Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിസ്കൂൾ മുതൽ ഗവേഷണം വരെ പടരുന്ന ഉള്ളടക്കത്തിലെ സംഘിവൽകരണം

സ്കൂൾ മുതൽ ഗവേഷണം വരെ പടരുന്ന ഉള്ളടക്കത്തിലെ സംഘിവൽകരണം

നിതീഷ് നാരായണൻ

സ്പൃശ്യ’രായിരുന്ന മഹർ വിഭാഗത്തിൽ പെട്ട അംബേദ്ക്കറിനെ തങ്ങളുടെ ക്ലാസിൽ പ്രവേശിപ്പിക്കാൻ ബ്രാഹ്മണരായ സംസ്കൃത അധ്യാപകർ ഒരുക്കമായിരുന്നില്ല. പേർഷ്യൻ ഭാഷ സ്വായത്തമാക്കുക എന്നതായിരുന്നു വിദ്യാഭ്യാസം തുടരാനായി ബാലനായിരുന്ന അംബേദ്ക്കറിന് മുന്നിലുണ്ടായിരുന്ന ഏക വഴി. അങ്ങനെയാണ് അദ്ദേഹം മെട്രിക്കുലേഷനും തുടർന്ന് ബിരിദവും പേർഷ്യനിലും ഇംഗ്ലീഷിലുമായി പഠിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വിമോചന സ്വഭാവത്തെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന അംബേദ്ക്കറിന് മുന്നിൽ ഇന്ത്യയിലെ ബ്രാഹ്മണ്യം സംസ്കൃതത്തിന്റെ വാതിൽ കൊട്ടിയടച്ചപ്പോൾ അദ്ദേഹത്തിന് കരുത്തായ ഭാഷയാണ് പേർഷ്യൻ. ആ യാത്ര ഇന്ത്യയുടെ ഗതിനിർണയിക്കുന്ന ഒന്നായി മാറി. ഇതേ പേർഷ്യൻ ഭാഷയിലേക്കാണ് 1574 ൽ അക്ബർ സ്ഥാപിച്ച വിവർത്തന ഡിപ്പാർട്ട്മെന്റ് രാജതരംഗിണിയും മഹാഭാരതവും രാമായണവും ആദ്യമായി സംസ്കൃതത്തിൽ നിന്നും തർജ്ജുമ ചെയ്യുന്നത്. മറ്റൊരു മുഗൾ ഭരണാധികാരി ഷാജഹാന്റെ പുത്രനായിരുന്ന ദാരാ ഷികോവ് ഉപനിഷത്തുകൾ ആദ്യമായി തർജ്ജുമ ചെയ്തതും ഇതേ പേർഷ്യൻ ഭാഷയിലേക്ക് തന്നെ. അംബേദ്ക്കറിന്റെ വിദ്യാഭ്യാസത്തിന് വഴിയൊരുക്കുകയും ഇന്ത്യൻ പുരാണങ്ങളും ഇതിഹാസങ്ങളും കൂടുതൽ മനുഷ്യരിലേക്ക് പ്രചരിക്കാൻ ഇടയാക്കുകയും ചെയ്ത ആ ഭാഷ പക്ഷേ ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾക്ക് അസ്പൃശ്യമായിരിക്കുന്നു.

അഞ്ച് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ശേഷിയുണ്ടായിരുന്ന വിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. എന്നിട്ടും തന്റെ രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള സന്ദർഭമായി അദ്ദേഹം കണ്ട കോടതി മുറിയിലെ വിചാരണക്കാലത്തെ പ്രസംഗങ്ങൾക്ക് അദ്ദേഹം തെരഞ്ഞെടുത്തത് ഉർദു ആയിരുന്നു. ഇംഗ്ലീഷ് നന്നായി എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്ന ഭഗത് സിംഗ് പക്ഷേ കോടതി മുറിയിലെ വാദങ്ങൾക്കായി ഉർദു തെരഞ്ഞെടുത്തതിൽ നിശ്ചയമായും അധിനിവേശത്തിനെതിരായ ഒരു രാഷ്ട്രീയ നിലപാട് കൂടി ഉൾപ്പെട്ടിരുന്നു. ഒപ്പം, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചേരുന്ന ഭാഷ ഉർദു ആയിരുന്നു. കൊളോണിയൽ ശക്തികൾക്കെതിരായ ഒരു സമര മാധ്യമം എന്ന നിലയിൽ തന്നെയാണ് ഉർദുവിനെ ഉയർത്തിപ്പിടിച്ചത്. ഗാന്ധിയുടെ ചിന്തകളിലും ഉർദു ഉണ്ടായിരുന്നു. ഉർദു കൂടി കലർന്ന ഹിന്ദുസ്ഥാനിയ്ക്ക് വേണ്ടിയുള്ള ഗാന്ധിജിയുടെ നിലപാടാണ് അദ്ദേഹത്തെ കൊല്ലാനുള്ള കാരണങ്ങളിൽ ഒന്നായി ഹിന്ദുത്വ ഭീകരവാദി ഗോഡ്സെ കോടതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് സംഘപരിവാരത്തിന്റെ ‘ചരിത്രത്തെ തുടച്ചുമാറ്റൽ’ പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മറ്റൊരു ഭാഷയാണ് അതേ ഉർദു.

