Sunday, June 4, 2023

ad

Homeസമകാലികംകേരളത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍

കേരളത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍

എം.വി ഗോവിന്ദന്‍

ന്ത്യാ രാജ്യത്ത് നിരവധി സവിശേഷതകളോടെ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും കേരളാ മോഡല്‍ എന്ന കാഴ്ചപ്പാടു തന്നെ മുന്നോട്ടുവെച്ചത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ കാര്യത്തിലാണെങ്കില്‍ മാതൃകാപരമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഉന്നതമായ ജനാധിപത്യബോധവും, മതസൗഹാര്‍ദത്തിലധിഷ്ഠിതമായ ജീവിത രീതികളുമെല്ലാം കേരളത്തിന്റെ സവിശേഷതയായി നിലനില്‍ക്കുന്നു. ഇടതുപക്ഷ മനസ് കേരള ജനതയുടെ സവിശേഷതയുമാണ്.

കേരളത്തിന്റെ ഈ നേട്ടങ്ങൾ സംരക്ഷിക്കാനും, ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനുമുള്ള പരിശ്രമമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദുര്‍ബലമായിരുന്ന കേരളത്തിന്റെ കാര്‍ഷിക –വ്യവസായിക മേഖലകളെ ശക്തിപ്പെടുത്താനും, പശ്ചാത്തല സൗകര്യ വികസനം മുന്നോട്ടുകൊണ്ടുപോകാനും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിട്ടുള്ളതാണ്. ക്ഷേമ പദ്ധതികള്‍ മാത്രമേ എല്‍.ഡി.എഫ് നടപ്പിലാക്കുകയുള്ളൂവെന്നും, അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇടപെടാറില്ലെന്നുമുള്ള പതിവ് വലതുപക്ഷ വിമര്‍ശനങ്ങള്‍ പോലും നടത്താന്‍ കഴിയാത്ത വിധമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് തുടര്‍ഭരണത്തിന് കളമൊരുക്കിയത്.

സംസ്ഥാനത്തിന്റെ ഈ വികസന നേട്ടങ്ങളെ തകിടംമറിക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുകയുണ്ടായി. ബജറ്റിന് പുറമേ സംസ്ഥാനത്തിന് 80,000 കോടി രൂപയുടെ നിക്ഷേപം നടത്തിയ കിഫ്ബിയെ തകര്‍ക്കുകയെന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സമീപനം. കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉള്‍പ്പെടെ രംഗത്തിറക്കിക്കൊണ്ട് നടത്തിയ നാടകങ്ങള്‍ പൊളിഞ്ഞതോടെ അവ തകര്‍ക്കുന്നതിനുള്ള നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയത്. കിഫ്ബിയുടെ വിഭവസമാഹരണം സര്‍ക്കാരിന്റെ കടപരിധിയില്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. നികുതി വിഹിതം പങ്കുവെക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ 40,000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇതിനെയെല്ലാം മറികടന്നുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിപ്പൊങ്ങിയപ്പോള്‍ അഴിമതി രഹിതമായ നിലപാടുമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിനെ അഴിമതിയുടെ കരിനിഴലില്‍ എത്തിക്കുകയെന്ന സമീപനത്തോടെയാണ് ഇപ്പോള്‍ ക്യാമറ വിവാദവുമായി രംഗത്തുവന്നിരിക്കുന്നത്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയ കാര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളുമെല്ലാം ഇത്തരം പ്രചാരവേലകളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കുന്ന കാര്യം കരാറില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരം ഉപകരാറുകള്‍ നല്‍കൽ നേരത്തേതന്നെ കെല്‍ട്രോണ്‍ സ്വീകരിച്ചിട്ടുമുണ്ട്. 2012þല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഗതാഗത നിയമലംഘനം കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയുണ്ടായി. കേരളാ പൊലീസിന്റെ ഈ പദ്ധതിയില്‍ കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കുകയുണ്ടായി. മീഡിയട്രോണിക്സ്, ആര്‍കിടെക്, സോഫ്റ്റ് ഇന്റര്‍നാഷണല്‍ എന്നീ സ്വകാര്യ കമ്പനികള്‍ക്കാണ് അന്ന് കരാര്‍ നല്‍കിയത്. ക്യാമറ ഒന്നിന് ചെലവഴിച്ചതാകട്ടെ 20.30 ലക്ഷം രൂപയാണ്.

