കൂട്ടക്കൊലയെ സംബന്ധിച്ച പാഠപുസ്തക ഭാഗം നിലനിർത്തുകയും ചെയ്തു. എന്നാൽ മുഗളരുടെ ഭാഗത്തുനിന്നു ആരാണ് യുദ്ധം നയിച്ചത്, എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുകയെന്ന അക്ബർ സ്വീകരിച്ച നയം എന്നിവയെപ്പറ്റിയുള്ള എല്ലാ പരാമർശങ്ങളും രജപുത്രരും മുഗൾ ചക്രവർത്തിമാരും തമ്മിൽ നിലനിന്ന സഹകരണാത്മകബംന്ധം നിലനിർത്തുക എന്ന നിലപാടിനെപ്പറ്റി വിശദീകരിക്കുന്ന എല്ലാ പാഠഭാഗങ്ങളും എടുത്തുകളഞ്ഞു. ഇത്തരമൊരു സിലബസിൽ പഠിക്കുന്ന VI മുതൽ XII ക്ലാസ് വരെയുള്ള വിദ്യാർഥികൾ ഇനിമുതൽ മുഗൾഭരണം യഥാർഥത്തിൽ രജപുത്രരും മുഗളരും ചേർന്നുള്ള സഹകരണാത്മക ഭരണമായിരുന്നെന്ന കാര്യം വിസ്മരിക്കും. ഈ രണ്ടു വിഭാഗങ്ങളും സാധാരണക്കാകരുടെ വരുമാനം ഊറ്റിയെടുക്കുകയും ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന സാധാരണ ജനത്തെ ചൂഷണം ചെയ്യുകയുമായിരുന്നു. ഒരുപക്ഷേ ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും കഴിവുറ്റ ധനകാര്യ മന്ത്രിമാരായിരുന്ന രാജാ തോഡർമാൾ, രാജാ രഘുനാഥ് റായ് എന്നിവരെപ്പറ്റി പഠിക്കാൻ ഈ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നില്ല. കടലാസിന്റെ വരവോടുകൂടി (യഥാർഥത്തിൽ ഇന്ത്യ മികച്ച തരം കടലാസ് ഉൽപാദകരിൽ ഒന്നായി ഉദയംകൊണ്ടിരുന്നു) അത് സിവിൽ എഞ്ചിനീയറിങ് മേഖലയിൽ എന്തെല്ലാം പുരോഗതിയുണ്ടാക്കി എന്നതിനെക്കുറിച്ചോ വസ്ത്ര നിർമാണ സാങ്കേതികരംഗത്തെ പുരോഗതി, വെള്ളം ഉയരത്തിലെത്തിക്കുന്നതിന് ജലധാരാ യന്ത്രങ്ങൾ ദീർഘദൂരം എത്തിക്കുന്നതിനുള്ള സാങ്കേതിക വിദ്യയിലെ പുരോഗതി തുടങ്ങി പോസിറ്റീവായ എല്ലാ സാങ്കേതിക വിദ്യകളുടെയും വികാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനി വിദ്യാർഥികൾ വ്യക്തതയില്ലാതെ തുടരും. ഗ്ലാസ് നിർമാണ വ്യവസായം, വെെൻ നിർമാണം, നീലത്തിന്റെ നിർമാണം, പട്ടുനൂൽ കൃഷി എന്നിവയും അതുപോലെ മറ്റ് നിരവധി കാര്യങ്ങളും യുവജനങ്ങളുടെയും ഇവയൊക്കെ ഗ്രഹിക്കാൻ കഴിയുന്ന മനസ്സുകളുടെയും ആലോചനാപരിധിയ്ക്കപ്പുറമായി തീരും. കേശവിനെയും മനോഹറിനെയും കൻഹയെയും പോലുള്ള കലാകാരരെക്കുറിച്ച് അവർ ഇനി ഒരിക്കലും കേൾക്കില്ല!

എന്തായാലും അവരുടെ മനസുകളിൽ ഇനി എക്കാലത്തേക്കും രൂ-ഢമൂലമാകാൻ പോകുന്നത് യുദ്ധങ്ങൾ, വർഗീയ സംഘർഷങ്ങൾ, മതപരമായ ആരാധനാലയങ്ങൾ തകർക്കൽ, വിദേ–്വഷത്തിന്റെ അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള ആഖ്യാനങ്ങളായിരിക്കും. നമ്മുടെ കൊളോണിയൽ യജമാനന്മാർപോലും പരാജയപ്പെട്ട മാർഗത്തിലൂടെ നമ്മുടെ പൗരരെ ഭിന്നിപ്പിക്കുന്നതിൽ ഒരുപക്ഷേ നാം വിജയിച്ചേക്കാം.