പലതരം കലർപ്പുകളിലൂടെയും പങ്കുവെക്കലുകളിലൂടെയുമൊക്കെയാണ് ഓരോ നാടിന്റെയും സംസ്കാരം രൂപപ്പെടുന്നത്. ഭാഷയെയോ ഭക്ഷണത്തെയോ വസ്ത്രത്തെയോ സാമൂഹിക ജീവിതത്തിന്റെ അടയാളങ്ങളെയോ ഒന്നും മതത്തിന്റെയോ മറ്റേതിന്റെയെങ്കിലുമോ സങ്കുചിതമായ ഇരുമ്പുമറകളിലേക്ക് മാത്രമായി കെട്ടിയിടാനാകില്ല. അത്തരം നീക്കങ്ങൾ ഏകശിലാത്മകമായ ഒരു വ്യാജ ചരിത്ര നിർമിതിയ്ക്കായുള്ള പദ്ധതിയുടെ ഭാഗവും അങ്ങേയറ്റം വികലമായൊരു സാമൂഹിക വീക്ഷണം ഉല്പാദിപ്പിക്കാനുള്ള നീക്കവുമാണ്. അതാണ് എൻ സി ഇ ആർ ടിയുടെ സ്കൂൾ പാഠപുസ്തക സിലബസ് ‘പരിഷ്കരണ’ത്തിലൂടെ നടപ്പിലാക്കപ്പെടുന്നതും. കേരളത്തിലെ ഒരു ഹിന്ദുവിന് ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലെ ഹിന്ദുവുമായി അനുഭവപ്പെടുന്നതിനേക്കാൾ എത്രയോ അധികം സാമ്യതയും സമജീവിതാനുഭവങ്ങളും സാംസ്കാരികവും സാമൂഹികവുമായ ചേർച്ചയും എല്ലാം തനിക്ക് ചുറ്റും ജീവിക്കുന്ന ഇതര മതസ്ഥരുമായി അനുഭവപ്പെടുമെന്നത് സ്വാഭാവികമാണ്. അതിനിടയിലേക്കാണ് വിഭജനത്തിന്റെ വിദ്വേഷരാഷ്ട്രീയം കത്തി ്കയറ്റുന്നത്. പാഠപുസ്തക പരിഷ്കാരത്തിന്റെ പേരിൽ സംഘപരിവാരം വെട്ടിമാറ്റുന്നത് ഈ സാമൂഹിക ചരിത്രത്തിന്റെ അധ്യായങ്ങളാണ്.

വിദ്യാഭ്യാസ സംവിധാനങ്ങളെ നയിക്കുന്ന മൗലിക പ്രമാണങ്ങളിൽ ഒന്നായി പുതിയ വിദ്യാഭ്യാസ നയത്തിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നത് ഇന്ത്യയെക്കുറിച്ചുള്ള അഭിമാനവും അതിൽ വേരാഴ്ന്ന വിദ്യാഭ്യാസവും ആണ്. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ പ്രാചീന, ആധുനിക സംസ്കാരങ്ങളും അതിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളും ആ മൗലിക പ്രമാണങ്ങളുടെ ഭാഗമാണെന്ന് പരാമർശിക്കുന്നുണ്ട്. എന്നാൽ മധ്യകാല ഇന്ത്യയെക്കുറിച്ച് പരാമർശം പോലുമില്ല. പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റലുകൾ അങ്ങനെ നിഷ്കളങ്കമായി സംഭവിച്ചതല്ലെന്ന് സാരം.