ഇപ്പോള്‍ യു.ഡി.എഫ് വിമര്‍ശിക്കുന്ന സേഫ് കേരള പദ്ധതിയിലെ അതേ മാനദണ്ഡത്തോടെയാണ് യു.ഡി.എഫ് അന്ന് പദ്ധതി നടപ്പിലാക്കിയത്. 40.31 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയില്‍ സ്ഥാപിച്ചത് 100 ക്യാമറ മാത്രം. വാഹനങ്ങളുടെ വേഗത കണ്ടുപിടിക്കുവാൻ മാത്രമേ ഇവയ്ക്ക് സാധിക്കുകയുള്ളൂ. മൂന്ന് വര്‍ഷം മാത്രമായിരുന്നു ഇവയുടെ ഗ്യാരണ്ടി. എന്നാല്‍ സേഫ് കേരള പദ്ധതിയില്‍ 726 ക്യാമറകള്‍ സ്ഥാപിച്ച് അഞ്ച് വര്‍ഷത്തെ പരിപാലന ചെലവുള്‍പ്പെടെ 232 കോടി രൂപ മാത്രമാണ് നിശ്ചയിച്ചത്. ഇത്തരത്തില്‍ യു.ഡി.എഫിന്റെ കാലത്തുതന്നെ നടപ്പിലാക്കിയ രീതിയില്‍ പദ്ധതി കൊണ്ടുവന്നിട്ടും ഇത്തരം പ്രചാരവേലയാണ് അവർ നടനത്തിക്കൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസിനകത്ത് നടന്നുകൊണ്ടിരിക്കുന്ന അധികാര വടംവലിയാണ് ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇടയായിത്തീരുന്നത്. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ മാറ്റിയാണ് വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായത്. അന്നുതന്നെ നടന്ന വടംവലികള്‍ പരസ്യമായ രഹസ്യമാണ്. ഈ വടംവലി മൂലമാണ് തങ്ങളാണ് മുമ്പന്‍ എന്ന രീതിയില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഇല്ലാക്കഥകളുമായി ഓരോരുത്തരായി രംഗത്തിറങ്ങിയിരിക്കുന്നത്.

സംസ്ഥാനത്ത് യു.ഡി.എഫ് ഇത്തരം പ്രചാരവേലകളാണ് നടത്തുന്നതെങ്കില്‍ കേരളത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷമായ ജീവിത രീതിയും, ഇടതുപക്ഷ മനസും ബി.ജെ.പിക്ക് കേരളത്തെ ബാലികേറാമലയാക്കുന്നു. ഇത് തടയണമെന്നുണ്ടെങ്കില്‍ കേരളത്തിന്റെ ഈ മനസിനെ ദുര്‍ബലപ്പെടുത്തേണ്ടതുണ്ട് എന്ന് സംഘപരിവാര്‍ തിരിച്ചറിയുന്നുണ്ട്. അതിനുതകുന്ന തരത്തിലുള്ള നിരവധി പദ്ധതികള്‍ അവര്‍ ആവിഷ്കരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കേരളാ സ്റ്റോറി പോലുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന സിനിമകള്‍ സംസ്ഥാനത്തേക്ക് പടച്ചുവിടുന്നത്. മതസ്പര്‍ദ്ധ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം സിനിമകളിലൂടെ മനുഷ്യരുടെ ബോധമണ്ഡലത്തില്‍ വര്‍ഗീയ ചിന്തകള്‍ കയറ്റിവിടാനാണ് പരിശ്രമിക്കുന്നത്. ബിജെപിയുടെ പ്രചരണമാണ് ഈ സിനിമ ഏറ്റെടുത്തിട്ടുള്ളത്.

കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധംപോലുമില്ലാത്ത കേരളാ സ്റ്റോറി രാജ്യത്തിനെതിരെയുള്ള ഗൂഢാലോചന തുറന്നുകാട്ടുന്ന ചിത്രമാണ് എന്ന് പ്രധാനമന്ത്രി തന്നെ കര്‍ണ്ണാടകയില്‍ പ്രഖ്യാപിക്കുന്ന സ്ഥിതിയുമുണ്ടായി. സമൂഹത്തെ ഉള്ളില്‍ നിന്ന് തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പ്രസംഗിക്കുകയുണ്ടായി. തീവ്രവാദം കേരള സമൂഹത്തെയെങ്ങനെ നശിപ്പിക്കുന്നുവെന്ന് കാണിക്കുന്നതാണ് സിനിമയെന്നും തുടര്‍ന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. നേരത്തെ അമിത്ഷായും കേരളത്തെക്കുറിച്ച് ഇത്തരം തെറ്റായ പ്രചാരവേല നടത്തിയിരുന്നു. ഇത് സംബന്ധിച്ച് മിണ്ടാട്ടമില്ലാത്ത നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത് എന്നത് കാണണം. കേരളത്തിലെ ജനത നടത്തുന്ന ഉന്നതമായ ജനാധിപത്യ സംസ്കാരത്തിനെതിരെ കൊഞ്ഞനം കുത്തുകയാണ് പ്രധാനമന്ത്രി ചെയ്തിട്ടുള്ളത്.

