സംസ്ഥാനത്തെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയാണ് മത്സ്യബന്ധന മേഖല. നിലവിൽ ആ മേഖല നിരവധി പ്രതിസന്ധികള്‍ നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനവും തീരപ്രദേശങ്ങളിലെ മത്സ്യസമ്പത്തിന്റെ ശോഷണവുമെല്ലാം അത്തരം പ്രതിസന്ധികളിൽ ചിലതാണ്. അവയെ നേരിടുന്നതോടൊപ്പം തന്നെ പുതിയ കാലത്തിനനുയോജ്യമായി ആ മേഖലയെ പരിവര്‍ത്തിപ്പിക്കാനും കഴിയണം. അതിനുതകുന്ന ഇടപെടലുകളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കി വരുന്നത്.
അതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചിരിക്കുന്ന ആഴക്കടൽ മത്സ്യബന്ധനയാനങ്ങളുടെ വിതരണം കുറച്ചു ദിവസങ്ങൾക്കു മുൻപ് നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ നിർമ്മാണം നടന്നു വരുന്ന 10 യാനങ്ങളിൽ പണി പൂർത്തീകരിച്ച 5 എണ്ണമാണ് മത്സ്യത്തൊഴിലാളികൾക്കു കൈമാറിയത്. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനാ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് ഈ യാനങ്ങളുടെ നിര്‍മ്മാണത്തിനു നേതൃത്വം നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 24 ശതമാനം കേന്ദ്രവിഹിതവും 16 ശതമാനം സംസ്ഥാന വിഹിതവും 60 ശതമാനം ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെടുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒരു യാനം നിര്‍മ്മിക്കുന്നതിനുള്ള ആകെ ചെലവായി ആ ഘട്ടത്തിൽ കണക്കാക്കിയിരുന്നത് 1.2 കോടി രൂപയാണ്.
എന്നാൽ, ഗുണഭോക്തൃ ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് ആ സമയത്ത് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവന്നു. അതിന്റെ ഭാഗമായി ശീതീകരണ സൗകര്യങ്ങള്‍, വര്‍ദ്ധിച്ച സംഭരണശേഷി, കൂടുതൽ മികച്ച എഞ്ചിന്‍ എന്നിവ ലഭ്യമാക്കുന്നതിനു തീരുമാനമുണ്ടായി. അത്തരം സൗകര്യങ്ങളോടുകൂടിയ ഒരു യാനം നിര്‍മ്മിക്കുന്നതിന് ഏതാണ്ട് 1.57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയത്. അതായത് നേരത്തെ നിശ്ചയിച്ചതിനെക്കാള്‍ 30 ലക്ഷത്തിലധികം രൂപയുടെ ചെലവ്. ഈ ചെലവ് വഹിക്കാന്‍ കഴിയില്ല എന്ന് ഗുണഭോക്താക്കള്‍ അറിയിച്ചപ്പോള്‍ 30 ലക്ഷം രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ ഓരോ യാനത്തിനും അനുവദിക്കുകയുണ്ടായി. നേരത്തെ അനുവദിച്ച തുകയ്ക്ക് പുറമെയാണിത്. ഈ അധിക തുക കൂടി കണക്കാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 31 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ വിഹിതം 18 ശതമാനമാവുകയും ചെയ്തു.
പ്രതിസന്ധിയുണ്ടാകുമ്പോള്‍ കൈവിട്ട് പിന്നോട്ടുപോവുകയല്ല, പ്രതിസന്ധി നേരിടുന്നവരെ കൈപിടിച്ചുയര്‍ത്തുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ചെയ്യുന്നത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായി മാറുകയാണ് ഈ ഇടപെടൽ. 600 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതാണ് കേരളത്തിന്റെ സമുദ്രാതിര്‍ത്തി. തീരവുമായി ബന്ധപ്പെട്ട് കേരളത്തിന് 2.18 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രത്യേക സാമ്പത്തിക മേഖലയുമുണ്ട്. പ്രതിവര്‍ഷം 1.8 ലക്ഷം ടണ്‍ സമുദ്രോത്പന്നങ്ങളാണ് കേരളം കയറ്റുമതി ചെയ്യുന്നത്. രാജ്യത്തെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയിൽ കേരളത്തിന്റെ സംഭാവന 14 ശതമാനത്തോളമാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇത് 11 ശതമാനത്തോളം വരും.