ഹിന്ദുരാഷ്ട്രവാദികളുടെ ബുൾഡോസർ പാഠപുസ്തകങ്ങൾക്ക് മേലും ഊക്കോടെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. സംഘപരിവാരം അധികാരത്തിലെത്തിയ പല സംസ്ഥാനങ്ങളിലും ഇതിനും എത്രയോ മുന്നേ തന്നെ സ്കൂൾ ടെക്സ്റ്റുകൾ അവരുടെ രാഷ്ട്രീയ പദ്ധതികൾക്ക് അനുസൃതമായി മാറ്റുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മനുസ്മൃതിയെയും ജാതി വ്യവസ്ഥയെയും വാഴ്ത്തുകയും കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെ ഒഴിവാക്കുകയും മുസ്ലീം വിദ്വേഷം കുത്തിവെക്കുകയുമൊക്കെ ചെയ്യുന്ന എത്രയോ പാഠഭാഗങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും യു പിയിലെയുമൊക്കെ സ്കൂൾ ടെക്സ്റ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരീക്ഷ ചോദ്യ പേപ്പറുകളെ പോലും നഗ്നമായ വർഗീയത പ്രചരിപ്പിക്കാനുള്ള ആയുധമാക്കിയ അനുഭവങ്ങളുമുണ്ട്. അതിനെയെല്ലാം കൂടുതൽ ഔപചാരികവും വ്യവസ്ഥാപിതവുമാക്കി മാറ്റി എന്നതാണ് എൻ സി ഇ ആർ ടി സിലബസ് മാറ്റങ്ങളുടെ പ്രത്യേകത. ചരിത്രത്തിൽ മാത്രമല്ല കത്തി വെച്ചിട്ടുള്ളത്. കാർഷിക പ്രതിസന്ധിയെക്കുറിച്ചും സാമ്പത്തിക അസമത്വത്തെക്കുറിച്ചും വർഗപരമായ ചൂഷണത്തെക്കുറിച്ചും വർഗീയതയുടെ അപകടങ്ങളെക്കുറിച്ചും ഭരണകൂട അതിക്രമങ്ങളെക്കുറിച്ചുമെല്ലാം ധാരണയുള്ളവരായി വിദ്യാർഥികളെ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്ന പാഠഭാഗങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. ശാസ്ത്ര പാഠപുസ്തകങ്ങളും സമാനമായ അതിക്രമത്തിന് ഇരയായിരിക്കുന്നു. മനുഷ്യോല്പത്തിയെയും ലോകത്തിന്റെ വളർച്ചയെയുമെല്ലാം കുറിച്ച് ശാസ്ത്രീയമായ ധാരണകൾ കുട്ടികളിൽ പകരുന്നതിനു പകരം മിത്തുകളും കെട്ടുകഥകളും ആധികാരികമായി പ്രതിഷ്ഠിച്ച് യുക്തിബോധത്തിന്റെ എല്ലാ അടരുകളെയും പൊളിച്ച് മാറ്റുക എന്ന അജണ്ട നടപ്പിലാക്കപ്പെടുകയാണ്. ശാസ്ത്രീയമായ ബോധം വളർത്തുകയെന്നത് ഭരണകൂടത്തിന്റെ നയരൂപീകരണങ്ങളുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായി ഭരണഘടന തന്നെ പറയുന്ന രാജ്യത്താണ് അങ്ങേയറ്റം തെറ്റായ കാഴ്ചപ്പാടിലേക്ക് ഇനിവരുന്ന തലമുറകളെ അതേ ഭരണകൂടം നയിക്കുന്നതെന്ന് ഓർക്കുക. യുക്തി ചിന്തയും ജനാധിപത്യ ബോധവും മതനിരപേക്ഷമനസും വിമർശനാത്മക ബുദ്ധിയുമുള്ള വിദ്യാർഥികളെയല്ല വാർത്തെടുക്കാൻ പോകുന്നത്, മറിച്ച് സംഘപരിവാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വികൃതവും അപൂർണവും വ്യാജവുമായ ചരിത്രത്തെയും ശാസ്ത്ര പാഠങ്ങളെയും ശിരസ്സാവഹിക്കുന്ന തലമുറകളെ ഉല്പാദിപ്പിക്കാനുള്ള വിപുലമായ പദ്ധതി അരങ്ങിലെത്തിക്കഴിഞ്ഞു.