തിരഞ്ഞുപിടിച്ചുള്ള മായ്ച്ചുകളയലുകൾ വിവേചനങ്ങളോടുകൂടിയ ജാതിവ്യവസ്ഥയില്ലാത്തതോ, ബ്രാഹ്മണരുടെ അതിക്രമങ്ങളില്ലാത്തതോ അല്ലെങ്കിൽ ബുദ്ധിസം രാജ്യത്തുനിന്നും അക്രമാത്മകമായി തുടച്ചുനീക്കിയതാണെന്ന അറിവ് ഇല്ലാത്തതോ ആയ ഒരു ‘‘സുവർണ’’ പുരാതന കാലഘട്ടത്തിന്റേതായ സാങ്കൽപിക ഭൂതകാലത്തിലേക്കു നയിക്കും. യുദ്ധങ്ങളും സംഘർഷങ്ങളും മാത്രമുള്ള ഒരു ഇരുണ്ട മധ്യകാല കാലഘട്ടം ഉയർന്നുവരും.

മധ്യകാല പാഠപുസ്തക ഭാഗങ്ങളിൽ ജാതിവിവേചനങ്ങൾ, ശൂദ്രനായി ജനിച്ചതുമൂലമുള്ള മഹാദുരിതങ്ങൾ, സതി എന്നിവയെപ്പറ്റിയുള്ള പരാമർശങ്ങൾ നിലനിർത്തിയിട്ടുണ്ട്. ഈ പ്രതിലോമവശങ്ങളെല്ലാം മധ്യകാല സമൂഹത്തിന്റെ സമ്മാനങ്ങളാണെന്ന ആശയത്തിന് സ്ഥിരീകരണം നൽകും.

കർഷകരുടെ അസംതൃപ്തികൾ, ദളിത് മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളും ഇല്ലാതാക്കുന്നത് അസുഖകരമായ സത്യങ്ങളെയെല്ലാം തുടച്ചുനീക്കുന്നതിന് സഹായിക്കും. അങ്ങനെ യഥാർഥത്തിൽ വഴിപിഴച്ച ഒരു സാങ്കൽപിക ഭൂതകാലമായിരിക്കും ഇന്നത്തെ ക്രമമാകാൻ പോകുന്നത്.

മാത്രവുമല്ല, സോഷേ–്യാളജി, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ അനുബന്ധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിൽനിന്നുള്ള ഭാഗങ്ങൾ, ഖണ്ഡികകൾ എന്തിന് വാക്യങ്ങൾ പോലും ഇല്ലാതാക്കുന്നത് ഈ സാങ്കൽപിക ഭൂതകാലത്തെ ദൃഢീകരിക്കാൻ സഹായിക്കുന്നതിനായാണ്. 2002ലെ ഭീകരമായ ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള എല്ലാ പരാമർശങ്ങളും തുടച്ചുനീക്കുകയും അതേസമയം 1984ലെ സമാനമായവിധം ഭീകരമായ സിക്കു കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. ഗാന്ധിജിയുടെ കൊലപാതകത്തെ സംബന്ധിച്ച് ഇടം നൽകുമെങ്കിലും കൊലയ്ക്കുപിന്നിലെ ആശയപരമായ സ്വാധീനങ്ങളെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും സൗകര്യപൂർവം നീക്കം ചെയ്യപ്പെടുകയാണ്. ചില പാഠപുസ്തകങ്ങളിലെ ഇസ്ലാമിക സംസ്കാരത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും എടുത്തുകളയുന്നു. അതുപോലെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ‘‘ഔദ്യോഗിക’’ ആഖ്യാനത്തെ ചുരുക്കിക്കാണിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളെയും എടുത്തുകളയുന്നു. ‘‘താൽപര്യങ്ങൾക്കനുസരിച്ച് നിർമ്മിക്കപ്പെട്ട’’ ഇത്തരമൊരു സിലബസ് പഠിക്കുന്ന ഭാവി തലമുറയ്ക്ക് ഇന്ത്യയുടെ രൂപീകരണത്തിലേക്ക് കടന്നുവന്ന, പരസ്പരമുള്ള ഇടപഴലുകളെക്കുറിച്ച് ഒരിക്കലും മനസ്സിലാക്കാനാവില്ല.

വിശ്വാസം സൃഷ്ടിച്ചെടുക്കുന്ന ഈ ആഖ്യാനത്തിൽ സഹിഷ്ണുത എന്നത് അന്യമായ ഒന്നായിരിക്കും. അങ്ങനെ ഒരു ഫാസിസ്റ്റ‍് ഭരണകൂടത്തിൽ ജനങ്ങൾ ‘‘മാതൃകാപൗരർ’’ ആയി മാറും. ഓർക്കുക, അർധസത്യങ്ങൾ ചിലപ്പോൾ പച്ചക്കള്ളങ്ങളേക്കാൾ അപകടകരമാണ്. അത് നിർമിതസത്യങ്ങളുമായി ചേർന്ന് അജ്ഞരായ വിഡ്ഢികളുടെ സമൂഹത്തെത്തന്നെ സൃഷ്ടിക്കും. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − 3 =

Most Popular