രാജ്യത്തിന്റെ ആകെ കടൽത്തീരത്തിന്റെ കേവലം 7.5 ശതമാനം മാത്രമേ കേരളത്തിനുള്ളൂ എന്നു നാം ഓര്‍ക്കണം. ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിയിൽ കേരളത്തിന്റെ പങ്ക് എത്ര വലുതാണ് എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. കേരളത്തെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രാധാന്യമുള്ളതാണ് നമ്മുടെ മത്സ്യബന്ധന മേഖല എന്നതും ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഈ മേഖലയെ സംരക്ഷിച്ചു മുന്നോട്ടുപോകേണ്ടത് ഏറെ അനിവാര്യമാണ്. അതിനു രണ്ടു തരത്തിലുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്.
ഒന്ന്, തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക. രണ്ട്, മത്സ്യബന്ധന മേഖലയെ നവീകരിക്കുക. ഈ രണ്ട് തലങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകളാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയതും അതിന്റെ തുടര്‍ച്ചയായി അധികാരത്തിൽ വന്ന ഈ സര്‍ക്കാര്‍ നടത്തിവരുന്നതും. അടിസ്ഥാനസൗകര്യ മേഖലയിൽ ഇത്രയും ബൃഹത്തായ ഇടപെടലുകള്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അത് തീരദേശമേഖലയുടെ കാര്യത്തിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ ആകെ കാര്യമെടുത്താൽത്തന്നെ വ്യക്തമാകുന്ന ഒന്നാണ്.
മത്സ്യമേഖലയിലെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ് പുനര്‍ഗേഹം പദ്ധതി. തീരദേശ വേലിയേറ്റ മേഖലയിൽ 50 മീറ്റര്‍ പരിധിക്കുള്ളിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളെയാണ് ഇതിലൂടെ പുനരധിവസിപ്പിക്കുന്നത്. 8,743 കുടുംബങ്ങളാണ് ഇത്തരത്തിൽ മാറിത്താമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇവരിൽ 2,016 കുടുംബങ്ങളെ വ്യക്തിഗത ഭവനങ്ങളിലേക്കും 390 കുടുംബങ്ങളെ ഫ്ളാറ്റുകളിലേക്കും പുനരധിവസിപ്പിച്ചു കഴിഞ്ഞു. 3,970 കുടുംബങ്ങള്‍ക്കുള്ള ഭൂമിയുടെ വിലനിര്‍ണ്ണയം പൂര്‍ത്തീകരിക്കുകയും 3,367 കുടുംബങ്ങള്‍ക്കുള്ള ഭൂമി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 1,184 ഫ്ളാറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 168 ഫ്ളാറ്റുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കി നടപടി സ്വീകരിച്ചുവരുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന അതേ നിരക്കിലാണ് നൽകിവരുന്നത്. 2016 മുതൽക്കിങ്ങോട്ട് 200 കോടിയിലധികം രൂപയാണ് ഇ- ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസ ആനുകൂല്യമായി ലഭ്യമാക്കിയത്. 77 കോടി രൂപ ചെലവിൽ 33 തീരദേശ സ്ഥാപനങ്ങളിൽ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കി. 29 തീരദേശ സ്കൂളുകളിൽ 40 ക്ലാസ് റൂമുകള്‍ സജ്ജമാക്കുകയാണ്. ഇവയിൽ 26 എണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. തീരദേശ മേഖലയിലെ 57 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി മുഖേന നടപ്പാക്കിയത്.
മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പലിശരഹിത വായ്പയിനത്തിൽ 56 കോടി രൂപ നൽകിയിട്ടുണ്ട്. 25,000 ഗുണഭോക്താക്കള്‍ക്കാണ് ഇതു പ്രയോജനപ്പെട്ടത്. 2008 ഡിസംബര്‍ 31 വരെ ദേശസാൽക്കൃത ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും മറ്റും മത്സ്യത്തൊഴിലാളികളെടുത്ത വായ്പ എഴുതിത്തള്ളി. ഇതിനായി 22 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഇതിനൊക്കെ പുറമെ ഓഖി പുനരധിവാസവുമായി ബന്ധപ്പെട്ട് 77 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതുവരെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നൽകുകയാണ്. ചെല്ലാനത്ത് കടൽക്ഷോഭം തടയുന്നതിനായി 344 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് ആവിഷ്-കരിച്ചിരിക്കുന്നത്. പൂന്തുറ ഓഫ് ഷോര്‍ ബ്രേക്ക്–വാട്ടര്‍ നിര്‍മ്മാണത്തിന് 150 കോടി രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലായി 7 തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 92 കോടി രൂപയും അനുവദിക്കുകയുണ്ടായി. ഇങ്ങനെ തീരദേശ ജനതയുടെ സംരക്ഷണവും സാമൂഹിക മുന്നേറ്റവും ഉറപ്പാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ് സർക്കാർ.