ഈ പ്രക്രിയ സ്കൂൾ ടെക്സ്റ്റുകളിൽ മാത്രമായി ഒതുങ്ങുന്നതല്ല. അതിന് തുടർച്ചയുണ്ട്. ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിലേക്കും കോളേജുകളിലേക്കുമുള്ള പ്രവേശനം പൂർണമായും പൊതു പ്രവേശന പരീക്ഷയിലൂടെ തീരുമാനിക്കാനുള്ള വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശം ഇതിനകം തന്നെ നടപ്പിലാക്കപ്പെട്ടുകഴിഞ്ഞു. എന്നുവച്ചാൽ സംഘപരിവാരത്തിന്റെ ഇംഗിതമനുസരിച്ച് തയ്യാറാക്കുന്ന പാഠപുസ്തകത്തിലെ ഉള്ളടക്കങ്ങളായിരിക്കും ഈ പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനമായി മാറുന്നത്. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരണം കൂടുതൽ തീവ്രമാകുന്നതോടുകൂടി ഉള്ളടക്ക നിർമിതിയിലെ തങ്ങളുടെ അജൻഡ അനുസരിക്കാത്തവരെ ഉന്നത വിദ്യാഭ്യാസത്തിൽ നിന്നും പുറം തള്ളുകയെന്ന അങ്ങേയറ്റം വിവേചനപരമായ നീക്കം കൂടി അവർക്ക് ശക്തമാക്കാനാകും. ഈ അപകടം അവിടെയും അവസാനിക്കുന്നില്ല. ദേശീയ ഗവേഷണ കൗൺസിൽ രൂപീകരിച്ച് ഗവേഷണ വിഷയങ്ങളിൽ ഇടപെടാനുള്ള തീരുമാനത്തെയും ഇതുമായി ചേർത്ത് വായിക്കണം. സംഘപരിവാരത്തിന്റെ പ്രചരണങ്ങൾക്ക് വിമത ശബ്ദമുയർത്തുന്ന ഗവേഷണങ്ങൾക്ക് തടയിടുവാനുള്ള നീക്കമാണത്. സ്വതന്ത്രമായ ഗവേഷണത്തിനുള്ള അവസരങ്ങൾ പൂർണമായും നിഷേധിക്കപ്പെടും. ഭരണകൂടത്തിന് ആവശ്യമായ പ്രചരണോപാധികൾ ഉല്പാദിപ്പിക്കുന്നവർ മാത്രമായി ഗവേഷകർ മാറും. സമൂഹത്തിന്റെ പുന: സംഘാടനത്തിൽ അവർക്ക് പങ്കുണ്ടാകില്ല. വിദ്യാർഥികളിൽ രാജ്യസ്നേഹം വളർത്താനായി കാമ്പസിൽ മിലിട്ടറി ടാങ്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ജെ എൻ യു വൈസ് ചാൻസിലർ നിലവിൽ യു ജി സിയുടെ അദ്ധ്യക്ഷനാണ്. സംഘപരിവാരം നിരന്തരം ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്ന സങ്കുചിത ദേശീയതയുടെ കേന്ദ്രങ്ങളായി സർവകലാശാലകളെ മാറ്റുവാനുള്ള നീക്കത്തിന് ഇങ്ങനെ അനവധി ഉദാഹരണങ്ങൾ കാണാനാകും. പാക്കിസ്ഥാനിലെ ഏകാധിപത്യ വാഴ്ചയ്ക്കെതിരെ ഫൈസ് അഹ്മദ് ഫൈസ് എഴുതിയ ജനാധിപത്യത്തിന്റെ പാട്ട് പാടിയതിനെതിരെ ഖരഘ്പൂർ ഐ ഐ ടിയിൽ ഉത്തരവിറങ്ങിയതും സമീപകാലത്താണ്. അതേ സമയം ഐ ഐ ടികളും കേന്ദ്ര സർവകലാശാലകളും ഐ ഐ എമ്മുകളുമെല്ലാം അന്തർദേശീയ അക്കാദമിക് സെമിനാറുകളിൽ ഉൾപ്പടെ അതിഥികളായി വിളിച്ചാദരിക്കുന്നതും മുഖ്യ പ്രഭാഷകരാക്കുന്നതും സംഘപരിവാരത്തിന്റെ ആശയ പ്രചാരകരെയോ അവരുടെ കോർപ്പറേറ്റ് ലോകത്തെ ചങ്ങാതിമാരെയോ ഒക്കെയാകുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. കർണാടകത്തിലെ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിൽ നിന്നും മുട്ട ഒഴിവാക്കിയതും ലക്ഷദ്വീപിലെ വിദ്യാർഥികൾക്ക് അവരുടെ ഭക്ഷണത്തെ നിഷേധിച്ചതുമെല്ലാം ഇവയുമായി ചേർത്ത് വായിക്കാനാകും. സ്കൂൾ മുതൽ ഗവേഷണം വരെയുള്ള വിദ്യാഭ്യാസ പ്രവർത്തനത്തെ ഇങ്ങനെ ഒരു ചരടിൽ കോർത്ത് കോർപ്പറേറ്റ്-ഹിന്ദുത്വ കൂട്ടുകെട്ടിന്റെ അനുബന്ധ പ്രവർത്തനം മാത്രമാക്കി അതിനെ മാറ്റുന്നത് കാണാം.