ക്രിസ്ത്യന്‍ ജനവിഭാഗത്തെ ബി.ജെ.പിയുമായി അടുപ്പിക്കുന്നതിനുള്ള പലവിധ നാടകങ്ങള്‍ കേരളത്തിലരങ്ങേറുകയുണ്ടായി. രാജ്യത്തെ ആന്തരിക ഭീഷണിയായി ആര്‍.എസ്.എസ് പ്രഖ്യാപിച്ച ക്രിസ്ത്യാനികളെയാണ് ഇപ്പോള്‍ പ്രീണിപ്പിക്കുന്നതിനായി ബിജെപി നേതാക്കൾ ഇറങ്ങിയിരിക്കുന്നത്. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികള്‍ ബി.ജെ.പിക്കൊപ്പമാണെന്ന പ്രചരണവും ഇതിന് സമാന്തരമായി നടത്തുകയുണ്ടായി. പ്രാദേശിക കക്ഷികളുമായി ചേര്‍ന്നുകൊണ്ടാണ് ഭരണത്തിലെത്തിയതെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടാണ് ഇത്തരമൊരു പ്രചാരവേല സംഘടിപ്പിച്ചത്.

ബി.ജെ.പി കേരളത്തില്‍ അരമനകള്‍ കയറിയിറങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന ഘട്ടത്തിലാണ് ദാരുണമായ വാര്‍ത്തകള്‍ മണിപ്പൂരില്‍ നിന്നും പുറത്തുവരുന്നത്. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കുനേരെയാണ് ഇവര്‍ ഇപ്പോൾ കലാപക്കൊടിയുയര്‍ത്തിയിരിക്കുന്നത്. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഏതറ്റംവരെയും പോകാനുള്ള ബിജെപിയുടെ നിലപാടുകളാണ് മണിപ്പൂരില്‍ ഇത്തരമൊരു കലാപം ക്ഷണിച്ചുവരുത്തിയത്. ഭൂരിപക്ഷം വരുന്ന മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കിയ നടപടിയാണ് ഇത്തരമൊരു സ്ഥിതിവിശേഷം രൂപപ്പെടുത്തിയത്.

ബി.ജെ.പിയുടെ തെറ്റായ നയങ്ങളുടെ ഫലമായി മണിപ്പൂര്‍ കുരുതിക്കളമായത് മലയാള മാധ്യമങ്ങള്‍ അതേപോലെ അവതരിപ്പിക്കുന്നതിന് തയ്യാറായില്ല. ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണെതിരെ വനിത ഗുസ്തി താരങ്ങള്‍ ആഴ്ചകളായി സമരത്തിലാണ്. ലൈംഗിക പീഡന പ്രശ്നം ഉന്നയിച്ചുകൊണ്ട് നടത്തുന്ന ഈ സമരവും അതിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനവും ഇവര്‍ക്കൊന്നും വാര്‍ത്തയാകില്ല. പകരം കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന രംഗത്ത് മുന്നോട്ടുവെച്ച നിബന്ധനകള്‍ നടപ്പിലാക്കുന്നതിന് സ്ഥാപിച്ച എ.ഐ ക്യാമറയെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാനാണ് അവരുടെ താളുകള്‍ നീക്കിവെച്ചത്. അതിലെ വ്യവസ്ഥകളാവട്ടെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളവയാണ്. ആ യാഥാര്‍ത്ഥ്യങ്ങള്‍ മറിച്ചുവെച്ചുകൊണ്ട് അതും സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകനും, സി.പി.ഐ എമ്മിന്റെ രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസിനോട് രാജ്യസഭാദ്ധ്യക്ഷന്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്. അമിത്ഷാ കേരളത്തിനെതിരെ നടത്തിയ പ്രഖ്യാപനങ്ങളെ തുറന്നുകാട്ടിയതിന്റെ പേരിലാണ് ജനാധിപത്യത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം ഇടപെടല്‍ നടന്നിരിക്കുന്നത്. ബി.ജെ.പിയുടെ അമിതാധികാര പ്രവണതയ്ക്കെതിരെ ശബ്ദിക്കുന്നതിന് വലതുപക്ഷ മാധ്യമങ്ങള്‍ തയ്യാറായില്ല എന്നത് കേരളത്തിലെ മാധ്യമങ്ങളുടെ യാത്ര എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതാണ്.

ക്രിസ്ത്യന്‍ സഭയെ കൂടെ നിര്‍ത്താന്‍ കേരളത്തില്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ പരിഹാസ്യത വ്യക്തമാക്കുന്നതാണ് മണിപ്പൂരിലെ സംഭവവികാസങ്ങള്‍. കേരളത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതിനുപോലും തയ്യാറാവാതെ ഭായി –ഭായിയായി കേരളത്തില്‍ യോജിച്ചുപോകുന്ന കോണ്‍ഗ്രസിനേയും, ബി.ജെ.പിയേയുമാണ് ഇവിടെ കാണാനാവുന്നത്. കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങളെയാകെ അപമാനിക്കുന്ന ബിജെപിയെയും, അവര്‍ക്ക് ഓശാനപാടുന്ന യു.ഡി.എഫിനേയും തുറന്നുകാട്ടുകയെന്നത് ഏറെ പ്രധാനമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + eighteen =

Most Popular