ഇതിനെല്ലാം പുറമെയാണ് മത്സ്യബന്ധന മേഖലയെ നവീകരിക്കുന്നതിനുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാറുന്ന കാലത്തിനനുയോജ്യമായ പരിശീലനം മത്സ്യത്തൊഴിലാളികള്‍ക്ക് നൽകുകയും മത്സ്യബന്ധനമേഖലയിൽ ഉയര്‍ന്നുവരുന്ന പുതിയ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്.
സമീപവര്‍ഷങ്ങളിൽ കേരളത്തിന്റെ സമുദ്രമത്സ്യോത്പാദനം 6 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നത് നമുക്കറിയാം.
അതേസമയം തന്നെ മത്സ്യസമ്പത്തിന്റെ കലവറയായ തീരക്കടൽ അമിത മത്സ്യബന്ധനത്തിന് വിധേയമാകുന്ന കാര്യം നമ്മള്‍ ഗൗരവത്തോടെ കാണേണ്ടതുമുണ്ട്. ഇതുകാരണമുണ്ടാകുന്ന തീരമത്സ്യസമ്പത്തിന്റെ ശോഷണം ഈ മേഖലയിൽ വലിയ പ്രതിസന്ധിക്ക് വഴിതെളിക്കും. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് യന്ത്രവത്കൃത യാനങ്ങളുടെ അംഗീകാരം ആഴക്കടൽ മത്സ്യബന്ധനത്തിനു മാത്രമായി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. ഇങ്ങനെ ഒരു നിയന്ത്രണം മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്ന കാര്യവും സര്‍ക്കാരിനറിയാം. അതുകൊണ്ടാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.
തൊഴിൽ രംഗത്തെ മാറ്റം മാത്രമല്ല ഇതിലൂടെ ഉണ്ടാകുന്നത്. ഇപ്പോള്‍ മണ്ണെണ്ണയുടെ അമിത വിലവര്‍ദ്ധനവും കേന്ദ്രം മണ്ണെണ്ണ വിഹിതത്തിൽ ഉണ്ടാക്കിയ കുറവുമെല്ലാം മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്ന അവസ്ഥയുണ്ട്. ഇതുകൂടി മറികടക്കാനാണ് യന്ത്രവത്കൃത യാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികള്‍ തീരെ സുരക്ഷിതമല്ലാത്ത ചെറിയ യാനങ്ങളിൽ സഞ്ചരിക്കുന്നത് പലപ്പോഴും അവരുടെ ജീവനുതന്നെ ഭീഷണിയാണ്. അതും ഒഴിവാക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോഴും ആഴക്കടൽ മത്സ്യബന്ധനത്തിന് ആധുനികവും സുരക്ഷിതവുമായ മത്സ്യബന്ധന യാനങ്ങള്‍ ആവശ്യമാണെന്ന് കാണാന്‍ കഴിയും.
ഇങ്ങനെ എല്ലാ നിലയ്ക്കും മത്സ്യബന്ധന മേഖലയുടെ ഉന്നതി സാധ്യമാക്കുന്ന ഒരു പദ്ധതി ആവിഷ്-കരിക്കുക എന്ന ചിന്തയിൽ നിന്നാണ് മത്സ്യബന്ധന യാനങ്ങളുടെ നിര്‍മ്മാണം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. തീരത്തെ മത്സ്യബന്ധന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുന്നതിനും ഈ യാനങ്ങള്‍ സഹായിക്കും.
ഇവയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് കൊച്ചിന്‍ ഷിപ്പ്–യാര്‍ഡാണ്. അതായത്, കേരളത്തിന്റെ സ്വന്തം സൈന്യത്തിനുവേണ്ട യാനം നമ്മള്‍ കേരളത്തിൽ നിന്നുതന്നെ ഉത്പാദിപ്പിച്ചിരിക്കുന്നു. നാടിനാകെ അഭിമാനകരമായ വസ്തുതയാണിത്.