സാർവദേശീയവും കൊളോണിയൽ വിരുദ്ധവും സമത്വ ഭാവനയിൽ അധിഷ്ഠിതവുമായ ദേശീയതാ ബോധം ഉല്പാദിപ്പിക്കപ്പെടാനുള്ള എല്ലാ സാധ്യതകളുടെയും വാതിലുകൾ കൊട്ടിയടയ്ക്കുന്ന തത്രപ്പാടിലാണ് സംഘപരിവാരം ഏർപ്പെട്ടിരിക്കുന്നത്. അവയ്ക്കെല്ലാം മുകളിൽ വംശ കേന്ദ്രീകൃതമായ ദേശീയതയെ പ്രതിഷ്ഠിക്കാനുള്ള പലവിധ നീക്കങ്ങളുടെയും ഭാഗമാണ് പാഠപുസ്തകങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളും. ജർമനിയുടെ പൂർവകാല ചരിത്രത്തെ അങ്ങേയറ്റം വംശകേന്ദ്രീകൃതമായി അവതരിപ്പിക്കാൻ അടിത്തറ പാകിയ ആർക്കിയോളജിസ്റ്റ് ഗുസ്തവ് കോസ്സിന്ന നാസി ജർമനിയിൽ ചരിത്രത്തിനുമേൽ ഹിറ്റ്ലറും കൂട്ടരും നടത്തിയ വൈകൃതങ്ങൾക്ക് പ്രചോദനമായിരുന്നു. മോദി ഭരണത്തിൻകീഴിൽ ഗുസ്തവ് കോസ്സിന്നമാരുടെ എണ്ണം അനുദിനം വർധിക്കുന്നു. ഇന്ത്യാ ചരിത്രത്തിലെ നിർണായകമായ പല അധ്യായങ്ങളും ചിന്താ ധാരകളും വൈജ്ഞാനികമായ ഇടപെടലുകളും സംഭാവനകളും ശാസ്ത്രീയമായ പഠനസമീപനങ്ങളും ഒഴിവാക്കപ്പെട്ട കൂട്ടത്തിൽ തന്നെ ഇന്ത്യയിലെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമീപനം രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്കും പുതിയ വിദ്യാഭ്യാസ നയത്തിൽ ഇടം പിടിച്ചിട്ടില്ല. അതേ സമയം കൊളോണിയൽ ഭരണകൂടം ചരിത്രമെഴുത്തിനെയും വിദ്യാഭ്യാസ ഘടനയെയും എങ്ങനെയാണോ അവരുടെ കൊള്ളയ്ക്കും അധിനിവേശത്തിനും അനുഗുണമാകും വിധം ഉപയോഗിച്ചത് അതേ മാതൃക ആവർത്തിക്കപ്പെടുകയും ചെയ്യുന്നു.

ഗുജറാത്തിലെ ചില ഗ്രാമങ്ങൾ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച ഓരോ ജാതിയിലും പെട്ട കുട്ടികൾക്ക് പ്രത്യേകമായുള്ള അംഗനവാടികൾ ഉണ്ട് എന്നതായിരുന്നു. ഇത് പല ഇന്ത്യൻ ഗ്രാമങ്ങളുടെയും ചിത്രമാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും പുരോഗമന സ്വഭാവത്തിലുമൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കാതെ കലാലയങ്ങളിൽ നിന്നും പുറത്തുവരുന്ന തലമുറകളിൽ നമുക്ക് ആശിക്കാനൊന്നുമുണ്ടാകില്ല. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്ന ഫാസിസ്റ്റ് തന്ത്രം സ്ഥാപനവൽക്കരിക്കപ്പെട്ട ഭൗതിക ശക്തിയായി മാറിക്കഴിഞ്ഞു. പാഠപുസ്തകങ്ങളുടെ സംഘപരിവാര വൽക്കരണത്തിനെതിരായ സമരം വിപുലമായ ജനാധിപത്യ മുന്നേറ്റത്തിന്റെ തന്നെ ഭാഗമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 15 =

Most Popular