സുരക്ഷാ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും സർക്കാർ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പ്ലൈവുഡ് യാനങ്ങള്‍ക്കു പകരം ഫൈബര്‍ റീ-ഇന്‍ഫോഴ്സ്ഡ് പാന യാനങ്ങളും നൽകുകയാണ്. ഇത്തരത്തിൽ 400 യാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നൽകിക്കഴിഞ്ഞു. മത്സ്യബന്ധന യാനങ്ങളിലെ സംഭരണശേഷി വര്‍ദ്ധിപ്പിച്ചും പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കിയും ഇന്‍സുലേറ്റഡ് ബോക്സുകള്‍ നൽകിയും മത്സ്യഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന പദ്ധതി ഈ വര്‍ഷം മുതൽ നടപ്പാക്കുകയുമാണ്.
മത്സ്യബന്ധനം നടത്തിയാൽ മാത്രം പോരാ, തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാക്കുന്ന രീതിയിൽ വിപണിയിലേക്ക് എത്തിക്കുകകൂടി വേണമല്ലോ. ഇതിനായി വിപണന – വിതരണ ശൃംഖലയെ നവീകരിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. ഇതിനുവേണ്ട നിയമനിര്‍മ്മാണമടക്കം നടത്തിയിട്ടുണ്ട്. അങ്ങനെ മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനും വിപണിയിൽ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കഴിയും.
വിപണനരംഗത്താകട്ടെ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണവും ഫിഷ്–മാര്‍ട്ടുകളും ഓണ്‍ലൈന്‍ മത്സ്യവിപണനവും എല്ലാം നടപ്പാക്കിവരികയാണ്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 51 മത്സ്യമാര്‍ക്കറ്റുകള്‍ ആധുനികവത്കരിക്കുന്നതിനായി 137.81 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. കൊല്ലം ജില്ലയിൽ നെടുമണ്‍കാവിൽ ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനായി 5 കോടി രൂപയുടെ പദ്ധതി ആവിഷ്-കരിച്ചുകഴിഞ്ഞു. സമുദ്രോത്പന്ന സംസ്കരണത്തിന് പ്രാധാന്യം നൽകുന്ന ഒരു മെഗാ ഫുഡ്പാര്‍ക്ക് ഇതിനോടകം ചേര്‍ത്തലയിൽ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമുദ്രജല കൂടുകൃഷി കാര്യക്ഷമമാക്കുന്ന നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാക്കിവരുന്നുണ്ട്. നമ്മുടെ നാട്ടിലെ കടൽ ക്ഷോഭവും മറ്റും കാരണം സമുദ്രജല കൂടുകൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. ഇതിന് ഒരു മാറ്റം വരേണ്ടതുണ്ട്. ഇത്തരമൊരു നടപടിയിലേക്കു കടക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇതു സംബന്ധിച്ച് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിച്ചു മാത്രമേ മുന്നോട്ടു പോവുകയുള്ളൂ.
സമുദ്ര സാങ്കേതികവിദ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന നോര്‍വേയുടെ സഹകരണത്തോടെ ആധുനികമായ രീതിയിൽ മത്സ്യക്കൂടുകളിൽ വിപണിമൂല്യം കൂടിയ മത്സ്യങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ആര്‍ട്ടിഫിഷ്യൽ ഇന്റലിജെന്‍സിന്റെയടക്കം സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി നോര്‍വേയിലെ വിവിധ സ്ഥാപനങ്ങളുമായി പരസ്പര സഹകരണത്തോടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. മത്സ്യബന്ധനത്തിലും വ്യവസായത്തിലും നൂതനാശയങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സിൽ സ്ഥാപിക്കുന്നതിന് ഒരുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത്തരത്തിൽ മത്സ്യബന്ധന മേഖലയുടെ നവീകരണം ലക്ഷ്യംവെച്ച് നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഓരോ മേഖലയും നിലനിൽക്കുകയും വളരുകയും ചെയ്യുന്നത് അതിലുണ്ടാകുന്ന കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടാണ്. കേരളത്തിന്റെ സമ്പദ്ഘടനയിൽ സുപ്രധാനമായ ഒരു പങ്കുവഹിക്കുന്ന മത്സ്യബന്ധന മേഖല നിലനിൽക്കേണ്ടതും വളരേണ്ടതും സംസ്ഥാനത്തിന്റെയാകെ ആവശ്യമാണ്. അതിനുതകുന്ന ഇടപെടലുകൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ♦